ജീവിതം മുഴുവൻ,
രാത്രിയും പകലും
ഞാനീ തോണി തുഴയുകയായിരുന്നു.
തീരത്തൊരു തരി വെളിച്ചം‌പോലുമില്ലാതെ.
അത്ര വലിയൊരു സമുദ്രമാണിത്
പിന്നെ വന്നു, കടൽക്കോളുകൾ
മറുകരയെത്തുമെന്ന തോന്നൽ നൽകുന്ന ഒന്നുമില്ല ഇവിടെ,
എന്നാലും എനിക്കെന്റെ തുഴകൾ താഴത്തുവെക്കാനാവില്ല.

അയാളത് ചെയ്തതുമില്ല. ശ്വാസകോശാർബുദവുമായുള്ള പോരാട്ടത്തിന്റെ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന അവസാനനിമിഷങ്ങളിൽ‌പ്പോലും.

വേദനാജനകമായിരുന്നു അത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. സന്ധികളിൽ വേദന. രക്തക്കുറവ്, ഭാരക്കുറവ്, അങ്ങിനെ പലതും. ക്ഷീണിക്കാതെ കൂടുതൽ നേരമിരിക്കാൻ കഴിയാതായി. എന്നിട്ടും ആശുപത്രിയിൽ ഞങ്ങളെ കാണാനും, ജീവിതത്തെയും കവിതയേയും കുറിച്ച് സംസാരിക്കാനും വിജേഷ്സിംഗ് പാർഗി സമ്മതിച്ചു.

ആധാർ കാർഡ് പ്രകാരം, 1963-ൽ ദഹോദിലെ ഇറ്റാവാ ഗ്രാമത്തിൽ ഭിൽ ആദിവാസി സമൂഹത്തിൽ ജനിച്ച ആ മനുഷ്യനോട് ജീവിതം ഒരിക്കലും കരുണ കാണിച്ചിട്ടില്ല.

ചിസ്ക ഭായിയുടേയും ചതുര ബെന്നിന്റേയും മൂത്ത മകനായി വളർന്ന തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് സംഗ്രഹിക്കുമ്പോൾ ഒരേയൊരു വാക്കാണ് അയാൾ ആവർത്തിച്ചത്, “ദാരിദ്ര്യം..ദാരിദ്ര്യം’. പിന്നെ ഒന്ന് നിർത്തി. എന്നിട്ടയാൾ ഞങ്ങളിൽനിന്ന് മുഖം തിരിച്ച്, കുഴിഞ്ഞുപോയ കണ്ണുകൾ തുടച്ചു. കുട്ടിക്കാലത്തുനിന്നുള്ള ബിംബങ്ങളെ മായ്ക്കാൻ ശേഷിയില്ലാതെ. താഴാൻ വിസമ്മതിച്ച് പൊങ്ങിക്കിടക്കുന്നവരെപ്പോലെയുള്ള ഓർമ്മകൾ. “കുട്ടിക്കാലത്ത്, വീട്ടിൽ ഒരിക്കലും ആവശ്യത്തിനുള്ള ഭക്ഷണം വാങ്ങാൻ പൈസയുണ്ടായിരുന്നില്ല”.

ജീവിതം അവസാനിച്ചാ‍ലും
നിത്യവുമുള്ള ഈ വഴിച്ചാലുകൾ അവസാനിക്കില്ല
ഭൂമിയേക്കാൾ വ്യാസമുണ്ട്
റൊട്ടിക്ക്
വിശപ്പിൽ ജീവിക്കുന്നവർക്കല്ലാതെ
ആർക്കും റൊട്ടിയെ അറിയാനാവില്ല,
അത് എവിടേക്കാണ് നിങ്ങളെ കൊണ്ടുപോവുന്നതെന്നും

പാലിയേറ്റീവ് പരിചരണം കിട്ടിക്കൊണ്ടിരിക്കുന്ന ദാഹോദിലെ കൈസർ മെഡിക്കൽ നഴ്സിംഗ് ഹോമിലെ ആശുപത്രിക്കിടക്കയിലിരുന്ന് വജേസിംഗ് തന്റെ കവിതകൾ ഞങ്ങൾക്ക് വായിച്ചുതന്നു

ആദിവാസി കവി തന്റെ കവിത വായിക്കുന്നത് കേൾക്കാം

“ഞാനിത് പറയാൻ പാടില്ലാത്തതാണ്, പക്ഷേ, ഞങ്ങൾ മക്കൾക്ക് ഒട്ടും അഭിമാനിക്കാൻ പറ്റാത്ത അച്ഛനമ്മമാരാണ് ഞങ്ങൾക്കുണ്ടായിരുന്നത്”, വജേസിംഗ് തുറന്നുപറയുന്നു. അല്ലെങ്കിലേ ശോഷിച്ച ശരീരം അഗാധമായ സങ്കടത്തിന്റെയും നാണക്കേടിന്റേയും ഭാരംകൊണ്ട് കൂടുതൽ ചെറുതായപോലെ തോന്നി. “ഞാൻ അങ്ങിനെയൊന്നും പറയാൻ പാടില്ലെന്ന് എനിക്കറിയാം, എനിക്ക് തോന്നുന്നു, അറിയാതെ പുറത്ത് വന്നതാണെന്ന്”. ദാഹോദിലെ കൈസർ മെഡിക്കൽ നഴ്സിംഗ് ഹോമിലെ മുറിയുടെ മൂലയിൽ ഒരു തകരക്കസേരയിൽ അദ്ദേഹത്തിന്റെ 85 വയസ്സുള്ള അമ്മ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ ശ്രവണശക്തി മോശമായിരുന്നു. “എന്റെ അച്ഛനമ്മമാർ അദ്ധ്വാനിക്കുന്നത് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. രണ്ടുപേരും കർഷകത്തൊഴിലാളികളായി ജോലി ചെയ്തിരുന്നവരാണ്. രണ്ട് അനിയത്തിമാർ, നാല് അനുജന്മാർ, അച്ഛനമ്മമാർ എല്ലാവരും ഗ്രാമത്തിൽ ഇഷ്ടികയും മണ്ണുംകൊണ്ട് നിർമ്മിച്ച ഒറ്റമുറി വീട്ടിലായിരുന്നു താമസം. ഇറ്റാവ വിട്ട്, ജോലിയന്വേഷിച്ച് അഹമ്മദാബാദിലെത്തിയപ്പോഴും വജേസിംഗ് വാടകയ്ക്ക് താമസിച്ചിരുന്നത് തൽ‌തേജ് ചേരിയിലെ ഒരു ചുമരിലെ മാളത്തിലായിരുന്നു. ഏറ്റവുമടുത്ത സുഹൃത്തുക്കൾക്കുപോലും സന്ദർശിക്കാൻ അവസരം കിട്ടാതിരുന്ന ഒരു സ്ഥലം.

നിന്നാൽ തല മുട്ടും
നിവർന്നിരുന്നാൽ, ചുമരിൽ തട്ടും
എങ്ങിനെയൊക്കെയോ ഒരു ജീവിതകാലം മുഴുവൻ
അവിടെ ചിലവഴിച്ചു.
അമ്മയുടെ ഗർഭപാത്രത്തിൽ ചുരുണ്ടുകിടന്നിരുന്ന
ശീലമാണ് എന്നെ രക്ഷിച്ചത്.

ദാരിദ്ര്യത്തിന്റെ ഈ കഥ വജേസിംഗിന്റേത് മാത്രമായിരുന്നില്ല. കവിയുടെ കുടുംബം താമസിക്കുന്ന പ്രദേശത്തിന്റെ പൊതുവായ അവസ്ഥയാണത്. ദാഹോദ് ജില്ലയിലെ ജനസംഖ്യയുടെ 74 ശതമാനവും ഗോത്രവർഗ്ഗക്കാരാണ്. അതിലെ 90 ശതമാനവും കൃഷിയിലേർപ്പെട്ടിരുന്നവരും. എന്നാൽ തുണ്ടുഭൂമികളുടെ വലിപ്പക്കുറവും, ഉണങ്ങിയ, വരൾച്ചാസാധ്യതയുള്ള മണ്ണിന്റെ ഉത്പാദനക്ഷമതയില്ലായ്മയും മൂലം ആവശ്യത്തിനുള്ള വരുമാനം അതിൽനിന്ന് കിട്ടിയിരുന്നില്ല. ഏറ്റവുമൊടുവിലത്തെ ബഹുമുഖ ദാരിദ്ര്യ സർവേപ്രകാരം, സംസ്ഥാനത്തിലെ ഏറ്റവും ഉയർന്ന ദാരിദ്ര്യനിരക്കാണ് ഈ പ്രദേശത്തിന്റേത്. 38.27 ശതമാനം.

അമ്മയെന്ന നിലയ്ക്കുള്ള തന്റെ ജീവിതത്തെക്കുറിച്ച് വജേസിംഗിന്റെ അമ്മ ചതുർബെൻ പറയുന്നത് ഇപ്രകാരമാണ്: “കഠിനമായി അദ്ധ്വാനിച്ചിട്ടുണ്ട്. വീട്ടിലും, മറ്റുള്ളവരുടെ വീടുകളിലും പണിയെടുത്ത്, എങ്ങിനെയൊക്കെയോ ഇവർക്കൊക്കെ എന്തെങ്കിലും തിന്നാനുള്ളത് സമ്പാദിച്ചു”. പലപ്പോഴും ചോളക്കഞ്ഞി കുടിച്ച്, വിശന്ന് സ്കൂളിൽ പോകേണ്ടിവന്നിട്ടുണ്ട്. കുട്ടികളെ വളർത്തുന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല, അവർ തുടർന്നു.

ഗുജറാത്തിലെ നിർധനരായ സമുദായങ്ങളുടെ ശബ്ദം കേൾപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നിർധർ എന്ന മാസികയുടെ 2009-ലെ ലക്കത്തിൽ രണ്ട് ഭാഗങ്ങളുള്ള ഒരു ഓർമ്മക്കുറിപ്പ് വജേസിംഗ് എഴുതിയിരുന്നു. അതിൽ, ഒരു ആദിവാസി കുടുംബത്തിന്റെ ഹൃദയവിശാലതയെക്കുറിച്ച് ഒരു കഥ വജേസിംഗ് സൂചിപ്പിക്കുന്നുണ്ട്. വൈകീട്ട് വീട്ടിലെത്തിപ്പെട്ട ഒരു സംഘം ചെറിയ കുട്ടികളെ ഊട്ടാ‍ൻ‌വേണ്ടി സ്വയം പട്ടിണി കിടന്ന ജോഖോ ദാമോറിന്റേയും കുടുംബത്തിന്റെയും കഥ. സ്കൂളിൽനിന്ന് മടങ്ങുകയായിരുന്ന അഞ്ച് ചെറിയ കുട്ടികൾ മഴയത്ത് പെട്ടുപോയി. അവർ ജോഖോവിന്റെ വീട്ടിൽ അഭയം തേടി. “ഭാദർവോ മാസം എല്ലായ്പ്പോഴും ഞങ്ങൾക്ക് പട്ടിണിയുടെ മാസമായിരുന്നു. ഗുജറാത്തിൽ ഹിന്ദു വിക്രം സംവത് കലണ്ടർപ്രകാരം പതിനൊന്നാമത്തെ മാസമാണ് ഭാദർവോ. ഗ്രിഗോറിയൻ കലണ്ടറിലെ സെപ്റ്റംബർ മാസം.

“വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ധാന്യമൊക്കെ തീരും. പാടത്തെ ധാന്യങ്ങൾ ഭക്ഷണയോഗ്യവുമായിട്ടുണ്ടാവില്ല. അതായത്, പാടമൊക്കെ പച്ചയണിഞ്ഞ് നിൽക്കുമ്പോഴും വിശന്നിരിക്കാനായിരുന്നു ഞങ്ങളുടെ വിധി. ദിവസത്തിൽ രണ്ടുനേരം അടുപ്പ് പുകയുന്ന വീടുകൾ വളരെ കുറവായിരിക്കും ആ മാസങ്ങളിൽ. തലേവർഷം വരൾച്ചയായിരുന്നുവെങ്കിൽ കൂടുതൽ പരിതാപകരമാവും സ്ഥിതി. വേവിച്ചതോ, പുഴുങ്ങിയതോ ആയ മഹുവ കഴിച്ചുവേണം കുടുംബങ്ങൾക്ക് ജീവൻ നിലനിർത്താൻ. മുഴുത്ത പട്ടിണി എന്ന ശാപത്തിലേക്കാണ് ഞങ്ങളുടെ സമുദായം ജനിച്ചുവീണത്”

Left: The poet’s house in his village Itawa, Dahod.
PHOTO • Umesh Solanki
Right: The poet in Kaizar Medical Nursing Home with his mother.
PHOTO • Umesh Solanki

ഇടത്ത്: ദാഹോദിലെ ഇറ്റാവയിലെ കവിയുടെ വീട്. വലത്ത്: കൈസർ മെഡിക്കൽ നഴ്സിംഗ് ഹോമിൽ, അമ്മയോടൊപ്പം കവി

എന്നാൽ ഇന്നത്തെ തലമുറയിൽനിന്ന് വ്യത്യസ്തമായി, പട്ടിണിയെ തരണം ചെയ്യാൻ ജോലിയന്വേഷിച്ച് ഖേദയിലേക്കും ബറോഡയിലേക്കും അഹമ്മദാബാദിലേക്കും ആളുകൾ പോയിരുന്നില്ല. വിശപ്പിന്റെ തീയിൽ സ്വയം ഒടുങ്ങാനായിരുന്നു അവർ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. സമൂഹത്തിൽ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. “മൃഗങ്ങളെ പുല്ല് മേയ്ക്കാൻ കൊണ്ടുപോകുന്നതും സ്കൂളിൽ പോവുന്നതും ഞങ്ങൾക്ക് ഒരുപോലെയായിരുന്നു. കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയണമെന്നുമാത്രമേ അച്ഛനമ്മമാരും അദ്ധ്യാപകരുംപോലും ആഗ്രഹിച്ചിരുന്നുള്ളു. കൂടുതൽ പഠിച്ച്, ലോകം ഭരിക്കാൻ ആർക്കാണ് താത്പര്യം”!

എന്നാൽ വജേസിംഗിന് സ്വപ്നങ്ങളുണ്ടായിരുന്നു – മരങ്ങളോടൊപ്പം പറക്കുക, പക്ഷികളുമായി സംസാരിക്കുക, മാലാഖമാരുടെ ചിറകിലേറി സമുദ്രങ്ങൾക്ക് മീതെ പറക്കുക. കഥകളിൽനിന്ന് വായിച്ചറിഞ്ഞതുപോലെ തടസ്സങ്ങളിൽനിന്ന് മൂർത്തികൾ തന്നെ രക്ഷിക്കുമെന്നും, സത്യം വിജയിക്കുന്നതും നുണ തോൽക്കുന്നതും ദുർബ്ബലന്റെ ഭാഗത്ത് ദൈവം നിൽക്കുന്നതും കാണാനാകുമെന്നും അയാൾ പ്രതീക്ഷിച്ചു.

കുട്ടിക്കാലത്ത് മുത്തച്ഛൻ ഉള്ളിൽ വിതച്ച പ്രതീക്ഷ -
അത്ഭുതകരമായത് എന്തോ സാധ്യമാണെന്നത് -
ഉള്ളിലുറച്ച് കിടന്നു.
ഇന്നും, ഓരോ ദിവസവും
ഈ ദുരിതജീവിതം ഞാൻ ജീവിച്ചുതീർക്കുന്നത്
ആ പ്രതീക്ഷകൊണ്ടുമാത്രമാണ്.
ഏതോ അത്ഭുതങ്ങൾ സംഭവിക്കാൻ പോകുന്നു
എന്ന പ്രതീക്ഷയിൽ.

വിദ്യാഭ്യാസത്തിനുവേണ്ടി പൊരുതാൻ അയാളെ സന്നദ്ധനാക്കിയത് ഈ പ്രതീക്ഷയായിരുന്നു. ആകസ്മികമായി വിദ്യാഭ്യാസത്തിലേക്ക് പ്രവേശിച്ചതോടെ, ആവേശത്തോടെ അയാളത് തുടർന്നുപോയി. സ്കൂളിലെത്താൻ ദിവസവും ആറേഴ് കിലോമീറ്റർ നടക്കേണ്ടിവന്നപ്പോഴും, ഹോസ്റ്റലിൽ നിൽക്കേണ്ടിവന്നപ്പോഴും, വിശന്ന് ഉറങ്ങേണ്ടിവന്നപ്പോഴും, ഭക്ഷണം തേടി വീടുവീടാന്തരം കയറിയിറങ്ങേണ്ടിവന്നപ്പോഴും, പ്രിൻസിപ്പലിനുവേണ്ടി ഒരു കുപ്പി ചാരായം വാങ്ങേണ്ടിവന്നപ്പോഴും ഒന്നും അയാളാ പ്രതീക്ഷ കൈവിട്ടതേയില്ല. ഗ്രാമത്തിൽ ഹയർ സെക്കൻഡറി സ്കൂൾ ഇല്ലാതിരുന്നതും, ദാഹോദിലേക്ക് യാത്ര ചെയ്യാൻ വാഹനങ്ങളില്ലാതിരുന്നിട്ടും, ദാഹോദിൽ വാടകയ്ക്ക് താമസിക്കാൻ കൈയ്യിൽ പണമില്ലാതിരുന്നിട്ടും പഠനം തുടരുമെന്ന് അയാൾക്ക് തീർച്ചയാക്കിയിരുന്നു. ചിലവുകൾ നേരിടാൻ നിർമ്മാണസ്ഥലത്ത് പണിയെടുത്തു. റെയിൽ‌വേ പ്ലാറ്റ്ഫോമിൽ രാത്രി ചിലവഴിച്ചു. വിശന്ന് പൊരിഞ്ഞ് ഉറങ്ങുകയും ഉണരുകയും ചെയ്തു. ബോർഡ് എക്സാമിന് പങ്കെടുക്കുന്നതിന് തയ്യാറാവാൻ പൊതുകുളിമുറിയിൽ പോയി കുളിച്ചൊരുങ്ങി. എന്തിനും അയാൾ ഒരുക്കമായിരുന്നു.

ജീവിതത്തിന്റെ മുമ്പിൽ തോറ്റുകൊടുക്കരുതെന്ന് വാശിയായിരുന്നു:

ജീവിക്കുന്നതിനിടയ്ക്ക് ചിലപ്പോൾ തലചുറ്റും,
നെഞ്ചിലൊരു മിടിപ്പ് കുറഞ്ഞ്, തളർന്നുവീഴും
എന്നിട്ടും,
ചാവരുതെന്ന നിശ്ചയം
ഓരോ സമയത്തും
എന്റെയുള്ളിൽ വളരും
വീണ്ടും കാലിലുറച്ചുനിൽക്കും
പിന്നെയും പിന്നെയും ജീവിക്കാൻ തയ്യാറായിക്കൊണ്ട്.

ശരിയായ വിദ്യാഭ്യാസം, ഏറ്റവുമധികം ആസ്വദിച്ചത്, ഗുജറാത്തിയിൽ ബി.എ. ബിരുദമെടുക്കാൻ നവജീവൻ ആർട്ട്സ് ആൻഡ് കൊമേഴ്സ് കൊളേജിൽ ചേർന്നപ്പോഴാണ്. ബിരുദം പൂർത്തിയാക്കി മാസ്റ്റേഴ്സിന് ചേർന്നു. എന്നാൽ എം.എ. ആദ്യവർഷം കഴിഞ്ഞപ്പോൾ വജേസിംഗ് അതുപേക്ഷിച്ച് ബി.എഡിന് ചേരുകയാണ് ചെയ്തത്. പൈസ ആവശ്യമായിരുന്നു. അദ്ധ്യാപകനാകാനാണ് അയാൾ ആഗ്രഹിച്ചത്. ബി.എഡ് വിജയിച്ച് അധികം താമസിയാതെ, അപ്രതീക്ഷിതമായി ഒരു ദിവസം രാത്രി ഒരു തല്ലുപിടിക്കിടയിൽ, വജേസിംഗിന് വെടിയേറ്റു. അയാളുടെ താടിയെല്ലിനും കഴുത്തിനുമിടയിലൂടെ ഒരു വെടിയുണ്ട കടന്നുപോയി. വജേസിംഗിന്റെ ശബ്ദത്തിന് പരിക്കേറ്റു. അതോടെ ജീവിതത്തിന്റെ ഗതി മാറി. ഏഴുവർഷത്തെ ചികിത്സയും 14 ശസ്ത്രക്രിയകളും ചെയ്തിട്ടും ശബ്ദത്തിനേറ്റ പരിക്ക് ഭേദമായതേയില്ല. കടവും വർദ്ധിച്ചു.

Born in a poor Adivasi family, Vajesinh lived a life of struggle, his battle with lung cancer in the last two years being the latest.
PHOTO • Umesh Solanki
Born in a poor Adivasi family, Vajesinh lived a life of struggle, his battle with lung cancer in the last two years being the latest.
PHOTO • Umesh Solanki

ഒരു ദരിദ്ര ആദിവാസി കുടുംബത്തിൽ ജനിച്ച വജേസിംഗിന്റെ ജീവിതം പോരാട്ടത്തിന്റേതായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ശ്വാസകോശാർബുദവുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടമായിരുന്നു ഏറ്റവുമൊടുവിലത്തേത്

അതൊരു ഇരട്ടപ്രഹരമായിരുന്നു. സ്വന്തമായി ശബ്ദമില്ലാത്ത ഒരു സമുദായത്തിൽ ജനിച്ചുവീണിട്ടും സ്വന്തമായി ഒരു ശബ്ദമുണ്ടായിരുന്നു. അതാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്. അദ്ധ്യാപകനാകാനുള്ള സ്വപ്നം മാറ്റിവെക്കേണ്ടിവന്നു. കരാർ പണിയിലേക്ക് തിരിയേണ്ടിവന്നു. സർദാർ പട്ടേൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് ഇക്കോണമിക്ക് ആൻഡ് സോഷ്യൽ റിസർച്ചിൽ. പിന്നീട് പ്രൂഫ് റീഡിംഗിലേക്കും. പ്രൂഫ് റീഡർ ജോലി ചെയ്യുമ്പോഴാണ് വജേസിംഗ് തന്റെ ആദ്യപ്രണയവുമായി – ഭാഷയുമായി – വീണ്ടും സമാഗമിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളിൽ എഴുതപ്പെട്ടതെല്ലാം അങ്ങിനെ അയാൾക്ക് വായിക്കാൻ ഇടവന്നു.

എന്നിട്ട്, എന്താണ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ?

“ഭാഷയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങളോട് ഞാൻ തുറന്ന് പറയാം“, ആവേശത്തോടെ അദ്ദേഹം തുടർന്നു. “ഗുജറാത്തി സാഹിത്യം ഭാഷയെ സംബന്ധിച്ചിടത്തൊളം പൂർണ്ണമായ അശ്രദ്ധയാണ് കാണിക്കുന്നത്. കവികൾക്ക് വാക്കുകളോട് ഒരു വൈകാരികബന്ധവുമില്ല. മിക്കവരും എഴുതുന്നത് ഗസലുകൾ മാത്രമാണ്. അവരുടെ ശ്രദ്ധ വൈകാരികാംശങ്ങളിൽ മാത്രമാണ്. അതാണ് പ്രധാനമെന്ന് അവർ കരുതുന്നു. വാക്കുകൾ കുഴപ്പമില്ല. അതവിടെ ഉണ്ടല്ലോ”. വാക്കുകളുടെ അർത്ഥത്തെക്കുറിച്ചുള്ള വ്യത്യസ്തമായ അവബോധം, അതിന്റെ ക്രമം, ചില അനുഭവങ്ങളെ ആവിഷ്കരിക്കാനുള്ള അതിന്റെ കഴിവ് – ഇവയൊക്കെയാണ് വജേസിംഗ് തന്റെ കവിതയിലേക്ക് കൊണ്ടുവന്നത്. രണ്ട് വോള്യമായിട്ടാണ് അതിറങ്ങിയത്. മുഖ്യധാരാ സാഹിത്യം ഇതുവരെ അതിനെ തിരിച്ചറിയുകയോ അർഹമായ വിധത്തിൽ വായിക്കുകയോ ചെയ്തിട്ടില്ല.

“തുടർച്ചയായി എഴുതിക്കൊണ്ടേയിരിക്കേണ്ടത് ആവശ്യമായിരിക്കാം”, തന്റെ കവിതകൾക്ക് കിട്ടുന്ന അവഗണനയുടെ കാരണത്തെ യുക്തിവത്ക്കരിക്കുകയായിരുന്നു വജേസിംഗ്. “ഒന്നോ രണ്ടോ കവിതകൾ മാത്രം എഴുതിയാൽ ആരാണ് ശ്രദ്ധിക്കാൻ പോവുന്നത്?”. ഈ രണ്ട് വോള്യങ്ങളും സമീപകാലത്ത് രചിച്ചതാണ്. പ്രശസ്തിക്കുവേണ്ടി എഴുതിയതല്ല. പതിവായി എഴുതാനും എനിക്കാവില്ല. എനിക്ക് തോന്നുന്നത്, ഞാൻ ഗൌരവമായിട്ട് എഴുതിയിട്ടേയില്ല എന്നാണ്. വിശപ്പ് ഞങ്ങളുടെ ജീവിതത്തിൽ തുന്നിച്ചേർത്തതാണ്. അതുകൊണ്ട് ഞാനതിനെക്കുറിച്ച് എഴുതി. അതൊരു സ്വാഭാവികമായ ആവിഷ്കാരമായിരുന്നു”. ഞങ്ങളുടെ സംഭാഷണത്തിലുടനീളം അദ്ദേഹം പിടികൊടുക്കാത്ത മട്ടിൽ ഇരുന്നു. ആരെയെങ്കിലും കുറ്റപ്പെടുത്താതെ, പഴയ മുറിവുകൾ വീണ്ടും തുറക്കാതെ, താൻ നൽകിയ വെളിച്ചത്തിന്റെ അവകാശമേറ്റെടുക്കാതെ. എന്നാൽ അതിനെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു.

ഞങ്ങളുടെ വെളിച്ചത്തിന്റെ പങ്ക്
ആരോ വിഴുങ്ങിയിരിക്കുന്നു.
കാരണം,
ഞങ്ങൾ സൂര്യനോടൊപം എരിഞ്ഞുകൊണ്ടിരിക്കുകയാണ്,
ഒരു ജീവിതകാലം മുഴുക്കെ.
എന്നിട്ടും ഒന്നിനേയും പ്രകാശിപ്പിക്കുന്നില്ല.

ഈ മുൻ‌വിധി, തന്റെ പ്രതിഭയെ കുറച്ച് കാണൽ, വ്യത്യസ്തമായ ഒരു ശൈലി, ഒരു പ്രൂഫ് റീഡർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ തൊഴിൽ ജീവിതത്തെ അടയാളപ്പെടുത്തുന്നു. ഒരിക്കൽ, ഒരു മീഡിയാ സ്ഥാപനത്തിലെ പ്രവേശന പരീക്ഷയിൽ ‘എ’ ഗ്രേഡോടെ പാസ്സായിട്ടും, ‘സി’ ഗ്രേഡോടെ പാസ്സായ ആളേക്കാളും കുറഞ്ഞ ശമ്പളമുള്ള ഒരു പദവിയാണ് അദ്ദേഹത്തിന് വെച്ചുനീട്ടിയത്. വജേസിംഗ് അസ്വസ്ഥനായി. അത്തരമൊരു തീരുമാനത്തിന്റെ തത്ത്വങ്ങളെ അയാൾ ചോദ്യം ചെയ്തു. ഒടുവിൽ, ആ ജോലി ഏറ്റെടുക്കാൻ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു.

Ocean deep as to drown this world, and these poems are paper boats'.
PHOTO • Umesh Solanki

‘ലോകത്തെ മുക്കാൻ സാധിക്കുന്നവിധം ആഴമുള്ള കടൽ, ഈ കവിതകളാണ് എന്റെ കടലാസ്സുബോട്ടുകൾ’

അഹമ്മദാ‍ബാദിൽ, വിവിധ മാധ്യമസ്ഥാപനങ്ങൾക്കായി, തുച്ഛമാ‍യ വേതനത്തിന് ചെറിയ കരാർ ജോലികൾ ഏറ്റെടുത്തു. അഭിയാനു വേണ്ടി എഴുതുമ്പോഴാണ് കിരിത് പരമാർ ആദ്യമായി വജേസിംഗിനെ കണ്ടുമുട്ടുന്നത്. അയാൾ പറയുന്നു, “2008-ൽ ഞാൻ അഭിയാനിൽ ജോലിക്ക് ചേർന്നപ്പോൾ വജേസിംഗ് സംഭവ് മീഡിയയിലായിരുന്നു. ഔദ്യോഗികമായി അദ്ദേഹം ഒരു പ്രൂഫ് റീഡറായിരുന്നുവെങ്കിലും, ഒരു ലേഖനം അദ്ദേഹത്തിന് കൊടുത്താൽ, അയാളത് സംശോധനവും ചെയ്യാറുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ആ ലേഖനത്തിന് ഒരു രൂപവും ആകൃതിയുമൊക്കെ നൽകാൻ. ഭാഷയിൽ സ്വന്തമായൊരു വഴിയുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ ആ മനുഷ്യന് അർഹതപ്പെട്ട അവസരങ്ങളൊന്നും കിട്ടിയില്ല”.

സംഭവി ൽ, മാസത്തിൽ കഷ്ടിച്ച് 6,000 രൂപയാണ് അയാൾ സമ്പാദിച്ചിരുന്നത്. കുടുംബത്തെ നോക്കാനും സഹോദരങ്ങളുടെ പഠനം നടത്താനും അഹമ്മദാബാദിൽ ജീവിതം നിലനിർത്താനും ആ പണം ഒരിക്കലും തികഞ്ഞില്ല. ഓഫീസിലെ ദീർഘസമയത്തെ ജോലിക്കുശേഷം വീട്ടിലിരുന്ന് ചെയ്യാവുന്ന ഫ്രീലാൻസ് വർക്കുകൾ ഇമേജ് പബ്ലിക്കേഷനിൽനിന്ന് അദ്ദേഹം എറ്റെടുക്കാൻ തുടങ്ങി.

“അച്ഛൻ മരിച്ചതിൽ‌പ്പിന്നെ, അദ്ദേഹം എനിക്ക് അച്ഛനെപ്പോലെയായിരുന്നു”, 37 വയസ്സുള്ള ഏറ്റവും ഇളയ സഹോദരൻ മുകേഷ് പാർഗി പറയുന്നു. “ഏറ്റവും കഷ്ടപ്പാടുള്ള സമയത്തുപോലും അദ്ദേഹം എന്റെ വിദ്യാഭ്യാസത്തിന്റെ എല്ലാ ചിലവും ഏറ്റെടുത്തു. തൽ‌തേജിലെ ഒരു പൊട്ടിപ്പൊളിഞ്ഞ ചെറിയ മുറിയിലാന് അദ്ദേഹം താമസിച്ചിരുന്നത് എനിക്ക് ഓർമ്മയുണ്ട്. വീടിന് മുകളിലെ തകര മേൽക്കൂരയിലൂടെ നായകൾ ഓടുന്ന ശബ്ദം രാത്രി മുഴുവൻ കേൾക്കാം. 5,000-6,000 രൂപയാണ് അദ്ദേഹം സമ്പാദിച്ചിരുന്നത്. ആ പണം സ്വന്തം ആവശ്യങ്ങൾക്കുതന്നെ തികയില്ല. എന്നാൽ, ഞങ്ങളുടെ പഠനത്തിനായി മറ്റ് ജോലികളും അദ്ദേഹം ചെയ്തിരുന്നു. എനിക്കൊരിക്കലും മറക്കാനാവില്ല അതൊന്നും”.

കഴിഞ്ഞ അഞ്ചാറ്‌ വർഷങ്ങളായി, വജേസിംഗ്, അഹമ്മദാബാദിൽ, പ്രൂഫ് റീഡിംഗ് സേവനങ്ങൾ നൽകുന്ന ഒരു കമ്പനിയിൽ ജോലിക്ക് ചേർന്നിരുന്നു. ഏറ്റവുമൊടുവിലത്തേത് സിഗ്നെറ്റ് ഇൻ‌ഫോടെക്കായിരുന്നു. ഗാന്ധിജിയുടെ നവജീവൻ പ്രസ്സിന് അവരുമായി ഒരു കരാറുണ്ടായിരുന്നു. അങ്ങിനെ ഞാൻ അവർ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങി”, വജേസിംഗ് പറയുന്നു. “എന്നാൽ ഗുജറാത്തിലെ ഒരു പ്രസാധകന്റെ സ്ഥാപനത്തിലും പ്രൂഫ്‌റീഡറുകളുടെ സ്ഥിരമായ തസ്തികകളില്ല”.

സുഹൃത്തും എഴുത്തുകാരനുമായ കിരിത് പരാമറുമായുള്ള സംഭാഷണമദ്ധ്യേ, അദ്ദേഹം പറയുകയുണ്ടായി, “ഗുജറാത്തിയിൽ നല്ല പ്രൂഫ്‌റീഡർമാരെ കിട്ടാനുള്ള ബുദ്ധിമുട്ടിന്റെ കാരണം, ശമ്പളം കുറവാണെന്നതാണ്”. പ്രൂഫ്‌റീഡർ ഭാഷയുടെ ഒരു കാവൽമാലാഖയാണ്. ഭാഷയുടെ ഒരു വക്താവ്. എന്തുകൊണ്ടാണ് ആ ജോലിയെ നിങ്ങൾ ബഹുമാനിക്കാത്തതും അർഹമായ വേതനം കൊടുക്കാത്തതും? ഞങ്ങൾ വംശനാശം വന്ന വർഗ്ഗമായിക്കൊണ്ടിരിക്കുകയാണ്. ആർക്കാണ് നഷ്ടം? ഗുജറാത്തി ഭാഷക്ക്. അല്ലാതാർക്ക്?”, ഗുജറാത്തി മീഡിയ സ്ഥാപനങ്ങളുടെ ദുരിതാവസ്ഥ വജേസിംഗിന് കാണാൻ കഴിഞ്ഞു. എഴുതാനും വായിക്കാനും അറിയാവുന്ന ആർക്കും പ്രൂഫ്‌റീഡറാവാമെന്ന അവസ്ഥ.

“ഒരു പ്രൂഫ്‌റീഡറിന് അറിവോ കഴിവോ സർഗ്ഗാത്മകതയോ ആവശ്യമില്ല എന്ന മിഥ്യാധാരണയാണ് സാഹിത്യലോകത്ത് നിലവിലുള്ളത്”. മറിച്ച്, അദ്ദേഹം ഗുജറാത്തി സാഹിത്യത്തിന്റ് കാവൽക്കാരനായി നിലനിന്നു. “സാർത്ഥ് ജോഡാനി കോശിന് (സുപ്രസിദ്ധമായ ഒരു നിഘണ്ടു) ഗുജറാത്ത് വിദ്യാപീഠ് ഒരു അനുബന്ധം പ്രസിദ്ധീകരിച്ചിരുന്നു. ‘കോശിൽ ചേർക്കാനുള്ള 5,000 പുതിയ വാക്കുകളായിരുന്നു അതിൽ”, കിരിത് ഭായ് ഓർമ്മിക്കുന്നു. “അതിൽ ഭീമമായ അബദ്ധങ്ങൾ കടന്നുകൂടിയിട്ടുണ്ടായിരുന്നു. അക്ഷരവിന്യാസത്തിൽ മാത്രമല്ല, വസ്തുതാപരവും വിശദാംശങ്ങളിലുമുള്ള തെറ്റുകൾ. വജേസിംഗ് അവയോരോന്നും വൃത്തിയായി കുറിച്ചെടുത്ത് അവരോട് അതിനുള്ള സമാധാനം പറയാൻ ആവശ്യപ്പെട്ടു. വജേസിംഗ് ചെയ്തതുപോലുള്ള ഭാഷാസേവനം വേറെയാരും ചെയ്തതായി എനിക്കറിവില്ല. 8, 9. 10 ക്ലാസ്സുകളിലേക്കുള്ള സ്റ്റേറ്റ് ബോർഡിന്റെ പാഠപുസ്തകങ്ങളിലെ തെറ്റുകളെക്കുറിച്ചും ഒരിക്കൽ അദ്ദേഹം എഴുതുകയുണ്ടായി”.

Vajesinh's relatives in mourning
PHOTO • Umesh Solanki

വജേസിംഗിന്റെ ദു:ഖാർത്തരായ ബന്ധുക്കൾ

Vajesinh's youngest brother, Mukesh Bhai Pargi on the left and his mother Chatura Ben Pargi on the right
PHOTO • Umesh Solanki
Vajesinh's youngest brother, Mukesh Bhai Pargi on the left and his mother Chatura Ben Pargi on the right
PHOTO • Umesh Solanki

വജേസിംഗിന്റെ ഇളയ സഹോദരൻ മുകേഷ് ഭായ് പാർഗ്ഗി ഇടത്തും, അമ്മ ചതുര ബെൻ പാർഗി വലത്തും

ഇത്രയധികം പ്രതിഭയും ശേഷിയുമുണ്ടായിട്ടും ലോകം വജേസിംഗിനോട് കരുണയില്ലാതെയാണ് പെരുമാറിയത്. എന്നിട്ടുപോലും പ്രതീക്ഷയെക്കുറിച്ചും, സ്ഥൈര്യത്തെക്കുറിച്ചും അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. ദൈവത്തെ അയാൾ പണ്ടേ ഉപേക്ഷിച്ചിരുന്നു.

ഒരു കൈയ്യിൽ വിശപ്പും
മറുകൈയ്യിൽ തൊഴിലുമായിട്ടാണ് എന്റെ ജനനം.
ഭഗവാനേ, പറയൂ,
അങ്ങയെ ആരാധിക്കാൻ മൂന്നാമതൊരു കൈ
എനിക്ക് എങ്ങിനെ കിട്ടും?

വജേസിംഗിന്റെ ജീവിതത്തിൽ, ദൈവത്തിന്റെ സ്ഥാനം പലപ്പോഴും കൈയ്യാളിയിരുന്നത് കവിതയായിരുന്നു. രണ്ട് കവിതാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. 2019-ൽ ആഗിയാനു അജ്‌വാലൂൻ (മിന്നാമിനുങ്ങിന്റെ വെളിച്ചം), 2022-ൽ ഝാകൈന മോട്ടി (മഞ്ഞുതുള്ളിയുടെ മുത്തുകൾ). ഇവയ്ക്ക് പുറമേ, മാതൃഭാഷയായ പഞ്ചമഹലി ഭിലി യിൽ ഏതാനും കവിതകളും.

അനീതിയും, ചൂഷണവും, വിവേഹനവും ഇല്ലായ്മയും നിറഞ്ഞ ഒരു ജീവിതത്തിന്റെ അവസാനത്തിലും അദ്ദേഹത്തിന്റെ കവിതകളിൽ, ദേഷ്യമോ പശ്ചാത്താപമോ കാണാനാവില്ല. ഒരു പരാതിയുമില്ല. “ആരോടാണ് ഞാൻ പരാതി പറയേണ്ടത്? സമൂഹത്തോടോ? സമൂഹത്തോട് പരാതി പറഞ്ഞാൽ, അത് നിങ്ങളുടെ കഴുത്ത് ഞെരിക്കും”, അദ്ദേഹം പറയുന്നു.

വ്യക്തിഗതമായ സാഹചര്യങ്ങളിൽനിന്ന് ഉയരത്തിൽ സഞ്ചരിച്ച്, മനുഷ്യാവസ്ഥയെക്കുറിച്ചുള്ള നഗ്നസത്യങ്ങളുമായി സമ്പർക്കം പുലർത്താനുള്ള സാധ്യതയാണ് വജേസിംഗ് കവിതയിലൂടെ കണ്ടെത്തിയത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആദിവാസി, ദളിത് സാഹിത്യങ്ങളുടെ പരാജയത്തിന്റെ കാരണം, അതിന്റെ വ്യാപ്തിയുടെ കുറവാണ്. “ഞാൻ ചില ദളിത് സാഹിത്യമൊക്കെ വായിക്കാറുണ്ട്. മനുഷ്യനുമായി കൂടുതൽ ഉയർന്ന ഒരു വിനിമയത്തിന്റെ അഭാവമാണ് ഞാനതിൽ കാണുന്നത്. നമ്മോട് ചെയ്ത അക്രമങ്ങളെക്കുറിച്ചുള്ള പരാതികൾ മാത്രമാണ് അവയിൽ. പക്ഷേ അവിടെനിന്ന് എങ്ങോട്ടാണ് നമ്മൾ സഞ്ചരിക്കേണ്ടത്? ആദിവാസികളുടെ ശബ്ദം ഈയിടെയായി ഉയരുന്നുണ്ട്. തങ്ങളുടെ സ്വന്തം ജീവിതത്തെക്കുറിച്ച് അത് വളരെയധികം സംസാരിക്കുന്നുമുണ്ട്. വലിയ ചോദ്യങ്ങൾ ഒരിക്കലും ഉയരുന്നില്ല”, അദ്ദേഹ പറയുന്നു.

ദാഹോദിൽനിന്നുള്ള കവിയും എഴുത്തുകാരനുമായ പ്രവീൺ ഭായ് ജാദവ് പറയുന്നു” “ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ പുസ്തകങ്ങൾ വായിക്കാറുണ്ടായിരുന്നു. എന്തുകൊണ്ടാണ് ഞങ്ങളുടെ സമുദായത്തിൽനിന്ന്, പ്രദേശത്തുനിന്ന് കവികളുണ്ടാവാത്തതെന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെട്ടിരുന്നു. 2008-ൽ മാത്രമാണ് ഞാൻ ആദ്യമായി ഒരു സമാഹാരത്തിൽ വജേസിംഗിന്റെ പേര് കണ്ടത്. ഒടുവിൽ ആ മനുഷ്യനെ കണ്ടെത്താൻ പിന്നെയും നാല് വർഷമെടുത്തു. കവിസമ്മേളനങ്ങളിലെ കവിയായിരുന്നില്ല അയാൾ. അദ്ദേഹത്തിന്റെ കവിതകൾ ഞങ്ങളുടെ വേദനകളെക്കുറിച്ചും, പാർശ്വവത്കൃതരുടെ ജീവിതത്തെക്കുറീച്ചും സംസാരിച്ചു”.

കോളേജ് കാലത്താണ് കവിത വജേസിംഗിനെ തേടിവന്നത്. അത് ഗൌരവമായി പിന്തുടരാനോ പരിശീലിക്കാനോ ഉള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നതുമില്ല. “ദിവസം മുഴുവൻ കവിതകൾ എന്റെ മനസ്സിൽ കടഞ്ഞുകൊണ്ടിരുന്നു. എന്റെ സ്വത്വത്തിന്റെ അശാന്തമായ ആവിഷ്കാരങ്ങളായിരുന്നു അവ. ചിലപ്പോൾ അത് ആവിഷ്കാരം കണ്ടെത്തും, ചിലപ്പോൾ കൈവിട്ടുപോകും. അവയിൽ പലതും ആവിഷ്കരിക്കപ്പെടാതെ പോയി. ദീർഘമായ ഒരു പ്രക്രിയ നടത്താൻ എന്റെ മനസ്സിന് കഴിവില്ല. അതുകൊണ്ടാണ് ഞാൻ ചെയ്തതുപോലെയുള്ള രൂപങ്ങൾ കണ്ടെത്തിയത്. എന്നിട്ടും എഴുതപ്പെടാത്ത ധാരാളം കവിതകളുണ്ട്”.

എഴുതപ്പെടാതെ പോയ കവിതകൾക്കൊപ്പം, കഴിഞ്ഞ രണ്ടുവർഷമായി, ജീവൻ അപകടത്തിലാക്കുന്ന ഒരു രോഗവുംകൂടി – ശ്വാസകോശാർബുദം – കൂട്ടത്തിൽ കൂടി. വജേസിംഗിന്റെ ജീവിതത്തെയും, സഹനങ്ങൾക്കിടയിലും അയാളുണ്ടാക്കിയ നേട്ടങ്ങളേയും വിലയിരുത്താൻ തുടങ്ങുമ്പോൾ അയാൾ എഴുതാതെ പോയത് എന്താണെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കും. തനിക്കുവേണ്ടി മാത്രമല്ല, സമുദായത്തിനുവേണ്ടിയും താൻ കൈവിടാതിരുന്ന ‘മിന്നാമിനുങ്ങിന്റെ വെളിച്ച’മാണ് അയാൾ എഴുതാതെ പോയത്. കൈവശമുള്ള പുറന്തോടിന്റെ സംരക്ഷണമില്ലാതെ പ്രകാശിച്ച, ‘മഞ്ഞുതുള്ളിയുടെ മുത്തുക’ളാണ് അയാൾ എഴുതാതെ പോയത്. ദയാരഹിതവും ക്രൂരവുമായ ഒരു ലോകത്തുപോലും, സ്നേഹവും സഹാനുഭൂതിയും കൈമോശം വരാതെ നോക്കിയ ശബ്ദത്തിന്റെ അതിശയകരമായ സിദ്ധിവിശേഷമാണ് അയാൾ എഴുതാതെ പോയത്. നമ്മുടെ ഭാഷയിലെ ഏറ്റവും നല്ല കവികളുടെ കൂട്ടത്തിൽ വജേസിംഗ് പാർഗിയുടെ നാമമാണ് ഇനിയും എഴുതപ്പെടാതെയിരിക്കുന്നത്.

One of the finest proofreaders, and rather unappreciated Gujarati poets, Vajesinh fought his battles with life bravely and singlehandedly.
PHOTO • Umesh Solanki

ഏറ്റവും പ്രതിഭാധനനായ പ്രൂഫ്‌റീഡറുകളിലൊരാളും, അധികമംഗീകരിക്കപ്പെടാതെ പോയ ഗുജറാത്തി കവികളിലൊരാളുമായ വജേസിംഗ് തന്റെ യുദ്ധങ്ങളിൽ ഒറ്റയ്ക്ക്, ധീരമായി പോരാടി

എന്നാൽ വജേസിംഗിന് ഒരിക്കലും വിപ്ലവത്തിന്റെ കവിയായിരുന്നില്ല. അദ്ദേഹത്തിന് വാക്കുകൾ, തീപ്പൊരിപോലും ആയിരുന്നില്ല.

ഞാൻ ഇവിടെ കാത്തുകിടക്കുന്നു
ആ ഒരു കാറ്റിന്റെ പ്രവാഹത്തിനായി.

ഇനി, ഞാനൊരു പിടി ചാരമാണെങ്കിൽത്തന്നെ എന്താണ്?
ഞാൻ ഒരിക്കലും തീയല്ല
ഒരു പുൽനാമ്പിനെ കരിക്കാൻ‌പോലും എനിക്കാവില്ല
എന്നാൽ അവരുടെ കണ്ണിനകത്ത് കടക്കാൻ എനിക്കാവും
അവരെ അസ്വസ്ഥരാക്കാനും.
അതിലൊരാളെക്കൊണ്ടെങ്കിലും, ചുവക്കുന്നതുവരെ
കണ്ണ് തിരുമ്മിക്കാൻ
എനിക്കാവും.

പ്രസിദ്ധീകരിച്ചിട്ടില്ലാത്ത 70 കവിതകളുമായി നമ്മൾ ബാക്കിയായി. നമ്മുടെ കണ്ണുകളേയും മനസ്സിനേയും അസ്വസ്ഥമാക്കാൻ കഴിവുള്ളവ. നമ്മളും കാറ്റിന്റെ ആ ഒരു പ്രവാഹത്തിനായി കാത്തിരിക്കുകയാണ്.

ഝൂലടി*

കുട്ടിയായിരുന്നപ്പോൾ
അച്ഛൻ എനിക്കൊരു ഝൂലടി കൊണ്ടുവന്നു.
ആദ്യത്തെ അലക്ക് കഴിഞ്ഞപ്പോഴേക്കും അത് ചുരുങ്ങി
നിറം മങ്ങി.
നൂലുകൾ പൊന്തി
ഞാനതിനെ വെറുത്തു.
എനിക്ക് ഈ ഝൂലടി വേണ്ട,
ഞാൻ ഒച്ചയിട്ടു.
അമ്മ തലയിൽ തഴുകി ആശ്വസിപ്പിച്ചു.
“കീറിപ്പറിയുന്നതുവരെ ഉടുക്കൂ, എന്റെ കുഞ്ഞേ
അപ്പോൾ നമുക്ക് പുതിയതൊന്ന് വാങ്ങാം, പോരേ?”

ഇന്ന് ഈ ശരീരം ആ ഝൂലടിപോലെ തൂങ്ങിനിൽക്കുന്നു
ദേഹമാസകലം ചുളിവുകളാണ്.
സന്ധികൾ വേദനിക്കുന്നു.
ശ്വാസമെടുക്കുമ്പോൾ ശരീരം വിറയ്ക്കുന്നു
മനസ്സ് കയർക്കുന്നു -
എനിക്കീ ശരീരം ഇനി വേണ്ട.
ചട്ടക്കൂട് അഴിക്കാൻ നോക്കുമ്പോൾ
അമ്മയെ ഓർമ്മവരുന്നു
അവരുടെ മധുരവാക്കുകളും
“കീറിപ്പറിയുന്നതുവരെ ഉടുക്കൂ, എന്റെ കുഞ്ഞേ”
അത് പോയാൽ…

പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കവിതയിൽനിന്ന് പരിഭാഷപ്പെടുത്തിയത്.
*ഝൂലടി - ആദിവാസി സമൂഹത്തിലെ കുട്ടികൾ ധരിക്കുന്ന അലങ്കാരത്തുന്നലുകളുള്ള ഒരു മേലുടുപ്പ്


മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, സംഭാഷണത്തിന് അനുവാദം തന്ന വജേസിംഗ് പാർഗിയോട് ലേഖിക കടപ്പെട്ടിരിക്കുന്നു. മുകേഷ് പാർഗിയോടും, കവിയും സാമൂഹികപ്രവർത്തകനുമായ കഞ്ജി പട്ടേലിനോടും, നിർധറിന്റെ എഡിറ്റർ ഉമേഷ് സോളങ്കിയോടും, വജേസിംഗിന്റെ സുഹൃത്തും എഴുത്തുകാരനുമായ കിരിത് പാർമാറിനോടു,. ഗലാലിയാവദ് പ്രൈമറി സ്കൂൾ അദ്ധ്യാപകനായ സതീഷ് പാർമറോടും നന്ദി രേഖപ്പെടുത്തുന്നു.

ഈ ലേഖനത്തിൽ ഉപയോഗിച്ചിട്ടുള്ള എല്ലാ കവിതകളും ഗുജറത്തിയിൽ വജേസിംഗ് പാർഗി എഴുതിയവയാണ്, ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് പ്രതിഷ്ത പാണ്ഡ്യ.

പരിഭാഷ: രാജീവ് ചേലനാട്ട്

Pratishtha Pandya

Pratishtha Pandya is a poet and a translator who works across Gujarati and English. She also writes and translates for PARI.

Other stories by Pratishtha Pandya
Photos and Video : Umesh Solanki

Umesh Solanki is an Ahmedabad-based photographer, documentary filmmaker and writer, with a master’s in Journalism. He loves a nomadic existence. He has three published collections of poetry, one novel-in-verse, a novel and a collection of creative non-fiction to his credit.

Other stories by Umesh Solanki

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat