“ഈ പരാതികളെല്ലാം തിരികെയെടുത്ത്‌ കീറിക്കളയൂ”, ചമാരു പറഞ്ഞു. “അവയ്ക്ക് സാധുതയില്ല. ഈ കോടതി അവയെ പ്രോത്സാഹിപ്പിക്കില്ല.”

മജിസ്ട്രേറ്റ് ആകുന്നത് അദ്ദേഹം ശരിക്കും ആസ്വദിക്കാന്‍ ആരംഭിക്കുകയായിരുന്നു.

ഇത് 1942 ഓഗസ്റ്റിലായിരുന്നു, രാജ്യം സമരച്ചൂടിലും. സമ്പല്‍പൂരുള്ള കോടതിയും തീര്‍ച്ചയായും അങ്ങനെയായിരുന്നു. ചമാരു പരീദയും  കൂട്ടാളികളും ചേര്‍ന്ന് കോടതി പിടിച്ചെടുത്തതേയുണ്ടായിരുന്നുള്ളൂ. ചമാരു സ്വയം ന്യായാധിപനായി പ്രഖ്യാപിച്ചു. ജിതേന്ദ്ര പ്രധാന്‍ അദ്ദേഹത്തിന്‍റെ “സഹായി”യായി. പൂര്‍ണ്ണചന്ദ്ര പ്രധാനെ പേഷ്കാര്‍ അഥവാ കോടതി ഗുമസ്ഥനായും തിരഞ്ഞെടുത്തു.

ക്വിറ്റ് ഇന്‍ഡ്യ പ്രസ്ഥാനത്തിന് ചെയ്ത സംഭാവനയുടെ ഭാഗമായാണ് അവര്‍ കോടതി പിടിച്ചെടുത്തത്.

“ഇതൊക്കെ രാജിനെ അഭിസംബോധന ചെയ്യുന്നതാണ്”, കോടതിയില്‍ കൂടിച്ചേര്‍ന്ന ആശ്ചര്യപ്പെട്ടുനിന്ന ആളുകളോട് ചമാരു പറഞ്ഞു. “നമ്മള്‍ സ്വതന്ത്ര ഇന്ത്യയിലാണ് ജീവിക്കുന്നത്. ഈ കേസുകള്‍ പരിഗണിക്കണമെന്നുണ്ടെങ്കില്‍ നിങ്ങളവ തിരിച്ചെടുക്കുക. പരാതി വീണ്ടും തയ്യാറാക്കുക. അതില്‍ മഹാത്മാഗാന്ധിയെ അഭിസംബോധന ചെയ്യുക. ഞങ്ങളവയ്ക്ക് വേണ്ട ശ്രദ്ധകൊടുക്കാം.”

ഏതാണ്ടിന്നേക്ക് അറുപത് വര്‍ഷങ്ങള്‍ക്കുശേഷം ചമാരു ഇപ്പോഴും സന്തോഷത്തോടെ ആ കഥ പറയുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് 91 വയസ്സുണ്ട്. 81-കാരനായ ജിതേന്ദ്ര അദ്ദേഹത്തിനടുത്ത് ഇരിക്കുന്നു. പൂര്‍ണ്ണചന്ദ്ര മരിച്ചുപോയി. അവര്‍ ഇപ്പോഴും ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയിലെ പനിമാര ഗ്രാമത്തില്‍ ജീവിക്കുന്നു. സ്വാതന്ത്യ്രസമരത്തിന്‍റെ ഉത്തുംഗത്തില്‍ നില്‍ക്കുമ്പോള്‍ ഈ ഗ്രാമം അതിന്‍റെ നിരവധി പുത്രന്മാരേയും പുത്രിമാരേയും പോരാട്ടത്തിനയച്ചു. രേഖകള്‍പ്രകാരം 1942-ല്‍ മാത്രം ഇവിടെനിന്നും 32 പേര്‍ ജയിലില്‍ പോയി. ചമാരുവും ജിതേന്ദ്രയും ഉള്‍പ്പെടെ ഏഴുപേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു.

ഒരുസമയത്ത് ഇവിടെയുള്ള ഏതാണ്ടെല്ലാ കുടുംബങ്ങളും സത്യാഗ്രഹികളെ അയച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തെ ശല്യപ്പെടുത്തിയ ഒരു ഗ്രാമമായിരുന്നു ഇത്. ഇതിന്‍റെ ഐക്യം ഇളക്കമില്ലാത്തതായി കാണപ്പെട്ടു. ഇതിന്‍റെ നിശ്ചയദാര്‍ഢ്യം ഐതിഹാസികമായി വളര്‍ന്നു. ബ്രിട്ടീഷ്ഭരണത്തെ എതിര്‍ക്കുന്നവര്‍ പാവപ്പെട്ടവരും അക്ഷരാഭ്യാസം ഇല്ലാത്തവരുമായ കര്‍ഷകരായിരുന്നു. ചെറുകിടക്കാരായ ഭൂഉടമകള്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടു. കൂടുതലും അങ്ങനെ ഉള്ളവരായിരുന്നു.

ചരിത്രപുസ്തകങ്ങള്‍ തങ്ങളെക്കുറിച്ച് ഒന്നുംതന്നെ പ്രസ്താവിക്കുന്നില്ല എന്നത് അവര്‍ കാര്യമാക്കുന്നേയില്ല. അതുമാത്രമല്ല, ഒഡീഷയില്‍ത്തന്നെ പലയിടത്തും അവരെ മറന്നുകാണണം. ബാര്‍ഗഢില്‍ ഇപ്പോഴുമിത് സ്വാതന്ത്ര്യ ഗ്രാമമാണ്. വളരെ കുറച്ചുപേര്‍ മാത്രമെ, അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍, സമരത്തില്‍നിന്നും വ്യക്തിപരമായി എന്തെങ്കിലും നേടിയിട്ടുള്ളൂ. പാരിതോഷികങ്ങള്‍, സ്ഥാനങ്ങള്‍, ജോലി എന്നിവപോലുള്ള നേട്ടങ്ങളല്ല തീര്‍ച്ചയായും ഇവിടെ ഉദ്ദേശിക്കുന്നത്. പക്ഷെ അവര്‍ അപകടം വരിച്ചവരായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ ആളുകളായിരുന്നു.

ഇവര്‍ സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികളായിരുന്നു. കൂടാതെ നഗ്നപാദരും. എന്തായാലും ഇവിടെയുള്ളവര്‍ക്ക് ധരിക്കാന്‍ ഒരിക്കലും പാദരക്ഷകള്‍ ഉണ്ടായിരുന്നില്ല.

Seated left to right: Dayanidhi Nayak, 81, Chamuru Parida, 91, Jitendra Pradhan, 81, and (behind) Madan Bhoi, 80, four of seven freedom fighters of Panimara village still alive
PHOTO • P. Sainath

ഇരിക്കുന്നവര്‍, ഇടത്തുനിന്നും വലതുവശത്തേക്ക്: ദയാനിധി നായക് (81), ചമാരു പരീദ (91), ജിതേന്ദ്ര പ്രധാന്‍ (81), മദന്‍ ഭോയി (80) (പിറകില്‍). പനിമാര ഗ്രാമത്തിലെ ഏഴ് സ്വാതന്ത്ര്യസമര സേനാനികളില്‍ ജീവിച്ചിരിക്കുന്ന നാലുപേരാണിര്‍.

“കോടതിയിലുണ്ടായിരുന്ന പോലീസ് ചിന്താകുഴപ്പത്തിലായി”, ചമാരു അടക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. “എന്തുചെയ്യണമെന്ന കാര്യത്തില്‍ അവര്‍ക്കുറപ്പില്ലായിരുന്നു. അവര്‍ ഞങ്ങളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ഞാനാണ് മജിസ്ട്രേറ്റ്. നിങ്ങള്‍ എന്‍റെയടുത്തുനിന്ന് ഉത്തരവ് സ്വീകരിക്കുക. ഇന്ത്യക്കാരാണെങ്കില്‍ നിങ്ങള്‍ എന്നെ അനുസരിക്കുക. ബ്രിട്ടീഷുകാരാണെങ്കില്‍ നിങ്ങളുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുക’.”

അന്നേദിവസം തന്‍റെ വസതിയിലുണ്ടായിരുന്ന യഥാര്‍ത്ഥ മജിസ്ട്രേറ്റിന്‍റെയടുത്തേക്ക് പോലീസ് പോയി. “ഞങ്ങളെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള ഉത്തരവുകളില്‍ ഒപ്പിടാന്‍ മജിസ്ട്രേറ്റ് വിസമ്മതിച്ചു, എന്തുകൊണ്ടെന്നാല്‍ പോലീസുകാരുടെ വാറന്‍റുകളില്‍ പേരുകള്‍ ഇല്ലായിരുന്നു”, ജിതേന്ദ്ര പ്രധാന്‍ പറഞ്ഞു. “പോലീസുകാര്‍ തിരിച്ചുവന്ന് ഞങ്ങളോട് പേരുകള്‍ തിരക്കി. ആരാണെന്നു പറയാന്‍ ഞങ്ങള്‍ വിസമ്മതിച്ചു.”

പരിഭ്രാന്തരായ പോലീസ് സേന സമ്പല്‍പൂരിലെ കളക്ടറുടെ അടുത്തേക്ക് പോയി. “പ്രകടമായും അസംബന്ധമായിത്തോന്നിയ ഈ സംഭവത്തില്‍ താത്പര്യമില്ലാതെ അദ്ദേഹം പറഞ്ഞു: ‘വെറുതെ കുറച്ച് പേരുകള്‍ ഇടുക. അവര്‍ക്ക് ‘എ’, ‘ബി’, ‘സി’ എന്നിങ്ങനെ പേരുകളിട്ട് അതനുസരിച്ച് ഫാറങ്ങള്‍ പൂരിപ്പിക്കുക.’ പോലീസ് അങ്ങനെ ചെയ്തു. ‘എ’, ‘ബി’, ‘സി’ എന്നീ പേരുകളില്‍ കുറ്റവാളികളായി ഞങ്ങളെ അറസ്റ്റ് ചെയ്തു”, ചമാരു പറഞ്ഞു.

എന്നിരിക്കിലും പോലീസിനതൊരു പരീക്ഷണ ദിവസമായിരുന്നു. “ജയിലില്‍ വാര്‍ഡനും ഞങ്ങളെ സ്വീകരിക്കുമായിരുന്നില്ല. അദ്ദേഹവും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. വാര്‍ഡന്‍ അവരോട് ചോദിച്ചു: ‘ഞാന്‍ വിഡ്ഢിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നാളെയിവര്‍ രക്ഷപെടുകയൊ അപ്രത്യക്ഷരാവുകയൊ ചെയ്‌താല്‍ എന്തുസംഭവിക്കും? ‘എ’, ‘ബി’, ‘സി’ എന്നിങ്ങനെ ഞാന്‍ റിപ്പോര്‍ട്ട് കൊടുക്കുമൊ? നല്ലൊരു വിഡ്ഢി അങ്ങനെചെയ്യും’. പറഞ്ഞതില്‍ അദ്ദേഹം ഉറച്ചുനിന്നു.”

മണിക്കൂറുകള്‍ നീണ്ട വിലപേശലിനൊടുവില്‍ പോലീസുകാര്‍ തടവറ കാവല്‍ക്കാരെക്കൊണ്ട് ഇവരെ സ്വീകരിക്കുന്ന കാര്യം സമ്മതിപ്പിച്ചു. “കോടതിയില്‍ ഞങ്ങളെ എത്തിച്ചപ്പോള്‍ അസംബന്ധം അതിന്‍റെ പാരമ്യത്തിലെത്തി”, ജിതേന്ദ്ര പറഞ്ഞു. “ആകെ അന്ധാളിച്ചുപോയ സഹായിക്ക് ഇങ്ങനെ അലറേണ്ടി വന്നു: “‘എ’ ഹാജിര്‍ ഹോ , ‘ബി’ ഹാജിര്‍ ഹോ , ‘സി’ ഹാജിര്‍ ഹോ ! [‘എ’, ‘ബി’, ‘സി’ എന്നിവര്‍ ഹാജരാവുക]. പിന്നീട് കോടതി ഞങ്ങളുടെ വിഷയം കൈകാര്യം ചെയ്തു.”

ഭരണസംവിധാനം അന്ധാളിപ്പിനുള്ള പ്രതികാരം ചെയ്തു. അവരെ 6 മാസത്തെ കഠിനതടവിന് വിധിക്കുകയും കുറ്റവാളികള്‍ക്കുള്ള ജയിലിലേക്ക് അയയ്ക്കുകയും ചെയ്തു. “സാധാരണ നിലയില്‍ രാഷ്ട്രീയതടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലേക്കായിരുന്നു ഞങ്ങളെ അയയ്ക്കേണ്ടത്”, ചമാരു പറഞ്ഞു. “പക്ഷെ ഇതായിരുന്നു പ്രക്ഷോഭത്തിന്‍റെ അവസാനം. എന്തായാലും പോലീസുകാര്‍ എല്ലായ്പ്പോഴും വളരെ ക്രൂരന്മാരും പ്രതികാരാഭിവാഞ്ഛയുള്ളവരും ആയിരുന്നു.

“മഹാനദിക്കു കുറുകെ അക്കാലത്ത് പാലങ്ങളില്ലായിരുന്നു. അവര്‍ക്കു ഞങ്ങളെ ഒരു ബോട്ടില്‍ കൊണ്ടുപോകേണ്ടിവന്നു. ഞങ്ങള്‍ അറസ്റ്റ് വരിച്ചിരിക്കുന്നുവെന്നും രക്ഷപെടാനുള്ള ഉദ്ദേശ്യം ഇല്ലെന്നും അവര്‍ക്ക് മനസ്സിലായി. എന്നിട്ടും അവര്‍ ഞങ്ങളുടെ കൈകള്‍ കെട്ടിയിരുന്നു, പരസ്പരം ചേര്‍ത്താണ് ഞങ്ങളെ കെട്ടിയത്. വള്ളം മറിഞ്ഞാല്‍ - തുടര്‍ച്ചയായി അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് – രക്ഷപെടാന്‍ ഞങ്ങള്‍ക്കവസരം ലഭിക്കില്ലായിരുന്നു. ഞങ്ങളെല്ലാവരും മരിക്കുമായിരുന്നു.”

“പോലീസ് ഞങ്ങളുടെ വീട്ടുകാരെയും പിന്തുടര്‍ന്നു. ഒരിക്കല്‍ ഞാന്‍ ജയിലിലായിരുന്നപ്പോള്‍ 30 രൂപ പിഴശിക്ഷ വിധിച്ചു [അവര്‍ ദിവസം മുഴുവന്‍ പണിയെടുത്ത് ധാന്യം വാങ്ങാനുള്ള രണ്ട് അണ മാത്രം സമ്പാദിക്കുന്ന സമയത്ത് ഇതൊരു വലിയ തുകയാണ്: പി.എസ്.]. പിഴയിട്ട തുക വാങ്ങാനായി അവര്‍ എന്‍റെയമ്മയുടെ അടുത്തുപോയി. പിഴയടയ്ക്കുക, അല്ലെങ്കില്‍ അയാള്‍ക്ക് വലിയ ശിക്ഷകിട്ടും”, അവര്‍ മുന്നറിയിപ്പ് നല്‍കി.

The stambh or pillar honouring the 32 ‘officially recorded’ freedom fighters of Panimara
PHOTO • P. Sainath

പനിമാരയിലെ ‘ഔദ്യോഗിക രേഖപ്രകാരമുള്ള’ 32 സ്വാതന്ത്ര്യസമര സേനാനികളുടെ ബഹുമാനാര്‍ത്ഥം സ്ഥാപിച്ചിരിക്കുന്ന സ്തംഭം.

“എന്‍റെ അമ്മ പറഞ്ഞു: ‘അവനെന്‍റെ പുത്രനല്ല, ഈ ഗ്രാമത്തിന്‍റെ പുത്രനാണ്. എന്നെ നോക്കുന്നതിനെക്കാള്‍ അവന്‍ ഈ ഗ്രാമത്തെയാണ് നോക്കുന്നത്’. അവര്‍ അപ്പോഴും അവരെ [അമ്മയെ] നിര്‍ബ്ബന്ധിച്ചു. അവര്‍ പറഞ്ഞു: “ഈ ഗ്രാമത്തിലെ യുവാക്കളെല്ലാം എന്‍റെ പുത്രന്മാരാണ്. ജയിലിലായിരിക്കുന്നവര്‍ക്കെല്ലാം എനിക്ക് പിഴയടയ്ക്കാന്‍ പറ്റുമോ?’”

പോലീസുകാര്‍ നിരാശരായി. “അവര്‍ പറഞ്ഞു: ‘ശരി, പിടിച്ചെടുത്തതെന്ന നിലയില്‍ ഞങ്ങള്‍ക്ക് കാണിക്കാന്‍ പറ്റുന്ന എന്തെങ്കിലും തരൂ, അരിവാളോ മറ്റോ’. അവര്‍ [അമ്മ] സാധാരണായി പറഞ്ഞു: ‘ഞങ്ങള്‍ക്ക് അരിവാളില്ല’. ചാണകവെള്ളം ശേഖരിക്കാന്‍ തുടങ്ങിയ അമ്മ അവിടം ശുദ്ധീകരിക്കുന്നതിനായി അവര്‍ നില്‍ക്കുകയായിരുന്ന സ്ഥലം വൃത്തിയാക്കാന്‍ ഉദ്ദേശിക്കുന്നു എന്നുപറഞ്ഞു. അവരോടു മാറിത്തരുമോയെന്നും ചോദിച്ചു”, അവര്‍ പോവുകയും ചെയ്തു.

* * *

കോടതിമുറിയില്‍ അസംബന്ധം നടക്കുമ്പോള്‍ പനിമാരയിലെ സത്യാഗ്രഹികളുടെ രണ്ടാമത്തെ സംഘം തിരക്കായിരുന്നു. “സമ്പല്‍പൂര്‍ ചന്ത പിടിച്ചെടുത്ത് ബ്രിട്ടീഷ് സാധനങ്ങള്‍ നശിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ കര്‍ത്തവ്യം”, ദയാനിധി നായക് പറഞ്ഞു. അദ്ദേഹം ചമാരുവിന്‍റെ ബന്ധുവായിരുന്നു. “നേതൃത്വത്തിനായി ഞാന്‍ അദ്ദേഹത്തെനോക്കി. പ്രസവത്തോടെ അമ്മ മരിച്ച എന്നെ വളര്‍ത്തിയത് ചമാരുവാണ്.”

ബ്രിട്ടീഷുകാരുമായി ദയാനിധിക്കുണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ ആദ്യത്തേത് ഉണ്ടാകുന്നത് അദ്ദേഹത്തിന് വെറും 11 വയസ്സുള്ളപ്പോഴാണ്. 1942-ഓടെ, 21-ാം വയസ്സില്‍, അദ്ദേഹം പ്രായോഗികമായിത്തന്നെ കാലികമായി പോരാട്ടങ്ങള്‍ നടത്തുന്ന ഒരാളായിത്തീര്‍ന്നു. ഇപ്പോള്‍ 81-ാം വയസ്സില്‍ ആ ദിവസങ്ങളിലെ കാര്യങ്ങളൊക്കെ ദയാനിധി വളരെ വ്യക്തമായി ഓര്‍മ്മിക്കുന്നു.

“വലിയരീതിയില്‍ ബ്രിട്ടീഷ് വിരുദ്ധ ചിന്താഗതിയുണ്ടായിരുന്നു. നമ്മളെ വിരട്ടാനുള്ള ബ്രിട്ടീഷുകാരുടെ പരിശ്രമങ്ങള്‍ അത് കൂടുതല്‍ ശക്തമാക്കി. ഈ ഗ്രാമത്തിനു ചുറ്റുമായി അവരുടെ സായുധ സേനയെ വിന്യസിച്ചിരുന്നു, ഒന്നിലധികം തവണ. പതാകജാഥകളും സംഘടിപ്പിച്ചു. നമ്മളെ പേടിപ്പിക്കുന്നതിനുവേണ്ടി മാത്രം. പക്ഷെ അത് ഫലിച്ചില്ല.”

“ബ്രിട്ടീഷ് വിരുദ്ധവികാരം എല്ലാ വരമ്പുകളും ഭേദിച്ചു. ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ മുതല്‍ അദ്ധ്യാപകര്‍ വരെയുണ്ടായിരുന്നു. പ്രസ്ഥാനത്തോടൊപ്പം അദ്ധ്യാപകരുണ്ടായിരുന്നു. അവര്‍ രാജിവച്ചില്ല, ജോലി ചെയ്യാതെയിരുന്നു. അവര്‍ക്ക് കാരണം പറയാനുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ‘എങ്ങനെ ഞങ്ങള്‍ അവര്‍ക്ക് ഞങ്ങളുടെ രാജി സമര്‍പ്പിക്കും? ഞങ്ങള്‍ ബ്രിട്ടീഷുകാരെ അംഗീകരിക്കുന്നില്ല’. അതുകൊണ്ട് അവര്‍ ജോലിചെയ്യാതെ തുടര്‍ന്നു.”

“അക്കാലത്ത് ഞങ്ങളുടേത് കൂടുതല്‍ ഒറ്റപ്പെട്ട ഗ്രാമമായിരുന്നു. അറസ്റ്റുകളും അടിച്ചമര്‍ത്തലുകളും കാരണം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കുറച്ചുനാള്‍ വന്നില്ല. അതിനര്‍ത്ഥം പുറംലോകത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് ഇല്ലായിരുന്നുവെന്നാണ്. ഇങ്ങനെയായിരുന്നു 1942 ഓഗസ്റ്റിലെ അവസ്ഥ.” അതിനാല്‍ എന്തൊക്കെയാണ് നടക്കുന്നതെന്നറിയാന്‍ ഗ്രാമത്തില്‍നിന്നും ആളുകളെ അയച്ചു. “അങ്ങനെയാണ് ഈ പ്രവര്‍ത്തനത്തിന്‍റെ ഘട്ടം ആരംഭിച്ചത്. ഞാന്‍ രണ്ടാം സംഘത്തില്‍ ആയിരുന്നു.”

“ഞങ്ങളുടെ അഞ്ച് സംഘങ്ങളും വളരെ ശക്തമായിരുന്നു. സമ്പല്‍പൂരുള്ള കോണ്‍ഗ്രസ്സ് നേതാവ് ഫകീര ബെഹേരയുടെ വീട്ടിലേക്കാണ് ഞങ്ങള്‍ ആദ്യം പോയത്. പൂക്കളും, ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന് രേഖപ്പെടുത്തിയിരുന്ന കൈപ്പട്ടയും ഞങ്ങള്‍ക്കു ലഭിച്ചു. ചന്തസ്ഥലത്തേക്ക് ഞങ്ങള്‍ ജാഥനയിച്ചു. ധാരാളം സ്ക്കൂള്‍ കുട്ടികളും മറ്റുള്ളവരും ഒപ്പമുണ്ടായിരുന്നു.”

“ചന്തസ്ഥലത്തുവച്ച് ഞങ്ങള്‍ ക്വിറ്റ് ഇന്‍ഡ്യ ആഹ്വാനം വായിച്ചു. സായുധരായ 30 പോലീസുകാര്‍ അവിടെയുണ്ടായിരുന്നു. ആഹ്വാനം വായിച്ച നിമിഷം അവര്‍ ഞങ്ങളെ  അറസ്റ്റ് ചെയ്തു.”

“ഇവിടെയും പോലീസുകാര്‍ക്ക് ആശയക്കുഴപ്പമുണ്ടായി. അവര്‍ അപ്പോള്‍തന്നെ ഞങ്ങളില്‍ ചിലരെപോകാന്‍ അനുവദിച്ചു.”

എന്തുകൊണ്ട്?

At the temple, the last living fighters in Panimara
PHOTO • P. Sainath

പനിമാരയിലെ ജീവിച്ചിരിക്കുന്ന അവസാന പോരാളികള്‍ ക്ഷേത്രത്തില്‍.

"ഓ നന്നായി, 11 വയസ്സുള്ളവരെ അറസ്റ്റ് ചെയ്ത് കെട്ടിയിടുക എന്നത് അവരെ സംബന്ധിച്ചിട്ടത്തോളം പരിഹാസ്യമായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന തീർത്തും പ്രായം കുറഞ്ഞവരെ, 12-ൽ താഴെയുള്ളവരെ, പോകാൻ അനുവദിച്ചു. പക്ഷെ ചെറിയ രണ്ടുപേർ, ജുഗേശ്വർ ജെനയും ഇന്ദർജീത് പ്രധാനും, പോകില്ലായിരുന്നു. സംഘത്തോടൊപ്പം നിൽക്കണമെന്നുണ്ടായിരുന്ന അവരെ പോകാനായി പ്രേരിപ്പിക്കണമായിരുന്നു. ബാക്കിയുള്ള ഞങ്ങളെ ബാർഗഢ് ജയിലിലേക്ക് അയച്ചു. ദിബ്യ സുന്ദർ സാഹുവും പ്രഭാകര സാഹുവും ഞാനും ഒൻപത് മാസത്തെ ജയിൽ വാസത്തിനായി അങ്ങോട്ടുപോയി.”

* * *

80-കാരനായ മദൻ ഭോയി വ്യക്തമായ ശബ്ദത്തിൽ ഇപ്പോഴും നന്നായി പാടുകയാണ്. സമ്പൽപൂരുള്ള കോൺഗ്രസ്സിന്‍റെ ഓഫീസിലേക്ക് മാർച്ച് ചെയ്തപ്പോൾ ഞങ്ങളുടെ ഗ്രാമത്തിലെ മൂന്നാമത്തെ സംഘം പാടിയ പാട്ടാണിത്.” രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷുകാർ ആ ഓഫീസ് അടച്ചു മുദ്രവച്ചു.

മൂന്നാം സംഘത്തിന്‍റെ ലക്ഷ്യം: മുദ്രവച്ച കോൺഗ്രസ്സ് ഓഫീസ് മോചിപ്പിക്കുക എന്നതായിരുന്നു

"ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോൾ എന്‍റെ മാതാപിതാക്കൾ മരിച്ചതാണ്. അമ്മാവന്‍റെയും അമ്മായിയുടെയും കൂടെയായിരുന്നു ഞാൻ വളർന്നത്. അവർ എന്നെ അത്ര ശ്രദ്ധിച്ചില്ല. ഞാൻ കോൺഗ്രസ്സ് യോഗങ്ങളിൽ പങ്കെടുക്കാൻ തുടങ്ങിയത് അവരിൽ അപായസൂചന വളർത്തി. ഞാൻ സത്യാഗ്രഹികളോടൊപ്പം ചേർന്നപ്പോൾ അവരെന്നെ മുറിയിൽ പൂട്ടിയിട്ടു. മാനസാന്തരം വന്നതായും മാറിയതായും ഞാൻ നടിച്ചു. അവരെന്നെ പുറത്തുപോകാൻ അനുവദിച്ചു. പണിയെടുക്കാനെന്നപോലെ ഞാൻ പാടങ്ങളിൽ പോയി. തൂമ്പയും സഞ്ചിയും ബാക്കിയുള്ള സാധനങ്ങളുമൊക്കെയെടുക്കുമായിരുന്നു. പാടങ്ങളിൽനിന്നും ഞാൻ ബാർഗഢ് സത്യാഗ്രഹത്തിനുപോയി. അവിടെവച്ച് ഞങ്ങളുടെ ഗ്രാമത്തിൽ നിന്നുള്ള മറ്റു 13 പേരോടൊപ്പം സമ്പൽപൂർ ജാഥയ്ക്ക് പോകാൻ ഞാന്‍ തയ്യാറായി. ഖാദിപോയിട്ട് ഒരുതരത്തിലുമുള്ള ഷര്‍ട്ടും എനിക്കില്ലായിരുന്നു. ഗാന്ധി ഓഗസ്റ്റ് 9-ന് അറസ്റ്റിലായെങ്കിലും ദിവസങ്ങൾക്കു ശേഷമാണ് ആ വാർത്ത ഈ ഗ്രാമത്തിലെത്തിയത്. സമരക്കാരുടെ മുന്നോ നാലോ സംഘങ്ങളെ ഗ്രാമത്തിനു പുറത്ത് സമ്പൽപൂരിലേക്ക് അയയ്ക്കാൻ പദ്ധതിയിട്ടപ്പോൾ മാത്രമായിരുന്നു ഇതെന്നു നിങ്ങള്‍ മനസ്സിലാക്കുക.”

"ആദ്യ ബാച്ച് ഓഗസ്റ്റ് 22-ന് അറസ്റ്റിലായി. ഞങ്ങളെ ഓഗസ്റ്റ് 23-ന് അറസ്റ്റ് ചെയ്തു. ചമാരുവും സുഹൃത്തുക്കളും ഉണ്ടാക്കിയ തരത്തിലുള്ള അമ്പരപ്പിനു വിധേയരായി ഭയന്ന പോലീസുകാർ ഞങ്ങളെ കോടതിയിൽപ്പോലും ഹാജരാക്കിയില്ല. കോൺഗ്രസ്സ് ഓഫീസിലെത്താൻ ഞങ്ങളെ ഒരിക്കലും അനുവദിച്ചില്ല. ഞങ്ങൾ നേരെ ജയിലിലേക്കു പോയി."

പനിമാര ഇപ്പോൾ കുപ്രസിദ്ധമാണ്. "എല്ലായിടത്തും ഞങ്ങളെ അറിഞ്ഞു, ബദ് മാശ് ഗാംവിനെ [പോക്കിരിയായ വില്ലനെ] പോലെ”, കുറച്ച് അഭിമാനത്തോടെ ഭോയി പറഞ്ഞു.

ഫോട്ടൊ : പി. സായ്‌നാഥ്

2002 ഒക്ടോബർ 20-ന് ദി ഹിന്ദു സൺഡേ മാഗസിനിലാണ് ഈ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചത്

ഈ പരമ്പരയിലെ ബാക്കി കഥകള്‍ ഇവയാണ്:

‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 2

ലക്ഷ്മി പാണ്ഡയുടെ അവസാന പോരാട്ടം

അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍

ശേർപുർ: വലിയ ത്യാഗം, ചെറിയ ഓർമ്മ

ഗോദാവരിയില്‍ പോലീസ് ഇപ്പോഴും ആക്രമണം പ്രതീക്ഷിക്കുമ്പോള്‍

സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍

കല്യാശ്ശേരിയില്‍ സുമുഖനെത്തേടി

സ്വാതന്ത്യത്തിന്‍റെ അമ്പതാമാണ്ടിലും കല്യാശ്ശേരി പൊരുതുന്നു

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.