അല്ല, കിഷന്‍ജി ലോറിയുടെ പിന്നിലെ വാതിലിന്‍റെ (വാതിലോ മറ്റെന്ത് പേരോ ആകട്ടെ അതിന്) ദ്വാരത്തിലൂടെ ഒളിഞ്ഞു നോക്കുകയല്ല. ലോറിയില്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശിലെ മുറാദാബാദ് നഗരത്തോട് തൊട്ടുചേര്‍ന്നുള്ളള്ള ഏതോ ചെറിയ ഗ്രാമത്തിലെ സംഭരണശാലയില്‍ അതിലെ സാധനങ്ങള്‍ ഇറക്കിക്കഴിഞ്ഞു.

എഴുപതുകളുടെ മദ്ധ്യത്തിലുള്ള കിഷന്‍ജി തന്‍റെ ചെറിയ ഉന്തുവണ്ടിയില്‍ നിലക്കടലയും വീട്ടിലുണ്ടാക്കുന്ന ചെറുപലഹാരങ്ങളും വില്‍ക്കുന്ന ചെറിയൊരു വഴിക്കച്ചവടക്കാരനായിരുന്നു. “മറന്നുവച്ച കുറച്ചു സാധനങ്ങള്‍ എടുക്കാന്‍ ഞാന്‍ വീട്ടിലേക്കു പോയതാണ്”, അദേഹം ഞങ്ങളോട് പറഞ്ഞു. “തിരിച്ചുവന്നപ്പോള്‍ ഈ വലിയലോറി എന്‍റെ വണ്ടിയുടെ പകുതി ഭാഗത്തേക്ക് കയറിയിരിക്കുന്നത് ഞാന്‍ കണ്ടു.”

സംഭവിച്ചതെന്തെന്നാല്‍ കിഷന്‍ജിയുടെ വിലപ്പെട്ട ഉന്തുവണ്ടി കിടക്കുന്നിടത്തേക്ക് പിറകുഭാഗം ചേര്‍ത്ത് ആ വലിയ വാഹനം ഇവിടെ പാര്‍ക്ക് ചെയ്തതാണ്. ചെറിയ ഉന്തുവണ്ടിയോട് വളരെ ചേര്‍ന്നാണോ എന്നകാര്യം ശ്രദ്ധിക്കാന്‍ ഡ്രൈവര്‍ മെനക്കെട്ടില്ല. ശേഷം, ഡ്രൈവറും സഹായിയും സുഹൃത്തുക്കളുടെയടുത്തേക്ക് പോയി, അല്ലെങ്കില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയി. പിന്‍വാതിലിന്‍റെ മുകള്‍ഭാഗം ഉന്തുവണ്ടിയോടു ചേര്‍ന്ന് മുറുകി. യഥാര്‍ത്ഥത്തില്‍ ആ ഭാഗം ഉന്തുവണ്ടിയുടെ മുകളിലായിപ്പോയി. അദ്ദേഹം അത് അവിടെനിന്നും ഒഴിവാക്കിയെടുക്കാന്‍ നോക്കുകയായിരുന്നു. കാഴ്ചക്കുറവുള്ള കിഷന്‍ജി തടസ്സം, അല്ലെങ്കില്‍ പെട്ടുകിടക്കുന്നത്, എവിടെയാണെന്ന് വിടവിലൂടെ നോക്കുകയായിരുന്നു

ഡ്രൈവറും സഹായിയും എവിടെപ്പോയെന്ന് ഞങ്ങള്‍ അദ്ഭുതപ്പെട്ടു. അവര്‍ എവിടെയായിരുന്നുവെന്നോ ആരായിരുന്നുവെന്നോ കിഷന്‍ജിക്കും അറിയില്ലായിരുന്നു. പക്ഷെ അവരുടെ വംശപരമ്പരയെക്കുറിച്ച് അദ്ദേഹത്തിന് ചില ധാരണകളുണ്ടായിരുന്നു. അദ്ദേഹമത് സ്വതന്ത്രമായി പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ പദാവലികളെ പ്രായം തളര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്തില്ല.

ഉന്തുവണ്ടികളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന എണ്ണമറ്റ ആയിരക്കണക്കിന് ചെറുകച്ചവടക്കാരില്‍ ഒരാളായിരുന്നു കിഷന്‍ജി. ഈ രാജ്യത്ത് എത്ര കിഷന്‍ജിമാര്‍ ഉണ്ടെന്നതിനെപ്പറ്റി ആധികാരികമായ ഒരു കണക്കുമില്ല. ഈ ഫോട്ടൊ എടുത്ത 1998-ല്‍ തീര്‍ച്ചയായും അതെക്കുറിച്ചുള്ള ഒരുകണക്കും എനിക്കറിയില്ലായിരുന്നു. “അധികം നടക്കാന്‍ പറ്റിയ ഒരു അവസ്ഥയിലല്ല ഞാന്‍, അതുകൊണ്ട് 3-4 ഗ്രാമങ്ങളിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്”, അദ്ദേഹം പറഞ്ഞു. “ഇന്ന് 80 രൂപ എനിക്കുണ്ടാക്കാന്‍ പറ്റിയാല്‍ അതെനിക്കൊരു നല്ല ദിവസമായിരിക്കും” എന്നാണ് അദ്ദേഹം വിചാരിച്ചത്.

മുറുകിയിരുന്ന വണ്ടി സ്വതന്ത്രമാക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തെ സഹായിച്ചു. 80 രൂപയുടെ ഒരു നല്ലദിവസം അദ്ദേഹത്തിനുണ്ടാകട്ടെ എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ നോക്കിനില്‍ക്കുമ്പോള്‍ അദ്ദേഹം അതുംതള്ളി അകലേക്ക് മറഞ്ഞു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.