തന്റെ ഓർമ്മകളിൽ മാത്രം ബാക്കിയായ ചക്രവാളത്തിന്റെ ഭാഗത്തേക്ക് സുരേന്ദ്ര നാഥ് അവസ്തി കൈ പരത്തി. “അതെല്ലാം, അതും”, കൈകൾ വീശി ഒരു ചെറിയ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു.

“ഞങ്ങൾക്കവളെ ഇഷ്ടമായിരുന്നു. അവൾ കാരണമാണ് ഞങ്ങളുടെ കിണറുകളിൽ, വെറും പത്തടി താഴെ ശുദ്ധജലമുണ്ടായിരുന്നത്. എല്ലാ മഴക്കാലത്തും അവൾ ഞങ്ങളുടെ വീടുകളിലേക്കെത്തും. ഓരോ മൂന്നുവർഷം കൂടുമ്പോഴും ഒരു ബലി അവൾ ആവശ്യപ്പെടും – മിക്കവാറും ചെറിയ മൃഗങ്ങളായിരിക്കും അത്”, അദ്ദേഹം പറഞ്ഞു. “എന്നാലിപ്പോൾ, അവൾ കുറേക്കാലമായി ഞങ്ങളോട് കോപത്തിലാണ്. ഒരുപക്ഷേ ആ പാലം ചെയ്തതായിരിക്കും അത്”, അദ്ദേഹത്തിന്റെ ശബ്ദം നേർത്തു.

ഇപ്പോൾ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞ സായി എന്ന നദിക്ക് മുകളിലെ 67 മീറ്റർ ദൈർഘ്യമുള്ള പാലത്തിൽ നിൽക്കുകയായിരുന്നു അവസ്തി. ‘കോപിച്ച അവൾ’ എന്ന് അദ്ദേഹം സൂചിപ്പിച്ചത് ആ നദിയെക്കുറിച്ചാണ്. പാലത്തിനുതാഴെ കൃഷിയിടമായിരുന്നു. ഈയടുത്ത് വെട്ടിയെടുത്ത ഗോതമ്പിന്റെ കുറ്റികൾ നദിയിലെ മണൽത്തട്ടിൽ കാണാൻ കഴിഞ്ഞു. ഇരുവശത്തും യൂക്കാലിപ്റ്റസ് മരങ്ങൾ കാറ്റിലാടുന്നുണ്ടായിരുന്നു.

അവസ്തിയുടെ സുഹൃത്തും സഹപ്രവർത്തകനുമായ ജഗദീഷ് പ്രസാദ് ത്യാഗി എന്ന വിരമിച്ച സ്കൂൾ അദ്ധ്യാപകൻ സായി നദിയെ ഓർക്കുന്നത് “മനോഹരമായ പുഴ”യായിട്ടാണ്.

വലിയ മത്സ്യങ്ങൾ പുളയുകയും കണ്ണിന് വിരുന്നൊരുക്കുകയും ചെയ്തിരുന്ന ആഴമുണ്ടായിരുന്ന ആ നദിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. എഡ്ഡി മച്ച്ലി, റോഹു, ഈലുകൾ, പഫേഴ്സ് തുടങ്ങിയ മത്സ്യങ്ങളെ അദ്ദേഹം ഇപ്പോഴും ഓർക്കുന്നു. “വെള്ളം വറ്റാൻ തുടങ്ങിയപ്പോൾ മീനുകളും അപ്രത്യക്ഷമായി”, അദ്ദേഹം പറഞ്ഞു.

മധുരമായ ഓർമ്മകൾ ഇനിയുമുണ്ട്. പുഴപ്പരപ്പിൽനിന്ന് 100 മീറ്റർ അകലെ, വീടിന്റെ മുറ്റംവരെ സായി നദി എത്താറുണ്ടായിരുന്നത്, 2007 മുതൽ 2012 വരെ ഗ്രാമത്തിലെ സർപാഞ്ചായിരുന്ന 74 കാരൻ മാൽതി അവസ്തി ഓർമ്മിക്കുന്നു. ആ വലിയ മുറ്റത്ത് എല്ലാ വർഷവും ഗ്രാമീണർ ഒത്തുകൂടി അന്ന പർവ്വത് ദാൻ (ധാന്യങ്ങൾ സമ്മാനം നൽകൽ) സംഘടിപ്പിച്ചിരുന്നു. നദിയുടെ കോപത്തിൽ വിളകൾ നഷ്ടപ്പെട്ട കർഷകകുടുംബങ്ങൾക്കുള്ള ധാന്യത്തിന്റെ വിതരണമായിരുന്നു അത്.

“ഇന്ന് ആ സമുദായത്തിന്റെ ഒരുമ നഷ്ടമായി. ആ ധാന്യങ്ങളുടെ രുചിയും ഇല്ലാതായി. കിണറുകളിലെ വെള്ളം വറ്റി. ഞങ്ങളെപ്പോലെത്തന്നെ ദുരിതം അനുഭവിക്കുന്നു ഞങ്ങളുടെ കന്നുകാലികളും. ജീവിതത്തിന്റെ മധുരം നഷ്ടപ്പെട്ടു”, അദ്ദേഹം പറഞ്ഞു.

Left: Surendra Nath Awasthi standing on the bridge with the Sai river running below.
PHOTO • Pawan Kumar
Right: Jagdish Prasad Tyagi in his home in Azad Nagar
PHOTO • Pawan Kumar

ഇടത്ത്: താഴേക്കൂടി ഒഴുകുന്ന സായി നദിയുടെ മുകളിലുള്ള പാലത്തിൽ നിൽക്കുന്ന സുരേന്ദ്ര നാഥ് അവസ്തി. വലത്ത്: ആസാദ് നഗറിലെ തന്റെ വീട്ടിൽ ജഗദീഷ് പ്രസാദ്

Left: Jagdish Prasad Tyagi and Surendra Nath Awasthi (in a blue shirt) reminiscing about the struggle for a bridge over the Sai river .
PHOTO • Pawan Kumar
Right: Malti Awasthi recalls how the Sai rode right up to the courtyard of her home, some 100 metres from the riverbed
PHOTO • Rana Tiwari

സായി നദിയുടെ മുകളിൽ പാലം പണിയാനുള്ള സമരത്തെക്കുറിച്ച് ഓർക്കുന്ന ജഗദീഷ് പ്രസാദ് ത്യാഗിയും (ഇടത്ത്) സുരേന്ദ്ര നാഥ് അവസ്തിയും (വലത്ത്). വലത്ത്: പുഴപ്പരപ്പിൽനിന്ന് 100 അടി അകലെയുള്ള വീട്ടുമുറ്റത്തേക്ക് സായി എത്തിയിരുന്നത് മാൽതി അവസ്തി ഓർമ്മിക്കുന്നു

ഗോമതീനദിയുടെ കൈവഴിയാണ് സായി. ഗോസ്വാമി തുൾസീദാസൻ എഴുതിയ രാമചരിതമാനസത്തിൽ (16-ആം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഒരു ആത്മീയഗ്രന്ഥം – ഭഗവാൻ രാമന്റെ പുണ്യപ്രവൃത്തികളുടെ തടാകം എന്നാണർത്ഥം) പ്രമുഖമായ സ്ഥാനമുണ്ട് അതിന്. ഗംഗയ്ക്കും മുമ്പ് ഉണ്ടായത് എന്ന അർത്ഥത്തിൽ ആദിഗംഗ എന്നാണ് അതിനെ വിശേഷിപ്പിച്ചിരുന്നത്.

ഉത്തർ പ്രദേശിലെ ഹർദോയ് ജില്ലയിലെ പിഹാനി ബ്ലോക്കിലുള്ള ബിജ്ഗവാൻ എന്ന ഗ്രാമത്തിലെ ഒരു കുളത്തിൽനിന്നാണ് പുഴ ഉത്ഭവിക്കുന്നത്. ആദ്യത്തെ 10 കിലോമീറ്ററിൽ ഝാബർ (കുളം) എന്നാണ് അതിനെ വിളിക്കുന്നത്. പിന്നീടാണ് സായി എന്ന പേര് ആ നദിക്ക് കിട്ടുന്നത് 600 കിലോമീറ്റർ സഞ്ചരിച്ച് അത് ലഖ്നൌ, ഉന്നാവോ ജില്ലകളുടെ അതിർത്തിയായി മാറുന്നു. ഹർദോയിയിൽനിന്ന് 110 കിലോമീറ്റർ വടക്കായിട്ടാണ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലഖ്നൌ സ്ഥിതി ചെയ്യുന്നത്. ഉന്നാവോ 122 കിലോമീറ്റർ ദൂരത്തിലും.

ഉത്ഭവംമുതൽ ജൌൻപുർ ജില്ലയിലെ രജേപുർ ഗ്രാമത്തിൽ‌വെച്ച് ഗോമതിയുമായി (ഗംഗയുടെ ഒരു കൈവഴി) സംഗമിക്കുന്നതുവരെ സായിയുടെ ദൈർഘ്യം ഏകദേശം 750 കിലോമീറ്ററാണ്. വളഞ്ഞുപുളഞ്ഞൊഴുകുന്നതുകൊണ്ടാണ് പുഴയ്ക്ക് ഇത്രയും ദൈർഘ്യമുള്ളത്.

126 കിലോമീറ്റർ നീളവും 75 കിലോമീറ്റർ വീതിയുമുള്ള ഹർദോയ് ജില്ല ഏറെക്കുറെ ചതുഷ്ക്കോണാകൃതിയിലാണ്. 41 ലക്ഷമാളുകൾ അവിടെ താമസിക്കുന്നു. മിക്കവരും കാർഷികജോലികളാണ് ചെയ്യുന്നത്. പിന്നെയുള്ളത് കൃഷിക്കാരും, വീടുകൾ കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്ന വ്യാവസായികത്തൊഴിലാളികളുമാണ്.

1904-ൽ പ്രസിദ്ധീകരിച്ച ‘ആഗ്രയും അവധും ചേർന്ന ഐക്യപ്രവിശ്യകളുടെ ജില്ലാ ഗസറ്റിയറിന്റെ‘ XII-ആം വോള്യമായിരിക്കുന്ന ഹർദോയി ഒരു ഗസറ്റിയർ പ്രകാരം, സായി താഴ്വര “ജില്ലയുടെ മധ്യഭാഗംവരെ വ്യാപിക്കുന്നുണ്ട്”.

ഗസറ്റിൽ ഇങ്ങനെയും സൂചിപ്പിക്കുന്നു: “ഹർദോയിയിൽ കൃഷി നടക്കുന്ന പ്രദേശം വളക്കൂറുള്ളതാണെങ്കിലും ഇടയ്ക്കിടയ്ക്ക് വരണ്ടതും കുറ്റിക്കാടുകളുമുള്ള പ്രദേശങ്ങളും ഇടകലർന്ന് കിടക്കുന്നുണ്ട് (അവയെല്ലാം ചേർന്നതാണ്) സായി താഴ്വര“.

78 വയസ്സുള്ള, അനസ്തേഷ്യിസ്റ്റായ അവസ്തി പരൌളിയിലാണ് ജനിച്ചത്. മധോഗഞ്ച് ബ്ലോക്കിലെ കുർസത്ത് ബുസർഗ് എന്ന ഗ്രാമത്തിലെ ഒരു ഊരിൽ. ഇപ്പോൾ അദ്ദേഹം നിൽക്കുന്ന ആ പാലത്തിൽനിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് ആ ഊര്.

Left: The great length of the Sai river is caused by its meandering nature.
PHOTO • Pawan Kumar
Right: Surendra Nath Awasthi standing on the bridge with the Sai river running below. The bridge is located between the villages of Parauli and Band
PHOTO • Pawan Kumar

ഇടത്ത്: ധാരാളം വളഞ്ഞുപുളഞ്ഞൊഴുകുന്നതുകൊണ്ടാണ് സായി നദിക്ക് ഈ നീളമുണ്ടായത്. വലത്ത്: താഴെ ഒഴുകുന്ന സായിക്ക് മുകളിലെ പാലത്തിൽ നിൽക്കുന്ന സുരേന്ദ്ര നാഥ് അവസ്തി. പരൌളി, ബന്ദ് ഗ്രാമങ്ങൾക്കിടയ്ക്കാണ് ഈ പാലം

2011-ലെ സെൻസസ് പ്രകാരം കുർസത് ബുസർഗിലെ ജനസംഖ്യ 1,919 ആണ്. പരൌളിയിലെ ജനസംഖ്യയിൽ മുഖ്യമായും ബ്രാഹ്മണരാണ്. പിന്നെ കുറച്ച് ചാമറുകളും (പട്ടികജാതിക്കാർ) വിശ്വകർമ്മക്കാരും (മറ്റ് പിന്നാക്കജാതികളും).

പരൌളി, ബന്ദ് എന്നീ ഗ്രാമങ്ങൾക്കിടയ്ക്കാണ് അവസ്തി നിൽക്കുന്ന പാലം. ബന്ദ് എന്ന ഗ്രാമം കച്ചൌന ബ്ലോക്കിൽ ഉൾപ്പെട്ടതാണ്. കച്ചൌന പണ്ടും ഇന്നും പ്രധാനപ്പെട്ട വാണിഭകേന്ദ്രമാണ്. കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാനും വളവും മറ്റും വാങ്ങാനും വരുന്ന ഇടമാണത്. പാലം ഇല്ലാതിരുന്ന കാലത്ത്, കുർസത്ത് ബുസർഗിനും കച്ചൌനയ്ക്കിമിടയിൽ 25 കിലോമീറ്ററായിരുന്നു ദൂരം. പാലം വന്നതോടെ അത് 13 ആയി ചുരുങ്ങി.

കുർസത്ത്, കച്ചൌന (ബലാമു ജങ്ഷൻ എന്ന് ഇപ്പോൾ അറിയപ്പെടുന്നു) റെയിൽ‌വേ സ്റ്റേഷനുകൾക്കിടയിലും ആളുകൾ യാത്രചെയ്തിരുന്ന ഒരു റെയിൽ‌വേപ്പാലമുണ്ടായിരുന്നു പണ്ട്. വ്യാപാരത്തിനായുള്ള ഒട്ടകങ്ങൾ ആ പാലത്തിലൂടെ യാത്ര ചെയ്തിരുന്നത് പഴമക്കാർ ഓർക്കുന്നുണ്ട്. എന്നാൽ 1960-ലെ ഒരു അസാധാരണമായ കാലവർഷത്തിൽ ആ പാലം തകർന്നുവീണു. ആ രണ്ട് പ്രദേശങ്ങൾക്കിടയ്ക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ വഴി (10 കിലോമീറ്റർ) അതോടെ ഇല്ലാതായി.

പുതിയ പാലത്തിനെക്കുറിച്ചുള്ള ആശയം ആദ്യമായി ഉദിച്ചത് മധോഗഞ്ച് ബ്ലോക്കിലെ സർദാർ നഗർ ഗ്രാമത്തിലുള്ള ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായ ത്യാഗിയുടെ ബുദ്ധിയിലാണ്. പരൌളിയിൽനിന്ന് മൂന്നര കിലോമീറ്റർ ദൂരെയുള്ള ആസാദ് നഗർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന സ്ഥലത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

1945-ൽ ജനിച്ച ആ മുൻ അദ്ധ്യാപകന്റെ കുടുംബപ്പേരായിരുന്നില്ല ത്യാഗി എന്നത്. സിംഗ് എന്നായിരുന്നു അത്. ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ഏതറ്റംവരെയും പോകുന്ന ആളായതുകൊണ്ടായിരുന്നു, ത്യാഗി എന്ന പേർ അദ്ദേഹത്തിന് കിട്ടിയത്. ആ പേരിന്റെ ധാതുവായ ത്യാഗം എന്ന വാക്കിന് ഹിന്ദിയിലുള്ള അർത്ഥം ബലി എന്നാണ്. ജോലി തുടങ്ങിയ ജൂനിയർ ഹൈസ്കൂളിൽനിന്ന് പ്രധാനാദ്ധ്യാപകനായിട്ടാണ് അദ്ദേഹം 2008-ൽ വിരമിച്ചത്.

“വളരെ ദരിദ്രമായ ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. പക്ഷേ നല്ലത് ചെയ്യാനുള്ള എന്റെ ആഗ്രഹത്തിന് അതൊരു വിലങ്ങുതടിയായില്ല”, പ്രായാധിക്യംകൊണ്ട് നടക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്ന ത്യാഗി പറഞ്ഞു. ഒരിക്കൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ രണ്ട് എരുമകളും ആസാദ് നഗറിലെ പ്രധാന ഗ്രാമപാതയിലെ ഒരു കുഴിയിൽ വീണു. ഉന്തിയും തള്ളിയും അദ്ദേഹം അവയെ എങ്ങിനെയൊക്കെയോ പുറത്തേക്കെത്തിച്ചു. “ഈ വഴിയിൽക്കൂടി എന്നെങ്കിലും അപകടമില്ലാതെ നടക്കാനാവുമോ” എന്ന് അദ്ദേഹത്തിന്റെ അച്ഛൻ വിലപിച്ചത് ത്യാഗിയെ സ്പർശിച്ചു.

“അത് എന്നിൽ എന്തോ ഒന്ന് ഉളവാക്കി. ഞാൻ ആ കുഴി അടച്ചു. ആ‍റടി ആഴമുണ്ടായിരുന്നു അതിന്. അതിന്റെ ഇരട്ടി നീളവും. ദിവസവും രാവിലെ സ്കൂളിൽ പോകുന്നതിനുമുൻപും, വൈകീട്ട് വീട്ടിലെത്തിയതിനുശേഷവും ഞാൻ അടുത്തുള്ളൊരു കുളത്തിൽനിന്ന് മണ്ണെടുത്ത് ആ കുഴിയിലിടാൻ തുടങ്ങി. പിന്നീട്, മറ്റൊരു കുഴി മൂടാ‍ൻ തുടങ്ങി. മറ്റുള്ളവരും എന്റെ കൂടെ കൂടി”, ത്യാഗി പറഞ്ഞു.

Left: Jagdish Prasad Tyagi retired as the headmaster of the junior high school where he began his career in 2008.
PHOTO • Rana Tiwari
Right: Surendra Nath Awasthi and Jagdish Prasad Tyagi talking at Tyagi's house in Azad Nagar, Hardoi
PHOTO • Rana Tiwari

ഇടത്ത്: ജോലി ആരംഭിച്ച അതേ ജൂനിയൻ ഹൈസ്കൂളിൽനിന്നാണ് 2008-ൽ ത്യാഗി പ്രധാനാധ്യാപകനായി വിരമിച്ചത്. വലത്ത്: ഹർദോയിയിലെ ആസാദ് നഗറിലുള്ള ത്യാഗിയുടെ വീട്ടിൽ അദ്ദേഹവുമായി സംസാരിച്ചിരിക്കുന്ന സുരേന്ദ്ര നാഥ് അവസ്തി

തന്റെ നാട്ടുകാർക്കുവേണ്ടി ഓരോരോ കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു അദ്ദേഹം. നാട്ടിൽ അദ്ധ്യാപകൻ എന്ന നിലയ്ക്ക് ബഹുമാന്യനായിരുന്നതിനാൽ കാര്യങ്ങൾ എളുപ്പമാവുകയും ചെയ്തു. ഏറ്റവുമടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽനിന്ന് ആരോഗ്യപരിശോധന നടത്താൻ ഡോക്ടർമാരെ എത്തിക്കുക, അണുവിമുക്തമാക്കാൻ ബ്ലീച്ചിംഗ് പൌഡർ തളിക്കുക, ഗ്രാമത്തിലെ കുട്ടികളെ ഒരുമിച്ചുകൂട്ടി കുത്തിവെപ്പിന് കൊണ്ടുപോവുക എന്നുതുടങ്ങി, തന്റെ ഗ്രാമത്തിനെ നഗരപ്രദേശത്ത് ചേർക്കാൻ പോലും അദ്ദേഹത്തിന് സാധിച്ചു. പൊതുമരാമത്തുവകുപ് ചെയ്യുന്ന ജോലികളുടെ കണക്കുകൾ ഇടയ്ക്ക് പരിശോധിക്കാനും ജീവിതത്തിന്റെ പിൽക്കാലത്ത് സമയം കണ്ടെത്തി.

പരസ്പരം അറിയാമായിരുന്നുവെങ്കിലും 1994-വരെ അവസ്തിയും ത്യാഗിയും പരസ്പരം വ്യക്തിപരമായി പരിചയപ്പെട്ടിരുന്നില്ല. ഗ്രാമത്തിലെ ആദ്യത്തെ ഡോക്ടറായ അവസ്തി അധികകാലവും ജോലി ചെയ്തിരുന്നത് നൈജീരിയ, യുണൈറ്റഡ് കിംഗ്ഡം, മലേഷ്യ എന്നിവിടങ്ങളിലായിരുന്നു. എന്നാൽ ഗ്രാമത്തിലെ കുട്ടികൾക്ക്, പ്രത്യേകിച്ചും പെൺകുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന ആ പുഴയെക്കുറിച്ചുള്ള വേദന എല്ലാക്കാലത്തും അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്നു. അതുകൊണ്ട്, മഴക്കാലത്ത് കുട്ടികളെ സൌജന്യമായി പുഴയുടെ അക്കരയ്ക്ക് കൊണ്ടുപോകാൻ ഒരു ബോട്ടുകാരനെ കണ്ടെത്താൻ അവസ്തി തന്റെ അനുജനും ഇലക്ട്രിക്കൻ എൻ‌ജിനീയറുമായ നരേന്ദ്രയോട് ആവശ്യപ്പെട്ടു. ബോട്ടിന്റെ ചിലവിനുള്ള 4,000 രൂപ അവസ്തി കൈയ്യിൽനിന്ന് കൊടുത്തു.

സ്കൂൾ ജോലി കഴിഞ്ഞാൽ ബോട്ടുകാരൻ ചോട്ടായിക്ക് ബാക്കിയുള്ള സമയം പണം വാങ്ങി സർവ്വീസ് നടത്താൻ അനുവാദമുണ്ടായിരുന്നു. ഒരുദിവസം പോലും സ്കൂൾ ജോലി ഒഴിവാക്കരുത് എന്ന ഒരൊറ്റ നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളു. കുറച്ചുകാലം കഴിഞ്ഞ് ബോട്ട് ഉപയോഗശൂന്യമായി. പക്ഷേ അപ്പോഴേക്കും 1980-ൽ അവസ്തി തന്റെ ഗ്രാമത്തിൽത്തന്നെ 8-ആം ക്ലാസ്സുവരെ പഠിപ്പിക്കുന്ന സ്കൂൾ തുടങ്ങിയിരുന്നു. തന്റെ പൂർവ്വികരുടെ പേരാണ് സ്കൂളിനിട്ടത്. ഗംഗാ സുഗ്രാഹി സ്മൃതി ശിക്ഷാ കേന്ദ്ര. 1987-ൽ ഉത്തർ പ്രദേശ് സ്റ്റേറ്റ് ബോർഡ് ഓഫ് ഹൈസ്കൂൾ ആൻഡ് ഇന്റർമീഡിയറ്റ് എഡ്യുക്കേഷന്റെ അംഗീകാരം സ്കൂളിന് ലഭിച്ചു. പക്ഷേ അപ്പോഴും ഒരു വലിയ വെല്ലുവിളി ബാക്കിനിന്നു. മറ്റുള്ളവർക്ക് പരൌളിയിൽ വന്ന് എങ്ങിനെ വിദ്യാഭ്യാസം ചെയ്യാനാവും എന്ന പ്രശ്നം.

ഒടുവിൽ ഒരുദിവസം അവസ്തിയും ത്യാഗിയും തമ്മിൽ കണ്ടുമുട്ടിയപ്പോൾ, അവർ തീരുമാനത്തിലെത്തി. ഒരു പുതിയ പാലം നിർമ്മിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന്. വ്യക്തികളെന്ന നിലയ്ക്ക് തീർത്തും വ്യത്യസ്തരായിരുന്നു ഇവരിരുവരും. പുഴയിലേക്ക് എടുത്തെറിയപ്പെട്ട് നീന്തൽ വശമാക്കിയ ആളായിരുന്നു അവസ്തി. ത്യാഗിയാകട്ടെ, കാൽ നനയ്ക്കാൻ പോലും വെള്ളത്തിലിറങ്ങാൻ ധൈര്യമില്ലാത്ത ആളും. സർക്കാർ ജോലിയായതുകൊണ്ട് പ്രക്ഷോഭത്തിൽ മുന്നിൽ നിൽക്കാൻ അവസ്തിക്ക് സാധ്യമല്ലായിരുന്നു. ത്യാഗിയ്ക്കാകട്ടെ, മുൻപിൽനിന്ന് നയിച്ചല്ലാതെ ശീലവുമില്ല. ഒരിക്കലും പൊരുത്തപ്പെടാത്ത, എന്നാൽ പ്രതിജ്ഞാബദ്ധരാ‍യ രണ്ട് മനുഷ്യർ അങ്ങിനെ പരസ്പരം കണ്ടുമുട്ടുകയും ‘ക്ഷേത്രീയ വികാസ് ജൻ ആന്ദോളൻ’ (കെ.വി.ജെ.എ – പ്രാദേശികവികസനത്തിനായുള്ള ജനമുന്നേറ്റം) എന്ന സംഘടന പിറവിയെടുക്കുകയും ചെയ്തു.

കെ.വി.ജെ.എ.യുടെ അംഗത്വം എണ്ണി തിട്ടപ്പെടുത്താനായിരുന്നില്ലെങ്കിലും അത് കൂടിക്കൊണ്ടിരുന്നു. തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനാവാത്തതിനാൽ അദ്ദേഹം തന്റെ അമ്മ ഭഗ്‌വതി ദേവിയെ നിർബന്ധിച്ച് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. അമ്മയെ ജയിപ്പിച്ചാൽ വികസനപ്രവർത്തനങ്ങൾ എളുപ്പത്തിൽ കൊണ്ടുവരാമെന്നാ‍യിരുന്നു അദ്ദേഹത്തിന്റെ ചിന്ത. കേവലം അഞ്ച് വോട്ടിന് ഭഗ്‌വതി ദേവി തോറ്റുവെങ്കിലും, സബ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ (എസ്.ഡി.എം) മുമ്പിൽ അപ്പീൽ കൊടുത്തപ്പോൾ തിരഞ്ഞെടുപ്പ് വിധി അവർക്കനുകൂലമായി. 1997 മുതൽ 2007 വരെ ടൌൺ ഏരിയ അദ്ധ്യക്ഷയായി അവർ പദവിയിലിരുന്നു.

ആദ്യം കെ.വി.ജെ.എ. രജിസ്റ്റർ ചെയ്യേണ്ടിയിരുന്നു. പക്ഷേ ലഖ്നൌവിൽ അവസ്തിക്ക് വലിയ സ്വാധീനമുണ്ടായിരുന്നിട്ടുപോലും അതിന് സാധിച്ചില്ല. അതിനാൽ ‘വികാസ് നഹീം തോ, വോട്ട് നഹീം’ (വികസനമില്ലെങ്കിൽ വോട്ടില്ല) എന്ന ഒരു മുദ്രാവാക്യത്തോടെ പ്രക്ഷോഭം ആരംഭിച്ചു.

‘ഞങ്ങൾക്കവളെ (സായി നദിയെ) ഇഷ്ടമായിരുന്നു. അവൾ കാരണമാണ് ഞങ്ങളുടെ കിണറുകളിൽ, വെറും പത്തടി താഴെ ശുദ്ധജലമുണ്ടായിരുന്നത്. എല്ലാ മഴക്കാലത്തും അവൾ ഞങ്ങളുടെ വീടുകളിലേക്കെത്തും'

വീഡിയോ കാണാം: നഷ്ടപ്പെട്ട സായി

രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സംഘടനയുടെ ആദ്യത്തെ മീറ്റിംഗിൽത്തന്നെ സ്കൂളിന്റെ പ്രശ്നം ബാധിക്കുന്ന 17 ഗ്രാമങ്ങളിൽനിന്നായി ഏകദേശം 3,000 ആളുകൾ ഭഗ്‌വതി ദേവിയെ കേൾക്കാനായി പരൌളിയിലേക്ക് എത്തി. ലഘുലേഖകൾ വിതരണം ചെയ്തു. “ഈ പ്രസ്ഥാനത്തിന് ഞങ്ങൾ ഞങ്ങളുടെ ശരീരവും ഹൃദയവും സമർപ്പിക്കുന്നു. ഞങ്ങളൊരിക്കലും ഇതിൽനിന്ന് പിന്മാറില്ല. ഈ കത്തുകളിൽ ഞങ്ങൾ ഞങ്ങളുടെ രക്തം കൊണ്ട് ഒപ്പുവെക്കുന്നു. ബന്ദിനും പരൌളിക്കുമിടയിൽ പാലം വരുന്നതുവരെ ഇനിയൊരു പിന്മാറ്റമില്ല” എന്ന് ആ ലഘുലേഖയിൽ വ്യക്തമായി എഴുതിച്ചേർത്തു. ‘ഞങ്ങളുടെ പതാകയ്ക്ക് രക്തവർണ്ണമാണ്, പ്രക്ഷോഭമായിരിക്കും ഞങ്ങളുടെ ദൌത്യം’ എന്ന് അതിൽ അടിവരയിടുകയും ചെയ്തിരുന്നു.

അത്തരത്തിലുള്ള 1,000 ലഘുലേഖകൾ വിതരണം ചെയ്തു. തള്ളവിരൽ മുറിച്ച് ആ ചോരകൊണ്ട് അവയിലോരോന്നിലും ആളുകൾ ഒപ്പുചാർത്തി.

പാലത്തിന്റെ പ്രശ്നം ബാധിക്കുന്ന 17 ഗ്രാമങ്ങളിലേക്കുള്ള സന്ദർശനമായിരുന്നു പിന്നീട് നടന്നത്. “ആളുകൾ തങ്ങളുടെ സൈക്കിളുകളും കിടക്കകളുമെടുത്ത് വന്നു. മറ്റ് തയ്യാറെടുപ്പുകളൊന്നും ആവശ്യമുണ്ടായിരുന്നില്ല”, ത്യാഗി ഓർത്തെടുത്തു. സന്ദർശനം നടക്കാൻ പോകുന്ന ഗ്രാമങ്ങളെ മുൻ‌കൂറായി കാര്യം ബോധിപ്പിച്ചു. ചെറിയ പെരുമ്പറ മുഴക്കി ആളുകളെ വിവരമറിയിക്കുകയും ചെയ്തു.

അടുത്ത ഘട്ടം, നദീതീരത്തുള്ള കുത്തിയിരിപ്പായിരുന്നു. എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന ത്യാഗിയുടെ അമ്മയായിരുന്നു അതിന് നേതൃത്വം കൊടുത്തത്. നദീതീരത്തുള്ള തന്റെ കൃഷിയിടം അവസ്തി, കുത്തിയിരിപ്പ് നടത്താൻ വിട്ടുകൊടുത്തു. പ്രതിഷേധം നടക്കുന്ന സ്ഥലം മുളകൾകൊണ്ട് അടയാളപ്പെടുത്തി. രാത്രിസമയങ്ങളിൽ കുത്തിയിരിപ്പ് നടത്താൻ ഇരിക്കുന്നവർക്കുവേണ്ടി വൈക്കോൽകൊണ്ട് ഒരു കൂടാരവുമുണ്ടാക്കി. ഏഴുപേർ അടങ്ങുന്ന ഒരു സംഘം വിപ്ലവഗാനങ്ങളൊക്കെ പാടി 24 മണിക്കൂറും സമരപ്പന്തലിൽ ഇരുന്നു. ഭജനുകൾ പാടിക്കൊണ്ടാണ് സ്ത്രീകൾ കുത്തിയിരിപ്പ് നടത്തിയിരുന്നത്. അനിഷ്ടസംഭവങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സ്ത്രീകൾക്ക് ചുറ്റും പുരുഷന്മാരുടെ സുരക്ഷാവലയവും ഒരുക്കിയിരുന്നു. സമരക്കാർക്കുവേണ്ടി അവസ്തി ആ സ്ഥലത്ത്, കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന വെള്ളത്തിനുള്ള പമ്പും സ്ഥാപിച്ചു. നദീതീരത്ത് സർപ്പദംശനത്തിനുള്ള സാധ്യതകളുണ്ടായിരുന്നുവെങ്കിലും ഭാഗ്യവശാൽ അതൊന്നുമുണ്ടായില്ല. ജില്ലാ പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം ഇടയ്ക്കിടയ്ക്ക് വന്ന് പരിശോധനകൾ നടത്തിയെങ്കിലും ബന്ധപ്പെട്ട അധികാരികളോ ജനപ്രതിനിധികളോ ആരും സമരക്കാരുടെ ആവശ്യങ്ങൾ കേൾക്കാൻ വന്നില്ല.

ഈ പ്രതിഷേധങ്ങൾക്കിടയ്ക്കാണ് 1996-ലെ വിധാൻ സഭ തിരഞ്ഞെടുപ്പ് നടന്നത്. ഗ്രാമീണർ അത് ബഹിഷ്കരിച്ചു. ജനങ്ങളോട് ബഹിഷ്കരിക്കാൻ പറയുക മാത്രമല്ല അവർ ചെയ്തത്. വോട്ടുചെയ്യാനെന്ന ഭാവത്തിൽ ബൂത്തുകളിൽ പോയി ബാലറ്റ് പെട്ടികളിൽ വെള്ളമൊഴിക്കുകയും ചെയ്തു അവർ. സംസ്ഥാനത്തിന്റെ ഗവർണർ മോത്തിലാൽ വോറയ്ക്ക്, സ്കൂൾ കുട്ടികൾ 11,000 കത്തുകളെഴുതി ചാക്കിൽക്കെട്ടി കൊടുത്തയച്ചു.

സമരത്തെ ലഖ്നൌവിലേക്ക് കൊണ്ടുപോകാൻ അവസ്തിയും ത്യാഗിയും തീരുമാനിച്ചു. എന്നാൽ അതിനുമുമ്പ്, ആവശ്യങ്ങൾ അവഗണിച്ചാൽ ജനങ്ങൾ അവരുടെ ശക്തി തെളിയിക്കുമെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള ഒരു കത്ത്, ത്യാഗി, ജില്ലാ മജിസ്ട്രേറ്റിനും എസ്.ഡി.എമ്മിനും കത്തയച്ചു. ലഖ്നൌവിലേക്ക് പുറപ്പെടുന്നതിനുമുൻപ്, ഒരു അവസാനശ്രമെന്ന നിലയിൽ, എട്ട് കിലോമീറ്റർ അകലെയുള്ള മധോഗഞ്ച് പട്ടണത്തിലേക്ക് ഒരു സൈക്കിൾ റാലികൂടി അവർ സംഘടിപ്പിച്ചു. പോസ്റ്ററുകളും ബാനറുകളും കൊടികളുമായി 4,000 സൈക്കിളുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടി. പ്രാദേശിക വാർത്തകളിൽ അത് സ്ഥാനം പിടിച്ചു. പാലത്തിനുവേണ്ടിയുള്ള ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ജില്ലാ മജിസ്ട്രേറ്റിന്റെ ജീപ്പ് പുഴയിലേക്ക് തള്ളിയിടുമെന്നുള്ള ചില സമരക്കാരുടെ ധീരമായ പ്രഖ്യാപനവും വാർത്തയിൽ നിറഞ്ഞു.

ഏതാനും ആഴ്ചകൾക്കുശേഷം, 51 ട്രാക്ടറുകൾ ഡി.എമ്മിന്റെ ഓഫീസ് ഉപരോധിച്ചു. എന്നാൽ പുറത്തേക്ക് വന്ന്, സമരക്കാരെ കാണാൻ ആ ഉദ്യോഗസ്ഥൻ വിസമ്മതിക്കുകയായിരുന്നു.

Left: Jagdish Tyagi (white kurta) sitting next to Surendra Awasthi (in glasses) in an old photo dated April 1996. These are scans obtained through Awasthi.
PHOTO • Courtesy: Surendra Nath Awasthi
Right: Villagers standing on top of a makeshift bamboo bridge
PHOTO • Courtesy: Surendra Nath Awasthi

ഇടത്ത്: 1996 ഏപ്രിലിലെ ഒരു പഴയിൽ ഫോട്ടോയിൽ ജഗദീഷ് ത്യാഗിയും (വെളുത്ത കുർത്ത) സുരേന്ദ്ര അവസ്തിയും (കണ്ണടവെച്ച ആൾ). അവസ്തി സ്കാൻ ചെയ്ത ചിത്രങ്ങളാണിത്. വലത്ത്: താത്ക്കാലികമായി നിർമ്മിച്ച മുളകൊണ്ടുള്ള പാലത്തിന് മുകളിൽ നിൽക്കുന്ന ഗ്രാമീണർ

Surendra Nath Awasthi standing with villagers next to the Sai river
PHOTO • Rana Tiwari

സായി നദിക്കരയിൽ ഗ്രാമീണരോടൊപ്പം നിൽക്കുന്ന സുരേന്ദ്ര നാഥ് അവസ്തി

അടുത്ത യാത്ര ലഖ്നൌവിൽ ഗവർണ്ണറുടെ വസ്തിയിലേക്കായിരുന്നു. ആവശ്യങ്ങൾ അച്ചടിച്ച്, ചോരകൊണ്ട് ഒപ്പിട്ടു. യാത്രയ്ക്ക് ആളുകളെ തയ്യാറാക്കാൻ ഓരോ ഗ്രാമത്തിലും ഒരോ പ്രതിനിധികളെ നിയോഗിച്ചു. സ്ത്രീകളെ യാത്രയിൽനിന്ന് ഒഴിവാക്കാനായിരുന്നു തീരുമാനം. എന്നാൽ, മകൻ പോവുമ്പോൾ തനിക്ക് ഒഴിഞ്ഞുനിൽക്കാൻ പറ്റില്ലെന്ന് ത്യാഗിയുടെ അമ്മ നിർബന്ധം പിടിച്ചു.

1995 ഏപ്രിലിൽ, പരൌളിയിൽനിന്ന് ഏതാണ്ട് 20 കിലോമീറ്റർ അകലെയുള്ള സന്ദിലയിൽ 14 ബസ്സുകൾ കൊണ്ടുവന്ന് ഇട്ടു. സംസ്ഥാന റോഡ്‌ കോർപ്പറേഷനിലെ അജ്ഞാതനായ ഒരു ഉദ്യോഗസ്ഥനാണ് അത് ഏർപ്പാടാക്കിയത്. രാവിലെ 5 മണിക്ക് അവർ ലഖ്നൌവിലെത്തി. പ്രതിഷേധക്കാരിൽ ആർക്കും നഗരത്തിലെ വഴികൾ അറിവുണ്ടായിരുന്നില്ല. അതുകൊണ്ട്, കുറേയേറെ ചുറ്റിനടന്ന്, 11 മണിക്കാണ് അവർ മഹാത്മാ ഗാന്ധി മാർഗ്ഗിലുള്ള ഗവർണ്ണറുടെ ഭവനത്തിലെത്തിയത്.

“വലിയ താമസമില്ലാതെ ബഹളം തുടങ്ങി. 15 പൊലീസ് ജീപ്പുകൾ ഞങ്ങളെ വളഞ്ഞു. ചില പൊലീസുകാർ കുതിരപ്പുറത്തായിരുന്നു വന്നത്. ജലപീരങ്കികൾ ഉപയോഗിച്ചു. ഒരു പൊലീസുകാരൻ എന്നെ കൈകാലുകളിൽ പിടിച്ച് വലിച്ചിഴച്ചപ്പോൾ അമ്മ എന്റെ ദേഹത്ത് കിടന്ന് അവരെ തടഞ്ഞു. മകനെ കൊണ്ടുപോകുന്നതിനുമുൻപ് തന്നെ കൊണ്ടുപോകണമെന്ന് അവർ ബഹളംവെച്ചു”. ത്യാഗി പറഞ്ഞു. ചില പ്രതിഷേധക്കാർ ചിതറിയോടി. ശാരീരികമായി ക്ഷീണിച്ച്, എന്നാൽ ആവേശംകൊണ്ട് വിജയികളായി ആ സംഘം രാത്രി 12 മണിയോടെ ഹർദോയിലേക്ക് തിരിച്ചെത്തി. മാലകളിട്ടാണ് അവരെ ഗ്രാമത്തിൽ സ്വീകരിച്ചത്.

അപ്പോഴേക്കും പ്രക്ഷോഭം തുടങ്ങിയിട്ട് ഒന്നരവർഷം കഴിഞ്ഞിരുന്നു. ലഖ്നൌവിലെ പ്രക്ഷോഭം വലിയ അലയൊലികൾ സൃഷ്ടിച്ചു.

സഹകരണസ്ഥാപനങ്ങളുടെ മന്ത്രി രാം പ്രകാശ് ത്രിപാഠിയാണ് ഏറ്റവുമാദ്യം പ്രക്ഷോഭകരെ കാണാനെത്തിയത്. അദ്ദേഹം അവർക്ക് പറയാനുള്ളത് കേട്ട്, പൊതുമരാമത്തുവകുപ്പ് മന്ത്രി കൽ‌രാജ് മിശ്രയെ കണ്ട് ആവശ്യങ്ങൾ അറിയിച്ചു. മാത്രമല്ല, പ്രക്ഷോഭം നീണ്ടുപോയാൽ ഭാ‍രതീയ ജനതാ പാർട്ടിക്ക് (ബി.ജെ.പി) പ്രദേശത്തെ പിന്തുണ നഷ്ടമാവുമെന്നും അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി.

മിശ്ര ഇടപെടുന്നതിനുമുൻപ്, പ്രക്ഷോഭകർ മാധ്യമങ്ങളെ കണ്ട്, തങ്ങൾ ആത്മാഹുതി നടത്തുമെന്ന് പ്രഖ്യാപിച്ചു. പൊലീസ് പാഞ്ഞെത്തി നിരവധി സമരക്കാരെ അറസ്റ്റ് ചെയ്തു. അവരിൽ, ത്യാഗിയുടെ സഹോദരൻ ഹൃദയ നാഥും ഉൾപ്പെടുന്നു.

1997 ഓഗസ്റ്റ് 13-ന് ഹർദോയിലെ ഡി.എമ്മിന്റെ നേതൃത്വത്തിൽ ഒരു സംഘം സമരക്കാരെ സന്ദർശിക്കാൻ തയ്യാറായി. ലഖ്നൌവിൽ ത്യാഗി വീരനായകനായി കൊണ്ടാടപ്പെട്ടു. പ്രക്ഷോഭത്തിനാവശ്യമായ സാമ്പത്തികസഹായങ്ങൾ നൽകിയിരുന്ന അവസ്തിക്ക് ആശ്വാസമായി. ഏതാനും മാസങ്ങൾക്കുശേഷം പാലത്തിനുള്ള അനുമതിയായി. പക്ഷേ ഒരുവർഷം കൂടി പ്രക്ഷോഭം നടത്തിയതിനുശേഷം മാത്രമാണ് പാലത്തിന്റെ നിർമ്മാണത്തിനുള്ള രണ്ട് ഗഡുക്കൾ കിട്ടിയത്.

Left: Venkatesh Dutta sitting in front of his computer in his laboratory.
PHOTO • Rana Tiwari
Right: A graph showing the average annual rainfall in Hardoi from years 1901-2021

ഇടത്ത്: ലബോറട്ടറിയിലെ തന്റെ കം‌പ്യൂട്ടറിന്റെ മുമ്പിലിരിക്കുന്ന വെങ്കടേഷ് ദത്ത. വലത്ത്: 1901 മുതൽ 2021വരെ ഹർദോയിൽ പെയ്ത മഴയുടെ ശരാശരി കണക്കുകൾ കാണിക്കുന്ന ഒരു ചിത്രം

1998 ജൂലായ് 14-ന് പൊതുമരാമത്തുവകുപ്പ് മന്ത്രിയുടെ ഉദ്ഘാടനത്തിന് പാലം തയ്യാറായി. നന്ദിസൂചകമായി ഗ്രാമീണർ അദ്ദേഹത്തിന്റെ ശരീരഭാരത്തിന് തുല്യമായ നാണയങ്ങൾകൊണ്ട് തുലാഭാരം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അത് നടക്കുകയുണ്ടായില്ല. ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി അത് തമാശരൂപേണ സൂചിപ്പിക്കുകയുമുണ്ടായി.

പാലത്തിനുവേണ്ടി മുന്നോട്ടുവന്ന 17 ഗ്രാമങ്ങളിലെയും ആളുകൾക്ക് അന്നൊരു ആഘോഷദിനമായിരുന്നു. “ദീപാവലിയേക്കാൾ പ്രകാശം. ഹോളിയേക്കാൾ നിറപ്പകിട്ട്”, അവസ്തി ആ ദിനത്തെ ഓർക്കുന്നത് അങ്ങിനെയാണ്.

അധികം താമസിയാതെ സായി വരളാൻ തുടങ്ങി. മഴയിൽനിന്ന് ഊർജ്ജമെടുത്ത് വർഷം മുഴുവൻ ഗംഭീരമായി ഒഴുകുകയും കാലവർഷത്തിൽ ഭയാനകമാവുകയും ചെയ്തിരുന്ന നദി മെലിഞ്ഞുമെലിഞ്ഞ്, വർഷങ്ങൾ കഴിയുന്തോറും ക്ഷയിക്കാൻ തുടങ്ങി.

ഇത് സായിയുടെ മാത്രം വിധിയായിരുന്നില്ല - “ഇത് ഒരാഗോള പ്രതിഭാസമാണ്. ഒരുകാലത്ത് കൊല്ലം മുഴുവൻ നിറഞ്ഞൊഴുകിയിരുന്ന നദി മഴയെ മാത്രം ആശ്രയിക്കാനും മന്ദഗതിയിലൊഴുകാനും തുടങ്ങി. ഭൂഗർഭജലവും, അടിയൊഴുക്കും കുറഞ്ഞുവരുന്നതായിട്ടാണ് 1984 മുതൽ 2016വരെയുള്ള കണക്കുകൾ കാണിക്കുന്നത്”, ലഖ്നൌവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഫോർ എൻ‌വയണ്മെന്റൽ സയൻസസിലെ പ്രൊഫസ്സറായ വെങ്കടേഷ് ദത്ത പറയുന്നു.

അവസാ‍നത്തെ മഴ പെയ്തുകഴിഞ്ഞാലും ഏറെക്കാലം ഭൂമിക്കടിയിലെ വെള്ളം ജലസ്രോതസ്സുകളിലേക്ക് ഒഴുകുന്നതിനെയാണ് അടിയൊഴുക്ക് (ബേസ് ഫ്ലോ) എന്ന് വിളിക്കുന്നത്. ഇപ്പോഴുള്ളത് നദിയുടെ അടിയൊഴുക്ക് മാത്രമാണ്. ഭൂഗർഭജലത്തിലാണ് നദിയുടെ ഭാവി. 1996-നുശേഷമുള്ള 20 കൊല്ലത്തിനുള്ളിൽ, ഉത്തർ പ്രദേശിലെ മഴയുടെ അളവ് 5 ശതമാനം കുറഞ്ഞു.

2021 ജൂലായിൽ വാട്ടർ ഏയ്ഡ് പുറത്തിറക്കിയ ദി സ്റ്റേറ്റ് ഓഫ് ഗ്രൌണ്ട് വാട്ടർ ഇൻ ഉത്തർ പ്രദേശ് (ഉത്തർ പ്രദേശിലെ ഭൂഗർഭജലത്തിന്റെ അവസ്ഥ) എന്ന റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: ഭൂഗർഭജലത്തിൽനിന്ന് നദികളിലേക്കുള്ള സ്വാഭാവികമായ ഒഴുക്ക് / അടിയൊഴുക്ക് ഗണ്യമായി കുറയുകയോ ഇല്ലാതാവുകയോ ചെയ്തിരിക്കുന്നതിനാൽ, വെള്ളത്തിന്റെ അളവിലുണ്ടായ കുറവ് സംസ്ഥാനത്ത്, ഭൂഗർഭജലംകൊണ്ട് നിലനിൽക്കുന്ന പുഴകളെ ഗുരുതരമായി ബാധിച്ചിരിക്കുന്നു. നദീതീരങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലും വ്യാ‍പകമാ‍യി നടക്കുന്ന സ്ഥലം കൈയ്യേറൽ ദുരിതം വർദ്ധിപ്പിക്കുന്നു. ക്ഷയിക്കുന്ന അടിയൊഴുക്ക്, ഭൂഗർഭജലത്തെ ആശ്രയിക്കുന്ന പുഴകളേയും അവയുടെ പാരിസ്ഥിതികമായ ഒഴുക്കിനേയും അതിന്റെ ശേഖരത്തേയും പ്രതികൂലമായി ബാധിക്കുന്നു. ഗോമതി നദിയും അതിന്റെ കൈവഴികളും, സംസ്ഥാനത്തെ മറ്റ് നദികളുമെല്ലാം ഭൂഗർഭജലത്തെ ആശ്രയിച്ചുള്ളവയാണെങ്കിലും, വർദ്ധിച്ച തോതിലുള്ള ഊറ്റിയെടുക്കലും, തന്മൂലം വൃഷ്ടിപ്രദേശത്തെ ഭൂഗർഭജലത്തിന്റെ അളവിലുണ്ടാവുന്ന കുറവും നദിയുടെ ഒഴുക്കിനെ ഗണ്യമായി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്”

ഈ നാശങ്ങൾക്കുപുറമേ, മൂന്നാമതൊരു പ്രശ്നം കൂടി ജില്ല നേരിട്ടു. 1997-നും 2003-നുമിടയ്ക്ക് ഹർദോയിലെ 85 ശതമാനം ഈർപ്പനിലങ്ങളും (ചതുപ്പുനിലം) നഷ്ടമായെന്ന് ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Left: Shivram Saxena standing knee-deep in the Sai river.
PHOTO • Rana Tiwari
Right: Boring for farm irrigation right on the banks of the river
PHOTO • Pawan Kumar

ഇടത്ത്: സായി നദിയിൽ മുട്ടറ്റം വെള്ളത്തിൽ നിൽക്കുന്ന ശിവറാം സക്സേന. വലത്ത്: നദിയുടെ തീരത്ത്, കൃഷിയുടെ ജലസേചനത്തിനായി കുഴിക്കുന്നു

പരൌളിയിൽ, ശാസ്ത്രമറിയാത്തവർക്കുപോലും മാറ്റങ്ങൾ വ്യക്തമായി കാണാം. ഉദാഹരണത്തിന്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഗ്രാമത്തിലെ ആറ് കിണറുകളും വറ്റിവരണ്ടു. കിണറുകളിൽ നടത്തിയിരുന്ന ചടങ്ങുകൾ (നവവധുക്കൾ ചെയ്തിരുന്ന പൂജപോലുള്ളവ) ഉപേക്ഷിക്കേണ്ടിവന്നു. വേനൽമാസങ്ങളിൽ, പുഴ നൂലുപോലെയായി.

47 വയസ്സുള്ള ശിവറാം സക്സേന എന്ന കർഷകന്റെ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായിരുന്നു പുഴയിൽ നീന്തുക എന്നത്. ഇപ്പോൾ ഫോട്ടോ എടുക്കുന്നതിനുപോലും അദ്ദേഹം അതിൽ ഇറങ്ങാതായി. “ഞാൻ കണ്ടുവളർന്ന മനോഹരമായ പുഴയല്ല ഇത്”, മുട്ടറ്റം വെള്ളത്തിൽ നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞു. പിന്നിലായി ഏതോ ഒരു മൃഗത്തിന്റെ ചത്ത ശരീരം വെള്ളത്തിലൊഴുകുന്നുണ്ടായിരുന്നു.

അവസ്തിയുടെ അച്ഛൻ ദേവി ചരൺ ഒരു ‘പത്രാവുൾ’ (ജലസേചന വകുപ്പിനുവേണ്ടി സ്ഥലം അളക്കാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥൻ) ആയിരുന്നു. സായിയിലെ വെള്ളമുപയോഗിച്ച് പറൌളിയിൽ ജലസേചനം നടത്താനായി ഒരു ചെറിയ കനാൽ അദ്ദേഹം നിർമ്മിച്ചിരുന്നു. ഇന്ന് ആ കനാൽ വറ്റിവരണ്ടിരിക്കുന്നു.

അതിനുപകരമായി, പാടം നനയ്ക്കാനായി, പുഴയുടെ തീരത്ത്, ഡീസലിൽ പ്രവർത്തിക്കുന്ന വാട്ടർ പമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

സായിക്ക് അവളുടെ സ്വന്തം ചില പോരാളികളുണ്ടായിരുന്നു. അവരിലൊരാളാണ് 74 വയസ്സുള്ള വിന്ധ്യാവസാനി കുമാർ. സംസ്ഥാനത്തെ മുൻ നിയമസഭാ കൌൺസിൽ അംഗമായിരുന്ന (1996-2002) അദ്ദേഹം 2013-ൽ നദിയുടെ തീരത്തിലൂടെ 725 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. ആ സമയത്ത് സംഘടിപ്പിച്ച 82 പൊതുയോഗങ്ങളിൽ ആയിരക്കണക്കിന് വൃക്ഷത്തൈകൾ അദ്ദേഹം നട്ടുപിടിപ്പിക്കുകയും, നദിയുടെ കൈവഴികളെ സംരക്ഷിക്കാതെ, ഗംഗയെ സംരക്ഷിക്കാനാവില്ലെന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.

“എന്റെ ജീവിതകാലത്തുതന്നെ ഞാൻ നദികളുടെ സാവധാനത്തിലുള്ള മരണത്തിന് സാക്ഷ്യം വഹിച്ചു. അവ ക്ഷയിക്കുകയും ജലസ്രോതസ്സുകൾ വറ്റിവരളുകയും ചെയ്തു. വ്യാവസായിക മാലിന്യങ്ങളും ചപ്പുചവറുകളും അതിൽ കുമിഞ്ഞുകൂടി. കൃഷിക്കായി നദീതടങ്ങൾ കൈയേറി, ഭൂഗർഭജലം അമിതമായി ചൂഷണം ചെയ്യപ്പെട്ടു. നയരൂപീകരണക്കാർ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്നത് ഒരു ദുരന്തമാണ്”. പ്രതാപ്ഗർ ജില്ലയിൽ ജനിച്ച കുമാർ പറയുന്നു. പ്രതാപ്ഗർ ജില്ലയിലൂടെയും ഒഴുകുന്നുണ്ട് സായി നദി.

നദികൾ അപ്രത്യക്ഷമാകുന്നത് നയങ്ങൾ രൂപീകരിക്കുന്നവരുടെ ശ്രദ്ധയിൽ‌പ്പെടുന്നില്ലെങ്കിലും, തങ്ങളുടെ നേട്ടങ്ങൾ പെരുപ്പിച്ചുകാട്ടുന്നതിൽ അവർ സമർത്ഥരാണ്.

Old photos of the protest march obtained via Vindhyavasani Kumar. Kumar undertook a journey of 725 kms on the banks of the river in 2013
PHOTO • Courtesy: Vindhyavasani Kumar
Old photos of the protest march obtained via Vindhyavasani Kumar. Kumar undertook a journey of 725 kms on the banks of the river in 2013
PHOTO • Courtesy: Vindhyavasani Kumar

വിന്ധ്യാവസാനി കുമാർ വഴി ലഭിച്ച പ്രതിഷേധ മാർച്ചിന്റെ പഴയ ചിത്രങ്ങൾ 2013-ൽ കുമാർ നദീതീരത്തിലൂടെ 725 കിലോമീറ്റർ നീളുന്ന യാത്ര സംഘടിപ്പിച്ചു

'Till children do not study the trees, land and rivers around them, how will they grow up to care for them when adults?' says Vindhyavasani Kumar (right)
PHOTO • Courtesy: Vindhyavasani Kumar
'Till children do not study the trees, land and rivers around them, how will they grow up to care for them when adults?' says Vindhyavasani Kumar (right)
PHOTO • Rana Tiwari

‘ചുറ്റുമുള്ള മരങ്ങൾ, ഭൂമി, പുഴകൾ എന്നിവയെക്കുറിച്ചൊക്കെ പഠിച്ചില്ലെങ്കിൽപ്പിന്നെ എങ്ങിനെയാണ് വലുതാവുമ്പോൾ കുട്ടികൾക്ക് ഇതൊക്കെ സംരക്ഷിക്കണമെന്ന് തോന്നുക?’, വിന്ധ്യാവസാനി കുമാർ (വലത്ത്) ചോദിക്കുന്നു

കഴിഞ്ഞ ചില വർഷങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് 60 പുഴകളെ പുനരുജ്ജീവിപ്പിച്ചു എന്നാണ് 2022 നവംബർ 1-ൻ ഇന്ത്യാ വാട്ടർ വീക്കിന്റെ (ഇന്ത്യാ ജലവാരം) അവസരത്തിൽ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടത് .

ഏതാനും വർഷങ്ങൾകൊണ്ട് നടപ്പാക്കാവുന്ന ‘ഇന്ദ്രജാല‘മല്ല, നദികളുടെ പുനരുജ്ജീവനം എന്ന് പ്രൊഫസ്സർ വെങ്കടേഷ് ദത്ത പറയുന്നു. “തടാകങ്ങൾ, കുളങ്ങൾ, അരുവികൾ, ജലപ്പരപ്പുകൾ എന്നിവയിലൂടെ സ്വാഭാവികമായി മാത്രമേ നദികളിലേക്ക് വെള്ളമെത്തിക്കാൻ കഴിയൂ. വിളയുടെ തിരഞ്ഞെടുപ്പിൽ മാറ്റം വരുത്തണം. കൃത്യമായ ജലസേചനത്തിലൂടെ വെള്ളത്തിന്റെ അമിതോപയോഗം കുറച്ചുകൊണ്ടുവരണം. എങ്കിൽ‌പ്പോലും ഒരു പുഴയെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ 15-20 വർഷങ്ങൾ വേണ്ടിവരും”. നദികളെക്കുറിച്ച് ദേശീയമായ ഒരു നയം വികസിപ്പിക്കാത്തതിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

സ്കൂൾതലത്തിൽ ഭൂമിശാസ്ത്ര പഠനം നിർബന്ധമാക്കുന്നതിലൂടെ മാത്രമേ ദീർഘകാല പരിഹാരം കാണാൻ കഴിയൂ എന്ന് വിന്ധ്യാവസാനി കുമാർ പറയുന്നു. “ചുറ്റുമുള്ള മരങ്ങൾ, ഭൂമി, പുഴകൾ എന്നിവയെക്കുറിച്ചൊക്കെ പഠിച്ചില്ലെങ്കിൽപ്പിന്നെ എങ്ങിനെയാണ് വലുതാവുമ്പോൾ കുട്ടികൾക്ക് ഇതൊക്കെ സംരക്ഷിക്കണമെന്ന് തോന്നുക”, അദ്ദേഹം ചോദിക്കുന്നു.

സംസ്ഥാനത്തിന്റെ ഭൂഗർഭജലവകുപ്പിലെ മുൻ സീനിയർ ഹൈഡ്രോളജിസ്റ്റും, ഗ്രൌണ്ട് വാട്ടർ ആക്ഷൻ ഗ്രൂപ്പിന്റെ കൺ‌വീനറുമായ രവീന്ദ്ര സ്വരൂപ് സിൻഹ പറയുന്നത്, പുഴകളെ പുനരുജ്ജീവിപ്പിക്കാൻ ഒരു ‘സമഗ്രമായ സമീപനം’ വേണമെന്നാണ്.

"ഗംഗ പോലുള്ള വലിയ നദികളെ പുനരുജ്ജീവിപ്പിക്കണമെങ്കിൽ, അതിനെ പരിപോഷിപ്പിക്കുന്ന ചെറിയ അരുവികളെ ആദ്യം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. സ്ഥിതിവിവരശേഖരണം, വിശകലനവും മേൽ‌നോട്ടവും, ഊറ്റിയെടുക്കാവുന്നതിനുള്ള പരിധി നിശ്ചയിക്കൽ, ആവശ്യങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള കൂട്ടായ പ്രവർത്തനങ്ങൾ, ഭൂഗർഭജലത്തിന്റെ പുനരുജ്ജീവനം, ഭൂഗർഭ- ഭൂതല ജലത്തിന്റെ സമതുലിതമായ ഉപയോഗം എന്നിവയൊക്കെ ഉൾക്കൊള്ളുന്നതാവണം സമഗ്രമായ സമീപനം.

“ചളി നീക്കലും പായൽ നീക്കലുമൊക്കെ താത്ക്കാലിക നടപടികളാണ്. വെള്ളത്തിന്റെ ഒഴുക്ക് കുറച്ചുകാലത്തേക്ക് വർദ്ധിപ്പിക്കാൻ മാത്രമേ അതൊക്കെ സഹായിക്കൂ”, സിൻഹ പറയുന്നു.

“ഭൂഗർഭജലവും, മഴയും, പുഴകളുമായി ചാക്രികമായ ഒരു ബന്ധമുണ്ട്. അത് തകർന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.

Left: There is algae, water hyacinth and waste on the river.
PHOTO • Pawan Kumar
Right: Shivram Saxena touching the water hyacinth in the Sai
PHOTO • Pawan Kumar

ഇടത്ത്: പുഴയിൽ പായലും പൂപ്പലും മാലിന്യങ്ങളുമുണ്ട്. വലത്ത്: സായിയിലെ പായൽ തൊട്ടുനോക്കുന്ന ശിവറാം സക്സേന

തകർച്ച രണ്ടുവിധത്തിലാണ്. മനുഷ്യരുടെ പ്രവർത്തനങ്ങൾമൂലവും, മനുഷ്യന്റെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാലും.

“ഭൂഗർഭജലത്തിന്മേലുള്ള നമ്മുടെ ആശ്രിതത്വത്തെ ഹരിതവിപ്ലവം വർദ്ധിപ്പിച്ചു. വൃക്ഷങ്ങൾ കുറഞ്ഞു. മഴപ്പെയ്ത്തിന്റെ രീതി മാറി – എല്ലാ ദിവസവും പെയ്യുന്നതിനുപകരം ഏതാനും ദിവസങ്ങളിൽ മാത്രമായി മഴ. അതുമൂലം, മഴവെള്ളം ഭൂമിക്കടിയിലേക്കിറങ്ങാതെ പെട്ടെന്ന് ഒഴുകിപ്പോയി. ഭൂഗർഭജലത്തിൽ കുറവുവന്നു. പുഴകൾക്കാവശ്യമായ വെള്ളം കിട്ടാതായി”, സിൻഹ പറഞ്ഞു.

എന്നിട്ടും വികസനനയങ്ങളിലൊന്നും ഭൂഗർഭജലം വന്നതേയില്ല. സിൻഹ രണ്ട് ഉദാഹരണങ്ങൾ കാണിച്ചുതന്നു. നിലവിലുള്ള സർക്കാരിന്റെ കീഴിൽ സംസ്ഥാനത്തെ കുഴൽ‌ക്കിണറുകളുടെ എണ്ണം 10,000-ത്തിൽനിന്ന് 30,000 ആയി. മറ്റൊന്ന് ഹർ ഘർ ജൽ യോജന എന്ന, എല്ലാ വീടുകളിലേക്കും വെള്ളമെത്തിക്കുന്ന പദ്ധതി.

സിൻഹ നിരവധി നടപടികൾ അക്കമിട്ട് സൂചിപ്പിച്ചു. പുഴകളുടെ മാപ്പിംഗ്, ഭൂഗർഭജലത്തിന്റെ അവസ്ഥ, മോർഫോളജി (ജലവുമായി ബന്ധപ്പെട്ട സസ്യ-മൃഗജാതികളെക്കുറിച്ചുള്ള പഠനം), സാറ്റലൈറ്റ് മാപ്പിംഗിലൂടെയുള്ള ഓക്സ് ബോ ലേക്കുകളുടെ രേഖപ്പെടുത്തൽ (ഒരു പുഴയുടെ ചില ഭാഗങ്ങൾ വറ്റിവരളുമ്പോൾ ‘യു’ ആകൃതിയിൽ കെട്ടിക്കിടക്കുന്ന ജലരാശികൾ) എന്നിവ അടങ്ങുന്ന നടപടികൾ.

പക്ഷേ, കൂടുതൽ സമഗ്രമായ ഒരു സമീപനത്തിലേക്ക് പോവുന്നതിനുപകരം കണക്കുകളെ മൂടിവെക്കാനാണ് സർക്കാരിന്റെ ശ്രമം. ഉദാഹരണത്തിന് 2015-ൽ ഇരുൾമേഖലയെക്കുറിച്ചുള്ള (ഭൂഗർഭജലം അപകടകരമായ വിധത്തിൽ താഴ്ന്ന പ്രദേശങ്ങൾ) കണക്കെടുപ്പിൽ, ഭൂഗർഭജലം ഊറ്റുന്നതിന്റെ കണക്കുകൾ സർക്കാർ ഒഴിവാക്കി. വെള്ളം ആഗിരണം ചെയ്യപ്പെടുന്നതിന്റെ കണക്കുകളെ മാത്രമാണ് സർക്കാർ ആശ്രയിക്കുന്നത്.

സായി നദിയിലേക്ക് നടക്കാൻ കഴിയുന്നില്ല എന്നത് ആസാദ് നഗറിൽ കഴിയുന്ന അസുഖബാധിതനായ ത്യാഗിയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ സന്തോഷമുള്ള കാര്യമാണ്. “അതിന്റെ അവസ്ഥയെക്കുറിച്ച് കേട്ടിടത്തോളം അത് കാണാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു”, അദ്ദേഹം പറഞ്ഞു.

പാലവും കനാലുമടക്കം, പുഴയെ തരണം ചെയ്യാനുള്ള മനുഷ്യന്റെ ശ്രമങ്ങളായിരിക്കാം ഒരുപക്ഷേ ഈ ദുരന്തത്തിന് കാരണമെന്ന് അവസ്തി പറയുന്നു. “ഞങ്ങൾക്ക് പാലമുണ്ട്, പക്ഷേ അതിന്റെ താഴെ പുഴയില്ല. ഇതിനേക്കാൾ വലിയ ദുരന്തമെന്താണ്?” അദ്ദേഹം ചോദിക്കുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Rana Tiwari

Rana Tiwari is a freelance journalist based in Lucknow.

Other stories by Rana Tiwari
Photographs : Rana Tiwari

Rana Tiwari is a freelance journalist based in Lucknow.

Other stories by Rana Tiwari
Photographs : Pawan Kumar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat