ഭുവനേശ്വറില്‍ റിപ്പബ്ലിക് ദിന പരിപാടിയിലും അതിനുശേഷം തങ്ങളോടൊപ്പം രാജ്ഭവനില്‍ നടക്കുന്ന ചായസല്‍ക്കാരത്തിലും പങ്കെടുക്കാനുള്ള ഒഡീഷ ഗവര്‍ണ്ണറുടെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും ക്ഷണം ലക്ഷ്മി ‘ഇന്ദിര’ പാണ്ഡ സ്വീകരിച്ചില്ല. പ്രത്യേക അവകാശമായ ‘പാര്‍ക്കിംഗ് പാസ്’ പോലും അവര്‍ ലക്ഷ്മിയുടെ കാറിന് നല്‍കിയിരുന്നു. പക്ഷെ അവര്‍ മറുപടി നല്‍കാന്‍ മെനക്കെട്ടില്ല. അവരുടെ സ്വാതന്ത്ര്യദിന പരിപാടിയിലും ലക്ഷ്മി പങ്കെടുത്തില്ല.

ലക്ഷ്മി പാണ്ഡയ്ക്ക് കാറില്ല, കോരാപുട് ജില്ലയിലെ ജയ്പൂര്‍ പട്ടണത്തില്‍ ഒരു കെട്ടിടത്തിന്‍റെ ചെറിയ മുറിയിലാണ് അവര്‍ താമസിക്കുന്നത്. മുന്‍പ് രണ്ട് ദശകങ്ങളുടെ ഭൂരിഭാഗം സമയവും ചിലവഴിച്ചിരുന്ന വൃത്തിഹീനമായ ചേരിയില്‍ നിന്നും മെച്ചപ്പെട്ട സ്ഥലത്തേക്കുള്ള മാറ്റം. കഴിഞ്ഞവര്‍ഷം പ്രാദേശിക അഭ്യുദയകാംക്ഷികള്‍ ട്രയിന്‍ ടിക്കറ്റ് എടുത്തു നല്‍കിയതിനാല്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഈ വര്‍ഷം ലക്ഷ്മിക്കത് താങ്ങാന്‍ പറ്റുന്നില്ല. ക്ഷണക്കത്തും പാര്‍ക്കിംഗ് പാസും ഞങ്ങളെ കാണിച്ചുകൊണ്ട് അവര്‍ ചിരിച്ചു. അവര്‍ക്ക് കാറുമായി ഒരേയൊരു ബന്ധമാണുണ്ടായിരുന്നത്: “മരിച്ചുപോയ എന്‍റെ ഭര്‍ത്താവ് നാല് ദശകങ്ങള്‍ക്കുമുന്‍പ് ഒരു ഡ്രൈവര്‍ ആയിരുന്നു. ഇന്‍ഡ്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ.) ഈ പോരാളി തോക്കേന്തിയ തന്‍റെ ഒരുഫോട്ടൊ ഇപ്പോഴും അഭിമാനപൂര്‍വ്വം കൈവശം വച്ചിരിക്കുന്നു.

Laxmi Panda outside her home
PHOTO • P. Sainath

ഒഡീഷയിലെ കോരാപുടിലെ പഴയൊരു കെട്ടിടത്തിലെ ഒരു കൊച്ചുമുറിയില്‍ താമസിക്കുന്ന വിസ്മരിക്കപ്പെട്ട സ്വാതന്ത്ര്യസമര സേനാനി

രാജ്യത്തിന്‍റെ സ്വാതന്ത്യത്തിനുവേണ്ടി പോരാടിയ എണ്ണമറ്റ ഗ്രാമീണ ഇന്ത്യക്കാരില്‍ ഒരാളാണ് ലക്ഷ്മി. നേതാക്കന്മാരൊ മന്ത്രിമാരൊ ഗവര്‍ണ്ണര്‍മാരൊ ആയി മാറാത്ത സാധാരണക്കാര്‍. വലിയ ത്യാഗങ്ങള്‍ സഹിക്കുകയും പിന്നീട്, സ്വാതന്ത്ര്യാനന്തരം, ദൈനംദിന ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്ത നീതി പിന്തുടരുന്ന മനുഷ്യര്‍. ദേശം അറുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആ തലമുറയിലെ മിക്കവാറുംപേരും മരിച്ചിരിക്കുന്നു. അവശേഷിക്കുന്ന കുറച്ചുപേര്‍ അവരുടെ 80’കളിലും 90’കളിലുമാണ്. പലരും അസുഖ ബാധിതരൊ മാനസികക്ലേശം അനുഭവിക്കുന്നവരൊ ആണ്. (ഈ പ്രായത്തിലുള്ളവര്‍ക്കുള്ള ഏകഅപവാദം ലക്ഷ്മിയാണ്‌. കൗമാരത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ഐ.എന്‍.എ.യില്‍ ചേര്‍ന്ന അവര്‍ക്ക് ഇപ്പോള്‍ 80 വയസ്സ് ആകുന്നതെയുള്ളൂ.) സ്വാതന്ത്യ്രസമര സേനാനികളുടെ എണ്ണം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നു.

ഒഡീഷ സംസ്ഥാനം ലക്ഷ്മി പാണ്ഡയെ സ്വാതന്ത്ര്യസമര സേനാനിയായി അംഗീകരിക്കുന്നു. ഇത് അവരെ ചെറിയൊരു പ്രതിമാസ പെന്‍ഷനായ 700 രൂപയ്ക്ക് അര്‍ഹയാക്കുകയും ചെയ്യുന്നു. കഴിഞ്ഞവര്‍ഷം ഇത് 300 രൂപയായിരുന്നു. പക്ഷെ കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി അവര്‍ക്കുള്ള പണം എങ്ങോട്ടയയ്ക്കണമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഐ.എന്‍.എ.യിലെ ഇതിഹാസങ്ങളായിരുന്ന നിരവധിപേര്‍ ലക്ഷ്മിയുടെ അവകാശവാദങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിച്ചിട്ടും  കേന്ദ്രം അവര്‍ക്ക് സ്വാതന്ത്ര്യസമര സേനാനി എന്ന പദവി നിഷേധിച്ചു. “അവര്‍ ദല്‍ഹിയില്‍ പറഞ്ഞത് ഞാന്‍ ജയിലില്‍ കിടന്നിട്ടില്ല എന്നാണ്”, ലക്ഷ്മി പറഞ്ഞു. “ശരിയാണ്, ഞാന്‍ ജയിലില്‍ കിടന്നിട്ടില്ല. അങ്ങനെയെങ്കില്‍ ഐ.എന്‍.എ.യുടെ നിരവധി പോരാളികളും ജയിലില്‍ കിടന്നിട്ടില്ല. ഞങ്ങള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയിട്ടില്ല എന്നാണോ ഇതിനര്‍ത്ഥം? എന്‍റെ പെന്‍ഷനുവേണ്ടി ഞാനെന്തിന് കള്ളം പറയണം?”

നേതാജി ബോസിന്‍റെ ഇന്‍ഡ്യന്‍ നാഷണല്‍ ആര്‍മിയിലെ ഏറ്റവും ചെറുപ്പക്കാരായ അംഗങ്ങളില്‍ ഒരാളായിരുന്നു ലക്ഷ്മി. ഒരുപക്ഷെ ഐ.എന്‍.എ.യില്‍ ചേര്‍ന്ന്, അന്നത്തെ ബര്‍മ്മയിലെ അതിന്‍റെ ക്യാമ്പില്‍ ചേര്‍ന്ന ഒരേയൊരു ഒഡിയ വനിത. തീര്‍ച്ചയായും ജീവിച്ചിരിക്കുന്ന ഒരേയൊരാളും. അവര്‍ പറഞ്ഞത് ബോസ് നേരിട്ടാണ് അവര്‍ക്ക് ഇന്ദിര എന്നപേര് നല്‍കിയത് എന്നാണ്. ആ സമയത്ത് വളരെയധികം പ്രശസ്തയായിരുന്ന (ക്യാപ്റ്റന്‍) ലക്ഷ്മി സെഹ്ഗാളുമായി മാറിപ്പോകാതിരിക്കാനായിരുന്നു ഇത്. “അദ്ദേഹം എന്നോടു പറഞ്ഞു, ‘ഈ ക്യാമ്പില്‍ നീ ഇന്ദിരയാണ്’. ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കാനായി തീര്‍ത്തും ചെറുപ്പമായിരുന്നു അന്ന്. പക്ഷെ അന്നുമുതല്‍ ഞാന്‍ ഇന്ദിരയായി.”

Laxmi Panda

‘ഐ.എന്‍.എ.യിലുള്ള ഞങ്ങളില്‍ പലരും ജയിലില്‍ പോയിട്ടില്ല. സ്വാതന്ത്ര്യത്തിനുവേണ്ടി ഞങ്ങള്‍ പൊരുതിയില്ല എന്നാണോ അതിനര്‍ത്ഥം?’

ബര്‍മ്മയിലെ റെയില്‍വേയില്‍ ജോലിചെയ്യുന്ന സമയത്ത് ബ്രിട്ടീഷ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് ലക്ഷ്മിയുടെ മാതാപിതാക്കള്‍. അതിനുശേഷം “എനിക്ക് ബ്രിട്ടീഷുകാരോട് പൊരുതണമായിരുന്നു. ഐ.എന്‍.എ.യില്‍ എന്നോടൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന ഒഡിയ സുഹൃത്തുക്കള്‍ക്ക് എന്നെ ഏതെങ്കിലും കാര്യത്തില്‍ ഉള്‍പ്പെടുത്താന്‍ മടിയായിരുന്നു. ഞാന്‍ വളരെ ചെറുപ്പമായിരുന്നു എന്നാണവര്‍ പറഞ്ഞത്. ഏതെങ്കിലും തരത്തില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ യാചിച്ചു, ചെറിയ പണിയാണെങ്കില്‍പ്പോലും. എന്‍റെ സഹോദരന്‍ നകുല്‍ രഥും അംഗമായിരുന്നു. അദ്ദേഹം യുദ്ധത്തില്‍ അപ്രത്യക്ഷനായി. വര്‍ഷങ്ങള്‍ക്കുശേഷം ആരോ എന്നോടു പറഞ്ഞു അദ്ദേഹം പുറത്തു വന്നിരുന്നു, ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു, കാശ്മീരില്‍ ഉണ്ടായിരുന്നു എന്നൊക്കെ. പക്ഷെ അത് പരിശോധിക്കാന്‍ എനിക്കെങ്ങനെ പറ്റാന്‍? എന്തായാലും അത് അരനൂറ്റാണ്ട് മുമ്പത്തെ കാര്യം.”

“ക്യാമ്പില്‍ ഞാന്‍ ലെഫ്റ്റനന്‍റ് ജാനകിയെ കണ്ടുമുട്ടി. കൂടാതെ ലക്ഷ്മി സെഹ്ഗാള്‍, ഗൗരി എന്നിവരെപ്പോലുള്ളവരെയും ഐ.എന്‍.എ.യിലെ പ്രശസ്തരായ പോരാളികളെയും കണ്ടു”, അവര്‍ പറഞ്ഞു. “യുദ്ധത്തിന്‍റെ പിന്നീടുള്ള ഘട്ടത്തില്‍ ഞങ്ങള്‍ സിംഗപ്പൂരില്‍ പോയി, ബഹാദൂര്‍ സംഘത്തോടൊപ്പം ആയിരുന്നു എന്ന് എനിക്കു തോന്നുന്നു”, അവര്‍ ഓര്‍മ്മിച്ചു പറഞ്ഞു. ഐ.എന്‍.എ.യോട് ആഭിമുഖ്യമുണ്ടായിരുന്ന താമിഴരോടൊപ്പമായിരുന്നു അവിടെ അവര്‍ താമസിച്ചത്. അവര്‍ കുറച്ചു തമിഴ് വാക്കുകള്‍ പഠിക്കുകപോലും ചെയ്തു.

പറഞ്ഞതു ശരിയാണെന്ന് തെളിയിക്കുന്നതിനായി അവര്‍ ഞങ്ങളെ  ‘ഇന്ദിര’ എന്ന പേര് തമിഴില്‍ എഴുതിക്കാണിച്ചു. ഐ.എന്‍.എ. ദേശീയഗാനത്തിന്‍റെ ആദ്യവരി “കദ്ം കദ്ം ബഢായെ ജാ, ഖുശി കെ ഗീത് ജായെ ജാ. യഹ് സിന്ദഗി ഹേ കോം കി, തൂ കോം പെ ലുടായെ ജാ” [പടിപടിയായി മുന്നേറുക. സന്തോഷത്തിന്‍റെ ഗാനങ്ങള്‍ പാടുക. ജിവിതം സമൂഹത്തിന്‍റേതാണ്, ഇതുവരെ സമൂഹം നിങ്ങള്‍ക്കുവേണ്ടി ത്യാഗം ചെയ്തു]”, അവര്‍ അഭിമാനത്തോടെ പാടി.

“യുദ്ധാനന്തരം ഒരു കൂടിച്ചേരലില്‍ ഞങ്ങളെ പിരിച്ചുവിടുന്ന സമയത്ത് എടുത്തതാണിത്”, തോക്കുമേന്തി ഐ.എന്‍.എ. യൂണിഫോമും ധരിച്ചു നില്‍ക്കുന്ന തന്‍റെ ഫോട്ടോയെക്കുറിച്ച് അവര്‍ പറഞ്ഞു. പെട്ടെന്നുതന്നെ “1951-ല്‍ ബ്രഹ്മപൂരില്‍വച്ച് ഞാന്‍ കാഗേശ്വര്‍ പാണ്ഡയെ വിവാഹം കഴിച്ചു. ഒരുപാട് ഐ.എന്‍.എ. അംഗങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു.”

തന്‍റെ ഐ.എന്‍.എ. സഖാക്കളെക്കുറിച്ച് അവര്‍ ഗതകാലസ്മരണ പുലര്‍ത്തുന്നു. “എനിക്കവരെ നഷ്ടപ്പെടുന്നു. നന്നായി അറിയാത്തവരെപ്പോലും കാണണമെന്ന് എനിക്കു തോന്നുന്നു. നിങ്ങള്‍ക്കറിയുമോ, ഒരിക്കല്‍ ലക്ഷ്മി സെഹ്ഗാള്‍ കട്ടക്കില്‍ സംസാരിക്കുന്നുവെന്ന് ഞാന്‍ കേട്ടു, പക്ഷെ എനിക്ക് പോകാന്‍ കഴിഞ്ഞില്ല. ഒരുതവണയെങ്കിലും അവരെ കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കു ലഭിച്ച ഒരേയൊരവസരം കാണ്‍പൂരില്‍ പോകാനായിരുന്നു – ആ സമയത്ത് എനിക്ക് അസുഖം പിടിപെട്ടു. ഇനി എവിടെയെങ്കിലും ഒരു അവസരം കിട്ടുമോ?”

1950’കളില്‍ അവരുടെ ഭര്‍ത്താവിന് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചു. “കുറച്ചുകാലം ഞങ്ങള്‍ ഹിരാക്കുഡില്‍ ജോലി ചെയ്തു. ആ സമയത്ത് ഞാന്‍ സന്തോഷവതിയായിരുന്നു, സ്വന്തംകാര്യം നോക്കി ജീവിക്കാന്‍ പണിയെടുക്കേണ്ടി വന്നിട്ടില്ല. പക്ഷെ അദ്ദേഹം 1976-ല്‍ മരിച്ചു, എന്‍റെ പ്രശ്നങ്ങളും ആരംഭിച്ചു.”

കടകളിലെ സഹായി, തൊഴിലാളി, വീട്ടുജോലിക്കാരി എന്നിങ്ങനെ വിവിധ നിലകളില്‍ അവര്‍ ജോലിചെയ്തു. എല്ലാസമയത്തും നിസ്സാര വേതനത്തിന്. മദ്യപനായ മകന്‍റെയും അയാളുടെ കുറച്ച് മക്കളുടെയും ഉത്തരവാദിത്തംകൂടി വഹിക്കുന്നതിനാല്‍ കാര്യങ്ങളൊക്കെ ഇപ്പോള്‍ ബുദ്ധിമുട്ടിലാണ്.

Laxmi Panda showing her old photos
PHOTO • P. Sainath

. എന്‍ . . യൂണിഫോമും ധരിച്ച് തോക്കുമേന്തി നില്‍ക്കുന്ന തന്‍റെ ഒരു ഫോട്ടൊ ലക്ഷ്മി പാണ്ഡ ഞങ്ങളെ കാണിക്കുന്നു

“ഞാനൊന്നും ചോദിക്കുന്നില്ല”, അവര്‍ പറഞ്ഞു. “ഞാനെന്‍റെ രാജ്യത്തിനുവേണ്ടിയാണ് പൊരുതിയത്, പ്രതിഫലത്തിനല്ല. കുടുംബത്തിനുവേണ്ടിയും ഞാനൊന്നും തേടിയില്ല. പക്ഷെ ഇപ്പോള്‍, ഈ അദ്ധ്യായത്തിന്‍റെ അവസാനം, എന്‍റെ സംഭാവനയെങ്കിലും അംഗീകരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”

ദാരിദ്ര്യവും അനാരോഗ്യവും കൂടിച്ചേര്‍ന്ന് കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ ആകെത്തകര്‍ന്നു. അപ്പോഴാണ്‌ ജെയ്പൂരില്‍ നിന്നുള്ള യുവപത്രപ്രവര്‍ത്തകന്‍ പരേശ് രഥ് അവരുടെ കഥകള്‍ പുറത്തുകൊണ്ടുവന്നത്. രഥ് അവരെ ചേരിയില്‍നിന്നും ഇപ്പോഴത്തെ ഒറ്റമുറി വാസസ്ഥലത്ത് എത്തിക്കുകയും അവരുടെ വൈദ്യപരിചരണത്തിനുള്ള ചിലവുകള്‍ വഹിക്കുകയും ചെയ്തു. ഒരു അസുഖത്തെത്തുടര്‍ന്ന് പാണ്ഡയെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍റെ ശീലങ്ങളെപ്പറ്റി സന്ദേഹങ്ങളുണ്ടെങ്കിലും ഇപ്പോള്‍ അയാളുടെ കൂടെയാണ് അവര്‍ താമസിക്കുന്നത്. രഥിന്‍റെ കഥകള്‍ക്കുശേഷം അവരെക്കുറിച്ച് മറ്റു കഥകളും പുറത്തുവന്നു. ഒരിക്കല്‍ അവര്‍ ഒരു ദേശീയ പ്രസിദ്ധീകരണത്തിന്‍റെ കവര്‍സ്റ്റോറിയില്‍ സ്ഥാനം പിടിക്കുകപോലും ചെയ്തു.

“ഞങ്ങള്‍ ആദ്യത്തെ കഥ ചെയ്തപ്പോള്‍ അവര്‍ക്ക് കുറച്ചുസഹായം ലഭിച്ചു”, രഥ് പറഞ്ഞു. “അന്നത്തെ കോരാപുട് കളക്ടര്‍ ആയിരുന്ന ഉഷ പാധിക്ക് അനുകമ്പ തോന്നി. അവര്‍ ലക്ഷ്മിയുടെ വൈദ്യസഹായത്തിനായി റെഡ് ക്രോസ് ഫണ്ടില്‍നിന്നും 10,000 രൂപ ലഭ്യമാക്കി. ചെറിയൊരു തുണ്ട് സര്‍ക്കാര്‍വക സ്ഥലവും അവര്‍ക്ക് നല്‍കുമെന്ന് ഉറപ്പുകൊടുത്തു. പക്ഷെ പാധി ജില്ലയില്‍നിന്നും സ്ഥലം മാറിപ്പോയി. ബംഗാളിലെ ചില ആളുകളും അവര്‍ക്ക് കുറച്ച് സംഭാവനകള്‍ നല്‍കി.” പെട്ടെന്നുതന്നെ എല്ലാം അവസാനിക്കുകയും കാര്യങ്ങളെല്ലാം പഴയപടി ആവുകയും ചെയ്തു. “പക്ഷെ, ഇത് പണത്തിന്‍റെ മാത്രം കാര്യമല്ല”, രഥ് ചൂണ്ടിക്കാട്ടി. “കേന്ദ്ര പെന്‍ഷന്‍ ലഭിച്ചാല്‍പോലും എത്രവര്‍ഷം അവര്‍ക്കതിന്‍റെ ഫലമുണ്ടാവും? ഇത് യഥാര്‍ത്ഥത്തില്‍ അവരുടെ അഭിമാനത്തിന്‍റെയും അവരോടുള്ള ആദരവിന്‍റെയും വിഷയമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.”

വിഫലമായ നിരവധി പരിശ്രമങ്ങള്‍ക്കുശേഷം ഒരുതുണ്ട് സര്‍ക്കാര്‍വക ഭൂമി ജില്ലയിലെ പാണ്‍ജിയഗുഡ ഗ്രാമത്തില്‍ കഴിഞ്ഞവര്‍ഷം അവസാനം ലക്ഷ്മിക്ക് അനുവദിച്ചു. പക്ഷെ ഈ ഭൂമിയില്‍ സര്‍ക്കാര്‍ പദ്ധതിയിന്‍കീഴില്‍ ഒരു വീട് പണിയുന്നതിനായി അവര്‍ ഇപ്പോഴും കാത്തിരിക്കുന്നു. നിലവില്‍, പഴയ മുറിക്കടുത്ത് കുറച്ചുകൂടി മെച്ചപ്പെട്ട ഒരുമുറി പണിയുന്നതിനായി രഥ് പണം നല്‍കിയിട്ടുണ്ട്. അവിടേക്ക് അവര്‍ക്ക് ഉടനെതന്നെ മാറാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോഴവര്‍ക്ക് പ്രാദേശികമായി ചെറിയ രീതിയില്‍ അംഗീകാരം ലഭിക്കുന്നുണ്ട്. കുറച്ചു സംഘടനകള്‍ അവരുടെ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുന്നോട്ടു വന്നിരിക്കുന്നു. “നാളെ ഇവിടെയുള്ള ദീപ്തി സ്ക്കൂളില്‍ ഞാന്‍ പതാക ഉയര്‍ത്തും. അവര്‍ എന്നോടത് ആവശ്യപ്പെട്ടു”, ഓഗസ്റ്റ് 14-ന് അവര്‍ എന്നോടു പറഞ്ഞു. അവര്‍ക്കതില്‍ അഭിമാനമുണ്ട്. പക്ഷെ, “ചടങ്ങിന്‍റെ സമയത്തുടുക്കാന്‍ നല്ലൊരു സാരിയില്ല” എന്നത് അവരെ ദുഃഖിതയാക്കി.

പ്രായമേറിക്കൊണ്ടിരിക്കുന്ന ഈ ഐ.എന്‍.എ. സൈനിക ഇതിനിടയില്‍ മറ്റൊരു പോരാട്ടം ആസൂത്രണം ചെയ്യുകയായിരുന്നു. “നേതാജി പറഞ്ഞു, ‘ദില്ലി ചലോ’ [ഡല്‍ഹിലേക്ക് നീങ്ങുക]. ഓഗസ്റ്റ് പതിനഞ്ചോടുകൂടി എന്നെ സ്വാതന്ത്ര്യസമര സേനാനിയായി കേന്ദ്രം അംഗീകരിച്ചില്ലെങ്കില്‍ അതുതന്നെ ഞാന്‍ ചെയ്യും. പാര്‍ലമെന്‍റില്‍ ഞാന്‍ ധര്‍ണ്ണ ഇരിക്കും”, ആ വയോധിക പറഞ്ഞു. “ ദില്ലി ചലോ , അതുതന്നെ ഞാന്‍ ചെയ്യും.”

അങ്ങനെ അവര്‍ ചെയ്യും, ആറ് ദശകങ്ങള്‍ താമസിച്ചാണെങ്കിലും. പക്ഷെ മനസ്സില്‍ പ്രതീക്ഷയുണ്ട്. അവര്‍ പാടുകയാണ്, “കദ്ം കദ്ം ബഢായെ ജാ...”

ഫോട്ടൊ: പി. സായ്‌നാഥ്

ഈ ലേഖനം യഥാര്‍ത്ഥത്തില്‍ പ്രസിദ്ധീകരിച്ചത് 2007 ഓഗസ്റ്റ് 15-ന് ദി ഹിന്ദു വിലാണ്

ഈ പരമ്പരയിലെ ബാക്കി കഥകള്‍ ഇവയാണ്:

‘സാലിഹാന്‍’ ബ്രിട്ടീഷ് ഭരണത്തെ നേരിട്ടപ്പോള്‍

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 1

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ - 2

അക്രമരാഹിത്യത്തിന്‍റെ ഒന്‍പത് ദശകങ്ങള്‍

ശേർപുർ: വലിയ ത്യാഗം, ചെറിയ ഓർമ്മ

ഗോദാവരിയില്‍ പോലീസ് ഇപ്പോഴും ആക്രമണം പ്രതീക്ഷിക്കുമ്പോള്‍

സോനാഖനില്‍ വീര്‍ നാരായണ്‍ രണ്ടുതവണ മരിച്ചപ്പോള്‍

കല്യാശ്ശേരിയില്‍ സുമുഖനെത്തേടി

സ്വാതന്ത്യത്തിന്‍റെ അമ്പതാമാണ്ടിലും കല്യാശ്ശേരി പൊരുതുന്നു

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.