ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.

ജീവിതകാലം മുഴുവന്‍ നടുവ് നിവര്‍ക്കാതെ ജോലി ചെയ്യുമ്പോൾ

വിജയനഗരത്തിലെ അസഹ്യമായ ഉച്ചവെയിൽ കാരണം അവർ ഒന്നു നിർത്തി. പക്ഷെ കുനിഞ്ഞു തന്നെ നിന്നു. കുറച്ചു നിമിഷങ്ങള്‍ക്കകം ജോലി തുടരുമെന്ന് അവർക്കറിയാമായിരുന്നു – അതേ നിലയിൽത്തന്നെ.

അവരുടെ ഗ്രാമത്തിൽ നിന്നുള്ള മറ്റ് രണ്ട് സംഘങ്ങളും അതേ കശുമാവിൻ തോട്ടത്തിൽ പണിയെടുക്കുന്നുണ്ടായിരുന്നു. ഒരു സംഘം പാടത്തേക്ക് രണ്ടു കിലോമീറ്റർ സഞ്ചരിച്ച് ഉച്ചഭക്ഷണവും വെള്ളവും എത്തിച്ചു. മറ്റേ സംഘം വിപരീത ദിശയിൽ നിന്നും ജോലി തുടങ്ങി. എല്ലാവരും കുനിഞ്ഞു നിന്നിരുന്നു.

ഒഡിഷയിലെ റായ്ഗഢ് ജില്ലയിൽ പുരുഷന്മാരും പാടത്ത് പണിയുന്നുണ്ട്. ലെൻസിലൂടെയുള്ള നോട്ടം കൂടുതൽ ഗംഭീരമായിരുന്നു. എല്ലാ പുരുഷന്മാരും നിൽക്കുകയായിരുന്നു. സ്ത്രീകളെല്ലാം കുനിഞ്ഞും. ഒഡിഷയിലെ നുവാപാഡയിൽ മഴ ആ സ്ത്രീയെ കള പറിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചില്ല. നടുവിന്‍റെ ഭാഗത്തു നിന്നും കുനിഞ്ഞു നിന്നുകൊണ്ട് അവർ പണി തുടർന്നു. ഒരു കുടയുടെ കീഴിൽ.

വീഡിയോ കാണുക: സ്ത്രീകൾ പണിയെടുക്കുന്നത് കണ്ടപ്പോൾ എന്നെ അദ്ഭുതപ്പെടുത്തിയ ആദ്യ ത്തെ കാര്യം ഇതായിരുന്നു - അവർ എല്ലായ്പ്പോഴും കുനിഞ്ഞു നിൽക്കുന്നു ’, പി. സായ്‌നാഥ് പറയുന്നു

കൈകൾ കൊണ്ട് നടുകയും വിതയ്ക്കുകയും കളപറിക്കുകയും ചെയ്യുക എന്നത് കഠിനാദ്ധ്വാനത്തേക്കാൾ വലുതാണ്. ഒരേ നിലയിൽ വേദനാജനകമായ രീതിയിൽ ഒരുപാട് നേരം അതിനായി ചിലവഴിക്കണം.

തൊഴിൽ രംഗത്തുള്ള ആകെ ഇന്ത്യൻ സ്ത്രീകളുടെ 81 ശതമാനവും കൃഷിക്കാർ, തൊഴിലാളികൾ, വനവിഭവങ്ങൾ ശേഖരിക്കുന്നവർ, ചെറിയ രീതിയില്‍ വളർത്തുജന്തുക്കളെ പരിപാലിക്കുന്നവർ എന്നിങ്ങനെയുള്ളവരാണ്. കാർഷിക ജോലികളിൽ ശക്തമായ രീതിയിൽ ലിംഗപരമായ വിഭജനങ്ങൾ കാണാം. നിലമുഴുതുന്നതിൽ നിന്നും സ്ത്രീകൾ വിലക്കപ്പെടുന്നു. പക്ഷെ പറിച്ചുനടീൽ, കളപറിക്കൽ, കൊയ്ത്ത്, മെതിക്കൽ, കൂടാതെ വിളവെടുപ്പിന് ശേഷമുള്ള ജോലികൾ എന്നിങ്ങനെ എല്ലാ ജോലികളും സ്ത്രീകൾ തനിയെയാണ് മിക്കവാറും ചെയ്യുന്നത്.

ഒരു പഠനം അനുസരിച്ച് സ്ത്രീകളുടെ തൊഴിൽ ഇങ്ങനെയാണ്:
ഭൂമി കൃഷിയോഗ്യമാക്കുന്ന തൊഴിൽ ശക്തിയുടെ 32 ശതമാനം;
വിത്ത് വിതയ്ക്കുന്നവരുടെ 76 ശതമാനം;
പറിച്ചുനടീലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ 90 ശതമാനം;
പാടത്ത് നിന്നും വീടുകളിലേക്ക് വിളകൾ എത്തിക്കുന്നവരുടെ 82 ശതമാനം;
ഭക്ഷണമുണ്ടാക്കുന്ന ജോലി ചെയ്യുന്നവരുടെ 100 ശതമാനം;
ക്ഷീരോത്പാദന രംഗത്തുള്ളവരുടെ 69 ശതമാനം.

PHOTO • P. Sainath
PHOTO • P. Sainath

ഈ പ്രവർത്തനങ്ങളിൽ മിക്കതിനും ഒരുപാട് നേരം കുനിഞ്ഞു നിൽക്കുകയോ കുത്തിയിരിക്കുകയോ ചെയ്യേണ്ടതുണ്ട്. കൂടാതെ, മിക്ക ഉപകരണങ്ങളും സാമഗ്രികളും സ്ത്രീകളുടെ സൗകര്യത്തിന് പറ്റിയ രീതിയിലല്ല രൂപകൽപന ചെയ്തിട്ടുള്ളത്.

സ്ത്രീകൾ പാടത്ത് തൊഴിലെടുക്കുമ്പോള്‍ കാണുന്നത് കുനിഞ്ഞു നിൽക്കുകയും കുത്തിയിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ സ്ഥിരമായി മുന്നോട്ടു നീങ്ങുന്നതാണ്. അതിനാൽ പുറത്തും കാലുകളിലും കടുത്ത വേദന വളരെ സാധാരണമാണ്. പലപ്പോഴും പറിച്ചുനടീൽ സമയത്ത് പുല്ലൂരി മുങ്ങുന്ന രീതിയിൽ വെള്ളത്തിൽ നിൽക്കുന്നത് ത്വക്ക് രോഗങ്ങൾക്ക് കാരണമാകുന്നു.

പുരുഷന്മാർക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതും സ്ത്രീകൾക്കിണങ്ങാത്തതുമായ ഉപകരണങ്ങള്‍ മൂലമുണ്ടാകുന്ന മുറിവുകൾ വേറെയും. അരിവാൾ, വാക്കത്തി എന്നിവ കൊണ്ടുള്ള മുറിവുകൾ സാധാരണമാണ്, നല്ല ചികിത്സ വിരളവും. ടെറ്റനസ് സ്ഥിരമായ ഒരു ഭീഷണിയാണ്.

PHOTO • P. Sainath
PHOTO • P. Sainath
PHOTO • P. Sainath

കാർഷിക രംഗത്തെ ഇത്തരം ജോലികളിൽ ഉയർന്ന ശിശുമരണ നിരക്ക് വലിയൊരു പ്രശ്നമാണ്. ഉദാഹരണത്തിന്, പറിച്ചു നടീൽ സമയത്ത് സ്ത്രീകൾ ദിവസത്തിന്‍റെ മിക്ക സമയത്തും കുനിഞ്ഞു നിൽക്കുകയോ കുത്തിയിരിക്കുകയോ ചെയ്യുന്നു. മഹാരാഷ്ട്രയിൽ നടന്ന ഒരു പഠനം കാണിക്കുന്നത് ഈ സമയത്ത് ഗർഗഛിദ്രങ്ങളുടെയും ശിശുമരണങ്ങളുടെയും എണ്ണം വളരെ കൂടുതൽ ആണെന്നാണ്. വളരെനേരം കുത്തിയിരിക്കുന്നത് ബുദ്ധിമുട്ടും മാനസിക സമ്മർദ്ദവും ഉണ്ടാക്കുകയും പലപ്പോഴും വളർച്ചയെത്താത്ത ജനനങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

കൂടാതെ, സ്ത്രീ തൊഴിലാളികൾക്ക് ആവശ്യത്തിന് ഭക്ഷണവും ലഭിക്കുന്നില്ല. അവരുടെയിടയിലെ പൊതുവായ ദാരിദ്ര്യം ഇത് ശക്തമാക്കുന്നു. കുടുംബത്തിന് ആദ്യം വിളമ്പുക, അവസാനം കഴിക്കുക എന്ന കീഴ്‌വഴക്കം ഇത് കൂടുതൽ വഷളാക്കുന്നു. ഗർഭിണികളായ സ്ത്രീകൾക്ക് നല്ല ഭക്ഷണം ആവശ്യമുണ്ടെങ്കിലും അവർക്കത് ലഭിക്കുന്നില്ല. അമ്മമാർക്ക് വേണ്ട പോഷകം ലഭിക്കാത്തതിനാൽ വളർച്ചയെത്താതെ ജനിച്ച കുഞ്ഞുങ്ങൾക്ക് തീർത്തും ഭാരം കുറവായിരിക്കും. തന്മൂലം അതിജീവിക്കാനുള്ള സാദ്ധ്യതയും കുറവായിരിക്കും.

അതുകൊണ്ട് കർഷക തൊഴിലാളി സ്ത്രീകൾ തുടർച്ചയായി ഗർഭിണികളാവുകയും ശിശുമരണ നിരക്ക് കൂടുതൽ ആയിരിക്കുകയും ചെയ്യും. ഇത് അവരുടെ ആരോഗ്യത്തെ വീണ്ടും കുഴപ്പത്തിലാക്കുന്നു. ഗർഭിണികളായിരിക്കുന്ന സമയത്തും പ്രസവ സമയത്തും ഒരുപാട് പേർ മരിക്കുന്നു.

PHOTO • P. Sainath

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.