മറ്റ് ആദിവാസി സ്ത്രീകളോടൊപ്പം അവര്‍ പാടത്ത് പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അവരുടെ ഗ്രാമമായ സാലിഹാനില്‍നിന്നും ഒരു യുവതി നിലവിളിച്ചുകൊണ്ട് ഓടിയെത്തിയിട്ടു പറഞ്ഞു: “അവര്‍ ഗ്രാമം ആക്രമിക്കുന്നു, അവര്‍ നിങ്ങളുടെ അച്ഛനെ മര്‍ദ്ദിച്ചു. അവര്‍ നമ്മുടെ വീടുകള്‍ക്ക് തീയിടുന്നു.”

“അവര്‍” സായുധരായ ബ്രിട്ടീഷ് പോലീസ് ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് വെല്ലുവിളിയായി തോന്നിയ ഒരു ഗ്രാമത്തെ അവര്‍ അടിച്ചമര്‍ത്തി. മറ്റ് നിരവധി ഗ്രാമങ്ങളെ പൂര്‍ണ്ണമായും നശിപ്പിക്കുകയും കത്തിച്ചു കളയുകയും അവരുടെ ധാന്യങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. വിമതര്‍ക്ക് അവരുടെ അവസ്ഥകള്‍ മനസ്സിലാക്കി കൊടുക്കുകയായിരുന്നു.

സബര്‍ ഗോത്രത്തില്‍പ്പെട്ട ദേമതി ദേയി സബര്‍ എന്ന ആദിവാസി സ്ത്രീ ചെറുപ്പക്കാരികളായ മറ്റ് 40 സ്ത്രീകളോടൊപ്പം സാലിഹാനിലേക്ക് പാഞ്ഞെത്തി. “എന്‍റെ അച്ഛന്‍ രക്തംവാര്‍ന്ന് നിലത്ത് കിടക്കുകയായിരുന്നു”, പ്രായമായ ആ സ്വാതന്ത്ര്യസമര സേനാനി പറഞ്ഞു. “അദ്ദേഹത്തിന്‍റെ കാലില്‍ ഒരു വെടിയുണ്ട ഉണ്ടായിരുന്നു.”

മങ്ങിപ്പോകുമായിരുന്ന മനസ്സിനെ ഈ ഓര്‍മ്മയാണ് ഉണര്‍ത്തുന്നത്. “ദേഷ്യംവന്ന ഞാന്‍ തോക്കും പിടിച്ചുനിന്ന ആ ഓഫീസറെ ആക്രമിച്ചു. അക്കാലത്ത് പണിയെടുക്കാനായി പാടത്തോ അല്ലെങ്കില്‍ വനത്തിലോ പോകുമ്പോള്‍ ഞങ്ങളെല്ലാവരും ലാത്തി എടുക്കുമായിരുന്നു. വന്യമൃഗങ്ങള്‍ വന്നാല്‍ നിങ്ങളുടെ കൈയില്‍ എന്തെങ്കിലും ഉണ്ടായിരിക്കണം.”

അവര്‍ ഓഫീസറെ അക്രമിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന മറ്റ് 40 സ്ത്രീകളും സേനയില്‍ ബാക്കിയുണ്ടായിരുന്നവരുടെ നേര്‍ക്ക്‌ ലാത്തികളുമായി തിരിഞ്ഞു. “ആ തെമ്മാടിയെ ഞാന്‍ റോഡിലൂടെ ഓടിച്ചിട്ടടിച്ചു. അയാള്‍ക്ക് അമ്പരപ്പുമൂലം ഒന്നും ചെയ്യാന്‍പറ്റിയില്ല. അയാള്‍ ഓടി”, അവര്‍ ദേഷ്യത്തോടെ, പക്ഷെ അടക്കിപ്പിടിച്ച്, പറഞ്ഞു. അവര്‍ അയാളെ അടിച്ച് ഗ്രാമത്തിലൂടെ ഓടിച്ചു. പിന്നീടവര്‍ സ്ഥലത്തുനിന്ന് അച്ഛനെയുമെടുത്തുകൊണ്ടുപോയി. പിന്നീട് മറ്റൊരു പ്രക്ഷോഭം നയിക്കുന്നതിനിടെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. പ്രദേശത്തെ ബ്രിട്ടീഷ് വിരുദ്ധ യോഗങ്ങളുടെ പ്രധാന സംഘാടകന്‍ കാര്‍ത്തിക് സബര്‍ ആയിരുന്നു.

Talk of the British shooting her father and Salihan’s memory comes alive with anger

ബ്രിട്ടീഷുകാര്‍ അച്ഛനെ വെടിവച്ച കാര്യം പറയുമ്പോള്‍ സാലിഹാന്‍റെ ഓര്‍മ്മ കോപംകൊണ്ട് നിറയുന്നു

ദേമതി ദേയി സബര്‍ പിന്നീട് അറിയപ്പെട്ടത് നുവാപാഡ ജില്ലയില്‍ അവര്‍ ജനിച്ച ‘സാലിഹാന്‍’ എന്ന ഗ്രാമത്തിന്‍റെ പേരിലാണ്. ഒഡീഷയിലെ ഒരു സ്വാതന്ത്ര്യസമര സേനാനി സായുധനായ ഒരു ബ്രിട്ടീഷ് ഓഫീസറെ ലാത്തികൊണ്ട് നേരിട്ട പ്രവൃത്തി ആഘോഷിക്കപ്പെട്ടു. അവരില്‍ ഒരു നിര്‍ഭയത്വം ഉണ്ട്, ഇപ്പോഴും. എന്നിരിക്കിലും അസാധാരണമായി എന്തെങ്കിലും താന്‍ ചെയ്തിട്ടുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നില്ല. അതെക്കുറിച്ച് അവര്‍ ആലോചിക്കാറുമില്ല. “അവര്‍ ഞങ്ങളുടെ വീടുകള്‍ നശിപ്പിച്ചു, വിളകള്‍ നശിപ്പിച്ചു. കൂടാതെ അവര്‍ എന്‍റെ അച്ഛനെ ആക്രമിച്ചു. തീര്‍ച്ചയായും ഞാന്‍ അവരോട് യുദ്ധം ചെയ്യുമായിരുന്നു.”

വര്‍ഷം 1930 ആയിരുന്നു, അവര്‍ക്ക് ഏതാണ്ട് 16 വയസ്സും. ലഹള നടക്കുന്ന പ്രദേശങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യ അനുകൂല യോഗങ്ങള്‍ ബ്രിട്ടീഷ് ഭരണം അടിച്ചമര്‍ത്തുകയായിരുന്നു. ‘സാലിഹാന്‍ കലാപവും വെടിവയ്പും’ എന്നറിയപ്പെട്ടതെന്തോ അതിന്‍റെ ഒരു സവിശേഷതയായിരുന്നു ബ്രിട്ടീഷുകാര്‍ക്കും അവരുടെ പോലീസിനുമെതിരെയുള്ള ദേമതിയുടെ ആക്രമണം.

ഞാന്‍ കണ്ടുമുട്ടിയപ്പോള്‍ ദേമതിക്ക് 90 വയസ്സ് ആകാറായിരുന്നു. അവരുടെ മുഖത്ത് വീര്യവും ശോഭയും അപ്പോഴുമുണ്ടായിരുന്നു. ഇപ്പോള്‍ മെലിഞ്ഞ്, വളരെവേഗം കാഴ്ച കുറഞ്ഞുകൊണ്ടിരിക്കുന്ന അവര്‍ ചെറുപ്പത്തില്‍ സുന്ദരിയായ, ഉയരമുള്ള, ശക്തയായ സ്ത്രീ ആയിരുന്നിരിക്കണം. ഒളിഞ്ഞിരിക്കുന്ന വീര്യത്തെക്കുറിച്ച് സൂചന നല്‍കുന്ന അവരുടെ നീണ്ട കൈകള്‍ ശക്തമായി ലാത്തി ചുഴറ്റിയിട്ടുണ്ടായിരിക്കണം. ആ ഓഫീസര്‍ തീര്‍ച്ചയായും നന്നായി ബുദ്ധിമുട്ടിയിട്ടുണ്ടായിരിക്കും. ഓടുകയാണ് നല്ലതെന്ന ആശയം അയാള്‍ക്ക് തീര്‍ച്ചയായും ഉണ്ടായിക്കാണും.

ഗ്രാമത്തിനു പുറത്ത് അവരുടെ അവിശ്വസനീയമായ ധൈര്യം മാനിക്കപ്പെട്ടിട്ടില്ല. കൂടാതെ അത് വലിയരീതിയില്‍ വിസ്മരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ‘സാലിഹാന്‍’ - ഞാന്‍ കാണുമ്പോള്‍ അവര്‍ ബാര്‍ഗഢ് ജില്ലയില്‍ കടുത്ത ദാരിദ്ര്യത്തിലായിരുന്നു. തന്‍റെ ധീരതയെ സമര്‍ത്ഥിക്കുന്ന ഒരു ബഹുവര്‍ണ്ണ ഔദ്യോഗിക സാക്ഷ്യപത്രം മാത്രമായിരുന്നു അവരുടെ സമ്പാദ്യം. ആ സാക്ഷ്യപത്രവും അവരുടെ അച്ഛനെക്കുറിച്ചായിരുന്നു കൂടുതല്‍ സംസാരിച്ചത്, അവരെക്കുറിച്ചായിരുന്നില്ല. അവര്‍ നടത്തിയ പ്രത്യാക്രമണത്തെക്കുറിച്ചും അതില്‍ രേഖപ്പെടുത്തിയിരുന്നില്ല. അവര്‍ക്ക് പെന്‍ഷന്‍ ഇല്ലായിരുന്നു. കേന്ദ്രത്തില്‍ നിന്നോ ഒഡീഷ സംസ്ഥാനത്തു നിന്നോ ഒരുസഹായവും അവര്‍ക്കില്ലായിരുന്നു.

അവര്‍ ഓര്‍മ്മിക്കാനായി ബുദ്ധിമുട്ടിയിരുന്നു – അവരുടെ മനസ്സിനെ ജ്വലിപ്പിക്കുന്ന ഒരുകാര്യം അച്ഛന്‍ കാര്‍ത്തിക് സബറിന് വെടിയേറ്റതായിരുന്നു. ഞാനത് ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ അവര്‍ ദേഷ്യപ്പെട്ട് സംസാരിച്ചു. അത് തൊട്ടുമുന്നില്‍ നടക്കുകയായിരുന്നു എന്നപോലെ അവരുടെ ദേഷ്യം ശമിച്ചില്ല. ഇത് മറ്റ് ഓര്‍മ്മകളെയും ജ്വലിപ്പിച്ചു.

Talk of the British shooting her father and Salihan’s memory comes alive with anger

“എന്‍റെ മൂത്ത സഹോദരി ഭാന്‍ ദേയി, ഗോത്രത്തില്‍ നിന്നുള്ള മറ്റുരണ്ടു സ്ത്രീകളായ ഗംഗ താലേന്‍, സാഖാ തോരെന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. അവരാരും ഇപ്പോഴില്ല. അച്ഛന്‍ രണ്ടുവര്‍ഷം റായ്പൂര്‍ ജയിലില്‍ ചിലവഴിച്ചു.”

ബ്രിട്ടീഷ് ഭരണത്തിന്‍റെ സഹകാരികളായിരുന്ന ഫ്യൂഡലുകളാണ് ഇപ്പോള്‍ അവരുടെ (ദേമതിയുടെ) പ്രദേശത്ത് മേധാവിത്തം പുലര്‍ത്തുന്നത്. സാലിഹാനും അവരെപ്പോലുള്ള മറ്റുള്ളവരും പോരാടിനേടിയ സ്വാതന്ത്ര്യത്തില്‍നിന്നും കൂടുതല്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത് ഇവരാണ്. ഇല്ലായ്മയുടെ സമുദ്രത്തിലെ സമ്പത്തിന്‍റെ തുരുത്തുകള്‍.

അവര്‍ ഞങ്ങള്‍ക്ക് വലിയൊരു പുഞ്ചിരി സമ്മാനിച്ചു, ഒരുപാട് വലിയ പുഞ്ചിരികള്‍. പക്ഷെ അവര്‍ തളരുന്നു. തന്‍റെ മൂന്ന് പുത്രന്മാരായ ബ്രിശ്നു ഭോയി, ആങ്കുര്‍ ഭോയി, ആകുറ ഭോയി എന്നിവരുടെ പേരുകള്‍ ഓര്‍മ്മിച്ചെടുക്കാന്‍ അവര്‍ വളരെ ബുദ്ധിമുട്ടുന്നു. യാത്രപറഞ്ഞ് പിരിയുമ്പോള്‍ അവര്‍ ഞങ്ങളെ കൈവീശി കാണിച്ചു. ദേമതി ദേയി സബര്‍ ‘സാലിഹാന്‍’ ഇപ്പോഴും പുഞ്ചിരിക്കുന്നു.

2002-ല്‍ ഞങ്ങള്‍ കണ്ടുമുട്ടി കുറച്ചുനാളുകള്‍ക്കുശേഷം ‘സാലിഹാന്‍’ മരിച്ചു.

ദേമതി സബര്‍ ‘സാലിഹാനു’വേണ്ടി

സാലിഹാന്‍, അവര്‍ നിന്‍റെ കഥ പറയില്ല,
മൂന്നാം പുറത്തില്‍ എനിക്കുനിന്നെ കാണാനും കഴിയില്ല.
അത് നിറപ്പകിട്ടാര്‍ന്ന ജീവിതങ്ങള്‍ക്കുള്ളതാണ്,
കൊഴുപ്പുനീക്കാനുള്ള ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കാണ്‌.
ബാക്കിയുള്ളവ വ്യവസായ പ്രമാണിമാര്‍ക്കാണ്‌.

സാലിഹാന്‍, പ്രൈംടൈം നിനക്കുള്ളതല്ല,
ഇത് തമാശയല്ല.
അത് കൊല്ലുന്നവര്‍ക്കും അംഗഭംഗം വരുത്തുന്നവര്‍ക്കും
കത്തിക്കുന്നവര്‍ക്കും പഴിക്കുന്നവര്‍ക്കും,
എല്ലാംകഴിഞ്ഞ് വിശുദ്ധരായി ഒത്തൊരുമയെക്കുറിച്ചു
സംസാരിക്കുന്നവര്‍ക്കുമുള്ളതാണ്.

സാലിഹാന്‍, ബ്രിട്ടീഷുകാര്‍ നിങ്ങളുടെ ഗ്രാമങ്ങള്‍ കത്തിച്ചു.
തോക്കുകളേന്തിയ നിരവധി മനുഷ്യര്‍,
തീവണ്ടിയില്‍ വന്നവര്‍,
ബുദ്ധി നശിക്കുന്നിടംവരെ
ഭീകരതയും വേദനയും തന്നവര്‍.

സാലിഹാന്‍, പണവും ധാന്യങ്ങളും കൊള്ളയടിച്ചശേഷം
ഉണ്ടായിരുന്നതെല്ലാം അവര്‍ കത്തിച്ചു.
ബ്രിട്ടീഷ് രാജിന്‍റെ ക്രൂരതകള്‍,
അവരുടെ വന്യമായ ആക്രമണം,
പക്ഷെ നിങ്ങളവയെ തികഞ്ഞ പുച്ഛത്തോടെ നേരിട്ടു.

നീ റോഡിലൂടെ ഉറച്ച കാലടികള്‍ വച്ചു,
അയാളുടെയടുത്തേക്ക്.
തോക്കേന്തിയ അയാളെ നീ നേരിട്ടു.
സാലിഹാനില്‍ അവര്‍ ഇപ്പോഴും കഥകള്‍ പറയുന്നു,
നീ നടത്തിയ പോരാട്ടത്തെക്കുറിച്ച്,
നീ നേടിയ വിജയത്തെക്കുറിച്ച്.

നിന്‍റെ ബന്ധുക്കള്‍ ചുറ്റും രക്തം വാര്‍ന്നു കിടക്കുന്നു,
കാലില്‍ വെടിയുണ്ടയുമായി നിന്‍റെ അച്ഛനും.
അപ്പോഴും നീ ഉയര്‍ന്നുനിന്നു.
ആ ബ്രിട്ടീഷുകാരെ നീ ഓടിച്ചു തളര്‍ത്തി,
പോരാടാനാണ് നീയവിടെ പോയത്, യാചിക്കാനല്ല.

സാലിഹാന്‍, ആ ഓഫീസറെ നീ അടിച്ചു.
ചലിക്കാന്‍ കഴിയുന്നതിനു മുന്‍പ്
അയാളെ തകര്‍ത്തുകളഞ്ഞു.
അവസാനം ചലിച്ചപ്പോള്‍
കാലുകള്‍ മുടന്തിയ അയാള്‍
പതിനാറുകാരിയായ നിന്നില്‍നിന്നും
അഭയംതേടി ഒളിച്ചു.

സാലിഹാന്‍, നാല്‍പ്പത് പെണ്‍കുട്ടികള്‍
ബ്രിട്ടീഷ് രാജിനെതിരെ,
സുശക്തരും സുന്ദരികളുമായവര്‍.
ഇപ്പോള്‍ നീ മെലിഞ്ഞ് വൃദ്ധയായിരിക്കുന്നു,
നിന്‍റെ ശരീരം ക്ഷയിക്കുന്നു.
പക്ഷെ കണ്ണുകളില്‍ ഒരു തിളക്കമുണ്ട്,
അത് നീതന്നെ.

സാലിഹാന്‍, ബ്രിട്ടീഷുകാര്‍ക്ക് വിധേയരായിരുന്നവര്‍
ഇന്നുനിന്‍റെ ദരിദ്ര ഗ്രാമം ഭരിക്കുന്നു,
കല്ലുകൊണ്ട് ക്ഷേത്രങ്ങളുണ്ടാക്കുന്നു.
പക്ഷെ, അവരൊരിക്കലും പശ്ചാത്തപിക്കില്ല,
നമ്മളുടെ സ്വാതന്ത്ര്യം എടുത്തുമാറ്റിയതില്‍.

സാലിഹാന്‍, ജീവിച്ചതുപോലെതന്നെ നീ മരിക്കുന്നു,
മതിയായ ഭക്ഷണമില്ലാതെ, വിശന്ന്.
ചരിത്രത്തിന്‍റെ നിഴലുകളിലെ
നിന്‍റെ ഓര്‍മ്മ, അത് മങ്ങുന്നു,
റായ്പൂര്‍ ജയിലിലെ റോസ്റ്റര്‍ ഷീറ്റ് പോലെ.

സാലിഹാന്‍, ഞാന്‍ നിന്‍റെ ഹൃദയമായിരുന്നെങ്കില്‍
എന്ത് വിജയമായിരുന്നു കാണാതിരിക്കുമായിരുന്നത്.
ആ യുദ്ധംതന്നെ
നിനക്കുവേണ്ടിയായിരുന്നില്ല
പക്ഷെ മറ്റുള്ളവര്‍ക്ക് സ്വതന്ത്രരാകാമായിരുന്നു.

സാലിഹാന്‍, നമ്മുടെ കുട്ടികള്‍ നിന്നെ അറിയണം.
പക്ഷെ, പ്രശസ്തിക്കുള്ള നിന്‍റെ അവകാശവാദം എന്താണ്?
ഒരു പടവും നീ കയറിയിട്ടില്ല.
ഒരുകിരീടവും അഭിമാനത്തോടെ അണിയരുത്,
പെപ്സിക്കും കൊക്കൊക്കോളയ്ക്കും നിന്‍റെ പേരും നല്‍കരുത്.

സാലിഹാന്‍, എന്നോടു സംസാരിക്കുക,
നിനക്കിഷ്ടമുള്ളതുപോലെ,
അവസാനിക്കാത്ത ഒരുമണിക്കൂര്‍.
നമ്മള്‍ പിരിയുമ്പോഴുള്ള ഈ മുറിവില്‍
നിന്‍റെ ഹൃദയത്തെക്കുറിച്ചെഴുതണം.
നീതികെട്ട ഇന്ത്യന്‍ പ്രമാണിരോടുള്ള കാല്‍പ്പനികതയല്ലത്.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.