"ക്വിറ്റ് ഇൻഡ്യ സമരകാലത്ത് താങ്കളുടെ ഭർത്താവ് ബൈദ്യനാഥ് 13 മാസങ്ങൾ ജയിലിലായിരുന്നത് താങ്കളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരുന്നിരിക്കണം?" പുരുലിയയിൽ വച്ച് ഞാൻ ഭവാനി മഹാതോയോട് ചോദിച്ചു. "അത്തരം വലിയൊരു കൂട്ടുകുടുംബം നടത്തുന്നതും..."

“അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവസ്ഥ വളരെ മോശമായി”, അവർ ശാന്തയായി എന്നാൽ ശക്തമായി പറഞ്ഞു. "അതിനർത്ഥം അദ്ദേഹം സുഹൃത്തുക്കളെ തുടർച്ചയായി കൊണ്ടുവരുമായിരുന്നുവെന്നും ഞാനവർക്ക് ഭക്ഷണം ഉണ്ടാക്കണമെന്നുമായിരുന്നു. അവർ ഭക്ഷണം എടുക്കുമായിരുന്നു. ചിലപ്പോൾ 5, 10, 20 അല്ലെങ്കിൽ കൂടുതൽ ആളുകൾ ഉണ്ടാകുമായിരുന്നു. ഒരു നിമിഷംപോലും എനിക്ക് വിശ്രമമില്ലായിരുന്നു.”

“പക്ഷെ തീർച്ചയായും ക്വിറ്റ് ഇൻഡ്യ ലഹളയുമായുള്ള നിങ്ങളുടെ ബന്ധം..."

“അതുമായി ഞാനെന്തു ചെയ്യാനായിരുന്നു, അല്ലെങ്കിൽ അങ്ങനെയുള്ള എന്തെങ്കിലുമായി?" അവർ ചോദിച്ചു. "സമരത്തിലെനിക്കൊന്നും ചെയ്യാനില്ല, എന്‍റെ ഭർത്താവ് ബൈദ്യനാഥ് മഹാതോയാണ് ചെയ്തത്. വലിയൊരു കുടുംബത്തെയും മുഴുവൻ ആളുകളെയും നോക്കി എനിക്ക് വലിയ തിരക്കായിരുന്നു. എന്തുമാത്രം ഞാൻ പാചകം ചെയ്യണമായിരുന്നു – ഓരോദിവസവും പാചകം കൂടിയതേയുള്ളൂ!”, ഭവാനി പറഞ്ഞു. "ഓർക്കുക, ഞാൻ കൃഷിയും നടത്തി.”

ഞങ്ങൾ വിഷണ്ണരായി. നിരാശ ഞങ്ങളുടെ മുഖത്ത് പ്രകടമായതുപോലെ. പശ്ചിമ ബംഗാളിന്‍റെ ഈ വിദൂരഭാഗത്ത് ഞങ്ങൾ എത്തിയത് ഇപ്പോഴും ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളെ തേടിയാണ്. മാൻബസാർ ഐ ബ്ലോക്കിലെ ചേപുയ ഗ്രാമത്തിൽ നിന്നുള്ള അതിനുപറ്റിയ ഈ വലിയ വ്യക്തി ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ചരിത്രപരമായ ആ സമരവുമായി തനിക്ക് ബന്ധമുണ്ടെന്നുള്ളത് നിഷേധിക്കുന്നു.

101-നും 104-നും ഇടയിൽ പ്രായമുള്ള ഭവാനി മഹാതൊ വളരെ വ്യക്തതയോടെയും നിശ്ചയദാർഢ്യത്തോടും കൂടി സംസാരിച്ചു. വിദൂര ഗ്രാമപ്രദേശങ്ങളിലെ ദരിദ്ര ജനങ്ങളുടെ പ്രായം രേഖപ്പെടുത്തുകയെന്നത് ഏറ്റവും നല്ല സമയങ്ങളിൽ തന്നെ വൈദഗ്ദ്യം വേണ്ട ഒന്നാണ്. ഒരു നൂറ്റാണ്ട് മുമ്പ് അവർ ജനിച്ചപ്പോൾ അങ്ങനൊന്ന് മിക്കവാറും ഇല്ലായിരുന്നു. പക്ഷെ ഭവാനിയുടെ പ്രായത്തിന്‍റെ കാര്യത്തിൽ ഞങ്ങൾ ഒരു കണക്കുകൂട്ടലിൽ എത്തി. മരിച്ചുപോയ ഭർത്താവിന്‍റെ രേഖകളുടെയും തന്‍റെ വലിയ കുടുംബത്തിലെ 70-കളിലുള്ള മകൻ ഉൾപ്പെടെയുള്ള അംഗങ്ങളുടെയും സഹായത്തോടെ. അതുകൂടാതെ പുരുലിയയിൽ ഞങ്ങൾ സന്ദർശിച്ച ചില ഗ്രാമങ്ങളിലെ ചില സമകാലികരിലൂടെയും. അവർക്ക് ഏതാണ്ട് ഭവാനിയുടെ അടുത്ത് പ്രായം വരും.

കാര്യക്ഷമമായി പ്രവർത്തിക്കാത്ത ഇവിടുത്തെ ആധാർകാർഡ് സമ്പ്രദായം അവരുടെ തലമുറയിൽപ്പെട്ടവരുടെമേൽ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന പ്രായത്തേക്കാൾ എന്തുകൊണ്ടും വിശ്വസനീയമായ ഒരു കണക്കുകൂട്ടലാണ് ഇത്. ആധാറിൽ അവർ ജനിച്ചവർഷം നൽകിയിരിക്കുന്നത് 1925 എന്നാണ്. അതനുസരിച്ച് അവരുടെ പ്രായം 97 വയസ്സും.

അവരുടെ കുടുംബം പറയുന്നു അവർക്ക് 104 വയസ്സുണ്ടെന്ന്.

Bhabani’s age is somewhere between 101 and 104. Here she is with her son Shyam Sundar Mahato who is in his 70s
PHOTO • P. Sainath

101 -നും 104 -നുമിടയ്ക്കാണ് ഭവാനിയുടെ പ്രായം. പ്രായം എഴുപതുകളിലുള്ള മകന്‍ ശ്യാംസുന്ദര്‍ മഹാതോയോടൊപ്പം ഭവാനി

"ഞങ്ങളുടേത് വലിയൊരു കൂട്ടുകുടുംബമായിരുന്നു”, അവർ പറഞ്ഞു. "എല്ലാ ഉത്തരവാദിത്തങ്ങളും എനിക്കായിരുന്നു. എല്ലാ വീട്ടുജോലികളും ഞാനാണ് ചെയ്തത്. എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധിച്ചു. ഞാൻ കുടുംബം നടത്തി. 1942-43-ൽ ആ സംഭവങ്ങളെല്ലാം നടന്നപ്പോൾ ഞാൻ എല്ലാവരേയും നോക്കി.” ‘സംഭവങ്ങൾ’ക്ക് ഭവാനി പേരൊന്നും നൽകുന്നില്ല. പക്ഷെ മറ്റു പലതിനുമിടയിൽ അവർ ക്വിറ്റ് ഇൻഡ്യ ലഹളയും ഉൾപ്പെടുത്തി. കൂടെ, അന്ന് ബംഗാളിലെ ഏറ്റവും ദാരിദ്ര്യം അനുഭവിച്ചിരുന്ന പ്രദേശങ്ങളിലൊന്നിലെ 12 പോലീസ് സ്റ്റേഷനുകളിൽ 1942 സെപ്റ്റംബർ 30-ന് സ്വാതന്ത്ര്യസമര സേനാനികൾ ത്രിവർണ്ണ പതാക ഉയർത്താൻ ശ്രമിച്ചതും.

ആകെയുള്ള കുടുംബങ്ങളിലെ മൂന്നിലൊന്നും ഇന്നും ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ഒരു ജില്ല. ഇതിനെയാണ് പശ്ചിമ ബംഗാളിലെ ഏറ്റവും ഉയർന്ന ദാരിദ്ര്യനിലയായി ഇന്നും റിപ്പോർട്ട് ചെയ്യുന്നത്. ഭവാനിയുടെ വലിയ കുടുംബത്തിന് ഏതാനും ഏക്കർ ഭൂമിയുണ്ടായിരുന്നു (ഇന്നുമുണ്ട്). അതാണ് അവരുടെ അവസ്ഥയെ മറ്റുള്ളവരുടേതിനേക്കാൾ ആപേക്ഷികമായി മെച്ചമാക്കിയത്.

അവരുടെ ഭർത്താവ് ബൈദ്യനാഥ് ഒരു പ്രാദേശിക നേതാവായിരുന്നു. ബ്രിട്ടീഷ് ഭരണ വിരുദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. അന്ന് ഏതു തരത്തിലുള്ള വാർത്തയും വിദൂര പ്രദേശങ്ങളിൽ എത്തിയിരുന്നത് വളരെ താമസിച്ചായിരുന്നുവെന്ന് പുരുലിയയിലെ പിറ ഗ്രാമത്തിൽ ഇന്നും ജീവിച്ചിരിക്കുന്ന രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ ഠേലു മഹാതോയും ‘ലോഖി’ മഹാതോയും പറഞ്ഞു. "ഒരുപക്ഷെ ക്വിറ്റ് ഇൻഡ്യ പ്രസ്ഥാനത്തിന്‍റെ ആഹ്വാനത്തെക്കുറിച്ചുള്ള വാർത്ത ഞങ്ങൾ കേട്ടത് ആഹ്വാനത്തിന് ഒരു മാസത്തിന് ശേഷമാണ്”, ഠേലു മഹാതോ പറഞ്ഞു.

അങ്ങനെയാണ് അതിന്‍റെ ഭാഗമായി ആസൂത്രണം ചെയ്ത പ്രവർത്തനം 1942 സെപ്റ്റംബർ 30-ന് സംഭവിച്ചത് - 1942 ഓഗസ്റ്റ് 8-ന് മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനിൽ വച്ച് മഹാത്മാ ഗാന്ധി ബ്രിട്ടീഷുകാരോട് ‘ഇന്ത്യ വിടുക’ എന്ന് പറഞ്ഞതിന് 53 ദിവസങ്ങൾക്കു ശേഷം. അടിച്ചമർത്തലിൽ ബൈദ്യനാഥ് അറസ്റ്റിലാവുകയും അതെത്തുടർന്നുള്ള മർദ്ദനത്തിന് അദ്ദേഹം വിധേയനാവുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം അദ്ധ്യപകനാകാനുള്ള ആളായിരുന്നു അദ്ദേഹം. അന്ന് അദ്ധ്യാപകർ രാഷ്ട്രീയ ഏകോപനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയിലേക്ക് നയിക്കുന്നതിൽ കുറെ ദശകങ്ങളോളം വഹിച്ച ഒരു പങ്ക്.

*****

Bhabani ran the family’s farm for decades right from preparing the soil for sowing, to supervising the labour and the harvesting. She even transported the produce back home herself
PHOTO • P. Sainath

മണ്ണ് തയ്യാറാക്കുന്നതുമുതല്‍ വിതയ്ക്കുന്നതും തൊഴിലിനു മേല്‍നോട്ടം വഹിക്കുന്നതും വിളവെടുക്കുന്നതും വരെയുള്ള കാര്യങ്ങള്‍ ചെയ്ത് കുടുംബവക പാടം അവര്‍ ദശകങ്ങളോളം നോക്കിനടത്തി. അവര്‍ ഉല്‍പന്നങ്ങള്‍ വീട്ടിലെത്തിക്കുകപോലും ചെയ്തു

പോലീസ് സ്റ്റേഷൻ പിടിച്ചെടുക്കാനും അവിടെ പതാക ഉയർത്താനുമുള്ള ശ്രമത്തിൽ വിവിധ ശക്തികൾ ഉൾപ്പെട്ടിരുന്നു. ബ്രിട്ടീഷുകാരുടെ ചൂഷണാധിഷ്ഠിത ഭരണത്തിൽ മടുത്ത ഒരു പൊതുസമൂഹം ഉണ്ടായിരുന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള മറ്റുള്ളവരും ഉണ്ടായിരുന്നു. ഇടതുവിപ്ലവകാരികളും ഗാന്ധിയന്മാരും ഉണ്ടായിരുന്നു. ഠേലുവിനെയും ‘ലോഖി’ മഹാതോയെയും പോലുളളവർ പോലും, മറ്റുപലരെയും പോലെ, ഇടതുപ്രേരണയിൽ പെട്ടവരും ഗാന്ധിയൻ വ്യക്തിത്വം ഉള്ളവരും ആയിരുന്നു.

അവരുടെ രാഷ്ട്രീയവും അഭിനിവേശവും ഇടതിനൊപ്പമായിരുന്നു. ഗാന്ധിയാണ് അവരുടെ ധാർമ്മിക രീതികളെയും ജീവിതശൈലിയെയും നയിച്ചത്. അവർ പലപ്പോഴും ഈ രണ്ടു രീതികൾക്കിടയിൽ പെട്ടുപോയവരായി. അവർ അഹിംസയിൽ വിശ്വസിച്ചിരുന്നു. പക്ഷെ ചില സമയങ്ങളിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ആക്രമണങ്ങളിലൂടെ തിരിച്ചടിച്ചു. അവർ പറയുന്നു: "നോക്കൂ, അവർ ഞങ്ങളെ വെടിവച്ചു. സുഹൃത്തുക്കളെയും കുടുംബങ്ങളെയും സഖാക്കളെയും പോലീസുകാർ വെടിവയ്ക്കുന്നത് കൺമുന്നിൽ കാണുമ്പോൾ ആളുകൾ തീർച്ചയായും തിരിച്ചടിക്കും.” ഠേലുവും ‘ലോഖി’യും കുർമികൾ ആണ്.

ഭവാനിയുടെ കുടുംബവും കുർമികളാണ്. പശ്ചിമബംഗാളിലെ ജനഗൽമഹൽ പ്രദേശത്തെ ഏറ്റവും വലിയ സമുദായമാണിത്.

ബ്രിട്ടീഷ് ഭരണം അവരെ 1913-ൽ പട്ടികവർഗ്ഗത്തിൽ പെടുത്തി. എന്നിരിക്കിലും പിന്നീട് 1931-ലെ സെൻസസിൽ അവരെ പട്ടികവർഗ്ഗത്തിൽ നിന്നും ഒഴിവാക്കി. 1950-ലെ ഇന്ത്യയിൽ അവരെ ഓ.ബി.സി. പട്ടികയിൽ പെടുത്തി. ഈ സംസ്ഥാനത്തെ കുർമികളുടെ പ്രധാന ആവശ്യം അവരുടെ ഗോത്രവർഗ്ഗ പദവി പുന:സ്ഥാപിക്കുക എന്നതായി ഇപ്പോഴും തുടരുന്നു.

ഇവിടെ നടന്ന സ്വാതന്ത്ര്യസമരത്തിലും കുർമികൾ മുൻനിരയിൽ ഉണ്ടായിരുന്നു. 1942 സെപ്റ്റംബറിൽ 12 പോലീസ് സ്റ്റേഷനിലേക്ക് നടന്ന ജാഥയുടെ അവസാന രണ്ടുദിവസം അവരിൽ നിരവധിപേർ പങ്കെടുത്തു.

Baidyanath Mahato was jailed 13 months for his role in the Quit India stir
PHOTO • Courtesy: the Mahato family

ഭവാനിയുടെ ഭര്‍ത്താവ് ബൈദ്യനാഥ്‌ മഹാതൊ ക്വിറ്റ് ഇന്‍ഡ്യ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് 13 മാസം ജയിലിലായിരുന്നു

"ബൈദ്യനാഥ് അടുത്ത 13 മാസങ്ങൾ ജയിലിൽ ചിലവഴിച്ചു”, അദ്ദേഹത്തിന്‍റെ മകൻ തന്‍റെ 70-കളിലുള്ള ശ്യാംസുന്ദർ മഹാതോ പറഞ്ഞു. "ഭഗൽപൂർ ക്യാമ്പ് ജയിലിലായിരുന്നു അദ്ദേഹത്തെ തടവിലിട്ടത്.” അദ്ദേഹത്തെ തടവിലിട്ടത് ഭവാനിക്ക് വളരെ ബുദ്ധിമുട്ടായില്ലേയെന്ന് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് അവസ്ഥ വളരെ മോശമായത് എന്ന ഭവാനിയുടെ ഞെട്ടിക്കുന്ന മറുപടിയും ലഭിച്ചു.

“ഇതിനർത്ഥം കൂടുതാലാളുകൾ വരുന്നു എന്നാണ്. കൂടുതലാളുകൾക്ക് ഭക്ഷണം നൽകണം. അദ്ദേഹം തിരിച്ചെത്തിയപ്പോൾ ഞാനൊരുപാട് കരഞ്ഞു. അദ്ദേഹത്തിന്‍റെ വലിയ സാഹസങ്ങളെല്ലാം എന്‍റെ ചിലവിലായിരുന്നു സംഭവിച്ചത്, അതായത് അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ചിലവിൽ, എന്ന് ഞാൻ ദേഷ്യപ്പെടുകയും ചെയ്തു. അദ്ദേഹം തിരിച്ചു വന്നതോടുകൂടി എൻറെ ജോലിയും വർദ്ധിച്ചു.”

ഞങ്ങൾ വീണ്ടും ശ്രദ്ധ ഭവാനിയിൽ കേന്ദ്രീകരിച്ചു. അവരുടെ ചിന്തയിൽ ഗാന്ധി എന്തെങ്കിലും സ്വാധീനം ചെലുത്തിയിരുന്നോ? സത്യാഗ്രവും അഹിംസയും അവർക്ക് എങ്ങനെയാണ് അനുഭവപ്പെട്ടത്?

ശാന്തയാണെങ്കിലും ഭവാനി കാര്യങ്ങൾ വ്യക്തമായും കൃത്യമായും പ്രകടിപ്പിക്കും. അവർ ഞങ്ങളെ സൗമ്യയായി നോക്കി. പറഞ്ഞത് മനസ്സിലാകുന്നില്ലാത്ത ബുദ്ധികുറഞ്ഞ കുട്ടികൾക്ക് അവർതന്നെ കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നുവെന്ന ഒരു തോന്നലായിരുന്നു അതിലുണ്ടായിരുന്നത്.

“ഗാന്ധി... നിങ്ങളെന്താണ് അർത്ഥമാക്കുന്നത്”, അവർ ചോദിച്ചു. ഞാൻ പോയി അതെക്കുറിച്ച് ചിന്തിച്ച് ഈ പ്രശ്നങ്ങളെക്കുറിച്ച് ആലോചിച്ചിരിക്കുകയാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എല്ലാദിവസവും ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയായിരുന്നു. അവർക്കു വേണ്ടി ഞാൻ ഭക്ഷണമുണ്ടാക്കുകയും വിളമ്പുകയും അവരുടെ കാര്യങ്ങൾ നോക്കുകയും ചെയ്യണമായിരുന്നു”, പറയുന്ന കാര്യത്തിന് ഊന്നൽ നൽകുന്നതിനായി ഞങ്ങൾക്കുനേരെ കൈവീശി അവർ പറഞ്ഞു.

"ദയവുചെയ്ത് മനസ്സിലാക്കൂ. വിവാഹിതയായപ്പോൾ എനിക്ക് 9 വയസ്സായിരുന്നു. അപ്പോൾ അത്തരം വലിയ കാര്യങ്ങളെപ്പറ്റി ഞാനെവിടെ ചിന്തിക്കാൻ? അതിനുശേഷം ഞാനൊറ്റയ്ക്ക് വലിയൊരു കൂട്ടുകുടുംബത്തിന്‍റെ കാര്യം ദശകങ്ങളോളം നോക്കി. തോട്ടത്തിന്‍റെ കാര്യം ഞാൻ നോക്കിനടത്തിയെന്ന് മനസ്സിലാക്കൂ. മണ്ണ് തയ്യാറാക്കുന്നതു മുതൽ വിതയ്ക്കുന്നതും തൊഴിലാളികളെ നോക്കുന്നതും കള പറിക്കുന്നതും വിളവെടുക്കുന്നതും വരെയുള്ള കാര്യങ്ങൾ...” അതിനുശേഷം അവർ തോട്ടത്തിൽ പണിയെടുക്കുന്നവർക്ക് ഭക്ഷണവും നൽകിയിരുന്നു.

വനത്തോടു ചേർന്ന് കിടന്നിരുന്ന പാടങ്ങളിൽ നിന്നും പിന്നീടവർ ഉൽപന്നങ്ങൾ തിരികെ വീട്ടിലെത്തിച്ചു.

യന്ത്രസംവിധാനങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് അവർ അതെല്ലാം ചെയ്തു. ഇലക്ട്രിക് ഉപകരണങ്ങളെപ്പറ്റി അന്ന് കേട്ടിട്ടേ ഇല്ലായിരുന്നു. പുരുഷന്മാരുടെ വലിയ കൈകൾക്ക് പറ്റുന്ന വിധത്തിൽ ഉണ്ടാക്കിയ അവിശ്വസനീയമാം വിധം പഴയ ഉപകരണങ്ങളും സാമഗ്രികളും ഉപയോഗിച്ചാണ് പാടത്ത് അവർ ശാരീരികമായി എല്ലാ പണികളും ചെയ്തത് (ഇപ്പോഴും അങ്ങനെതന്നെ). അസമത്വവും പട്ടിണിയും നിറഞ്ഞ ഒരു കടുത്ത വരൾച്ചബാധിത പ്രദേശത്തായിരുന്നു ഇത്.

ബൈദ്യനാഥുമായുള്ള അവരുടെ വിവാഹത്തിന് മൂന്ന് ദശകങ്ങൾക്കു ശേഷം അദ്ദേഹം വീണ്ടും വിവാഹിതനായി. ഇത്തവണ ഭവാനിയുടെ സ്വന്തം സഹോദരിയെയാണ് വിവാഹം കഴിച്ചത് - ഭവാനിയേക്കാൾ ഏതാണ്ട് 20 വയസ്സ് കുറവുള്ള ഊർമ്മിള. വലിയൊരു കുടുംബ പ്രതിസന്ധിയെ തുടർന്നാണ് ഇങ്ങനൊരു സംഭവം ഉണ്ടായതെന്ന് അവരുടെ ബന്ധുക്കൾ പറയുന്നു. സഹോദരിമാർ ഓരോരുത്തർക്കും മൂന്ന് കുട്ടികൾ വീതമുണ്ടായി.

PHOTO • P. Sainath
PHOTO • P. Sainath

ഭവാനി പുരുലിയ ജില്ലയിലെ ചേപുയ ഗ്രാമത്തിലെ തന്‍റെ വീട്ടില്‍

പ്രതിസന്ധി സാവധാനം കെട്ടടങ്ങി. ഭവാനി മഹാതൊ വളർന്നു, കൊയ്തു, അവർ പാചകം ചെയ്ത ഭക്ഷണം കുടുംബത്തിനും മറ്റു പലർക്കുമായി എത്തിച്ചു നൽകുകയും ചെയ്തു. 1920-കളിലും 30-കളിലും അവർ ഇതുതന്നെ ചെയ്തു. അതുപോലെതന്നെ 40-കളിലും.

എത്ര ഏക്കറുകളിലാണ് അവർ ജോലി ചെയ്തത് എന്നത് കുറച്ച് അവ്യക്തമാണ്. തങ്ങളുടെ സ്വന്തമെന്ന് കുടുംബം കണ്ട ഭൂമിയിലാണ് അവർ കൃഷി ചെയ്തത്. പക്ഷെ അതിന് പട്ടയം ഇല്ലായിരുന്നു. ജന്മിക്ക് താൽപര്യമുള്ളത്രയും നാൾ അവർ അവിടെ പണിയെടുത്തു. ഇരുപതിലധികം അംഗങ്ങളുണ്ടായിരുന്ന വീട് ഭവാനിയുടെ ജണ്ഡായിലെ സ്വന്തം കുടുംബവും ഭവാനിയെ വിവാഹം കഴിച്ചയച്ച ചേപുയയിലെ കുടുംബവും കൈവശം വച്ചിരുന്ന ഭൂമിയെ ആശ്രയിച്ചാണ് ജീവിച്ചത്.

ഉറക്കമുണർന്ന ശേഷമുള്ള അവരുടെ മുഴുവൻ സമയവും കടുത്ത ജോലിഭാരം അപഹരിച്ചു. ജോലി ഒരുപാടുണ്ടായിരുന്നു.

രാവിലെ 4 മണിയോടെ അവർ എഴുന്നേൽക്കുമായിരുന്നോ? "അതിനും ഒരുപാട് മുൻപ്”, അവർ പരിഹാസപൂർവ്വം സംസാരിച്ചു ”അതിനും ഒരുപാട് മുൻപ്.” രാവിലെ 2 മണിക്ക് അവർ എഴുന്നേൽക്കുമായിരുന്നു എന്ന് തോന്നുന്നു. "ഒരിക്കൽപോലും 10 മണിക്ക് മുൻപ് ഞാൻ ഉറങ്ങാൻ പോയിട്ടില്ല. സാധാരണയായി ഒരുപാട് താമസിച്ചിരുന്നു.”

അതിസാരം വന്നാണ് അവരുടെ ആദ്യത്തെ കുട്ടി മരിച്ചത്. "ഞങ്ങൾ ഒരു ചികിത്സകന്‍റെ അടുത്ത് പോയി, കവിരാജ് എന്നു വിളിക്കുന്ന ഒരു ഫക്കീറിന്‍റെ അടുത്ത്. വെറും ഒരു വയസ്സുള്ളപ്പോൾ അവൻ മരിച്ചു.”

ഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ പ്രസ്ഥാനത്തെക്കുറിച്ചും ഞാൻ വീണ്ടും ചോദിക്കാൻ ശ്രമിച്ചു. "അമ്മയായതിനുശേഷം ചർക്കയോ മുൻപ് ഞാൻ ഉപയോഗിച്ചിരുന്ന സാധനങ്ങളോ ഉപയോഗിക്കാൻ എനിക്ക് സമയം കിട്ടിയിട്ടില്ല", അവർ പറഞ്ഞു. "വിവാഹിതയായപ്പോൾ എനിക്ക് 9 വയസ്സായിരുന്നു”, അവർ എന്നെ ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു.

അതിനുശേഷം, ജീവിച്ചിരുന്ന കാലവും അനുഭവിച്ച പ്രശ്നങ്ങളും പരിഗണിച്ച് അക്കാലത്ത് നേരിട്ട മൂന്ന് കടുത്ത അനുഭവങ്ങൾ ഞങ്ങളോട് പറയാൻ ഭവാനിക്ക് കഴിയുമോ?

"ഓരോ നിമിഷവും ഞാൻ തളർന്നു. എന്‍റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ദയവുചെയ്ത് മനസ്സിലാകുക. നിങ്ങളെന്താണ് ചിന്തിക്കുന്നത്, ഞാൻ പോയിരുന്ന് ചിന്തിക്കുയായിരുന്നുവെന്നോ? ഞാൻ ഈ വലിയ വീട്ടിലെ കാര്യങ്ങൾ എങ്ങനെ നടത്താമെന്ന് നോക്കുകയായിരുന്നു. ബൈദ്യനാഥും മറ്റുള്ളവരും സമരത്തിലായിരുന്നു. ഞാൻ എല്ലാവരേയും ഊട്ടി.”

ചതയ്ക്കുന്ന ഭാരവും ഞെരുക്കുന്ന സമ്മർദ്ദവും അനുഭവപ്പെട്ടപ്പോൾ അവർ എന്തു ചെയ്തു? "ഞാനമ്മയോടൊപ്പം അവിടിരുന്ന് കരഞ്ഞു. ബൈദ്യനാഥ് കൊണ്ടുവന്ന കൂടുതൽ കൂടുതൽ ആളുകൾക്ക് ഭക്ഷണം ഉണ്ടാക്കേണ്ടി വന്നപ്പോൾ, നിങ്ങളോർക്കുക, ഞാൻ പ്രകോപിതയായില്ല. എനിക്ക് വെറുതെ കരയാൻ തോന്നി.”

അവരെ ഞങ്ങൾ നന്നായി മനസ്സിലാക്കണമെന്ന് അവർക്കുണ്ടായിരുന്നു. അതുകൊണ്ട് അവർ ആ വാക്കുകൾ ആവർത്തിച്ചു – "ഞാൻ പ്രകോപിതയായില്ല. എനിക്ക് വെറുതെ കരയാൻ തോന്നി.”

*****

1940-കളിലെ വലിയ ബംഗാൾ ക്ഷാമകാലത്ത് അവരുടെ ജോലിഭാരം ഏറ്റവും കടുത്തതായിരുന്നു. ആ സമയത്ത് അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ സങ്കൽപ്പത്തിനപ്പുറത്തായിരുന്നു

വീഡിയോ കാണുക: ഭവാനി മഹാതൊ – പുരുലിയയുടെ വിമുഖയായ സ്വാതന്ത്ര്യസമര പോരാളി

പോകാനായി ഞങ്ങൾ കസേരകളിൽ നിന്നും എഴുന്നേറ്റപ്പോൾ അവരുടെ കൊച്ചുമകൻ അദ്ധ്യാപകനായ പർത്ഥസാരഥി മഹാതൊ (ബൈദ്യനാഥിനെപ്പോലെ) ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. ‘പാർത്ഥ് ദാ’യ്ക്ക് ഞങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ടായിരുന്നു.

അങ്ങനെ കാര്യങ്ങളും മനസ്സിലാക്കി.

തന്‍റെ വലിയ കുടുംബത്തിന് പുറത്ത് ആർക്കൊക്കെ വേണ്ടിയാണ് അവർ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരുന്നത്? അഞ്ചോ പത്തോ ഇരുപതോ പേർക്ക് ബൈദ്യനാഥ് അവരെക്കൊണ്ട് ഭക്ഷണം ഉണ്ടാക്കിച്ചുകൊണ്ടിരുന്നു - ആരൊക്കെയായിരുന്നു അവർ?

“അവർ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരുന്നത് വിപ്ലവകാരികൾക്കു വേണ്ടിയായിരുന്നു”, പാർത്ഥ് ദാ പറഞ്ഞു. "ഒളിവിലിരുന്ന് പ്രതിരോധിച്ചവർക്ക്, പലപ്പോഴും മാറിനിൽക്കുകയോ കാട്ടിൽ ഒളിവിൽ കഴിയുകയോ ചെയ്തിരുന്നവർക്ക്.”

ഒൻപത് വയസ്സു മുതൽ തന്‍റെ ജീവിതത്തിൽ നിന്നും ഒരു നിമിഷം പോലും തനിക്കായി മാറ്റി വയ്ക്കാതെ ജീവിതം ഏതാണ്ട് പൂർണ്ണമായിത്തന്നെ ത്യജിച്ച ആ സ്ത്രീയെപ്പറ്റിയോർത്ത് കുറച്ച് നിമിഷങ്ങൾ ഞങ്ങൾ നിശ്ശബ്ദരായി ഇരുന്നു.

1930-കളിലും 40-കളിലും അവർ ചെയ്തത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കൽ അല്ലായിരുന്നെങ്കിൽ പിന്നെ എന്തായിരുന്നു അത്?

ഞങ്ങൾക്കത് മനസ്സിലായില്ലെന്ന അർത്ഥത്തിൽ അത്ഭുതപ്പെട്ടുകൊണ്ട് അവരുടെ മകനും മറ്റുള്ളവരും ഞങ്ങളെ നോക്കി. ഞങ്ങൾക്കത് അറിയാമായിരുന്നു എന്നാണ് അവർ കരുതിയിരുന്നത്.

എന്താണ് ചെയ്തു കൊണ്ടിരുന്നതെന്നും അതാർക്കു വേണ്ടിയായിരുന്നുവെന്നും ഭവാനി അറിഞ്ഞിരുന്നോ?

യഥാർത്ഥത്തിൽ അറിയാമായിരുന്നു. ഭവാനിക്ക് അവരുടെ പേരുകൾ അറിയില്ലായിരുന്നിരിക്കാം, അല്ലെങ്കിൽ അവരെ വ്യക്തികളെന്ന നിലയിൽ തിരിച്ചറിഞ്ഞിരുന്നില്ലായിരിക്കാം. ബൈദ്യനാഥും സഹവിപ്ലവകാരികളും ഗ്രാമത്തിലെ സ്ത്രീകൾ ഉണ്ടാക്കിയ ഭക്ഷണം ഒളിവിലുള്ളവർക്ക് എത്തിച്ച് നൽകിയിരുന്നു – രണ്ട് കൂട്ടരെയും പറ്റാവുന്നത്ര സംരക്ഷിക്കുന്ന വിധത്തിൽ.

ആ സമയത്തെ പുരുലിയയിലെ അവസ്ഥകൾ പഠിച്ച പാർത്ഥ് ദാ പിന്നീട് ഞങ്ങളോട് പറയുമായിരുന്നു: "ഗ്രാമത്തിലെ കുറച്ചു സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങൾ മാത്രമായിരുന്നു ഒളിവിലിരുന്ന നിരവധി പ്രവർത്തകർക്ക് ഭക്ഷണം തയ്യാറാക്കിയിരുന്നത്. ഭക്ഷണം ഉണ്ടാക്കുന്ന സ്ത്രീകളോട് അത് അടുക്കളയിൽത്തന്നെ വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു.

"അവർക്കറിയില്ലായിരുന്നു ആരായിരുന്നു ഭക്ഷണം എടുത്തിരുന്നതെന്നും അത് അർക്കുവേണ്ടി ആയിരുന്നുവെന്നും. ചെറുത്തുനിൽപ്പ് നടത്തുന്നവർ ഗ്രാമത്തിൽ നിന്നുള്ള ആളുകളെ ഒരിക്കലും സാധനങ്ങളെത്തിക്കുന്നതിന് ഉപയോഗിച്ചിരുന്നില്ല. ബ്രിട്ടീഷുകാർക്ക് ഗ്രാമത്തിൽ ചാരന്മാരും വിവരങ്ങൾ നൽകുന്നവരും ഉണ്ടായിരുന്നു. അവരുടെ സഹകാരികളായിരുന്ന ഫ്യൂഡൽ ജന്മിമാരും അങ്ങനെ തന്നെയായിരുന്നു. കാട്ടിലേക്ക് ഭാരവും വഹിച്ചുകൊണ്ട് പോകുന്ന പ്രദേശവാസികളെ ഇത്തരത്തിൽ വിവരം നൽകുന്നവർ മനസ്സിലാക്കുമായിരുന്നു. ഒളിവിലിരിക്കുന്നവർക്കും സ്ത്രീകൾക്കും അതാപത്താണ്. ഭക്ഷണം ശേഖരിക്കാനായി അവർ അയയ്ക്കുന്നവരെ (മിക്കവാറും സന്ധ്യയ്ക്ക്) ആരേയും അവർക്ക് തിരിച്ചറിയാനും കഴിഞ്ഞില്ല. ആരായിരുന്നു ഭക്ഷണം കൊണ്ടുപോയിരുന്നത് എന്ന് സ്ത്രീകൾ ഒരിക്കലും കണ്ടില്ല.

"ആ രീതിയിൽ രണ്ടുകൂട്ടരും വെളിവാകാതെ മറയ്ക്കപ്പെട്ടു. പക്ഷെ സ്ത്രീകൾക്കറിയാമായിരുന്നു എന്തായിരുന്നു നടക്കുന്നതെന്ന്. ഗ്രാമത്തിലെ മിക്ക സ്ത്രീകളും എല്ലാദിവസവും രാവിലെ കുളങ്ങൾക്കും തോടുകൾക്കും ടാങ്കുകൾക്കും അരികെ ഒത്തു കൂടുമായിരുന്നു – മേൽപ്പറഞ്ഞ പ്രവർത്തനത്തിൽ ഉൾപ്പെട്ടവർ അനുഭവങ്ങൾ പരസ്പരം കൈമാറി. ചെയ്യുന്നതെന്താണെന്നും എന്തിനുവേണ്ടിയാണെന്നും അവർക്കറിയാമായിരുന്നു – പക്ഷെ പ്രത്യേകിച്ച് ആർക്കുവേണ്ടിയെന്ന് അറിയില്ലായിരുന്നു.”

*****

PHOTO • P. Sainath

ചെറുമകനായ പാര്‍ത്ഥസാരഥി മഹാതോയുള്‍പ്പെടെ (താഴെ വലത്) നിലവിലുള്ള വീട്ടിലെ 13 അംഗങ്ങളോടൊപ്പം ഭവാനി. ഫോട്ടോ എടുത്തസമയത്ത് കുടുംബാംഗങ്ങളില്‍ ചിലര്‍ ഇല്ലായിരുന്നു

കഷ്ടിച്ച് കൗമാരക്കാരായ പെൺകുട്ടികളെയും ‘സ്ത്രീകൾ’ ഉൾപ്പെടുത്തി. ഇവയ്ക്കെല്ലാം ഗുരുതരങ്ങളായ പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്നു. ഭവാനിയുടെ വീട്ടിൽ പോലീസ് വന്നാലോ? അവരുടെയും, അവർ ചൂണ്ടിക്കാണിക്കുന്നതുപോലെ ‘എല്ലാത്തിനും’ വേണ്ടി അവരെ ആശ്രയിക്കുകയും ചെയ്യുന്ന കുടുംബങ്ങളുടെയും, അവസ്ഥ എന്താകും? എന്നിരിക്കിലും ഒളിപ്രവർത്തന മുറകൾ കാര്യമായിത്തന്നെ നടന്നു.

എന്നിരിക്കിലും സ്വദേശിയും ചർക്കയും ചെറുത്തു നിൽപ്പിന്‍റെ മറ്റ് ചിഹ്നങ്ങളും വഹിച്ചിരുന്നവരൊക്കെ എല്ലായ്പ്പോഴും നിരീക്ഷണത്തിലായിരുന്നു. അപകടങ്ങൾ സത്യമായിരുന്നു.

ഒളിവിലായിരുന്നവർക്ക് ഭവാനി എന്താണ് ഉണ്ടാക്കിയത്? ഞങ്ങളുടെ മീറ്റിംഗിനു ശേഷം പാർത്ഥ അത് ഞങ്ങളോട് വിശദീകരിച്ചു. ചോളം, കരുവരക് (ditch millet or Indian cow grass), പഞ്ഞപ്പുല്ല് എന്നിവയും സ്ത്രീകൾക്ക് കിട്ടുന്ന എന്തു പച്ചക്കറിയും. അതിനർത്ഥം വീട്ടിൽ ലഭിക്കുന്ന അതേ ഭക്ഷണം ഒളിവിലുള്ളവർക്ക് കഴിക്കാമായിരുന്നു എന്നാണ്. ഭവാനിക്കും സുഹൃത്തുക്കൾക്കും നന്ദി.

ചില അവസരങ്ങളിൽ അവർക്ക് അവലും പൊരിയും ലഭിക്കുമായിരുന്നു. സ്ത്രീകൾ ചിലപ്പോൾ പഴങ്ങളും കൊടുത്തയച്ചിരുന്നു. അവ കൂടാതെ അവർ കാട്ട് പഴങ്ങളും ബെറി പഴങ്ങളും ഭക്ഷിക്കുമായിരുന്നു. പ്രായമുള്ളവർ ഓർക്കുന്ന ഒരിനമാണ് ക്യാൻഡ് (അഥവ തിരിൽ ). ഒന്നിലധികം ആദിവാസി ഭാഷകൾ പ്രകാരം അതിനർത്ഥം കാട്ടിലെ പഴം എന്നാണ്.

തന്‍റെ മുത്തച്ഛൻ ഒരു യുവഭർത്താവായിരുന്നപ്പോൾ പെട്ടെന്നെത്തി ഭവാനിക്ക് ഉത്തരവുകൾ നൽകുമായിരുന്നു എന്ന് പാർത്ഥ് ദാ പറഞ്ഞു. കാട്ടിലെ സുഹൃത്തുക്കൾക്കു വേണ്ടിയാകുമ്പോൾ തീർച്ചയായും ഇത് നിരവധിയാളുകൾക്ക് ഭക്ഷണമുണ്ടാക്കുക എന്നതായിരുന്നു.

ബ്രിട്ടീഷുകാർ മാത്രമായിരുന്നില്ല പ്രശ്നം. 1940-കളിലെ വലിയ ബംഗാൾ ക്ഷാമകാലത്ത് അവരുടെ ജോലിഭാരം ഏറ്റവും കടുത്തതായിരുന്നു. ആ സമയത്ത് അവർ അനുഭവിച്ച ബുദ്ധിമുട്ടുകൾ സങ്കൽപ്പത്തിനപ്പുറത്തായിരുന്നു.

സ്വാതന്ത്ര്യാനന്തരവും ഭവാനിയുടെ സാഹസങ്ങൾ തുടർന്നു. 1950-കളിൽ ഈ കുടുംബം താമസിച്ചിരുന്ന മൊഹല്ല വലിയൊരു തീപിടുത്തത്തിൽ നശിച്ചു. ആളുകൾ അവിടെ സൂക്ഷിച്ചിരുന്ന മുഴുവൻ ധാന്യങ്ങളും നശിച്ചു. ജണ്ഡാ ഗ്രാമത്തിലെ തന്‍റെ കുടുംബഭൂമിയിൽ നിന്നും ഭവാനി ധാന്യങ്ങളും ഉൽപന്നങ്ങളും കൊണ്ടുവന്നു. അടുത്ത വിളവെടുപ്പ് വരെ, ആഴ്ചകളോളം, മുഴുവൻ ആളുകളും അതുപയോഗിച്ച് ജീവിച്ചു.

അന്ന് ബീഹാറിന്‍റെ ഭാഗമായിരുന്ന ജംഷഡ്പൂരിൽ 1964-ൽ ഒരു വലിയ വർഗ്ഗീയ പ്രക്ഷോഭമുണ്ടായി. പുരുലിയയിലെ ചില ഗ്രാമങ്ങളിലും ഇതിന്‍റെ പ്രതിഫലനങ്ങൾ ഉണ്ടായി. ഭവാനി അവരുടെ ഗ്രാമത്തിലെ നിരവധി മുസ്ലീങ്ങൾക്ക് തന്‍റെ വീട്ടിൽ അഭയം നൽകി.

നേരത്തെതന്നെ വയോധികയായിരുന്ന ഭവാനി രണ്ടു ദശകങ്ങൾക്കു ശേഷം നാട്ടുകാരുടെ വളർത്തു മൃഗങ്ങളെ ആക്രമിക്കുകയായിരുന്ന ഒരു കാട്ടുപൂച്ചയെ കൊന്നു. ഒരു മരക്കഷണം ഉപയോഗിച്ചാണ് അവരത് ചെയ്തതെന്ന് പാർത്ഥ് ദാ പറഞ്ഞു. കാട്ടിൽനിന്നും പുറത്തുവന്ന ഒരു പൂവെരുക് ആയിരുന്നു അതെന്ന് പിന്നീട് മനസ്സിലായി.

*****

PHOTO • Courtesy: the Mahato family

ഭവാനി മഹാതോ (നടുവില്‍) ഭര്‍ത്താവ് ബൈദ്യനാഥും സഹോദരി ഊര്‍മിളയുമൊത്ത് 1980-കളില്‍. അതിനു മുന്‍പുള്ള കുടുംബചിത്രങ്ങള്‍ ലഭ്യമല്ല

പുതുമ കലർന്ന ബഹുമാനത്തോടെ ഞങ്ങൾ ഭവാനി മഹാതോയെ നോക്കി. സ്വാതന്ത്ര്യസമര സേനാനിയായ ഗൺപതി യാദവിനെക്കുറിച്ച് ഞാൻ ചെയ്ത കഥ എനിക്കോർമ്മ വന്നു. സാതാറയിൽ ഒളിവ് സന്ദേശ വാഹകനായിരുന്ന അദ്ദേഹം വനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകിയിരുന്നു. ഞാൻ കണ്ടുമുട്ടിയ 98-ാം വയസ്സിലും ദിവസവും 20 കിലോമീറ്റർ അദ്ദേഹം സൈക്കിൾ ചവിട്ടുമായിരുന്നു. ആ അദ്ഭുത മനുഷ്യനെക്കുറിച്ചുള്ള കഥ ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നു. വലിയ അപകടം നേരിട്ടുകൊണ്ട് ധാരാളം ഭക്ഷണം അദ്ദേഹം കാട്ടിലെത്തിച്ചു. പക്ഷെ ഭക്ഷണം പാകം ചെയ്യുന്ന അദ്ദേഹത്തിന്‍റെ ഭാര്യയെക്കുറിച്ചോ?

ഞാനദ്ദേഹത്തെ സന്ദർശിച്ച സമയത്ത് അവർ ബന്ധുക്കളോടൊപ്പം അകലെയായിരുന്നു.

ഗൺപതി മരിച്ചു. പക്ഷെ ഭവാനിയുമായുള്ള ഞങ്ങളുടെ കൂടിക്കാഴ്ച ഒരുകാര്യം മനസ്സിലാക്കുന്നതിന് എന്നെ സഹായിച്ചു. തിരിച്ചുപോയി വത്സല ഗൺപതി യാദവിനോട് സംസാരിക്കേണ്ടത് ആവശ്യമാണെന്ന്. ഒപ്പം, അവരെക്കൊണ്ട് സ്വന്തം കഥ പറയിക്കുകയെന്നതും.

നേതാജി സുഭാഷ് ബോസിന്‍റെ ഇൻഡ്യൻ നാഷണൽ ആർമിയിൽ ചേരുകയും ബർമയിലെയും (ഇപ്പോൾ മ്യാൻമാർ) സിംഗപൂരിലെയും കാടുകളിൽ അതിന്‍റെ ക്യാമ്പുകളിൽ പ്രവർത്തിക്കുകയും ചെയ്ത ഒഡിയ സ്വാതന്ത്ര്യസമര സേനാനി ലക്ഷ്മി പാണ്ഡയുടെ ശക്തമായ വാക്കുകൾ ഓർമ്മിക്കാനും ഭവാനി കാരണമായി.

"ഞാൻ ഒരിക്കലും ജയിലിൽ പോയില്ല, തോക്കുപയോഗിക്കാൻ പഠിച്ചു പക്ഷെ ആരെയും വെടിവച്ചില്ല, അതുകൊണ്ട് ഞാൻ സ്വാതത്ര്യസമര പോരാളിയല്ലാതാകുമോ? ബ്രിട്ടീഷ് ബോംബിംഗിന്‍റെ ലക്ഷ്യങ്ങളായിരുന്ന ഐ.എൻ.എയുടെ വനത്തിലെ ക്യാമ്പുകളിൽ മാത്രമെ ഞാൻ പ്രവർത്തിച്ചിട്ടുള്ളൂ. സ്വാതന്ത്ര്യസമരത്തിന് ഞാനൊരു സംഭാവനയും നൽകിയിട്ടില്ലെന്നാണോ അതിനർത്ഥം? പുറത്തുപോയി യുദ്ധം ചെയ്യുന്ന എല്ലാവർക്കും വേണ്ടി 13-ാം വയസ്സിൽ ക്യാമ്പിലെ അടുക്കളകളിൽ  ഞാൻ പാചകം ചെയ്യുകയായിരുന്നു. ഞാനതിന്‍റെ ഭാഗമല്ലേ?"

ലക്ഷ്മി പാണ്ഡ, സാലിഹൻ, ഹൗസാബായ് പാട്ടീൽ, വത്സല യാദവ് എന്നിവരെപ്പോലെ ഭവാനിയ്ക്കും യഥാർത്ഥത്തിൽ അവർ അർഹിക്കുന്ന ആദരവുകളും അംഗീകാരവും ലഭിച്ചിട്ടില്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ അവരെല്ലാവരും മറ്റാരെയും പോലെ ബഹുമാന്യരായി യുദ്ധം ചെയ്യുകയും കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്തു. പക്ഷെ അവർ സ്ത്രീകളായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള മുൻവിധികളും വാർപ്പ്മാതൃകകളും കൊണ്ടുനിറഞ്ഞ സമൂഹങ്ങളിൽ അവരുടെ പങ്ക് വളരെക്കുറിച്ച് മാത്രമെ വിലമതിക്കപ്പെടുന്നുള്ളൂ.

എന്നിരിക്കിലും ഭവാനി മഹാതോയെ ഇത് ബാധിക്കുന്നതായി തോന്നുന്നില്ല. ഒരുപക്ഷെ ആ മൂല്യങ്ങൾ അവർ ആന്തരികവൽക്കരിച്ചിട്ടുണ്ടായിരിക്കണം? ഒരുപക്ഷെ ഇത് അവരെ തന്റേതു മാത്രമായ സംഭാവനകളെ അവമതിക്കുന്നതിലേക്ക് നയിച്ചിരിക്കാം?

പക്ഷെ ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ അവർ പറഞ്ഞ അവസാന കാര്യം ഇതായിരുന്നു: "ഞാൻ വളർത്തിയെടുത്തതെന്താണെന്നു നോക്കുക. ഈ വലിയ കുടുംബം, ഈ മുഴുവൻ തലമുറകൾ, ഞങ്ങളുടെ പാടം, എല്ലാം. പക്ഷെ ഈ ചെറുപ്പക്കാർ...” സ്ത്രീകളായ നിരവധി ചെറുമരുമക്കൾ വളരെ ജാഗ്രതയോടെ നമുക്ക് ചുറ്റും പ്രവർത്തിക്കുന്നത് കാണാം. അവർ തീർച്ചയായും ഏറ്റവും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. പക്ഷെ ഇതുതന്നെയാണവർ തന്‍റെ കാലത്ത് ഒറ്റയ്ക്ക് ചെയ്തത്.

ഭവാനി സത്യത്തിൽ അവരെയോ അല്ലെങ്കില്‍ ആരെയെങ്കിലുമോ കുറ്റപ്പെടുത്തുന്നില്ല. ‘എല്ലാം’ ചെയ്യാൻ പറ്റുന്ന കുറച്ചുപേർ മാത്രമേയുള്ളൂവെന്ന് ഖേദിക്കുക മാത്രമാണവർ ചെയ്യുന്നത്.


ലേഖനത്തിനുവേണ്ട പ്രധാന ആശയങ്ങള്‍ നല്‍കിയതിനും ഭവാനി മഹാതോ സംസാരിച്ചപ്പോള്‍ തടസ്സമില്ലാതെ പരിഭാഷപ്പെടുത്തിയത്തിനും സ്മിത ഖടോറിനോട്‌ ഞാന്‍ നന്ദി അറിയിക്കുന്നു. കൂടാതെ, മൂല്യവത്തായ ആശയങ്ങൾ നൽകിയതിനും കൂടിക്കാഴ്ചകളും അഭിമുഖങ്ങളും സാദ്ധ്യമാക്കിയ പര്യവേക്ഷണ യാത്ര സംഘടിപ്പിച്ചതിനും ജോശുവ ബോധിനേത്ര യോടും നന്ദി അറിയിക്കുന്നു. സ്മി തയും ജോശുവയും ഇല്ലാതെ ഈ ലേഖനം തയ്യാറാക്കാൻ കഴിയുമായിരുന്നില്ല.

പരിഭാഷ : റെന്നിമോന് കെ . സി .

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.