മഹാത്മാ ജോതിറാവു ഫൂലെ തുടങ്ങിവെച്ച സ്കൂളിലെ ദളിത് വിദ്യാർത്ഥിനിയായ മുക്ത സാൽ‌വെ 1885 ഫെബ്രുവരി 15-ന്, ‘മംഗ്-മഹറാഞ്ച്യ ദു:ഖവിഷയി’ (മംഗുകളുടെയും മഹറുകളുടേയും ദു:ഖത്തെക്കുറിച്ച്) എന്ന പേരിൽ ഒരു ലേഖനമെഴുതി. ഈരണ്ടാഴ്ചയിലൊരിക്കൽ പ്രസിദ്ധീകരിച്ചിരുന്ന മറാത്തി മാസികയായ ‘ജ്ഞാനോദയ’ത്തിലാണ് അത് പ്രസിദ്ധീകരിച്ചുവന്നത്. മതത്തിന്റെ സംരക്ഷകരെ വെല്ലുവിളിച്ചുകൊണ്ടുള്ള തീപാറുന്ന ഒരു ലേഖനമായിരുന്നു അത്. “ഒരാൾക്ക് മാത്രം വിശേഷാധികാരം നൽകുകയും ബാക്കിയുള്ളവരെ അവഗണിക്കുകയും ചെയ്യുന്ന ഒരു മതമുണ്ടെങ്കിൽ, അത് ഭൂമിയിൽനിന്ന് അപ്രത്യക്ഷമാവട്ടെ. അത്തരമൊരു വിവേചനപരമായ മതത്തെക്കുറിച്ച് അഭിമാനിക്കണമെന്ന് നമുക്കൊരിക്കലും തോന്നുകയുമരുത്”.

തന്റെ മംഗ് സമുദായക്കാരെക്കുറിച്ച് എഴുതുമ്പോൾ അവൾക്ക് വെറും 15 വയസ്സായിരുന്നു പ്രായം. ബ്രാഹ്മണാധികാരികളും സമൂഹവും ദളിതുകളെ എങ്ങിനെയെല്ലാം ദ്രോഹിച്ചു എന്ന് ശക്തമായി ഓർമ്മിപ്പിക്കുന്ന ഒന്നായിരുന്നു ആ ലേഖനം. മുക്തയെപ്പോലെ, കാദുബായി ഖരാത്തും ആലന്ദിയിൽ‌വെച്ച് ആത്മീയാചാര്യന്മാരെ വെല്ലുവിളിക്കുകയും ആത്മീയതയേയും മതത്തേയും കുറിച്ചുള്ള ഒരു സംവാദത്തിൽ അവരെ പരാജയപ്പെടുത്തുകയും ചെയ്തു. സാധാരണ മനുഷ്യരുടെ ദു:ഖങ്ങളേയും സഹനങ്ങളെയുംകുറിച്ചാണ് കാദുബായി പാടുന്നത്. അഗാധമായ അർത്ഥതലങ്ങളും തത്ത്വചിന്തയുമാണ് ആ ഗാനങ്ങൾ സംവേദനം ചെയ്യുന്നത്. തുല്യതയുടെ മൂല്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയും, ബാബാസാഹേബ് അംബേദ്കറിനോടുള്ള കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യുന്നു ആ ഗാനങ്ങൾ

*****

काखेत पोरगं हातात झाडनं डोईवर शेणाची पाटी
कपडा न लत्ता, आरे, खरकटं भत्ता
फजिती होती माय मोठी

माया भीमानं, भीमानं माय सोन्यानं भरली ओटी
मुडक्या झोपडीले होती माय मुडकी ताटी
फाटक्या लुगड्याले होत्या माय सतरा गाठी
पोरगं झालं सायब अन सुना झाल्या सायबीनी
सांगतात ज्ञानाच्या गोष्टी

सांगू सांगू मी केले, केले माय भलते कष्ट
नव्हतं मिळत वं खरकटं आणि उष्टं
असाच घास दिला भीमानं
झकास वाटी ताटी होता

तवा सारंग चा मुळीच पत्ता नव्हता
पूर्वीच्या काळात असंच होतं
बात मायी नाय वं खोटी
माया भीमानं, मया बापानं,
माया भीमानं माय, सोन्यानं भरली ओटी

ഒരു കൈയ്യിലൊരു കുഞ്ഞ്, മറുകൈയ്യിൽ ചൂല്
തലയിലൊരു കൊട്ട ചാണകവും
മുഷിഞ്ഞുനാറിയ വസ്ത്രങ്ങൾ
വേതനമായി ഉച്ഛിഷ്ടങ്ങൾ
വിശ്വസിക്കൂ, ജീവിതം ഞങ്ങൾക്ക്
തീർത്താൽ തീരാത്ത അപമാനമായിരുന്നു

എന്റെ ഭീം, അതെ, എന്റെ ഭീം
അവൻ എന്റെ ജീവിതത്തെ സ്വർണ്ണമയമാക്കി
എന്റെ തകർന്ന കുടിലിന് പൊട്ടിയ വാതിലുകളായിരുന്നു
എണ്ണാവുന്നതിലുമപ്പുറം തുന്നലുകളുണ്ടായിരുന്നു
എന്റെ കീറിപ്പറിഞ്ഞ സാരിയിൽ
ഇന്നെന്റെ മക്കൾ ഉദ്യോഗസ്ഥരാണ്
മരുമക്കളും
അവർ എന്തെല്ലാം അറിവുകളാണ് എനിക്ക്
പകർന്നുതരുന്നത്

എന്തെല്ലാം ദുരിതങ്ങൾ ഞാൻ അനുഭവിച്ചു,
എത്ര കഠിനമായി അദ്ധ്വാനിച്ചു
എന്നാൽ ഭീം വന്ന് നല്ലൊരു പാത്രത്തിൽനിന്ന്
നല്ലൊരു മൊന്തയിൽനിന്ന്
ഞങ്ങളെ ഊട്ടി

കവി സാരംഗ് രംഗത്തുണ്ടായിരുന്നില്ല
ഈവിധത്തിലാണ് ആ ദിവസങ്ങൾ ഞങ്ങൾ കഴിഞ്ഞത്
നുണയല്ല എന്റെ പൊന്നേ,
എന്റെ ഭീം, എന്റെ താതൻ, എന്റെ പാത്രം
സ്വർണ്ണംകൊണ്ട് നിറച്ചു.

PHOTO • Courtesy: TISS Tuljapur
PHOTO • Courtesy: TISS Tuljapur

കുറച്ച് വർഷങ്ങൾക്കുമുമ്പ്, ടാറ്റാ ഇൻസ്റ്റിട്യൂറ്റ് ഓഫ് സോഷ്യൽ സയൻസസ്, തുൽ‌ജാപുരിൽ‌വെച്ച് നടന്ന ഡോ. അംബേദ്കർ മെമ്മോറിയൽ ലൿച്ചറിൽ കാദുബായിയും അവരുടെ ഏൿതാരയും

ഡോ. ബാബാസാഹേബ് അംബേദ്കറിന് പ്രണാമമർപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് ഗാനങ്ങൾ രചിക്കപ്പെട്ടതും ആലപിക്കപ്പെട്ടതും നമുക്കറിയാം. എന്നാൽ, അവയിൽ വളരെക്കുറച്ച് മാത്രമാണ് നമ്മുടെ ഹൃദയത്തോട് ചേർന്നുനിന്നതിലൂടെ ജനകീയമാവുകയും ജനങ്ങളുടെ കൂട്ടായ ഓർമ്മകളുടെ ഭാഗമാവുകയും ചെയ്തത്. അത്തരമൊരു സ്ഥാനമാണ് കാദുബായി ഖാരാത്തിന്റെ ഈ ഗാനം കൈവരിച്ചത്. ജനമനസ്സുകളിലും വീടുകളിലും പ്രവേശനം സിദ്ധിച്ചതിലൂടെ അത് ജനങ്ങൾക്കിടയിൽ പ്രചാരം നേടി. അംബേദ്ക്കറിനെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ പാട്ടായി അത് ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.

ഈ പാട്ട് ഇത്രയധികം പ്രശസ്തി നേടിയതിനുപിന്നിൽ നിരവധി കാരണങ്ങളുണ്ട്. വികാരത്തിനനുയോജ്യമായ വാക്കുകൾ, തെളിഞ്ഞ ശബ്ദം, സവിശേഷമായ ശബ്ദങ്ങളും ഉപകരണങ്ങളും, പിന്നെ, കാദുബായി ഖാരാത്തിന്റെ ഘനഗാംഭീര്യമുള്ള ശബ്ദവും. തികച്ചും സാധാരണക്കാരിയായ അവർ കളേഴ്സ് ചാനലിലെ ജൽ‌സാ മഹാരാഷ്ട്രച എന്ന ടിവി ഷോയിലൂടെയും സീ ടിവിയിലൂടെയും പ്രശസ്തയാവുകയായിരുന്നു. എന്നാൽ ആ നിലയിലേക്ക് എത്തുന്നതിനായി അവരരേറ്റെടുത്ത യാതനാപൂർണ്ണമായ സഞ്ചാരത്തെക്കുറിച്ച് നമുക്ക് അധികമൊന്നും അറിയില്ല. പേരുപോലെത്തന്നെയായിരുന്നു അവരുടെ ജീവിതവും. (കാദു എന്നാൽ, മറാത്തിയിൽ എരിവുള്ളത് എന്നർത്ഥം. കണ്ണുതട്ടാതിരിക്കാനായി മറാത്തവാഡയിലെ പെൺകുട്ടികൾക്ക് സാധാരണയായി ഇടുന്ന പേരാണത്).

കാദുബായിയുടെ അച്ഛന്റെ പേര് തുക്കാറാം കാംബ്ലെ എന്നായിരുന്നു

ദാരിദ്ര്യത്തിൽ കുട്ടിക്കാലം കഴിഞ്ഞ കാദുബായി 16 വയസ്സിൽ വിവാഹിതയായെങ്കിലും, രണ്ടുവർഷത്തിനുള്ളിൽ ഭർത്താവ് ഹൃദയാഘാതം വന്ന് മരിച്ചുപോയി. സ്വന്തം ജീവിതത്തിന്റെയും മൂന്ന് മക്കളുടേയും – രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും – ഉത്തരവാദിത്തം അവരുടെ ചുമലിലായി. അച്ഛന്റെ ഏൿതാരിയുമെടുത്ത് അവർ വീടുവീടാന്തരം പരമ്പരാഗത ഭജനുകളും കീർത്തനങ്ങളും പാടിനടന്നു. വേദകാലഘട്ടത്തിൽ, വിദുഷികളായ ഗാർഗിയും മൈത്രേയിയും മതത്തിന്റെ ദ്വാരപാലകരുമായി സംവാദത്തിലേർപ്പെട്ടിരുന്നു. അതേ മട്ടിൽ, ഒരിക്കൽ, ആലന്ദി മന്ദിരത്തിന്റെ മുറ്റത്തുവെച്ച്, ആത്മീയതയുടെ കാവൽക്കാരുമായി കാദുബായിയും തർക്കിക്കുകയുണ്ടായി. വിവിധ ഭക്തിഗീതങ്ങൾ പാടി വർഷങ്ങൾ ചിലവഴിച്ചുവെങ്കിലും, രണ്ടുനേരത്തെ ഭക്ഷണം കിട്ടാൻ അത് മതിയായിരുന്നില്ല. അങ്ങിനെ അവർ മഹാരാഷ്ട്രയിലെ ജൈന ജില്ലയിലെ തന്റെ ഗ്രാമം ഉപേക്ഷിച്ച് ഔറംഗബാദിലേക്ക് പോകാൻ തീരുമാനിച്ചു.

PHOTO • Imaad ul Hasan
PHOTO • Imaad ul Hasan

ഔറംഗബാദ്-ബീഡ് ബൈപ്പാസ് റോഡിലെ ഒരു പറമ്പിൽ ചെറിയൊരു തകരക്കുടിൽ കാദുബായി നിർമ്മിച്ചു. ബാബാസാഹേബിൽനിന്ന് കിട്ടിയ ഊർജ്ജവും പ്രചോദനവുംകൊണ്ടാണ് സ്നേഹത്തിലൂടെയും അനുതാപത്തിലൂടെയും ഈ ലോകത്തെ നേരിടാൻ കഴിഞ്ഞതെന്ന്, ഇന്ന് ബുദ്ധമതത്തിലേക്ക് മാറിയ അവർ പറയുന്നു

പക്ഷേ ഔറംഗബാദിൽ എവിടെയാണവർ താമസിക്കുക? ഔറംഗബാദ്-ബീഡ് ബൈപാസ് റോഡിലുള്ള പറമ്പിൽ (സർക്കാർ ഉടമസ്ഥതയിലുള്ള കന്നുകാലി മേച്ചിൽ‌പ്പറമ്പുകൾ) ഒരു ചെറിയ തകരക്കുടിൽ നിർമ്മിച്ച് അതിൽ താമസം തുടങ്ങി അവർ. വെള്ളമോ വൈദ്യുതിയോ ഒന്നുമില്ലാതെ. ഇന്നും അവർ അവിടെത്തന്നെയാണ് താമസിക്കുന്നത്. ആദ്യകാലത്ത്, മീര ഉമാപ് കാദുബായിയെ തന്റെ അവതരണസംഘത്തിലേക്ക് എടുക്കുകയുണ്ടായി. എന്നാൽ മൂന്ന് മക്കളെ വളർത്താൻ ആ പണം മതിയായിരുന്നില്ല. “മഴക്കാലമായിരുന്നു. ഒരാഴ്ചയോളം സൂര്യനെ കണ്ടിരുന്നില്ല. എന്തെങ്കിലും ജോലിക്കായി പുറത്തുപോകാൻ പോലും എനിക്ക് സാധിച്ചില്ല. മൂന്ന് കുട്ടികളും വിശപ്പിനോട് മല്ലിടുകയായിരുന്നു. ഞാൻ വീടുവീടാന്തരം കയറിയിറങ്ങി ഭജനുകൾ പാടിക്കൊണ്ടിരുന്നു. ഒരു സ്ത്രീ എന്നോട് പറഞ്ഞു, ‘ഡോ. അംബേദ്കറിനെക്കുറിച്ചുള്ള പാട്ടുകൾ പാടൂ’, എന്ന്. ഞാൻ പാടി. വിശന്നിരിക്കുന്ന മക്കളെക്കുറിച്ചും അവരോട് പറഞ്ഞു. അവർ അടുക്കളയിൽ പോയി, സ്വന്തം വീട്ടിലേക്കുവേണ്ടി വാങ്ങിയ സാധനങ്ങൾ എടുത്തുകൊണ്ടുവന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളുണ്ടായിരുന്നു അതിൽ. അവർക്ക് എന്റെ കുട്ടികളുടെ വിശപ്പ് മനസ്സിലായി”, കാദുബായി പറഞ്ഞു.

“അംബേദ്കറിന്റെ പാട്ടുകളാണ് അവരുടെ വയർ നിറച്ചത്. എന്റെ ജീവിതം അടിമുടി മാറി. ഭജനകളും കീർത്തനങ്ങളും പാടുന്നത് നിർത്തി, ഞാൻ ഡോ. അംബേദ്കറിന്റെ പാത പിന്തുടർന്നു. ആ പാത പിന്തുടരണമെന്ന ദൃഢനിശ്ചയംകൊണ്ട്, ഞാൻ ഹിന്ദുമതവും എന്റെ മാതംഗ ജാതിയും ഉപേക്ഷിച്ചു. ഞാൻ ബുദ്ധന്റെ ധർമ്മം കൈക്കൊണ്ടു”.

കാദുബായിക്ക് അവരുടെ ഭർത്താവിനേയും അച്ഛനേയും നഷ്ടമായി. എല്ലാം നഷ്ടപ്പെട്ടിട്ടും ആ ഏൿതാരിയും ആ മധുരമുള്ള ശബ്ദവും അവർക്ക് ബാക്കിയായി. ഭർത്താവും അച്ഛനും മരിച്ചപ്പോൾ അവർ തളർന്നില്ല. അതിജീവനത്തിനായുള്ള യുദ്ധത്തിൽ രണ്ട് കാര്യങ്ങൾ അവരുടെകൂടെ നിന്നു. അവരുടെ ഏൿതാരിയും ശബ്ദവും. ബാബാസാഹേബിൽനിന്ന് ഊർജ്ജവും പ്രചോദനവും ഉൾക്കൊണ്ട്, സ്നേഹവും അനുതാപവുംകൊണ്ട് അവർ ലോകത്തെ നേരിട്ടു.

അന്നന്നത്തെ അന്നത്തിനായി വീടുവീടാന്തരം കയറിയിറങ്ങി പാടി യാചിക്കുന്നതിൽനിന്ന്, മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറിയ ആ യാത്ര അവിസ്മരണീയമായ ഒന്നാണ്. 30 വർഷത്തിലേറെയായി അവരുടെ സന്തതസഹചാരിയാണ് ആ ഏക്താരി.

വീഡിയോ കാണുക: ‘ബാബാസാഹേബിനെക്കുറിച്ച് പാടിയതുകൊണ്ടാണ് എന്റെ മക്കളെ വളർത്താൻ കഴിഞ്ഞത്’

*****

ഏൿതാരിയെക്കുറിച്ചുള്ള ഏറ്റവും പഴയ പരാമർശം അജന്ത ഗുഹകളിലെ (മഹാരാഷ്ട്രയിലെ ഔറംഗബാദിൽ) 17-ആം നമ്പർ ഗുഹയിൽ കാണാം. ഗുഹാച്ചുമരിൽ ആ സംഗീതോപകരണത്തിന്റെ ഒരു ചിത്രമുണ്ട്. മഹാരാഷ്ട്രയിൽ ഓരോ ജാതിക്കും അവരുടേതായ ഒരു സംഗീതോപകരണമൌണ്ട്. മാംഗുകാർ ഹാൽഗി വായിക്കുന്നു, ദക്കൽ‌വാറുകൾ കിംഗ്‌രി, ധംഗാറുകൾ ഗജി ധോൽ, യെല്ലമ്മ എന്ന ദേവതയുടെ ഭക്തർ ചൌണ്ടക്, ഗോസാവികൾ ഡ‌മറു, മഹറുകൾ ധോൽകിയും ടുൺ‌ടുണെയും.

ഡമുറു വായിക്കുന്ന പാരമ്പര്യംകൊണ്ടാണ്, ഗോസാവി സമുദായം ഡമുറു ഗോസ്വാമി എന്ന പേരിൽ അറിയപ്പെടുന്നതെന്ന് മുംബൈ സർവ്വകലാശാലയിലെ ചരിത്ര പ്രൊഫസർ ഡോ. നാരായൺ ഭോസ്ലെ പറയുന്നു. മാതൃദായക്രമത്തെക്കുറിച്ചുള്ള ഭജനുകൾ പാടുന്ന ഭട്ട് സമുദായക്കാർ സ്തുതിപാഠകരാണ്. ടുൺ‌ടുണുകളും സം‌ബലുകളുമാണ് അവർ വായിക്കുന്നത്.

ഏ‌ൿതാരിയും ടുൺ‌ടുണയും കാഴ്ചയിൽ ഒരുപോലെയാണെങ്കിലും, അവ വായിക്കുന്ന രീതിയും, അവയുടെ ശബ്ദവും, അതുണ്ടാക്കുന്ന രീതിയും വ്യത്യസ്തമാണ്. ഏൿതാരിയുപയോഗിച്ച് ഭജനുകൾ പാടുന്ന മഹറുകളുടേയും മംഗുകളുടേയും പാരമ്പര്യം, ഉയർന്ന ജാതിക്കാരിൽ കാണാറില്ല – അഥവാ വിരളമാണ്. ഈ സമുദായങ്ങളുടെ സാംസ്കാരികജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമാണ് ആ സംഗീതോപകരണങ്ങൾ. നിത്യജീവിതത്തിന്റെ വിവിധ സന്ദർഭങ്ങളിലും, സാമൂഹികവും മതപരവുമായ ചടങ്ങുകളിലുമാണ് അവ വായിക്കുന്നത്.

ഏൿതാരിയെക്കുറിച്ച് പ്രശസ്തനായ ഷഹീർ സംഭാജി ഭഗത് പറയുന്നു: “അതിന്റെ ശബ്ദവും രസവും സങ്കടവുമായി അടുത്ത ബന്ധമുള്ളതാണ്. ‘ഡിംഗ് നാഗ്, ഡിംഗ് നാഗ്’ എന്നത് വേദനയെ സംവേദിപ്പിക്കുന്നു. ഇന്ത്യൻ സംഗീത പാരമ്പര്യത്തിൽ, ദു:ഖത്തെ ആവിഷ്കരിക്കുന്ന രാഗമായ ഭൈരവിയുടെ സ്വരങ്ങളാണ് അതിലുള്ളത്. ഏൿതാരി കേൾക്കുമ്പോൾ ഭൈരവിയുടെ മുഴുവൻ രാഗച്ഛായയും നിങ്ങൾക്ക് അനുഭവിക്കാനാവും. ഏൿതാരിയുപയോഗിച്ച് പാടുന്ന മിക്കവാറും എല്ലാ ഭജനുകളും ഭൈരവിയിൽ ചിട്ടപ്പെടുത്തിയവയാണ്. അവ തുടങ്ങുന്നതും അവസാനിക്കുന്നതും ഭൈരവിയിലാണ്”.

ഹിന്ദുയിസത്തിലെ ഭക്തിപാരമ്പര്യത്തിന് രണ്ട് ശാഖകളുണ്ട്. സഗുണവും (ഈശ്വരനെ വിഗ്രഹത്തിന്റെ രൂപത്തിൽ ആരാധിക്കുന്ന മാർഗ്ഗം) നിർഗുണവും (വിഗ്രഹത്തിന്റെ രൂപത്തിലല്ലാത്ത ഈശ്വരൻ). ഈശ്വരന് ഒരു വിഗ്രഹവും അമ്പലവും എന്നത്, സഗുണത്തിന്റെ രീതിയാണ്. എന്നാൽ നിർഗുണത്തിലാകട്ടെ, വിഗ്രഹമോ അമ്പലമോ ഒന്നിനും സ്ഥാനമില്ല. അത് പിന്തുടരുന്നവർ ഭജനുകൾ പാടുന്നു. അവർക്ക് സംഗീതമാണ് ആരാധന. അത് അവർ ആളുകളിലേക്കെത്തിച്ച് അവരുടെ ദൈവങ്ങളെയും ദേവതമാരെയും ആരാധിക്കുന്നു. ബുദ്ധിസത്തിലേക്ക് മാറുന്നതിനുമുൻപ്, മഹാരാഷ്ട്രയിലെ മഹർ വംശജർ കബീറിന്റേയും ധഗോജി-മെഘോജിയുടെയും അനുയായികളായിരുന്നു.

आकाश पांघरुनी
जग शांत झोपलेले
घेऊन एकतारी
गातो कबीर दोहे

ആകാശത്തിന് കീഴേ
ലോകമുറങ്ങുമ്പോൾ
ഏക്താരിയുമായി
ഈരടികൾ പാടുന്നു കബീർ

കബീറിന്റെ എല്ലാ ഭജനുകളും ഏൿതാരിയിൽ വായിക്കപ്പെടാൻ തുടങ്ങി. അദ്ദേഹത്തിന്റെ അദ്ധ്വാനവും, ജീവിതാനുഭവങ്ങളും തത്ത്വചിന്തയും ലോകവീക്ഷണവും എല്ലാം ആ പാട്ടുകളിൽ ദർശിക്കാം.

വീഡിയോ കാണുക: ‘ഏത് പാട്ടും ഏൿതാരിയിൽ പാടാം’

അധ:സ്ഥിതരും മർദ്ദിതരുമായ ജനങ്ങളെ ആത്മീയതയിലൂടെയും സംഗീതത്തിലൂടെയും പ്രചോദിപ്പിക്കുകയാണ് കബീർ ചെയ്യുന്നത്. നാടോടിസമുദായങ്ങളും തെരുവുഗായകരും, ഏൿതാരിയുമായി, രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. ഹിന്ദി ഭാഷാപ്രദേശങ്ങളിലോ പഞ്ചാബിലോ മാത്രം ഒതുങ്ങുന്നതല്ല കബീറിന്റെ സ്വാധീനം എന്ന്, കബീറിനെക്കുറിച്ച് പഠനം നടത്തിയ പുരുഷോത്തം അഗർവാൾ പറയുന്നു. ഒഡിയയിലും തെലുഗിലും ഗുജറാത്തിലും മഹാരാഷ്ട്രയിലുമൊക്കെ അദ്ദേഹം എത്തിയിട്ടുണ്ട്.

1956-ന് മുമ്പ്, മഹാരാഷ്ട്രയിലും, അതിർത്തിക്കപ്പുറത്തെ, ആന്ധ്ര, കർണ്ണാടക, ഗുജറാത്ത്, മധ്യ പ്രദേശ്, എന്നിവിടങ്ങളിലുമൊക്കെ ‘അസ്പൃശ്യ’രായി കരുതപ്പെട്ടിരുന്ന മഹറുകളും മറ്റ് സമാന ജാതിക്കാരും കബീറിന്റെ അനുയായികളായിരുന്നു. കബീർപന്ഥികൾ എന്നായിരുന്നു അവരെ വിളിച്ചിരുന്നത്. മഹാരാഷ്ട്രയിൽ പണ്ഡിതപുരോഹിതനായ തുക്കറാമും കബീറിനാൽ സ്വാധീനിക്കപ്പെട്ട ആളായിരുന്നു. കബീറിന്റേയും കബീർപന്ഥി പാരമ്പര്യത്തിന്റേയും സ്വാധീനമാണ് ഈ സമുദായങ്ങളിലേക്ക് ഏൿതാരിയെ എത്തിച്ചതെന്ന് കരുതപ്പെടുന്നു.

ദളിത് കുടുംബങ്ങളും, വിശേഷിച്ച്, ചരിത്രപരമായി ‘അസ്പൃശ്യ’രാ‍യ സമുദായങ്ങളും ഏൿതാരിയുമായി പാട്ടുകൾ പാടുന്ന രീതിയാണ് പിന്തുടരുന്നത്. ഇന്നും ആ സംഗീതോപകരണം ഉപയോഗിക്കുന്നുണ്ട്. കുടുംബത്തിൽ  ഒരു മരണമുണ്ടായാൽ, അവർ ഏൿതാരിയിൽ ഭജനുകൾ ആലപിക്കുന്നു. കബീറിന്റെ തത്ത്വചിന്തയുടെ അർത്ഥങ്ങൾ വിശദീകരിക്കാനാണ് മഹർ സമുദായം ഭജനുകൾ പാടുന്നത്. ജീവിതത്തിന്റെ നിരർത്ഥകത, അതിന്റെ ആവിഷ്കാരങ്ങൾ, സൽ‌പ്രവൃത്തിയുടെ പ്രാധാന്യം, മരണത്തിന്റെ അനിവാര്യത എന്നിവയാണ് കബീറിന്റെ ലോകവീക്ഷണത്തിന്റെ സത്ത. ഈരടികളിലൂടെയും ഭജനുകളിലൂടെയും അത് അദ്ദേഹം വിശദീകരിച്ചു. ഭക്തിപ്രസ്ഥാനത്തിലെ കബീർ, നാഥ്, വർക്കാരി വിഭാഗങ്ങളുടേതായ നൂറുകണക്കിന് ഗാനങ്ങൾ കാദുബായിക്ക് അറിയാം.

കബീറിന്റെ ‘ഗഗൻ മേം ആഗ് ലഗീ ഹെയ്ൻ ഭാരി’ (ആകാശത്ത് കാട്ടുതീ പടരുന്നു) എന്ന പാട്ട് കാദുബായ് പാടുന്നു.
തുക്കറാമിന്റെ ഒരു അഭംഗ്:

विठ्ठला तुझे धन अपार
करीन नामाचा या गजर
धन चोरला दिसत नाही

डोळे असून ही शोधत राही

ഓ വിത്തനാഥ, നിന്റെ നാമം അനന്തമാണ്
നിത്യവും ഞാനത് ഭജിക്കും
കണ്ണുണ്ടായാലും ഒരു ചോരനത് കാണാനാവില്ല
അവനത് അന്വേഷിച്ചുകൊണ്ടേയിരിക്കും

കാദുബായിയെപ്പോലെ പലരും ഇത്തരം രചനകളാണ് പാടിയിരുന്നതെങ്കിലും, ഡോ. അംബേദ്കറിന്റെ സാമൂഹികനീതി പ്രസ്ഥാനം ശക്തിയാർജ്ജിച്ചതോടെ, അവർ മറ്റ് പാട്ടുകളും പാടാൻ തുടങ്ങി.

കബീറിന്റെ ഭജനുകളെ ഏൿതാരിയുമായി വിവിധയിടങ്ങളിലേക്കെത്തിച്ച മധ്യ പ്രദേശിലെ പ്രഹ്ലാദ് സിംഗ് തിപാനിയ എന്ന പ്രശസ്ത ഗായകൻ ബലായി ജാതിസമുദായത്തിൽപ്പെട്ടയാളാണ്. മഹാരാഷ്ട്രയിലെ മഹറുകളുടെ അതേ സ്ഥാനമാണ് സമൂഹത്തിൽ അവർക്കും. മധ്യ പ്രദേശിന്റെ ബർഹാൻപുർ, മാൾവ, ഖണ്ഡ്‌വ മേഖലകളിലും മഹാരാഷ്ട്ര അതിർത്തിയിലുമാണ് അവർ താവളമടിച്ചിരിക്കുന്നത്. ദളിതുകൾ നേരിടുന്ന ജാതീയമായ ക്രൂരതകളെക്കുറിച്ച് വിശദമായി സംസാരിക്കുമ്പോൾ, ബലായി സമുദായത്തിലെ ഉദാഹരണങ്ങളായിരുന്നു ഡോ. അംബേദ്കർ എടുത്തുപറഞ്ഞിരുന്നത്. ആളുകൾക്ക് കാവലിരിക്കാനും, ഭൂമി അളവെടുക്കുമ്പോൾ സഹായിക്കാനും, ബന്ധുക്കളുടെ മരണവിവരം അറിയിക്കാനുമൊക്കെ നൂറുവർഷങ്ങൾക്കുമുമ്പുവരെ, മഹറുകളെയാണ് നിയോഗിച്ചിരുന്നതെന്ന് ഗ്രാമങ്ങളുടെ റവന്യൂ രേഖകൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും. സമൂഹത്തിലെ അവരുടെ സ്ഥാനം അതായിരുന്നു. മധ്യ പ്രദേശിലാകട്ടെ, സമാനജോലികൾക്ക് ചുമതലപ്പെടുത്തിയിരുന്നത് ബലായികളെയാണ്. ഗ്രാമത്തിന്റെ കാവൽക്കാരനെ ബലായി എന്നാണ് വിളിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് അവരെ മഹറുകളെന്നും വിളിച്ചിരുന്നു. എങ്ങിനെയാണ് ഈ മാറ്റം സംഭവിച്ചത്? മധ്യ പ്രദേശിലെ ബലായികളും, മഹാരാഷ്ട്രയിലെ മഹറുകളും ഒരുപോലെയാണെന്നാണ് ഖാണ്ഡ്‌വയിലെയും ബർഹാൻപുരിലെയും ബ്രിട്ടീഷ് അധികാരികൾ കരുതിയിരുന്നത്. അവരിരുവരുടേയും ജീവിതരീതികളും, ആചാരങ്ങളും, സാമൂഹികരീതികളും തൊഴിലും എല്ലാം ഒരുപോലെയായിരുന്നു. അതുകൊണ്ട്, മധ്യ പ്രദേശിലുള്ള മഹർ ജാതിയിൽ‌പ്പെട്ടവർ ബലായികളെന്ന് മുദ്രകുത്തപ്പെട്ടു. 1942-43 കാലഘട്ടത്തിൽ വീണ്ടും അവരുടെ ജാതി, മഹറെന്ന് രേഖപ്പെടുത്താൻ തുടങ്ങി. ഇതാണ് ബലായികളുടെ ചരിത്രം.

*****

PHOTO • Imaad ul Hasan

കാദുബായി ഇന്ന് മഹാരാഷ്ട്രയിൽ ഒരു താരമാണ്. 30 വർഷത്തിലേറെയായി ഏൿതാരി അവരുടെ സഹയാത്രികയാണ്

കബീർ ഭജനുകൾ ആലപിക്കുമ്പോൾ പ്രഹ്ലാദ് സിംഗ് തിപാനിയും ശബ്നം വീർമണിയും ( കബീർ പ്രോജക്ടിലെ ) ഏൿതാരി വായിക്കുന്നു

രാജ്യത്തിന്റെ പല ഭാഗത്തും ഈ സംഗീതോപകരണം നിലവിലുണ്ട്. ഭജനുകൾ പാടുന്നവരുടേയും സഞ്ചാരികളായ കലാകാരന്മാരുടേയുമൊപ്പമാണ് അതിന്റെയും ജീവിതം. 100-120 സെന്റിമീറ്റർ നീളമുള്ള ഇത് പല സ്ഥലത്തും പല പേരുകളിലറിയപ്പെടുന്നു. കർണ്ണാടകയിൽ ഇത് ഏക്നാദും, പഞ്ചാബിൽ തുമ്പിയും ബംഗാളിൽ ബാവുലും നാഗാലാൻഡിൽ തട്ടിയും തെലുങ്കാനയിലും ആന്ധ്രയിലും ബരവീണയും ആണ്. ഉണങ്ങിയ മത്തങ്ങ പരത്തി, ഉള്ള് പൊള്ളയാക്കിയാണ് നാദം പുറപ്പെടുവിക്കുന്ന ഭാഗം നിർമ്മിക്കുക. ഒരു കഷണം തോലുകൊണ്ട് അതിന്റെ വായ പൊതിഞ്ഞ്, പൊള്ളയായ ഒരു മുളങ്കഷണം അതിനോട് ഘടിപ്പിക്കുന്നു. ആ മുളങ്കഷണത്തിന്റെ മറുഭാഗം മത്തങ്ങയിലൂടെ പുറത്ത് വന്ന്, അതിൽ ഒരു കമ്പി ഘടിപ്പിക്കുന്നു. ആ കമ്പി മുളങ്കഷണത്തിന്റെ വാലറ്റുവുമായി മുകളിലൂടെ ബന്ധിച്ച് നടുവിരലുകൊണ്ടോ ചൂണ്ടുവിരലുകൊണ്ടോ എറ്റിക്കൊണ്ടാണ് ഏൿതാരി വായിക്കുന്നത്.

മത്തങ്ങയും മരവും മുളയും കമ്പികളും സുലഭമായതിനാൽ, ഏൿതാരിയുടെ രൂപമാതൃക ഉണ്ടാക്കലും നിർമ്മാണപ്രക്രിയയും മറ്റ് തന്ത്രിവാദ്യങ്ങളേക്കാൾ എളുപ്പമാണ്. ഏറ്റവും നന്നായി ശബ്ദത്തെ വിന്യസിക്കാൻ മത്തങ്ങയ്ക്ക് സാധിക്കും. ആഫ്രിക്കൻ സംഗീതോപകരണങ്ങളിലും അത് ഉപയോഗിക്കാറുണ്ട്. അടിസ്ഥാന താളവും കീഴ്സ്ഥായിലുള്ള ശ്രുതിയും നൽകാൻ കഴിവുണ്ട് ഏൿതാരിക്ക്. ആ ശബ്ദത്തോടൊപ്പം തന്റെ ശബ്ദവും പാട്ടിന്റെ ആവേഗവും പാട്ടുകാരന് ഇഴചേർക്കാനാവും. പുരാതനവും തനതുമായ ഉപകരണമാണ് അത്. ആദ്യമൊക്കെ അതിന്റെ തന്ത്രിയും തോലുകൊണ്ടുള്ളതായിരുന്നു. മൃഗങ്ങളുടെ ചർമ്മത്തിന്റെ ഉൾഭാഗംകൊണ്ട്. കർണ്ണാടകയിൽ, യെല്ലമ്മയുടെ ആരാധനയ്ക്ക് ഇപ്പോഴും തോലിന്റെ തന്ത്രി കെട്ടിയ ഏൿതാരിയാണ് ഉപയോഗിച്ചുവരുന്നത്. സുംബാരുക് എന്നാണതിനെ വിളിക്കുക. അതിനാൽ, തോലിന്റെ പാത്രത്തിൽ, തോലിന്റെ തന്ത്രികൊണ്ട് പ്രകമ്പനം ചെയ്ത് സൃഷ്ടിക്കപ്പെട്ടതാണ് ആദ്യത്തെ ശ്രുതിയും ആദ്യത്തെ താളവും എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റുണ്ടാവില്ല. ഏറ്റവും ആദ്യത്തെ സംഗീതോപകരണവും അതായിരിക്കണം. കാർഷികസമൂഹത്തിൽ ലോഹം കണ്ടുപിടിച്ചതിനുശേഷമാണ് ലോഹക്കമ്പിയുടെ തന്ത്രികൾ ഉപയോഗിക്കാൻ തുടങ്ങിയത്. അതോടെ, ലോകമൊട്ടുക്ക്, വിവിധ തരത്തിലുള്ള ഏകതന്ത്രിവാദ്യങ്ങൾ കണ്ടുപിടിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്തുതുടങ്ങി. നാടോടികളും തെരുവുകലാകാരന്മാരും നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന സംഗീതോപകരണങ്ങൾ അവരുടെ ജീവിതവുമായിത്തന്നെ അഭേദ്യമായി ബന്ധപ്പെട്ടവയായിരുന്നു.

ഭക്തിപ്രസ്ഥാനത്തിലെ നിരവധി കവികളും ഗുരുക്കന്മാരും ഏൿതാരി വ്യാപകമായി ഉപയോഗിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. എന്നാൽ, ചരിത്രപരമായി ഇത് അത്ര ശരിയല്ല. കബീറും മീരാബായിയും ചില സൂഫിവര്യന്മാരും പാട്ടുകൾക്ക് അകമ്പടിയായി ഏൿതാരി ഉപയോഗിച്ചിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയിൽ നാംദേവ് മുതൽ തുക്കാറാംവരെയുള്ള കവിശ്രേഷ്ഠന്മാർ താളവും (ഇലത്താളം പോലെയുള്ളത്) ചിപ്ലിയും (ചപ്ലാംകൊട്ട) മൃദംഗവുമാണ് ഉപയോഗിക്കാറുണ്ടായിരുന്നത്. ചില ചിത്രങ്ങളിലും പ്രതിമകളിലും, ഈ ഗുരുക്കന്മാർ വീണ ഉപയോഗിക്കുന്നതായും ചിത്രീകരിച്ചിട്ടുണ്ട്.

മറാത്തി വിശ്വകോശം പറയുന്നത് ഇപ്രകാരമാണ്: “ഇന്ത്യൻ സംഗീതത്തിൽ ഉപയോഗിച്ചിരുന്ന പ്രാചീന സംഗീതോപകരണമാണ് വീണ. വേദങ്ങൾ ഉച്ചരിക്കുമ്പോൾ ശ്രുതി പിടിക്കാൻ ഉപയോഗിച്ചിരുന്നതാണ് അത്”. നാംദേവിന്റേയും തുക്കാറാമിന്റേയും ചിത്രങ്ങളിൽ നമുക്കത് കാണാൻ കഴിയുമെങ്കിലും, തുക്കാറാം എഴുതിയ അഭംഗുകളിലൊന്നിലും ഇതിനെക്കുറിച്ചുള്ള പരാമർശമില്ല. എന്നാൽ, താൾ, ചിപ്ലി, മൃദംഗം എന്നിവയെക്കുറിച്ചുള്ള വിവിധ സൂചനകൾ കാണാനും കഴിയും.

വീണയുമായി നിൽക്കുന്ന തുക്കാറാമിന്റെ ചിത്രം ആ യോഗിവര്യന്റെ ഒരു ബ്രാഹ്മണിക പ്രതിനിധാനമാണെന്ന് നമുക്ക് പറയാം.

വീഡിയോ കാണുക: 'വാമൻ‌ദാദയുടെ പ്രതിഭ മറ്റാർക്കുമില്ല’

ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഘടകങ്ങളെ സ്വാംശീകരിക്കാൻ എന്നും ബ്രാഹ്മണികമായ ചിന്തകൾ ശ്രമിച്ചുപോന്നിട്ടുണ്ട്. ആരാധനാമൂർത്തികൾ, സാംസ്കാരികശീലങ്ങൾ തുടങ്ങി, ജനങ്ങളുടെ സംവേദനക്ഷമതകളെയെല്ലാം സ്വാധീനിക്കാനും അവയുടെ പ്രകൃതവും സ്വഭാവവും തങ്ങളുടേതാക്കി മാറ്റാനും ബ്രാഹ്മണിക പാരമ്പര്യം എല്ലാക്കാലത്തും അദ്ധ്വാനിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ വരവും അധീശത്വവും മൂലം പെഷവമാർ അധികാരഭ്രഷ്ടമായതോടെ, ബ്രാഹ്മണിക സാമൂഹികക്രമത്തിന് ഇന്ത്യയുടെ മുകളിലുള്ള പിടി ക്ഷയിച്ചു. സമൂഹത്തിലെ ആ അധികാരനഷ്ടത്തെ ബ്രാഹ്മണസമൂഹം നികത്തിയത്, സാംസ്കാരികരംഗത്ത് അവരുടെ അധീശത്വം നിലനിർത്തിയതിലൂടെയായിരുന്നു. ആ പ്രക്രിയയ്ക്കിടയിൽ, അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന് സ്വന്തമായിരുന്ന നിരവധി കലാരൂപങ്ങളും സംഗീതോപകരണങ്ങളും പുതുതായി ഉയർന്നുവന്ന സാംസ്കാരിക അധീശത്വ ശക്തികളുടെ കൈപ്പിടിയിലാവുകയും ചെയ്തു.

ആ കലകളുടേയും സംഗീതോപകരണങ്ങളുടേയും മുകളിൽ, തൊഴിലാളിവർഗ്ഗത്തിനുണ്ടായിരുന്ന ഉടമസ്ഥതയും അവകാശവും നഷ്ടമാവുകയും, അത് സൃഷ്ടിച്ച മനുഷ്യർതന്നെ കലകളുടേയും സംഗീതത്തിന്റേയും മേഖലകളിൽനിന്ന് പുറന്തള്ളപ്പെടുകയും ചെയ്തു. വർകാരി പാരമ്പര്യത്തിൽ ഉപയോഗിച്ചിരുന്ന മൃദംഗം എന്ന കൊട്ടുവാദ്യം ഒരു ദ്രാവിഡ സംഗീതോപകരണമായിരുന്നു. തോലുകൊണ്ടുള ആ വാദ്യം നിർമ്മിച്ചിരുന്നത് ദക്ഷിണേന്ത്യയിലെ അസ്പൃശ്യരായ മനുഷ്യസമുദായമായിരുന്നു. എന്നാൽ വീണയാകട്ടെ, ഭാഗവത് പാരമ്പര്യത്തിൽ ഉൾപ്പെട്ടതും ഉത്തരേന്ത്യയിൽ പ്രചാരമുള്ളതുമായിരുന്നു. ആ പാരമ്പര്യക്കാരാവണം വീണയെ വർകാരി വിഭാഗത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്.

ഏൿതാരിയും സാംബലും, തിംകിയും ടുൺ‌ടുണെയും കിംഗ്‌രിയുമെല്ലാം ഇന്ത്യയിലെ അധസ്ഥിതരും ചൂഷിതരുമായ സമുദായങ്ങൾ നിർമ്മിച്ചവയാണ്. ശാസ്ത്രീയസംഗീതത്തിൽ ഉപയോഗിച്ചുവരുന്ന വീണയും സാരംഗിയും സന്തൂറും പേർഷ്യയിൽ ഉത്ഭവിച്ച്, സിൽക്ക് റൂട്ടിലൂടെ ഇന്ത്യയിലേക്ക് വന്ന സംഗീതോപകരണങ്ങളാണ്. ഏറ്റവും പ്രശസ്തരായ വീണാ കലാകാരന്മാർ പാകിസ്ഥാനിലാണുള്ളത്. ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതപാരമ്പര്യം ഏറ്റവും സുരക്ഷിതമായിരിക്കുന്നത് അവിടെയാണ്. ശാസ്ത്രീയ സംഗീതത്തിൽ ഉപയോഗിച്ചുവരുന്ന വീണയും സന്തൂറും ഉണ്ടാക്കുന്ന നിരവധി കലാകാരന്മാരുണ്ട് പാക്കിസ്ഥാനിലെ ക്വെറ്റയിൽ. ഇന്ത്യയിലാകട്ടെ, കാൺപുരിലെയും അജ്മീറിലെയും മിറാജിലെയും മുസ്ലിം കരകൌശലവിദഗ്ദ്ധരാണ് ഇവ നിർമ്മിക്കുന്നത്.

നമ്മുടെ രാജ്യത്തിലെ അധ:സ്ഥിതരും പാർശ്വവകൃതരുമായ ജനങ്ങളാണ് യഥാർത്ഥത്തിൽ തോൽ‌വാദ്യങ്ങളും നിരവധി തന്ത്രിവാദ്യങ്ങളും കണ്ടുപിടിച്ചത്. ബ്രാഹ്മണിക പാരമ്പര്യത്തിലുള്ള സംഗീതത്തിന്റെയും കലയുടെയും സാംസ്കാരികബദലുകളാണ് അവ. ബ്രാഹ്മണന്മാർ ശാസ്ത്രീയസംഗീത-നൃത്തരൂപങ്ങളെ ഉപയോഗിച്ചത്, സാംസ്കാരികജീവിതത്തെ ഭരിക്കുന്നതിനുവേണ്ടിയായിരുന്നു.

*****

ഏൿതാരിയുടെ അകമ്പടിയോടെയുള്ള കാദുബായിയുടെ പാട്ടുകൾ മനോഹരമാണ്. അവരുടെ ആലാപനത്തിന്റെ തെളിമയും വൈകാരികാനുഭൂതിയും ആ സംഗീതോപകരണത്തിൽ പ്രതിഫലിക്കുന്നു.

‘വരൂ, ഈ കഥ കേൾക്കൂ’ എന്ന് പറഞ്ഞുകൊണ്ടാണ് വിലാസ് ഘോഗരെ, പ്രഹ്ലാദ് ഷിൻഡെ, വിഷ്ണു ഷിൻഡെ, കാദുബായി ഖാരാത്ത് തുടങ്ങിയ അംബേദ്കരി ഷഹീറുകൾ ഏൿതാരിയിൽ അംബേദ്കറിനെക്കുറിച്ചുള്ള പാട്ടുകൾ ആലപിച്ച് തെരുവുകളിലും വീടുവീടാന്തരവും യാത്ര ചെയ്യുന്നത്. ലോകമെങ്ങുമുള്ള നാടോടികളുടെ സംഗീതോപകരണമായ ഏൿതാരിയും എന്നും നിരന്തരമായ യാത്രയിലാണ്.

വീഡിയോ കാണുക: ‘ഞാൻ അന്ധവിശ്വാസങ്ങളെ ഒഴിവാക്കി’

അസ്പൃശ്യരായവരുടെ സംഗീതലോകത്തിന്റെ അവിഭാജ്യഘടകമായിരിക്കുന്നതുപോലെത്തന്നെ, ഏൿതാരി, അവരുടെ ആത്മീയമായ പരിണാമത്തിന്റെ സുപ്രധാനമായ ഉപകരണവുമാണ്. ശാസ്ത്രം വികസിക്കുകയും പുതിയ സംഗീതോപകരണങ്ങൾ ആവിർഭവിക്കുകയും ചെയ്തതോടെ, നാടൻ കലാപാരമ്പര്യത്തിനും, ഏൿതാരിപോലുള്ള നാടോടി സംഗീതോപകരണങ്ങൾക്കും ക്രമേണ മാറ്റം വന്നുകഴിഞ്ഞു. ഏൿതാരിയുമായി കലാവതരണം നടത്തുന്ന അവസാനത്തെ ആളായി കാദുബായി മാറിയേക്കാം. ഈയ്യിടെയായി, ആധുനികവും ബ്രാഹ്മണികവുമായ സംഗീതത്തെ അംബേദ്കർ ഗായകർ കൂടുതലായി ആശ്രയിക്കുന്നുണ്ട്. ഏൿതാരിയെ അവർ ഉപേക്ഷിച്ചുതുടങ്ങി.

‘വാത് മാജി ബാഗ്തോയി റിക്ഷാവാലാ’ (റിക്ഷക്കാരൻ എന്നെ കാത്തുനിൽക്കുന്നു) പോലുള്ള പ്രാചാരമുള്ള മറാത്തി ഗാനങ്ങളുടെ ഈണത്തിനനുസരിച്ചാണ് പുതിയ അംബേദ്കർ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. ആധുനികമായ സംഗീതവും ഉപകരണങ്ങളും ഉപയോഗിച്ചുകൂടാ എന്നല്ല പറയുന്നത്. എന്നാൽ ആ ശൈലി പുതിയ സംഗീതോപകരണവുമായി യോജിച്ചുപോവുന്നുണ്ടോ? സന്ദേശങ്ങൾ ആളുകളിലേക്ക് എത്തുന്നുണ്ടോ? പാടുന്നതിന്റെ അർത്ഥം അത് ദ്യോതിപ്പിക്കുന്നുണ്ടോ? ഇതൊക്കെയാണ് ശരിക്കുള്ള ചോദ്യങ്ങൾ. ആധുനിക സംഗീതോപകരണങ്ങൾ സൃഷ്ടിക്കപ്പെട്ടത് മനുഷ്യസമൂഹത്തിലാണ്. നമ്മുടെ സംഗീതത്തെ വികസിപ്പിക്കാൻ അവ ഉപയോഗിക്കേണ്ടതുമാണ്. എന്നാൽ അംബേദ്ക്കർ ഗാനങ്ങൾ സിനിമാപ്പാട്ടുകളുടെ ശൈലിയിലാണ് ഇപ്പോൾ ഉപയോഗിച്ചുവരുന്നത്. ഉച്ചത്തിലുള്ളതും, പരുക്കനും ശബ്ദമലിനീകരണമുണ്ടാക്കുന്നതുമാണ് അവ. അവ പരുഷമായിത്തീർന്നിരിക്കുന്നു. ആരാധകരുടെ തിരക്കും, സ്വത്വത്തിന്റെ പ്രഖ്യാപനവുമൊഴിച്ച്, അംബേദ്കറിന്റെ അഗാധമായ തത്ത്വചിന്തയൊക്കെ അതിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ആ തത്ത്വചിന്തകളെക്കുറിച്ചുള്ള അവബോധവും അതിനെക്കുറിച്ചുള്ള ധാരണകളുമില്ലാത്ത വെറും പരീക്ഷണങ്ങൾ ആളുകളെ തുള്ളിച്ചാടിക്കാൻ മാത്രമേ പ്രയോജനപ്പെടൂ. അവ ദീർഘകാലം നിലനിൽക്കുകയോ, ജനങ്ങളിലേക്കെത്തുകയോ, ജനങ്ങളുടെ പൊതുവായ സ്മരണകളുടെ ഭാഗമാവുകയോ ചെയ്യില്ല.

കാദുബായിയുടെ ശബ്ദത്തിലുള്ളത്, ആയിരക്കണക്കിന് വർഷങ്ങളിലെ അടിമത്തത്തിനെതിരെയുള്ള ശബ്ദമാണ്. കൊടിയ ദാരിദ്ര്യത്തിൽനിന്നും പ്രതികൂലസാഹചര്യങ്ങളിൽനിന്നും ഉയർന്നുവന്ന ജനകീയയായ ഒരു ഗായികയാണ് അവർ. ജാതി, മതം, തൊട്ടുകൂടായ്മയുടെ ക്രൂരതയും മനുഷ്യത്വമില്ലായ്മയും അടിമത്തം, എന്നിവയെക്കുറിച്ച് അവരുടെ പാട്ടുകൾ നമ്മെ നിരന്തരം ബോധ്യപ്പെടുത്തുന്നു. അവരുടെ കുടുംബത്തിന്റേയും സമുദായത്തിന്റേയും സമ്പന്നമായ പൈതൃകം അവർ അവരുടെ ഏൿതാരിയിൽ ആവാഹിക്കുന്നു. അവരുടെ ഏൿതാരി, നമ്മുടെ ഹൃദയങ്ങളെ സ്പർശിക്കുന്നു.

मह्या भिमाने माय सोन्याने भरली ओटी
किंवा
माझ्या भीमाच्या नावाचं
कुंकू लावील रमाने
अशी मधुर, मंजुळ वाणी
माझ्या रमाईची कहाणी

എന്റെ ഭീമൻ എന്റെ ജീവിതത്തിൽ സ്വർണ്ണം നിറച്ചു,
അഥവാ
എന്റെ ഭീമന്റെ പേരിൽ
രാമ കുങ്കുമം ചാർത്തി
മധുരവും മനോജ്ഞവുമായ ശബ്ദം
ഇതാണ് എന്റെ രാമയിയുടെ കഥ

ഈ പാട്ടിലൂടെ, ഒരു സാധാരണക്കാരന് അംബേദ്കറിന്റെ തത്ത്വശാസ്ത്രം എളുപ്പത്തിൽ മനസ്സിലാവുന്നു. അംബേദ്കറിനോടുള്ള നന്ദിയും, ജീവിതത്തിന്റെ സംഘർഷങ്ങളും ദുരിതവും, അഗാധമായ ആത്മീയതയും അത് ആവിഷകരിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള ആഴമേറിയ അവബോധവും. തങ്ങളുടെശബ്ദമുപയോഗിച്ച് നിലവിലുള്ള സാമൂഹികസ്ഥിതിക്കെതിരേ നാടൊട്ടുക്കും അലഞ്ഞുകൊണ്ട് പൊരുതിയ വളരെക്കുറച്ചാളുകൾ മാത്രമേ ഉള്ളു. നിലവിലുള്ള സാമൂഹികക്രമത്തെ ചെറുക്കുകയും, അതേസമയം, തങ്ങളുടെ ശബ്ദത്തിലൂടെയും സംഗീതോപകരണത്തിലൂടെയും ചരിത്രത്തെക്കുറിച്ചുള്ള സ്മരണകൾ സജീവമാക്കി നിലനിർത്തുകയും ചെയ്തവർ. കാദുബായി അവരിലൊരാളാണ്.

ഈ കഥ, മറാത്തിയിലാണ് ആദ്യം എഴുതപ്പെട്ടത്

ഇന്ത്യാ ഫൌണ്ടേഷൻ ഫോർ ആർട്ട്സിന്റെ ആർക്കൈവ്സ് ആൻഡ് മ്യൂസിയംസ് പ്രോഗ്രാമും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയും ചേർന്ന് നടപ്പക്കിയതും ‘ഇൻഫ്ലുവെൻഷ്യൽ ഷഹീർസ്, നരേറ്റീവ്സ് ഫ്രം മറാത്ത്‌വാഡ – സ്വാധീനം ചെലുത്തിയ ഷഹീറുകൾ, മറാത്ത്‌വാഡയിൽനിന്നുള്ള ആഖ്യാനങ്ങൾ’എന്ന് പേരിട്ടതുമായ സമാഹാരത്തിൽനിന്നുള്ള ഒരു മൾട്ടിമീഡിയ സ്റ്റോറിയാണ് ഇത്. ന്യൂദില്ലിയിലെ ഗേയ്‌ഥേ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും / മാക്സ് മുള്ളർ ഭവന്റെയും ഭാഗികമായ പിന്തുണയോടെയാണ് ഇത് സാധ്യമായത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Keshav Waghmare

Keshav Waghmare is a writer and researcher based in Pune, Maharashtra. He is a founder member of the Dalit Adivasi Adhikar Andolan (DAAA), formed in 2012, and has been documenting the Marathwada communities for several years.

Other stories by Keshav Waghmare
Illustration : Labani Jangi

Labani Jangi is a 2020 PARI Fellow, and a self-taught painter based in West Bengal's Nadia district. She is working towards a PhD on labour migrations at the Centre for Studies in Social Sciences, Kolkata.

Other stories by Labani Jangi
Editor : Vinutha Mallya

Vinutha Mallya is a journalist and editor. She was formerly Editorial Chief at People's Archive of Rural India.

Other stories by Vinutha Mallya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat