ഇരുട്ടോ, ഇടവിട്ടിടവിട്ടുള്ള തീവണ്ടികളുടെ ശബ്ദമോ ഒന്നും, ഒരു പുരുഷൻ സൂക്ഷിച്ച് നോക്കുന്നുണ്ട് എന്ന പേടിയോളം വരില്ല.

രാത്രി, കക്കൂസിൽ പോകണമെന്നുണ്ടെങ്കിൽ തീവണ്ടി ട്രാക്കുകൾ മാത്രമാണ് ആശ്രയം. 17 വയസ്സുള്ള നീതു കുമാരി പറഞ്ഞു.

ദക്ഷിണ-മധ്യ പാറ്റ്നയിലെ യാർപുർ ഭാഗത്തെ ചേരിയിലെ 9-ാം നമ്പർ വാർഡിലാണ് നീതുവിന്‍റെ താമസം. ചേരിയിലെ വീടുകളുടെ നടുക്ക്, ഒരു സിമന്‍റ് ചത്വരമുള്ളതിൽ നിരനിരയായി വെള്ള ടാപ്പുകളുണ്ട്. അവിടെ രണ്ട് പുരുഷന്മാർ ഏതാണ്ട് നഗ്നരായിത്തന്നെ വിശദമായി സോപ്പൊക്കെ തേച്ച് കുളിക്കുന്നു. വഴുക്കലുള്ള ആ സിമന്‍റ് ചത്വരത്തിൽ പത്തുപന്ത്രണ്ട് ആൺകുട്ടികൾ വെള്ളത്തിൽ കുത്തിമറിഞ്ഞ് കളിക്കുകയും പരസ്പരം ഉന്തിയിട്ട് വീഴ്ത്തി ആർത്തുചിരിക്കുകയും ചെയ്യുന്നു.

50 മീറ്റർ അകലെ, ഉപയോഗശൂന്യമായ ഒരു കക്കൂസ് കെട്ടിടമുണ്ട് – ചേരിയിലെ ഒരേയൊരു ശൗചാലയ കെട്ടിടം. അതിലെ പത്ത് കക്കൂസുകളും പൂട്ടിയിട്ടിരിക്കുന്നു. കോവിഡ് മഹാവ്യാധി കാരണം പൊതുജനത്തിന് തുറന്നുകൊടുത്തിട്ടില്ല. അതിന്‍റെ ചവിട്ടുപടിയിൽ ആടുകളുടെ ഒരു കൂട്ടം വിശ്രമിക്കുന്നുണ്ട്. അതിന്‍റെ പിന്നിൽ, തീവണ്ടി ട്രാക്കിൽ മാലിന്യത്തിന്‍റെ കൂമ്പാരം. 10 മിനിറ്റ് നടന്നാലെത്തുന്ന ദൂരത്താണ് ഉപയോഗിക്കാൻ കഴിയുന്ന ഒരേയൊരു പൊതു ശൗചാലയം. യാർപുരിന്‍റെ മറ്റേ അറ്റത്തുള്ള മറ്റൊരു പൊതുകക്കൂസിലേക്ക് ചിലർ തീവണ്ടിപ്പാളം മുറിച്ച് കടന്ന് പോകാറുണ്ട്.

“ആൺകുട്ടികൾക്ക് എപ്പോഴും എവിടെയും വെളിക്കിരിക്കാം. പെൺകുട്ടികൾക്ക് രാത്രി മാത്രമേ പോകാൻ പറ്റൂ”, ബി.എ. ആദ്യവർഷത്തിന് പഠിക്കുന്ന നീതു പറഞ്ഞു (ഈ കഥയിലെ എല്ലാ പേരുകളും സാങ്കല്പികമാണ്). പക്ഷേ, പ്രദേശത്തെ മറ്റ് പെൺകുട്ടികളേക്കാൾ ഭാഗ്യവതിയാണ് താനെന്ന് അവൾ പറയുന്നു. 200 മീറ്റർ അപ്പുറത്തുള്ള അമ്മായിയുടെ വീട്ടിലെ കക്കൂസുപയോഗിക്കാൻ അവൾക്ക് അനുവാദമുണ്ട്.

“വീട്ടിൽ ഞങ്ങൾക്ക് രണ്ട് മുറികളുണ്ട്. ഒന്നിൽ ചെറിയ അനിയനും, മറ്റൊന്നിൽ ഞാനും അമ്മയും. അതുകൊണ്ട് ആർത്തവ പാഡുകൾ ഉപയോഗിക്കാനും മാറ്റാനുമുള്ള സ്വകാര്യത എനിക്കുണ്ട്. മറ്റ് പല പെൺകുട്ടികൾക്കും സ്ത്രീകൾക്കും തീവണ്ടിപ്പാളത്തിനടുത്ത് പോയി സാനിറ്ററി പാഡുകൾ മാറ്റാനോ കളയാനോ രാത്രിയാകുന്നതുവരെ കാത്തിരിക്കണം”, നീതു പറഞ്ഞു.

A public toilet block – the only one in this colony – stands unused, its handover to the community delayed by the pandemic
PHOTO • Kavitha Iyer

മഹാവ്യാധി കാരണം , ആ സ്ഥലത്തെ ഒരേയൊരു പൊതുശൗചാലയം , ആളുകൾക്ക് തുറന്നുകൊടുക്കാതെ , ഉപയോഗശൂന്യമായി കിടക്കുകയാണ്

9-ാം വാർഡിലെ അവളുടെ ചേരിയിലെ കോളനിയിലും, അതിനോട് ചേർന്നുള്ള കുറേക്കൂടി വലിയ യാർപുർ അംബേദ്ക്കർ നഗറിലുമായി, 2,000 കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്ന് അന്നാട്ടുകാർ പറയുന്നു. മിക്കവരും കൂലിപ്പണിക്കാരോ, നീതുവിനെപ്പോലെയുള്ള രണ്ടാം തലമുറക്കാരായ പാറ്റ്നാ നിവാസികളോ ആണ്. പതിറ്റാണ്ടുകൾക്കുമുമ്പ്, തൊഴിൽ‌തേടി, ബിഹാറിലെ വിവിധ സ്ഥലങ്ങളിൽനിന്ന് കുടിയേറിയ തൊഴിലാളികളാണ് അവർ.

ഏറെക്കാലമായി സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നവരാണെങ്കിലും, മഹാവ്യധിയിൽ‌പ്പെട്ട് ഉപജീവനം നഷ്ടപ്പെടുകയും സാമ്പത്തികമായ ദുരിതത്തിൽ‌പ്പെടുകയും ചെയ്തതിനാൽ ഇപ്പോൾ തങ്ങൾ വീട്ടിലുണ്ടാക്കുന്ന തുണിക്കഷ്ണങ്ങളാണ് ആർത്തവകാലത്ത് ഉപയോഗിക്കുന്നതെന്ന് യർപുർ അംബേദ്ക്കർ നഗറിലെ സ്ത്രീകൾ പറയുന്നു. എന്നോട് സംസാരിക്കാനായി ഒരു അമ്പലത്തിന്‍റെ വരാന്തയിൽ അവർ ഒത്തുകൂടിയിരുന്നു. പൊതുശൗചാലയമൊക്കെയുണ്ടെങ്കിലും, അറ്റകുറ്റപ്പണികളോ ആവശ്യത്തിന് വെളിച്ചമോ ഒന്നും ഇല്ലാത്തതിനാൽ, അവർക്കത് ഉപയോഗിക്കാനവുന്നില്ലെന്നുമാത്രം. കക്കൂസുകളൊക്കെ തുറന്നിരിക്കുമെങ്കിലും ഇരുട്ടത്ത് അവിടേക്ക് പോകാനും മറ്റും അവർ ബുദ്ധിമുട്ടുന്നു.

“പാളത്തിന്‍റെ മറുവശത്തുള്ള വാർഡ് നമ്പർ 9-ലാണ് ഒരു കക്കൂസുപോലും ഇല്ലാത്തത്”, 38 വയസ്സുള്ള പ്രതിമാ ദേവി പറഞ്ഞു. 2020 മാർച്ചിൽ സ്കൂളുകൾ പൂട്ടുന്നതുവരെ ഒരു സ്കൂൾ ബസ്സിൽ സഹായിയായി, മാസം 3,500 രൂപ ശമ്പളം വാങ്ങിയിരുന്നു അവർ. ഒരു ഹോട്ടലിൽ പാചകക്കാരനാണ് അവരുടെ ഭർത്താവ്. 2020 അവസാനത്തോടെ അയാൾക്കും ജോലി നഷ്ടമായി.

യാർപുരിലേക്കുള്ള പ്രധാനപാതയിൽ ഒരു ഉന്തുവണ്ടിയിൽ സമോസകളും മറ്റ് പലഹാരങ്ങളും വിറ്റാണ് ഈ ദമ്പതികൾ ഉപജീവനം നടത്തുന്നത്. പ്രതിമ രാവിലെ 4 മണിക്ക് എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്ത്, അന്ന് വിൽക്കേണ്ട പലഹാരങ്ങൾക്കാവശ്യമായ സാധനങ്ങളൊക്കെ വാങ്ങിവന്ന് വൃത്തിയാക്കി, കുടുംബത്തിനുള്ള ഭക്ഷണം വീണ്ടും ഉണ്ടാക്കും. “പണ്ടത്തെപ്പോലെ, മാസത്തിൽ 10,000 – 12,000 രൂപയൊന്നും ഇപ്പോൾ സമ്പാദിക്കാൻ പറ്റുന്നില്ല. അതിനാൽ സൂക്ഷിച്ചുവേണം ചിലവാക്കാൻ”, അവർ പറഞ്ഞു. സാനിറ്ററി പാഡുകൾ വാങ്ങുന്നത് നിർത്തിയ സ്ത്രീകളിൽ ഒരാളാണ് പ്രതിമയും.

കുറച്ച് വർഷങ്ങൾക്കുമുൻപാണ്, നീതുവിന്‍റെ മദ്യപാനിയായ അച്ഛൻ മരിച്ചത്. ചേരിയിൽനിന്ന് 5 കിലോമീറ്റർ അകലെയുള്ള ബോറിംഗ് റോഡിലെ ചില വീടുകളിൽ പാചകക്കാരിയായി ജോലി ചെയ്യുകയാണ് അവളുടെ അമ്മ. കൂട്ടത്തിൽ മറ്റ് ചില ശുചീകരണ ജോലികളും ചെയ്ത് മാസത്തിൽ 5,000-6,000 രൂപ അവർ സമ്പാദിക്കുന്നു.

കോളണിയിലെ എട്ടോ പത്തോ വീടുകൾക്ക് സ്വന്തമായി കക്കൂസുണ്ട്. ബാക്കിയെല്ലാവരും തീവണ്ടിപ്പാളത്തിലോ, പൊതുകക്കൂസുകളിലോ കാര്യം കഴിക്കും”, നീതു പറഞ്ഞു. ആ വീടുകളിൽ അവളുടെ അമ്മായിയുടെ വീടും ഉൾപ്പെടുന്നു. അഴുക്കുചാലുകളുമായി ബന്ധപ്പെടുത്താതെ, പേരിനുമാത്രം സൗകര്യങ്ങളുള്ള സംവിധാനമാണ് ആ കക്കൂസുകൾക്കുള്ളത്. “രാത്രിസമയത്താണ് വലിയ ബുദ്ധിമുട്ട്. പക്ഷേ ഇപ്പോൾ അതുമായി പൊരുത്തപ്പെട്ടു”, അവൾ പറഞ്ഞു.

The Ward Number 9 slum colony in Yarpur: 'At night, the only toilet available is the railway track'
PHOTO • Kavitha Iyer

യാർപുരിലെ വാർഡ് നമ്പർ 9 ചേരിയിലെ കോളണി. 'രാത്രി, കക്കൂസാവശ്യങ്ങൾക്ക് തീവണ്ടിപ്പാളത്തെത്തന്നെ ആശ്രയിക്കണം'

രാത്രിയിൽ തീവണ്ടിപ്പാളങ്ങൾ ഉപയോഗിക്കേണ്ടിവരുമ്പോൾ, തീവണ്ടിയുടെ ഹോൺശബ്ദം മുഴങ്ങുന്നതോ പാളങ്ങൾ വിറയ്ക്കുന്നതോ ശ്രദ്ധിക്കണം. കുറച്ചുകാലത്തെ പരിചയം‌വെച്ച്, എപ്പോഴൊക്കെയാണ് തീവണ്ടികൾ വരുന്നത് എന്ന് ഇപ്പോൾ തനിക്കറിയാമെന്ന് നീതു പറഞ്ഞു.

“സുരക്ഷിതമല്ലെന്ന് എനിക്കറിയാം. ചെയ്യരുതെന്നും ആഗ്രഹമുണ്ട്. പക്ഷേ വേറെ വഴിയില്ലല്ലോ. മിക്ക പെൺകുട്ടികളും സ്ത്രീകളും സാനിറ്ററി പാഡുകൾ മാറ്റുന്നതിനും പാളങ്ങളെത്തന്നെ ആശ്രയിക്കും. നല്ല ഇരുട്ടുള്ള സ്ഥലം തിരഞ്ഞെടുക്കും. ചിലപ്പോൾ, പുരുഷന്മാർ ഒളിഞ്ഞുനോക്കുന്നുണ്ടെന്ന ഒരു തോന്നലുണ്ടാകാറുണ്ട്”. അവൾ പറഞ്ഞു. പാളത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നതും ബുദ്ധിമുട്ടാണ്. എന്നാലും വീട്ടിൽ വെള്ളം ശേഖരിച്ചത് ബാക്കിയുണ്ടെങ്കിൽ ഒരു പാത്രം കൊണ്ടുപോവും”.

പുരുഷന്മാർ ഒളിഞ്ഞുനോക്കുന്നതുപോലെ തോന്നലുണ്ടാകാറുണ്ടെങ്കിലും നീതുവിനും മറ്റ് പെൺകുട്ടികൾക്കും യുവതികൾക്കും ഇതുവരെ ലൈംഗികോപദ്രവമൊന്നും നേരിടേണ്ടിവന്നിട്ടില്ല. സുരക്ഷിതരാണെന്ന് തോന്നുന്നുണ്ടോ? ഇപ്പോൾ ഇതുമായി പൊരുത്തപ്പെട്ടുവെന്നും മുൻ‌കരുതലെന്ന നിലയ്ക്ക് രണ്ടും മൂന്നും സ്ത്രീകൾ ഒരുമിച്ചാണ് പോകാറുള്ളതെന്നും നീതു മറുപടി പറഞ്ഞു.

മഹാവ്യാധിയുടെ കാലത്ത് കുറച്ച് മാസങ്ങൾ നീതുവിന്‍റെ അമ്മ സാനിറ്ററി പാഡുകൾ വാങ്ങുന്നത് നിർത്തിവെച്ചു. “പാഡുകൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ അമ്മയെ പറഞ്ഞ് മനസ്സിലാക്കിച്ചു. ചിലപ്പോൾ ചില എൻ.ജി.ഒ.കൾ പാഡുകൾ വിതരണം ചെയ്യാറുണ്ട്”, നീതു പറയുന്നു. പക്ഷേ ഉപയോഗിച്ച പാഡുകൾ എവിടെയാണ് കളയുക എന്നത് ഒരു വലിയ പ്രശ്നമാണ്. “പല പെൺകുട്ടികളും അത് തീവണ്ടിപ്പാളത്തിലോ പൊതുകക്കൂസിലോ ഉപേക്ഷിച്ച് വരും. കടലാസ്സിൽ പൊതിഞ്ഞ് കളയാൻ സ്ഥലം നോക്കി നടക്കുന്നത് സുഖമുള്ള കാര്യമല്ലല്ലോ” അവൾ കൂട്ടിച്ചേർത്തു.

മാലിന്യം കൊണ്ടുപോകുന്ന വണ്ടി സമയത്തിന് കിട്ടിയാൽ നീതു താൻ ഉപയോഗിച്ച പാഡുകൾ അതിൽ നിക്ഷേപിക്കാറുണ്ട്. അല്ലെങ്കിൽ അംബേദ്ക്കർ നഗർ ചേരിയിൽ സ്ഥാപിച്ചിട്ടുള്ള വലിയ മാലിന്യക്കൊട്ടയിൽ കൊണ്ടുപോയി ഇടും. പത്ത് മിനിറ്റ് ദൂരമുണ്ട് അവിടേക്ക്. അതിനുള്ള സമയം കിട്ടിയില്ലെങ്കിൽ പാളത്തിൽത്തന്നെ കളയുകയും ചെയ്യും.

Left: Neetu's house is located alongside the railway track. Right: Women living in the colony have to wash and do other cleaning tasks on the unpaved street
PHOTO • Kavitha Iyer
Left: Neetu's house is located alongside the railway track. Right: Women living in the colony have to wash and do other cleaning tasks on the unpaved street
PHOTO • Kavitha Iyer

ഇടത്ത് : തീവണ്ടിപ്പാളത്തിനരികിലുള്ള നീതുവിന്‍റെ വീട്. വലത്ത്: കോളണിയിലെ സ്ത്രീകളുടെ തുണിയലക്കലും വൃത്തിയാക്കലുമൊക്കെ വഴിവക്കിൽത്തന്നെയാണ്

യാർപുരിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ, ദക്ഷിണ-മധ്യ പാറ്റ്നയിലുള്ള ഹജ്ജ് ഭവന്‍റെ പിന്നിലുള്ള സഗദ്ദി മസ്ജിദ് റോട്ടിൽ, അഴുക്കുചാലിന്‍റെ ഇരുവശത്തുമായി പകുതി തീർത്ത വീടുകളുടെ നീണ്ട നിര കാണാം. ഇവിടെയുള്ളവരും പണ്ടേക്കുപണ്ടേ ഇവിടെ കുടിയേറിപ്പാർത്തവരാണ്. അവധിക്കും, കല്യാണങ്ങൾക്കും മറ്റ് വിശേഷാവസരങ്ങൾക്കും അവർ ബെഗുസരായി, ഭാഗൽ‌പുർ, ഖഗഡിയ ജില്ലകളിലെ തങ്ങളുടെ സ്വന്തം വീടുകളിലേക്കും കുടുംബങ്ങളിലേക്കും പോവുക പതിവാണ്.

ആ ചേരിയിലെ താഴ്ന്ന സ്ഥലത്ത് താമസിക്കുന്നവരിൽ ഒരാളാണ് 18 വയസ്സുള്ള പുഷ്പ കുമാരി. മഴ ശക്തമായി പെയ്താൽ “അരയ്ക്കൊപ്പം വെള്ളം കയറും” എന്ന് അവൾ പറഞ്ഞു. “അഴുക്കുചാൽ നിറഞ്ഞ് വെള്ളം വീടുകൾക്കകത്തും കക്കൂസുകളിലും എത്തും”.

ഇവിടെയുള്ള ഏതാണ്ട് 250 വീട്ടുകാർക്കും വീടിന് പുറത്ത് സ്വന്തമായി കക്കൂസുകളുണ്ട്. അഴുക്കുചാലിനോട് ചേർന്നാണ് അവ സ്ഥിതി ചെയ്യുന്നത്. കക്കൂസിൽനിന്നുള്ള അഴുക്ക് നേരിട്ടെത്തുന്നത്, രണ്ട് മീറ്റർ വീതിയുള്ള തുറന്ന ചാലിലെ അഴുക്കുവെള്ളത്തിലേക്കാണ്.

മഴക്കാലത്ത് ചില ദിവസങ്ങളിൽ കക്കൂസുകളിൽനിന്ന് വെള്ളം ഒഴിഞ്ഞുപോകാൻ ഒരു ദിവസമൊക്കെ എടുക്കുമെന്ന്, കുറച്ചപ്പുറത്ത് താമസിക്കുന്ന 21 വയസ്സുള്ള സോനി കുമാരി പറഞ്ഞു. അതുവരെ കാത്തിരിക്കുക മാത്രമേ വഴിയുള്ളു.

അവളുടെ അച്ഛൻ പാറ്റ്ന മുനിസിപ്പൽ കോർപ്പറേഷനിൽ കരാർ വ്യവസ്ഥയിൽ ശുചീകരണത്തൊഴിലാളിയാണ്. ഖഗാരിയ ജില്ലയിലെ ഭൂരഹിത കുടുംബത്തിലെ അംഗമാണ് അയാൾ. മാലിന്യവണ്ടി ഓടിച്ച്, ഇടവഴികളിൽനിന്നും മറ്റും മാലിന്യം ശേഖരിക്കുന്ന ജോലിയാണ് അയാളുടേത്. “അടച്ചുപൂട്ടൽ കാലത്തും അച്ഛൻ ജോലി ചെയ്തിരുന്നു. അവരുടെ സംഘത്തിന് മുഖാവരണവും അണുനശീകരണ ലായനിയൊക്കെ കൊടുത്ത് ജോലി തുടരാൻ പറഞ്ഞു”, സോണി പറഞ്ഞു. രണ്ടാംവർഷ ബി.എ. വിദ്യാർത്ഥിനിയാണ് സോനി. അടുത്തുള്ള വീട്ടിൽ കുട്ടികളെ നോക്കുന്ന പണിയാണ് അവളുടെ അമ്മയ്ക്ക്. 12,000 രൂപയോളം മാസവരുമാനമുണ്ട് വീട്ടിൽ.

തുറന്ന അഴുക്കുചാലിന്‍റെ സമീപത്തുള്ള വീടുകളുടെ മുമ്പിലാണ് വീട്ടുകാരുടെ കക്കൂസുകളുള്ളത്. “ഞങ്ങളുടെ കക്കൂസ് മോശം അവസ്ഥയിലാണ്. ഒരു ദിവസം അതിലെ സ്ലാബ് അഴുക്കുചാലിൽ വീണു”, പുഷ്പ പറഞ്ഞു. അവളുടെ അമ്മ ഗൃഹസ്ഥയാണ്. അച്ഛൻ കൽ‌പ്പണിയും നിർമ്മാണജോലിയും ചെയ്യുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജോലിയില്ല.

Left: Pushpa Kumari holding up the curtain to her family's toilet cubicle. Right: In the Sagaddi Masjid Road colony, a flimsy toilet stands in front of each house
PHOTO • Kavitha Iyer
Left: Pushpa Kumari holding up the curtain to her family's toilet cubicle. Right: In the Sagaddi Masjid Road colony, a flimsy toilet stands in front of each house
PHOTO • Kavitha Iyer

ഇടത്ത് : വീട്ടിലെ കക്കൂസിലെ മറത്തുണി പിടിച്ചുകൊണ്ട് നിൽക്കുന്ന പുഷ്പകുമാരി. സഗാദ്ദി മസ്ജിദ് റോഡ് കോളണിയിലെ വീടുകളുടെ മുമ്പിലുള്ള സൗകര്യങ്ങളില്ലാത്ത കക്കൂസുകൾ

കക്കൂസെന്ന് പറഞ്ഞാൽ, ആസ്ബെസ്റ്റോസും തകരപ്പാട്ടകളും കൊണ്ട് ഉണ്ടാക്കി, മുളങ്കാലുകളോ മറ്റോ ഉപയോഗിച്ച് കെട്ടിമേഞ്ഞ്, രാഷ്ട്രീയപ്പാർട്ടികളുടെ ബാനറുകളും മറ്റും ഉപയോഗിച്ച് മറച്ച് കുടുസ്സിടങ്ങൾ എന്ന് മനസ്സിലാക്കിയാൽമതി. പൊട്ടിപ്പൊളിഞ്ഞ്, കറ പുരണ്ട, മണ്ണുകൊണ്ട് നിർമ്മിച്ച, വാതിലുകളൊന്നുമില്ലാത്ത കക്കൂസുകൾ. സ്വകാര്യതയ്ക്കുവേണ്ടി തുണികൾകൊണ്ട് മറച്ചവയാണ് മിക്കതും.

ചേരിയിലെ വീടുകൾക്ക് ഏതാനും മീറ്റർ അപ്പുറത്തായി, സഗാദ്ദി മസ്ജ്ദ് റോഡിന്‍റെ ഏതാണ്ട് അറ്റത്തായി ഒരു സർക്കാർ പ്രാഥമികവിദ്യാലയമുണ്ട്. ആ കെട്ടിടത്തിന്‍റെ പുറത്ത് രണ്ട് കക്കൂസുകൾ. 2020 മാർച്ചിൽ മഹാവ്യാധി തുടങ്ങിയപ്പോൾ പൂട്ടിയതാണ് അവ രണ്ടും.

അടുത്തുള്ള കുറച്ച് പൊതുടാപ്പുകളിൽനിന്നാണ് കോളണിവാസികൾ വെള്ളം ശേഖരിക്കുന്നത്. അവിടെത്തന്നെയാണ് അവരുടെ കുളിയും. ചില സ്ത്രീകൾ തങ്ങളുടെ വീടിന്‍റെ പിന്നാമ്പുറത്ത്, തുണികളും മറ്റും മറച്ച സ്ഥലത്തുനിന്ന് കുളിക്കും. മറ്റ് പലരും, പൂർണ്ണവസ്ത്രം ധരിച്ച്, ഒരുമിച്ച്, പൊതുടാപ്പുകളിലെ വെള്ളത്തിലും.

“ഞങ്ങൾ ചിലർ, വെള്ളം കൊണ്ടുപോയി, വീടിന്‍റെ പിൻ‌വശത്തുള്ള മൂലയിൽ ചെന്നാണ് കുളിക്കുക. യാതൊരു സ്വകാര്യതയും ഇവിടെയില്ല”, സോനി പറഞ്ഞു.

“എങ്ങിനെയൊക്കെയോ ഒപ്പിക്കുന്നു”, കുളിക്കുന്നതിനെക്കുറിച്ച് പുഷ്പ പറയുന്നു. “ടാപ്പിൽനിന്ന് വെള്ളമെടുത്ത് കക്കൂസിലേക്ക് പോവുന്നതിൽനിന്ന് ഒഴിവാവാനാവില്ല. നിങ്ങൾ എന്തിനാണ് പോവുന്നതെന്ന് എല്ലാവർക്കും മനസ്സിലാവും”, ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

Left: During the monsoon, sometimes drain water recedes from the toilet after an entire day. Right: Residents use public taps, which are also bathing areas
PHOTO • Kavitha Iyer
Left: During the monsoon, sometimes drain water recedes from the toilet after an entire day. Right: Residents use public taps, which are also bathing areas
PHOTO • Kavitha Iyer

ഇടത്ത്: മഴക്കാലത്ത്, കക്കൂസിൽനിന്ന് വെള്ളം ഒഴിഞ്ഞുപോകാൻ ഒരു ദിവസമെടുക്കും. വലത്ത്: പൊതുടാപ്പുകൾ ഉപയോഗിക്കുന്നു. അതിന്‍റെ ചോട്ടിൽനിന്നാണ് പലരും കുളിക്കുന്നത്

വെള്ളത്തിന് പിന്നെ ആശ്രയിക്കാനുള്ളത് കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഏതാനും പമ്പുകളാണ്. കുറച്ചെണ്ണം ചേരിയിൽ അവിടവിടെയായി സ്ഥാപിച്ചിട്ടുണ്ട്. ടാപ്പിൽനിന്നും ഹാൻഡ് പമ്പിൽനിന്നും കിട്ടുന്ന വെള്ളംതന്നെയാണ് കുടിക്കാനും പാചകത്തിനുമൊക്കെ വീടുകളിൽ ഉപയോഗിക്കുന്നതും. എൻ.ജി.ഒ. സന്നദ്ധപ്രവർത്തകരും അദ്ധ്യാപകരുമൊക്കെ ചൂടാക്കിയ വെള്ളത്തിന്‍റെ ഗുണങ്ങളെക്കുറിച്ച് പറയാറുണ്ടെങ്കിലും ആരും വെള്ളം തിളപ്പിക്കാനൊന്നും മിനക്കെടാറില്ല.

സാനിറ്ററി പാഡുകളാ‍ണ് പൊതുവെ ഉപയോഗിക്കുന്നതെങ്കിലും, അപൂർവ്വം ചില പെൺകുട്ടികൾ തുണികളും ഉപയോഗിക്കാറുണ്ട്. എന്നാൽ അടച്ചുപൂട്ടൽ തുടങ്ങിയതിനുശേഷം അവ കിട്ടാനും ബുദ്ധിമുട്ടായിരിക്കുന്നു. തങ്ങൾക്ക് പാഡുകൾ വാങ്ങിത്തരാറുണ്ടെങ്കിലും അമ്മമാരുൾപ്പെടെ പ്രായമായ സ്ത്രീകൾ തുണികളാണ് മിക്കവാറും ഉപയോഗിക്കുന്നതെന്ന് ചില പെൺകുട്ടികൾ പറഞ്ഞു.

ഉപയോഗിച്ചുകഴിഞ്ഞ സാനിറ്ററി പാഡുകളൊക്കെ അഴുക്കുചാലുകളിലേക്കാണ് എത്തുക. ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ, അതിന്‍റെ പോളിത്തീന്‍റെയും കടലാസ്സിന്‍റെയും ഭാഗങ്ങൾ വേർപെട്ട് കിടക്കും. “പാഡുകൾ കൃത്യമായ സ്ഥലങ്ങളിൽ നിക്ഷേപിക്കണമെന്ന് എൻ.ജി.ഒ. സന്നദ്ധസേവകർ ഓർമ്മിപ്പിക്കാറുണ്ടെങ്കിലും, അതൊക്കെ, പൊതിഞ്ഞിട്ടായാലും കൈയ്യിലെടുത്ത് മാലിന്യവണ്ടികളിൽ കൊണ്ടുപോയി, ആണുങ്ങൾ കാൺകെ കളയുന്നത് നാണക്കേടായി തോന്നുന്നു”, സോനി പറഞ്ഞു.

കമ്മ്യൂണിറ്റി ഹാളിൽ‌വെച്ച് കൂടിയിരുന്ന് എന്നോട് ആ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പെൺകുട്ടികൾ നാണിച്ച് ചിരിക്കുന്നുണ്ടായിരുന്നു. ഓരോരോ കഥകൾ അവർ പറയാൻ തുടങ്ങി. “ഓർമ്മയുണ്ടോ, കഴിഞ്ഞ മഴക്കാലത്ത്, വെള്ളം കെട്ടിക്കിടക്കുന്ന കക്കൂസ് ഉപയോഗിക്കുന്നത് ഒഴിവാക്കാനായി, ഒരു ദിവസം മുഴുവൻ ഞങ്ങൾ ഭക്ഷണം കഴിക്കാതെ വിശന്നിരുന്നു”.

ബിരുദമെടുത്തതിനുശേഷം എന്തെങ്കിലും ജോലി കണ്ടെത്തണമെന്നാണ് സോനിയുടെ ആഗ്രഹം “അച്ഛനമ്മമാരെ അവർ ചെയ്യുന്ന ജോലിയിൽനിന്ന് രക്ഷപ്പെടുത്തണം”, അവൾ പറഞ്ഞു. വിദ്യാഭ്യാസവും അത്യാവശ്യം ആരോഗ്യപരിചരണത്തിനുള്ള സൗകര്യങ്ങളും മറ്റും ഉണ്ടെങ്കിലും, “ചേരിയിലെ സ്ത്രീകളും പെൺകുട്ടികളും ഇപ്പോഴും നേരിടുന്ന ഏറ്റവും വലിയ പ്രയാസം, കക്കൂസിന്‍റെ കാര്യത്തിലാണ്“.

റിപ്പോർട്ടറുടെ കുറിപ്പ് : ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ദീക്ഷ ഫൗണ്ടേഷൻ നൽകിയ വിവരങ്ങൾക്കും സഹായങ്ങൾക്കും എന്‍റെ ആത്മാർത്ഥമായ നന്ദി . പാറ്റ്ന നഗരത്തിലെ സ്ത്രീകളുടേയും കുട്ടികളുടേയും ശുചിത്വസംബന്ധമായ വിഷയങ്ങളിൽ ( യു . എൻ . എഫ് . പി . . യുടേയും പാറ്റ്ന മുനിസിപ്പൽ കോർപ്പറേഷന്‍റെയും സഹകരണത്തോടെ ) പ്രവർത്തിക്കുന്ന സംഘടനയാണ് ദീക്ഷ ഫൗണ്ടേഷൻ .

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: രാജീവ് ചേലനാട്ട്

Kavitha Iyer

Kavitha Iyer has been a journalist for 20 years. She is the author of ‘Landscapes Of Loss: The Story Of An Indian Drought’ (HarperCollins, 2021).

Other stories by Kavitha Iyer
Illustration : Priyanka Borar

Priyanka Borar is a new media artist experimenting with technology to discover new forms of meaning and expression. She likes to design experiences for learning and play. As much as she enjoys juggling with interactive media she feels at home with the traditional pen and paper.

Other stories by Priyanka Borar
Editor and Series Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat