നിങ്ങളുടെ സർവ്വകലാശാല ഭാഗികമായെങ്കിലും സ്ഥിതി ചെയ്യുന്നത് ഒരുപാട് തവണ നിവാസികളെ പുറത്താക്കിയ ഒരു ഗ്രാമത്തിന്‍റെ ഭൂമിയിലാകാനാണ് സാദ്ധ്യതയെന്ന് 2011-ൽ ഞാനവരോട് പറഞ്ഞു. അത് ഒരു തരത്തിലും നിങ്ങളുടെ കുഴപ്പമോ ഉത്തരവാദത്തിലോ പെടുന്ന കാര്യമല്ല. പക്ഷെ വിഷയത്തെ മാനിക്കുക.

ഒരു ഞെട്ടലായി തോന്നിയെങ്കിലും അവർ വിഷയത്തെ മാനിച്ചിരുന്നു. കോരാപുടിലെ ഒഡീഷ കേന്ദ്ര സർവകലാശാലയിലെ ഉത്സുകരും ബദ്ധശ്രദ്ധരുമായ ഒരു കൂട്ടം വിദ്യാർത്ഥികൾ ആയിരുന്നു അവർ - പ്രധാനമായും ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വകുപ്പിൽനിന്നുള്ള വിദ്യാർത്ഥികൾ. ചികാപാറിന്‍റെ കഥ അവരെ അസ്വസ്ഥരാക്കി. മൂന്നുതവണ ഏകപക്ഷീയമായി നിവാസികളെ പുറത്താക്കിയ ഒരു ഗ്രാമമായിരുന്നു അത്. ഓരോ തവണയും പുറത്താക്കൽ നടന്നത് ‘വികസന’ത്തിന്‍റെ പേരിലാണ്.

എങ്ങനെയാണ് തങ്ങളെ, 1960-ലെ കനത്ത മഴയുള്ള ഒരു ദിവസം ഒഴിപ്പിച്ചതെന്ന് ഗദബ ആദിവാസി വിഭാഗത്തിൽപ്പെട്ട മുക്ത കദം (മുകളിലുള്ള പ്രധാന ചിത്രത്തിൽ പേരക്കുട്ടിയുമായി കാണുന്നത്) എന്നോട് പറഞ്ഞപ്പോൾ എന്‍റെ മനസ്സ് 1993-ന്‍റെ അവസാന ഭാഗത്തേക്കും 1994-ന്‍റെ ആദ്യ ഭാഗത്തേക്കും പോയി. തലയിൽ ചുമടുകളേന്തിയ തന്‍റെ 5 മക്കളെ ഇരുട്ട് നിറഞ്ഞ കാട്ടിലൂടെ മഴയത്ത് അവർ നയിച്ചു. "എവിടെ പോകണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. സാർമാർ ഞങ്ങളോട് പറഞ്ഞു, അതുകൊണ്ട് ഞങ്ങൾ പോയി. അത് ഭയാനകമായിരുന്നു.”

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്.എ.എൽ.) മിഗ് ഫൈറ്റർ പ്രോജക്റ്റിനുവേണ്ടി വഴിയൊരുക്കുകയായിരുന്നു അവർ. ഒഡീഷയിലേക്ക് ഒരിക്കലും പൂർണ്ണമായി വരികയോ നടക്കുകയോ ചെയ്യാത്ത ഒരു പ്രോജക്റ്റ്. പക്ഷെ ഭൂമി അവർക്കൊരിക്കലും തിരികെ ലഭിച്ചില്ല. നഷ്ടപരിഹാരമോ? "എന്‍റെ കുടുംബത്തിന് 60 ഏക്കർ ഭൂമി ഉണ്ടായിരുന്നു”, ചികാപാറിൽ നിന്നും പുറത്താക്കപ്പെട്ടവർക്ക് നീതി ലഭിക്കുന്നതിനുവേണ്ടി ദശകങ്ങളായി പൊരുതിക്കൊണ്ടിരിക്കുന്ന ദളിത് വിഭാഗത്തിൽപ്പെട്ട പ്രവർത്തകനായ ജ്യോതിർമയ് ഖോര പറഞ്ഞു. “ഒരുപാടൊരുപാട് വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് 15,000 രൂപ [മൊത്തത്തിൽ] നഷ്ടപരിഹാരമായി ലഭിച്ചു – 60 ഏക്കറിന്.” കുടിയൊഴിക്കപ്പെട്ടവർ ഒരിക്കൽ കൂടി അവരുടെ ഗ്രാമം പുനർനിർമ്മിച്ചു – അവർ തനിയെ സ്വന്തമാക്കിയ ഭൂമിയിൽ, സർക്കാർ നൽകിയ ഭൂമിയിലല്ല. ഗൃഹാതുരത്വത്താൽ ഇതിനെയും അവർ ‘ചികാപാർ’ എന്ന് വിളിച്ചു.

The residents of Chikapar were displaced thrice, and each time tried to rebuild their lives. Adivasis made up 7 per cent of India's population in that period, but accounted for more than 40 per cent of displaced persons on all projects
PHOTO • P. Sainath
The residents of Chikapar were displaced thrice, and each time tried to rebuild their lives. Adivasis made up 7 per cent of India's population in that period, but accounted for more than 40 per cent of displaced persons on all projects
PHOTO • P. Sainath

ചികാപാർ നിവാസികൾ മൂന്ന് തവണ പുറത്താക്കപ്പെട്ടു. ഓരോ തവണ യും അവർ തങ്ങളുടെ ജീവിതം പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു. ആ കാലഘട്ടത്തിൽ ആദിവാസികൾ ഇന്ത്യയിലെ ജനസംഖ്യയുടെ 7 ശതമാനം ആയിരുന്നു . പക്ഷെ എല്ലാ പദ്ധതികളിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തികളുടെ 40 ശതമാനത്തിനു മുകളിൽ അവർ വരുമായിരുന്നു

ചികാപാറിലുള്ള ഗദബ, പരോജ, ഡോം (ഒരു ദളിത് സമുദായം) എന്നീ വിഭാഗങ്ങളിൽ പെടുന്നവർ പാവപ്പെട്ടവരായിരുന്നില്ല, കുറച്ചധികം ഭൂമിയും കന്നുകാലികളും സ്വന്തമായി ഉള്ളവരായിരുന്നു. പക്ഷെ അവർ പ്രധാനമായും ആദിവാസികളായിരുന്നു, കുറച്ചുപേർ ദളിതരും. അതവരെ സംരക്ഷിക്കപ്പെടാതിരിക്കുന്നതിനുള്ള കാരണമായി. വികസനത്തിന്‍റെ ഭാഗമായുള്ള മിക്ക നിർബന്ധിത പുറത്താക്കലുകളും സഹിച്ചവരാണ് ആദിവാസികൾ. 1951-നും 1990-നുമിടയിൽ ഇന്ത്യയിലെമ്പാടും ‘പ്രോജക്റ്റുകൾ’ മൂലം പുറഞ്ഞാക്കപ്പെട്ടത് 25 ദശ ലക്ഷത്തിലധികം മനുഷ്യരാണ്. (അവരിൽ ഏകദേശം 75 ശതമാനം പേർ “പുനരധിവാസം കാത്തു കഴിയുകയാണ്” എന്നകാര്യം 90-ലെ കരട് ദേശീയ നയം അംഗീകരിക്കുന്നു.

ആ കാലഘട്ടത്തിൽ ആദിവാസികൾ ഇന്ത്യയിലെ ജനസംഖ്യയുടെ 7 ശതമാനം ആയിരുന്നു. പക്ഷെ എല്ലാ പദ്ധതികളിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തികളുടെ 40 ശതമാനത്തിനു മുകളിൽ അവർ വരുമായിരുന്നു. മുക്ത കദമിനും മറ്റ് ചികാപാർ നിവാസികൾക്കും കൂടുതൽ മോശമായത് വരാനിരിക്കുകയായിരുന്നു. നാവിക ആയുധ ഡിപ്പോകൾക്കും അപ്പർ കോലാബ് പ്രോജക്റ്റിനുമായി 1987-ൽ അവരെ ചികാപാർ-2-ൽ നിന്നും പുറത്താക്കി. ഇത്തവണ മുക്ത എന്നോട് പറഞ്ഞത് "കൊച്ചുമക്കളെയും നയിച്ചുകൊണ്ട് ഞാനിറങ്ങി” എന്നാണ്. അവർ വീണ്ടുമൊരു സ്ഥലം പുനർനിർമ്മിച്ചു. നിങ്ങൾക്ക് അതിനെ ചികാപാർ-3 എന്നുവിളിക്കാം.

1994-ൽ ഞാനവിടം സന്ദർശിക്കുകയും അവിടെ താമസിക്കുകയും ചെയ്തപ്പോൾ മൂന്നാം തവണയും ഒഴിപ്പിക്കാൻ അവർക്ക് നോട്ടീസ് ലഭിച്ചു. ഇത് മിക്കവാറും ഒരു പക്ഷിവളർത്തൽ കേന്ദ്രത്തിനു വേണ്ടി, അല്ലെങ്കിൽ മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വീസസ് ഡിപ്പോക്ക് വേണ്ടി ആയിരിക്കും. ചികാപാറിനെ അക്ഷരാർത്ഥത്തിൽ വികസനത്തിന്‍റെ പ്രശ്നങ്ങൾ പിന്തുടരുകയായിരുന്നു. കര, വ്യോമ, നാവിക വിഭാഗങ്ങളെ നേരിടുകയും അവയോട് പരാജയപ്പെടുകയും ചെയ്ത ലോകത്തിലെ ഒരേയൊരു ഗ്രാമമാക്കി ഇത് ചികാപാറിനെ മാറ്റുന്നു.

എച്.എ.എൽ.നു വേണ്ടി യഥാർത്ഥത്തിൽ ഏറ്റെടുത്ത ഭൂമി ഒരിക്കലും ഔദ്യോഗികമായി പ്രസ്താവിച്ച ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ചില്ല. അതിന്‍റെ കുറച്ചു ഭാഗവും അവർ താമസിച്ച മറ്റ് വ്യത്യസ്ത സ്ഥലങ്ങളും വിവിധ ഉപയോഗങ്ങൾക്കായി വിഭജിച്ചു നൽകിയിരുന്നു – യഥാർത്ഥ ഉടമകളായ അവർക്കൊഴികെ മറ്റെല്ലാവർക്കും. അതിന്‍റെ കുറച്ചു ഭാഗം ഒഡിഷ കേന്ദ്രസർവകലാശാലയുടെ സ്ഥാപനങ്ങൾക്കോ, അതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾക്കോ ലഭിച്ചിട്ടുണ്ടെന്ന് 2011-ൽ എനിക്ക് മനസ്സിലായി. നീതിക്കായും, പുറത്താക്കപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എച്.എ.എൽ.ൽ നിന്നും ജോലിയെങ്കിലും ലഭിക്കുന്നതിനായുമുള്ള തന്‍റെ പോരാട്ടം  ജ്യോതിർമയ് ഖോര തുടരുകയായിരുന്നു.

ഈ ലേഖനത്തിന്‍റെ വിശദമായ പതിപ്പ് , രണ്ടു ഭാഗങ്ങളായി , ‘ എല്ലാവരും ഒരു നല്ല വരൾച്ചയെ ഇഷ്ടപ്പെടുന്നു ’ (Everybody Loves a Good Drought) എന്ന എന്‍റെ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷെ ആ ലേഖനം 1995 കാലഘട്ടത്തിൽ അവസാനിക്കുന്നു .

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.