“ഒരു രക്ഷാകര്‍ത്താവും കുട്ടിയെ നഷ്ടപ്പെടുന്നതിന്‍റെ മാനസികാഘാതം അനുഭവിക്കരുത്”, ജനുവരി 26-ന് ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലിയില്‍ മരിച്ച നവ്‌രീത് സിംഗിന്‍റെ അച്ഛനായ സര്‍വിക്രംജീത് സിംഗ് ഹന്ദല്‍ പറഞ്ഞു.

നവ്‌രീത് സിംഗിന്‍റെ ഫോട്ടോ ഉത്തര്‍പ്രദേശിലെ ഡിബ്ഡിബ ഗ്രാമത്തിലുള്ള വീടിന്‍റെ മുറിയിലെ ഭിത്തിയില്‍ ചാരി വച്ചിരിക്കുന്നു. ആ മുറിയില്‍ 45-കാരനായ സര്‍വിക്രംജീത് സിംഗും, അദ്ദേഹത്തിന്‍റെ ഭാര്യ 42-കാരിയായ പരംജീത് കൗറും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തുന്ന സന്ദര്‍ശകരെ സ്വീകരിച്ചു കൊണ്ടിരിക്കുന്നു. മകന്‍റെ മരണം നികത്താനാവാത്ത ഒരു ശൂന്യതയാണ് ആ മാതാപിതാക്കളുടെ ജീവിതത്തില്‍ അവശേഷിപ്പിച്ചത്. “അവന്‍ എന്നെ പാടത്തു പണിയെടുക്കാന്‍ സഹായിച്ചു. അവന്‍ ഞങ്ങളുടെ കാര്യങ്ങള്‍ അന്വേഷിച്ചു. അവന്‍ ഉത്തരവാദിത്തം ഉള്ള ഒരു പുത്രനായിരുന്നു”, സര്‍വിക്രംജീത് പറഞ്ഞു.

25 വയസ്സുണ്ടായിരുന്ന നവ്‌രീത് ഡല്‍ഹി-യു.പി. അതിര്‍ത്തിയിലെ ഗാസിപൂരില്‍ റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. അദ്ദേഹത്തിന്‍റെ മുത്തശ്ശനായ 65-കാരന്‍ ഹര്‍ദീപ് സിംഗ് ഡിബ്ഡിബ 2020 നവംബര്‍ 26-ന് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷക സമരങ്ങള്‍ തുടങ്ങിയ സമയം മുതല്‍ അവിടെ തങ്ങി വരികയായിരുന്നു. ഡല്‍ഹി പോലീസ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ് മാര്‍ഗില്‍ തയ്യാറാക്കിയിരുന്ന സുരക്ഷാ ബാരിക്കേഡിനടുത്ത് നവ്‌രീത് ഓടിച്ചിരുന്ന ട്രാക്ടര്‍ മറിഞ്ഞു.

ട്രാക്ടര്‍ കുത്തനെ മറിഞ്ഞപ്പോള്‍ ഉണ്ടായ പരിക്കു മൂലമാണ് നവ്‌രീത് മരിച്ചതെന്ന് പോലീസ് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ കുടുംബം വിശ്വസിക്കുന്നത് അപകടത്തിനു മുന്‍പ് അദ്ദേഹത്തിനു വെടിയേറ്റിരുന്നു എന്നാണ്. “ഞങ്ങളത് കോടതിയില്‍ തെളിയിക്കും”, നവ്‌രീതിന്‍റെ പിതാവു പറഞ്ഞു. ഇതുപറയുമ്പോള്‍ അദ്ദേഹം ഹര്‍ദീപ് സിംഗ് ഡല്‍ഹി ഹൈക്കോടതിയില്‍ നവ്‌രീതിന്‍റെ മരണത്തില്‍ ഔപചാരികമായ ഒരന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ പരാതിയുടെ  കാര്യവും പരാമര്‍ശിച്ചു.

ദുരന്തം സംഭവിച്ചതോടെ വടക്കു പടിഞ്ഞാറന്‍ യു.പി.യിലെ അതിര്‍ത്തി ജില്ലയായ റാംപൂരിലെ - അവിടെയാണ് ഡിബ്ഡിബ സ്ഥിതി ചെയ്യുന്നത് - കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 2020-ല്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ ദൃഢമായി തീരുമാനിച്ചു. റാംപൂര്‍ അതിര്‍ത്തി കഴിഞ്ഞ് ഉത്തരാഖണ്ഡിലെ കുമാവൊ പ്രദേശത്തെ ഉധം സിംഗ് നഗര്‍, കാശിപൂര്‍ എന്നീ ജില്ലകളിലുള്ള, കര്‍ഷകരുടെ തീരുമാനം ശക്തമായിരുന്നു.

The death of their son, Navreet Singh (in the framed photo), has left a void in Paramjeet Kaur (left) and Sirvikramjeet Singh Hundal's lives.
PHOTO • Parth M.N.
PHOTO • Parth M.N.

ഇടത്: മകനായ നവ്‌രീത് സിംഗിന്‍റെ (ഫ്രെയിം ചെയ്ത ഫോട്ടോയില്‍ കാണുന്നത്) മരണം പരംജീത് ൗറിന്‍റെയും സര്‍വിക്രംജീത് സിംഗ് ഹന്ദലിന്‍റെയും ജീവിതത്തില്‍ ഒരു ശൂന്യത അവശേഷിപ്പിച്ചു. വലത്: കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പഞ്ചാബില്‍ നിന്നും ഡിബ്ഡിബയിലെത്തിയ കര്‍ഷകര്‍ക്കൊപ്പം സര്‍വിക്രംജീത്.

“ആ കുട്ടി [നവ്‌രീത്] അടുത്ത ഗ്രാമത്തില്‍ നിന്നായിരുന്നു, ദൂരെ നിന്നല്ലായിരുന്നു. അവന്‍ മരിച്ച ശേഷം ഇവിടുത്തെ കര്‍ഷകര്‍ സമരം ചെയ്യുന്നതില്‍ കൂടുതല്‍ നിശ്ചയ ദാര്‍ഢ്യം ഉള്ളവരായിത്തീര്‍ന്നു”, ഡിബ്ഡിബയില്‍ നിന്നും ഏകദേശം 15 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഉധം സിംഗ് നഗറിലെ സൈജനി ഗ്രാമത്തില്‍ നിന്നുള്ള 42-കാരനായ കര്‍ഷകന്‍ സുഖ്ദേവ് സിംഗ് പറഞ്ഞു.

ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ എന്നാണോ ആദ്യം പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത് അന്നുമുതല്‍ ഉത്തരാഖണ്ഡിലെ കര്‍ഷകര്‍ മൂന്നു കാര്‍ഷിക നിയമങ്ങളെയും എതിര്‍ക്കുന്നതിനായി മറ്റു കര്‍ഷകരോടൊപ്പമുണ്ട്, പ്രധാനമായും പഞ്ചാബ്, ഹരിയാനാ, യു.പി., എന്നിവിടങ്ങളില്‍ നിന്നുള്ളവരോടൊപ്പം. മറ്റു മൂന്നു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്തരാഖണ്ഡ് ദേശീയ തലസ്ഥാനത്തു നിന്നും അകലെയാണ്. പക്ഷെ, ഈ അകലം സംസ്ഥാനത്തെ കര്‍ഷകരെ ഗാസിപ്പൂരില്‍ അവരുടെ ശബ്ദം മുഴക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചില്ല.

ഉധം സിംഗ് നഗറില്‍ നിന്നും കാശിപൂരില്‍ നിന്നും കര്‍ഷകര്‍  നവംബറില്‍ ജാഥ ആരംഭിച്ച സമയത്ത് ഡല്‍ഹിയിലെത്തിച്ചേരുക എന്നത് എളുപ്പമായിരുന്നില്ലെന്ന് സുഖ്ദേവ് പറഞ്ഞു. യു.പി. പോലീസ് അവരെ സംസ്ഥാന അതിര്‍ത്തിയില്‍, റാംപൂര്‍-നൈനിറ്റാള്‍ ഹൈവേയില്‍ (എന്‍.എച്. 109) തടഞ്ഞു. “മൂന്നു രാത്രികളും പകലുകളും ഞങ്ങള്‍ ഹൈവേയില്‍ തങ്ങി. പോലീസ് ഞങ്ങളെ തിരിച്ചയയ്ക്കാന്‍ എല്ലാ വഴികളും നോക്കി. പക്ഷെ പിന്തിരിയാന്‍ ഒരുക്കമല്ലെന്നു മനസ്സിലായതോടു കൂടി ക്രമേണ ഞങ്ങളെ പോകാന്‍ അനുവദിച്ചു.”

കര്‍ഷകര്‍ തങ്ങളുടെ വീടുകളില്‍ നിന്നും നീണ്ട യാത്ര നയിച്ചുകൊണ്ടിരിക്കുന്നത് പുതിയ കാര്‍ഷിക നിയമങ്ങള്‍ അവരുടെ ഉപജീവനം നശിപ്പിക്കും എന്നതിനാലാണെന്ന് സുഖ്ദേവ് പറഞ്ഞു. സുഖ്ദേവിന് ഉധം സിംഗ് നഗറിലെ രുദ്രാപൂര്‍ തഹ്സീലിലെ സൈജനിയില്‍ 25ഏക്കര്‍ സ്ഥലമുണ്ട്. താഴെപ്പറയുന്നവയാണ് അവര്‍ എതിര്‍ത്തുകൊണ്ടിരുന്ന മൂന്നു നിയമങ്ങള്‍: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 .

കര്‍ഷകര്‍ പറയുന്നത് എം.എസ്.പി., എ.പി.എം.സി.കള്‍, സംസ്ഥാന സംഭരണം, എന്നു തുടങ്ങി തങ്ങള്‍ക്കു താങ്ങാകാവുന്ന എല്ലാ പ്രധാനപ്പെട്ട സംവിധാനങ്ങളെയും ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നു എന്നാണ്.

നിലവിലുള്ള എ.പി.എം.സി. മണ്ഡി സമ്പ്രദായം കര്‍ഷകര്‍ക്കു വേണ്ടിയുള്ള ഏറ്റവും മികച്ച വില്‍പ്പന കേന്ദ്രങ്ങളല്ലെന്നുള്ളത് സുഖ്ദേവ് സമ്മതിക്കുന്നുണ്ട്. “ഇതു പൂര്‍ണ്ണമാണെന്നു ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്കു പര്ഷ്കരണങ്ങള്‍ വേണം.” പക്ഷെ ചോദ്യം എന്തെന്നാല്‍ ആര്‍ക്കുവേണ്ടിയുള്ള പരിഷ്കരണങ്ങള്‍ എന്നതാണ്- കര്‍ഷകര്‍ക്കോ, കോര്‍പ്പറേറ്റു ലോകത്തിനോ?

PHOTO • Parth M.N.
Sukhdev Singh in Saijani village on tractor
PHOTO • Parth M.N.

കര്‍ഷക സമരത്തിന്‍റെ തുടക്കം മുതല്‍ സൈജനി ഗ്രാമത്തിലെ സുഖ്ദേവ് ചഞ്ചല്‍ സിംഗും (ഇടത്) സുഖ്ദേവ് സിംഗും കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തുകൊണ്ടിരിക്കുന്നു.

ചില സമയങ്ങളില്‍ മണ്ഡികള്‍ വിളകളുടെ ഗുണമേന്മയില്‍ കുഴപ്പങ്ങള്‍ കണ്ടുപിടിക്കുകയും അവ വാങ്ങാന്‍ വിസമ്മതിക്കുകയും ചെയ്യുമായിരുന്നുവെന്ന് സുഖ്ദേവ് കൂട്ടിച്ചേര്‍ത്തു. “ഞങ്ങളുടെ പക്കല്‍ നിന്നും വിളകള്‍ വാങ്ങുന്നതിനു മുന്‍പ് ഞങ്ങള്‍ക്കു മണ്ഡികളില്‍ ദിവസങ്ങളോളം തമ്പടിച്ചു കിടക്കേണ്ടി വരുന്നു. അതിനു ശേഷവും പണം കൃത്യ സമയത്തു ലഭിക്കില്ല”, സുഖ്ദേവ് പറഞ്ഞു. ”2020 ഒക്ടോബറില്‍ ഏകദേശം 200 ക്വിന്‍റല്‍ നെല്ല് ഒരു മണ്ഡി യില്‍ ഞാന്‍ വിറ്റു. അതിന്‍റെ വില ഏകദേശം നാലു ലക്ഷം രൂപ എനിക്കിപ്പോഴും കിട്ടിയിട്ടില്ല.”

ഡിബ്ഡിബയിലെ അവസ്ഥ കുറച്ചു വ്യത്യസ്തമാണ്. അവിടെ സര്‍വിക്രംജീതിനും പരംജീതിനും ഏഴേക്കര്‍ കൃഷിഭൂമിയുണ്ട്. “സര്‍ക്കാര്‍ മണ്ഡി അടുത്താണ്, അതുകൊണ്ട് ഞാനെന്‍റെ ഏതാണ്ടെല്ലാ വിളവുകളും മിനിമം താങ്ങു വിലയ്ക്കു വില്‍ക്കുന്നു. ഇതു ഞങ്ങളുടെ നിലനില്‍പ്പിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്”, സര്‍വിക്രംജീത് പറയുന്നു. അദ്ദേഹം ഖാരിഫ് (മണ്‍സൂണ്‍) സീസണില്‍ നെല്ലും റാബി (ശൈത്യകാലം) സീസണില്‍ ഗോതമ്പും കൃഷി ചെയ്യുന്നു.

അതിര്‍ത്തിക്കപ്പുറമുള്ള സൈജനിയിലെ കര്‍ഷകര്‍ വില്‍ക്കാത്ത സാധനങ്ങള്‍ സ്വകാര്യ വ്യാപാരികള്‍ക്കു വില്‍ക്കുന്നു. “ഞങ്ങളിത് കുറഞ്ഞ നിരക്കില്‍ അവര്‍ക്കു വില്‍ക്കുന്നു”, സുഖ്ദേവ് പറഞ്ഞു. എന്നിരിക്കിലും മണ്ഡി കള്‍ വാങ്ങാത്തപ്പോള്‍ എം.എസ്.പി. കര്‍ഷകര്‍ക്കുള്ള അടിസ്ഥാന വില നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം ആകുന്നുവെന്ന് സര്‍വിക്രംജീത് പറഞ്ഞു. “അരിയുടെ എം.എസ്.പി. ക്വിന്‍റലിന് 1,800 രൂപ ആയിരിക്കുമ്പോള്‍ സ്വകാര്യ വ്യാപാരികള്‍ അവ 1,400-1,500 സംഭരിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ മണ്ഡി കള്‍ക്ക് അവയുടെ ഉപയുക്തത നഷ്ടപ്പെട്ടാല്‍ സ്വകാര്യ വ്യാപാരികള്‍ സ്വതന്ത്രമായി വിഹരിക്കും.”

സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ‘പരിഷ്കരണങ്ങള്‍’ കര്‍ഷകര്‍ക്ക് ആവശ്യമില്ലെന്ന് സുഖ്ദേവ് പറയുന്നു. “ മണ്ഡി സമ്പ്രദായത്തെ ക്ഷയിപ്പിക്കുന്ന നിയമം പാസ്സാക്കുന്നതിനു പകരം സര്‍ക്കാര്‍ അതിനെ വിപുലപ്പെടുത്താന്‍ ശ്രദ്ധിക്കണം. അങ്ങനെയെങ്കില്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് ഉറപ്പുള്ള വിപണി ലഭിക്കും.”

കര്‍ഷകരുടെയും കൃഷിയുടെയും മേല്‍ വലിയ കോര്‍പ്പറേറ്റുകള്‍ക്ക് വര്‍ദ്ധിതാധികാരം നല്‍കുമെന്നതിനാല്‍ പുതിയ നിയമങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു. “സ്വകാര്യ മേഖലയുടെ പ്രവേശനം ഒരിക്കലും നല്ല വാര്‍ത്തയല്ല. അതിനൊരു ലളിത നിയമം ഉണ്ട്: ഏതുവിധേനയും ലാഭം ഉണ്ടാക്കുക എന്നത്. കര്‍ഷകരെ ചൂഷണം ചെയ്യുന്നതിനു മുന്‍പ് അവര്‍ രണ്ടുതവണ ആലോചിക്കില്ല”, സുഖ്ദേവ് പറയുന്നു.

കര്‍ഷക സമരത്തിന്‍റെ ആദ്യകാല ദിനങ്ങളില്‍ ഡല്‍ഹിയിലേക്ക് തത്വാധിഷ്ഠിതമായി നടത്തിയ ജാഥയ്ക്കു ശേഷം ഉത്തരാഖണ്ഡിലെ കര്‍ഷകര്‍ കൂടുതല്‍ തന്ത്രപരമായ ഒരു സമീപനം സ്വീകരിച്ചു. ജനുവരി അവസാനം മുതല്‍ ഗാസിപൂരില്‍ തങ്ങുന്നത് അവര്‍ ഊഴമനുസരിച്ച് ആക്കിയിരിക്കുന്നു. ഓരോ ഗ്രാമത്തിലെയും 5-10 കര്‍ഷകര്‍ ഒരേ സമയത്ത് സമരസ്ഥലത്തുനിന്നു പോവുകയും 1-2 ആഴ്ചകള്‍ക്കു ശേഷം തിരിച്ചു വരികയും ചെയ്യുന്നു.

Baljeet Kaur says, the whole village is supporting one another, while cooking
PHOTO • Parth M.N.

ഗ്രാമത്തിലെ ഓരോരുത്തരും മറ്റുള്ളവരെ പിന്തുണയ്ക്കുന്നുവെന്ന് ബല്‍ജീത് കൗര്‍ പറയുന്നു.

കര്‍ഷക സമരത്തിന്‍റെ ആദ്യകാല ദിനങ്ങളില്‍ ഡല്‍ഹിയിലേക്ക് തത്വാധിഷ്ഠിതമായി നടത്തിയ ജാഥയ്ക്കു ശേഷം ഉത്തരാഖണ്ഡിലെ കര്‍ഷകര്‍ കൂടുതല്‍ തന്ത്രപരമായ ഒരു സമീപനം സ്വീകരിച്ചു. ഓരോ ഗ്രാമത്തിലെയും 5-10 കര്‍ഷകര്‍ ഒരേ സമയത്ത് പിരിഞ്ഞു പോകുന്നതനുസരിച്ച് ഗാസിപൂരില്‍ തങ്ങുന്നത് അവര്‍ ഊഴമനുസരിച്ച് ആക്കിയിരിക്കുന്നു.

“ഞങ്ങള്‍ [ഡല്‍ഹി] അതിര്‍ത്തിയിലെ സാന്നിദ്ധ്യം നിലനിര്‍ത്തിപ്പോരുന്നു. അതേസമയം തിരികെ നാട്ടില്‍ പാടത്തു പണിയെടുക്കുന്നുമുണ്ട്. ഒറ്റയടിക്ക് ഞങ്ങള്‍ ഒന്നോ രണ്ടോ ആഴ്ചയില്‍ കൂടുതല്‍ സമയം ചിലവഴിക്കില്ല. ഇത് എല്ലാവരെയും ഊര്‍ജ്ജ്വസ്വലരാക്കി നിര്‍ത്തുന്നു”, 52-കാരനായ സുഖ്ദേവ് ചഞ്ചല്‍ പറഞ്ഞു. അദ്ദേഹത്തിന് സൈജനിയില്‍ 20 ഏക്കര്‍ സ്ഥലമുണ്ട്. “ഈ രീതിയില്‍ ഞങ്ങള്‍ സമരം സാദ്ധ്യമാകുന്നത്ര നീട്ടിക്കൊണ്ടുപോകും.”

കുടുംബത്തിലെ ഒരംഗം അകലെയായിരിക്കുമ്പോള്‍ ബാക്കിയുള്ളവര്‍ വീട്ടുകാര്യം നോക്കുമെന്ന് 45-കാരിയായ ബല്‍ജീത് കൗര്‍ പറഞ്ഞു. “ഞാന്‍ പരിപാലിക്കുന്ന മൂന്ന് എരുമകള്‍ ഞങ്ങള്‍ക്കുണ്ട്‌”, സൈജനിയിലെ വീടിന്‍റെ വരാന്തയിലിരുന്ന് പാത്രങ്ങള്‍ കഴുകുന്നതിനിടയില്‍ അവര്‍ പറഞ്ഞു.

“കൂടാതെ, വീട്ടുകാര്യങ്ങൾ നോക്കുക, വൃത്തിയാക്കല്‍, ഭക്ഷണം പാചകം ചെയ്യല്‍ എല്ലാം എന്‍റെ ഉത്തരവാദിത്തമാണ്. 21-കാരനായ എന്‍റെ മകൻ അവന്‍റെ അച്ഛൻ ഇല്ലാത്തപ്പോൾ പാടത്തെ കാര്യങ്ങൾ നോക്കുന്നു.”

ബൽജീതിന്‍റെ ഭർത്താവ്, 50-കാരനായ ജസ്പാൽ, രണ്ടു തവണ ഗാസിപൂരിൽ പോയിട്ടുണ്ട്. അവസാനം പോയത് ഫെബ്രുവരി അവസാനം മുതൽ മാർച്ച് ആദ്യ ആഴ്ച വരെ തങ്ങുന്നതിനാണ്. ഭര്‍ത്താവ് അകലെയായിരിക്കുമ്പോൾ നന്നായി ഉറങ്ങാറില്ലെന്ന് അവർ പറഞ്ഞു. “ഗ്രാമത്തിലുള്ള ഓരോരുത്തരും മറ്റുള്ളവരെ പിന്തുണയ്ക്കുന്നു എന്നുള്ളത് ഒരു നല്ല കാര്യമാണ്. ഭർത്താവ് അകലെയായിരിക്കുകയും മകനു കഴിയാതെ വരികയും ചെയ്യുമ്പോൾ മറ്റാരെങ്കിലും വിളകൾക്ക് വെള്ളമൊഴിക്കും.“

ഇത്തരത്തിലൊരു പിന്തുണയും ഐക്യദാർഢ്യവുമാണ് സർവിക്രംജീതിനെയും പരംജീതിനെയും ദു:ഖ സമയത്ത് താങ്ങി നിര്‍ത്തിയത്. "ഞങ്ങളുടെ തൊഴിൽ [കൃഷി] ഞങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്നു”, സർവിക്രംജീത് പറഞ്ഞു. "ഉത്തരാഖണ്ഡിൽ നിന്നും, പഞ്ചാബിൽ നിന്നും, ഹരിയാനയിൽ നിന്നുമുള്ള കർഷകർ, അവരിൽ ഭൂരിപക്ഷവും അപരിചിതരായിരിക്കുമ്പോഴും, ഞങ്ങളെ ആശ്വസിപ്പിക്കാൻ എത്തി.

"ഞങ്ങൾ ജീവിച്ചു പോകുന്നു, എന്തുകൊണ്ടെന്നാൽ ഞങ്ങൾക്കു ചുറ്റുമുള്ള ആളുകള്‍ ഞങ്ങള്‍ക്കു ബലം പകരുന്നു”, സർവിക്രംജീത് കൂട്ടിച്ചേർത്തു. "കർഷക സമൂഹം കാണിക്കുന്നതിന്‍റെ പകുതി അനുഭാവം ഈ സർക്കാരിനുണ്ടായിരുന്നെങ്കിൽ മൂന്നു കാർഷിക നിയമങ്ങളും മാറ്റുമായിരുന്നു.“

പരിഭാഷ - റെന്നിമോന്‍ കെ. സി.

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.