സുമുഖന്‍റെ പിന്മുറക്കാര്‍ ഇപ്പോഴും അഴീക്കോട്‌ ജീവിക്കുന്നു

കല്യാശ്ശേരി യഥാര്‍ത്ഥത്തില്‍ ഒരിക്കലും പോരാട്ടം നിര്‍ത്തിയിട്ടില്ല - 1947-നു ശേഷവും. വടക്കന്‍ മലബാറിലെ ഈ ഗ്രാമം ഒരുപാട് മുന്നണികളില്‍ പോരാടിയിട്ടുണ്ട്. സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി. പ്രദേശത്തെ കര്‍ഷകപ്രസ്ഥാനത്തിന്‍റെ ഹൃദയത്തോട് ചേര്‍ന്നുകൊണ്ട് ജന്മിമാര്‍ക്കെതിരെ പോരാടി. ഇടതുപക്ഷ ധാരകളുടെ കേന്ദ്രമെന്ന നിലയില്‍ ജാതിയെ നേരിട്ടു.

“സ്വാതന്ത്യത്തിനു വേണ്ടിയുള്ള സമരം എന്നന്നേക്കുമായി 1947-ല്‍ നിലച്ചുവെന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും?”, ഇപ്പറഞ്ഞ എല്ലാ സംഘട്ടനങ്ങളിലെയും പ്രധാനിയായിരുന്ന കെ.പി.ആര്‍. രയരപ്പന്‍ ചോദിച്ചു. “ഭൂപരിഷ്കരണത്തിനായുള്ള സമരം ഇപ്പോഴും അവശേഷിക്കുന്നു.” തന്‍റെ 86-ാം വയസ്സില്‍ രയരപ്പന്‍ ഇനിയും നടക്കാനുള്ള നിരവധി സമരങ്ങളെ കാണുന്നു. അദ്ദേഹത്തിന് അതിന്‍റെ ഭാഗമാകണം. ദേശീയ സ്വാശ്രയത്തിന് ആഹ്വാനം ചെയ്യുന്ന ഒരു ജാഥയില്‍ പങ്കെടുത്ത് കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെ 500 കിലോമീറ്റര്‍ അദ്ദേഹം 83-ാം വയസ്സിലും നടന്നു.

കല്യാശ്ശേരിയില്‍ മാറ്റത്തിന് തുടക്കംകുറിച്ച രണ്ട് സംഭവങ്ങള്‍ അദ്ദേഹത്തിന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. 1920-കളുടെ തുടക്കത്തില്‍ ഗാന്ധി മംഗലാപുരം സന്ദര്‍ശിച്ചതാണ് ആദ്യത്തേത്. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അദ്ദേഹത്തെ ശ്രവിക്കാനായി അങ്ങോട്ടുപോയി. “അന്ന് ഞങ്ങളെല്ലാവരും കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു”, രയരപ്പന്‍ പറഞ്ഞു.

“ഞങ്ങളുടെ ബോര്‍ഡ് സ്ക്കൂളില്‍ പ്രവേശനം തേടിയ സുമുഖന്‍ എന്ന ദളിത്‌ ബാലനെ മര്‍ദ്ദിച്ചു. സ്ക്കൂളില്‍ വരാന്‍ മുതിര്‍ന്നതിനാണ് അദ്ദേഹത്തെയും സഹോദരനെയും ഉയര്‍ന്നജാതിക്കാര്‍ മര്‍ദ്ദിച്ചത്”, ഇതാണ് അടുത്തത്.

ജാതി മൂലമുള്ള അടിച്ചമര്‍ത്തല്‍ വിഭവങ്ങളുടെ നിയന്ത്രണവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമായും ഭൂമിയുടെ മേലുള്ള നിയന്ത്രണം. മലബാര്‍ ജില്ലയിലെ ചിറയ്ക്കല്‍ താലൂക്കിലെ ജന്മിഭീകരതയുടെ കോട്ടയായിരുന്നു കല്യാശ്ശേരി. 1928-ല്‍ ഭൂമിയുടെ 72 ശതമാനവും നിയന്ത്രിച്ചിരുന്നത് ഉയര്‍ന്നജാതിക്കാരായ നായന്മാരായിരുന്നു. ജനസംഖ്യയുടെ 60 ശതമാനമുണ്ടായിരുന്ന തിയ്യരുടെയും മറ്റ് പിന്നോക്ക സമുദായങ്ങളുടെയും കൈവശം 6.55 ശതമാനം ഭൂമിമാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട്, 1960-കളില്‍ വരെയെത്തിയ ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള ത്വര വീണ്ടും തുടര്‍ന്നു.

ഇന്ന് തിയ്യര്‍ക്കും മറ്റുപിന്നോക്ക ജാതികള്‍ക്കും ദളിതര്‍ക്കും 60 ശതമാനത്തിലധികം ഭൂമിയുടെമേല്‍ നിയന്ത്രണമുണ്ട്.

“നേരത്തെ ഞങ്ങള്‍ അടിമകളെപ്പോലെയായിരുന്നു”, 63-കാരനായ കെ. കുഞ്ഞമ്പു പറഞ്ഞു. അദ്ദേഹത്തിന്‍റെ അച്ഛന്‍ ഒരു തിയ്യ കര്‍ഷകന്‍ ആയിരുന്നു. “ഞങ്ങളെ ഷര്‍ട്ട് ധരിക്കാന്‍ അനുവദിച്ചിരുന്നില്ല. കക്ഷത്തിനുതാഴെ മുണ്ടുടുക്കാന്‍ മാത്രമെ അനുവദിച്ചിരുന്നുള്ളൂ. ചെരിപ്പും ഉണ്ടായിരുന്നില്ല. ഒരു കുറിയമുണ്ട് മാത്രം, കുളിക്കാനുപയോഗിക്കുന്ന ചെറിയൊരു തോര്‍ത്തുമുണ്ട് പോലെ.” ചില ഭാഗങ്ങളില്‍ താഴ്ന്ന ജാതികളില്‍പ്പെട്ട സ്ത്രീകളെ ബ്ലൗസ് ധരിക്കാന്‍ അനുവദിച്ചിരുന്നില്ല. “ചില റോഡുകളിലൂടെ ഞങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുമായിരുന്നില്ല. ജാതിശ്രേണിയിലെ സ്ഥാനമനുസരിച്ച് ഉയര്‍ന്ന ജാതിയില്‍പ്പെട്ട പുരുഷന്മാരില്‍നിന്നും ഞങ്ങള്‍ നിശ്ചിത അകലം പാലിക്കണമായിരുന്നു.”

താഴ്ന്ന ജാതികളെ വിദ്യാലയങ്ങളില്‍നിന്നും അകറ്റി നിര്‍ത്തിയിരുന്നത് ഇതിന്‍റെ ഒരുഭാഗം മാത്രമായിരുന്നു. വിഭവങ്ങള്‍നിന്നും അവരെ മാറ്റിനിര്‍ത്തുകയായിരുന്നു ലക്ഷ്യം. എല്ലാത്തരത്തിലുള്ള പരിഗണനയും ഇതോടൊപ്പം അവര്‍ക്ക് നിഷേധിച്ചു. പാവങ്ങള്‍ക്കെതിരെയുള്ള ജന്മിഭീകരത സാധാണയായിന്നു.

സുമുഖനെ മര്‍ദ്ദിച്ചത് ഒരു വഴിത്തിരിവായി.

“മലബാറിലെ എല്ലാ ദേശീയനേതാക്കന്മാരും ഇവിടെത്തി”, രയരപ്പന്‍ പറഞ്ഞു. “വലിയ കോണ്‍ഗ്രസ്സ് നേതാവായ കേളപ്പന്‍ കുറച്ചുസമയം തങ്ങുകയും ചെയ്തു. എല്ലാവരും ജാതിക്കെതിരെ പ്രചാരണം നടത്തി. സി. എഫ്. ആന്‍ഡ്രൂസും ഇവിടെത്തി. ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ പ്രശ്നം ഉന്നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് കല്യാശ്ശേരി ദളിത്‌ വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രമായിത്തീര്‍ന്നു.” ആളുകള്‍ പന്തിഭോജനം നടത്തി, വ്യത്യസ്ത ജാതികളില്‍ നിന്നുള്ള ആളുകള്‍ ഒരുമിച്ചിരുന്ന് ഭക്ഷിക്കുകയും ചെയ്തു.

പക്ഷെ പ്രധാന പോരാട്ടങ്ങള്‍ക്ക് മുമ്പായിരുന്നില്ല ഇതൊന്നും. ഇവിടെനിന്നും അധികം ദൂരെയല്ലാത്ത അജാനൂരില്‍ 30-കളിലും 40-കളിലും ഒരു സ്ക്കൂള്‍ മൂന്നുതവണ കത്തിച്ചു – ആദ്യം ജന്മിമാരാല്‍, പിന്നീട് പോലീസിനാല്‍, വീണ്ടും ജന്മിമാരാല്‍. സ്ക്കൂളില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നുണ്ടായിരുന്നു. ഇതുകൂടാതെ “ദേശീയവാദികളെയും കമ്മ്യൂണിസ്റ്റുകാരെയും ഒളിപ്പിക്കുന്നു” എന്ന സംശയവുമുണ്ടായിരുന്നു.

ആ സംശയങ്ങള്‍ക്ക് മതിയായ കാരണങ്ങളുണ്ടായിരുന്നു. “ഈ മേഖലയിലെ 1930-കളിലെ ഇടതുരാഷ്ട്രീയത്തിന്‍റെ വേരുകള്‍ വളര്‍ന്നുവന്നത് പ്രത്യേകമായി സൃഷ്ടിച്ചെടുത്ത സംവിധാനത്തിലൂടെയാണ്”, മുന്‍അദ്ധ്യാപകനായ അഗ്നിശര്‍മ്മന്‍ നമ്പൂതിരി പറഞ്ഞു. “ഞങ്ങള്‍ ഒരു ഗ്രാമത്തില്‍ എത്തിക്കഴിഞ്ഞാല്‍ എപ്പൊഴും ഒരു രാത്രി വിദ്യാലയവും വായനശാലയും കര്‍ഷകരുടെ യൂണിയനും തുടങ്ങുമായിരുന്നു. അങ്ങനെയാണ് വടക്കന്‍മലബാറില്‍ ഇടതുപക്ഷം വളര്‍ന്നത്”, ഇപ്പോള്‍ കരിവെള്ളൂരിനടുത്ത് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ നമ്പൂതിരി പറഞ്ഞു. “അതുകൊണ്ടാണ് കല്യാശ്ശേരി ഈ രീതിയില്‍ ആയത്, അങ്ങനെ മുന്നോട്ട് പോവുകയും ചെയ്തു”, രയരപ്പന്‍ അതിനോട് കൂട്ടിച്ചേര്‍ത്തു.

1930-കളുടെ മദ്ധ്യത്തോടെ വടക്കന്‍ മലബാറിലെ കോണ്‍ഗ്രസ്സിന്‍റെ നിയന്ത്രണം ഇടതുപക്ഷക്കാര്‍ക്ക് ലഭിച്ചു. 1939-ഓടെ രയരപ്പനും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും ഇവിടെനിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളായിമാറി. വിദ്യാഭ്യാസം നിഷേധിക്കുന്നത് ഒരു ആയുധമായിരുന്ന ഇടത്തുതന്നെ അന്നുണ്ടായിരുന്ന അദ്ധ്യാപകരുടെ യൂണിയന്‍ ഒരു പ്രധാന രാഷ്ട്രീയ ഭാഗദേയം നിര്‍വ്വഹിച്ചു.

“അതുകൊണ്ടാണ് ഇവിടെ രാത്രിസ്ക്കൂളിന്‍റെയും വായനശാലയുടെയും കര്‍ഷക യൂണിയന്‍റെയും ഒരു സംവിധാനമുണ്ടായത്”, പി. യശോദ പറഞ്ഞു. “ഞങ്ങളെല്ലാം, എല്ലാം കഴിഞ്ഞാല്‍, ആദ്ധ്യാപകരായിരുന്നു.” 60 വര്‍ഷംമുന്‍പ് യൂണിയന്‍ നേതാവായി ഉയര്‍ന്നുവന്നപ്പോഴുള്ള അതേ ഊര്‍ജ്ജം 81-ാമത്തെ വയസ്സിലും അവര്‍ നിലനിര്‍ത്തുന്നു. 15-ാമത്തെ വയസ്സില്‍ അവര്‍ താലൂക്കിലെ സ്ത്രീകളില്‍നിന്നും ആദ്യമായി അദ്ധ്യാപന വൃത്തിയിലേര്‍പ്പെട്ട വ്യക്തിയായിരുന്നു, ഒരേയൊരു അദ്ധ്യാപികയും. മലബാറില്‍നിന്നും അദ്ധ്യാപന വൃത്തിയിലേര്‍പ്പെട്ട ഏറ്റവും ചെറുപ്പമുള്ള വ്യക്തിയും അവര്‍ തന്നെയായിരുന്നു.

“എന്‍റെ രാഷ്ട്രീയ വിദ്യാഭ്യാസം ആരംഭിച്ചത് സ്ക്കൂളിലെ ഏറ്റവുംമികച്ച രണ്ട് വിദ്യാര്‍ത്ഥികളെ ഞങ്ങളുടെ എല്ലാവരുടെയും മുന്നില്‍ വച്ച് അടിച്ചപ്പോഴായിരുന്നു.” അവര്‍ ചെയ്ത കുറ്റം? “’മഹാത്മാ ഗാന്ധി കീ ജെയ്’ എന്ന് വിളിച്ചത്. രണ്ടുപേര്‍ക്കും ചൂരല്‍കൊണ്ട് 36 അടികള്‍വീതം നല്‍കി. നിയമപരമായി 12 എണ്ണമെ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ട് ചിണ്ടന്‍കുട്ടിക്കും പത്മനാഭയ്യ വാര്യര്‍ക്കും 12 അടികള്‍ വീതം മൂന്ന് ദിവസംനല്‍കി. കൂടാതെ ഒരിക്കല്‍ ഒരു കുടുംബത്തെ പുരയിടത്തില്‍നിന്നും ഒഴിപ്പിക്കുന്നതും കണ്ടു. അവരുടെ ദുഃഖം എന്നില്‍ അവശേഷിച്ചു.”

“തീര്‍ച്ചയായും കഴിഞ്ഞ 50 വര്‍ഷങ്ങള്‍കൊണ്ട് പ്രധാനപ്പെട്ട മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്”, യോശോദ ടീച്ചര്‍ (അവര്‍ അവിടെ അങ്ങനെയാണ് അറിയപ്പെടുന്നത്) പറഞ്ഞു. സ്വാതന്ത്ര്യം വലിയൊരു മാറ്റം കൊണ്ടുവന്നു.

വിദ്യാഭ്യാസം ഒരു ഗ്രാമത്തില്‍ അപൂര്‍വ്വവും സവിശേഷവുമായ അവകാശമാകുമ്പോള്‍ കല്യാശ്ശേരി അത്രമോശമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. സാക്ഷരത നിരക്ക് 100 ശതമാനമാണ് - സ്ത്രീകളുടെയും പുരുഷന്മാരുടെയും കാര്യത്തില്‍. എല്ലാ കുട്ടികളും സ്ക്കൂളില്‍ പോകുന്നു.

“21,000 ജനങ്ങളുള്ള ഈ പഞ്ചായത്തില്‍ 16 ലൈബ്രറികള്‍ ഉണ്ട്”, കൃഷ്ണ പിള്ള വായനശാലയുടെ ലൈബ്രേറിയനായ കൃഷ്ണന്‍ അഭിമാനത്തോടെ പറഞ്ഞു. ലൈബ്രറിയും വായനശാലകളും കൂടിച്ചേര്‍ന്ന ഇവ ഓരോ ദിവസവും വൈകുന്നേരം സജീവമാകുന്നു. പുസ്തകങ്ങള്‍ മിക്കവാറും മലയാളത്തിലുള്ളതാണ്. പക്ഷെ ചില ഇംഗ്ലീഷ് പുസ്തകങ്ങളും ഉണ്ട്: ഹാന്‍ സുയിന്‍, ചാള്‍സ് ഡിക്കന്‍സ്, ടോള്‍സ്റ്റോയ്‌, ലെനിന്‍, മാര്‍ലോ എന്നിവരുടെ കൃതികള്‍. വൈവിധ്യമാര്‍ന്ന ഈ അഭിരുചികള്‍ സാധാരണമല്ലാത്ത രീതികളില്‍ പ്രതിഫലിക്കുന്നു. ഈ ഇന്‍ഡ്യന്‍ ഗ്രാമത്തില്‍ നിങ്ങള്‍ക്ക് ‘ഷാംഗ്രി-ലാ’ എന്നുപേരുള്ള വീടുകള്‍ കണ്ടെത്താം.

പശ്ചിമേഷ്യയില്‍ ആരാഫാത്തിന് എന്തുകൊണ്ടാണ് അബദ്ധം പറ്റിയത് എന്നതിനെക്കുറിച്ച് 8-ാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ ഒരാള്‍പോലും കല്യാശ്ശേരിയില്‍ നിങ്ങളോട് തര്‍ക്കിക്കും. എല്ലാവര്‍ക്കും എല്ലാത്തിനെക്കുറിച്ചും ഒരു അഭിപ്രായം പറയാനുണ്ടാവും, തങ്ങള്‍ ചിന്തിക്കുന്നത് എന്താണെന്ന് പറയാന്‍ ആര്‍ക്കും ഒരുമടിയുമില്ല.

“സ്വാതന്ത്ര്യ സമരത്തോടും വിദ്യാഭ്യാസത്തോടുമൊപ്പം ഭൂപരിഷ്കരണത്തിനു വേണ്ടിയുള്ള സംഘടിത പ്രസ്ഥാനവും എല്ലാം മാറ്റിമറിച്ചു”, രയരപ്പന്‍ പറഞ്ഞു. അതില്‍നിന്നും നേട്ടമുണ്ടായ തിയ്യ കര്‍ഷകനായ കെ. കുഞ്ഞമ്പു അതിനോട് യോജിക്കുന്നു. “ഇതാണ് എല്ലാം വ്യത്യസ്തമാക്കിയത്”, അദ്ദേഹം പറഞ്ഞു. “ഭൂപരിഷ്കരണം ഇവിടുത്തെ ജാതിശ്രേണിയെ മാറ്റിമറിച്ചു. ഇത് ഞങ്ങള്‍ക്ക് പുതിയൊരു പദവിതന്നു. “നേരത്തെ ജന്മിയുടെ ദയാവായ്പില്‍ ഒരു തുണ്ട് ഭൂമിയാണ്‌ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്. കൃഷിഭൂമി കര്‍ഷകനായപ്പോള്‍ അതിന് മാറ്റംവന്നു. ഇപ്പോള്‍ സ്വത്തുടമകള്‍ക്ക് തുല്യരായതായി ഞങ്ങള്‍ക്ക് തോന്നുന്നു.” ദരിദ്രര്‍ക്ക് ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ പ്രാപ്യമാകുന്നതിനെ ഇത് നിര്‍ണ്ണായകമാംവിധം മെച്ചപ്പെടുത്തി.

“1947 മുതല്‍ '57 വരെയും അതിനുശേഷവും ഞങ്ങള്‍ ഭൂപരിഷ്കരണത്തിനുവേണ്ടി പൊരുതി. കോണ്‍ഗ്രസ്സ് ഉയര്‍ന്ന ജാതിക്കാര്‍ക്കൊപ്പമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി - ജന്മിമാര്‍ക്കൊപ്പം.” അങ്ങനെ “85 ശതമാനത്തിലധികവും ആളുകള്‍ ഇടത് രാഷ്ട്രീയത്തോടൊപ്പം ചേര്‍ന്ന” പ്രദേശമായി കല്യാശ്ശേരി മാറി.

“50-60 വര്‍ഷങ്ങള്‍കൊണ്ട് വലിയമാറ്റം ഉണ്ടായി”, സുമുഖന്‍റെ വിധവയായ പന്നയ്യന്‍ ജാനകി പറഞ്ഞു. “എന്‍റെ സ്വന്തം മക്കളെ സ്ക്കൂളിലയയ്ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. സ്വാതന്ത്യത്തിന്‍റെ വര്‍ഷങ്ങള്‍ വലിയമാറ്റം ഉണ്ടാക്കി.”

സുമുഖന്‍ 16 വര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ചു. അദ്ദേഹത്തിന്‍റെ കുടുംബം ഇപ്പോഴും അഴീക്കോടിനടുത്ത് താമസിക്കുന്നു. സുമുഖന്‍റെ മകള്‍ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു. അദ്ദേഹത്തിന്‍റെ മരുമകന്‍ കുഞ്ഞിരാമന്‍ കോഴിക്കോട് നിന്നും സീനിയര്‍ സൂപ്രണ്ടായാണ് വിരമിച്ചത്. “സാമൂഹ്യസംവിധാനത്തില്‍ ഇപ്പോള്‍ വലിയ വിവേചനമില്ല, കുറഞ്ഞത് ഇവിടെയെങ്കിലും. ഞങ്ങളുടെ കുടുംബത്തില്‍ രണ്ട് എം.ബി.ബി.എസ്.കാരും രണ്ട് എല്‍.എല്‍.ബി.ക്കാരും ബി.എസ്.സി. കഴിഞ്ഞ ഒരാളും ഉണ്ട്”, അദ്ദേഹം പറഞ്ഞു.

PHOTO • P. Sainath

കെ.പി.ആര്‍. രയരപ്പന്‍ (ഏറ്റവും വലത്) സുമുഖന്‍റെ ചില കൊച്ചുമക്കളോടൊപ്പം. കുടുംബത്തില്‍ “രണ്ട് എം.ബി.ബി.എസ്.കാരും രണ്ട് എല്‍.എല്‍.ബി.ക്കാരും ബി.എസ്.സി. കഴിഞ്ഞ ഒരാളും ഉണ്ട്”

ഇവരൊക്കെയാണ് സ്ക്കൂളില്‍ പോകാന്‍ സാധിക്കാതിരുന്ന കുട്ടിയായ സുമുഖന്‍റെ കൊച്ചുമക്കള്‍.

ഫോട്ടൊ: പി. സായ്‌നാഥ്


ഇത് ആദ്യം പ്രസിദ്ധീകരിച്ചത് 1997 ഓഗസ്റ്റ് 28-ന് ദി ടൈംസ്‌ ഓഫ് ഇന്‍ഡ്യയില്‍ ആണ്.

ഈ പരമ്പരയിലെ ബാക്കി കഥകള്‍ ഇവയാണ്:

‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 1

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 2

ലക്ഷ്മി പാണ്ഡയുടെ അവസാന പോരാട്ടം

അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍

ശേർപുർ: വലിയ ത്യാഗം, ചെറിയ ഓർമ്മ

ഗോദാവരിയില്‍ പോലീസ് ഇപ്പോഴും ആക്രമണം പ്രതീക്ഷിക്കുമ്പോള്‍

സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍

സ്വാതന്ത്യത്തിന്‍റെ അമ്പതാമാണ്ടിലും കല്യാശ്ശേരി പൊരുതുന്നു


പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.