“ഞാന്‍ മരിച്ചാല്‍ കുഴപ്പമൊന്നുമില്ല, പക്ഷെ ആശുപത്രി ചിലവ് നമുക്കു താങ്ങാന്‍ കഴിയില്ല”, മരിക്കുന്നതിന്‍റെ രണ്ടുനാള്‍ മുന്‍പു ഹരിശ്ചന്ദ്ര ധാവ്റെ അദ്ദേഹത്തിന്‍റെ ഭാര്യ ജയശ്രീയോട് പറഞ്ഞു. നാല്‍പ്പത്തെട്ട് വയസ്സുണ്ടായിരുന്ന ആ പത്രപ്രവര്‍ത്തകന്‍റെ ആരോഗ്യനില കോവിഡ്-19 മൂലം വഷളാവുകയും തുടര്‍ന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നല്‍കുകയും ചെയ്തിരുന്നു.

അപ്പോള്‍പോലും അദ്ദേഹത്തിന്‍റെ ആശങ്ക സ്വന്തം ജീവനെക്കുറിച്ചായിരുന്നില്ല, പകരം ആശുപത്രി ബില്ലിനെക്കുറിച്ചായിരുന്നു. “അദ്ദേഹം എന്നോടു വഴക്കുണ്ടാക്കി പൊട്ടിക്കരഞ്ഞു”, 38-കാരിയായ ജയശ്രീ ഓര്‍മ്മിച്ചു. “വീട്ടില്‍ പോകാന്‍ അദ്ദേഹം നിര്‍ബ്ബന്ധം പിടിച്ചു.”

ഹരിശ്ചന്ദ്രയെ 2021 മാര്‍ച്ച് അവസാനം കൊറോണ വൈറസ് ബാധിച്ചപ്പോള്‍ 20 വര്‍ഷത്തെ അദ്ദേഹത്തിന്‍റെ പത്ര പ്രവര്‍ത്തക ജീവിതം കൊണ്ട് ഒന്നും ചെയ്യാനായില്ല. ജോലിയാണ് അദ്ദേഹത്തിന്‍റെ അവസ്ഥ കൂടുതല്‍ മോശമാക്കിയത്.

മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിലെ വാര്‍ത്താ മാദ്ധ്യമങ്ങള്‍ക്കു വേണ്ടി 2001-ന്‍റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഹരിശ്ചന്ദ്രയുടെ അവസാന ജോലി രാജധര്‍മ്മ എന്ന മറാത്തി ദിനപത്രത്തിലായിരുന്നു. “അദ്ദേഹം കോവിഡ്-19-ന്‍റെ രണ്ടാം തരംഗത്തെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പത്രസമ്മേളനങ്ങളില്‍ പങ്കെടുത്ത ശേഷം അദ്ദേഹം പലപ്പോഴും ഫീല്‍ഡില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്”, ജയശ്രീ പറഞ്ഞു. “വീട്ടില്‍ നിന്നും ഇറങ്ങുന്ന എല്ലാസമയത്തും അദ്ദേഹം ഉത്കണ്ഠാകുലനാകുമായിരുന്നു. അദ്ദേഹത്തിന് ഉയര്‍ന്ന നിലയില്‍ പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിനു തന്‍റെ ജോലി ചെയ്യണമെന്നാണ് പറഞ്ഞത്.”

മാര്‍ച്ച് 22-ന് ധാവ്റെ കോവിഡിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി – ശരീര വേദനയും പനിയും. “ആരോഗ്യം മെച്ചപ്പെടാതിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ പട്ടണത്തിലെ സിവില്‍ ആശുപത്രിയില്‍ ആക്കി”, ജയശ്രീ പറഞ്ഞു. പരിശോധനയില്‍ പോസിറ്റീവ് ആയിരുന്നതുകൊണ്ട് അദ്ദേഹത്തെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാന്‍ തീരുമാനിച്ചു. “വലിയ സൗകര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ പുരോഗതിയും അത്ര തൃപ്തികരമായിരുന്നില്ല”, ജയശ്രീ കൂട്ടിച്ചേര്‍ത്തു. അങ്ങനെ മാര്‍ച്ച് 31-ന് അദ്ദേഹത്തെ 60 കിലോമീറ്റര്‍ അകലെ സോളാപൂരുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാന്‍ കുടുംബം തീരുമാനിച്ചു.

ആറു ദിവസങ്ങള്‍ അവിടെ ചിലവഴിച്ച ശേഷം ഏപ്രില്‍ 6-ന് രാവിലെ അദ്ദേഹം മരിച്ചു.

Jayashree Dhaware at her home store and beauty parlour (right). Her journalist husband, Harishchandra, died in April due to Covid
PHOTO • Parth M.N.
Jayashree Dhaware at her home store and beauty parlour (right). Her journalist husband, Harishchandra, died in April due to Covid
PHOTO • Parth M.N.

ജയശ്രീ ധാവ്റെ വീടിനോടു ചേര്‍ന്നുള്ള തന്‍റെ കടയിലും ബ്യൂട്ടിപാര്‍ലറിലും (വലത്). അവരുടെ ഭര്‍ത്താവ് പത്രപ്രവര്‍ത്തകനായിരുന്ന ഹരിശ്ചന്ദ്ര ഏപ്രിലില്‍ കോവിഡ് മൂലം മരിച്ചു.

ആശുപത്രി 4 ലക്ഷം രൂപയുടെ ബില്‍ നല്‍കി. മരിക്കുന്ന സമയത്ത് ഹരിശ്ചന്ദ്രന്‍റെ മാസശമ്പളം 4,000 രൂപയാണ്. അദ്ദേഹത്തിന്‍റെ മരണശേഷം ജയശ്രീ അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു ലക്ഷം രൂപയ്ക്കു വിറ്റു. “ബന്ധുക്കള്‍ എനിക്കു കുറച്ചു പണം വായ്പ തന്നു. ഉസ്മാനാബാദിലെ പത്രപ്രവര്‍ത്തകര്‍ 20,000 രൂപ നല്‍കി എന്നെ സഹായിച്ചു”, അവര്‍ പറഞ്ഞു. “പക്ഷെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് കുടുംബത്തില്‍ വരുമാനം നേടിക്കൊണ്ടിരുന്ന ഒരേയൊരാളെയാണ്. കടം എങ്ങനെ വീട്ടുമെന്ന് എനിക്ക് അറിയില്ല.”

ഹരിശ്ചന്ദ്രന്‍റെ വാര്‍ഷിക വരുമാനം ഏകദേശം ഒരു ലക്ഷം രൂപ വരുമായിരുന്നു. ഇത് അദ്ദേഹം പത്രത്തിനു പിടിച്ചു കൊടുക്കുന്ന പരസ്യത്തിനു ലഭിക്കുന്ന 40 ശതമാനം കമ്മീഷന്‍ ഉള്‍പ്പെടെയായിരുന്നു. ബിസ്ക്കറ്റ്, ചിപ്സ്, മുട്ട എന്നിവയൊക്കെ വില്‍ക്കുന്ന ഒരു ചെറിയ കട ജയശ്രീ വീടിനോടു ചേര്‍ന്ന് നടത്തുന്നു. “എനിക്ക് ഇതില്‍ നിന്നും എന്തെങ്കിലും കഷ്ടിച്ചേ ലഭിക്കൂ” അവര്‍ പറഞ്ഞു. അവര്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ കൂടി നടത്തുന്നുണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ ഒന്നര വര്‍ഷമായി മഹാമാരി കാരണം ആരും വരുന്നില്ല.

നവ ബുദ്ധ സമുദായത്തില്‍ പെടുന്ന ധാവ്റെ കുടുംബം മഹാത്മാ ജ്യോതിറാവു ഫൂലെ ജന്‍ ആരോഗ്യ യോജനയുടെ (എം.ജെ.പി.ജെ.എ.വൈ.) കീഴിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന് അര്‍ഹനാണ്. മേല്‍പ്പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഒരുലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ള കുടുംബങ്ങളുടെ മെഡിക്കല്‍ ചിലവുകള്‍ (2.5 ലക്ഷം രൂപ വരെ) വഹിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പത്രപ്രവര്‍ത്തകരും ഈ പദ്ധതിയിന്‍ കീഴില്‍ വരുന്നു. ഈ പദ്ധതി അനുസരിച്ച് ആശുപത്രികള്‍ രോഗിയെ ചികിത്സിക്കുന്നു, പക്ഷെ സംസ്ഥാന സര്‍ക്കാര്‍ ബില്‍ അടയ്ക്കുന്നു.

പദ്ധതിക്ക് അപേക്ഷിക്കുന്നതിനായി ആശുപത്രി ഹരിശ്ചന്ദ്രനെ വെയിറ്റിംഗ് ലിസ്റ്റില്‍ പെടുത്തിയെന്ന് ജയശ്രീ പറഞ്ഞു. അദ്ദേഹം നേരത്തെ തന്നെ കൊറോണ വൈറസ് ബാധിതനായി മൂന്നു ദിവസം ഉസ്മാനബാദ് ആശുപത്രിയില്‍ ചിലവഴിച്ചിരുന്നു. “ആപേക്ഷിക്കുന്നതനിടയ്ക്ക് ചികിത്സ തുടങ്ങാന്‍ ഞങ്ങള്‍ ആശുപത്രി അധികൃതരോട് പറഞ്ഞു. പക്ഷെ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാകുന്നതിനു മുന്‍പ് അദ്ദേഹം മരിച്ചു. അവര്‍ ബോധപൂര്‍വ്വം താമസിച്ചതാണെന്നു ഞാന്‍ വിചാരിക്കുന്നു.” ഹരിശ്ചന്ദ്രന്‍ മരിച്ച ദിവസം തന്നെ ജയശ്രീ ആശുപത്രി വിട്ടു.

ഈ വര്‍ഷം ഫെബ്രുവരി ആദ്യം കോവിഡ്-19 രണ്ടാം തരംഗം ആരംഭിച്ചപ്പോള്‍ മുതല്‍ രാജ്യത്തുടനീളം പത്രപ്രവര്‍ത്തകരുടെ സുരക്ഷയെ സംബന്ധിച്ച പ്രശ്നങ്ങള്‍, പ്രത്യേകിച്ച് ഫീല്‍ഡ് റിപ്പോര്‍ട്ടര്‍മാരുടെ കാര്യം, ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പത്രപ്രവര്‍ത്തകരെ മുന്‍നിര ജോലിക്കാരായി പരിഗണിക്കാത്തപ്പോള്‍ ഒഡീഷ, തമിഴ്നാട്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ പത്രപ്രവര്‍ത്തകരെ പ്രസ്തുത വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും മുന്‍ഗണന നല്‍കി പ്രതിരോധ മരുന്ന് നല്‍കുകയും ചെയ്യുന്നു.

പ്രതിഷേധങ്ങള്‍ നടത്തുകയും സംസ്ഥാന സര്‍ക്കാരിന് അപേക്ഷകള്‍ നല്‍കുകയും ചെയ്തെങ്കിലും - അങ്ങനെ ചെയ്തതില്‍ ചില കാബിനറ്റ്‌ മന്ത്രിമാര്‍ പോലും ഉള്‍പ്പെട്ടിരുന്നു - മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പത്രപ്രവര്‍ത്തകരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയില്ല.

TV journalist Santosh Jadhav rarely goes out now. His mother (right) died from getting infected when he had Covid last year
PHOTO • Parth M.N.
TV journalist Santosh Jadhav rarely goes out now. His mother (right) died from getting infected when he had Covid last year
PHOTO • Parth M.N.

ടി.വി. മാദ്ധ്യമ പ്രവര്‍ത്തകനായ സന്തോഷ്‌ ജാധവ് അപൂര്‍വ്വമായേ പുറത്തു പോകാറുള്ളൂ. കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനു കോവിഡ് പിടിപെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ മാതാവിനും (വലത്) വൈറസ് ബാധ ഏല്‍ക്കുകയും അതേത്തുടര്‍ന്ന് അവര്‍ മരിക്കുകയും ചെയ്തു.

“സംസ്ഥാനത്ത് 2020 ഓഗസ്റ്റ് മുതല്‍ 2021 മെയ് വരെയുള്ള സമയത്ത് 132 പത്രക്കാര്‍ മരിച്ചു”, മഹാരാഷ്ട്രയിലെ 8,000 പത്രപ്രവര്‍ത്തകരുടെ യൂണിയനായ മറാത്തി പത്രക്കാര്‍ പരിഷത്തിന്‍റെ മുഖ്യ രക്ഷാധികാരി ആയ എസ്. എം. ദേശ്മുഖ് പറഞ്ഞു. അതു പക്ഷെ കുറച്ചു പറയുന്ന കണക്കാണെന്ന് ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നു. അത്ര അറിയപ്പെടാത്ത പ്രാദേശിക വാര്‍ത്താ മാദ്ധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാരുടെ പേരുകള്‍ പ്രസ്തുത കണക്കില്‍ നഷ്ടപ്പെട്ടിട്ടുണ്ടാകണം.

“ഗ്രാമീണ മേഖലയില്‍ നിന്നുള്ള കേസുകള്‍ [അവയെക്കുറിച്ചുള്ള വിവരങ്ങള്‍] എന്‍റെയടുത്ത് എത്താതിരിക്കാനുള്ള സാദ്ധ്യതയുണ്ട്”, ദേശ്മുഖ് സമ്മതിച്ചു. സംസ്ഥാനത്ത് ഇതുവരെ ഏകദേശം 6,000 പത്രപ്രവര്‍ത്തകര്‍ക്ക് - എല്ലാവരും എം.പി.പി. അംഗങ്ങള്‍ അല്ല – കോവിഡ്-19 ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “നിരവധി കേസുകളില്‍ അവര്‍ രോഗമുക്തി പ്രാപിച്ചെങ്കിലും കുടുംബാംഗങ്ങള്‍ മരിച്ചു.”

മുന്‍നിര ജോലി പദവിക്കായുള്ള ആവശ്യം ശക്തമാക്കുന്നതിനായി മെയ് 11-ന് മഹാരാഷ്ട്രയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള 90 പത്രപ്രവര്‍ത്തകര്‍ ഒരു ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു. കോവിഡ്-19 ചെറു പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടര്‍ന്നതിനാല്‍ ഗ്രാമീണ മേഖലകളിലുള്ള പത്രപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍ കുറച്ചു ദൂരം സഞ്ചരിക്കാതെ അവര്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാകണമെന്നില്ല.

ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍സപ്ഷന്‍ സ്റ്റഡീസ് (Institute of Perception Studies) കോവിഡ്-19 മൂലം മരിച്ച പത്രക്കാരെക്കുറിച്ച് നടത്തിയ ഒരു ഗവേഷണം അനുസരിച്ച് 2020 ഏപ്രില്‍ 1 മുതല്‍ 2021 മെയ് 12 വരെ നടന്ന 219 മരണങ്ങളില്‍ 138 എണ്ണവും മെട്രോ ഇതര പ്രദേശങ്ങളില്‍ നിന്നായിരുന്നു.

ഗ്രാമീണ മേഖലയിലെ പത്രപ്രവര്‍ത്തകര്‍ കുറഞ്ഞ വേതനത്തോടുകൂടിയും ഒരു അംഗീകാരം ഇല്ലാതെയും കഠിന പ്രയത്നം നടത്തുന്നു. അവരോടുള്ള അവഗണന തുടരുന്നുവെന്ന് ഉസ്മാനാബാദില്‍ നിന്നുള്ള 37-കാരനായ സന്തോഷ്‌ ജാധവ് പറഞ്ഞു. “പത്രപ്രവര്‍ത്തകരെ [ജനാധിപത്യത്തിന്‍റെ] നാലാം തൂണ്‍, കോവിഡ് പോരാളികള്‍ എന്നൊക്കെ മഹത്വവത്കരിക്കുന്നു. പത്രപ്രവര്‍ത്തനത്തെ അവശ്യ സേവനം എന്നുപോലും വിളിക്കുന്നു. പക്ഷെ പ്രതിരോധ മരുന്നു ലഭിക്കാന്‍ ഞങ്ങള്‍ക്ക് ഒരു മുന്‍ഗണനയും ലഭിക്കുന്നില്ല”, മുംബൈ കേന്ദ്രമാക്കിയ ഒരു മറാത്തി ടെലിവിഷനു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സന്തോഷ്‌ ജാധവ് പറഞ്ഞു. “ഞങ്ങള്‍ ആളുകളുടെ അവബോധം ഉയര്‍ത്തേണ്ടവരാണ് എന്നു കരുതപ്പെടുന്നു. ഞങ്ങള്‍ യഥാര്‍ത്ഥ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് ചെയ്യുമെന്നാണ് ആളുകള്‍ പ്രതീക്ഷിക്കുന്നത്. മറ്റുള്ളവരുടെ താത്പര്യങ്ങള്‍ ആണ് ഞങ്ങള്‍ ഉയര്‍ത്തുന്നത്. പക്ഷെ പത്രപ്രവര്‍ത്തകരുടെ താല്‍പ്പര്യങ്ങള്‍ ആരും കാര്യമായി ശ്രദ്ധിക്കാറില്ല.”

ജാധവിനെപ്പോലുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ അവസ്ഥ കൂടുതല്‍ മോശമാണ്. “നിങ്ങള്‍ മുംബൈയിലോ ഡല്‍ഹിയിലോ ആണെങ്കില്‍ നിങ്ങളുടെ ശബ്ദം കണക്കിലെടുക്കും. ഈ സമയത്ത് ഗ്രാമീണ മേഖലയിലെ റിപ്പോര്‍ട്ടര്‍മാരുടെ സംരക്ഷണത്തിന് പുതിയ പത്രങ്ങളും ചാനലുകളും എന്താണ് ചെയ്തിട്ടുള്ളത്? മുന്‍ഗണനാടിസ്ഥാനത്തില്‍ അവര്‍ക്കു പ്രതിരോധ മരുന്ന് നല്‍കുന്നതിനായി എത്രപേര്‍ പ്രചരണം നടത്തി?” അദ്ദേഹം ചോദിച്ചു. “ഗ്രാമീണ മേഖലയിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് മാന്യമായ ശമ്പളം ലഭിക്കുന്നത് അപൂര്‍വ്വമാണ്. അവര്‍ മരിക്കുകയാണെങ്കില്‍ അവരുടെ കുട്ടികള്‍ക്ക് എന്തു സംഭവിക്കും?”

Yash and Rushikesh have been unusually quiet after their father's death
PHOTO • Parth M.N.

യാഷും ഋശികേശും അച്ഛന്‍റെ മരണശേഷം അസാധാരണമാംവിധം നിശബ്ദരാണ്.

കോവിഡ്-19 ചെറു പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പടര്‍ന്നതിനാല്‍ ഗ്രാമീണ മേഖലകളിലുള്ള പത്രപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് വളരെ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍ കുറച്ചു ദൂരം സഞ്ചരിക്കാതെ അവര്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണം ലഭ്യമാകണമെന്നില്ല.

ധവ്റെയുടെ 18-കാരിയായ മകള്‍ വിശാഖ 12-ാം ക്ലാസ്സില്‍ പഠിക്കുന്നു. ഡോക്ടര്‍ ആകണമെന്നാണ് അവളുടെ ആഗ്രഹം. പക്ഷെ ഇപ്പോള്‍ അക്കാര്യത്തില്‍ ബുദ്ധിമുട്ട് നേരിടുന്നു. “അവളുടെ ഫീസ്‌ എനിക്കു താങ്ങാന്‍ പറ്റില്ല”, വിശാഖ നോക്കിയിരിക്കുമ്പോള്‍ അമ്മയായ ജയശ്രീ പറഞ്ഞു.

അച്ഛന്‍ മരിക്കുന്നതിന് 4 ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹവുമായി വീഡിയോ കോളില്‍ ചാറ്റ് ചെയ്തതത് വിശാഖ (കവര്‍ ഫോട്ടോയില്‍ കാണുന്ന കണ്ണട ധരിച്ച പെണ്‍കുട്ടി) ഓര്‍മ്മിച്ചു. “ഏപ്രില്‍ 2-ന് അദ്ദേഹത്തിന്‍റെ ജന്മദിനമായിരുന്നു”, അവള്‍ പറഞ്ഞു. അദ്ദേഹം എന്നോടു പറഞ്ഞത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്. അദ്ദേഹം ഇവിടില്ലെങ്കില്‍ പോലും പുസ്തകത്തില്‍ നിന്നും കണ്ണുകള്‍ എടുക്കരുതെന്നും പറഞ്ഞു. പറ്റാവുന്നത്രയും ഞാന്‍ പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം.”

വിശാഖ ഓണ്‍ലൈനില്‍ വിദ്യാഭ്യാസം ചെയ്യുമ്പോള്‍ ആശുപത്രിയില്‍ അടയ്ക്കാനായി എടുത്ത വായ്പകളെക്കുറിച്ചോര്‍ത്ത് ജയശ്രീ ഉത്കണ്ഠാകുലയാകുന്നു. “എന്‍റെ ബന്ധുക്കള്‍ ഈ സമയത്ത് പണം തിരിച്ചു ചോദിക്കാതെ എന്നോടു നന്നായി പെരുമാറുന്നു. പക്ഷെ ഈ മോശം സമയത്ത് എല്ലാവരും പണത്തിനു ഞെരുങ്ങുന്നു”, അവര്‍ പറഞ്ഞു. “എനിക്കെന്‍റെ കടങ്ങള്‍ തിരിച്ചടയ്ക്കണം. പക്ഷെ എങ്ങനെയെന്ന് എനിക്കറിയില്ല. ഞാനിപ്പോള്‍ സ്വന്തമായി കാര്യങ്ങള്‍ ഒക്കെ നോക്കുകയാണ്.”

ഉസ്മാനാബാദിലെ പത്രപ്രവര്‍ത്തകര്‍ ചിന്തിക്കുന്നത് ഫീല്‍ഡില്‍ നിന്നും മാറി നില്‍ക്കുന്നതാണ് കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് എന്നാണ്.

ഫെബ്രുവരിയില്‍ രണ്ടാം കോവിഡ് തരംഗം ആരംഭിച്ചതില്‍ പിന്നെ 6-ഉം 4-ഉം വയസ്സു വീതം പ്രായമുള്ള രണ്ടു കുട്ടികളുടെ അച്ഛനായ ജാധവ് പുറത്തു പോകുന്നില്ല. 2020-ലെ ആദ്യ തരംഗത്തില്‍ ഫീല്‍ഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ അദ്ദേഹത്തിനു വലിയ വില കൊടുക്കേണ്ടി വന്നു. “എന്‍റെ അമ്മ ഞാന്‍ കാരണം മരിച്ചു”, അദ്ദേഹം പറഞ്ഞു. “ജൂലൈ 11-ന് ഞാന്‍ കോവിഡ് പോസിറ്റീവായി. അതിനുശേഷം അമ്മയെ അത് ബാധിച്ചു. ഞാന്‍ രോഗമുക്തനായി, പക്ഷെ അമ്മ ആയില്ല. അമ്മയുടെ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ പോലും എനിക്കു സാധിച്ചില്ല. ഇപ്പോള്‍ പുറത്തിറങ്ങാനുള്ള ധൈര്യം എനിക്കില്ല.” ഉസ്മാനാബാദ് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ തന്‍റെ സമ്പര്‍ക്കത്തില്‍ നിന്നുള്ള വീഡിയോകള്‍ അദ്ദേഹം കണ്ടെത്തുന്നു. “ഞാന്‍ പുറത്തിറങ്ങുന്നത് ഒരു പ്രധാന കൂടിക്കാഴ്ചയ്ക്ക് അല്ലെങ്കില്‍ ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ മാത്രമാണ്.”

പക്ഷെ, 39-കാരനായ ദാദാസാഹേബ് ബാന്‍ സ്ഥലത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു. ബീഡ് ജില്ലയിലെ ആഷ്ടി താലൂക്കിലെ കാസരി ഗ്രാമത്തില്‍ നിന്നുള്ള ഒരു അച്ചടി മാദ്ധ്യമ പ്രവര്‍ത്തകനാണ് അദ്ദേഹം. ലോകാശാ എന്ന മറാത്തി ദിനപത്രത്തിനു വേണ്ടി അദ്ദേഹം എഴുതി. തന്‍റെ റിപ്പോര്‍ട്ടുകള്‍ക്കായി ദ്വിതീയ ഉറവിടങ്ങളെ ആശ്രയിക്കാന്‍ പോലും അദ്ദേഹത്തിനു താത്പര്യം ഉണ്ടായിരുന്നില്ല.

“അദ്ദേഹം ആശുപത്രികളും പരിശോധനാ കേന്ദ്രങ്ങളും മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കുകയും അടിത്തട്ടിലെ അവസ്ഥകളെക്കുറിച്ച് എഴുതുകയും ചെയ്തു”, അദ്ദേഹത്തിന്‍റെ ഭാര്യ 34-കാരിയായ മീന പറഞ്ഞു. “മാര്‍ച്ച് അവസാനം പുതിയ തരംഗത്തെക്കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ അദ്ദേഹം കോവിഡ് ബാധിതനായി.”

Meena Ban's husband, Dadasaheb, was infected while reporting about the second wave. Dilip Giri (right) says the family spent Rs. 1 lakh at the hospital
PHOTO • Parth M.N.
Meena Ban's husband, Dadasaheb, was infected while reporting about the second wave. Dilip Giri (right) says the family spent Rs. 1 lakh at the hospital
PHOTO • Parth M.N.

ബീന ബാനിന്‍റെ ഭര്‍ത്താവ് ദാദാസാഹേബ് രണ്ടാം തരംഗത്തെക്കുറിച്ച് റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ കോവിഡ് ബാധിതനായി. ദിലീപ് ഗിരി (വലത്) പറയുന്നത് കുടുംബം ഒരുലക്ഷം രൂപ ആശുപത്രിയില്‍ ചിലവഴിച്ചു എന്നാണ്.

കാസരിയില്‍ നിന്നും 60 കിലോമീറ്റര്‍ മാറി അഹ്മദ്നഗറില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ആശുപത്രിയില്‍ ബാനിന്‍റെ കുടുംബം അദ്ദേഹത്തെ എത്തിച്ചു. “പക്ഷെ അദ്ദേഹത്തിന്‍റെ ആരോഗ്യം മെച്ചപ്പെട്ടില്ല”, മീന പറഞ്ഞു. “അദ്ദേഹത്തിന്‍റെ ഓക്സിജന്‍ അളവ് 80-ലേക്കു താഴ്ന്നു. അത് കൂടുതല്‍ മോശമായിക്കൊണ്ടിരുന്നു.”

മറ്റസുഖങ്ങള്‍ ഒന്നുമില്ലാതിരുന്ന അദ്ദേഹം നാലു ദിവസങ്ങള്‍ക്കു ശേഷം കോവിഡ്-19-നു കീഴടങ്ങി. “ആശുപത്രി ചിലവുകള്‍ക്കും മരുന്നുകള്‍ക്കുമായി ഞങ്ങള്‍ ഒരുലക്ഷം രൂപ ചിലവഴിച്ചു”, ബാനിന്‍റെ ബന്ധുവായ 35-കാരനായ ദിലീപ് ഗിരി പറഞ്ഞു. “ആശുപത്രി ബില്‍ അടയ്ക്കുന്നതിനായി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമായി ഞങ്ങള്‍ പണം കടം വാങ്ങി. ഒരു മാസത്തില്‍ 7,000-8,000 രൂപയിലധികം എന്‍റെ അമ്മാവന്‍ ഉണ്ടാക്കിയിരുന്നില്ല. അത്തരത്തിലുള്ള സമ്പാദ്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.”

ബാനിനും എം.ജെ.പി.ജെ.എ.വൈ.യുടെ കീഴില്‍ ചികിത്സ നല്‍കാന്‍ കഴിയുമായിരുന്നു. സംസ്ഥാനത്ത് കാര്‍ഷിക ദുരിതമനുഭവിക്കുന്ന ബീഡ് ഉള്‍പ്പെടെ 14 ജില്ലകളില്‍ നിന്നുള്ള കര്‍ഷക കുടുംബങ്ങളെയും പ്രസ്തുത പദ്ധതി ഉള്‍ക്കൊള്ളുന്നു. ബാനിന്‍റെ കുടുംബത്തിന് ഗ്രാമത്തില്‍ അഞ്ചേക്കര്‍ കൃഷിയുണ്ട്. അതാണ് അദ്ദേഹത്തെ പദ്ധതിക്ക് യോഗ്യനാക്കിയത്.

ബാനിനെ ചികിത്സിച്ച അഹ്മദാബാദിലെ സ്വകാര്യ ആശുപതി അദ്ദേഹത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചു. “പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകണമെന്നുണ്ടെങ്കില്‍ മറ്റേതെങ്കിലും ആശുപത്രി നോക്കിക്കൊള്ളാന്‍ അവര്‍ ഞങ്ങളോടു പറഞ്ഞു”, മീന പറഞ്ഞു. “അത്തരമൊരു ഘട്ടത്തില്‍, നല്ല ഒരു ആശുപത്രി കിട്ടാന്‍ ബുദ്ധിമുട്ടുമ്പോള്‍ നിങ്ങള്‍ പണത്തെക്കുറിച്ച് ചിന്തിക്കില്ല, ആളെ രക്ഷിക്കാനേ നോക്കൂ. പക്ഷെ ഞങ്ങള്‍ക്ക് ആളെ രക്ഷിക്കാനും കഴിഞ്ഞില്ല, ആനുകൂല്യവും കിട്ടിയില്ല.”

ബാനിന്‍റെയും മീനയുടെയും പുത്രന്മാരായ ഋഷികേശും (15) യാഷും (14) അനിശ്ചിതമായ ഒരു ഭാവിയാണ് ഇപ്പോള്‍ നേരിടുന്നത്. അവരുടെ അച്ഛന് അവര്‍ പഠിച്ച് ഡോക്ടര്‍മാര്‍ ആകണമെന്നായിരുന്നു ആഗ്രഹം. “അവര്‍ പത്രപ്രവര്‍ത്തകര്‍ ആകാന്‍ അദ്ദേഹത്തിന് താത്പ്പര്യമുണ്ടായിരുന്നില്ല”, ദിലീപ് പറഞ്ഞു. “അവരുടെ ഭാവി ഇപ്പോള്‍ അമ്മയുടെ കരങ്ങളിലാണ്. കൃഷി മാത്രമാണ് അവരുടെ വരുമാന മാര്‍ഗ്ഗം. ഞങ്ങള്‍ അരിച്ചോളവും ബജ്റയും കൃഷി ചെയ്യുന്നു. ഞങ്ങള്‍ നാണ്യവിളകള്‍ കൃഷി ചെയ്യുന്നില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തടുത്ത് നിശബ്ദരായി ഇരുന്നുകൊണ്ട് ആ കൗമാരക്കാര്‍ ഞങ്ങളുടെ സംഭാഷണം ശ്രദ്ധിക്കുകയായിരുന്നു. “അച്ഛന്‍ നഷ്ടപ്പെട്ടതില്‍പ്പിന്നെ അവര്‍ അസാധാരണമാം വിധം നിശബ്ദരായിരുന്നു”, ദിലീപ് പറഞ്ഞു. “അവര്‍ ഉല്ലാസഭരിതരും സ്ഥിരമായി കളിച്ചു ചിരിച്ചു നടന്നവരുമായിരുന്നു. പക്ഷെ ഇടയ്ക്ക് ഇപ്പോള്‍ അവര്‍ പറയുന്നു, അവരുടെ പപ്പാ എവിടെയാണോ അവിടേക്ക് അവര്‍ക്കും പോകണമെന്ന്.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.