“അവര്‍ തകര്‍ത്ത കൂടാരത്തില്‍ ഞങ്ങള്‍ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു”, വയോധികനായ ആ സ്വാതന്ത്ര്യസമര ഭടന്‍ ഞങ്ങളോടു പറഞ്ഞു. “അവര്‍ തറയിലും ഞങ്ങളുടെ ദേഹത്തും വെള്ളമൊഴിച്ചു. അവര്‍ തറ നനച്ച് ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളതാക്കാന്‍ ശ്രമിച്ചു. ഞങ്ങള്‍ ഇരിപ്പ് തുടര്‍ന്നു. പിന്നീട് കുറച്ചു വെള്ളം കുടിക്കാനായി ടാപ്പിനുചുവട്ടിലെത്തി ഞാന്‍ കുനിഞ്ഞപ്പോള്‍ തലയോട്ടിക്ക് പൊട്ടല്‍ ഏല്‍പ്പിച്ചുകൊണ്ട് അവര്‍ എന്‍റെ തലയ്ക്കടിച്ചു. എനിക്ക് ആശുപത്രിയിലേക്ക് ഓടേണ്ടിവന്നു.”

ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും അവസാനത്തെ സ്വാതന്ത്ര്യസമര ഭടന്മാരില്‍ ഒരാളാണദ്ദേഹം. ഒഡീഷയിലെ കോരാപൂട് പ്രദേശത്ത് ജീവിക്കുന്ന, ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട വെറും നാലോ അഞ്ചോ പേരിലൊരാള്‍. 1942-ലെ ബ്രിട്ടീഷ് ഭീകരതയെക്കുറിച്ച് സംസാരിക്കുകയായിരുന്നില്ല അദ്ദേഹം (അതെക്കുറിച്ചും അദ്ദേഹത്തിന് ഒരുപാട് സംസാരിക്കാനുണ്ടെങ്കില്‍പ്പോലും). അരനൂറ്റാണ്ടിനുശേഷം, 1992-ല്‍ ബാബറി മസ്‌ജിദ്‌ തകര്‍ത്തവേളയില്‍ തന്‍റെമേലുണ്ടായ ക്രൂരമായ ആക്രമണത്തെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്: “ഞാനവിടെ 100 അംഗ സമാധാനസംഘത്തില്‍ ഉണ്ടായിരുന്നു.” പക്ഷെ സംഘത്തിന് ഒരു സമാധാനവും നല്‍കിയില്ല. അന്ന് പ്രായം എഴുപതുകളുടെ മദ്ധ്യത്തിലായിരുന്ന ഈ മുതിര്‍ന്ന ഗാന്ധിയന്‍ യോദ്ധാവ് പരിക്കില്‍നിന്നും സുഖം പ്രാപിച്ചുകൊണ്ട്  10 ദിവസം ആശുപത്രിയിലും ഒരുമാസം വാരണാസി ആശ്രമത്തിലും ചിലവഴിച്ചു.

സംഭവം വിശദീകരിക്കുമ്പോള്‍ അദ്ദേഹത്തില്‍ ദേഷ്യത്തിന്‍റെ ഒരു കണികപോലും ഉണ്ടായിരുന്നില്ല. രാഷ്ട്രീയ സ്വയംസേവക് സംഘിനോടൊ ബജ്രംഗ് ദളിനോടൊ ഉള്ള വെറുപ്പല്ല അക്രമത്തിലേക്ക് നയിച്ചത്. വശ്യമായ ചിരിയോടുകൂടിയ മാന്യനായ ഒരു സാധാരണ വയോധികനാണ് അദ്ദേഹം. ഉറച്ച ഗാന്ധിഭക്തന്‍. നബ്രംഗ്പൂരില്‍ ഗോവധ വിരുദ്ധ ലീഗിനെ നയിക്കുന്ന മുസ്ലിം ആണ് അദ്ദേഹം. “ആക്രമണാനന്തരം ബിജു പട്‌നായ്‌ക്‌ വീട്ടിലെത്തി എന്നെ വഴക്കുപറഞ്ഞു. ഈ പ്രായത്തില്‍ സമാധാനപരമായ സമരത്തിലാണെങ്കില്‍പ്പോലും ഞാന്‍ സജീവമാകുന്നതില്‍ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. നേരത്തെയും, സ്വാത്ര്യസമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ 12 വര്‍ഷത്തോളം സ്വീകരിക്കാതിരുന്നപ്പോള്‍ അദ്ദേഹമെന്നെ വഴക്കുപറഞ്ഞതാണ്.”

ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്‍റെ ശോഭയാർന്ന ശേഷിപ്പാണ് ബാജി മൊഹമ്മദ്. എണ്ണാൻ പറ്റാത്തത്രയും ഗ്രാമീണ ഇന്ത്യക്കാരാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ത്യാഗം സഹിച്ചത്. പക്ഷെ ദേശത്തെ ഇതിലേക്ക് നയിച്ച തലമുറ വളരെവേഗം മണമറഞ്ഞു കൊണ്ടിരിക്കുന്നു. അവരിലെ മിക്കവരുടെയും പ്രായം 80'കളിലോ 90'കളിലോ ആണ്. ബാജി 90-നോടടുക്കുന്നു.

"1930’കളിൽ ഞാൻ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ പത്താംക്ലാസ്സ് കടക്കാൻ കഴിഞ്ഞില്ല. പിൽക്കാലത്ത് ഒഡീഷ മുഖ്യമന്ത്രിയായിത്തീർന്ന സച്ചിൻദേവ് ത്രിപാഠിയായിരുന്നു എന്‍റെ ഗുരു. ഞാൻ കോൺഗ്രസ്സ് പാർട്ടിയിൽചേർന്ന് പിൽക്കാലത്ത് അതിന്‍റെ നബ്രoഗ്പൂർ [അന്ന് കോരാപൂട് ജില്ലയുടെ ഒരുഭാഗം മാത്രമായിരുന്നു ഇത്] യൂണിറ്റിന്‍റെ പ്രസിഡന്‍റായി. ഞാൻ കോൺഗ്രസ്സിനുവേണ്ടി 20,000 അംഗങ്ങളെ ഉണ്ടാക്കി. ഇത് വലിയ ആവേശമുള്ള ഒരു പ്രദേശമായിരുന്നു. സത്യാഗ്രഹത്തോടുകൂടി അതിന് കൂടുതൽ ഉണർവ്വ് ലഭിച്ചു.”

എന്നിരിക്കിലും നൂറുകണക്കിനാളുകൾ കോരാപൂടിലേക്ക് ജാഥനയിച്ചപ്പോൾ ബാജി മൊഹമ്മദ് മറ്റൊരിടത്തേക്ക് പോവുകയായിരുന്നു. "ഞാൻ ഗാന്ധിജിയുടെ അടുത്തേക്കു പോയി. എനിക്കദ്ദേഹത്തെ കാണണമായിരുന്നു.” അങ്ങനെ അദ്ദേഹം സുഹൃത്ത് ലക്ഷ്മൺ സാഹുവുമൊത്ത് പണമില്ലാത്തതിനാല്‍ ഒരു സൈക്കിളെടുത്ത് ഇവിടെനിന്നും റായ്പൂരിനു പോയി.” 350 കിലോമീറ്റർ ദൂരം വളരെ ബുദ്ധിമുട്ടേറിയ മലപ്രദേശങ്ങൾ താണ്ടി. "അവിടെനിന്നും ഒരു തീവണ്ടിയിൽ ഞങ്ങൾ വാർധയിൽ എത്തുകയും സേവാഗ്രാമിലേക്കു പോവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ആശ്രമത്തിൽ ഒരുപാട് വലിയ ആളുകൾ ഉണ്ടായിരുന്നു. ഞങ്ങൾക്ക് ആശങ്കയും സംഭ്രമവുമായി. എന്ന് ഞങ്ങൾക്ക് അദ്ദേഹത്തെ കണ്ടുമുട്ടാൻ പറ്റും? എന്നെങ്കിലും പറ്റുമോ? ആളുകൾ ഞങ്ങളോടു പറഞ്ഞു അദ്ദേഹത്തിന്‍റെ സെക്രട്ടറി മഹാദേവ് ദേശായിയോട് ചോദിക്കാൻ.

"ദേശായി ഞങ്ങളോടു പറഞ്ഞു വൈകുന്നേരം 5 മണിക്ക് അദ്ദേഹം നടക്കാൻ പോകുന്ന സമയത്ത് ചോദിക്കാൻ. അത് നന്നായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. ഒരു വിശ്രമസമയ കൂടിക്കാഴ്ച. പക്ഷെ ആ മനുഷ്യൻ വളരെ പെട്ടെന്നായിരുന്നു നടക്കുന്നത്! എന്റെ ഓട്ടം അദ്ദേഹത്തിന്‍റെ നടപ്പായിരുന്നു. അവസാനം, ഒപ്പമെത്താൻ കഴിയാതെ ഞാനദ്ദേഹത്തോട് അപേക്ഷിച്ചു: ദയവുചെയ്ത് നിൽക്കൂ: ഒഡീഷയിൽ നിന്നും ഇത്രയും ദൂരം ഞാൻ വന്നത് താങ്കളെ ഒന്നുകാണാൻ മാത്രമാണ്.

“അലോസരപ്പെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു: 'നിങ്ങൾ എന്താണ് കാണുന്നത്? ഞാനും ഒരു മനുഷ്യനാണ് - രണ്ടു കൈകൾ, രണ്ടു കാലുകൾ, രണ്ടു കണ്ണുകൾ. നിങ്ങൾ ഒഡീഷയിൽ ഒരു സത്യാഗ്രഹിയാണോ?‘ ആകുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നുവെന്ന് ഞാൻ പ്രതികരിച്ചു.

"’പോകൂ’, ഗാന്ധി പറഞ്ഞു. ‘ ജാവോ ലാഠി ഖാവോ [പോയി ബ്രിട്ടീഷ് ലാത്തികളുടെ അടി വാങ്ങി വരൂ]. ദേശത്തിനു വേണ്ടിയുള്ള ത്യാഗം.’ ഏഴു ദിവസങ്ങൾക്കുശേഷം ഞങ്ങളിവിടെ തിരിച്ചെത്തി, അദ്ദേഹം ഞങ്ങളോടു കൽപ്പിച്ചത് കൃത്യമായി ചെയ്യാൻ.” നബ്രംഗ്പൂർ മസ്‌ജിദിന് പുറത്തുള്ള യുദ്ധവിരുദ്ധ പ്രക്ഷോഭത്തിൽ സത്യാഗ്രഹം നടത്തുമെന്ന് ബാജി മൊഹമ്മദ് പറഞ്ഞു. ഇത് "ആറ് മാസം ജയിൽ ശിക്ഷയ്ക്കും 50 രൂപ പിഴയ്ക്കും കാരണമായി. അക്കാലത്തത് ചെറിയ തുകയല്ല.”

തുടർന്ന് കൂടുതൽ പരമ്പരകൾ അരങ്ങേറി. "ഒരു സന്ദർഭത്തിൽ ജയിലിൽ ആളുകൾ പോലീസിനെ ആക്രമിക്കാൻ കൂടിച്ചേർന്നു. ഞാനിറങ്ങി അത് നിർത്തിച്ചു. മരേംഗെ ലേകിൻ മരേംഗെ നഹിം ഞാൻ പറഞ്ഞു [നമ്മൾ മരിക്കും, പക്ഷെ നമ്മൾ ആക്രമിക്കില്ല].”

PHOTO • P. Sainath

"ജയിലിൽനിന്ന് പുറത്തുവന്നശേഷം ഞാൻ ഗാന്ധിക്കെഴുതി: ‘ഇനിയെന്ത്?’, അദ്ദേഹത്തിന്റെ മറുപടി വന്നു: ‘ വീണ്ടും ജയിലിൽ പോവുക.’ ഞാൻ അങ്ങനെ ചെയ്തു. ഇത്തവണ നാലു മാസത്തേക്ക്. പക്ഷെ മൂന്നാമത്തെ തവണ അവർ എന്നെ അറസ്റ്റ് ചെയ്തില്ല. അതുകൊണ്ട് ഞാൻ ഗാന്ധിയോട് വീണ്ടും ചോദിച്ചു: ‘ഇനിയെന്ത്?’, അദ്ദേഹം പറഞ്ഞു: ‘അതേ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ആളുകളുടെ ഇടയിലൂടെ പോവുക’, അങ്ങനെ ഞങ്ങൾ 60 കിലോമീറ്ററുകൾ നടന്നു, ഗ്രാമീണരെ കൂട്ടാനായി ഒരോതവണയും 20-30 ആളുകൾവീതം. പിന്നീട് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം വന്നു, കാര്യങ്ങൾ മാറി.

"1942 ഓഗസ്റ്റ് 25-ന് ഞങ്ങളെയെല്ലാം അറസ്റ്റ് ചെയ്ത് പിടിച്ചു വച്ചു. നബ്രംഗ്പൂരിലെ പപ്രണ്ഡിയിൽവച്ചുതന്നെ 19 പേർ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. മുറിവേറ്റ പലരും പിന്നീട് മരിച്ചു. 300-ലധികം ആളുകൾക്ക് പരിക്കേറ്റു. ആയിരത്തിലധികം ആളുകളെ കോരാപൂട് ജില്ലയിലെ ജയിലിലടച്ചു. നിരവധിപേരെ വെടിവച്ച് അല്ലെങ്കില്‍ മറ്റുരീതികളില്‍ വധിച്ചു. കോരാപൂട്ടിൽ 100-ലധികം രക്തസാക്ഷികൾ ഉണ്ടായിരുന്നു. വീർ ലഖൻ നായകിനെ [ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച ഐതിഹാസിക ആദിവാസി നേതാവ്] തൂക്കിലേറ്റി.”

സമരക്കാർക്കെതിരെ അഴിച്ചുവിട്ട ആക്രമത്തിൽ ബാജിയുടെ തോൾ തകർന്നു. "പിന്നീട് ഞാൻ 5 ദിവസം കോരാപൂട് ജയിലിൽ ചിലവഴിച്ചു. ലഖൻ നായകിനെ ബ്രഹ്മപൂർ ജയിലിലേക്ക് മാറ്റുന്നതിനു മുൻപ് അവിടെവച്ച് ഞാൻ കണ്ടു. എന്‍റെ മുമ്പിലുള്ള ഒരു ജയില്‍ മുറിയിലായിരുന്നു അദ്ദേഹം. തൂക്കാനുള്ള ഉത്തരവ് വരുമ്പോൾ ഞാനദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. താങ്കളുടെ കുടുംബത്തോട് എന്ത് പറയണമെന്ന് അദ്ദേഹത്തോടു ഞാൻ ചോദിച്ചു. ‘എനിക്ക് ദുഃഖമില്ലെന്ന് അവരോടു പറയുക’, അദ്ദേഹം പ്രതികരിച്ചു. ‘നമ്മൾ പൊരുതിയ സ്വരാജ് കാണാൻ ഞാനുണ്ടാവില്ല എന്നതാണ് ദു:ഖം’.”

ബാജിതന്നെ അത് ചെയ്തു. സ്വതന്ത്ര്യദിനത്തിന് തൊട്ടുമുൻപ് അദ്ദേഹത്തെ വിട്ടയച്ചു – “പുതുതായി സ്വതന്ത്രമായ ഒരു ദേശത്തിലൂടെ നടക്കാൻ.” ഭാവി മുഖ്യമന്ത്രി സദാശിവ് ത്രിപാഠി ഉൾപ്പെടെ അദ്ദേഹത്തിന്‍റെ ധാരാളം സഹപ്രവർത്തകർ "സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പായ 1952-ലെ തിരഞ്ഞെടുപ്പിൽ എം.എൽ.എ.മാരായി.” ബാജി ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചുമില്ല, ഒരിക്കലും വിവാഹം കഴിച്ചുമില്ല.

"അധികാരമോ സ്ഥാനമോ ഞാൻ തേടിയില്ല”, അദ്ദേഹം വിശദീകരിച്ചു. "മറ്റു വഴികളിലൂടെ സേവനം ചെയ്യാമെന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങൾ എങ്ങനെയാകണമെന്ന് ഗാന്ധി ആഗ്രഹിച്ച വഴി.” ദശകങ്ങളോളം അദ്ദേഹം കടുത്ത കോൺഗ്രസ്സുകാരനായിരുന്നു. "ഇപ്പോൾ ഒരു പാർട്ടിയിലും പെടുന്നില്ല”, അദ്ദേഹം പറഞ്ഞു. "ഞാൻ പാർട്ടിരഹിതനാണ്.”

പൊതുജനങ്ങളെ ബാധിക്കുമെന്ന് അദ്ദേഹത്തിനു തോന്നിയ എല്ലാ വിഷയങ്ങളിലും സജീവമാകുന്നതിൽ നിന്നും ഇതദ്ദേഹത്തെ തടഞ്ഞില്ല. തുടക്കംമുതൽ “1956-ൽ വിനോബ ഭാവെ തുടങ്ങിയ ഭൂദാൻ പ്രസ്ഥാനത്തിൽ ഞാൻ പങ്കെടുത്തു.” ജയപ്രകാശ് നായായണിന്‍റെ പ്രചാരണ പ്രവർത്തനങ്ങളിലും ഞാൻ പങ്കെടുത്തു. "1950’കളിൽ രണ്ടുതവണ അദ്ദേഹമിവിടെ താമസിച്ചിട്ടുണ്ട്.” ഒന്നിലധികം തവണ ബാജിയോട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ്സ് ആവശ്യപ്പെട്ടു. “പക്ഷെ ഞാൻ സേവാ ദൾ ആണ്, സത്താ ദൾ അല്ല [അധികാരം തേടുന്നതിനേക്കാൾ സേവനത്തിൽ ഊന്നുന്നു]” എന്നദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമര ഭടനായ ബാജി മൊഹമ്മദിനെ സംബന്ധിച്ചിടത്തോളം ഗാന്ധിജിയെ കണ്ടുമുട്ടിയതായിരുന്നു “എനിക്കുകിട്ടിയ ഏറ്റവുംവലിയ ബഹുമതി. ഒരാൾ ഇതിലുംകൂടുതൽ എന്തുചോദിക്കാൻ?" മഹാത്മാവിന്‍റെ ഏറ്റവും പ്രശസ്തമായ സമര ജാഥകളിലൊന്നിൽ പങ്കെടുക്കുന്ന തന്‍റെ ഒരു ചിത്രം ഞങ്ങളെ കാണിച്ചപോൾ അദ്ദേഹത്തിന്റെ മിഴികൾ നിറഞ്ഞു. ഭൂദാൻ പ്രസ്ഥാനത്തിന്‍റെ സമയത്ത് തന്‍റെ 14 ഏക്കറുകൾ ദാനം ചെയ്തതുകൊണ്ട് ഇപ്പോൾ ഇവയാണ് ഇദ്ദേഹത്തിന്‍റെ നിധി. സ്വാതന്ത്ര്യ സമരത്തിന്‍റെ സമയത്തെ ആദ്ദേഹത്തിന്‍റെ ഏറ്റവും പ്രിയപ്പട്ട നിമിഷങ്ങൾ? “അവയോരോന്നും. പക്ഷെ, തീർച്ചയായും മഹാത്മാവിനെ കണ്ടതും അദ്ദേഹത്തിന്‍റെ ശബ്ദം കേട്ടതും. അതായിരുന്നു എന്‍റെ ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷം. ഒരു ദേശമെന്ന നിലയിൽ നമ്മൾ എന്തായിരിക്കണം എന്നുള്ള അദ്ദേഹത്തിന്‍റെ ദർശനം ഇപ്പോഴും സാക്ഷത്കരിക്കപ്പെട്ടിട്ടില്ല എന്നതുമാത്രമാണ് ഒരേയൊരു ദുഃഖം.”

വശ്യമായ പുഞ്ചിരിയോടുകൂടിയ മാന്യനായ ഒരു സാധാരണ വലയോധികൻ. വാര്‍ദ്ധക്യം ബാധിച്ച ചുമലുകളില്‍ അനായാസം വഹിക്കുന്ന ത്യാഗം.

ഫോട്ടൊ: പി. സായ്‌നാഥ്

2007 ഓഗസ്റ്റ് 2 3 - ന് ‘ദി ഹിന്ദു‘ വിലാണ് ഈ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചത് .

ഈ പരമ്പരയിലെ ബാക്കി കഥകള്‍ ഇവയാണ്:

‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 1

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 2

ലക്ഷ്മി പാണ്ഡയുടെ അവസാന പോരാട്ടം

ശേർപുർ: വലിയ ത്യാഗം, ചെറിയ ഓർമ്മ

ഗോദാവരിയില്‍ പോലീസ് ഇപ്പോഴും ആക്രമണം പ്രതീക്ഷിക്കുമ്പോള്‍

സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍

കല്യാശ്ശേരിയില്‍ സുമുഖനെത്തേടി

സ്വാതന്ത്യത്തിന്‍റെ അമ്പതാമാണ്ടിലും കല്യാശ്ശേരി പൊരുതുന്നു


പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.