ഞങ്ങള്‍ താമസിച്ചാണെത്തിയത്. “ഗണ്‍പതി ബാല യാദവ് നിങ്ങളെ നോക്കിക്കൊണ്ട് ഗ്രാമത്തില്‍നിന്നും രണ്ടുതവണ ഇതുവഴി കടന്നുപോയിരുന്നു”, ശിര്‍ഗാവില്‍ നിന്നുള്ള ഞങ്ങളുടെ പത്രപ്രവര്‍ത്തക സുഹൃത്ത് സമ്പത്ത് മോരെ പറഞ്ഞു. “രണ്ടുതവണയും അദ്ദേഹം രാമപൂരിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് തിരികെപ്പോയി. നിങ്ങളെത്തിയെന്നു പറഞ്ഞാല്‍ അദ്ദേഹം മൂന്നാംതവണ തിരിച്ചുവരും.” രണ്ടു ഗ്രാമങ്ങളും തമ്മില്‍ 5 കിലോമീറ്ററുകളുടെ ദൂരമുണ്ട്. അത്രയുംദൂരം ഗണ്‍പതി യാദവ് സൈക്കിളിലാണ് സഞ്ചരിക്കുന്നത്. പക്ഷെ മൂന്നുതവണയെന്നു പറഞ്ഞാല്‍ 30 കിലോമീറ്റര്‍. അതും വേനല്‍ക്കാലത്തെ ഒരു മെയ് മാസ മദ്ധ്യാഹ്നത്തില്‍ വളരെയധികം ചെളിനിറഞ്ഞ റോഡിലൂടെ കാല്‍ നൂറ്റാണ്ട് പഴക്കമുള്ള ഒരു സൈക്കിളില്‍. കൂടാതെ സൈക്കിള്‍ യാത്രികന് 97 വയസ്സുമുണ്ട്.

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ, കാഡെഗാവ് ബ്ലോക്കിലെ, ശിര്‍ഗാവ് ഗ്രാമത്തിലുള്ള മോരെയുടെ മുത്തശ്ശന്‍റെ വീട്ടില്‍ ഞങ്ങള്‍ ഉച്ചഭക്ഷണത്തിന് തയ്യാറായ സമയത്ത് ഗണ്‍പതി ബാല യാദവ് ശാന്തനായി തന്‍റെ സൈക്കിള്‍ ചവിട്ടുകയായിരുന്നു. വെയിലത്ത് അദ്ദേഹം അത്രദൂരം സൈക്കിള്‍ ചവിട്ടേണ്ടി വന്നതില്‍ ഞാന്‍ കാര്യമായി ക്ഷമാപണം നടത്തിയപ്പോള്‍ അദ്ദേഹം അമ്പരന്നു. “ഇത് വലിയ പ്രശ്നമല്ല”, തന്‍റെ പതിഞ്ഞ ശബ്ദത്തില്‍ സൗമ്യമായ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു. “ഇന്നലെ ഉച്ചകഴിഞ്ഞ് വിടയിലേക്ക് ഞാനൊരു കല്യാണത്തിനു പോയിരുന്നു. അതും എന്‍റെ സൈക്കിളില്‍ തന്നെ ആയിരുന്നു. ഇങ്ങനെയാണ് ഞാന്‍ സഞ്ചരിക്കുന്നത്.” രാമപൂരില്‍നിന്നും വിടയില്‍ പോയി തിരിച്ചുവരുമ്പോള്‍ 40 കിലോമീറ്റര്‍ ആകും. കഴിഞ്ഞ ദിവസം ചൂട് കൂടുതലായിരുന്നു. താപനില 40-50 ഡിഗ്രി സെല്‍ഷ്യസിന് മദ്ധ്യേ ആയിരുന്നു.

“ഒന്നോരണ്ടോ വര്‍ഷം മുന്‍പ് അദ്ദേഹം പണ്ടര്‍പൂര്‍വരെ പോയി തിരിച്ചു വരുമായിരുന്നു, 150 കിലോമീറ്ററുകള്‍ അടുത്ത്”, സമ്പത്ത് മോരെ പറഞ്ഞു. “ഇപ്പോള്‍ അത്രയും ദൂരെ സഞ്ചരിക്കില്ല.”

സന്ദേശവാഹകന്‍റെ പങ്കാണ് അദ്ദേഹം സ്ഥിരമായി വഹിച്ചിരുന്നത്. പക്ഷെ ഗണ്‍പതി ബാല യാദവ് 1943 ജൂണില്‍ സാത്താരയിലെ ശെനോലിയില്‍ വലിയ തീവണ്ടിക്കൊള്ള നടത്തിയ സംഘത്തിന്‍റെ ഭാഗവുമായിരുന്നു

വീഡിയൊ കാണുക: വിപ്ലവകാരിയായുള്ള തന്‍റെ ശ്രദ്ധേയമായ പങ്കിനെക്കുറിച്ച് ഗണ്‍പതി ബാല യാദവ് ഓര്‍മ്മിക്കുന്നു

1920-ൽ ജനിച്ച ഗണപതി ബാല യാദവ് തൂഫാൻ സേനയിൽ (ചുഴലിക്കാറ്റ് സൈന്യം) പ്രവർത്തിച്ച സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു. 1943-ൽ ബിട്ടീഷ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രതിസർക്കാരിന്‍റെ അഥവാ  സതാറയിലെ താത്കാലിക, ഒളിവിലെ സർക്കാരിന്‍റെ സായുധ വിഭാഗമായിരുന്നു തൂഫാൻ സേന. പ്രതിസര്‍ക്കാരിന്‍റെ നിയന്ത്രണത്തിന്‍ കീഴില്‍ 600-നടുത്ത് (അല്ലെങ്കില്‍ അതിലധികം) ഗ്രാമങ്ങള്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള തൂഫാന്‍ സേനയുടെ വിപ്ലവങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. “വനങ്ങളില്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന വിപ്ലവകാരികള്‍ക്ക് സന്ദേശങ്ങളും ഭക്ഷണവും എത്തിക്കുന്ന വാഹകനായാണ് ഞാന്‍ പ്രധാനമായും പ്രവര്‍ത്തിച്ചത്” അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള നിരവധി നീണ്ട അപകടകരമായ യാത്രകള്‍ നടന്നാണ് ചെയ്തത്. പിന്നീട് സൈക്കിളിലായി.”

ഗണ്‍പതി യാദവ് എല്ലാസമയത്തും ഒരു സജീവ കര്‍ഷകനായിരുന്നു, ഇപ്പോഴും അങ്ങനെതന്നെ. കഴിഞ്ഞ റബി സീസണില്‍ തന്‍റെ അരയേക്കറില്‍ 45 ടണ്‍ കരിമ്പ് അദ്ദേഹം വളര്‍ത്തി. ഒരിക്കല്‍ അദ്ദേഹത്തിന് 20 ഏക്കറുകള്‍ക്കടുത്ത് സ്ഥലമുണ്ടായിരുന്നു. പക്ഷെ വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ അത് മക്കള്‍ക്കിടയില്‍ വീതംവച്ചു. അദ്ദേഹം താമസിക്കുന്ന അതേ പുരയിടത്തില്‍തന്നെ പുത്രന്മാര്‍ക്ക് മനോഹരമായ വീടുകളുണ്ട്. പക്ഷെ ഗണ്‍പതി ബാല യാദവും 85-കാരിയായ ഭാര്യ വത്സലയും ഇഷ്ടപ്പെടുന്നത് ഒരു പ്രധാന മുറിയോടുകൂടിയ സാധാരണ വീട്ടില്‍ വസിക്കാനാണ്. ദിവസേന ഭക്ഷണം പാകം ചെയ്യുകയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഊര്‍ജ്ജ്വസ്വലയായ ഒരു വീട്ടമ്മയാണ് അദ്ദേഹത്തിന്‍റെ ഭാര്യ. ഞങ്ങള്‍ സന്ദര്‍ശനം നടത്തുന്ന സമയത്ത് വത്സല ഗ്രാമത്തിലില്ലായിരുന്നു.

ഗണ്‍പതി യാദവിന്‍റെ ലാളിത്യം പ്രകടമാകുന്നത് സ്വാതന്ത്ര്യസമര പോരാളിയായുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം മക്കള്‍ മനസ്സിലാക്കുന്നത് താമസിച്ചാണ് എന്നുള്ളിടത്താണ്. മൂത്തമകന്‍ നിവൃത്തി പാടത്താണ് വളര്‍ന്നത്. പക്ഷെ സ്വര്‍ണ്ണപ്പണിക്കാരനായുള്ള പരിശീലനം നേടുന്നതിനായി അദ്ദേഹം ആദ്യം തമിഴ്നാട്ടിലെ ഈറോഡേക്കും പിന്നീട് കോയമ്പത്തൂരേക്കും പോയി. “സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹത്തിന്‍റെ പങ്കിനെക്കുറിച്ച് ഒന്നും ഞാന്‍ കേട്ടിട്ടില്ല”, അദ്ദേഹം പറഞ്ഞു. “ജി. ഡി. ബാപു ലാഡ് [ പ്രതിസര്‍ക്കാരിന്‍റെ ഒരു ഐതിഹാസിക നേതാവ്] എന്നോട് അച്ഛന്‍റെ ധൈര്യത്തെക്കുറിച്ച് അറിയാമോ എന്നു ചോദിച്ചപ്പോഴാണ് അതെക്കുറിച്ച് ഞാനറിഞ്ഞത്. ബാപു ലാഡ് തനിക്ക് ഉപദേശകനും വഴികാട്ടിയുമായിരുന്നെന്ന് ഗണ്‍പതി യാദവ് പറഞ്ഞു. “അദ്ദേഹം എനിക്ക് ഒരു വധുവിനെ കണ്ടെത്തി ഞങ്ങളുടെ വിവാഹം ക്രമീകരിച്ചു”, അദ്ദേഹം ഓര്‍മ്മിച്ചു. “പിന്നീട്, ശേത്കരി കാംഗാര്‍ പക്ഷയില്‍ [ഇന്ത്യന്‍ കര്‍ഷക, തൊഴിലാളി കക്ഷി] അദ്ദേഹത്തെ ഞാന്‍ പിന്തുടര്‍ന്നു. അദ്ദേഹത്തിന്‍റെ അവസാനംവരെ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നു.”

“ഞാന്‍ ഏഴാം ക്ലാസ്സില്‍ ആയിരുന്നപ്പോള്‍ എന്‍റെ സുഹൃത്തിന്‍റെ അച്ഛന്‍ അദ്ദേഹത്തിന്‍റെ ധൈര്യത്തെക്കുറിച്ച് പറഞ്ഞു”, അദ്ദേഹത്തിന്‍റെ മറ്റൊരു മകനായ മഹാദേവ് പറഞ്ഞു. “ആ സമയത്ത് എന്‍റെ നിലപാട് ഇത് വലിയൊരു കാര്യമല്ല എന്നായിരുന്നു. അദ്ദേഹം ഒരു ബ്രിട്ടീഷ് സൈനികനെയോ പോലീസിനെയോ കൊന്നിട്ടില്ല. പിന്നീടാണ് അദ്ദേഹത്തിന്‍റെ പങ്കിന്‍റെ പ്രാധാന്യം എനിക്കു മനസ്സിലായത്.”

Ganpati Bala Yadav and family
PHOTO • P. Sainath

ഗണ്‍പതി ബാല യാദവ് പേരക്കുട്ടികളുടെ മക്കളോടും മറ്റ് കുടുംബാംഗങ്ങളോടുമൊപ്പം. പുത്രന്മാരായ നിവൃത്തി (പിന്നില്‍ ഇടത്), ചന്ദ്രകാന്ത് (മുന്നില്‍ ഇടത്), മഹാദേവ് (മുന്നില്‍ വലതുവശത്ത് കണ്ണട ധരിച്ചയാള്‍) എന്നിവരെ കാണാം

സന്ദേശവാഹകന്‍റെ പങ്കാണ് അദ്ദേഹം സ്ഥിരമായി വഹിച്ചിരുന്നത്. പക്ഷെ ഗണ്‍പതി ബാല യാദവ് 1943-ല്‍ സാത്താരയിലെ ശെനോലിയില്‍ ബാപു ലാഡിന്‍റെയും തൂഫാന്‍ സേനയുടെ തലവന്‍ ‘ക്യാപ്റ്റന്‍ ഭാവു’വിന്‍റെയും നേതൃത്വത്തില്‍ വലിയ തീവണ്ടിക്കൊള്ള നടത്തിയ സംഘത്തിന്‍റെ ഭാഗവുമായിരുന്നു.

“റെയില്‍ പാതയില്‍ കല്ലുകള്‍ കൂട്ടിയിടേണ്ടതാണെന്ന് ട്രെയിന്‍ ആക്രമണത്തിന് നാല് ദിവസങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ക്കു മനസ്സിലായി.”

ബ്രിട്ടീഷ് (ബോംബെ പ്രസിഡന്‍സി) ശമ്പള പട്ടിക കൊണ്ടുവരുന്ന ട്രെയിനായിരുന്നു അതെന്ന് ആക്രമണ സംഘം മനസ്സിലാക്കിയിരുന്നോ? “ഞങ്ങളുടെ നേതാക്കള്‍ക്ക് അറിയാമായിരുന്നു. ജോലി ചെയ്യുന്ന ആളുകള്‍ക്ക് [റെയില്‍വേയിലും സര്‍ക്കാരിലും] സൂചന കിട്ടിയിരുന്നു. ട്രെയിന്‍ കൊള്ളയടിക്കാന്‍ തുടങ്ങുന്ന സമയത്താണ് ഞങ്ങള്‍ക്ക് മനസ്സിലായത്.”

എത്ര ആക്രമണകാരികള്‍ ഉണ്ടായിരുന്നു?

“ആ സമയത്ത് ആരെണ്ണുന്നു? മിനിറ്റുകള്‍ക്കകം കല്ലുകളും പാറകളും കൊണ്ടൊരു കൂമ്പാരം ഞങ്ങള്‍ റെയില്‍ പാതയില്‍ തീര്‍ത്തു. ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ വളഞ്ഞു. ഞങ്ങള്‍ ട്രെയിന്‍ കൊള്ളയടിക്കുന്ന സമയത്ത് അതിനകത്തുണ്ടായിരുന്നവര്‍ അനങ്ങുകയോ പ്രതിരോധിക്കുകയോ ചെയ്തില്ല. പണത്തിനു വേണ്ടിയല്ല ബ്രിട്ടീഷ് ഭരണത്തെ മുറിപ്പെടുത്താനാണ് ഞങ്ങള്‍ ഇത് ചെയ്തതെന്ന് ദയവുചെയ്ത് മനസ്സിലാക്കുക.”

ഇത്തരം ആക്രമണോത്സുകമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമല്ലാത്തപ്പോഴും സന്ദേശവാഹകനെന്ന നിലയില്‍ ഗണ്‍പതി ബാല യാദവിന്‍റെ പങ്ക് സങ്കീര്‍ണ്ണമായിരുന്നു. “[വനത്തില്‍ ഒളിവിലായിരുന്ന] ഞങ്ങളുടെ നേതാക്കന്മാര്‍ക്ക് ഞാന്‍ ഭക്ഷണം എത്തിച്ചു. രാത്രിയില്‍ അവരെ കാണാന്‍ ഞാന്‍ പോകുമായിരുന്നു. സാധാരണയായി നേതാവിന്‍റെ കൂടെ 10-20 ആളുകള്‍ കാണുമായിരുന്നു. ഒളിവിലുള്ള ഈ പോരാളികളെ കാണുന്നിടത്തുവച്ച് വെടിവയ്ക്കാനാണ് ബ്രിട്ടീഷ് ഭരണകൂടം ഉത്തരവിട്ടത്. അവരുടെ അടുത്തെത്താന്‍ ഞങ്ങള്‍ക്ക് നീണ്ട വളഞ്ഞുതിരിഞ്ഞ വഴികളിലൂടെ ഒളിവില്‍ യാത്ര ചെയ്യണമായിരുന്നു. അല്ലെങ്കില്‍ പോലീസ് ഞങ്ങളെ വെടിവയ്ക്കുമായിരുന്നു.

Ganpati Bala Yadav on his cycle
PHOTO • P. Sainath

‘ഒന്നോരണ്ടോ വര്‍ഷം മുന്‍പ് അദ്ദേഹം പണ്ടര്‍പൂര്‍വരെ പോയി തിരിച്ചു വരുമായിരുന്നു, 150 കിലോമീറ്ററുകള്‍ അടുത്ത്...’, കൂടാതെ ഇപ്പോഴും എല്ലാദിവസവും നിരവധി കിലോമീറ്ററുകള്‍ യാത്ര ചെയ്യുന്നു.”

“പോലീസില്‍ അറിയിക്കുന്നവരെ ഗ്രാമത്തില്‍ ഞങ്ങള്‍ ശിക്ഷിക്കുകയും ചെയ്തു”, ഗണ്‍പതി യാദവ് പറഞ്ഞു. പ്രതിസര്‍ക്കാരിനെ , അല്ലെങ്കില്‍ താത്കാലിക സര്‍ക്കാരിനെ, എന്തുകൊണ്ടാണ് പത്രിസര്‍ക്കാര്‍ എന്ന് വിളിച്ചത് എന്നും അദ്ദേഹം വിശദീകരിച്ചു. ഈയൊരു സാഹചര്യത്തില്‍ മാറാഠി വാക്കായ പത്രിയുടെ അര്‍ത്ഥം മരവടി എന്നായിരുന്നു. “ഇത്തരത്തിലുള്ള ഒരു പോലീസ് ദല്ലാളിനെ ഞങ്ങള്‍ കണ്ടെത്തിയപ്പോള്‍ അയാളുടെ വീട് ഞങ്ങള്‍ രാത്രിയില്‍ വളഞ്ഞു. ആ ചാരനെയും അയാളുടെ സഹായിയെയും ഞങ്ങള്‍ ഗ്രാമത്തിനു പുറത്തെത്തിച്ചു.”

“ഇടയില്‍ ഒരു തടിപ്പലകവച്ച് ചാരന്‍റെ കണങ്കാലുകള്‍ ഞങ്ങള്‍ കൂട്ടിക്കെട്ടി. പിന്നീട് തലകീഴായി തൂക്കിയിട്ട് കാല്‍വെള്ളയില്‍ വടികൊണ്ടടിച്ചു. അയാളുടെ ശരീരത്ത് മറ്റൊരിടത്തും ഞങ്ങള്‍ തൊട്ടില്ല. കാല്‍വെള്ളകളില്‍ മാത്രം. പിന്നെ കുറേക്കാലത്തേക്ക് അയാള്‍ക്ക് നടക്കാന്‍ കഴിയില്ല.” ശക്തമായ ശിക്ഷ. അങ്ങനെയാണ് പത്രിസര്‍ക്കാര്‍ എന്ന പേര് വന്നത്. “പിന്നെ ഞങ്ങള്‍ അയാളെ സഹായിയുടെ പുറത്തുകയറ്റി വീട്ടിലേക്കയച്ചു.”

ബേലവഡെ, നേവരി, തഡ്സര്‍ എന്നീ ഗ്രാമങ്ങളിലും ഞങ്ങള്‍ ശിക്ഷ നടപ്പാക്കി. പോലീസിന് വിവരങ്ങള്‍ നല്‍കുന്ന നാനാസാഹേബ് എന്നൊരാള്‍ തഡ്സര്‍ ഗ്രാമത്തില്‍ ഒരു വലിയ ബംഗ്ലാവില്‍ താമസിച്ചിരുന്നു. അതു ഞങ്ങള്‍ തകര്‍ത്ത് അകത്തുകയറി. സ്ത്രീകള്‍ മാത്രം കിടന്നുറങ്ങുന്നതാണ് ഞാന്‍ കണ്ടത്. പക്ഷെ പിന്നെ ഞങ്ങളൊരു സ്ത്രീയെ മുറിയുടെ മൂലയില്‍ പുതച്ചുമൂടിയ നിലയില്‍ കണ്ടു. ഈ സ്ത്രീ മാത്രമെന്തിനാണ് മാറിക്കിടന്നുറങ്ങുന്നത്? ഉറപ്പായും അതയാള്‍ തന്നെയായിരുന്നു. ഞങ്ങള്‍ അയാളെ ആ പുതപ്പോടുകൂടിത്തന്നെ പിടിച്ചു.”

നാനാ പാട്ടീല്‍ (താത്കാലിക സര്‍ക്കാരിന്‍റെ തലവന്‍), ബാപു ലാഡ് എന്നിവരായിരുന്നു അദ്ദേഹത്തിന്‍റെ വീരപുരുഷന്‍ന്മാര്‍. “എന്തൊരു മനുഷ്യനായിരുന്നു നാനാ പാട്ടീല്‍? പൊക്കമുള്ള, ആജാനബാഹുവായ ഒരു നിര്‍ഭയന്‍. എത്ര പ്രചോദനം കൊള്ളിക്കുന്ന പ്രസംഗമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്! ഇവിടെയുള്ള വലിയ ആളുകള്‍ പലപ്പോഴും അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. പക്ഷെ ചെറിയ വീടുകളിലെ അദ്ദേഹം പോയിരുന്നുള്ളൂ. ആ വലിയ ആളുകളില്‍ ചിലര്‍ ബ്രിട്ടീഷ് ദല്ലാളുകള്‍ ആയിരുന്നു. “സര്‍ക്കാരിനെ ഭയപ്പെടരുത്. ഒരുമിച്ചുനിന്ന് വലിയ സംഖ്യയായി സമരത്തില്‍ പങ്കെടുത്താല്‍ നമുക്ക് സ്വയം ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടാം”, എന്ന് നേതാക്കള്‍ പറഞ്ഞു. “ഗണ്‍പതി യാദവും ഈ ഗ്രാമത്തിലെ മറ്റുള്ള ഏകദേശം 100-150 പേരും തൂഫാന്‍ സേനയില്‍ ചേര്‍ന്നു.

Ganpati Bala Yadav
PHOTO • P. Sainath
Vatsala Yadav
PHOTO • P. Sainath

ഗണ്‍പതി യാദവും 85-കാരിയായ ഭാര്യ വത്സലയും ഒരു പ്രധാന മുറിയോടുകൂടിയ സാധാരണ വീട്ടില്‍ വസിക്കുന്നു. ദിവസേന ഭക്ഷണം പാകം ചെയ്യുകയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന ഊര്‍ജ്ജ്വസ്വലയായ ഒരു വീട്ടമ്മയാണ് അദ്ദേഹത്തിന്‍റെ ഭാര്യ

അന്നും അദ്ദേഹം മഹാത്മാ ഗാന്ധിയെക്കുറിച്ച് കേട്ടിരുന്നു. “ഒരിക്കലും അദ്ദേഹത്തെ കാണാന്‍ ഞാന്‍ പോയിട്ടില്ല. ഒരിക്കല്‍ ഞാന്‍ ജവഹര്‍ലാല്‍ നെഹ്രുവിനെ കണ്ടു. [വ്യവസായിയായ] എസ്. എല്‍. കിര്‍ലോസ്കര്‍ ഈ പ്രദേശത്തേക്ക് അദ്ദേഹത്തെ കൊണ്ടുവന്നപ്പോഴായിരുന്നു അത്. തീര്‍ച്ചയായും ഭഗത് സിംഗിനെക്കുറിച്ച് ഞങ്ങള്‍ കേട്ടിട്ടുണ്ടായിരുന്നു.”

ഒരു കര്‍ഷക കുടുംബത്തിലാണ് ഗണ്‍പതി ബാല യാദവ് ജനിച്ചത്. സഹോദരങ്ങളായി ഒരു സഹോദരി മാത്രമെ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അദ്ദേഹം വളരെ ചെറുതായിരുന്നപ്പോള്‍തന്നെ മാതാപിതാക്കള്‍ മരിച്ചു. ശേഷം ഈ കുട്ടികള്‍ ഒരു ബന്ധുവിന്‍റെ വീട്ടിലേക്ക് പോയി. “ആദ്യത്തെ രണ്ടോ നാലോ വര്‍ഷം ഞാന്‍ സ്ക്കൂളില്‍ പോയി, പിന്നെ പാടത്തെ പണിക്കായി പഠനം ഉപേക്ഷിച്ചു.” വിവാഹശേഷം അദ്ദേഹം മാതാപിതാക്കളുടെ ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന വീട്ടിലേക്കും ചെറിയ പാടത്തേക്കും തിരിച്ചെത്തി. മുന്‍കാല ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫൊന്നും അദ്ദേഹത്തിന്‍റെ പക്കലില്ല. ഫോട്ടൊ എടുക്കുന്നത് താങ്ങാനും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.

എന്നിരിക്കിലും അദ്ദേഹം അങ്ങേയറ്റം കഠിനമായി അദ്ധ്വാനിച്ചു. 97-ാം വയസ്സിലും ആദ്ധ്വാനിക്കുന്നു. “എങ്ങനെ ഗുര്‍ [കരിപ്പുകട്ടി] ഉണ്ടാക്കണമെന്ന് ഞാന്‍ പഠിക്കുകയും ജില്ലയിലുടനീളം ഞാനത് വില്‍ക്കുകയും ചെയ്തു. മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനായി ഞങ്ങള്‍ പണം ചിലവഴിച്ചു. വിദ്യാഭ്യാസാനന്തരം അവര്‍ മുംബൈയിലേക്ക് പോവുകയും പണമുണ്ടാക്കാനും ഞങ്ങള്‍ക്കയച്ചു തരാന്‍ തുടങ്ങുകപോലും ചെയ്തു. പിന്നീട് ഞാന്‍ കരിപ്പുകട്ടി ബിസിനസ്സ് അവസാനിപ്പിക്കുകയും കൃഷിക്കുവേണ്ടി കൂടുതല്‍ മുടക്കുകയും ചെയ്തു. ക്രമേണ ഞങ്ങളുടെ പാടം അഭിവൃദ്ധിപ്പെട്ടു.”

പക്ഷെ ഇന്നത്തെ കര്‍ഷകര്‍ കടത്തില്‍ മുങ്ങുന്നതില്‍ ഗണ്‍പതി യാദവ് അസന്തുഷ്ടനാണ്. “നമുക്ക് സ്വരാജ്യം [സ്വാതന്ത്ര്യം] ലഭിച്ചു. പക്ഷെ കാര്യങ്ങള്‍ നമ്മള്‍ പ്രതീക്ഷിച്ചിരുന്നതുപോലെ അല്ല.” നിലവിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍പുണ്ടായിരുന്നവയെക്കാള്‍ മോശമാണ്, അവയും മോശമായിരുന്നു. “അടുത്തത് അവര്‍ എന്തുചെയ്യുമെന്ന് പറയാനാവില്ല”, അദ്ദേഹം പറഞ്ഞു.

Ganpati Bala Yadav with his cycle outside a shop
PHOTO • P. Sainath

‘ഞങ്ങളുടെ സമയത്ത് സൈക്കിള്‍ ഒരു പുതുമ ആയിരുന്നു’, ഗണ്‍പതി യാദവ് പറഞ്ഞു. മോഹിപ്പിക്കുന്ന ഈ സാകേതിക വിദ്യയെക്കുറിച്ച് ഗ്രാമത്തില്‍ നീണ്ട ചര്‍ച്ചകള്‍ നടക്കുമായിരുന്നു

തൂഫാന്‍ സേനയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ മിക്ക സന്ദേശവാഹക ജോലികളും കാല്‍നടയായാണ്‌ ചെയ്തതെങ്കിലും ഗണ്‍പതി യാദവ് 20-22 വയസ്സില്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു. അദ്ദേഹത്തിന്‍റെ ഒളിവുകാല പ്രവര്‍ത്തനത്തിന്‍റെ പിന്നീടുള്ള ഘട്ടത്തിലെ യാത്ര ഇതിലായിത്തീര്‍ന്നു. “ഞങ്ങളുടെ സമയത്ത് സൈക്കിള്‍ ഒരു പുതുമ ആയിരുന്നു”, മോഹിപ്പിക്കുന്ന ഈ സാകേതിക വിദ്യയെക്കുറിച്ച് ഗ്രാമത്തില്‍ നീണ്ട ചര്‍ച്ചകള്‍ നടക്കുമായിരുന്നു, അദ്ദേഹം പറഞ്ഞു. “ഒരുപാടുതവണ വീണ ഞാന്‍ സൈക്കിളോടിക്കാന്‍ തനിയെയാണ് പഠിച്ചത്.”

“ഉച്ചയ്ക്കുശേഷം നേരം വൈകിയിരുന്നു. 97-കാരനായ അദ്ദേഹം രാവിലെ 5 മണിക്കു മുന്‍പ് എഴുന്നേറ്റതാണ്. പക്ഷെ മണിക്കൂറുകളോളം ഞങ്ങളോട് സംസാരിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടുന്നതായി തോന്നി. അദ്ദേഹം ക്ഷീണിതനായും കാണപ്പെട്ടില്ല. പക്ഷെ ഒരേയൊരു തവണ അദ്ദേഹം നെറ്റി ചുളിച്ചത് സൈക്കിളിനെത്ര പഴക്കമുണ്ടെന്ന് ഞാന്‍ ചോദിച്ചപ്പോഴായിരുന്നു. “ഇതോ? ഏതാണ്ട് 25 വര്‍ഷം. ഇതിനു മുമ്പുണ്ടായിരുന്നത് ഏകദേശം 50 വര്‍ഷം ഞാന്‍ ഉപയോഗിച്ചു. പക്ഷെ ആരോ അത് മോഷ്ടിച്ചു”, അദ്ദേഹം ദുഃഖിതനായി പറഞ്ഞു.

ഞങ്ങള്‍ പോരുമ്പോള്‍ അദ്ദേഹം എന്‍റെ കൈകളില്‍ മുറുകെ പിടിക്കുകയും എന്തോ എനിക്ക് തരാനുണ്ടെന്നപോലെ കുറച്ചുനേരം കാത്തുനില്‍ക്കാന്‍ പറഞ്ഞുകൊണ്ട് തന്‍റെ ചെറുവീട്ടിലേക്കു മറയുകയും ചെയ്തു. അദ്ദേഹം ഒരു ചെറുപാത്രം എടുത്ത് ഒരു ചെറുകുടം തുറന്ന് അതിലേക്കിട്ടു. പിന്നീടദ്ദേഹം പുറത്തേക്കുവന്ന് എനിക്ക് ഒരുകപ്പ് ശുദ്ധമായ പാല്‍ തന്നു. ഞാനത് കുടിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹം എന്‍റെ കൈയില്‍ വീണ്ടും മുറുകെ പിടിച്ചു. അദ്ദേഹത്തിന്‍റെ കണ്ണ് നിറഞ്ഞു. എന്‍റെ കണ്ണുകളും നിറഞ്ഞിരുന്നു. കൂടുതല്‍ പറയേണ്ടതില്ലായിരുന്നു. ഗണ്‍പതി ബാല യാദവിന്‍റെ അതിശയകരമായ ജീവിതചക്രത്തിന്‍റെ ഭാഗമാകാന്‍ കുറച്ചുനേരത്തെക്കെങ്കിലും വിശേഷാവസരം സിദ്ധിച്ചെന്ന തിരിച്ചറിവില്‍ ഞങ്ങള്‍ നീങ്ങി.

സമ്പത്ത് മോരെ, ഭരത് പാട്ടീല്‍, നമിത വൈകര്‍, സംയുക്ത ശാസ്ത്രി എന്നിവര്‍ക്ക് അവര്‍ നല്‍കിയ വിലപ്പെട്ട സംഭാവനകളുടെ പേരില്‍ നന്ദി പറയുന്നു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.