ന്യൂഡൽഹി കൽക്കാ ശതാബ്ദി സ്പെഷ്യൽ തീവണ്ടിയുടെ ഇരിപ്പിടങ്ങളിലൊന്നിൽ തീവണ്ടി കിട്ടുമോയെന്ന ആശങ്കയില്‍ നിന്നുംമോചിതനായി ഞാന്‍ ഇപ്പോൾ വിശ്രമിക്കുന്നു. ലോഹത്തിലുരുണ്ടു നീങ്ങുമ്പോഴുള്ള ശബ്ദം കേൾപ്പിച്ചുകൊണ്ട് തീവണ്ടി വിമുഖതയോടെ പ്ലാറ്റ്ഫോം വിട്ടപ്പോൾ എനിക്കു ചുറ്റുമുള്ള എല്ലാം, എന്‍റെ ചിന്തകൾ പോലെ, ചക്രങ്ങളുടെ സ്വസ്ഥവും ഏകതാനവുമായ താളത്തിലേക്ക് കുടിയിരുത്തപ്പെട്ടു. പക്ഷെ, അവളൊഴികെ. അവളുടെ വിശ്രമരാഹിത്യത്തിന് വേഗത വർദ്ധിക്കുകയായിരുന്നു, തീവണ്ടിയുടെ വേഗതയ്ക്കനുസരിച്ച്.

വേഗത്തിൽ പിന്നോട്ടു പറന്നുകൊണ്ടിരുന്ന അവളുടെ മുത്തശ്ശന്‍റെ മുടിയുടെ അറ്റം ഒതുക്കുകയായിരുന്നു ആദ്യം അവൾ. ഞങ്ങൾ കുരുക്ഷേത്രയിൽ എത്തിയപ്പോൾ പുറത്തെ സൂര്യൻ ഒട്ടും അവശേഷിക്കാതെ അപ്രത്യക്ഷമായിരുന്നു. ഇപ്പോഴവൾ കസേരയുടെ കൈപ്പിടിയിൽ കളിക്കുകയാണ്. ഒരു നിമിഷം അതുയർത്തും, അടുത്ത നിമിഷം താഴ്ത്തും, അങ്ങനെ. വളരുന്ന ഇരുളിൽ പാർക്കാൻ ഞങ്ങളെ വിട്ടുകൊകൊണ്ട് സൂര്യൻ കൊണ്ടുപോയ മഞ്ഞവെളിച്ചത്തിനായി ഞാൻ കൊതിച്ചു.

പക്ഷെ ഇരുള്‍ അവളുടെ വര്‍ദ്ധിതമായ ഉൻമേഷത്തെ കാര്യമായി ബാധിച്ചില്ല. ഇപ്പോഴവൾ വെള്ള വരകളോടു കൂടിയ തന്‍റെ നീണ്ട നീല ഉടുപ്പുമായി അമ്മയുടെ മടിയിൽ എഴുന്നേറ്റ് നിൽക്കുകയാണ്. ആ പെൺകുട്ടിയെ പിടിച്ചിരുന്ന ചെറുപ്പക്കാരിയായ സ്ത്രീ നല്ല കാഴ്ച ലഭിക്കുന്നതിനായി അവളെ മുകളിലേക്കുയർത്തി. അവൾ മുകളിലേക്കു നോക്കി. ഞാനും അങ്ങനെ ചെയ്തു, അവളുടെ നോട്ടത്തിന്‍റെ പിന്നാലെ. അവളുടെ തലയ്ക്കു മീതെ രണ്ട് സ്വിച്ചുകൾ ഞങ്ങൾ കണ്ടു. അവൾ അമ്മയുടെ മടിയിൽ നിന്നും കുറച്ച് ഉയർന്നുപൊങ്ങി, ആദ്യം ഒരു കൈകൊണ്ട് ശ്രമിച്ചു, പിന്നീട് രണ്ടു കൈകൊണ്ടും, പിന്നീട്... യുറേക്കാ!

PHOTO • Amir Malik
PHOTO • Amir Malik

മഞ്ഞ വെളിച്ചത്തിന്‍റെ കിരണങ്ങൾ അവളുടെ മുഖം പൊതിഞ്ഞു. അവിടെ സൂര്യനുണ്ടായിരുന്നു, അവളുടെ കണ്ണുകളിൽ ഒളിക്കുകയും വീണ്ടും ഉയരുകയും ചെയ്തുകൊണ്ട്. അവൾ രണ്ടാമത്തെ സ്വിച്ച് ഇട്ടു. അവളുടെ ശരീരത്തിൽ മറ്റൊരു പ്രകാശ കിരണംകൂടി തെളിഞ്ഞു. കണ്ണുകളിൽ നിന്നും, പുഞ്ചിരിയിൽ നിന്നും, മഞ്ഞ ബൾബിന്‍റെ കീഴ്‌ഭാഗം പൊതിഞ്ഞു പിടിച്ച വിരലുകൾക്കിടയില്‍ നിന്നും പ്രകാശം പൊഴിച്ചുകൊണ്ട് അവൾ നിന്നു.

അവളുടെ, എന്‍റെ സഹയാത്രികയുടെ, ഈ ദീപ്തമായ കാഴ്ച കണ്ടുകൊണ്ട് നിദാ ഫാസ്‌ലിയുടെ ചില വരികൾ ഞാൻ മൂളി

"ബച്ചോം കെ ചോട്ടേ ഹാഥോം കൊ ചാന്ദ് സിതാരേ ഛൂനേ ദോ
ചാർ കിതാബേം പഢ് കർ യേ ഫി ഹം ജൈസേ ഹൊ ജായെംഗെ"

കുട്ടികളുടെ കൊച്ചു കൈകൾ
ചന്ദ്രനിലേക്കും നക്ഷത്രങ്ങളിലേക്കും എത്തട്ടെ
കുറച്ചു പുസ്തകങ്ങൾ വായിച്ചശേഷം
അവരും നമ്മളെപ്പോലാകും

പരിഭാഷ: റെന്നിമോന്‍ കെ. സി.

Amir Malik

Amir Malik is an independent journalist, and a 2022 PARI Fellow.

Other stories by Amir Malik
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.