താനല്ല തന്‍റെ സുഹൃത്താണ് കടയുടെ ഉടമയെന്ന് അയാൾ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ "ഉടമയുടെ ഒരു ബന്ധുവാണ്” എന്ന നിലയിൽ സ്വയം അവതരിപ്പിച്ചു. പിന്നെയും കുറച്ചു കഴിഞ്ഞപ്പോൾ “കടയിൽ ജോലി ചെയ്യുന്ന ബന്ധു” ആയി അയാൾ മാറി. ആ രീതിയിൽ ഞങ്ങൾ ചോദ്യങ്ങൾ തുടർന്നിരുന്നെങ്കിൽ അയാൾ സ്വയം ഉടമയായി പ്രഖ്യാപിക്കുമായിരുന്നു.

ഫോട്ടൊ എടുക്കാൻ അയാൾ വിസമ്മതിച്ചു. കടയ്ക്കുള്ളിൽ ഞങ്ങൾ ഷൂട്ട് ചെയ്യാനും അയാൾ താൽപര്യപ്പെട്ടില്ല. എന്നിരിക്കിലും പുറത്ത് ചൂണ്ടുപലകയുടെ ഫോട്ടൊ എടുക്കുന്നതിൽ അയാൾക്ക് സന്തോഷമായിരുന്നു.

കവാടത്തിൽ നിന്ന് കുറച്ച് മാറി വിദേശി ശരബ് ദൂഖാൻ എന്ന് ബോർഡിൽ വായിക്കാമായിരുന്നു (അതായത്, വിദേശ മദ്യശാല എന്ന്). ലൈസൻസി: രമേഷ് പ്രസാദ്. ഇപ്പോഴത്തെ ഛത്തീസ്ഗഢിലെ (അന്ന് മദ്ധ്യപ്രദേശ്) സർഗുജ ജില്ലയിലെ കട്ഘോര പട്ടണത്തിന്‍റെ ഓരത്തായിരുന്നു അത്. ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്ന ഭാഗികമായി ലഹരിയിലായിരുന്ന ആൾ തീർച്ചയായും രമേഷ് പ്രസാദ് ആയിരുന്നില്ല. അയാൾക്ക് ഈ വിദേശ മദ്യശാലയുമായുണ്ടായിരുന്ന ഒരേയൊരു ബന്ധം ഈ വിദേശ മദ്യശാലയിലെ വലിയൊരു ഉപഭോക്താവ് എന്ന നിലയിലായിരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കാൻ തുടങ്ങിയിരുന്നു.

വിദേശ മദ്യമോ? എന്നാൽ തികച്ചും അങ്ങനെയല്ല. എന്നാണ് അവസാനമായി ഐ.എം.എഫ്.എൽ. എന്ന ചുരുക്കെഴുത്ത് കേട്ടതെന്ന് എനിക്ക് ഓർമ്മയില്ല. ഇന്ത്യൻ നിർമ്മിത വിദേശ മദ്യം എന്നതാണ് അതിന്‍റെ പൂർണ്ണ രൂപം (IMFL - Indian Made Foreign Liquor). അന്ന്, 1994-ൽ ഈ ചിത്രം എടുത്തപ്പോൾ ഐ.എം.എഫ്.എൽ., സ്വദേശി മദ്യം എന്നിവ പരസ്പരം എതിരാണെന്ന രീതിയിൽ കടുത്ത വാദപ്രതിവാദം നടക്കുകയായിരുന്നു..

ലോ ഇൻസൈഡർ എന്ന വെബ്സൈറ്റിൽ നിന്നും ഞാൻ മനസ്സിലാക്കിയ പ്രകാരം ഐ.എം.എഫ്.എൽ. എന്ന ഇനം കൊണ്ട് "അർത്ഥമാക്കുന്നത് വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ജിൻ, ബ്രാണ്ടി, വിസ്കി, അഥവാ റം എന്നിവയെപ്പോലെ ഇന്ത്യയിൽ ഉൽപാദിപ്പിക്കുകയോ നിർമ്മിക്കുകയോ മിശ്രിതമാക്കുകയോ ചെയ്യുന്ന മദ്യവും, അതു കൂടാതെ പാൽ പഞ്ചിനെയും അത്തരത്തിലുള്ള ഏത് തരം മദ്യങ്ങളെയും ഉൾക്കൊളളുകയും, എന്നാൽ ബീർ, വീഞ്ഞ്, വിദേശമദ്യം എന്നിവയെയൊന്നും ഉൾക്കൊളളാത്തതുമായ മദ്യം” എന്നാണ്. ശ്രദ്ധിക്കുക "ബീർ, വീഞ്ഞ്, വിദേശ മദ്യം” എന്നിവയെ ഒഴിവാക്കിയിരിക്കുന്നു.

ഇറക്കുമതി ചെയ്ത മദ്യവും അവയ്ക്കു നിർബന്ധമായും ഉണ്ടായിരിക്കേണ്ട തദ്ദേശീയ ഘടകങ്ങളും (ശർക്കരപ്പാവ്, അല്ലെങ്കിൽ ഇറക്കുമതി ചെയ്ത സാധനങ്ങളുടെ സാധാരണ തദ്ദേശീയ മിശ്രണം അല്ലെങ്കിൽ ബോട്ട്ലിംഗ്) ഐ.എം.എഫ്.എൽ. ഇനത്തിൽ പെടുന്നു.

PHOTO • P. Sainath

അന്ന് തദ്ദേശീയ മദ്യ നിർമ്മാതാക്കൾക്കിടയിലുണ്ടായ ദേഷ്യം ന്യായീകരിക്കപ്പെട്ടു. കളള്, ചാരായം, മറ്റ് തദ്ദേശീയ ഉൽപന്നങ്ങൾ എന്നിവയൊക്കെ ഒരു സംസ്ഥാനത്ത് അല്ലെങ്കിൽ മറ്റൊരിടത്ത് പല കാലങ്ങളിലായി നിരോധിക്കപ്പെട്ടു. പക്ഷെ ഐ.എം.എഫ്.എൽ. ആഘോഷിക്കപ്പെട്ടു. ഞങ്ങൾ ഈ വിദേശ മദ്യശാലയിലേക്ക് നോക്കിയിരുന്നപ്പോൾ, 1993-ൽ 1,700 കിലോമീറ്റർ അകലെ തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ കണ്ടകാര്യം ഞാൻ ഓർമ്മിച്ചു. അവിടെ ‘ബ്രാണ്ടി കടകൾ’ എന്ന് തെക്കൻ തമിഴ്‌നാട്ടിൽ വിളിക്കപ്പെട്ടിരുന്ന ഐ.എം.എഫ്.എൽ. കേന്ദ്രങ്ങൾ ലേലം വിളിക്കുന്ന തിരക്കിലായിരുന്നു ചാരായ വിരുദ്ധ അധികാരികൾ. നിയമവിധേയമായ മദ്യം വിൽക്കുന്നതിൽ നിന്നുള്ള എക്സൈസ് വരുമാനത്തെ ബാധിച്ചിരുന്നതിനാൽ ചാരായം അവിടെ പ്രശ്നകാരിയായിരുന്നു.

നിരോധനത്തെ പ്രോത്സാഹിപ്പിച്ച ഉദ്യോഗസ്ഥരിലെ പ്രമുഖനായ ഒരാൾക്ക് ഒരു ഡി.എം.കെ. പ്രവർത്തകൻ ഒരു പൊതുയോഗത്തിൽ വച്ച് 5 രൂപ നൽകുകയും അവരെ അമ്പരപ്പിക്കുകയും ചെയ്തു. ഇത് "ബ്രാണ്ടി കടകൾ പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ മദ്യപാനത്തിന്‍റെ തിന്മകൾക്കെതിരെ പോരാടുന്നതിന് നിങ്ങൾക്ക് നൽകുന്ന പ്രതിഫലമാണ്”, അദ്ദേഹം പറഞ്ഞു,

1994-ലെ കട്ഘോരയിലേക്ക് തിരിച്ചെത്തിയാൽ, സമയം വൈകിയെന്ന് മനസ്സിലാക്കിയ ഞങ്ങൾ ഭാഗികമായി ലഹരിയിലായിരുന്ന സ്വയം നിയമിത മാർഗ്ഗനിർദ്ദേശകനെ ഒഴിവാക്കി. വൈദേശിക സ്വാധീനങ്ങൾക്ക് വിധേയനായിരിക്കുക എന്നതിനെ മുറുകെപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു അപ്പോൾ അയാൾ. വിദേശ മദ്യശാലയുടെ ലൈസൻസിയായ രമേശ് പ്രസാദിനെ കണ്ടുമുട്ടാൻ ഒരിക്കലും ഞങ്ങൾക്ക് കഴിഞ്ഞില്ല. മൂന്ന് മണിക്കൂറിനുള്ളിൽ അംബികാപൂരിലെത്താൻ ഞങ്ങൾക്ക് ദേശി ഹൈവേയിൽ എത്തണമായിരുന്നു.

ഈ ഡിസംബർ 22-ന് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തെക്കുറിച്ച് ഞാൻ ഓർത്തത് മദ്ധ്യപ്രദേശ് എക്സൈസ് വകുപ്പ് മന്ത്രി ജഗ്ദീഷ് ദേവ്ത "ഐ.എം.എഫ്.എൽ. ഉപഭോഗം 2010-11-ലെ 341.86 ലക്ഷം പ്രൂഫ് ലിറ്ററിൽ നിന്ന് 2020-21-ൽ 23.05 ശതമാനം വർദ്ധനവോടെ 420.65 ലക്ഷം പ്രൂഫ് ലിറ്ററായി ഉയർന്നു” എന്ന് സംസ്ഥാന അസംബ്ലിയോട് (ഒരുതരം അഭിമാനത്തോടെ) പറഞ്ഞപ്പോഴായിരുന്നു .

ഇനി, ഈ പ്രൂഫ് ലിറ്ററിലെ ‘പ്രൂഫ്’ എന്താണ്? മദ്യത്തിലെ ആൽക്കഹോളിന്‍റെ അളവ് അറിയുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇംഗ്ലണ്ടിൽ തുടങ്ങിയ ഒരു പരിശോധനയാണിത്. വിദഗ്ദ്ധർ പറയുന്നത് ആൽക്കഹോളിന്‍റെ അളവ് അറിയുന്നതിനുള്ള അളവുകോലായ ഇത്തരം ‘പ്രൂഫ്’ ഇപ്പോൾ മിക്കവാറും ചരിത്രപരമായി തീർന്നിരിക്കുന്നു എന്നാണ്. നന്നായി, മദ്ധ്യപ്രദേശ് ഇപ്പോഴും ചരിത്രം സൃഷ്ടിക്കുകയായിരിക്കും – മന്ത്രി ദേവ്ദയുടെ വാദംപോലെ. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്‍റെ ഉപഭോഗം 23 ശതമാനമായി വർദ്ധിച്ച ഇതേ ദശകത്തിൽ നാടൻ മദ്യത്തിന്‍റെ ഉപഭോഗം വെറും 8.2 ശതമാനമാണ് വർദ്ധിച്ചത് – ഇതിന്‍റെ ആകെ ഉപഭോഗം ഇപ്പോഴും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്‍റെ ഇരട്ടി ആണെങ്കിൽ പോലും. അതുകൊണ്ട് ദേശിയാണ് വലുത്. പക്ഷെ വിദേശിയുടെ വർച്ചനിരക്ക് ദേശിയുടേതിന്‍റെ ഇരട്ടിയാണ്. സ്വാഭിമാനികളായ ദേശസ്നേഹികളെ കുഴപ്പത്തിലാക്കുന്ന ഒരുതരം വിരോധാഭാസമാണിത്.

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.