എസ്. മുത്തുപേച്ചി അവരുടെ ബുദ്ധിമുട്ടുകൾ ഓരോന്നായി ശാന്തമായി എണ്ണിപ്പറഞ്ഞു. പരമ്പരാഗത കലാരൂപമായ കരഗാട്ടം അവതരിപ്പിക്കുന്ന കലാകാരിയാണവർ. രാത്രി മുഴുവൻ നൃത്തം ചെയ്യേണ്ടിവരുന്ന ഒരു കലാരൂപം. ശാരീരികക്ഷമതയും കഴിവും ആവശ്യമായ ഒന്ന്. പക്ഷേ അവരോടുള്ള സമൂഹത്തിന്‍റെ പെരുമാറ്റം നിന്ദ്യമാണ്. ചീത്തപ്പേരും സഹിക്കണം. സാമൂഹികമായ സുരക്ഷിതത്വവുമില്ല. 44 വയസ്സുള്ള അവർ അതൊക്കെ തരണം ചെയ്തു.

അവർ ഒറ്റയ്ക്കാണ്. പത്തുവർഷം മുമ്പ് ഭർത്താവ് മരിച്ചുപോയി. എന്നിട്ടും ജീവിതച്ചിലവുകളെല്ലാം ചുരുക്കി രണ്ട് പെണ്മക്കളെ വിവാഹം കഴിപ്പിച്ചയച്ചു. അപ്പോഴാണ് കോവിഡ്-19 ആഞ്ഞടിച്ചത്.

കൊറോണ വൈറസിനെക്കുറിച്ച് പറയുമ്പോൾ അവരുടെ ശബ്ദത്തിൽ സങ്കടവും രോഷവും പ്രതിഫലിക്കുന്നു. “നശിച്ച കൊറോണ”, അവർ പറയുന്നു. “പൊതുവേദികളൊന്നുമില്ലാത്തതിനാൽ വരുമാനമൊന്നുമില്ല. പെൺ‌മക്കളിൽനിന്ന് ചിലവിന് വാങ്ങേണ്ട സ്ഥിതിയായി”.

കഴിഞ്ഞ വർഷം സർക്കാർ 2,000 രൂപ വാഗ്ദാനം ചെയ്തു. മുത്തുപേച്ചി കൂട്ടിച്ചേർത്തു. “പക്ഷേ കൈയ്യിൽ 1000 രൂപ മാത്രമേ കിട്ടിയുള്ളു. കഴിഞ്ഞ വർഷം ഞങ്ങൾ മധുരയിലെ കളക്ടർക്ക് ഹരജി കൊടുത്തു. പക്ഷേ ഇതുവരെയും ഒരു ഫലവുമുണ്ടായിട്ടില്ല”. നാടൻ കലാകാരന്മാരുടെ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കലാകാരന്മാർക്ക് കഴിഞ്ഞ 2020 ഏപ്രിലിൽ, തമിഴ്നാട് സർക്കാർ രണ്ടുതവണയായി 1000 രൂപ വീതം പ്രത്യേക സഹാ‍യധനം പ്രഖ്യാപിച്ചിരുന്നു.

മഹാവ്യാധി തുടങ്ങിയതിൽ‌പ്പിന്നെ മധുര ജില്ലയിലെ 1,200-ഓളം വരുന്ന കലാകാരന്മാർ പണിയില്ലാതെ ദുരിതത്തിലാണെന്ന് മധുരൈ ഗോവിന്ദരാജ് പറയുന്നു. അറിയപ്പെടുന്ന കലാകാരനും, നാ‍ടൻ കലാരൂപങ്ങളുടെ അദ്ധ്യാപകനുമാണ് അദ്ദേഹം. മേയ് മാസം മുത്തുപേച്ചിയെ ഞാൻ കാണുമ്പോൾ, അംബേദ്ക്കർ നഗറിനടുത്തുള്ള അവണിയാപുരം പട്ടണത്തിൽ ഏകദേശം 120 കരഗാട്ടം കലാകാരന്മാർ താമസിക്കുന്നുണ്ടായിരുന്നു.

ക്ഷേത്രോത്സവങ്ങളിലും, സാംസ്കാരിക ചടങ്ങുകളിലും, വിവാഹം, മരണം തുടങ്ങിയ സാമൂഹികാവസരങ്ങളിലും അവതരിപ്പിക്കുന്ന ഒരു ഗ്രാമീണ നൃത്തരൂപമാണ് കരഗാട്ടം. ആദിദ്രാവിഡ ജാതിയിൽ‌പ്പെട്ട ദളിതരാണ് കലാകാരന്മാർ. ഉപജീവനത്തിന് അവർ ആശ്രയിക്കുന്ന കലയാണ് അത്.

അലങ്കരിച്ച ഭാരമുള്ള കരഗങ്ങൾ (കുടങ്ങൾ) തലയിൽ വെച്ച് ആണുങ്ങളും പെണ്ണുങ്ങളും സംഘമായി അവതരിപ്പിക്കുന്ന നൃത്തരൂപമാണ് കരഗാട്ടം. മിക്കവാറും രാത്രി 10 മണിമുതൽ രാവിലെ 3 മണിവരെ തുടർച്ചയായി നൃത്തം ചെയ്യും അവർ.

PHOTO • M. Palani Kumar

വീടിനകത്ത് സ്ഥലമില്ലാത്തതിനാൽ പുറത്തുവെച്ച് പാചകം ചെയ്യുന്ന അവണിപുരത്തെ കരഗാട്ടം കലാകാരി എ . മുത്തുലക്ഷ്മി (ഇടത്ത്)

ഫെബ്രുവരി മുതൽ സെപ്റ്റംബർവരെയുള്ള കാലത്ത് നടക്കുന്ന ക്ഷേത്രോത്സവങ്ങളിൽനിന്നാണ് അവരുടെ വരുമാനത്തിന്‍റെ വലിയൊരു പങ്കും കിട്ടുന്നത്. ഒരു കൊല്ലം മുഴുവൻ ആ വരുമാനമുപയോഗിച്ച് ജീവിക്കാൻ നിർബന്ധിക്കപ്പെടുകയാണ് അവർ. അതല്ലെങ്കിൽ ജീവിക്കാൻ കടം വാങ്ങണം.

പക്ഷേ ഈ മഹാവ്യാധി അവരുടെ പരിമിതമായ വരുമാനത്തെപ്പോലും ബാധിച്ചിരിക്കുന്നു. ആഭരണങ്ങളും, തുച്ഛവിലയുള്ള വീട്ടുസാധനങ്ങളുമൊക്കെ അക്ഷരാർത്ഥത്തിൽ പണയം വെക്കേണ്ടിവന്നിരിക്കുന്ന ഇവർ ഇന്ന് ആശങ്കയിലാണ്.

“എനിക്കാകെ അറിയാവുന്നത് കരഗാട്ടമാണ്”. 30 വയസ്സുള്ള എം. നല്ലുതായ് പറയുന്നു. ഒറ്റയ്ക്ക് ജീവിക്കുന്ന ആ അമ്മ, 15 വർഷമായി കരഗാട്ടം അവതരിപ്പിക്കുന്നു. “ഇപ്പോൾ ഞാനും എന്‍റെ രണ്ട് കുട്ടികളും റേഷനരിയും ധാന്യങ്ങളും കഴിച്ചാണ് ജീവിക്കുന്നത്. എത്രകാലം സാധിക്കുമെന്ന് എനിക്കറിയില്ല. മാസത്തിൽ പത്തുദിവസമെങ്കിലും ജോലി കിട്ടണം. എന്നാലേ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനും അവരുടെ സ്കൂൾഫീസ് അടയ്ക്കാനുമൊക്കെ കഴിയൂ”.

ഒരു സ്വകാര്യ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വാർഷിക ഫീസ് 40,000 രൂപയാണ്. ഞാൻ ഈ തൊഴിൽ നിർത്തണമെന്നാണ് അവർ പറയുന്നത്. നല്ലുതായ് പറഞ്ഞു. നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഴിഞ്ഞാൽ അവർക്ക് കൂടുതൽ സാധ്യതകളുണ്ടാവും. പക്ഷേ അതൊക്കെ ഈ മഹാവ്യാധിക്ക് മുമ്പായിരുന്നു. “ഇപ്പോൾ ദൈനംദിന ചിലവുകൾ നടത്താൻപോലും ബുദ്ധിമുട്ടായിരിക്കുന്നു”.

ഉത്സവത്തിന് കരഗാട്ടം അവതരിപ്പിച്ചാൽ ഒരാൾക്ക് 1500 മുതൽ 3000 രൂപവരെ കിട്ടും. ശവസംസ്കാരത്തിന് ഒപ്പാരി പാടിയാൽ (മരിച്ചുപോയവരുടെ ബന്ധുക്കൾക്കുവേണ്ടി കരഞ്ഞുകൊണ്ട് പാട്ടുപാടുന്ന ഒരു തമിഴക ആചാരം) പ്രതിഫലം കുറവാണ്. 500 മുതൽ 800 വരെ മാത്രമേ കിട്ടൂ.

മഹാവ്യാധിയുടെ ഈ കാലത്ത് ശവസംസ്കാരങ്ങളാണ് അവരുടെ പ്രധാന വരുമാനോപാധി. 23 വയസ്സുള്ള എ. മുത്തുലക്ഷ്മി പറയുന്നു. നിർമ്മാണത്തൊഴിലാളികളായ അച്ഛനമ്മമാരുടെ കൂടെ, അംബേദ്കർ നഗറിൽ, എട്ടടി നീളവും എട്ടടി നീളവുമുള്ള ഒരു മുറിയിലാണ് അവർ താമസിക്കുന്നത്. മഹാവ്യാധിയുടെ കാലത്ത് ഇവർക്കാർക്കും അധികം സമ്പാദിക്കാൻ കഴിഞ്ഞില്ല. അടച്ചുപൂട്ടലിൽ അല്പം അയവ് വന്നപ്പോൾ കാര്യങ്ങൾ ഭേദപ്പെട്ടുവെങ്കിലും കരഗാട്ടം കലാകാരന്മാരുടെ പ്രതിഫലത്തിൽ കുറവ് വന്നു. ഉത്സവങ്ങൾക്ക്, പണ്ട് കിട്ടിയിരുന്നതിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.

57 വയസ്സുള്ള മുതിർന്ന കലാകാരി, ആർ. ജ്ഞാനമ്മാൾ നിലവിലെ സ്ഥിതിയിൽ ആകെ തകർന്നുപോയിരിക്കുന്നു. “ആകെ മടുത്തുപോയി” അവർ പറയുന്നു. “ചിലപ്പോൾ തോന്നും, ജീവിതം അവസാനിപ്പിച്ചാലോ എന്ന്”.

PHOTO • M. Palani Kumar

മുതിർന്ന കലാകാരിയും അഞ്ച് കുട്ടികളുടെ മുത്തശ്ശിയുമായ ആർ . ജ്ഞാനമ്മാൾ നിരവധി ചെറുപ്പക്കാരായ കരഗാട്ടം കലാകാരന്മാരെ പരിശീലിപ്പിച്ചിട്ടുണ്ട്.

ജ്ഞാനമ്മാളിന്‍റെ രണ്ട് ആണ്മക്കളും ഇന്ന് ജീവിച്ചിരിപ്പില്ല. രണ്ട് പുത്രവധുക്കളുടെ കൂടെ അവർ കുടുംബം പുലർത്തുന്നു. അഞ്ച് പേരക്കുട്ടികളുമുണ്ട്. ഈ പ്രായത്തിലും അവർ കരഗാട്ടം അവതരിപ്പിക്കാൻ പോകാറുണ്ട്. അവരുടെ ഇളയ മരുമകളുടെ കൂടെ. തയ്യൽക്കാരിയായ മൂത്ത മരുമകളാണ് അപ്പോൾ വീടിന്‍റെ ചുമതല ഏൽക്കുക.

പരിപാടികളും ഉത്സവങ്ങളുമൊക്കെ പതിവായിരുന്ന കാലത്ത്, ഭക്ഷണം കഴിക്കാനുള്ള സമയം‌പോലും കിട്ടാത്തവിധം തിരക്കായിരുന്നുവെന്ന് പറയുന്നു, 35 വയസ്സുള്ള എം. അളകുപാണ്ടി. “കൊല്ലത്തിൽ 120 മുതൽ 150 ദിവസംവരെ ജോലിയുണ്ടായിരുന്നു”.

അളകുപാണ്ടിക്ക് വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും, അവരുടെ കുട്ടികൾക്ക് പഠിക്കാൻ താത്പര്യമുണ്ട്. “എന്‍റെ മകൾ കം‌പ്യൂട്ടർ സയൻസിൽ ബി.എസ്.സി.ക്ക് പഠിക്കുകയാണ്. പക്ഷേ ഈ ഓൺ‌ലൈൻ ക്ലാസ്സുകൾ വലിയ പണച്ചിലവുള്ളതാണ്” അവർ പറയുന്നു. “പൈസയ്ക്കുവേണ്ടി ഞങ്ങൾ ബുദ്ധിമുട്ടുമ്പോഴും മുഴുവൻ ഫീസും കെട്ടാൻ‌വേണ്ടി കോളേജുകാർ നിർബന്ധിക്കുകയാണ്”.

അമ്മായി കരഗാട്ടം കലാകാരിയായതിനാൽ ആ തൊഴിലിൽ വന്നുപെട്ട 33 വയസ്സുള്ള ടി. നാഗജ്യോതിയുടെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷവും അടിയന്തരവുമാണ്. ആറുവർഷം മുമ്പ് ഭർത്താവ് മരിച്ചതിൽ‌പ്പിന്നെ, സ്വന്തമായ വരുമാനം മാത്രമാണ് അവർക്കുള്ളത്. “എന്‍റെ മക്കൾ 9-ലും 10-ലുമാണ് പഠിക്കുന്നത്. അവരെ പോറ്റാൻ ബുദ്ധിമുട്ടുകയാണ് ഞാനിപ്പോൾ”. അവർ പറയുന്നു.

ഉത്സവകാലത്ത് 20 ദിവസംവരെ അവർ തുടർച്ചയായി നൃത്തമവതരിപ്പിച്ചിരുന്നു. അസുഖമാവുമ്പോൾപ്പോലും മരുന്ന് കഴിച്ച് ജോലിക്ക് പോവും. “എന്ത് സംഭവിച്ചാലും നൃത്തം ഞാൻ ഉപേക്ഷിക്കില്ല, അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് കരഗാട്ടം”.

ഈ രോഗകാലം കരഗാട്ടം കലാകാരന്മാരുടെ ജീവിതത്തെ അടിമുടി തകർത്തുകളഞ്ഞിരിക്കുന്നു. സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനായി, സംഗീതവും താത്ക്കാലിക വേദികളും വരുമാനവും കാത്തിരിക്കുകയാണ് അവർ.

“ഈ തൊഴിൽ നിർത്താനാണ് മക്കൾ പറയുന്നത്”, അളകുപാണ്ടി പറയുന്നു. “അവർക്ക് നല്ല വിദ്യാഭ്യാസവും ജോലിയും കിട്ടിയാൽ മാത്രമേ ഞങ്ങൾക്കിത് നിർത്താനാവൂ”.

PHOTO • M. Palani Kumar

തലയിൽ വെച്ച് നൃത്തം ചെയ്യുന്ന അലങ്കാരപ്പണികളുള്ള കരഗവുമായി എം . അളകുപാണ്ടി . തന്‍റെ മക്കൾ തൊഴിൽ പിന്തുടരണമെന്ന് അവർ ആഗ്രഹിക്കുന്നില്ല .

PHOTO • M. Palani Kumar

കരഗാട്ടത്തിൽ ഉപയോഗിക്കുന്ന തവിൽ എന്ന വാദ്യവുമായി 64 വയസ്സുള്ള പാട്ടുകാരൻ എൻ . ജയരാമൻ

PHOTO • M. Palani Kumar

. ഉമയും അവരുടെ ഭർത്താവ് നല്ലുരാമനും കലാകാരന്മാരാണ് . അവർ നൃത്തം അവതരിപ്പിക്കുമ്പോൾ അയാൾ പറ എന്ന ചെണ്ട വായിക്കുന്നു .

PHOTO • M. Palani Kumar

കലാകാരന്മാരുടെ വീടുകളിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന സംഗീതോപകരണങ്ങൾ അവരുടെ തൊഴിലില്ലായ്മയുടെ നൊമ്പരപ്പെടുത്തുന്ന നേർച്ചിത്രങ്ങളാണ് .

PHOTO • M. Palani Kumar

തൊഴിലില്ലാത്തതിനാൽ കടത്തിൽ മുങ്ങിയിരിക്കുകയാണ് എം . നല്ലുതായ് . മഹാവ്യാധി ഇനിയും നീണ്ടുപോയാൽ തന്‍റെ മക്കൾക്ക് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവരുമെന്ന് ആശങ്കപ്പെടുകയാണ് അവർ .

PHOTO • M. Palani Kumar

കരഗാട്ടത്തിനോട് ആളുകൾക്ക് ബഹുമാനം നഷ്ടപ്പെട്ടുവെന്നും , കലാകാരന്മാരെ ആളുകൾ നല്ലരീതിയിൽ പരിഗണിക്കുന്നില്ലെന്നും എസ് . മുത്തുപേച്ചി പറയുന്നു . വസ്ത്രങ്ങൾ മാറാനുള്ള മുറിപോലും തരുന്നില്ലെന്ന് പറയുന്നു അവർ .

PHOTO • M. Palani Kumar

12 വയസ്സിൽ നൃത്തമവതരിപ്പിക്കാൻ തുടങ്ങിയതാണ് ടി. നാഗജ്യോതി. അലങ്കാരപ്പണികൾ ചെയ്ത കരഗമാണ് കരഗാട്ടത്തിലെ മുഖ്യഘടകം.

PHOTO • M. Palani Kumar

കരഗാട്ടം കലാകാരന്മാരായ 29 വയസ്സുള്ള എം. സൂരിയദേവിക്കും പറ കൊട്ടുന്ന ഭർത്താവ് വി. മഹാലിംഗത്തിനും മഹാവ്യാധികാലത്ത് വീടിന്‍റെ വാടക കൊടുക്കാൻ പോലും സാധിക്കുന്നില്ല. മക്കളെ കുറേ മാസത്തേക്ക് സൂരിയദേവി അവരുടെ അമ്മയുടെ വീട്ടിലേക്കയച്ചു. പ്രാദേശികമായ ഒരു എൻ.ജി.ഒ.യുടെ സഹായത്തോടെയാണ് അവരിപ്പോൾ കഴിയുന്നത്.

PHOTO • M. Palani Kumar

വേഷങ്ങളണിഞ്ഞ് എൻ . മുത്തുപാണ്ടി. 50 വയസ്സുള്ള അയാൾ, കരഗാട്ടത്തിന് പുറമേ, നാടകങ്ങളിൽ കോമാളിവേഷവും കെട്ടുന്നു. കോവിഡ് കാലം നീണ്ടുപോയാൽ തന്‍റെ തൊഴിൽ ഇല്ലാതാകുമെന്ന് അയാൾ ഭയപ്പെടുന്നു.

PHOTO • M. Palani Kumar

33 വയസ്സുള്ള എസ്. ദേവി, അവണിപുരത്തെ അംബേദ്കർ നഗറിലെ തന്‍റെ വീടിന്‍റെ മുൻപിൽ. കുട്ടിക്കാലം മുതൽ അവർ കരഗാട്ടം അവതരിപ്പിക്കുന്നു.

റിപ്പോർട്ടറോടൊപ്പം ഈ കഥയുടെ പാഠം എഴുതിയത് അപർണ കാർത്തികേയൻ

പരിഭാഷ: രാജീവ് ചേലനാട്ട്

M. Palani Kumar

M. Palani Kumar is Staff Photographer at People's Archive of Rural India. He is interested in documenting the lives of working-class women and marginalised people. Palani has received the Amplify grant in 2021, and Samyak Drishti and Photo South Asia Grant in 2020. He received the first Dayanita Singh-PARI Documentary Photography Award in 2022. Palani was also the cinematographer of ‘Kakoos' (Toilet), a Tamil-language documentary exposing the practice of manual scavenging in Tamil Nadu.

Other stories by M. Palani Kumar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat