പോലീസിന്‍റെ നിഷ്ഠൂരമായ ലാത്തി ചാര്‍ജ്ജ് ഇല്ലായിരുന്നെങ്കില്‍ ഉത്തർ പ്രദേശിലെ ബാഗ്പത് ജില്ലയിൽ സമരം ചെയ്യുന്ന കർഷകർ ജനുവരി 27-ന് സമരസ്ഥലം വിട്ടു പോകുമായിരുന്നില്ല. "സമരം 40 ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുകയായിരുന്നു”, ബടോത് പട്ടണത്തിൽ നിന്നുള്ള 52-കാരനായ കരിമ്പു കർഷകൻ ബ്രിജ്പാൽ സിങ് പറഞ്ഞു.

"ഇതൊരു രാസ്താ രോകോ (റോഡുപരോധം) പോലുമായിരുന്നില്ല. ഞങ്ങൾ സമാധാനപരമായി ജനാധിപത്യ അവകാശങ്ങൾ ഉന്നയിക്കുകയായിരുന്നു. ജനുവരി 27-ന് രാത്രിയിൽ പോലീസ് പെട്ടെന്നു ഞങ്ങളെ തല്ലാൻ ആരംഭിച്ചു. അവർ ഞങ്ങളുടെ കൂടാരങ്ങൾ നശിപ്പിച്ചു, ഞങ്ങളുടെ പാത്രങ്ങളും വസ്ത്രങ്ങളും എടുത്തു. പ്രായമായവരേയും കുട്ടികളേയും പോലും അവർ ശ്രദ്ധിച്ചില്ല”, ബടോതിൽ അഞ്ചേക്കർ കൃഷി ഭൂമിയുടെ ഉടമയായ ബ്രിജ്പാൽ കൂട്ടിച്ചേർത്തു.

അന്നത്തെ ജനുവരി രാത്രിവരെ ജില്ലയിൽ എല്ലായിടത്തു നിന്നുമുള്ള ഏകദേശം 200 കർഷകർ ബാഗ്പത്- സഹാറന്‍പൂര്‍ ഹൈവേയിൽ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്തു വരികയായിരുന്നു. 2020 സെപ്തംബറിൽ കേന്ദ്ര സർക്കാർ മൂന്നു കാർഷിക നിയമങ്ങൾ അവതരിപ്പിച്ചതു മുതൽ രാജ്യത്തെല്ലായിടത്തുമായി സമരം ചെയ്തുകൊണ്ടിരിക്കുന്ന നാലു ലക്ഷത്തോളം കർഷകരിൽ ഇവരും പെടുന്നു.

നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2020 ജനുവരി 26 മുതൽ ഡൽഹി അതിർത്തികളിൽ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന കർഷകർക്കുള്ള - പ്രധാനമായും പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ളവർ - പിന്തുണ അറിയിച്ചു കൊണ്ടിരിക്കുകയായിരുന്നു ബാഗ്പതിൽ നിന്നും പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‍റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള കർഷകർ.

"ഞങ്ങൾ ഭീഷണിയും ഫോൺ വിളികളും കേട്ടു”, ബ്രിജ്പാൽ പറഞ്ഞു. അദ്ദേഹം ദേശ് ഖാപി ന്‍റെ – ബാഗ്പത് പ്രദേശത്തെ തോമർ ഗോത്രത്തിലെ പുരുഷന്മാരുടെ സമിതി – പ്രാദേശിക നേതാവു കൂടിയാണ് അദ്ദേഹം. “ഞങ്ങളുടെ കൃഷിസ്ഥലത്ത് വെള്ളം നിറയ്ക്കുമെന്ന് [ജില്ലാ] ഭരണകൂടം ഭീഷണിപ്പെടുത്തി. ഒന്നുകൊണ്ടും ഫലമില്ലാതായപ്പോൾ രാത്രിയിൽ ഞങ്ങൾ ഉറങ്ങിയ നേരം പോലീസ് ലാത്തി ചാർജ്ജ് നടത്തി. അത് ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ല.”

The Baraut protest was peaceful, says Vikram Arya
PHOTO • Parth M.N.

ബടോതിലെ സമരം അവസാനിപ്പിക്കുന്നതിനുവേണ്ടി തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ബ്രിജ്പാൽ സിങും (ഇടത്) ബല്‍ജോര്‍ സിങ് ആര്യയും പറയുന്നു.

ചതവുകൾ കരിയുന്നതിനു മുമ്പു തന്നെ ബ്രിജ്പാലിന് അടുത്ത ആഘാതമേറ്റു. ഡൽഹിയിലെ ശാഹദ്രാ ജില്ലയിലെ സീമാപുരി പോലീസ് സ്റ്റേഷനിൽ ഫെബ്രുവരി 10-ന് ഹാജരാകണമെന്നു കണിക്കുന്ന ഒരു നോട്ടീസ് ഡൽഹി പോലീസിൽ നിന്നും അദ്ദേഹത്തിനു ലഭിച്ചു. നോട്ടീസില്‍ പറയുന്നത് ജനുവരി 26-ന് ദേശീയ തലസ്ഥാനത്തു വച്ചു സംഘടിപ്പിച്ച കർഷകരുടെ റിപ്പബ്ലിക് ദിന ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നായിരുന്നു.

“ഞാൻ ഡൽഹിയിൽ പോലും ഉണ്ടായിരുന്നില്ല”, ബ്രിജ്പാൽ പറഞ്ഞു. "ഞാൻ ബടോതിലെ ധർണ്ണയിൽ ആയിരുന്നു. ഇവിടെനിന്നും 70 കിലോമീറ്റർ മാറിയാണ് അക്രമം അരങ്ങേറിയത്.” അതുകൊണ്ട് പോലീസ് നോട്ടീസിനോട് അദ്ദേഹം പ്രതികരിച്ചില്ല.

ബടോതിലെ കർഷക സമരം ജനുവരി 27-ാം തീയതി രാത്രിവരെ നീണ്ടു നിന്നിരുന്നു, ബടോത് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അമിത് കുമാർ സിങ് സ്ഥിരീകരിക്കുന്നു.

ബടോതിൽ സമരം ചെയ്യുകയായിരുന്ന മറ്റ് 8 കർഷകർക്കു കൂടി ഡൽഹി പോലീസിൽ നിന്നു നോട്ടീസ് ലഭിച്ചു. “ഞാൻ പോയില്ല”, ഇൻഡ്യൻ സൈന്യത്തില്‍ മുൻപു ശിപായി ആയിരുന്ന ബൽജോർ സിങ് ആര്യ പറഞ്ഞു. നോട്ടീസിൽ അദ്ദേഹത്തോട് കിഴക്കൻ ഡൽഹി ജില്ലയിലെ പാണ്ടവ് നഗർ പോലീസ് സ്റ്റേഷനിൽ ഫെബ്രുവരി 6-ന് ഹാജരാകാൻ ആവശ്യപ്പെട്ടു. “ഒരു സൂചനയുമില്ല ഞാൻ എങ്ങനെ ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടു എന്നതിന്. ഞാൻ ബാഗ്പതിൽ ആയിരുന്നു”, മലക്പൂര്‍ ഗ്രാമത്തിൽ രണ്ടേക്കർ നിലത്തിനുടമയായ ബൽജോർ പറഞ്ഞു.

ബാഗ്പത് കർഷകർ ഡൽഹി സംഭവങ്ങളിൽ "സംശയിക്കപ്പെടുന്നവർ” ആണെന്ന് പാണ്ടവ് നഗർ സ്റ്റേഷനിലെ സബ്-ഇൻസ്പെക്ടർ നീരജ് കുമാർ പറഞ്ഞു. "അന്വേഷണം നടക്കുന്നു”, ഫെബ്രുവരി 10-ന് അദ്ദേഹം എന്നോടു പറഞ്ഞു. നോട്ടീസ് അയയ്ക്കുന്നതിനുള്ള കാരണo വെളിപ്പെടുത്താൻ പറ്റില്ലെന്ന് സീമാപുരിയിലെ ഇൻസ്പെക്ടർ ആയ പ്രശാന്ത് ആനന്ദ് പറഞ്ഞു. "നമുക്ക് നോക്കാം അവർ ഡൽഹിയിൽ ആയിരുന്നോ അല്ലായിരുന്നോ എന്ന്. ഞങ്ങൾക്ക് ചില സൂചനകൾ ഉണ്ട്. അതുകൊണ്ടാണ് ഞങ്ങൾ നോട്ടീസ് അയച്ചത്.”

ബ്രിജ്പാലിനും ബൽജോറിനും അയച്ച നോട്ടീസുകളിൽ ഡൽഹിയിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രഥമ വിവര റിപ്പോർട്ടുകളിൽ (എഫ്.ഐ.ആർ.) നിന്നും ഉദ്ധരിച്ചിട്ടുണ്ട്. കലാപം, നിയമ വിരുദ്ധമായ സംഘം ചേരൽ, ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യൽ, കവർച്ച, വധശ്രമം, എന്നിയുമായൊക്കെ ബന്ധപ്പെട്ട ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ വിവിധ സെക്ഷനുകൾ എഫ്.ഐ.ആറുകളില്‍ ചേര്‍ത്തിരുന്നു. പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമങ്ങൾ, പകർച്ചാവ്യാധി രോഗ നിയമങ്ങൾ, ദുരന്ത നിവാരണ നിയമങ്ങൾ എന്നിവയിൽ നിന്നുള്ള സെക്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പക്ഷേ കർഷകർ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുക മാത്രമായിരുന്നുവെന്ന് വിക്രം ആര്യ പറഞ്ഞു. ബടോതിൽ നിന്നും 8 കിലോമീറ്റർ മാറി ഖ്വാജാ നഗ്ലാ ഗ്രാമത്തിൽ നിന്നുള്ളയാളാണ് 68 വയസ്സുള്ള കരിമ്പു കർഷകനായ അദ്ദേഹം. “നമ്മളുടേത് പ്രക്ഷോഭത്തിന്‍റെയും സമരത്തിന്‍റെയും ഭൂമിയാണ്. എല്ലാ സമാധാനപരമായ സമരത്തിലും ഗാന്ധിയുണ്ട്. ഞങ്ങൾ അവകാശങ്ങൾക്കു വേണ്ടിയാണ് സമരം ചെയ്യുന്നത്”, ബടോത് സമരത്തിലുണ്ടായിരുന്ന വിക്രം പറഞ്ഞു. കേന്ദ്രത്തിലുള്ള ഭരണകൂടത്തിന് “ഗാന്ധി എന്തിനൊക്കെ നിന്നിരുന്നോ അതെല്ലാം നശിപ്പിക്കണം”, വിക്രം പറഞ്ഞു.

താഴെപ്പറയുന്നവയാണ് രാജ്യമൊട്ടാകെ കര്‍ഷകര്‍ എതിര്‍ത്തുകൊണ്ടിരിക്കുന്ന മൂന്നു നിയമങ്ങള്‍: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 .

കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

Brijpal Singh (left) and Baljor Singh Arya say theyreceived threats to stop the protest in Baraut
PHOTO • Parth M.N.

ബടോത് സമരം സമാധാനപരമായിരുന്നു , വിക്രം പറയുന്നു.

പുതിയ നിയമം പൂർണ്ണമായും നിലവിൽ വന്നശേഷവും എം.എസ്.പി. തുടരും എന്ന സർക്കാരിന്‍റെ അവകാശവാദം വിക്രം വിശ്വസിക്കുന്നില്ല. “സ്വകാര്യ കമ്പനികൾ വന്നതിനു ശേഷം ബി.എസ്.എൻ.എൽ.ന് എന്തു സംഭവിച്ചു? നമ്മുടെ പൊതു വിദ്യാലയങ്ങളുടെയും ആശുപത്രികളുടെയും അവസ്ഥ എന്താണ്? സംസ്ഥാന മണ്ഡികളും കൃത്യമായി ആ അവസ്ഥയിലേക്ക് ചുരുക്കപ്പെടും. സാവധാനം അവ മരിക്കും”, അദ്ദേഹം പറഞ്ഞു.

സംസ്ഥാന നിയന്ത്രിത മണ്ഡികൾ (എ.പി.എം.സി.കൾ) അനാവശ്യ സംവിധാനങ്ങളായി മാറുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നതിനു പുറമേ, കാർഷിക മേഖലയിൽ ഉണ്ടാകാവുന്ന കോർപ്പറേറ്റ് സാന്നിദ്ധ്യത്തയും വിക്രമും ബൽജോറും ഭയപ്പെടുന്നു. “കമ്പനികൾക്ക് ഞങ്ങളുടെ ഉത്പ്പന്നങ്ങൾക്കുമേൽ കുത്തകയുണ്ടാവുകയും അവർ കർഷകർക്കുള്ള നിബന്ധനകൾ ഒറ്റയ്ക്കു തീരുമാനിക്കുകയും ചെയ്യും”, വിക്രം പറഞ്ഞു. “ലാഭത്തിനു പുറത്ത് എന്തിനെക്കുറിച്ചെങ്കിലും സ്വകാര്യ കമ്പനികൾ ചിന്തിക്കുമോ? അവർ നീതിപൂർവ്വം ഞങ്ങളോടു പെരുമാറുമെന്ന് ഞങ്ങൾ എങ്ങനെ വിശ്വസിക്കും?"

കരിമ്പു കൃഷി പ്രധാനമായും ചെയ്യുന്ന പടിഞ്ഞാറൻ യു.പി.യിലുള്ള കർഷകർക്ക് സ്വകാര്യ കോർപ്പറേഷനുകളുമായി ഉണ്ടാക്കുന്ന ഇടപാടുകൾ എങ്ങനെയുള്ളതാണെന്നറിയാമെന്ന് ബൽജോർ പറഞ്ഞു. "ഞങ്ങൾക്ക് കരിമ്പു ഫാക്ടറികളുമായി ഒരു ഉടമ്പടി ഉണ്ടായിരുന്നു”, അദ്ദേഹം വിശദീകരിച്ചു. "സംസ്ഥാനമാണ് വില തീരുമാനിക്കുന്നത് [സംസ്ഥാന ഉപദേശക വില]. നിയമമനുസരിച്ച് [യു.പി. കരിമ്പു നിയമം] 14 ദിവസത്തിനകം ഞങ്ങൾക്ക് വിറ്റ സാധനത്തിന്‍റെ പണം ലഭിക്കണം. ഇപ്പോൾ 14 മാസമായി, കഴിഞ്ഞ തവണ ഞങ്ങൾ വിറ്റ കരിമ്പിന്‍റെ വില ഇതുവരെ ഞങ്ങൾക്കു ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഇതിനുവേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ല.”

സൈന്യത്തില്‍ 1966-73 കാലഘട്ടത്തിൽ സേവനമനുഷ്ടിച്ച ബൽജോർ സർക്കാർ കർഷകർക്കെതിരെ സൈനികരെ തിരിക്കുന്നതിലും കുപിതനാണ്. "അവർ സേനയെ ഉപയോഗിച്ച് കപട ദേശീയത വിൽക്കുന്നു. സേനയിൽ ഉണ്ടായിരുന്ന ഒരാളെന്ന നിലയിൽ ഞാനത് വെറുക്കുന്നു”, അദ്ദേഹം പറഞ്ഞു.

"പ്രതിപക്ഷ പാർട്ടികൾ കർഷക പ്രക്ഷോഭത്തെ രാഷ്ട്രീയവത്കരിക്കുന്നു എന്നു രാജ്യത്തോടു പറയുന്ന തിരക്കിലാണ് മാദ്ധ്യമങ്ങൾ”, വിക്രം പറഞ്ഞു. "രാഷ്ട്രീയ പാർട്ടികൾ രാഷ്ട്രീയത്തിൽ മുഴുകിയില്ലെങ്കിൽ പിന്നെയാരു മുഴുകും? പ്രക്ഷോഭം കർഷകരെ ഉണർത്തി”, അദ്ദേഹം കൂട്ടിച്ചേർത്തു. "രാജ്യത്തിന്‍റെ 70 % ഭാഗത്തും ഞങ്ങളുണ്ട്. എത്ര നാൾ കള്ളങ്ങൾ നിലനിൽക്കും?"

പരിഭാഷ - റെന്നിമോന്‍ കെ. സി.

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.