ബച്ചു തന്‍റെ ഇന്നത്തെ ആദ്യ വില്പന ആരംഭിക്കുകയാണ്. ശിവപൂർവ ഗ്രാമത്തിലെ കുടിവെള്ള പൈപ്പിനരികിൽ പത്തോളം സ്ത്രീകൾ നില്പുണ്ട്. അവർക്കരികിൽ വണ്ടി നിർത്തി ബച്ചു പറഞ്ഞു, "ഈ പുതിയ ഡിസൈനുകൾ നോക്കൂ ചേച്ചി. ഇത്തരം ഡിസൈനുകൾ ഉള്ള സാരികൾ സിധി മാർക്കറ്റിലെ വലിയ കടകളിൽ പോലും കിട്ടില്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ എടുക്കണമെന്ന്  നിർബന്ധമില്ല, എങ്കിലും നോക്കാമല്ലോ".

ആദ്യ വില്പന ഉറപ്പിക്കാനായി ബച്ചു വളരെ പ്രതീക്ഷയോടെ നല്ലൊരു വിലക്കുറവ് തന്നെ പ്രഖ്യാപിക്കുന്നു. "ഈ ഓരോ സാരിക്കും 700 രൂപയാണ് യഥാർത്ഥ വില. നിങ്ങൾക്ക് ഞാനിത് വെറും 400 രൂപക്ക് നൽകാം."

സ്ത്രീകൾ അയാളുടെ തുണിഭാണ്ഡത്തിലുള്ള പതിനഞ്ചു മുതൽ ഇരുപതോളം വരുന്ന നൈലോൺ സാരികൾ എടുത്തു നോക്കുന്നു. അതിൽ ഒരു സ്ത്രീ ഒരു സാരി എടുത്ത് അതിന് 150  രൂപ നൽകാമെന്ന് പറയുന്നു. അല്പം ദേഷ്യം വന്ന ബച്ചു തന്‍റെ സാരികൾ എടുത്ത് ഭാണ്ഡക്കെട്ടിൽ അടുക്കിവച്ച് അതിനെ ഒരു കയറുകൊണ്ട് കെട്ടി. ഇതിനിടയിൽ  ആ സാരിയുടെ വാങ്ങിയ വില പോലും 250  രൂപയാണെന്ന്  ബച്ചു പിറുപിറുക്കുന്നുണ്ടായിരുന്നു. തന്‍റെ ആദ്യ ഉപഭോക്താവാകേണ്ടിയിരുന്ന ആ സ്ത്രീ പൈപ്പിനരുകിലേക്ക് നീങ്ങി.

നിരാശനായ ബച്ചു തന്‍റെ അടുത്ത ലക്ഷ്യമായ മഡ്വ ഗ്രാമത്തിലേക്ക് പോകാനായി മോട്ടോർസൈക്കിളിൽ കയറി. "ചിലനേരങ്ങൾ ആളുകൾ വെറുതെ സാധനങ്ങൾ നോക്കി സമയം കളയും, ഒന്നും വാങ്ങുകയുമില്ല," ബച്ചു തന്‍റെ ജന്മഭാഷയായ ബഘേലിയിൽ പിറുപിറുത്തു. "ഞങ്ങളുടെ കുറെ അധികം സമയം ഈ സാരികൾ നിവർത്താനും അടുക്കി വാക്കാനും സഞ്ചി തയ്യാറാക്കാനുമായി പാഴായിപോകുന്നു.”

മൂന്ന് കിലോമീറ്റർ അകലെയുള്ള മഡ്വ ഗ്രാമത്തിലെ കുടിവെള്ള പൈപ്പിനരുകിൽ വെള്ളം കുടിക്കാനായി അയാൾ വണ്ടി നിർത്തി.  "ഞാൻ ഇന്ന് യാത്ര തുടങ്ങി 4 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇതുവരെ ആദ്യ വില്പന പോലും നടന്നിട്ടില്ല. രാവിലെ 150 രൂപക്ക് പെട്രോൾ അടിച്ചതാണ് അത്രപോലും പണം ഇതുവരെയും ലഭിച്ചില്ല," അയാൾ പറഞ്ഞു.

Bachu (with his son Puspraj on the left) visits 9-10 villages across 30 to 50 kilometres on his motorcycle to sell sarees, chatais and other items
PHOTO • Anil Kumar Tiwari
Bachu (with his son Puspraj on the left) visits 9-10 villages across 30 to 50 kilometres on his motorcycle t o sell sarees, chatais and other items

ബച്ചു (മകൻ പുസ്പരാജിനൊപ്പം-ഇടത്) 30 മുതൽ 50 കിലോമീറ്റർ വരെ അകലെയുള്ള പത്തോളം ഗ്രാമങ്ങളിൽ മോട്ടോർസൈക്കിളിൽ സഞ്ചരിച്ച് സാരിയും, ബെഡ്ഷീറ്റും മറ്റു സാധനങ്ങളും വില്പന നടത്തുന്നു

ഉത്തർപ്രദേശിന്‍റെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന മധ്യപ്രദേശിലെ സിധി ജില്ലയിലെ തന്‍റെ വീട്ടിൽ നിന്നും ബച്ചു ജയ്സ്വാൾ രാവിലെ 10 മണിക്ക് തുടങ്ങിയ യാത്രയാണ്. അയാളും ആ ഭാഗത്തുള്ള സഞ്ചാരികളായ  മറ്റുകച്ചവടക്കാരും ഗ്രാമങ്ങളിലെ ഓരോ വീടുകൾ തോറും കയറിയിറങ്ങി സാരി, പുതപ്പ്, ബെഡ്ഷീറ്റുകള്‍, കുഷ്യൻ കവറുകള്‍, പ്ലാസ്റ്റിക് ഷൂവുകള്‍ എന്നിവയും മറ്റു സാധനങ്ങളും വിലക്കുറവിൽ വില്പന നടത്തുന്നു. ഇരുനൂറു കിലോമീറ്റർ അകലെയുള്ള കട്നി ജില്ലയിലെ വലിയ കടകളിൽ നിന്നും ഇവർ വലിയതോതിൽ സാധനങ്ങൾ വാങ്ങുന്നു. ഇത്തരം വലിയ കടകളിലോ ചന്തകളിലോ പതിവായി പോകാനാകാത്ത സ്ത്രീകളാണ് അവരുടെ ഭൂരിഭാഗം ഉപഭോക്താക്കളും.

സിധി പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള സദ്‌ല ഗ്രാമത്തിൽ വസിക്കുന്ന 32 വയസുകാരി മധു മിശ്ര അവരിലൊരാളാണ്. "കൃഷി കഴിഞ്ഞ് ചന്തയിൽ പോകാൻ എനിക്ക് അധികം സമയം കിട്ടാറില്ല. അതുകൊണ്ട് ഇവരിൽ നിന്നും സാധങ്ങൾ വാങ്ങുന്നത് എനിക്ക് സൗകര്യമാണ്. ഓരോ വർഷവും ഞാൻ മൂന്നോ നാലോ സാരികളും, നാലോ അഞ്ചോ ബെഡ്ഷീറ്റുകളും വാങ്ങാറുണ്ട്," അവർ പറഞ്ഞു. "മുൻപ് ബച്ചു എനിക്ക് നല്ലൊരു സാരി 200 രൂപക്കും ബെഡ്ഷീറ്റ് 100 രൂപക്കും നൽകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു സാരിക്ക് 250 രൂപയും ബെഡ്ഷീറ്റിനു 150 രൂപയുമാണ് വാങ്ങുന്നത്. അത്രയും രൂപക്ക് അത് വാങ്ങാൻ എനിക്കിന്ന് കഴിവില്ല."

എന്നാൽ ഇത് ഒഴിവാക്കാനാകാത്തതാണെന്നാണ് ബച്ചു പറയുന്നത്. തുടർച്ചയായുള്ള പെട്രോൾ വില വർധന അവരുടെ കച്ചവടം തകർത്തുകളയുന്നു എന്നാണയാൾ പറയുന്നത്.

മധ്യപ്രദേശിൽ 2019 സെപ്റ്റംബറിൽ ലിറ്ററിന് 78 രൂപയായിരുന്ന പെട്രോൾ വില സെപ്റ്റംബർ 29, 2021ൽ ലിറ്ററിന് 110 രൂപ യായി വർദ്ധിച്ചു. (നവംബർ 3 ന് ഇത് 120 ആയി ഉയർന്ന് പിന്നീട് ചെറിയ തോതിൽ താഴുകയാണുണ്ടായത്). ജോലിക്ക് വേണ്ടിയുള്ള യാത്രക്കായി ദിവസവും ബച്ചു 100 രൂപക്ക് തന്‍റെ മോട്ടോർസൈക്കിളിൽ പെട്രോൾ അടിക്കുമായിരുന്നു. പെട്രോൾ വില 150 ലേക്ക് ഉയർന്നപ്പോൾ അയാൾക്ക് ലഭിക്കുന്ന പെട്രോളിന്‍റെ അളവും കുറഞ്ഞു. ഇതിനാൽ തന്നെ അയാൾക്ക് വിൽപനക്കായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളുടെ എണ്ണത്തിലും ദൂരത്തിലും കുറവ് വരുത്തേണ്ടതായി വന്നു.

രണ്ടു ദശാബ്ദക്കാലമായി ഇത്തരത്തിൽ സഞ്ചരിച്ച് വില്പന നടത്തുന്ന ബച്ചു തന്‍റെ കുടുംബത്തിന്‍റെ കടബാധ്യതകളും, അസുഖങ്ങളും, എന്തിന് ലോക്ക്ഡൗൺ പോലും അതിജീവിച്ചു. എന്നാൽ കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന പെട്രോൾ വില ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത വിധം ദുഷ്കരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. വിലവർധനയും, വിൽപനക്കുറവും മൂലം കഴിഞ്ഞ കുറെ വർഷങ്ങളായി ഇത്തരത്തിലുള്ള പല കച്ചവടക്കാരും ഈ ജോലി നിർത്തി. ഇപ്പോൾ അവരിൽ ചിലരെല്ലാം ദിവസവേതനക്കാരായി ജോലി ചെയ്തുവരുന്നു, അതുമില്ലാത്തവർ തൊഴിൽരഹിതരാണ്. സർക്കാർ ലൈസൻസ് ഇല്ലാത്തതുകൊണ്ടും, അംഗീകൃത വിൽപനക്കാർ അല്ലാത്തതുകൊണ്ടും, ഇവരെ പോലെയുള്ള കച്ചവടക്കാർ സർക്കാരിന്‍റെ ഒരു പദ്ധതിക്കും കീഴിൽ വരുന്നില്ല എന്ന് മാത്രമല്ല  സർക്കാരിന്‍റെ യാതൊരുവിധ അനുകൂല്യങ്ങൾക്കും ഇവർ അർഹരുമല്ല. (ഈ ലേഖനത്തോടൊപ്പമുള്ള വീഡിയോയിൽ സിധി ജില്ലയിലെ ടിക്കാറ്റ് കലാ ഗ്രാമത്തിൽ നിന്നുള്ള ജഗ്യനാരായൺ ജയ്സ്വാൾ ഇതേ പ്രശ്നങ്ങളെക്കുറിച്ച് പറയുന്നതായി കാണാം.)

വിലവർധനയും, വിൽപനക്കുറവും മൂലം കഴിഞ്ഞ കുറെ വർഷങ്ങളായി ഇത്തരത്തിലുള്ള പല കച്ചവടക്കാരും ഈ ജോലി നിർത്തി. ഇപ്പോൾ അവരിൽ ചിലരെല്ലാം ദിവസവേതനക്കാരായി ജോലി ചെയ്തുവരുന്നു, അതുമില്ലാത്തവർ തൊഴിൽരഹിതരാണ്

വീഡിയോ കാണാം : ‘പെട്രോൾ വില വൻതോതിൽ വർധിച്ചതാണ് ഇപ്പോഴത്തെ പ്രശ്നം,’ സിധി ജില്ലയിൽ നിന്നുള്ള ജഗ്യനാരായൺ ജയ്സ്വാൾ പറയുന്നു

തലമുറകളായി കൈമാറിവന്നിരുന്ന ഈ തൊഴിൽ പഴയകാലത്ത് ലാഭകരമായിരുന്നു, 45 കാരനായ ബച്ചു പറഞ്ഞു. "ആദ്യ ആറു വർഷങ്ങൾ ഞാൻ തുണികളെല്ലാം ഒരു വലിയ കെട്ടാക്കി തലയിൽ കൊണ്ടുനടന്ന് വില്പന നടത്തുമായിരുന്നു, 1995 ൽ തുടങ്ങിയ തന്‍റെ ആദ്യ വില്പനയെകുറിച്ച് അയാൾ ഓർത്തെടുത്തു. "അന്ന് തുണിക്കെട്ടിന് ഏകദേശം 10 കിലോ വരെ ഭാരം ഉണ്ടാകുമായിരുന്നു. എന്നും 7 മുതൽ 8  കിലോമീറ്ററോളം അതും തലയിൽ വച്ച് ഞാൻ വിൽപനക്കായി നടക്കുമായിരുന്നു. ഒരു ദിവസം 50 മുതൽ 100 രൂപ വരെ അന്ന് ലഭിക്കുമായിരുന്നു," അയാൾ പറഞ്ഞു.

2001 ൽ ബച്ചു ഒരു സൈക്കിൾ വാങ്ങി. "പിന്നീട് 15 മുതൽ 20 കിലോമീറ്റർ വരെയായി എന്‍റെ ദിവസേനയുള്ള യാത്ര. നടന്നുള്ള വില്പനയുടെ ക്ഷീണം അതോടെ അല്പം കുറഞ്ഞു. 500 മുതൽ 700 രൂപക്കുവരെയുള്ള വില്പന അന്ന് നടത്തുമായിരുന്നു. അതിൽ നിന്നും 100 മുതൽ 200  രൂപവരെ ലാഭവും ഉണ്ടാക്കുമായിരുന്നു.

2015 ൽ ഒരു പടികൂടി കടന്ന് ബച്ചു ഒരു സുഹൃത്തിൽ നിന്നും പഴയൊരു ഹീറോ ഹോണ്ട മോട്ടോർ സൈക്കിൾ 15,000 രൂപക്ക് വാങ്ങി. "ഇതിന് ശേഷം 30 മുതൽ 40 കിലോമീറ്റർ വരെ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്ത് ഒരു ദിവസം 500 മുതൽ 700 രൂപ വരെ ഞാൻ ഉണ്ടാക്കുമായിരുന്നു,” ബച്ചു പറഞ്ഞു. കച്ചവടത്തിനായി അയാൾ 10-ഓളം ഗ്രാമങ്ങളിൽ 50 മുതൽ 60 കിലോമീറ്റർ വരെ സഞ്ചരിക്കുമായിരുന്നു.

അന്നുമുതൽ ഇന്നുവരെയും ബച്ചു ശൈത്യകാലത്തും വേനൽക്കാലത്തും  (നവംബർ മുതൽ മെയ് വരെ) മാത്രമേ കച്ചവടത്തിനായി ഇറങ്ങാറുള്ളൂ. "വണ്ടിയിലുള്ള സഞ്ചാരം മഴക്കാലത്ത് (ജൂൺ പകുതി മുതൽ സെപ്റ്റംബർ വരെ) ഞങ്ങൾ ഒഴിവാക്കുമായിരുന്നു. മഴക്കാലയാത്ര തുണിക്കെട്ടുകൾ നനയ്ക്കുകയും വില്പനക്കുളള സാധനങ്ങൾ കേടാക്കുകയും ചെയ്യുമായിരുന്നു. കൂടാതെ ആ സമയത്ത് ഗ്രാമത്തിലെ റോഡുകൾ മുഴുവനും ചെളി നിറയും", ബച്ചു പറഞ്ഞു.

വില്പനയ്ക്കായുള്ള വേനൽക്കാല യാത്രയും ശ്രമകരമായിരുന്നു. "45 ഡിഗ്രിചൂടത്ത് മണിക്കൂറുകളോളം സൈക്കിൾ ഓടിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടായിരുന്നു. എങ്കിലും വേനൽക്കാലം മുഴുവനും കഴിയാവുന്നത്ര വരുമാനം വില്പനയിലൂടെ ഉണ്ടാക്കാൻ ഞങ്ങൾ ശ്രമിക്കുമായിരുന്നു. അതിലൂടെ മഴക്കാലത്തെ വരുമാനമില്ലായ്മ മറികടക്കാനാകുമായിരുന്നു," ബച്ചു കൂട്ടിച്ചേർത്തു.

Driving a motorbike for hours in the searing heat when the temperature is 45 degrees [Celsius] is extremely tough'. (On the right is Sangam Lal, a feriwala from Tikat Kalan village, whose father, Jagyanarayan Jaiswal, is featured in the video with this story)
PHOTO • Anil Kumar Tiwari
Driving a motorbike for hours in the searing heat when the temperature is 45 degrees [Celsius] is extremely tough'. (On the right is Sangam Lal, a feriwala from Tikat Kalan village, whose father, Jagyanarayan Jaiswal, is featured in the video with this story)
PHOTO • Anil Kumar Tiwari

45 ഡിഗ്രി ചൂടത്ത്  മണിക്കൂറുകളോളം സൈക്കിൾ ഓടിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടായിരുന്നു.’ (വലത്: ടിക്കറ്റ് കലാ ഗ്രാമത്തിൽ നിന്നുള്ള കച്ചവടക്കാരൻ സംഗം ലാൽ. ഇദ്ദേഹത്തിന്‍റെ അച്ഛനാണ് ഈ ലേഖനത്തോടൊപ്പമുള്ള വിഡിയോയിൽ ഉള്ളത്)

തന്‍റെ സമ്പാദ്യത്തിന്‍റെയും കൃഷിയുടെയും സഹായത്താല്‍ ലോക്ക്ഡൗൺ കാലത്ത് ബച്ചു ഒരുവിധം പിടിച്ചുനിന്നു. സിധി പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെ തന്‍റെ  ഗ്രാമമായ കുബ്രിയിൽ അര ഏക്കർ കൃഷിസ്ഥലം അദ്ദേഹത്തിനുണ്ട്. ഖരീഫ് കാലത്ത് നെല്ലും, റാബി കാലത്ത് ഗോതമ്പും ഇവിടെ  കൃഷി ചെയ്യുന്നു. ഓരോ മാസവും കച്ചവടത്തിൽ നിന്ന് കുറെ ദിവസത്തോളം അവധി എടുത്താണ്  ഇങ്ങനെ കൃഷി ചെയ്തുപോന്നിരുന്നത്. "എല്ലാ വർഷവും ഞങ്ങൾക്ക് 300 കിലോ ഗോതമ്പും 400 കിലോ നെല്ലും കുടുംബത്തിലെ ആവശ്യത്തിനായി ലഭിക്കും. ധാന്യങ്ങളും മറ്റു പയറുവർഗങ്ങളും ഞങ്ങൾ ചന്തയിൽ നിന്നും വാങ്ങും," അയാൾ  പറഞ്ഞു.

2021 മാർച്ചിൽ കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ആരംഭത്തിൽ ബച്ചുവിന് കോവിഡ് പിടിപെട്ടു. "ഞാൻ കിടപ്പിലായി. രണ്ടു മാസത്തിലധികം ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കായി 25,000 രൂപയും ചിലവഴിക്കേണ്ടി വന്നു," അയാൾ  പറഞ്ഞു.

"ആ മാസങ്ങളിൽ ഞങ്ങൾക്ക് യാതൊരു വരുമാനവും ഉണ്ടായിരുന്നില്ല, ബച്ചുവിന്‍റെ ഭാര്യ 43 വയസുള്ള പ്രമീള ജയ്‌സ്വാൾ പറഞ്ഞു. "ആ സമയത്ത് എന്‍റെ അച്ഛൻ (കർഷകൻ) ഞങ്ങൾക്ക് നാല് പശുക്കളെ തന്നു. ഇപ്പോൾ ദിവസം 5 ലിറ്റർ പാൽ കിട്ടുന്നുണ്ട്. അത് ഞാൻ ഞങ്ങളുടെ കോളനിയിൽ വിൽക്കും. ഇതിൽ നിന്നും എല്ലാ മാസവും 3000 മുതൽ 4000 രൂപ വരെ വരുമാനം കിട്ടുന്നുണ്ട്.

വൈകുന്നേരങ്ങളിൽ പ്രമീള സിധി പട്ടണത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലെ പുൽമേടുകളിൽ നിന്നും കാലികൾക്കായുള്ള തീറ്റ ശേഖരിക്കും. കച്ചവടം കഴിഞ്ഞു വൈകിട്ട് 6 മണിയോടെ വീട്ടിലെത്തുന്ന ബച്ചു തൊഴുത്ത് വൃത്തിയാകുന്നതിലും മൃഗപരിപാലനത്തിലും ഭാര്യയെ സഹായിക്കുന്നു

ആദ്യ ലോക്ക്ഡൗണിന് മുൻപ് പ്രമീള പച്ചക്കറി വില്പനയും നടത്തിയിരുന്നു. "അടുത്തുള്ള കോളനികളിൽ പച്ചക്കറി വില്പന നടത്തി തുടങ്ങിയത് 2010 ലാണ്. എന്നും 3 കിലോമീറ്റർലോളം ദൂരം പച്ചക്കറി മണ്ഡിയിലേക്ക് നടന്ന് അവിടെ നിന്ന് ചെറിയ വിലയ്ക്ക് പച്ചക്കറികൾ വാങ്ങുമായിരുന്നു. അത് കോളനികളിൽ വിറ്റ് 100 മുതൽ 150 രൂപ വരെ ദിവസം ഉണ്ടാക്കുമായിരുന്നു," അവർ പറഞ്ഞു. അവരുടെ ഇളയമകൾ (22) പൂജയെ ഫെബ്രുവരി 2020 ൽ വിവാഹം കഴിച്ചയച്ച ശേഷം പച്ചക്കറി വില്പന നിർത്തേണ്ടി വന്നു. "ഞാൻ പച്ചക്കറി വില്പനക്ക് പോകുമ്പോൾ അവളായിരുന്നു വീട്ടിൽ പാചകം ചെയ്തിരുന്നത്. അവളുടെ വിവാഹശേഷം എനിക്കത് ഏറ്റെടുക്കേണ്ടി വന്നു," പ്രമീള പറഞ്ഞു.

Pramila, Bachu's wife (centre) began selling milk in the colony during the lockdown; their son Puspraj (right) hopes to find a government job after college
PHOTO • Anil Kumar Tiwari
Pramila, Bachu's wife (centre) began selling milk in the colony during the lockdown; their son Puspraj (right) hopes to find a government job after college
PHOTO • Anil Kumar Tiwari
Pramila, Bachu's wife (centre) began selling milk in the colony during the lockdown; their son Puspraj (right) hopes to find a government job after college
PHOTO • Anil Kumar Tiwari

ബച്ചുവിന്‍റെ ഭാര്യ പ്രമീള (മധ്യത്തിൽ) ലോക്ക്ഡൗൺ കാലത്ത് കോളനിയിൽ പാൽ വില്പന ആരംഭിച്ചു. അവരുടെ മകൻ പുസ്പരാജ് (വലത്) കോളജ് പഠനത്തിന് ശേഷം ഒരു സര്‍ക്കാര്‍ ജോലിയിൽ പ്രവേശിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു

പ്രമീളക്കും ബച്ചുവിനും മറ്റു രണ്ടു കുട്ടികൾ കൂടിയുണ്ട്. അവരുടെ മൂത്തമകൾ സംഗീതയുടെ (26 വയസ്) വിവാഹം 2013 ൽ കഴിഞ്ഞു. 18 വയസുള്ള മകൻ പുസ്പരാജ് സിധിയിലെ ഒരു കോളേജിൽ പഠിക്കുന്നു.

“വലിയ കഴിവില്ലെങ്കിലും ഞങ്ങൾ മക്കളെ സ്വകാര്യ സ്കൂളിലാണ് ചേർത്തത്," പ്രമീള പറഞ്ഞു. മകൾ പൂജയുടെ വിവാഹ ചെലവുകളും സ്ത്രീധനവുമെല്ലാം അവരെ കൂടുതൽ കടത്തിലാഴ്ത്തി. ഒരു ലക്ഷം രൂപയോളം കടമുണ്ട്. "എനിക്കറിയില്ല എങ്ങനെ ഈ കടം കൊടുത്തുതീർക്കുമെന്ന്, " അവർ പറഞ്ഞു.

പുസ്പരാജ് ഒരു പ്രാദേശിക പാലുല്പന്നകേന്ദ്രത്തിൽ  സഹായിയായി ജോലി ചെയ്തുവരുന്നു. ഇതിൽ നിന്നും ദിവസം 150 രൂപ ലഭിക്കും. ഈ വരുമാനത്തിൽ നിന്ന് അവന്‍ കോളേജ് ഫീസിനുള്ള തുകകണ്ടത്തുന്നു. "ഞാൻ ജോലി ചെയ്യുന്നത് കുറച്ചുകൂടി പൈസ ഉണ്ടാക്കി എഴുത്തു പരീക്ഷകൾക്കായി തയ്യാറെടുക്കാനും, സര്‍ക്കാര്‍ ജോലികൾക്ക് അപേക്ഷിക്കാനുമായി ഒരു കോച്ചിങ് സെന്‍റൽ ചേർന്ന് പഠിക്കാനുമാണ്. കടയിൽ ആളുകള്‍ വരാത്തപ്പോൾ അവിടെ ഇരുന്ന് പഠിക്കാനുള്ള അനുവാദം എനിക്ക്  നൽകിയിട്ടുണ്ട്," പുസ്പരാജ്  പറഞ്ഞു.

പെട്രോൾ വില വർധന ഈ കുടുംബത്തെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. "ലോക്ക്ഡൗണിനു മുൻപ് (മാർച്ച് 2020) പെട്രോൾ വില ലിറ്ററിന് ഏകദേശം 70 നും 80 രൂപക്കും ഇടയിലായിരുന്നപ്പോൾ എല്ലാ മാസവുമെനിക്ക് 7,000 മുതൽ 8,000 രൂപവരെ ഉണ്ടാക്കാനാകുമായിരുന്നു. അന്ന് ഗ്രാമങ്ങളിൽ ഞങ്ങളുടെ സാധനങ്ങൾക്ക് ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. പലരും ഞങ്ങളുടെ കയ്യിൽനിന്നുതന്നെ തുണിത്തരങ്ങൾ വാങ്ങാനായി ഞങ്ങളുടെ വരവും കാത്തിരിക്കുമായിരുന്നു,” ബച്ചു പറഞ്ഞു.

"എന്നാലിപ്പോൾ പെട്രോൾ വിലയും, ഞങ്ങളുടെ യാത്രാച്ചെലവുകളും കൂടിയിട്ടും സാരിയും മറ്റു സാധനങ്ങളും ഞങ്ങൾ പഴയ വിലയ്ക്ക് തന്നെ വിൽക്കണമെന്നാണ് ആളുകൾ പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കിൽ അവർ സാധനങ്ങൾ വാങ്ങാൻ വിമുഖത കാണിക്കുന്നു," അയാൾ കൂട്ടിച്ചേർത്തു.

പരിഭാഷ: നിധി ചന്ദ്രന്‍

Anil Kumar Tiwari

Anil Kumar Tiwari is a freelance journalist based in Sidhi town of Madhya Pradesh. He mainly reports on environment-related issues and rural development.

Other stories by Anil Kumar Tiwari
Translator : Nidhi Chandran

Nidhi Chandran is a postgraduate in Journalism and Communication. She has been working in the publishing sector for the past few years. Currently, she works as a freelance copy editor and translator.

Other stories by Nidhi Chandran