അങ്ങനെ ഡിസംബർ 20-ന് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇൻഡ്യക്ക് 7 വയസ്സ് തികയുകയാണ്. മഹാമാരിയെയും അതിന്‍റെ ലോക്ക്ഡൗണുകളെയും അതിജീവിക്കുക മാത്രമല്ല ഞങ്ങൾ ചെയ്തത്, എക്കാലത്തേയും ഞങ്ങളുടെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുക കൂടിയാണ്.

കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിന്‍റെ ഏറ്റവും ആദ്യത്തെ ദിവസം ഇന്ത്യാ ഗവൺമെന്‍റ് മാദ്ധ്യമങ്ങളെ (അച്ചടി, ഇലക്ട്രോണിക്) അവശ്യ സേവനമായി പ്രഖ്യാപിച്ചു. അതു നന്നായിരുന്നു. ഇന്ത്യയിലെ പൊതു ജനങ്ങൾക്ക് പത്രപ്രവർത്തനവും പത്രപ്രവർത്തകരേയും ഒരിക്കലും കൂടുതൽ ആവശ്യം വന്നിട്ടില്ല. ആളുകളുടെ ജീവിതങ്ങളും ജീവനോപാധികളും എന്തിനെയൊക്കെ ആശ്രയിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള കഥകൾ പറയാനുമുണ്ടായിരുന്നു. എങ്ങനെയാണ് ഈ രാജ്യത്തെ വലിയ മാദ്ധ്യമ സ്ഥാപനങ്ങൾ പ്രതികരിച്ചത്? 2,000-2,500 പത്രപ്രവർത്തകരേയും പത്രപ്രവർത്തകരല്ലാത്ത മാദ്ധ്യമ പ്രവർത്തകരേയും പുറത്താക്കിക്കൊണ്ടായിരുന്നു അത്.

ആയതിനാല്‍, എങ്ങനെയായിരുന്നു അവർ വലിയ കഥകൾ പറയാനിരുന്നത്? അവരുടെ ഏറ്റവും മികച്ച റിപ്പോർട്ടർമാരെ പുറത്താക്കിക്കൊണ്ടായിരുന്നോ? ആയിരക്കണക്കിന് മറ്റ് മാദ്ധ്യമ പ്രവർത്തകരുടെ – പുറത്താക്കപ്പെടാത്തവരുടെ – ശമ്പളം 40 മുതൽ 60 ശതമാനം വരെ വെട്ടിക്കുറച്ചു. മാദ്ധ്യമ പ്രവർത്തകരുടെ യാത്ര കർശനമായി തടഞ്ഞു. അത് അവരുടെ ആരോഗ്യം സംരക്ഷിക്കാനായിരുന്നില്ല, മറിച്ച് ചിലവ് കുറയ്ക്കാനായിരുന്നു. കൂടാതെ, അവര്‍ ചെയ്തതു പോലെയുള്ള അത്തരം കഥകൾ, പത്യേകിച്ച് 2020 മാർച്ച് 25 മുതൽ ആദ്യ രണ്ടാഴ്ചകൾക്കു ശേഷം ചെയ്തവ, നഗരത്തെയോ വലിയ പട്ടണത്തെയോ ചുറ്റിപ്പറ്റിയായിരുന്നു.

2020 ഏപ്രിൽ മുതൽ പാരി അതിന്‍റെ ജീവനക്കാരായി 11 ആളുകളെക്കൂടി ഉൾപ്പെടുത്തി. ആരുടെയും ഒരു പൈസ പോലും വേതനത്തില്‍ നിന്നും വെട്ടിക്കുറച്ചില്ല. ഓഗസ്റ്റ് 2020-ൽ ഞങ്ങളുടെ ഏതാണ്ടെല്ലാ ജീവനക്കാർക്കും പ്രൊമോഷനും ഇൻക്രിമെന്‍റും  നൽകുകയും ചെയ്തു.

വളരെ കാര്യക്ഷമമായി തുടർന്ന മറ്റു റിപ്പോർട്ടുകൾ കൂടാതെ പാരി 270-ലധികം (മിക്കതും ബഹുമാദ്ധ്യമങ്ങളിൽ) ലേഖനങ്ങളും പ്രധാനപ്പെട്ട രേഖകളും ലോക്ക്ഡൗണിന്‍ കീഴിലെ ജീവനോപാധികൾ എന്ന ഒറ്റ വിഷയത്തിൽ കേന്ദ്രീകരിച്ച് പ്രസിദ്ധീകരിച്ചു. 23 സംസ്ഥാനങ്ങളിൽ നിന്നാണ് ഞങ്ങൾ ഈ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത് – അതായത്, കുടിയേറ്റക്കാർ ഏത് ഗ്രാമങ്ങളിലേക്കാണോ മടങ്ങി വരികയായിരുന്നത് അവയുള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട ഏതാണ്ടെല്ലാ പ്രദേശങ്ങളിൽ നിന്നും. ലോക്ക്ഡൗൺ സമയത്ത് ലഭ്യമായിരുന്ന എല്ലാ ഗതാഗത മാർഗ്ഗങ്ങളെയും ആശ്രയിച്ച് റിപ്പോർട്ടർമാർ 100 കണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്താണ് ഇവ തയ്യാറാക്കിയത്. 65-ലധികം റിപ്പോർട്ടർമാരുടെ ബൈലൈനുകൾ നിങ്ങൾക്കവിടെ കണ്ടെത്താം. മഹാമാരി തുടങ്ങുന്നതിന് മുമ്പ് തന്നെ വർഷങ്ങളായി പാരി കുടിയേറ്റ തൊഴിലാളികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു. അതിനാൽ 2020 മാർച്ചിന് പുതുതായി അവരുടെ വിഷങ്ങൾ കണ്ടെത്തേണ്ടിയിരുന്നില്ല.

ഞങ്ങളുടെ വായനക്കാർക്ക് അറിയാവുന്നതുപോലെ, അറിയാത്ത മറ്റുള്ളവർക്കായി പറയുന്നത്, പാരി ഒരു മാദ്ധ്യമപ്രവർത്തന വേദിയും ആർക്കൈവുമാണ് എന്നതാണ്. ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള ലേഖനങ്ങൾ, റിപ്പോർട്ടുകൾ, നാടോടി സംഗീതം, ഗാനങ്ങൾ, ഫോട്ടോഗ്രാഫുകൾ, ഫിലിം എന്നിവയുടെയൊക്കെ ഏറ്റവും വലിയ ഓൺലൈൻ ശേഖരവും ഗ്രാമപ്രദേശങ്ങളില്‍ എവിടെയുമുള്ള ഏറ്റവും വലിയ ശേഖരങ്ങളിൽ ഒന്നുമാണ് ഞങ്ങളുടേത്. പാരിയുടെ മാദ്ധ്യമ പ്രവർത്തനം സാധാരണക്കാരുടെ ജീവിതങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെ അടിസ്ഥാനപ്പെടുത്തുന്നു. 833 ദശലക്ഷം ഗ്രാമീണ ഇന്ത്യക്കാരുടെ കഥകൾ അവരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും പറയുന്നത് കൂടിയാണത്.

PHOTO • Zishaan A Latif
PHOTO • Shraddha Agarwal

ഞങ്ങൾ പാരിസംഘം മഹാമാരിയെത്തുടർന്നുള്ള ലോക്ക്ഡൗണുകളുടെ സമയത്ത് ഞങ്ങളുടെ ഏറ്റവും മികച്ച ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യവുമായി ബന്ധപ്പെട്ട , പുരസ്കാരാർഹമായ , ഇപ്പോഴും തുടരുന്ന ഒരു പരമ്പരയും (ഇടത് ) ഇപ്പോൾ പിൻവലിച്ച കാർഷിക നിയമങ്ങൾക്കെതിരെ നടന്ന സമരങ്ങളുടെ ( വലത് ) വിശദമായ റിപ്പോർട്ടിംഗും ഇതിൽ പെടുന്നു

ഈ ആദ്യത്തെ 84 മാസങ്ങളിലെ ഞങ്ങളുടെ പ്രവർത്തനത്തിൽ പാരിക്ക് 42 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് – അതായത്, ഓരോ 59 ദിവസങ്ങൾ കൂടുമ്പോൾ ഒന്ന് വീതം. അവയിൽ 12 എണ്ണം അന്തർദേശീയ പുരസ്കാരങ്ങളാണ്. ലോക്ക്ഡൗൺ സമയത്തെ ലേഖനങ്ങൾക്കാണ് അവയിൽ 16 എണ്ണം ലഭിച്ചിരിക്കുന്നത്. "ഈ ശേഖരങ്ങളെയും ചരിത്രപരമായ രേഖകളെയും സംബന്ധിച്ചിടത്തോളം നിങ്ങളുടെ വെബ്സൈറ്റിനെ വളരെ പ്രധാനപ്പെട്ട ഒന്നായി ഞങ്ങൾ പരിഗണിക്കുന്നു”, എന്ന് പറഞ്ഞുകൊണ്ട് 2020 ഏപ്രിലിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ലൈബ്രറി ഓഫ് കോൺഗ്രസ് ഞങ്ങളെ അറിയിച്ചത് അവർ പാരിയെ അവരുടെ വെബ് ആർക്കൈവിൽ തിരഞ്ഞെടുത്തു എന്നാണ്.

സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യവുമായി ബന്ധപ്പെട്ടും അവാര്‍ഡ് നേടിയ ഒരു പരമ്പര പാരി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഈ മേഖലയിൽ സ്ത്രീകളുടെ അവകാശങ്ങൾ ഏറ്റവും ദുർബലമായിരിക്കുന്ന രാജ്യത്ത 12 സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ് ഈ പരമ്പര. ഇപ്പോഴും തുടരുന്ന ഈ പരമ്പരയിലെ 37 ലേഖനങ്ങളിലെ 33 എണ്ണം മഹാമാരിക്ക് ശേഷം ലോക്ക്ഡൗൺ സമയത്ത് തയ്യാറാക്കിയിട്ടുള്ളതും പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണ്. സ്ത്രീകളുടെ പ്രത്യുൽപാദന ആരോഗ്യത്തെ സംബന്ധിച്ച ആദ്യത്തെ ദേശീയ വ്യാപകമായ പത്രപ്രവർത്തക സർവ്വേ ആണ് ഈ പരമ്പര. ഗ്രാമീണ സ്ത്രീകളുടെ ശബ്ദങ്ങളിലൂടെ തന്നെ അവരുടെ കഥകൾ പറഞ്ഞിട്ടുമുണ്ട്.

ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ സമയത്ത് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് 150 ശതമാനത്തിനടുത്ത് വായനക്കാരുടെ വർദ്ധനവാണ് ഉണ്ടായത്. ഇൻസ്റ്റഗ്രാം പോലെയുള്ള ഞങ്ങളുടെ സാമൂഹ്യമാദ്ധ്യമ വേദികൾക്ക് 200 ശതമാനം വളർച്ചയാണ് ഉണ്ടായത്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, പാരിയുടെ ഇൻസ്റ്റഗ്രാമിലെ വായനക്കാർ ദശലക്ഷക്കണക്കിന് രൂപയാണ് ഞങ്ങൾ ചെയ്ത കഥകളിലെ ആളുകൾക്ക് നേരിട്ട് അയച്ചു നൽകിയത്.

ഇതിനെല്ലാമൊപ്പം ഇപ്പോൾ പിൻവലിച്ച കാർഷിക നിയമങ്ങൾക്കെതിരെ നടന്ന കർഷക സമരങ്ങളെക്കുറിച്ച് 25 റിപ്പോർട്ടർമാരും ഫോട്ടോഗ്രാഫർമാരും തയ്യാറാക്കിയ 65 വിശദമായ കഥകളും 10 പ്രധാനപ്പെട്ട രേഖകളും ഞങ്ങൾ പ്രസിദ്ധീകരിച്ചു. ‘മുഖ്യധാര’ മാദ്ധ്യമങ്ങളിൽ കണ്ടെത്താൻ സാധ്യതയില്ലാത്ത കഥകളായിരുന്നു അവ. ഇവ ഡൽഹിയുടെ കവാടങ്ങളിൽ നിന്ന് മാത്രമുള്ളതല്ല. മറിച്ച് അര ഡസനോളം സംസ്ഥാനങ്ങളിലെ മറ്റ് നിരവധി പ്രദേശങ്ങളിൽ നിന്ന് കൂടിയുള്ളതാണ്.

ചരിത്രപരമായ ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന വ്യക്തികളായ കർഷകർ ആരായിരുന്നു, എവിടെ നിന്നാണവർ വന്നത്, അവരുടെ കൃഷിയുടെ അവസ്ഥ എന്തായിരുന്നു, എന്തൊക്കെയായിരുന്നു അവർ ആവശ്യപ്പെട്ടത്, ഒരു വർഷമോ അതിലധികമോ സമയം കുടുംബത്തെ വിട്ടു നിന്ന് ഡൽഹിയിൽ വരാനും തങ്ങാനും അവരെ അത്ര ശക്തമായി പ്രകോപിപ്പിച്ചത് എന്താണ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഈ കഥകൾ അന്വേഷിച്ചത്. ഉപചാപക വൃന്ദത്തിന്‍റെയോ വരേണ്യ വർഗ്ഗത്തിന്‍റെ ചിന്തകരുടെയോ അല്ലാതെ എല്ലാ കർഷകരുടേയും ശബ്ദങ്ങൾ അവ മുന്നോട്ടെത്തിച്ചു. ലോകം വർഷങ്ങളായി കണ്ട പല സമരങ്ങളിലെ ഏറ്റവും വലുതും സമാധാനപരവും ജനാധിപത്യപരവുമായ ഒന്നായി ഇതിനെ ഏറ്റവും ആദ്യം ഉയർത്തിക്കാട്ടിയത് പാരി ആയിരുന്നു.

PHOTO • Vandana Bansal

പാരിയുടെ വിപുലമായ പരിഭാഷകൾ ഉള്ളതുകൊണ്ട് വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള വായനക്കാർക്ക് ഞങ്ങളുടെ ലേഖനങ്ങൾ വിവിധ ഭാഷകളിൽ ( ഇടത് ) വായിക്കാൻ സാധിക്കും . ഒരു വർഷത്തെ പ്രവർത്തനത്തിനുള്ളിൽ പാരി എജ്യുക്കേഷൻ 63 പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ 135 ലേഖനങ്ങൾ ( വലത് ) പ്രസിദ്ധീകരിച്ചു

2014 ഡിസംബറിൽ ഇംഗ്ലീഷിൽ മാത്രം പ്രസിദ്ധീകരിച്ചിരുന്ന പാരി ഇപ്പോൾ 13 ഭാഷകളിൽ ഏതാണ്ട് ഒരേ സമയം പ്രസിദ്ധീകരണം നടത്തുന്നു. ഇനിയും കൂടുതൽ ഭാഷകൾ കൂട്ടി ചേർക്കും. ഞങ്ങൾ സമാന്തരതയിൽ (parity) വിശ്വസിക്കുന്നു. അതായത് ഞങ്ങളുടെ അടുത്ത് ഒരു ഭാഷയിൽ എത്തുന്ന ഒരു ലേഖനം 13 ഭാഷകളിലും പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഗ്രാമീണ ഇന്ത്യയുടെ ആത്മാവ് ഇന്ത്യൻ ഭാഷയിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എല്ലാ ഇന്ത്യൻ ഭാഷയും നിങ്ങളുടെ ഭാഷയാണ് . എവിടെയുമുള്ള ഏത് മാദ്ധ്യമപ്രവർത്തന വെബ്സൈറ്റുകളെക്കാളും ഏറ്റവും വലിയ പരിഭാഷാ പരിപാടിയാണ് ഞങ്ങൾ നടത്തുന്നത്. ഡോക്ടർമാർ, ഭൗതിക ശാസ്ത്രജ്ഞർ, ഭാഷാ വിദഗ്ദ്ധർ, കവികൾ, വീട്ടുകാര്യങ്ങൾ നോക്കുന്നവർ, അദ്ധ്യാപകർ, കലാകാർ, പത്രപ്രവർത്തകർ, എഴുത്തുകാർ, എൻജിനീയർമാർ, വിദ്യാർത്ഥികൾ, പ്രൊഫസർമാർ എന്നിങ്ങനെ ഉള്ളവർ ഞങ്ങളുടെ പരിഭാഷകരിൽ പെടുന്നു. ഏറ്റവും പ്രായം കൂടിയ ആൾക്ക് 84 വയസ്സാണ്, കുറഞ്ഞ ആൾക്ക് 22 വയസ്സും. ചിലർ ഇന്ത്യക്ക് പുറത്താണ്. മറ്റുള്ളവർ രാജ്യത്തിനകത്ത് വിദൂര പ്രദേശങ്ങളിൽ സമ്പർക്കം പുലർത്താൻ ബുദ്ധിമുട്ടുള്ള വിധം ജീവിക്കുന്നു.

പാരി സൗജന്യമായി ലഭ്യമാണ്. വരിക്കാരാകുവാൻ പണം ആവശ്യമില്ല. പേവാളുകൾക്ക് (ചില വെബ് ഉള്ളടക്കങ്ങൾ പണം നൽകാതെ ഉപയോഗിക്കുന്നതിൽ നിന്നും ഇന്‍റർനെറ്റ് ഉപയോക്താക്കളെ തടയുന്നതിനുള്ള സംവിധാനം) പിന്നിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന ലേഖനങ്ങൾ ഒന്നുമില്ല. പരസ്യങ്ങളും ഒട്ടും തന്നെ ഇല്ല. കൃത്രിമമായ ആവശ്യകതകൾ സൃഷ്ടിച്ചുകൊണ്ട് ചെറുപ്പക്കാരെ പരസ്യങ്ങളിൽ മുക്കുന്ന ഒരുപാട് മാദ്ധ്യമസ്ഥാപനങ്ങൾ നേരത്തെ തന്നെയുണ്ട്. എന്തിന് അവയോട് ചേരണം? ഞങ്ങളുടെ വായനക്കാരുടെ 60 ശതമാനത്തിനടുത്ത് 34 വയസ്സിൽ താഴെയുള്ളവരാണ്. അതിൽ തന്നെ 60 ശതമാനത്തിനടുത്ത് 18 മുതൽ 24 വയസ്സുവരെ പ്രായമുള്ളവരാണ്. ഇത്തരത്തിലുള്ള പല റിപ്പോർട്ടർക്കും എഴുത്തുകാര്‍ക്കും ഫോട്ടോഗ്രാഫർമാര്‍ക്കും ഒപ്പമാണ് ഞങ്ങള്‍ പ്രവർത്തിക്കുന്നത്.

പാരി എജ്യുക്കേഷൻ എന്ന ഞങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ വിഭാഗം പ്രവർത്തനം തുടങ്ങി ഒരുവർഷത്തിനകം ഞങ്ങളുടെ മറ്റൊരു ലക്ഷ്യത്തിന്‍റെ കാര്യത്തിൽ വളരെ വേഗം മുന്നോട്ടു പോയി – ഭാവിയുടെ പാഠപുസ്തകങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്‍റെ കാര്യത്തിൽ. വിദ്യാഭ്യാസരംഗത്തെ 95 സ്ഥാപനങ്ങളും 17 സംഘടനകളുമാണ് പാരിയെ ഒരു പാഠപുസ്തകമായും ഗ്രാമീണ ഇന്ത്യയെക്കുറിച്ച് അന്വേഷിക്കുന്നതിനും പഠിക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായും ഉപയോഗിക്കുന്നത്. അവയിൽ 36 എണ്ണത്തിലധികം ഞങ്ങളോടൊപ്പം പാരിയെ കേന്ദ്രീകരിച്ചുള്ള പാഠ്യപദ്ധതി തയ്യാറാക്കുന്നതിനായി പ്രവർത്തിക്കുന്നു. ഈ പാഠ്യപദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് പാർശ്വവൽകൃത വിഭാഗങ്ങളുമായി നേരിട്ട് ഇടപഴകാൻ അവസരം ലഭിക്കും. പാരി എജ്യുക്കേഷനില്‍ 63 പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികള്‍ 135 റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ജീവനോപാധികൾ ഇല്ലാതാകുന്നത്, ലിംഗപരമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ പല പ്രശ്നങ്ങളെക്കുറിച്ചുമായിരുന്നു റിപ്പോർട്ടുകൾ. 2021 ജനുവരി മുതൽ ഈ വിഭാഗം 120-ലധികം ഓൺലൈൻ ചര്‍ച്ചകളും ശിൽപശാലകളും ഇന്ത്യയിലെ പ്രധാന സർവ്വകലാശാലകളിലും വിദൂര ഗ്രാമപ്രദേശങ്ങളിലെ സ്ക്കൂളുകളിലും നടത്തിയിട്ടുണ്ട്.

പാരിയെ സംബന്ധിച്ചിടത്തോളം ‘ഗ്രാമീണം’ എന്നത് വളരെ സന്തോഷം നിറഞ്ഞ, കാൽപനികമായ ഒരു ഇന്ത്യൻ നാട്ടിൻപുറമല്ല. സാംസ്കാരിക പ്രയോഗങ്ങളുടെ മഹത്വവത്കരിക്കപ്പെട്ട മിശ്രണമോ, ജീവിതവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു കാണിക്കേണ്ടതോ പ്രദർശിപ്പിക്കേണ്ടതോ ആയ ഗൃഹാതുരത്വ ആശയം പോലുമോ അല്ല. ഗ്രാമീണ ഇന്ത്യയെ പടുത്തുയർത്തിയിരിക്കുന്ന സങ്കീർണ്ണതകളെക്കുറിച്ചും ബഹിഷ്കരണങ്ങളെക്കുറിച്ചുമുള്ള അന്വേഷണമാണ് പാരിയുടെ യാത്ര. അവയൊക്കെ മനോഹരവും സാമർത്ഥ്യമുള്ളതും, ക്രൂരവും അപരിഷ്കൃതവുമാണ്. പാരി തന്നെ അതിൽ ജോലി ചെയ്യുന്ന ഞങ്ങൾക്കെല്ലാവർക്കും ഒരു തുടർ വിദ്യാഭ്യാസമാണ്. അക്കാരണം കൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെ കഥപറച്ചിൽ രീതി അവരുടെ ശബ്ദത്തിനും നമ്മുടെ സമയത്തെ ഏറ്റവും നിർണ്ണായകമായ ചില ജീവിതാനുഭവങ്ങള്‍ക്കും ചുറ്റും കേന്ദ്രീകരിച്ചിരിക്കുന്നത്.

PHOTO • Rahul M.
PHOTO • P. Sainath

പുരസ്കാരം നേടിയ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള ഞങ്ങളുടെ പരമ്പരകൾ ( ഇടത് ) ഈ വിഷയം റിപ്പോർട്ട് ചെയ്തത് ദൈനംദിന ജീവിതം നയിക്കുന്ന ജനങ്ങളുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയുമാണ് . ഇന്ത്യയുടെ അവസാന സ്വാതന്ത്യസമര സേനാനികളെക്കുറിച്ചുള്ള ഞങ്ങളുടെ അപൂർവമായ കഥകൾ ( വലത് ) ഞങ്ങള്‍ തുടരുന്നു

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള , അവാർഡ് നേടിയ, ഞങ്ങളുടെ പരമ്പര ഈ വിഷയം റിപ്പോർട്ട് ചെയ്യുന്നത് കർഷകർ, തൊഴിലാളികൾ, മത്സ്യബന്ധനം നടത്തുന്നവർ, വനവാസികൾ, കടൽപായൽ ശേഖരിക്കുന്നവർ, നാടോടികളായ ഇടയന്മാർ, തേൻ ശേഖരിക്കുന്നവർ, ഷഡ്പദങ്ങളെ പിടിക്കുന്നവർ എന്നിവരുൾപ്പെടെ പലരുടെയും ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയുമാണ്. അതും ലോലമായ പർവ്വത ആവാസ വ്യവസ്ഥകൾ, വനങ്ങൾ, കടൽ, തീരപ്രദേശങ്ങൾ, നദീതടങ്ങൾ, പവിഴദ്വീപുകൾ, മരുഭൂമികൾ, വരണ്ടതും ഭാഗികമായി വരണ്ടതുമായ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നും.

പരമ്പരാഗത മാദ്ധ്യമങ്ങളിലെ അമൂർത്തവും അസ്പഷ്ടവുമായ വാർത്ത നൽകൽ വായനക്കാരെ വായനയില്‍ നിന്നും അകറ്റുന്നു. കാലവസ്ഥ വ്യതിയാനമെന്നാൽ അന്‍റാർട്ടിക്കയിലെ മഞ്ഞുരുകൽ, ആമസോൺ കാടുകളുടെ നശീകരണം, ഓസ്ട്രേലിയയിലെ കുറ്റിക്കാടുകൾക്ക് തീപിടിക്കൽ എന്നിവയൊക്കെ മാത്രമാണെന്ന വാർപ്പ് മാതൃകകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അല്ലെങ്കിൽ അന്തർ സർക്കാർ കോൺഫറൻസുകളിൽ നടക്കുന്ന വിലപേശലുകളോ വളരെ പ്രധാനപ്പെട്ടതെങ്കിലും വായിക്കാൻ പറ്റാത്തതായ ഐ.പി.സി.സി. റിപ്പോർട്ടുകളാ ആണെന്ന ധാരണ ഉണ്ടാക്കുന്നു. തങ്ങളുടെ ജീവിതത്തോട് വളരെയടുത്തെന്നപോലെ കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി സാധാരണക്കാർക്ക് നന്നായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ പാരിയുടെ റിപ്പോർട്ടർമാർ കഥകൾ പറയുന്നു.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിലൂടെ രാജ്യം കടന്നു പോകുമ്പോൾ ഇന്ത്യയുടെ അവസാനത്തെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള അപൂർവ്വമായ ഒരുഭാഗം എഴുത്ത്, ഓഡിയോ, വീഡിയോ എന്നിവയിലൂടെ രൂപപ്പെടുത്തുന്നത് ഞങ്ങൾ തുടരുന്നു. 5-7 വർഷങ്ങൾക്കുള്ളിൽ ആ സുവർണ്ണ തലമുറയിൽപ്പെട്ട ആരും ചുറ്റുമുണ്ടാവില്ല. ഇന്ത്യയിലെ കുട്ടികൾക്ക് ഈ ദേശത്തിന്‍റെ സ്വാതന്ത്രത്തിനായി പൊരുതിയ യഥാർത്ഥ പോരാളികളെ കാണാനോ കേൾക്കാനോ അവരോട് സംസാരിക്കാനോ ഒരിക്കലും അവസരം കിട്ടില്ല. പാരിയിലൂടെ കുട്ടികൾക്ക് അവരെ കേൾക്കാനും കാണാനും കഴിയും, എന്തായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമരം എന്നതിനെക്കുറിച്ച് അവരുടെ സ്വന്തം വാക്കുകളിലൂടെ വിശദീകരിക്കുന്നത് കേൾക്കാനും കഴിയും.

ഞങ്ങൾ പരിമിതമായ വിഭവങ്ങളോടു കൂടിയ വളരെ പ്രായം കുറഞ്ഞ ഒരു മാദ്ധ്യമ വേദിയായിരിക്കാം. പക്ഷെ ഇന്ത്യൻ പത്രപ്രവർത്തന രംഗത്ത് ഏറ്റവും വലിയ ഫെലോഷിപ്പ് പദ്ധതി നടത്തുന്നത് ഞങ്ങളാണ്. 95 മേഖലകളിൽ (സ്വാഭാവികമായ ഭൗതിക രീതിയിലും ചരിത്രപരമായും ഉയർന്നു വന്നിട്ടുള്ള) ഏതെങ്കിലും ഒന്നിനെക്കുറിച്ചും അവയ്ക്കിടയിലെ ഗ്രാമീണ പ്രദേശങ്ങളെക്കുറിച്ചും ഫെലോ എഴുതുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ഇതുവരെയുള്ള 30 ഫെലോകളിൽ പകുതിയിലധികവും സ്ത്രീകളും നിരവധി പേർ ന്യൂനപക്ഷങ്ങളുമാണ്. പരമ്പരാഗതമായി മാദ്ധ്യമങ്ങളാലും, മാദ്ധ്യമങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട, സമൂഹത്തിലെ മറ്റ് വിഭാഗങ്ങളിൽ നിന്നുളളവരും ഉണ്ട്.

ഈ 7 വർഷങ്ങളിൽ ഞങ്ങൾക്ക്, പാരി എജ്യൂക്കേഷനിലെ 80 എണ്ണം ഉൾപ്പെടെ, 240 ഇന്‍റേണുകൾ ഉണ്ടായിട്ടുണ്ട്. അവർ 2-3 മാസങ്ങൾ പാരിയിൽ പരിശീലനങ്ങൾക്കായി ചിലവഴിക്കുകയും വളരെ വ്യത്യസ്തമായ ഈ മാദ്ധ്യമ പ്രവർത്തനം പഠിക്കുകയും ചെയ്തു.

PHOTO • Supriti Singha

ലോകത്തിൽ ഏതെങ്കിലും ഒരു ഭാഷയിൽ പാവപ്പെട്ട സ്ത്രീകൾ സൃഷ്ടിക്കുകയും പാടുകയും ചെയ്തിട്ടുള്ള പാട്ടുകളുടെ ഏറ്റവും വലിയ ശേഖരമായ ഗ്രൈൻഡ് മിൽ സോങ്സ് പ്രോജക്റ്റ് (ഇടത് ) പാരിയാണ് തയ്യാറാക്കുന്നത്. ഫേസസ് (FACES) പ്രോജക്റ്റ് (വലത് ) ഈ രാജ്യത്തെ മുഖ വൈവിധ്യം അടയാളപ്പെടുത്താൻ ശ്രമിക്കുന്നു

ഏറ്റവും വൈവിധ്യമാർന്ന സംസ്കാരങ്ങൾ, ഭാഷകൾ, കലാരൂപങ്ങൾ എന്നിവയുൾപ്പെടെ പലതിന്‍റെയും ശേഖരവും ഞങ്ങൾ സംഘടിപ്പിക്കുന്നു. ലോകത്തിൽ ഏതെങ്കിലും ഒരു ഭാഷയിൽ പാവപ്പെട്ട സ്ത്രീകൾ സൃഷ്ടിക്കുകയും പാടുകയും ചെയ്തിട്ടുള്ള പാട്ടുകളുടെ ഏറ്റവും വലിയ ശേഖരം പാരിയാണ് തയ്യാറാക്കുന്നത്. അതായത് ഗ്രാമീണ മഹാരാഷ്ടയിലെയും കർണ്ണാടകയിലെ കുറച്ച് ഗ്രാമങ്ങളിലെയും സ്ത്രീകൾ പാടിയിട്ടുള്ള 110,000 പാട്ടുകൾ ഉൾപ്പെടുന്ന ഗ്രൈൻഡ് മിൽ സോങ്സ് പ്രോജക്റ്റ് . ഒരു സമർപ്പിത സംഘം ഇതുവരെ അവയിൽ 69,000-ലധികം പാട്ടുകൾ ഇംഗീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

നാടൻ കലകള്‍, സംഗീതം; കലാകാര്‍, കരകൗശല വിദഗ്ദ്ധര്‍; സർഗ്ഗാത്മക എഴുത്ത്, കവിത എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ ഞങ്ങൾ ഉൾക്കൊള്ളുന്നു എന്നതിന്‍റെ അർത്ഥം രാജ്യത്തുടനീളം വിവിധ പ്രദേശങ്ങളിൽ നിന്ന് ഇവയുമായി ബന്ധപ്പെട്ട കഥകളുടെയും വീഡിയോകളുടെയും വലിയ ശേഖരം ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്. 2-3 ദശകങ്ങളിലായി രാജ്യത്തിന്‍റെ ഗ്രാമ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ചിട്ടുള്ള 10,000 ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫുകളുടെ ആർക്കൈവ് ഒരുപക്ഷെ ഞങ്ങൾക്ക് മാത്രമാണുള്ളത്. ഇവ പ്രധാനമായും ആളുകൾ പണി ചെയ്യുന്നതിന്‍റെ, കുറച്ചൊക്കെ വിശ്രമിക്കുന്നതിന്‍റെയും, ഫോട്ടോകളാണ്.

ഞങ്ങളുടെ ഫേസസ് ( FACES ) പ്രോജക്റ്റിലും ഞങ്ങൾക്ക് അഭിമാനമുണ്ട്. ഈ രാജ്യത്തെ മുഖ വൈവിധ്യമാണ് അത് അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്. ഇവയൊക്കെ വലിയ താരങ്ങളുടെയോ നേതാക്കളുടെയോ മുഖങ്ങളല്ല, സാധാരണക്കാരുടേതാണ്. അത്തരം മുഖങ്ങൾ രാജ്യത്തെ എല്ലാ ജില്ലയിൽ നിന്നും ബ്ലോക്കിൽ നിന്നും ഉണ്ടാക്കുക എന്നതാണ് അതിന്‍റെ ലക്ഷ്യം. ഇതുവരെ 220 ജില്ലകളിൽ നിന്നും 629 ബ്ലോക്കുകളിൽ നിന്നുമായി 2,756 മുഖങ്ങളുടെ ശേഖരമാണ് ഉണ്ടാക്കിയിട്ടുള്ളത്. നിരവധി ബിരുദ വിദ്യാർത്ഥികൾ ഉൾപ്പെടെ 164 ഫോട്ടോഗ്രാഫർമാർ ചേർന്ന് ഒപ്പിയെടുത്താണ് ഈ മുഖങ്ങൾ. മൊത്തത്തിൽ, കഴിഞ്ഞ 7 വർഷങ്ങൾക്കുള്ളിൽ, പാരി 576 ഫോട്ടോഗ്രാഫർമാരുടെ അദ്ധ്വാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഞങ്ങളുടെ അതുല്യമായ ലൈബ്രറി നിങ്ങൾക്ക് പുസ്തകങ്ങളൊന്നും വായ്പ നൽകില്ല – അവ നിങ്ങൾക്ക് സൗജന്യമായി നൽകുകയാണ് ചെയ്യുന്നത്. പ്രധാനപ്പെട്ട റിപ്പോർട്ടുകൾ, രേഖകൾ, നിയമങ്ങൾ എന്നിവയുൾപ്പെടെ നിലവിൽ അച്ചടിയിലില്ലാത്ത പുസ്തകങ്ങൾ പോലും പാരി ലൈബ്രറിയിൽ കണ്ടെത്താനും ഡൗൺലോഡ് ചെയ്യാനും അച്ചടിച്ച് സൗജന്യമായി ഉപയോഗിക്കാനും കഴിയും – ഉറവിടത്തെ യഥാവിധി അംഗീകരിച്ചുകൊണ്ട്. ക്രിയറ്റീവ് കോമൺസ് 4.0 (പകർപ്പവകാശമുള്ള സൃഷ്ടികളുടെ സ്വതന്ത്രമായ വിനിയോഗം സാദ്ധ്യമാക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം) അനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഈ ലൈബ്രറിയുടെ സവിശേഷമായ ഒരു ഭാഗമാണ് ഒരു ഭാഗമാണ് പാരി ഹെൽത്ത് ആർക്കൈവ് . ഞങ്ങൾ ഇത് തുടങ്ങിയത് മഹാമാരിയുടെ ആദ്യ വർഷത്തിലാണ്. ഇപ്പോൾ ആരോഗ്യവുമായി ബന്ധപ്പെട്ട 140 പ്രധാനപ്പെട്ട റിപ്പോർട്ടുകളും രേഖകളും ഇവിടെ കണ്ടെത്താൻ കഴിയും. അവയിൽ ഈ മേഖലയിലെ ദശകങ്ങളോളം പഴക്കമുള്ളതും ഏറ്റവും പുതിയതുമായ രേഖകൾ ഇലക്ട്രോണിക് രൂപത്തിൽ കാണാവുന്നതാണ്.

സർക്കാരിന്‍റെയും കോർപ്പറേറ്റിന്‍റെയും ഉടമസ്ഥതയിൽ നിന്നും നിയന്ത്രണത്തിൽ നിന്നും പാരി സ്വതന്ത്രമാണ്. ഞങ്ങൾ പരസ്യങ്ങളും നൽകുന്നില്ല. അത് ഞങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുമ്പോൾ അതിനർത്ഥം ഞങ്ങൾ വായനക്കാരായ നിങ്ങളിൽ നിന്നുള്ള സംഭാവനയെ ആശ്രയിക്കുന്നു എന്നാണ്. ദയവ് ചെയ്ത് പാരിക്ക് സംഭാവന ചെയ്യുക , ഞങ്ങളുടെ സ്വാതന്ത്ര്യത്തെ പ്രതിരോധിക്കുക – നല്ല പത്രപ്രവർത്തനത്തിന് ഒരു അവസരം നൽകുക.

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.