“സര്‍ക്കാരിനോട് ഉറങ്ങരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു...”

അതായിരുന്നു അനുകരണീയയായ ഹൗസാബായ് പാട്ടീല്‍, തീപ്പൊരി സ്വാതന്ത്ര്യസമര പോരാളി, പ്രഭാവമുള്ള നേതാവ്, കര്‍ഷകരുടെയും പാവങ്ങളുടെയും പാര്‍ശ്വവത്കൃതരുടെയും വിട്ടുവീഴ്ച്ചയില്ലാത്ത വക്താവ്. 2018 നവംബറില്‍ പാര്‍ലമെന്‍റിലേക്ക് നടന്ന കര്‍ഷകരുടെ ബൃഹത് ജാഥയ്ക്ക് അവര്‍ അയച്ച സന്ദേശങ്ങളാണ് വീഡിയോയിലുള്ള ആ വാക്കുകള്‍.

“കര്‍ഷകരുടെ വിളകള്‍ക്ക് മികച്ച വില കിട്ടണം”, വീഡിയോയില്‍ അവരുടെ ശബ്ദം ഇടിമുഴങ്ങി. “നീതി ലഭിക്കുന്നതിനായി ഞാന്‍ അവിടെവരും”, എന്നും ജാഥയില്‍ ചേരുമെന്നും അവര്‍ സമരക്കാരോട് പറഞ്ഞു. 93 വയസ്സായെന്നതും നല്ല ആരോഗ്യസ്ഥിതിയിലല്ല എന്നതും അവര്‍ പരിഗണിക്കുന്നേയില്ല. “ഉറങ്ങരുത്, ഉണര്‍ന്ന് പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം”, എന്ന് അവര്‍ സര്‍ക്കാരിന് താക്കീത് നല്‍കി.

എല്ലായ്പ്പോഴും ഉണര്‍ന്നിരുന്ന, ജാഗരൂകയായിരുന്ന ഹൗസാബായ് 2021 സെപ്തംബര്‍ 23-ന് 95-ാം വയസ്സില്‍ സാംഗ്ലിയില്‍ അവസാന ഉറക്കത്തിലേക്ക് കടന്നു. എത്രയധികമായിരിക്കും എനിക്കവരെ നഷ്ടപ്പെടുക.

ബ്രിട്ടീഷ് തീവണ്ടികള്‍ ആക്രമിക്കുകയും പോലീസ് ആയുധപ്പുരകള്‍ കൊള്ളയടിക്കുകയും ബ്രിട്ടീഷ് സര്‍ക്കാര്‍ ഭരണാവശ്യങ്ങള്‍ക്കും ചിലപ്പോള്‍ കോടതിമുറികള്‍ പോലുമായി ഉപയോഗിച്ചിരുന്ന തപാല്‍ ബംഗ്ലാവുകള്‍ക്ക് തീ വയ്ക്കുകയും ചെയ്ത വിപ്ലവകാരികളുടെ സംഘങ്ങളുടെ ഭാഗമായിരുന്നു 1943 മുതല്‍ 1946 വരെയുള്ള കാലഘട്ടത്തില്‍ ഹൗസാബായ് (ഹൗസാതായ് എന്നായിരുന്നു അവരെ കൂടുതലായും വിളിച്ചിരുന്നത്; ‘തായ്’ എന്നത് മാറാഠിയില്‍ മുതിര്‍ന്ന സ്ത്രീകളെ ബഹുമാനപൂര്‍വ്വം വിളിക്കുന്ന പേരാണ്). 1943-ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സാത്താരയിലെ പ്രതിസര്‍ക്കാരിന്‍റെ അല്ലെങ്കില്‍ താത്കാലികമായി, ഒളിവില്‍ പ്രവര്‍ത്തിച്ച സര്‍ക്കാരിന്‍റെ സായുധ വിഭാഗമായിരുന്ന തൂഫാന്‍സേന എന്ന വിപ്ലവസംഘത്തില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നു.

പാതിരാത്രിയില്‍ മാണ്ഡവി നദിക്കു കുറുകെ സഹ പ്രവര്‍ത്തകര്‍ക്കൊപ്പം ഒരു തടിപ്പെട്ടിയില്‍ ഒഴുകിനീങ്ങിക്കൊണ്ട് 1944-ല്‍, അന്ന് പോര്‍ച്ചുഗീസ് ഭരണത്തിലായിരുന്ന, ഗോവയില്‍ ഒളിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകപോലും ചെയ്തു. പക്ഷെ അവര്‍ ഊന്നിപ്പറഞ്ഞത് “സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ചില ചെറിയ കാര്യങ്ങള്‍മാത്രം ചെയ്തു. ഞാന്‍ വലിയ, മഹത്തായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല” എന്നാണ്. അധികം പറയപ്പെടാതെപോയ ഹൗസാബായിയുടെ ധീരത എന്ന എന്‍റെ പ്രിയപ്പെട്ട ലേഖനങ്ങളിലൊന്നിലൂടെ അവരെക്കുറിച്ച് മനസ്സിലാക്കുക.

ബ്രിട്ടീഷ് തീവണ്ടികള്‍ ആക്രമിക്കുകയും പോലീസ് ആയുധപ്പുരകള്‍ കൊള്ളയടിക്കുകയും തപാല്‍ ബംഗ്ലാവുകള്‍ക്ക് തീവയ്ക്കുകയും ചെയ്ത വിപ്ലവസംഘത്തിന്‍റെ ഭാഗമായിരുന്നു ഹൗസാബായ്

വീഡിയോ കാണുക: 'ഉറങ്ങരുതെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു'

അവര്‍ മരിച്ച അന്നുതന്നെ ജേര്‍ണലിസം വിദ്യാര്‍ത്ഥികളോട് ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചു. രാജ്യസ്നേഹത്തെക്കുറിച്ചും ഇന്‍ഡ്യന്‍ ദേശീയതയെക്കുറിച്ചും സംസാരിക്കാന്‍ ആ വേദി ഇന്ന് കയ്യാളിയിരിക്കുന്ന ഏത് കാപട്യക്കാരേക്കാളും യോഗ്യയായ ഒരു പോരാളി ഇവിടെ ഉണ്ടായിരുന്നു. മത, ജാതി അടിസ്ഥാനത്തില്‍ ഇന്ത്യക്കാരെ വിഭജിക്കാതെ അവരെ ഒരുമിച്ച് നിര്‍ത്തുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്നും വിമോചിപ്പിക്കയും ചെയ്യുക എന്ന ആവശ്യകതയാല്‍ നയിക്കപ്പെടുന്ന രാജ്യസ്നേഹമായിരുന്നു അത്. പ്രതീക്ഷയുടെ, വെറുപ്പിന്‍റെയല്ല, പ്രത്യയശാസ്ത്രങ്ങളാല്‍ ഇഴചേര്‍ക്കപ്പെട്ട മതേതരത്വത്തിന്‍റെ ചൈതന്യമായിരുന്നു അത്. സ്വാതന്ത്ര്യത്തിന്‍റെ, മതഭ്രാന്തിന്‍റെയല്ല, കാവല്‍ പടയാളിയായിരുന്നു അവര്‍.

പാരി (PARI) അവരുമായി നടത്തിയ കൂടിക്കാഴ്ച ഞാനൊരിക്കലും മറക്കില്ല. അതിന്‍റെയവസാനം അവര്‍ ഞങ്ങളോട് ചോദിച്ചു: “അപ്പോള്‍, നിങ്ങള്‍ എന്നെ കൂട്ടാന്‍ പോവുകയാണോ?”

“പക്ഷെ എങ്ങോട്ടാണ് ഹൗസാബായ്?”

“നിങ്ങളുടെയൊക്കെക്കൂടെ പ്രവര്‍ത്തിക്കുന്നതിനായി”, ചിരിച്ചുകൊണ്ടവര്‍ പറഞ്ഞു.

‘സ്വാതന്ത്ര്യത്തിന്‍റെ കാവല്‍പ്പടയാളികള്‍: ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ അവസാന ധീരയോദ്ധാക്കള്‍’ എന്ന ഒരു പുസ്തകം തയ്യാറാക്കുകയാണ് ഞാന്‍. ഹൗസാബായ് അത് വായിക്കാനുണ്ടാവില്ല എന്ന വസ്തുതയേക്കാള്‍ എന്നെ ദുഃഖിപ്പിക്കുന്ന മറ്റൊന്നുമില്ല. അവരുടെ കഥ ഇതിലെ ഒരു പ്രധാന അദ്ധ്യായമാണ്‌.

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.