അതിരാവിലെ പണിപ്പെട്ട് തിരിഞ്ഞു കിടന്നുകൊണ്ട് സുനിതാ സാഹു ചോദിച്ചു, "കുട്ടികളെവിടെ?" കുട്ടികൾ ഉറങ്ങുകയാണെന്ന് സുനിതയുടെ ഭർത്താവ് ബോധ്റാം പറഞ്ഞു. അവർ നെടുവീർപ്പെട്ടു. അതവർക്ക് [സുനിതയ്ക്ക്] ഉറക്കമില്ലാത്ത ഒരു രാത്രിയായിരുന്നു. അത് ബോധ്റാമിനെ ദുഃഖിപ്പിച്ചു. അദ്ദേഹം അവരോട് നേരത്തെ എപ്പോഴും തമാശ പറയുമായിരുന്നു, എവിടെ കിടന്നും ഏതു സമയത്തും അവർക്ക് ഉറങ്ങാൻ പറ്റുമെന്ന്.

പക്ഷെ ഏപ്രിൽ 28-ന് രാത്രി ബോധ്റാമും സുനിത സാഹുവിന്‍റെ മൂന്ന് പുത്രന്മാരും (12 മുതൽ 20 വയസ്സ് വരെ പ്രായമുള്ളവർ) അവരുടെ അമ്മയുടെ കൈകളും കാലുകളും തലയും വയറും ചൂടുള്ള കടുകെണ്ണകൊണ്ട് തിരുമ്മുന്ന സമയത്ത് വേദനകൊണ്ടവർ ഞരങ്ങി. "എനിക്കെന്തോ സംഭവിക്കുന്നു”, അവർ അസ്പഷ്ടമായി ഉച്ചരിച്ചു – അന്നത്തെ പ്രഭാതത്തെക്കുറിച്ചുള്ള ബോധ്റാമിന്‍റെ ഓർമ്മകളാണിതെല്ലാം.

ലഖ്‌നൗ ജില്ലയിലെ ഖർഗാപൂർ ജാഗീറിലെ ഒരു കൊച്ചു കുടിലിലാണ് സാഹു കുടുബം താമസിക്കുന്നത്. ഛത്തീസ്ഗഢിലെ ബേമേത്തര ജില്ലയിലെ മാരോ ഗ്രാമത്തിൽ നിന്നുമാണ് രണ്ടു ദശകങ്ങൾക്കുമുമ്പ് ചിൻഹട് ബ്ലോക്കിലെ ഈ ഗ്രാമത്തിലേക്ക് അവർ എത്തിയത്. 42-കാരനായ ബോധ്റാം നിർമ്മാണ മേഖലയിൽ മേസ്തിരിയായി ജോലി നോക്കുന്നു. 39-കാരിയായ സുനിത വീട്ടമ്മയായിരുന്നു.

കോവിസ്-19 മഹാമാരി ഉത്തർപ്രദേശിനെ കടുത്ത രീതിയിൽ ബാധിച്ച സമയമായിരുന്നു ഏപ്രിൽ മാസം. ഏപ്രിൽ 24-ന് സംസ്ഥാനത്ത് 38,055 പേർക്കാണ് പുതുതായി രോഗബാധയുള്ളതായി രേഖപ്പെടുത്തിയത്. ഇത് എക്കാലത്തേയും ഉയർന്ന നിരക്കായിരുന്നു – എണ്ണം കുറച്ചാണ് സംസ്ഥാനം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്ന സന്ദേഹം നിലനില്‍ക്കുന്നുണ്ടെങ്കിൽപ്പോലും.

"നാല് മുതൽ അഞ്ചിരട്ടി വരെയായിരിക്കാം യഥാർത്ഥ എണ്ണം. റിപ്പോർട്ട് ചെയ്യപ്പെടുന്ന എണ്ണം കുറവാണ്, കാരണം ആളുകൾ അപമാനം ഭയപ്പെടുന്നു. യഥാർത്ഥ ചിത്രം ലഭിക്കുക വളരെ ബുദ്ധിമുട്ടാണ്”, ലഖ്‌നൗവിലെ റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ആർ.എം.എൽ.ഐ.എം.എസ്.) കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പിൽ അസിസ്റ്റന്‍റ് പ്രഫസറായ കുമാരി പറഞ്ഞു.

കൊറോണ വൈറസിന്‍റെ ലക്ഷണങ്ങളായ പനിയും ദേഹവേദനയും അതിസാരവും ഉണ്ടായിരുന്നെങ്കിൽപോലും സുനിതയ്ക്ക് കോവിഡ്-19 ഇല്ലെന്ന് സാഹുമാർക്ക് ഉറപ്പായിരുന്നു, എന്തുകൊണ്ടെന്നാൽ കുടുംബത്തിലെ ആർക്കും അതില്ലായിരുന്നു.

Bodhram Sahu's wife Sunita was diagnosed with typhoid but could have been Covid-positive too
PHOTO • Courtesy: Bodhram Sahu

ബോധ് റാം സാഹുവിന്‍റെ ഭാര്യ സുനിതയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചിരുന്നു . പക്ഷെ അവർ കോവിഡ് പോസിറ്റീവും ആയിരുന്നിരിക്കണം

വേദനയെക്കുറിച്ചും ക്ഷീണത്തെക്കുറിച്ചും ആദ്യമായി പറഞ്ഞ ഏപ്രിൽ 26-ന് രാവിലെ അവരെ സൈക്കിളിന്‍റെ കാരിയറിൽ ഇരുത്തി 3 കിലോമീറ്റർ അകലെയുള്ള ഡോക്ടറുടെ അടുത്തേക്ക് ബോധ്റാം കൊണ്ടുപോയി. ആശുപത്രിയിൽ ആക്കേണ്ട കാര്യമുണ്ടോയെന്ന് അദ്ദേഹം ഡോക്ടറോട് ചോദിച്ചു.

ഡോക്ടർ തന്നോടു ഇങ്ങനെ പറഞ്ഞതായി ബോധ്‌റാം ഓർമ്മിക്കുന്നു: "എങ്ങോട്ടാണ് നിങ്ങളവരെ കൊണ്ടുപോകുന്നത്? ഒരു ആശുപത്രിയിലും സ്ഥലമില്ല. അവർക്ക് ഈ മരുന്നുകൾ നൽകുക. മൂന്നു ദിവസങ്ങൾക്കകം അവർക്ക് സുഖമാവും.“

പരിശോധനയ്ക്കായി സാഹുവിന് 3,000 രൂപ ചിലവായി. ഡോക്ടറെ കണ്ടതിനും ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ക്ഷീണം മാറുന്നതിനുള്ള ഒരു കൂട്ടം മരുന്നുകൾക്കുമായി 1,700 രൂപ കൂടി ചിലവായി. പൊതിയില്‍ നിന്നും പുറത്തെടുത്ത് ബ്രൗൺ നിറമുള്ള പേപ്പറിൽ പൊതിഞ്ഞു ഗുളികകളും ക്യാപ്സൂളുകളും, കൂടാതെ ഒരു കുപ്പിയില്‍ കടും തവിട്ടു നിറത്തിലുള്ള ദ്രാവക മരുന്നുമാണ് നല്‍കിയത്.

ക്ഷീണിതയാണെന്നുള്ള സുനിതയുടെ എതിർപ്പ് വകവയ്ക്കാതെ അന്നു വയ്കുന്നേരം 5 മണിക്ക് ബോധ്റാം വീണ്ടും അവരുമായി ക്ലിനിക്കിലേക്ക് സൈക്കിൽ ചവിട്ടി. ആ സമയത്ത് രക്ത പരിശോധനയുടെ റിപ്പോർട്ട് വന്നിരുന്നു. ഈ റിപ്പോർട്ട് പ്രകാരം എൻസൈം സിറം ഗ്ലുറ്റാമാറ്റിക് ഓക്സലോഅസറ്റിക് ട്രാൻസമിനൈസ് (enzyme serum glutamic oxaloacetic transaminase) ഉയർന്ന അളവിലായിരുന്നു. ഇത് സൂചിപ്പിക്കുന്നത് കരളിന് (മറ്റ് അവയവങ്ങളുടെ കൂടെ) കുഴപ്പമുണ്ടെന്നാണ്. സുനിതയ്ക്ക് ടൈഫോയ്ഡ് ഉണ്ടെന്നും ഡോക്ടർ പറഞ്ഞു. അവർക്ക് ക്ഷീണം മാറുന്നതിനുള്ള ഡ്രിപ്പ് നൽകണമെന്ന ബോധ്റാമിന്‍റെ അപേക്ഷ ഡോക്ടർ തള്ളിക്കളയുകയും താൻ നൽകിയ മരുന്ന് കൊടുത്താൽ ഒട്ടും സമയമെടുക്കാതെ ദേദപ്പെടുമെന്ന് പറയുകയും ചെയ്തു.

ടൈഫോയ്ഡ് തന്നെ ചില സമയങ്ങളില്‍ ഒരു ആഗോള ആരോഗ്യ പ്രശ്നം ആണെന്നിരിയ്ക്കിലും “... കോവിഡ്-19 രോഗികളില്‍ നടത്തുന്ന തെറ്റായ [ടൈഫോയ്ഡ്] പോസിറ്റീവ് വൈഡൽ പരിശോധന മൂന്നാംലോക രാജ്യങ്ങളിൽ സാരമായ ഒരു ആരോഗ്യ പ്രശ്നമാണ്... ഇപ്പോൾ ടൈഫോയ്‌ഡും ഡെംഗുവും തെറ്റായി പോസിറ്റീവാകുന്നു... ഇത് മുൻകരുതലോടെ വ്യാഖ്യാനിക്കേണ്ടതും കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഈ രോഗികൾക്ക് ജാഗ്രതയും തുടർച്ചയായ ശ്രദ്ധയും വേണ്ടതുമാണ്”, ഒരു ഗവേഷണ പ്രബന്ധം പറയുന്നു.

"കോവിഡിന്‍റെയും ടൈഫോയ്ഡിന്‍റെയും ആന്‍റിബോഡികൾ തമ്മിൽ സമാനമായ ചില പോസിറ്റീവിറ്റി അവസ്ഥകള്‍ ഉണ്ട്. ഞങ്ങളുടെ ക്ലിനിക്കൽ അനുഭവ പരിചയത്തിൽ ടൈഫോയ്ഡ് പോസിറ്റീവായ 10 ശതമാനം രോഗികൾക്കും യഥാർത്ഥത്തിൽ കോവിഡാണുള്ളത്”, ആർ.എം.എൽ.ഐ.എം.എസ്. അനസ്തേഷ്യോളജിസ്റ്റ് ഇൻ-ചാർജ്ജ് ആയ പ്രവീൺ കുമാർ ദാസ് സ്ഥിരീകരിക്കുന്നു.

പരിശോധനയിൽ ടൈഫോയ്ഡ് പോസിറ്റീവായ സുനിത മക്കളെക്കുറിച്ച് ചോദിച്ച് അര മണിക്കൂറികം, ഏപ്രിൽ 29-ന് രാവിലെ, മരിച്ചു - പനിയും മറ്റു രോഗലക്ഷണങ്ങളും തുടങ്ങി കഷ്ടി മൂന്നു ദിവസങ്ങൾക്കുശേഷം. അവര്‍ അവസാന ഉറക്കത്തിലായി എന്ന് തോന്നിയ ബോധ്റാം പൊട്ടിക്കരയുന്നതിനു മുമ്പ് അവരുടെ നെറ്റിയിൽ കൈ വച്ചു. കരച്ചിൽ അവരുടെ പുത്രന്മാരെ ഉണർത്തി. "അങ്ങനെ അവൾ എന്നന്നേക്കുമായി ഉറങ്ങി”, തന്‍റെ ഗ്രാമത്തിൽ നിന്നും ഒരു ഫോണിലൂടെ മുഴുവൻ സംഭവ പരമ്പരകളും നഷ്ടങ്ങളും വിശദീകരിക്കുമ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു.

സുനിതയെ സംസ്കരിക്കുന്നതിനായി കുടുംബത്തിന് മരണ സർട്ടിഫിക്കറ്റ് വേണമായിരുന്നു. ഖർഗാപൂർ ജാഗീറിലെ പ്രധാൻ ആയ റബില മിശ്ര ഇത് നൽകി. നീല മഷിയിൽ അദ്ദേഹം എഴുതി ’29-04-2021-ന് അവർ കുടിലിൽ മരിച്ചു’. മരണത്തിന്‍റെ കാരണം പ്രസ്താവിച്ചിട്ടില്ലായിരുന്നു.

അതുകൊണ്ട് സുനിതയുടെ മരണം കോവിഡ് അത്യാഹിതമായി കണക്കാക്കില്ല. യു.പി.യിലെയും മറ്റിടങ്ങളിലെയും കേസുകൾ എണ്ണത്തിൽ കുറവായി റിപ്പോർട്ട് ചെയ്യുന്നതിലെ ആശങ്കയോടൊപ്പം ആഗോള തലത്തിലും ഒരു ആശങ്കയുണ്ട്. യഥാർത്ഥ കോവിഡ്-19 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ വളരെക്കൂടുതലാണ് എന്നതാണത്.

Ramvati with her son Rakesh Kumar at her husband Ram Saran’s kiosk: they disbelieve the ‘Covid-19 positive’ notation
PHOTO • Rana Tiwari

രാം വതി അവരുടെ മകൻ രാകേഷ് കുമാറിനോടൊപ്പം ഭർത്താവ് രാം ശരണിന്‍റെ മാടക്കടയിൽ : ‘ കൊവിഡ് -19 പോസിറ്റീവ് കണക്കുകളില്‍ അവർ വിശ്വസിക്കുന്നില്ല

“... കോവിഡ്-19-മായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ആകെ മരണങ്ങൾ എണ്ണുന്നതിൽ ഗണ്യമായ കുറവ് നാം അഭിമുഖീകരിക്കുന്നതായി തോന്നുന്നു”, ലോകാരോഗ്യ സംഘടന പറയുന്നു. "അധിക മരണങ്ങൾ” എന്ന പദങ്ങൾ "സാധാരണ” അവസരങ്ങളിൽ പ്രതീക്ഷിക്കാവുന്നതിനപ്പുറമുള്ള മരണങ്ങളെ കുറിക്കുന്നു. ഇത് കോവിഡ് സ്ഥിരീകരിച്ച മരണങ്ങളെ മാത്രമല്ല, മറിച്ച് കൃത്യമായി രോഗ നിർണ്ണയം നടത്തുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്യാത്ത കോവിഡ്-19 മരണങ്ങളെയും, കൂടാതെ കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രതിസന്ധികൾ മൂലമുള്ള മരണങ്ങളെയും ഉൾപ്പെടുന്നു. സ്ഥിരീകരിക്കപ്പെട്ട കോവിഡ്-19 മരണങ്ങളുമായി മാത്രം താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ സമഗ്രവും കൃത്യവുമായ കണക്ക് നല്‍കുന്നു.

കൃത്യമായി നിർണ്ണയിക്കാത്തതും കോവിഡുമായി ബന്ധപ്പെടുത്തുകയും ചെയ്തിട്ടില്ലാത്ത അത്തരം പല അവസ്ഥകളിലൊന്ന് ഹൃദയ കോശങ്ങളുടെ വികാസമാണ്. ഇത് ഓക്സിജൻ പ്രദാനം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യാം.

ലഖ്‌നൗവിൽ നിന്നും 56 കിലോമീറ്റർ അകലെയുള്ള സീതാപൂർ ജില്ലയിലെ മുഹമ്മദാബാദ് ബ്ലോക്കിലെ മീരാനഗർ ഗ്രാമത്തിലുള്ള ശരണ്‍ കുടുംബത്തിന് ഇതാണ് സംഭവിച്ചത്. ഏപ്രിൽ 22 ഏകദേശം ഉച്ചയായപ്പോൾ 57- കാരനായ റാം ശരണിന് കടുത്ത വേദന ഉണ്ടായി. അദ്ദേഹത്തിന്‍റെ ഭാര്യ 56-കാരിയായ രാംവതി എവിടെയാണ് അദ്ദേഹത്തിന് വേദന അനുഭവപ്പെട്ടതെന്ന് കാണിക്കുന്നതിനായി തന്‍റെ ഹൃദയ ഭാഗത്തേക്ക് അവരുടെ കൈ ഉയർത്തി.

രാംവതി അപ്പോൾ ലഖ്‌നൗവിൽ ആയിരുന്നു. 16 വയസ്സുള്ളപ്പോഴാണ് ഭർത്താവിനോടൊപ്പം അവർ ഈ നഗരത്തിലേക്ക് വന്നത്. നഗരത്തിന് വടക്കു ഭാഗത്തായി അലിഗഞ്ചിലായിരുന്നു മൂന്നു മക്കളോടൊപ്പം ആ ദമ്പതികൾ താമസിച്ചത്. റാംശരൺ തന്‍റെ മാടക്കടയിൽ കുപ്പിവെള്ളവും ചിപ്സും മറ്റു പാനീയങ്ങളും സിഗരറ്റുകളും മറ്റും വിറ്റു. കുറച്ചു മാസങ്ങൾക്കുമുമ്പ് വിൽപ്പന സാധനങ്ങളോടൊപ്പം മുഖാവരണങ്ങളും കൊണ്ടുവന്നു.

ലോക്ക്ഡൗൺ കാരണം മാടക്കട അടച്ചിരിക്കുന്നതിനാൽ റാംശരൺ ഇടയ്ക്ക് തന്‍റെ ഗ്രാമത്തിൽ പരമ്പര്യത്തറവാട് നോക്കാനായി പോകുമായിരുന്നു. ഈ സമയത്ത് രാംവതി വീട്ടുജോലി ചെയ്തതില്‍ നിന്നുലഭിച്ച വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു പോയത്.

അസ്വാസ്ഥ്യം തോന്നിയതായി റാംശരൺ പറഞ്ഞപ്പോൾ മകനായ രാജേഷ് കുമാർ അദ്ദേഹത്തെ വീട്ടിൽനിന്നും 10 കിലോമീറ്റർ അകലെ മുഹമ്മദാബാദിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ ഉടൻതന്നെ എത്തിച്ചു. രാജേഷ് കുമാർ ഫോട്ടോകോപ്പി മെഷീൻ ഒപ്പറേറ്ററായി ജോലി ചെയ്യുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ റാംശരണിന് രണ്ട് കുത്തിവയ്പുകൾ നൽകി.

Ramvati in the colony where she does domestic work. With the kiosk (right) shut during the lockdown, the household had run on her earnings
PHOTO • Rana Tiwari
Ramvati in the colony where she does domestic work. With the kiosk (right) shut during the lockdown, the household had run on her earnings
PHOTO • Rana Tiwari

രാംവതി അവർ വീട്ടുജോലി ചെയ്യുന്ന കോളനിയിൽ . മാടക്കട ( വലത് ) ലോക്ക്ഡൗൺ സമയത്ത് അടച്ചിട്ടതിനാൽ കുടുംബം അവരുടെ വരുമാനത്തിലാണ് കഴിഞ്ഞത്

“ആ സമയത്ത് അച്ഛൻ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു. ഡോക്ടർ പറഞ്ഞു ഞങ്ങൾക്കിവിടെ ചെറിയൊരു ഓക്സിജൻ സിലിണ്ടറാണുള്ളതെന്ന്. അതുകൊണ്ടൊരു ഉപയോഗവുമില്ല. അതിനാൽ എനിക്കദ്ദേഹത്തെ [ഗ്രാമത്തിൽ നിന്നും 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന] ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു”, കുമാർ ഓർമ്മിച്ചു. 108 (ആംബുലൻസ് സേവനത്തിനുള്ള സംസ്ഥാനത്തിന്റെ കേന്ദ്രീകൃത നമ്പർ) ഡയൽ ചെയ്ത് ഒരു ആംബുലൻസ് വിളിച്ചു. ആംബുലൻസിലേക്ക് ഏതാണ്ട് മാറ്റിയ ഉടനെതന്നെ റാംശരൺ മരിച്ചു - ഏപ്രിൽ 22, ഉച്ച കഴിഞ്ഞ് ഏകദേശം 2:30-ന്.

“അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു, ‘ഞാൻ ജീവിച്ചിരിക്കില്ല’. അദ്ദേഹം അത്രയ്ക്ക് ആരോഗ്യവാനായിരുന്നു. പക്ഷെ, അദ്ദേഹത്തിന്‍റെ ശ്വാസം നിലച്ചു”, കുമാർ പറഞ്ഞു.

പക്ഷെ മരണ സർട്ടിഫിക്കറ്റൊന്നും ലഭിച്ചില്ല. അന്ന് വൈകുന്നേരം തന്നെ അദ്ദേഹത്തെ ഗ്രാമത്തിൽ സംസ്കരിച്ചു. സി.എച്.സി.യിൽ വച്ച് അദ്ദേഹത്തിനുവേണ്ടി തയ്യാറാക്കിയ ഡോക്ടറുടെ ഔഷധക്കുറിപ്പിൽ ‘കോവിഡ്-19 ആന്‍റിജന്‍ പരിശോധന പോസിറ്റീവ്’ എന്നെഴുതിയിരുന്നെങ്കിൽപ്പോലും ‘ഹൃദയം നിലച്ചാണ്’ അദ്ദേഹം മരിച്ചതെന്ന് കുടുംബം വിശ്വസിച്ചതിനാൽ ഒരു മുൻകരുതലും അവർ എടുത്തിരുന്നില്ല.

റാംശരണിന് സി.എച്.സി.യിൽ പരിചരണം കിട്ടാതിരുന്നത് സംസ്ഥാനത്തെ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ഭദ്രതയില്ലാത്ത ആരോഗ്യ സൗകര്യങ്ങളെയാണ് കാണിക്കുന്നത്. മെയ് 17-ന് അലഹാബാദ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ചും ഈ അപര്യാപ്തതകളെക്കുറിച്ച് അഭിപ്രായം പറഞ്ഞിരുന്നു.

സി.എച്.സി.കളിലോ ജില്ല ആശുപത്രികളിലോ മാത്രമല്ല മഹാമാരിയുടെ സമയത്ത് പരിമിതികൾ ഉണ്ടായിരുന്നത്. തലസ്ഥാന നഗരിയായ ലഖ്‌നൗവിൽ പോലും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ്. മൗര്യ കുടുംബം കുറച്ചു മാസങ്ങൾക്കുമുമ്പ് മനസ്സിലാക്കിയത് അതാണ്.

ഏപ്രിൽ 12-ന് ചിൻഹട് ആശുപത്രിയിൽ പ്രവേശിപ്പിച്ച 41-കാരനായ മൗര്യ തന്‍റെ ബന്ധുവായ പവനോട് പറഞ്ഞു: "എനിക്ക് ശ്വാസം കിട്ടുന്നില്ല. എന്തിനാണ് നിങ്ങളെന്നെ ഈ ആശുപത്രിയിൽ ഇട്ടിരിക്കുന്നത്? എന്നെ വീട്ടിൽ കൊണ്ടുപോയാൽ ഇതിലും നന്നായിരിക്കും.”

അതിനൊരാഴ്ച മുമ്പ് മൗര്യയ്ക്ക് പനി തുടങ്ങിയിരുന്നു. ചുമയും ഉണ്ടായിരുന്നു. പക്ഷെ വളരെക്കാലമായുള്ള പ്രശ്നമായതിനാൽ കുടുംബം അതത്ര കാര്യമാക്കിയില്ല. പക്ഷെ "എനിക്ക് നടക്കാനുള്ള ശക്തി കിട്ടുന്നില്ല” എന്നദ്ദേഹം പറഞ്ഞപ്പോൾ കുടുംബാംഗങ്ങൾ അപകടം മണത്തു – 30-കാരനായ പവൻ ഓർമ്മിച്ചു.

മദ്ധ്യ ലഖ്‌നൗവിലെ ഗോംതിനഗർ പ്രദേശത്തെ ഒരു ചേരി കോളനിയായ ഛോട്ടി ജുഗൗലിയിലാണ് മൗര്യ കുടുംബം ജീവിക്കുന്നത്. സുൽത്താൻപൂർ ജില്ലയിലെ ജയസിംഗ്പൂർ ബ്ലോക്കിലെ ബിർസിംഗ്പൂർ ഗ്രാമത്തിൽ നിന്നാണ് സുനിൽ കുമാർ രണ്ട് ദശകങ്ങൾക്കുമുമ്പ് ഇവിടെത്തിയത്. നിർമ്മാണ മേഖലകള്‍ക്കുവേണ്ട തൊഴിലാളികളെ നൽകുന്ന കെട്ടിട കരാറുകാരനായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.

Rakesh Kumar with a photo of his father Ram Saran on his phone: the family's inability to get care at the CHC speaks of the precarious health facilities in the state’s towns and villages
PHOTO • Rana Tiwari

രാകേഷ് കുമാർ തന്‍റെ മൊബൈലിൽ അച്ഛൻ റാംശരണിന്‍റെ ഫോട്ടോയുമായി . കുടുംബത്തിന് സി .എച്.സി.യിൽ പരിചരണം കിട്ടാതിരുന്നത് സംസ്ഥാനത്തെ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും ഭദ്രതയില്ലാത്ത ആരോഗ്യ സൗകര്യങ്ങളെയാണ് കാണിക്കുന്നത്

ജനസാന്ദ്രത കൂടുതലുള്ള ഛോട്ടി ജുഗൗലിയ്ക്കും, ഒന്നര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന അതേ പേരിലുള്ള ബഡി ജുഗൗലിക്കും ഇടയിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും (പി.എച്.സി.) ആറ് അംഗൻവാടികളും ഉണ്ട്.

ഇവയിലൊന്നിലുള്ള അംഗീകൃത സാമൂഹ്യാരോഗ്യ പ്രവർത്തക അഥവാ ആശാ പ്രവർത്തക (Accredited Social Health Activist - ASHA) പറയുന്നത് മഹാമാരി തുടങ്ങിയതു മുതൽ ഇവിടെ ബോധവത്കരണ ക്യാമ്പുകളോ മുഖാവരണങ്ങളുടെയും സാനിറ്റൈസറുകളുടെയും വിതരണമോ ഉണ്ടായിട്ടില്ലെന്നാണ്. സർക്കാർ നടപടി ഭയന്ന് അവർക്ക് പേര് വെളിപ്പെടുത്താൻ ഭയമായിരുന്നു. പക്ഷെ 15,000 ആളുകൾ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്ത് നൂറുകണക്കിനാളുകൾക്ക് കോവിഡ്-19 പിടിച്ചിട്ടുണ്ടെന്നും, പക്ഷെ പരിശോധന നടത്തുകയോ പോസിറ്റീവ് കേസുകളായി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അവർക്കുറപ്പായിരുന്നു.

അവർ സന്ദർശനം പൂർത്തിയാക്കിയ 1,517 വീടുകളിൽ ഒരിടത്തുപോലും കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. "ആളുകൾ തണുപ്പും ചുമയും പനിയും വന്ന് മരിക്കുന്നു. പക്ഷെ ആർക്കും പരിശോധന നടത്തേണ്ട”, കുറച്ചു മാസങ്ങൾക്കു മുൻപ് അവർ എന്നോടു പറഞ്ഞു. "ലക്ഷണങ്ങളുള്ള രോഗികളെ കണ്ടെത്താന്‍ പ്രതിദിനം 50 വീടുകളിൽ വീതം സർവേ നടത്താമോയെന്ന് മാർച്ച് 2020-ൽ ഞങ്ങളോട് ചോദിച്ചതാണ്. അപകടമായതിനാൽ ഇപ്പോൾ ഞാൻ പുറത്തു പോകാറില്ല. എന്‍റെ പ്രദേശത്ത് ഞാനൊരു കൂട്ടം രൂപീകരിച്ചിട്ടുണ്ട്. ഫോൺ വഴി കാര്യങ്ങൾ അറിയിക്കാൻ ആളുകളോട് പറയുകയും ചെയ്തിട്ടുണ്ട്.”

പ്രാദേശിക ആരോഗ്യ പ്രവർത്തകർ എളുപ്പം ലഭ്യമല്ലാതിരുന്നതുകൊണ്ടും പി.എച്.സി.യിലെ ഡോക്ടറെ മറ്റിടങ്ങളിൽ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നതുകൊണ്ടും മൗര്യ രോഗബാധിതനായപ്പോൾ ആശ്രയിക്കാൻ ആരുമുണ്ടായിരുന്നില്ല.

ഛോട്ടി ജുഗൗലിയിൽ ഒരു ഡോക്ടറുടെ ക്ലിനിക്കിൽ സഹായിയായി ജോലിചെയ്യുന്ന ശാസ്ത്ര ബിരുദധാരിയായ പവൻ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് തന്‍റെ അമ്മാവനെ കൊണ്ടുപോവുകയാണ് പകരം ചെയ്തത്. അവിടെ ഒരു ആന്‍റിജൻ പരിശോധനയ്ക്ക് അവരോട് 500 രൂപ ഈടാക്കി. പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. അദ്ദേഹം പിന്നീട് മൗര്യയെ 30 കിലോമീറ്റർ അകലെയുള്ള ടി. എസ്. മിശ്ര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആന്‍റിജൻ പരിശോധന വിശ്വസനീയമല്ല എന്ന് അവിടെവച്ച് അദ്ദേഹത്തെ അറിയിക്കുകയും അതുകൊണ്ടുതന്നെ അമ്മാവന് കിടക്ക അനുവദിച്ചു കിട്ടാതിരിക്കുകയും ചെയ്തു.

പക്ഷെ അടിയന്തിര വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അദ്ദേഹത്തിന് നല്കിയ ഔഷധക്കുറിപ്പിൽ മറ്റു മരുന്നുകളോടൊപ്പം ഐവെർമെക്ടിൻ, വൈറ്റമിൻ സി, സിങ്ക് എന്നീ മരുന്നുകളുടെ പട്ടികയും ചേർത്തിരുന്നു. ഇത് സാധാരണയായി കോവിഡ്-19 ലക്ഷണങ്ങൾക്ക് നിർദ്ദേശിക്കുന്നതാണ്.

Pawan Maurya: the antigen test turned up negative so his uncle Sunil Kumar Maurya could not be allotted a bed
PHOTO • Rana Tiwari

പവൻ മൗര്യ: ആന്‍റിജൻ പരിശോധാഫലം നെഗറ്റീവ് ആയിരുന്നതിനാൽ അദ്ദേഹത്തിന്‍റെ അമ്മാവനായ സുനിൽ കുമാർ മൗര്യക്ക് കിടക്ക അനുവദിച്ചു കിട്ടിയില്ല

സുനിൽ മൗര്യയുടെ ഒക്സിജൻ നില അപ്പോഴേക്കും 80-ലേക്ക് താഴ്ന്നിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബം രണ്ട് ആശുപത്രികളിൽ കൂടി പരിശ്രമിച്ചു. പക്ഷെ അദ്ദേഹത്തിന് വെന്‍റിലേറ്റർ വേണമെന്നും ആശുപത്രിയിൽ അതിനുള്ള സൗകര്യങ്ങൾ ഇല്ലെന്നും അധികൃതർ പറഞ്ഞു. നാലുമണിക്കൂറുകൾ കറങ്ങി നടന്നതിനുശേഷം പ്രവേശിപ്പിക്കാൻ പറ്റുമായിരുന്ന ഒരു ആശുപത്രി കണ്ടെത്തിയശേഷമാണ് മൗര്യക്ക് ഒരു ഓക്സിജൻ സിലിണ്ടർ ലഭിച്ചത്. വീണ്ടുമൊരു പരിശോധനകൂടി നടത്തി - ഇത്തവണ ചെയ്തത്‌ ആർ.റ്റി.പി.സി.ആർ. ആയിരുന്നു.

ഏപ്രിൽ 12-ന്, ഏതാനും മണിക്കൂറുകൾ ശ്വസിക്കാൻ ബുദ്ധിമുട്ടിയശേഷം, സുനിൽ മരിച്ചു. ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ നൽകിയ സർട്ടിഫിക്കറ്റിൽ (സംസ്കാരത്തിന് ഇത് ആവശ്യമാണ്) മരണകാരണമായി രേഖപ്പെടുത്തിയത് ‘ഹൃദയസ്തംഭനം’ എന്നാണ്. രണ്ട് ദിവസങ്ങള്‍ക്കുശേഷം ലഭിച്ച ആർ.റ്റി.പി.സി.ആർ. പരിശോധനാഫലമനുസരിച്ച് അദ്ദേഹം കോവിഡ്-19 പോസിറ്റീവ് ആയിരുന്നു.

"ഒരാഴ്ചയ്ക്കകം എല്ലാം കഴിഞ്ഞു. പരിശോധന ഞങ്ങളെ തോല്‍പ്പിച്ചു”, പവൻ പറഞ്ഞു.

"മഹാമാരിയുടെ രണ്ടാം തരംഗവും ആരോഗ്യ സുരക്ഷയ്ക്കായുള്ള തുച്ഛമായ സാമ്പത്തിക വിഭവങ്ങളും നഗരത്തിലെ ദരിദ്രരെ വേണ്ടരീതിയിലുള്ള രോഗനിർണ്ണയം പോലും ലഭിക്കാതെ മരണത്തിലേക്ക് തള്ളിവിടുന്നു”, ലഖ്‌നൗ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിഗ്യാൻ ഫൗണ്ടേഷന്‍റെ പ്രോഗ്രാം മാനേജരായ റിച്ച ചന്ദ്ര പറഞ്ഞു. നഗരത്തിലെ ചേരികളെയും വീടില്ലാത്തവരെയും ദിവസവേതനക്കാരേയും കേന്ദ്രീകരിച്ചാണ് പ്രസ്തുത സംഘടന പ്രവർത്തിക്കുന്നത്. നഗരത്തിലെ ദരിദ്രർ കുറഞ്ഞ തൊഴിലെടുത്ത്, കുറഞ്ഞ സാമൂഹ്യ സുരക്ഷയിൽ, വേണ്ടത്ര അവബോധമില്ലാതെ, ഇടുങ്ങിയ വീടുകളിൽ ജീവിക്കുന്നവരാണെന്ന് അവർ കൂട്ടിച്ചേർത്തു. അതിനുപുറമെ ഇപ്പോൾ പരിശോധന നടത്തി കോവിഡ് പോസിറ്റീവായി പ്രഖ്യാപിക്കപ്പെട്ടാൽ അപമാനം ഉണ്ടാകുമോയെന്നും ഭയപ്പെടുന്നു.

പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട ഭയത്തോടൊപ്പം ആന്‍റിജൻ-ആർ.റ്റി.പി.സി.ആർ. പരിശോധനകൾ തെറ്റായി നെഗറ്റീവ് ഫലം നൽകുമോയെന്ന പ്രശ്നവുമുണ്ട്.

"ആർ.റ്റി.പി.സി.ആർ. പരിശോധനകൾ എന്തുകൊണ്ട് തെറ്റായ ഫലങ്ങൾ തരാം എന്നതിന് സമ്മിശ്ര കാരണങ്ങൾ ഉണ്ട്”, ആർ.എം.എൽ.ഐ.എം.എസ്.ലെ മൈക്രോബയോളജി വകുപ്പിന്‍റെ അദ്ധ്യക്ഷ സ്ഥാനത്തുള്ള ജ്യോത്സന അഗർവാൾ പറഞ്ഞു. "ആർ.എൻ.എ. വർദ്ധന തത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ പരിശോധന. ഇതിന്‍റെ നിലനില്‍പ്പിന്, ഡി.എൻ.എ.യിൽ നിന്നും വ്യത്യസ്തമായി, [സഞ്ചാര സമയത്ത്] പ്രത്യേക സാഹചര്യങ്ങൾ ആവശ്യമാണ്. കൂടാതെ സ്രവം ശേഖരിക്കുന്നത് കൃത്യമായിട്ടായിരിക്കണമെന്നില്ല. അല്ലെങ്കിൽ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന കിറ്റ് ഐ.സി.എം.ആർ. (ഇൻഡ്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) അംഗീകരിച്ചതായിരിക്കണമെന്നില്ല. ആന്‍റിജൻ പരിശോധനകൾ പെട്ടെന്നുള്ള ഫലങ്ങൾ നൽകുന്നു, പക്ഷെ ആർ.എൻ.എ.യെ വർദ്ധിപ്പിക്കുന്നില്ല. അതുകൊണ്ട് അത് വൈക്കോൽ കൂനയ്ക്കകത്ത് സൂചി തിരയുന്നതു പോലെ മാത്രമാണ്.”

Neither private clinics nor government hospitals would admit Sadrunisha's son Suaib as his Covid test was negative.
PHOTO • Courtesy: Sadrunisha
Neither private clinics nor government hospitals would admit Sadrunisha's son Suaib as his Covid test was negative
PHOTO • Courtesy: Vigyan Foundation

കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നതിനാല്‍ സദ്രുന്നിശയുടെ മകന്‍ ഷോയെബിനെ പ്രവേശിപ്പിക്കാന്‍ സ്വകാര്യ ക്ലിനിക്കുകളും സര്‍ക്കാര്‍ ആശുപത്രികളും തയ്യാറായിരുന്നില്ല

മദ്ധ്യ ലഖ്‌നൗവിലെ മാനക്നഗര്‍ പ്രദേശത്തെ ഗഢി കനോര പ്രദേശത്തു നിന്നുള്ള 38-കാരനായ ഷോയെബ് അഖ്തറിന്‍റെ ആര്‍.റ്റി.പി.സി.ആര്‍. പരിശോധന നെഗറ്റീവ് പാലമാണ് രേഖപ്പെടുത്തിയത്.

ഏപ്രില്‍ രണ്ടാം വാരത്തില്‍ അഖ്തര്‍ ചിക്കന്‍ പോക്സില്‍ നിന്നും സുഖം പ്രാപിച്ചിരുന്നു. പിന്നീടദ്ദേഹം റംസാന് (ഏപ്രില്‍ 13-ന് തുടങ്ങിയത്) ഭക്ഷണം കഴിക്കാതെ വ്രതം എടുക്കണമെന്ന് ശഠിച്ചു, 65-കാരിയായ അദ്ദേഹത്തിന്‍റെ മാതാവ് സദ്രുന്നിശ അത് ചെയ്യരുതെന്ന് പറഞ്ഞെങ്കില്‍പ്പോലും.

ഏപ്രില്‍ 27-ന് അഖ്തര്‍ ചുമയ്ക്കാനും കിതയ്ക്കാനും തുടങ്ങി. ആര്‍.റ്റി.പി.സി.ആര്‍. പരിശോധന നടത്തുന്നതിനും സി.റ്റി. സ്കാന്‍ ചെയ്യുന്നതിനുമായി കുടുംബം അദ്ദേഹത്തെ ഒരു സ്വകാര്യ പാത്തോളജി ലാബില്‍ എത്തിച്ചു - രണ്ടിനുംകൂടെ 7,800 രൂപയായി. പരിശോധന നെഗറ്റീവ് കാണിച്ചപ്പോള്‍ സി.റ്റി. സ്കാന്‍ ‘വൈറല്‍ ന്യുമോണിയ’ കാണിച്ചു. പക്ഷെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നതിനാല്‍ സ്വകാര്യ ക്ലിനിക്കുകളും സര്‍ക്കാര്‍ ആശുപത്രികളും അദ്ദേഹത്തെ എടുക്കാന്‍ തയ്യാറായില്ല. ഈ ആശുപത്രികളൊക്കെ കോവിഡ്‌ കേസുകള്‍ക്കായിരുന്നു മുന്‍ഗണന നല്‍കിയത്. കിടക്കകളൊന്നും ഒഴിവില്ലായിരുന്നു. അടിയന്തിരമല്ലാത്ത മറ്റ് സേവനങ്ങളൊക്കെ പിന്നത്തേക്കുവച്ചു.

കുടുംബം വീട്ടില്‍ ഓക്സിജന്‍ സിലിണ്ടര്‍ ക്രമീകരിച്ചിട്ടുപോലും ഏപ്രില്‍ 30-ന് അദ്ദേഹം ശ്വസിക്കാനാവാതെ മരിച്ചു. “അവന്‍ ശ്വാസം വലിച്ചുവിട്ടു, വായില്‍നിന്നും പത വന്നു”, സദ്രുന്നിശ പറഞ്ഞു.

അവര്‍ തന്‍റെ മകനെ ഒരു “അനുഗ്രഹീതനായ ഇലക്‌ട്രീഷ്യന്‍” ആയിട്ടാണ് കണ്ടത്. അടുത്തിടെ ഖത്തറില്‍നിന്നും ഒരു ജോലി വാഗ്ദാനംപോലും അദ്ദേഹത്തിന് ലഭിച്ചിരുന്നു. “ജോലിക്കുള്ള വിസ കിട്ടുന്നതിനുമുന്‍പേ മരണം അവന് വിസ നല്‍കി”, അവര്‍ പറഞ്ഞു.

വീട്ടില്‍നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ പ്രേംവതി നഗറിലെ തകിയ മീരാന്‍ ഷാ ശ്മശാനലാണ് ആഖ്തറിനെ അടക്കിയത്. ശ്മശാനത്തില്‍നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ മരണകാരണമൊന്നും പറഞ്ഞിട്ടില്ല. എന്നിരിക്കിലും തന്‍റെ മകന് കോവിഡ്‌-19 ആണെന്ന് സദ്രുന്നിശയ്ക്ക് ഉറപ്പായിരുന്നു. കാരണം ചിക്കന്‍ പോക്സ് പിടിപെട്ടതിനാല്‍ അദ്ദേഹത്തിന്‍റെ പ്രതിരോധശേഷി കുറവായിരുന്നിരിക്കണം.

2020 ജൂണ്‍ 14-ന് കേന്ദ്ര സര്‍ക്കാര്‍ ഒരു വിജ്ഞാപനത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു: “...അത്തരത്തില്‍ കൊവിഡെന്ന് സംശയമുള്ള മൃതദേഹങ്ങള്‍ പെട്ടെന്നുതന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണം, കോവിഡാണോയെന്ന് ലബോറട്ടറിയില്‍നിന്നും സ്ഥിരീകരിക്കാനായി കാക്കരുത്.”

Two days after his death, the family – Vimla and sons Gyanendra Kumar, Dheerendra Kumar and Abhishek – received the test result which said he was Covid-19 positive, but his death certificate (left) says otherwise
PHOTO • Durgesh Singh
Two days after his death, the family – Vimla and sons Gyanendra Kumar, Dheerendra Kumar and Abhishek – received the test result which said he was Covid-19 positive, but his death certificate (left) says otherwise
PHOTO • Durgesh Singh

അദ്ദേഹം മരിച്ച് രണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് കോവിഡ്-19 പോസിറ്റീവ് ആയിരുന്നു എന്നുള്ള പരിശോധന ഫലം കുടുംബത്തിന് – വിമലയും പുത്രന്മാരായ ഗ്യാനേന്ദ്രകുമാര്‍, ധീരേന്ദ്രകുമാര്‍, അഭിഷേക് എന്നിവരും – ലഭിച്ചത്. പക്ഷെ മരണ സര്‍ട്ടിഫിക്കറ്റ് (ഇടത്) അങ്ങനെയല്ല പറയുന്നത്

ഇതിനര്‍ത്ഥം ലക്ഷണം കാണിക്കുകയും പക്ഷെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുകയും ചെയ്യുന്ന ആളുകളെ കൊവിഡ്-19 മരണങ്ങളുടെ പട്ടികയില്‍ പെടുത്താന്‍ സാദ്ധ്യതയുണ്ടെന്നാണ്.

അങ്ങനെയുള്ളവരിൽപ്പെട്ട ഒരാളാണ് ഉന്നാവൊ ജില്ലയിലെ ബീഘാപൂർ തഹ്‌സീലിലെ ഖുത്തുബ്ബുദ്ദീന്‍ ഗഢ്വ ഗ്രാമത്തിൽ നിന്നുള്ള അശോക് കുമാർ യാദവ്. 56 വയസ്സുള്ള, സംസ്ഥാന വൈദ്യുതി വകുപ്പിലെ കരാർ തൊഴിലാളിയായ യാദവ് പ്രദേശത്തെ ഒരു മരുന്നു കച്ചവടക്കാരനോട് പനിക്കും ചുമയ്ക്കുമുള്ള മരുന്ന് ചോദിച്ചു. ഏപ്രിൽ 22 മുതൽ അദ്ദേഹത്തിന് പനിയും ചുമയും ഉണ്ടായിരുന്നു. ചുമയെത്തുടർന്ന് അവസ്ഥ മോശമായിത്തീർന്നപ്പോൾ കുടുംബം അദ്ദേഹത്തെ ഏപ്രിൽ 25-ന് 45 കിലോമീറ്റർ അകലെയുള്ള ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാദവിന് ആര്‍.റ്റി.പി.സി.ആര്‍. പരിശോധന നടത്തി. പക്ഷെ ആശുപത്രിയിൽ കിടത്തിയില്ല. അടുത്ത ദിവസം കിടക്കയിൽ നിന്നെഴുന്നേറ്റ് ടോയ്ലറ്റിൽ പോയപ്പോൾ അദ്ദേഹം തറയിലേക്ക് കുഴഞ്ഞു വീഴുകയും മരിക്കുകയും ചെയ്തു.

"അങ്ങനെയാണത് സംഭവിച്ചത്”, അദ്ദേഹത്തിന്‍റെ ഭാര്യയും 51 – കാരിയുമായ വീട്ടമ്മ വിമല പറഞ്ഞു.

കുടുംബം - വിമലയും 19 മുതൽ 25 വയസ്സ് വരെ പ്രായമുള്ള മൂന്നു മക്കളും - ഒരു മുൻകരുതലും എടുക്കാതെ അദ്ദേഹത്തെ സംസ്കരിച്ചു. രണ്ടു ദിവസങ്ങൾക്ക് ശേഷം അവർക്കു ലഭിച്ച പരിശോധനാഫലം അനുസരിച്ച് അദ്ദേഹം കോവിഡ് പോസിറ്റീവ് ആയിരുന്നു. പക്ഷെ സർട്ടിഫിക്കറ്റ് നൽകിയ ജില്ലാ ആശുപത്രി മരണകാരണമായി പറഞ്ഞിരുന്നത് 'കാർഡിയോ റെസ്പിറേറ്ററി ഫെയിലിയർ’ (cardio respiratory failure) ആയിരുന്നു.

"എല്ലാ കോവിഡ്-19 കേസുകളും രേഖപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ടെങ്കിലും എല്ലാ കേസുകളിലും പരിശോധന നടന്നിട്ടില്ല എന്നത് സത്യമാണ്. ചില കേസുകളിൽ പരിശോധനാഫലം താമസിച്ചാണ് എത്തിയതും. എന്നിരിക്കിലും ഇപ്പോൾ ഞങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നു”, ലഖ്‌നൗവിലെ കോവിഡ്-19 കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന, സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഗിരിജ ശങ്കർ ബാജ്പയ് പറഞ്ഞു.

ഇപ്പോഴും, അത്തരത്തിലുള്ള എത്ര കേസുകളും മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടാതെയും മഹാമാരി മൂലമുള്ള അത്യാഹിതത്തിൽ ചേര്‍ക്കപ്പടാതെയും പോകുന്നത്? ഇതൊന്നും ഒരിക്കലും അറിയപ്പെടണമെന്നില്ല.

ഉന്നാവോ യിൽ നിന്ന് ദുർഗേഷ് സിംഗ് നൽകിയ വിവരങ്ങൾ അനുസരിച്ച് തയ്യാറാക്കിയത്.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Rana Tiwari

Rana Tiwari is a freelance journalist based in Lucknow.

Other stories by Rana Tiwari
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.