“എന്‍റെ കഥ നിങ്ങളുമായി പങ്കുവെക്കട്ടെ?”

നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും പ്രത്യക്ഷവും വെല്ലുവിളി നിറഞ്ഞതുമായ ചോദ്യമായിരുന്നു അത്. ചോദിച്ചയാൾക്ക് അത് ചോദിക്കാനുള്ള ന്യായമായ കാരണവുമുണ്ടായിരുന്നു. തമിഴ് നാട്ടിലെ അധികമൊന്നും അറിയപ്പെടാത്ത വില്ലുപുരം ജില്ലയിലെ ജനനി (പേർ മാറ്റിയിട്ടുണ്ട്) തന്‍റെ ജീവിതകഥയെക്കുറിച്ച് പറയുന്നത് “ക്ഷയരോഗം അതിനെ പൂർണ്ണമായും മാറ്റിമറിച്ചു” എന്നാണ്.

വിവാഹത്തിനുശേഷം ഒന്നര കൊല്ലം കഴിഞ്ഞ് നാലുമാസം പ്രായമുള്ള മകൻ ജനിച്ചപ്പോഴാണ് അവർക്ക് ടി.ബി. ബാധിച്ചത്. “മേയ് 2020-ലായിരുന്നു അത്. അതിനും ഒരു മാസം മുൻപേ രോഗലക്ഷണങ്ങൾ (ശക്തിയായ ചുമയും പനിയും) കണ്ടിരുന്നു”. എല്ലാ പതിവ് പരിശോധനകളും പരാജയപ്പെട്ടപ്പോൾ ടി.ബി.ക്കുള്ള പരിശോധന നടത്താൻ ഡോക്ടർമാർ പറഞ്ഞു. ക്ഷയരോഗമാണെന്ന് തെളിഞ്ഞപ്പോൾ ഞാനാകെ തളർന്നു. എനിക്ക് പരിചയമുള്ള ആർക്കും അതുണ്ടായിട്ടില്ല. എന്നെ അത് ബാധിക്കുമെന്നു ഞാൻ സങ്കൽ‌പ്പിച്ചതുപോലുമില്ല.

“ഞങ്ങളുടെ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം ഒറ്റപ്പെടുത്തുന്ന രോഗം, എല്ലാവിധ സാമൂഹികബന്ധങ്ങളും അവസാനിപ്പിക്കുന്ന ഒന്ന് – എന്നെ അത് ബാധിച്ചെന്നോ!”

വളരെയധികം സ്നേഹിച്ചിരുന്ന ഭർത്താവ്, അന്നുതൊട്ട്, 27 വയസ്സുള്ള ജനനിയെ നിരന്തരം കുറ്റപ്പെടുത്താൻ തുടങ്ങി. അവൾ തനിക്കും രോഗം പരത്തുമെന്ന് അയാൾ ഭയപ്പെട്ടു. “വാക്കുകൊണ്ടും ശാരീരികമായും അദ്ദേഹം എന്നെ പീഡിപ്പിക്കാൻ തുടങ്ങി. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ മുമ്പുണ്ടായിരുന്ന വൃക്കസംബന്ധമായ അസുഖത്താൽ അദ്ദേഹത്തിന്‍റെ അമ്മ മരിച്ചുപോയി. പക്ഷേ അതുപോലും എന്‍റെ തലയിൽ കെട്ടിവെക്കുകയായിരുന്നു അദ്ദേഹം”.

ആ സമയത്ത് ഏറ്റവുമധികം അപകടസാധ്യത ഉണ്ടായിരുന്നത് അവർക്കുതന്നെയായിരുന്നു.

സാംക്രമികരോഗങ്ങളിൽ ഏറ്റവുമധികമാളുകളെ കൊല്ലുന്നത് ഇപ്പോഴും ക്ഷയരോഗമാണ്.

Less than a month after contracting TB, Janani went to her parents’ home, unable to take her husband's abuse. He filed for divorce
Less than a month after contracting TB, Janani went to her parents’ home, unable to take her husband's abuse. He filed for divorce

ക്ഷയം ബാധിച്ച് ഒരു മാസം കഴിഞ്ഞപ്പോഴേക്കും , ഭർത്താവിന്‍റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ജനനി സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചുപോയി . ഭർത്താവാകട്ടെ , വിവാഹമോചനത്തിന് കേസ് കൊടുക്കുകയും ചെയ്തു .

കോവിഡ് 19 രംഗത്തുവരുന്നതിന് മുൻപ്‌ 2019-ൽത്തന്നെ 2.6 ദശലക്ഷം ഇന്ത്യക്കാർ ക്ഷയരോഗത്തിന്‍റെ പിടിയിലായിരുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഏകദേശം 4,50,000 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യ ആ കണക്കിനെ ശക്തിയായി എതിർത്തു. ആ വർഷം ക്ഷയരോഗം ബാധിച്ച് മരിച്ചവർ 79,000 -ത്തിൽ കൂടുതൽ ഇല്ലെന്ന് പറഞ്ഞായിരുന്നു ഇന്ത്യ അതിനെ എതിർത്തത്. ഇക്കഴിഞ്ഞ 15 മാസത്തിനുള്ളിൽ 250,000 ആളുകളെയാണ് കോവിഡ്-19 അപഹരിച്ചത്.

2019-ൽ, ലോകമെങ്ങുമുള്ള ക്ഷയരോഗ കേസുകളിൽ - 10 ദശലക്ഷം എന്നാണ് ഡബ്യു.എച്ച്.ഒ.വിന്‍റെ കണക്ക് - നാലിലൊന്ന് ഇന്ത്യയിലായിരുന്നു “ആഗോളതലത്തിൽ, 2019-ൽ 10 ദശലക്ഷം ആളുകൾക്ക് ക്ഷയരോഗം ബാധിക്കുകയുണ്ടായി. തുടർന്നുള്ള വർഷങ്ങളിൽ ആ കണക്ക് സാവധാനത്തിൽ കുറഞ്ഞുവരുന്നുണ്ട്”. ലോകമെങ്ങുമുള്ള 1.4 ദശലക്ഷം ക്ഷയരോഗ മരണങ്ങളിൽ നാലിലൊന്നും ഇന്ത്യയിൽത്തന്നെയാണ്.

കൂടുതലായും ശ്വാസകോശത്തെ ബാധിക്കുന്ന ഒരു ബാക്ടീരിയ ആയിട്ടാണ് (മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്) ലോകാരോഗ്യ സംഘടന ടി.ബി.യെ വിശേഷിപ്പിക്കുന്നത് . “മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് അന്തരീക്ഷത്തിലൂടെ വ്യാപിക്കുന്ന രോഗമാണ് ടി.ബി. ശ്വാസകോശത്തെ ബാധിച്ച ക്ഷയരോഗമുള്ളവർ ചുമയ്ക്കുമ്പൊഴോ, തുമ്മുമ്പൊഴോ തുപ്പുമ്പൊഴോ അന്തരീക്ഷത്തിലേക്ക് ടി.ബി. രോഗാണുക്കൾ പരക്കുന്നു. ആ രോഗാണുക്കളുടെ ഒരു ചെറിയ ശതമാനം മതി, ശ്വസിക്കുന്നവരിലേക്ക് രോഗം പകരാൻ. അതിനർത്ഥം, ലോകത്തിലെ ജനസംഖ്യയുടെ നാലിലൊന്ന് മനുഷ്യരിലേക്ക് ഈ രോഗാണു ഈ വിധം എത്തുന്നുണ്ടെങ്കിലും അത് അവരിൽ രോഗമുണ്ടാക്കുകയോ മറ്റുള്ളവരിലേക്ക് പകരുകയോ ചെയ്യുന്നില്ല എന്നാണ്.”

“ദാരിദ്ര്യത്തിന്‍റെയും സാമ്പത്തികമായ ദുരിതത്തിന്‍റെയും’ ഫലമായിട്ടാണ് ഈ രോഗമുണ്ടാവുന്നതെന്നാണ്” ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ. മാത്രമല്ല, ഈ രോഗം ബാധിക്കുന്നവർ, പലപ്പോഴും “സാമൂഹികമായി ഒറ്റപ്പെടുകയും, അരികുവത്ക്കരിക്കപ്പെടുകയും വിവേചനം അനുഭവിക്കുകയും എളുപ്പത്തിൽ രോഗത്തിന് കീഴ്പ്പെടുകയും ചെയ്യുന്നു“ എന്നും ഡബ്ല്യു.എച്ച്.ഒ. സാക്ഷ്യപ്പെടുത്തുന്നു.

ഇത് സത്യമാണെന്ന് ജനനിക്ക് നന്നായറിയാം. സയൻസിൽ ബിരുദാനന്തരബിരുദവും അദ്ധ്യാപകയോഗ്യതയിൽ ബിരുദവും നേടിയ ആളായിട്ടുപോലും, സാമൂഹികമായ വിവേചനവും ഒറ്റപ്പെടലും ധാരാളം അനുഭവിക്കേണ്ടിവന്നിട്ടുണ്ട് ജനനിക്ക്. അല്ലറ ചില്ലറ ജോലികളൊക്കെ ചെയ്ത് ഉപജീവനം കഴിക്കുന്ന ഒരു തൊഴിലാളിയായിരുന്നു അവരുടെ അച്ഛൻ. അമ്മ ഗൃഹനാഥയും.

രോഗവുമായി മല്ലിട്ട് അതിനെ തോൽ‌പ്പിച്ചതിനുശേഷം, ആ ഭീഷണമായ രോഗത്തിനെതിരായ പ്രചാരണത്തിൽ മുഴുവൻസമയ പങ്കാളിയായി ജനനി മാറി. ക്ഷയരോഗവുമായി ബന്ധപ്പെട്ട സാമൂഹിക ബഹിഷ്കരണത്തിനും ധാരണകൾക്കുമെതിരെ പ്രവർത്തിക്കുന്ന ഒരു ‘ടി.ബി. പോരാളി‘യായി, അഥവാ ‘വനിതാ ക്ഷയരോഗപ്രതിരോധ നേതാവായി’ അവർ പ്രവർത്തിച്ചുവരുന്നു.

Janani has been meeting people in and around her village to raise awareness about TB and to ensure early detection.
PHOTO • Courtesy: Resource Group for Education and Advocacy for Community Health (REACH)

ടി . ബി . യെക്കുറിച്ചുള്ള അവബോധം വളർത്താനും പ്രാഥമികഘട്ടത്തിൽത്തന്നെ അതിനെ കണ്ടെത്താനുമുള്ള പ്രവർത്തനവുമായി ജനനി തന്റെ ഗ്രാമവാസികളുടെയിടയിൽ പ്രവർത്തിക്കുന്നു .

രോഗഗ്രസ്തയായി ഒരു മാസം കഴിഞ്ഞപ്പോൾ 2020 ജൂണിൽ ജനനി തന്‍റെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. “ഭർത്താവിൽനിന്ന് അതിൽക്കൂടുതൽ ഉപദ്രവങ്ങൾ സഹിക്കാൻ എനിക്ക് മനസ്സുണ്ടായില്ല. എന്‍റെ മകനെപ്പോലും അയാൾ പീഡിപ്പിക്കാറുണ്ടായിരുന്നു. നാലുമാസം പ്രായമുള്ള കുട്ടിയാണ്. അവനെന്ത് പിഴച്ചു?“ ഒരു ചെറിയ വർക്ക് ഷോപ്പ് നടത്തുന്ന അവളുടെ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ കൊടുത്തു. “അച്ഛനമ്മമാർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല” ജനനി പറയുന്നു.

എങ്കിലും അവർ അവളെ കൈനീട്ടി സ്വീകരിച്ചു. അവർക്ക് അതെത്രമാത്രം സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്ന് ജനനിക്കറിയാം. “കുട്ടിയായിരുന്നപ്പോൾ കൃഷിപ്പണിക്ക് അവരെന്നെ വിട്ടിരുന്നില്ല. ഞങ്ങളുടെ നാട്ടിലൊക്കെ അതായിരുന്നു പതിവ്. മക്കൾക്കൊക്കെ നല്ല വിദ്യാഭ്യാസം ലഭിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം”. ജനനിക്ക് ഒരു സഹോദരനും സഹോദരിയുമുണ്ട്. ബിരുദാനന്തര ബിരുദമുള്ളവരാണ് അവരും. ഭർത്താവിൽനിന്ന് പിരിഞ്ഞതിനുശേഷമാണ് ജനനി ജോലിക്ക് പോയിത്തുടങ്ങിയത്.

2020 ഡിസംബറിൽ, ക്ഷയരോഗത്തിൽനിന്ന് വിമുക്തയായതിനുശേഷം, വിദ്യാഭ്യാസയോഗ്യതക്കനുസരിച്ചുള്ള ജോലികൾ കണ്ടെത്താനല്ല ജനനി ശ്രമിച്ചത്. പകരം ക്ഷയരോഗ നിർമ്മാർജ്ജന രംഗത്ത് തമിഴനാട്ടിൽ രണ്ട് പതിറ്റാണ്ടായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ‘റീച്ച്‘ (സാമൂഹികാരോഗ്യ വിദ്യാഭ്യാസ-പ്രചാരണ റിസോഴ്സ് സംഘടന) എന്നൊരു ലാഭേതര സന്നദ്ധ സംഘടനയിൽ അവർ ചേർന്നു. അതിൽ‌പ്പിന്നെ, ടി.ബി.യെക്കുറിച്ചുള്ള അവബോധം വളർത്താനും പ്രാഥമികഘട്ടത്തിൽത്തന്നെ അതിനെ കണ്ടെത്താനുമുള്ള പ്രവർത്തനവുമായി ജനനി തന്‍റെ ഗ്രാമവാസികളുടെയിടയിൽ പ്രവർത്തിക്കുന്നു.

ലോകാരോഗ്യസംഘടന പറയുന്നതുപോലെ “ക്ഷയരോഗം ഭേദപ്പെടുത്താവുന്നതും മുൻ‌കൂട്ടി തടയാവുന്നതുമാണ്. ക്ഷയരോഗം ബാധിച്ചവരിൽ 85 ശതമാനത്തിനും ആറ് മാസത്തെ കൃത്യമായ മരുന്നുപയോഗത്തിലൂടെ അതിൽനിന്ന് രക്ഷപ്പെടാൻ കഴിയും.”. സാർവ്വത്രികമായ ആരോഗ്യപരിരക്ഷയുടെ (യൂണിവേഴ്സൽ ഹെൽത്ത് കവറേജ് -യു.എച്ച്.സി) അപ്രാപ്യതകൊണ്ട് ദശലക്ഷക്കണക്കിനാളുകൾക്ക് രോഗം കണ്ടെത്താനും ചികിത്സിക്കാനും കഴിയാതെ പോയിട്ടുണ്ടെങ്കിലും, 2000-ത്തിനുശേഷം, അത്തരം ചികിത്സയിലൂടെ 60 ദശലക്ഷം മരണങ്ങൾ ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്.

*****

“കോവിഡിന്‍റെയും അടച്ചിടലിന്‍റെയും കാലത്ത് അത് വലിയ വെല്ലുവിളിയായി”, തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ 36-കാരിയായ ബി. ദേവി പറയുന്നു. ജനനിയെപ്പോലെ, സ്വന്തം അനുഭവങ്ങളിൽനിന്ന് ‘ക്ഷയരോഗ പ്രതിരോധ പോരാളിയായി’ മാറിയ ആളാണ് ദേവിയും. “ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എനിക്ക് ക്ഷയരോഗം കണ്ടെത്തിയത്. അതിനുമുൻപ് ആ വാക്കുപോലും ഞാൻ കേട്ടിട്ടില്ലായിരുന്നു”. ബുദ്ധിമുട്ടുകൾ സഹിച്ചിട്ടാണെങ്കിലും പന്ത്രണ്ടാം ക്ലാസ്സുവരെ അവർ പഠിക്കുകയും ചെയ്തു.

മാതാപിതാക്കൾ അവളെ ഒരു സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രോഗം മാറിയില്ല. “പിന്നെ ഞങ്ങൾ തെങ്കാശിയിലുള്ള സർക്കാർ ആശുപത്രിയിൽ പോയി.  അവിടെ വിവിധ പരിശോധനകൾക്ക് വിധേയയാവേണ്ടിവന്നു. ഇന്നാലോചിക്കുമ്പോൾ ആ ചികിത്സയിൽ അത്ര ആശ്വസിക്കാനുള്ളതൊന്നുമുണ്ടായിരുന്നില്ല. ഇനി ഞാൻ പരിചയപ്പെടുന്നവരുടെ അനുഭവമെങ്കിലും വ്യത്യസ്തമാവണമെന്ന് എനിക്ക് തോന്നി”.

The organisation's field workers and health staff taking a pledge to end TB and its stigma at a health facility on World TB Day, March 24. Right: The Government Hospital of Thoracic Medicine (locally known as Tambaram TB Sanitorium) in Chennai
PHOTO • Courtesy: Resource Group for Education and Advocacy for Community Health (REACH)
The organisation's field workers and health staff taking a pledge to end TB and its stigma at a health facility on World TB Day, March 24. Right: The Government Hospital of Thoracic Medicine (locally known as Tambaram TB Sanitorium) in Chennai
PHOTO • M. Palani Kumar

മാർച്ച് 24- ന് ആഗോള ക്ഷയരോഗദിനത്തിന്‍റെയന്ന് , ഒരു ആരോഗ്യകേന്ദ്രത്തിന്‍റെ മുൻപിൽ സംഘടനയുടെ പ്രവർത്തകരും ആരോഗ്യവകുപ്പ് ജീവനക്കാരും ചേർന്ന് ക്ഷയരോഗത്തിനും അതിനെക്കുറിച്ചുള്ള മിഥ്യാധാരണകൾക്കുമെതിരേ പ്രതിജ്ഞയെടുക്കുന്നു . ( വലത്ത് ) ചെന്നൈയിലെ തൊറാസിക്ക് ചികിത്സയ്ക്കുള്ള സർക്കാർ ആശുപത്രി ( താംബരം ടി . ബി . സാനറ്റോറിയം എന്ന് തദ്ദേശീയമായി അറിയപ്പെടുന്നു )

തെങ്കാശി ജില്ലയിലെ വീരകേരളം‌പുതൂർ എന്ന താലൂക്കാണ് ദേവിയുടെ സ്വദേശം. അവരുടെ മാതാപിതാക്കൾ കൃഷിപ്പണിക്കാരാണ്. സാമ്പത്തികനിലയൊക്കെ മോശമായിരുന്നെങ്കിലും, രോഗം പിടിപെട്ടപ്പോൾ അവരും മറ്റ് ബന്ധുക്കളും തനിക്ക് ധൈര്യം തന്നുവെന്ന് ദേവി പറയുന്നു. അവർ ചികിത്സ കണ്ടെത്തുകയും കൃത്യമായി അത് തുടർന്നുപോരുകയും ചെയ്തു. “അവർ എന്നെ നല്ലവണ്ണം പരിപാലിച്ചു” ദേവി പറയുന്നു.

ദേവിയുടെ ഭർത്താവും വളരെയധികം സഹായിക്കുകയും ധൈര്യം നൽകുകയും ചെയ്തു. ഒരു ജോലി കണ്ടെത്താൻ സഹായിച്ചത് അയാളായിരുന്നു. ജനനിയെപ്പോലെ ക്ഷയരോഗ പ്രതിരോധ പ്രചാരണത്തിലും പരിശീലനത്തിലും ദേവിയും പങ്കുചേർന്നു. 2020 സെപ്റ്റംബർ മുതൽ ഏകദേശം പന്ത്രണ്ടോളം യോഗങ്ങളിൽ (ഓരോന്നിലും ശരാശരി ഇരുപതിൽക്കൂടുതൽ ആളുകൾ പങ്കെടുത്തു) ക്ഷയരോഗത്തെക്കുറിച്ച് അവർ ക്ലാസ്സെടുത്തു.

“പരിശീലനത്തിൽ പങ്കെടുത്തതിനുശേഷമാണ്, ടി.ബി. രോഗികളെ കൈകാര്യം ചെയ്യേണ്ടിവരുമെന്ന് എനിക്ക് മനസ്സിലായത്. സത്യമായിട്ടും എനിക്ക് ആവേശമാണ് തോന്നിയത്. എനിക്ക് കിട്ടാതെപോയ ഗുണഫലങ്ങൾ അവർക്ക് കിട്ടാൻ എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് തോന്നി.” ദേവി പറയുന്നു. തെങ്കാശി ജില്ലയിലെ പുലിയങ്കുടി നഗരസഭയിലെ സർക്കാർ ആശുപത്രിയിൽ 42 ടി.ബി. രോഗികളെ ദേവി നോക്കുന്നുണ്ട്. അതിലൊരാൾക്ക് പൂർണ്ണമായും ഭേദമാവുകയും ചെയ്തു. “ഞങ്ങൾ അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും രോഗികളെ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നു. ഏതെങ്കിലുമൊരാളിൽ രോഗം കണ്ടാൽ അവരുടെ കുടുംബത്തെ മുഴുവൻ ഞങ്ങൾ പരിശോധിക്കുകയും അവർക്കാവശ്യമുള്ള പ്രതിരോധചികിത്സകൾ നൽകുകയും ചെയ്യുന്നു”.

കോവിഡ് 19 കൊണ്ടുവന്ന സ്ഥിതിവിശേഷവുമായി ദേവിയും ജനനിയും മല്ലിടുകയാണ്. ഇത്തരം സാ‍ഹചര്യത്തിൽ ജോലി ചെയ്യുന്നത് അവരുടെ ജീവനുപോലും ഭീഷണിയാണെങ്കിലും അവർ അതൊന്നും കൂസാതെ ജോലിയിൽ തുടരുകയാണ്. “കോവിഡിനെ പേടിച്ച്, കഫ പരിശോധന ചെയ്യുന്നതിൽനിന്നുപോലും ആശുപത്രി ജീവനക്കാർ ഞങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാലും, അവരെ കഴിവതും ശല്യപ്പെടുത്താതെ ഞാനെന്‍റെ പരിശോധനകൾ തുടരുന്നു” ദേവി പറയുന്നു.

കോവിഡ്-19 ഉളവാക്കുന്ന പുതിയ അപകടങ്ങൾ വലുതാണ്. “ആരോഗ്യസംവിധാനത്തിലെ തടസ്സങ്ങളും, രോഗം കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലുമുണ്ടാവുന്ന കാലതാമസവും മൂലം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ക്ഷയരോഗവുമായി ബന്ധപ്പെട്ട് 95,000 അധികം മരണങ്ങളിലേക്ക് കോവിഡ് മഹാവ്യാധി നയിക്കുമെന്നാണ് യൂറോപ്പ്യൻ റെസ്പിറേറ്ററി ജേണലിലെ ഒരു പഠനം ചൂണ്ടിക്കാട്ടി പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ പറയുന്നത് . അതിനുപുറമേ, സ്ഥിതിവിവരക്കണക്കുകളിലേക്കും തടസ്സങ്ങൾ നീളാൻ ഇടയുണ്ട് – മഹാവ്യാധി തുടങ്ങിയതിനുശേഷം ക്ഷയരോഗവിവരങ്ങൾ വലിയ തോതിലാണ് എണ്ണിത്തിട്ടപ്പെടുത്താതെയും വെളിപ്പെടാതെയും പോവുന്നത്. ആധികാരികമായ സ്ഥിതിവിവരക്കണക്ക് ലഭ്യമല്ലെങ്കിലും, കോവിഡ്-19 ബാധിച്ച് മരിക്കുന്ന പലർക്കും ടി.ബി.യും ഉണ്ടെന്നതിൽ ആർക്കും തർക്കമില്ല.

2020-ലെ ഇന്ത്യാ ടി.ബി. റിപ്പോർട്ട് പ്രകാരം, 2019-ൽ ഇന്ത്യയിൽ ക്ഷയരോഗത്തിന്‍റെ ആഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടിവന്ന സംസ്ഥാനം തമിഴ്നാടാണ്. 110,845 ടി.ബി. രോഗികളാണ് ആ വർഷം സംസ്ഥാനത്തുണ്ടായിരുന്നത്. അതിൽ 77,815 പുരുഷന്മാരും 33,905 സ്ത്രീകളുമായിരുന്നു. ഭിന്ന ലൈംഗിക വിഭാഗത്തിൽപ്പെട്ട 125 പേരും ഉണ്ടായിരുന്നു.

എന്നിട്ടും, ടി.ബി. കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ സംസ്ഥാനത്തിന്‍റെ റാങ്ക് നില 14 ആണ്. അതിന്‍റെ കാരണമറിയില്ലെന്നാണ് ഈ രോഗത്തെ ചികിത്സിക്കുന്നതിൽ പരിചയസമ്പന്നനായ ഒരു മെഡിക്കൽ ആക്ടി‌വിസ്റ്റ് പറയുന്നത്. “ഒരുപക്ഷേ വ്യാപ്തി കുറവാണെന്നതായിരിക്കാം കാരണം. അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും ദാരിദ്ര്യനിർമ്മാർജ്ജന പരിപാടികളിലും തമിഴ്നാട് വളരെ മുന്നിലാണ്. സംസ്ഥാനത്തെ വിവിധ ആരോഗ്യപരിപാടികളും മെച്ചപ്പെട്ടതാണ്. പക്ഷേ സർക്കാർ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നതുമാകാം കാരണം. നെഞ്ചിന്‍റെ എക്സ്‌റേ എടുക്കുന്നതുപോലും പല ആശുപത്രികളെ സംബന്ധിച്ചും വലിയൊരു വിഷയമാണ് (കോവിഡ്-19 ആരോഗ്യമേഖലയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിട്ടുമുണ്ട്). ക്ഷയരോഗത്തിനാവശ്യമായ നിർബന്ധമായ എല്ലാ പരിശോധനകളൊന്നും നടക്കുന്നില്ല. റിപ്പോർട്ട് ചെയ്യുന്നതിലെ താഴ്ന്ന റാങ്കുനിലയുടെ കാരണമറിയണമെങ്കിൽ, രോഗവ്യാപ്തിയെക്കുറിച്ച് ഇപ്പോൾ നടക്കുന്ന വിവരശേഖരണം പുറത്തുവരികതന്നെ വേണം”.

ടി.ബി.രോഗികളെ സംബന്ധിച്ചിടത്തോളം അവർക്ക് നേരിടേണ്ടിവരുന്ന സാമൂഹികമായ ബഹിഷ്ക്കരണത്തിന്‍റെ തോത് ഇപ്പോഴും തിട്ടപ്പെടുത്തിയിട്ടില്ല. “പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെ ഈ രോഗം അത്ര ബാധിച്ചിട്ടില്ലെങ്കിലും, ഇതുമായി ബന്ധപ്പെട്ട സാമൂഹികമായ ഒറ്റപ്പെടുത്തൽ വ്യത്യസ്തമാണ്. പുരുഷന്മാരും ഒറ്റപ്പെടൽ നേരിടുന്നുണ്ടെങ്കിലും സ്ത്രീകളുടെ കാര്യമാണ് കൂടുതൽ ദയനീയം” എന്ന് റീച്ചിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ അനുപമ ശ്രീനിവാസൻ വിശദീകരിക്കുന്നു.

ജനനിയും ദേവിയും ഇതിനോട് യോജിക്കുന്നുണ്ട്. ഈ തൊഴിലിലേക്ക് അവരെത്തിയതിന്‍റെ കാരണവും അതല്ലാതെ മറ്റൊന്നല്ല.

*****

ഇനി പൂങ്കൊടി ഗോവിന്ദരാജിലേക്ക് വരാം. വെല്ലൂരിൽനിന്നുള്ള 30 വയസ്സുള്ള ഈ വനിതാ പ്രചാരകയെ മൂന്ന് തവണ ഈ രോഗം ബാധിച്ചിട്ടുണ്ട്  “2014-ലും 2016-ലും ഞാൻ ക്ഷയരോഗത്തെ സാരമായി കണക്കാക്കിയില്ല. മരുന്നുകൾ ഇടയ്ക്കുവെച്ച് നിർത്തുകയും ചെയ്തിരുന്നു” അവർ പറയുന്നു. “2018-ൽ ഒരപകടമുണ്ടായപ്പോൾ, ചികിത്സയ്ക്കിടയിൽ, നട്ടെല്ലിന് ക്ഷയം ബാധിച്ചതായി കണ്ടു. പക്ഷേ ഇത്തവണ ഞാൻ ചികിത്സ പൂർത്തിയാക്കുകയും രോഗം മാറുകയും ചെയ്തു”.

പന്ത്രണ്ടാം ക്ലാസ്സുവരെ പഠിച്ചതിനുശേഷം ബി.എസ്.സി. നഴ്സിംഗിന് ചേർന്നപ്പോഴാണ് പൂങ്കൊടിക്ക് പഠനം നിർത്തേണ്ടിവന്നത്. “2011-ലും, 2012-ലും, 2013-ലും പ്രസവിച്ചുവെങ്കിലും മൂന്ന് കുട്ടികളും ജനിച്ചയുടൻ മരിച്ചു”, അവർ പറയുന്നു. “ആരോഗ്യപരമായ കാരണങ്ങളാൽ എനിക്ക് നഴ്സിംഗ് പഠനം നിർത്തേണ്ടിവന്നു”. അവരുടെ ആരോഗ്യം മാത്രമായിരുന്നില്ല കാരണം. 2011-ൽ അമ്മ ക്ഷയരോഗം ബാധിച്ച് മരിച്ചു. അച്ഛന് ഒരു ബാർബർ ഷോപ്പിലായിരുന്നു ജോലി. 2018-ൽ പൂങ്കൊടിക്ക് ക്ഷയരോഗം തിരിച്ചറിഞ്ഞപ്പോൾ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്തിരുന്ന അവരുടെ ഭർത്താവും അവരെ ഉപേക്ഷിച്ചു. അതിനുശേഷം അച്ഛനമ്മമാരുടെ വീട്ടിലാണ് പൂങ്കൊടിയുടെ താമസം.

Poongodi Govindaraj (left) conducting a workshop (right); she is a campaign leader from Vellore who has contracted TB three times
PHOTO • Courtesy: Resource Group for Education and Advocacy for Community Health (REACH)
Poongodi Govindaraj (left) conducting a workshop (right); she is a campaign leader from Vellore who has contracted TB three times
PHOTO • Courtesy: Resource Group for Education and Advocacy for Community Health (REACH)

പൂങ്കൊടി ( ഇടത്ത് ) ഒരു ക്ലാസ്സെടുക്കുന്നു ( വലത്ത് ); മൂന്ന് തവണ ക്ഷയരോഗം ബാധിച്ച വെല്ലൂർ സ്വദേശിനിയായ അവർ ക്ഷയരോഗപ്രതിരോധ പോരാളിയാണ് .

കുടുംബത്തിന് അല്പസ്വല്പം ഭൂമിയൊക്കെ ഉണ്ടായിരുന്നുവെങ്കിലും അത് മുഴുവനും തന്‍റെ ചികിത്സയ്ക്കും ഭർത്താവ് വേർപിരിഞ്ഞപ്പോൾ വിവാഹമോചനക്കേസ് നടത്താനും ചിലവഴിക്കേണ്ടിവന്നുവെന്ന് പൂങ്കൊടി പറയുന്നു. “അച്ഛനാണ് ഇപ്പോൾ എന്നെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത്. ടി.ബി.യെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്ന ആളായി പ്രവർത്തിക്കുന്നതിൽ ഇപ്പോൾ എനിക്ക് സന്തോഷമുണ്ട്“. ക്ഷയരോഗം ബാധിച്ച് പൂങ്കൊടിയുടെ ശരീരഭാരം 35 കിലോഗ്രാംവരെ കുറഞ്ഞു. “മുൻപ് എനിക്ക് 70 കിലോ തൂക്കമുണ്ടായിരുന്നു. എന്തായാലും ഒരു ‘ക്ഷയരോഗപ്രതിരോധ നേതാവ്‘ എന്ന നിലയിൽ ഞാനിന്ന് വിജയിച്ചിരിക്കുന്നു ക്ഷയരോഗത്തെക്കുറിച്ചും അതിനെ എങ്ങിനെ നേരിടണമെന്നതിനെക്കുറിച്ചും ചുരുങ്ങിയത് 2500 ആളുകൾക്കെങ്കിലും വഴികാട്ടിയാവാൻ എനിക്ക് സാധിച്ചു. 80-ഓളം ക്ഷയരോഗികളുടെ ചികിത്സയിൽ ഞാൻ ഭാഗഭാക്കായിട്ടുണ്ട്. അവരിൽ 20 പേർ ഇപ്പോൾ പൂർണ്ണമായും രോഗത്തിൽനിന്ന് രക്ഷപ്പെട്ടു.” ‘വനിതാ ക്ഷയരോഗപ്രതിരോധ നേതാവ്’ എന്ന രീതിയിലുള്ള തൊഴിൽ തനിക്ക് “സമാധാനവും സന്തോഷവും സംതൃപ്തിയും തരുന്നു” എന്നാണ്, അതിനുമുൻപ് യാതൊരുവിധ തൊഴിലും പരിശീലിച്ചിട്ടില്ലാത്ത പൂങ്കൊടി പറയുന്നത്. “അഭിമാനിക്കാവുന്ന ഒരു കാര്യത്തിലാണ് ഞാൻ ഏർപ്പെട്ടിരിക്കുന്നത്. എന്‍റെ ഭർത്താവ് ജീവിക്കുന്ന അതേ ഗ്രാമത്തിൽത്തന്നെ ഇതുപോലുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്നത് ഒരു വലിയ നേട്ടമായി ഞാൻ കണക്കാക്കുന്നു”.

*****

ക്ഷയരോഗ കേസുകൾ കണ്ടെത്തുന്നതിനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും കഴിവുള്ള സ്ത്രീകളെ കണ്ടെത്തുകയാണ് ‘സാധിപ്പോം വാ പെണ്ണേ’ (സ്ത്രീകളേ വരൂ, നമുക്ക് നേടാം) എന്ന പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്.

ഇവിടെയുള്ള കൂട്ടായ്മകളിൽനിന്ന്, 400-ഓളം സ്ത്രീകളെ തിരഞ്ഞെടുത്ത്, അവരവരുടെ ഗ്രാമങ്ങളിലെയും വാർഡുകളിലെയും ആരോഗ്യമേഖലയിൽ പങ്കെടുക്കാൻ ഫോൺ വഴി പരിശീലനം നൽകുന്നുണ്ട്. മറ്റൊരു 80 പേർക്ക്, പൂങ്കൊടിയെപ്പോലെ, വനിതാ ക്ഷയരോഗപ്രതിരോധ നേതാക്കളായി, പൊതുജനാരോഗ്യകേന്ദ്രങ്ങളിൽ പോയി ക്ഷയരോഗത്തിനുള്ള പരിശോധന നടത്താനുള്ള പരിശീലനവും നൽകുന്നുണ്ടെന്ന് അനുപമ ശ്രീനിവാസൻ പറയുന്നു.

പ്രശ്നത്തിന്‍റെ വ്യാപ്തി ആലോചിക്കുമ്പോൾ ഈ കണക്കുകൾ തീരെ അപര്യാപ്തമായി തോന്നുമെങ്കിലും, ജനനിക്കും, ദേവിക്കും, പൂങ്കൊടിക്കും മറ്റ് സ്ത്രീകൾക്കും, അവരെ കാത്തിരിക്കുന്ന ആയിരക്കണക്കിന് ക്ഷയരോഗികൾക്കും ഇത് വളരെ പ്രധാനം തന്നെയാണ്. ആരോഗ്യകാര്യത്തിനുമപ്പുറത്തേക്ക്, സാമൂഹികവും സാമ്പത്തികവുമായ മേഖലയെ സംബന്ധിച്ചിടത്തോളവും ഇത് പ്രസക്തിയുള്ളതാണ്. മാത്രമല്ല, ഇത് സ്പർശിക്കുന്ന ആളുകളിൽ അതുണ്ടാക്കുന്ന ആത്മവിശ്വാസവും അളവറ്റതാണ്.

“ഈ സ്ഥലം വളരെ ആശ്വാസം നൽകുന്നതാണ്”, തന്‍റെ ദൈനംദിന തൊഴിലിനെക്കുറിച്ച് ജനനി പറയുന്നു. റീച്ചിൽ ജോലി ചെയ്യാൻ തുടങ്ങി രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും അവരുടെ ഭർത്താവും (അയാളുടെ കുടുംബവും) അവളെ തേടിയെത്തി. “ഞാൻ സമ്പാദിക്കുന്ന പൈസയാണോ അയാൾക്ക് വേണ്ടത് എന്നെനിക്കറിയില്ല – വീട്ടിൽ എന്നെക്കൊണ്ട് ഒരുപകാരവുമില്ല എന്നായിരുന്നു അയാളുടെ സ്ഥിരം കുറ്റപ്പെടുത്തൽ. അതോ ഞാൻ പോയതിൽ‌പ്പിന്നെ ഒറ്റപ്പെട്ടപ്പോൾ എന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞതാണോ എന്നുമെനിക്കറിയില്ല. എന്തായാലും, വിവാഹമോചനക്കേസിന് ശേഷവും ഒരു ഒത്തുതീർപ്പ് സാധ്യമാണെന്നറിഞ്ഞപ്പോൾ എന്റെ അച്ഛനമമ്മമാർക്ക് സന്തോഷമായി”.

അച്ഛനമ്മമാരെ സന്തോഷിപ്പിക്കാൻ, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജനനി ഭർത്താവിന്‍റെയടുത്തേക്ക് തിരിച്ചുപോയി. “എന്തായാലും ഇപ്പോൾ, അയാളെന്നെ നന്നായി നോക്കുന്നുണ്ട്. ടി.ബി. എന്‍റെ ജീവിതം തകർത്തു എന്ന് വിചാരിച്ചപ്പോഴും, സത്യത്തിൽ അതെനിക്ക് കൂടുതൽ അർത്ഥം തരികയാണ് ചെയ്തത്. എന്നെ ഏതാണ്ട് ഇല്ലാതാക്കിയ ഈ രോഗത്തിനെക്കുറിച്ച് ഇന്ന് മറ്റുള്ളവരെ ഞാൻ ബോധവത്ക്കരിക്കുകയാണല്ലോ എന്നാലോചിക്കുമ്പോൾ, ഇത് തീർച്ചയായും ഒരു ശാക്തീകരണം തന്നെയാണ്”.

സ്വതന്ത്ര പത്രപ്രവർത്തനത്തിന് താക്കൂർ ഫാമിലി ഫൗണ്ടേഷൻ നൽകുന്ന ഗ്രാന്‍റുപയോഗിച്ച് , പൊതുജനാരോഗ്യത്തെക്കുറിച്ചും പൗരാവകാശത്തെക്കുറിച്ചും റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകയാണ് കവിതാ മുരളീധരൻ . ഈ റിപ്പോർട്ടിന്‍റെ ഉള്ളടക്കത്തിൽ താക്കൂർ ഫാമിലി ഫൗണ്ടേഷൻ ഒരുവിധത്തിലുമുള്ള സ്വാധീനവും ചെലുത്തിയിട്ടില്ല .

പരിഭാഷ: രാജീവ്‌ ചേലനാട്ട്

Kavitha Muralidharan

Kavitha Muralidharan is a Chennai-based independent journalist and translator. She was earlier the editor of 'India Today' (Tamil) and prior to that headed the reporting section of 'The Hindu' (Tamil). She is a PARI volunteer.

Other stories by Kavitha Muralidharan
Illustrations : Priyanka Borar

Priyanka Borar is a new media artist experimenting with technology to discover new forms of meaning and expression. She likes to design experiences for learning and play. As much as she enjoys juggling with interactive media she feels at home with the traditional pen and paper.

Other stories by Priyanka Borar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat