"ഈ നിയമങ്ങൾ പിൻവലിക്കുകയാണ് ഞങ്ങളുടെ ആവശ്യം”, ഹരിയാനാ-ഡൽഹി അതിർത്തിയിലെ സിംഘുവിൽ സമരം ചെയ്യുന്ന വിശ്വജോത് ഗ്രേവാൽ പറഞ്ഞു. “ഞങ്ങളുടെ ഭൂമിയോട് ഞങ്ങൾക്ക് അത്രയ്ക്കു ബന്ധമുണ്ട്, അതിനാൽ ആരെങ്കിലും ഞങ്ങളിൽ നിന്ന് ഭൂമി പിടിച്ചെടുക്കുന്നത് സഹിക്കാൻ കഴിയില്ല”, കർഷക കുടുംബത്തിൽ നിന്നുള്ള ഒരു 23-കാരി പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്‍റിൽ മൂന്നു കാർഷിക നിയമങ്ങൾ പാസ്സാക്കിയതു മുതൽ ലുധിയാനാ ജില്ലയിലെ പാമൽ ജില്ലയിൽ സമരങ്ങൾ സംഘടിപ്പിക്കാൻ സഹായിച്ചത് ഈ സ്ത്രീയാണ്.

അവരുടെ കുടുംബത്തിൽ നിന്നുള്ള സ്ത്രീകൾ, ഗ്രാമീണ ഇന്ത്യയിലെ 65 ശതമാനം സ്ത്രീകളേയും പോലെ (2011 സെൻസസ് പ്രകാരം), നേരിട്ടോ അല്ലാതെയോ കാർഷിക വൃത്തികളിൽ ഏർപ്പെടുന്നു. അവരിൽ നിരവധി പേർക്കും സ്വന്തമായി ഭൂമിയില്ല, പക്ഷേ അവർ കൃഷിയുടെ കേന്ദ്രസ്ഥാനത്തുണ്ട്. ഏതാണ്ടെല്ലാ കാർഷിക ജോലികളും അവർ ചെയ്യുന്നു - വിതയ്ക്കൽ, പറിച്ചു നടൽ, വിളവെടുപ്പ്, മെതിക്കൽ, പാടത്തുനിന്നും വീട്ടിലേക്കു വിളകൾ എത്തിക്കൽ, ഭക്ഷ്യ സംസ്കരണം, പാലുത്പാദനം, അങ്ങനെ പലതും.

ജനുവരി 11 -ന് ഇന്ത്യയുടെ പരമോന്നത കോടതി മൂന്നു കാർഷിക നിയമങ്ങളും താത്കാലികമായി നിർത്തി വയ്ക്കുന്ന ഒരുത്തരവ് പാസ്സാക്കിയപ്പോൾ സ്ത്രീകളേയും പ്രായമുള്ളവരേയും സമരസ്ഥലങ്ങളിൽ നിന്നും പിന്മാറാൻ ‘പ്രേരിപ്പിക്കണമെന്ന്’ ചീഫ് ജസ്റ്റിസ് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ ഈ നിയമങ്ങളുടെ പരിണിത ഫലങ്ങൾ സ്ത്രീകളേയും പ്രായമുള്ളവരേയും ബാധിക്കുന്നു.

താഴെപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിക്കുന്നത്: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു. കര്‍ഷകരുടെയും കൃഷിയുടെമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബലപ്പെടുത്തുന്നു.

“സ്ത്രീകളെയാണ് ഈ കാർഷിക നിയമങ്ങൾ ഏറ്റവും മോശമായി ബാധിക്കാൻ പോകുന്നത്. കൃഷിയിൽ നന്നായി ഏർപ്പെടുന്നുണ്ടെങ്കിലും അവർക്ക് തീരുമാനങ്ങൾ എടുക്കാനുള്ള അധികാരങ്ങൾ ഇല്ല. അവശ്യ സാധന നിയമങ്ങളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ [ഉദാഹരരണത്തിന്] ഭക്ഷണത്തിന്‍റെ അപര്യാപ്തതയിലേക്കു നയിക്കുകയും സ്ത്രീകൾ അതിന്‍റെ ആഘാതങ്ങൾ നേരിടുകയും ചെയ്യും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയായ മറിയം ധവാലെ പറയുന്നു.

ഇവരിലെ നിരവധി സ്ത്രീകൾ - ചെറുപ്പക്കാരും പ്രായമുള്ളവരും - ഡൽഹിയിലും പരിസരങ്ങളിലുമുള്ള കർഷക സമര വേദികളിലെ ശക്തമായ സാന്നിദ്ധ്യമാണ്. കർഷകരല്ലാത്ത മറ്റു നിരവധിപേർ പിന്തുണ അറിയിക്കുന്നതിനായി അവിടെ എത്തുകയും ചെയ്യുന്നു. ഇനിയും മറ്റു നിരവധിപേർ അവിടെ സാധനങ്ങൾ വിറ്റ് ദിവസക്കൂലി നേടുകയോ ലങ്കറുകളിൽ (സിഖ് സാമൂഹ്യ അടുക്കളകൾ) നിന്നു നിര്‍ലോഭം ലഭിക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യുന്നു.

PHOTO • Shraddha Agarwal

62-കാരിയായ ബിമലാ ദേവി (ചുവപ്പു ഷാളിൽ) ഡിസംബർ 20-ന് സിംഘു അതിർത്തിയിൽ എത്തിയത് അവിടെ സമരം ചെയ്യുന്ന അവരുടെ സഹോദരന്മാരും പുത്രന്മാരും തീവ്രവാദികളല്ലെന്ന് മാദ്ധ്യമങ്ങളോടു പറയാനാണ്. ഹരിയാനയിലെ സോണിപത് ജില്ലയിലെ ഖർഖോദാ ബ്ലോക്കിലെ സെഹരി ഗ്രാമത്തിൽ കുടുംബവകയായ രണ്ടേക്കറിൽ അവരുടെ കുടുംബം ഗോതമ്പും അരിചോളവും കരിമ്പും കൃഷി ചെയ്യുന്നു. “ഞങ്ങളുടെ പുത്രന്മാരെ ഗുണ്ടകൾ എന്നു വിളിക്കുന്നത് ടി.വി.യിൽ നിന്നും ഞങ്ങൾ കേട്ടു. അവർ കർഷകരാണ് തീവ്രവാദികളല്ല. എന്‍റെ പുത്രന്മാരെക്കുറിച്ച് ടി.വി.യിൽ പറയുന്നതു കേട്ട് ഞാൻ കരയാൻ തുടങ്ങി. കർഷകരേക്കാൾ വിശാലഹൃദയരായ മനുഷ്യരെ നിങ്ങൾക്കു കാണാൻ കഴിയില്ല”, ബിമലാ ദേവി പറഞ്ഞു. 60-കാരിയായ സഹോദരി സാവിത്രിയും (നീല) സിംഘുവിൽ അവരോടൊപ്പമുണ്ട്.

PHOTO • Shraddha Agarwal

“ഞാൻ ഇവിടെ വന്നത് എന്‍റെ അവകാശങ്ങൾക്കുവേണ്ടി പൊരുതാനും ഭാവിക്കു വേണ്ടിയുമാണ്”, 14 -കാരിയായ 9-ാം ക്ലാസ്സ് വിദ്യാർത്ഥിനി ആലംജീത് കൗർ പറഞ്ഞു. അവൾ സിംഘു സമര വേദിയിലുള്ളത് ഇളയ സഹോദരിക്കും മുത്തശ്ശിക്കും മാതാപിതാക്കൾക്കും ഒപ്പമാണ്. അവരെല്ലാം വന്നത് പഞ്ചാബിലെ ഫരീദ്കോട്ട് ബ്ലോക്കിലെ പിപലി ഗ്രാമത്തിൽ നിന്നുമാണ്. അവിടെ അവളുടെ അമ്മ നഴ്സും അച്ഛൻ അദ്ധ്യാപകനുമായി ജോലി നോക്കുന്നു. 7 ഏക്കർ കൃഷിസ്ഥലത്ത് ഈ കുടുംബം ഗോതമ്പും നെല്ലും കൃഷി ചെയ്യുകയും ചെയ്യുന്നു. “വളരെ ചെറുതായിരുന്നപ്പോൾ മുതൽ ഞാൻ മാതാപിതാക്കളെ കൃഷിയിൽ സഹായിച്ചു കൊണ്ടിരിക്കുന്നു” ആലംജീത് പറഞ്ഞു. കർഷകരായ ഞങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവർ എന്നെ പഠിപ്പിച്ചു. ഞങ്ങളുടെ അവകാശങ്ങൾ തിരികെ കിട്ടുന്നതുവരെ ഞങ്ങൾ തിരിച്ചു പോകില്ല. ഇത്തവണ ഞങ്ങൾ കർഷകർ വിജയിക്കും.”

PHOTO • Shraddha Agarwal

വിശ്വജോത് ഗ്രേവാലിന്‍റെ കുടുംബത്തിനു ലുധിയാനാ ജില്ലയിലെ പാമൽ ഗ്രാമത്തിൽ 30 ഏക്കർ സ്ഥലം കൈവശമുണ്ട്. അവിടെ പ്രധാനമായും ഗോതമ്പ്, നെല്ല്, ഉരുളക്കിഴങ്ങ് എന്നിവ കൃഷി ചെയ്യുന്നു. “ഈ [കാർഷിക] നിയമങ്ങൾ പിന്‍വലിക്കണമെന്നുള്ളതാണ് ഞങ്ങളുടെ ആവശ്യം”, ഡിസംബർ 22-ന് തന്‍റെ ബന്ധുക്കളോടെപ്പം ഒരു മിനിവാനിൽ സിംഘുവിലെത്തിയ ഒരു 23 -കാരി പറഞ്ഞു. ”ഞങ്ങളുടെ ഭൂമിയോട് ഞങ്ങൾക്കു അത്രയ്ക്കു ബന്ധമുണ്ട്, അതിനാൽ ഞങ്ങളിൽ നിന്ന് ഭൂമി ആരെങ്കിലും പിടിച്ചെടുക്കുന്നത് സഹിക്കാൻ കഴിയില്ല. പ്രതിഷേധിക്കാനുള്ള അവകാശം നമുക്കുണ്ടെന്ന് നമ്മുടെ ഭരണ ഘടനയിൽ പറയുന്നു. ഇത് വളരെ സമാധാനപരമായ ഒരു സമരമാണ്. ലങ്കറുകൾ (സിഖ് സാമൂഹ്യ അടുക്കളകള്‍) മുതൽ വൈദ്യസഹായം വരെ, എല്ലാം ഇവിടെ ലഭിക്കുന്നു.”

PHOTO • Shraddha Agarwal

“ഞങ്ങളുടെ കർഷകരെ പിന്തുണയ്ക്കനാണ് ഞാൻ ഇവിടെ വന്നത്. പക്ഷേ ഈ നിയമങ്ങൾ എല്ലാവരെയും ബാധിക്കും, കർഷകരെ മാത്രമെ ഇവ ബാധിക്കൂ എന്ന് ആളുകൾ കരുതുന്നുണ്ടെങ്കിൽപ്പോലും”, പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ, ഫരീദ്കോട് തഹ്സീലിലെ, കോട് കപൂര ഗ്രാമത്തിൽ നിന്നുള്ള 28-കാരിയായ മാനി ഗിൽ പറയുന്നു. എം.ബി.എ. ബിരുദധാരിണിയായ മാനി കോർപ്പറേറ്റ് മേഖലയിലാണ് ജോലി ചെയ്യുന്നത്. "ഞങ്ങൾ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്”, അവൾ കൂട്ടിച്ചേർക്കുന്നു. "ഒരു ചെറു പഞ്ചാബ് തന്നെ ഡൽഹിയിൽ സൃഷ്ടിച്ചിരിക്കുന്നത് കാണാൻ രസമുണ്ട്. പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളെയും നിങ്ങൾക്കിവിടെ കാണാൻ കഴിയും.” സാമൂഹ്യ മാദ്ധ്യമങ്ങളിൽ കർഷക പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു യുവജനവേദിയുടെ സന്നദ്ധ പ്രവർത്തകയാണ് മാനി. "പുതിയ കാർഷിക നിയമങ്ങളെക്കൂടാതെ കർഷകരുടെ മറ്റു പ്രധാന പ്രശ്നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങൾ എന്താണെന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുന്നു. കർഷകർ അനുദിനം അനുഭവിക്കുന്ന പ്രശ്നങ്ങൾ മുന്നോട്ടു കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നു”, അവർ കൂട്ടിച്ചേർക്കുന്നു. മാനിയുടെ മാതാപിതാക്കൾക്കു സിംഘുവിലെത്താൻ പറ്റിയിട്ടില്ല. പക്ഷേ അവർ (മാനി) പറയുന്നു, "അവരും ഞങ്ങളെപ്പോലെ തന്നെ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നുവെന്നാണ് ഞാൻ വിചാരിക്കുന്നത്. എന്തുകൊണ്ടെന്നാൽ ഞങ്ങൾ ഇവിടാണുള്ളത്, അവരെ ഇരട്ടി പണി ചെയ്യാൻ വിട്ടിരിക്കുന്നു [തിരികെ ഗ്രാമങ്ങളിൽ], ഞങ്ങളുടെ മൃഗങ്ങളെ നോക്കാനും കൃഷിയിടങ്ങൾ നോക്കാനും.”

PHOTO • Shraddha Agarwal

സഹജ്മീതും (വലത്) ഗുർലീനും (മുഴുവൻ പേരുകൾ ചേർത്തിട്ടില്ല) ഡിസംബർ 15 മുതൽ വ്യത്യസ്ത കർഷക സമര വേദികളിൽ ഭാഗഭാക്കായിക്കൊണ്ടിരിക്കുന്നു. "കൂടുതൽ ആളുകളെ സമരത്തിന് ആവശ്യമുണ്ടെന്നു അറിഞ്ഞു കഴിഞ്ഞ് വീട്ടിലിരിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്”, കാറുകളിലും ടെമ്പോകളിലുമൊക്കെ മാറിക്കയറി പഞ്ചാബിലെ പട്യാലാ നഗരത്തിൽനിന്നും ഇവിടെത്തിയിരിക്കുന്ന 28-കാരിയായ സഹജ്മീത് പറയുന്നു. കുറച്ചു സമയം അവർ സാമൂഹ്യ അടുക്കളകളുമായി ബന്ധപ്പെട്ട സന്നദ്ധ പ്രവർത്തനങ്ങളിൽ മുഴുകിക്കൊണ്ട് പടിഞ്ഞാറൻ ഡൽഹിയിലെ ടിക്രിയിൽ ആയിരുന്നു. "എവിടെ ആവശ്യമുണ്ടോ അവിടെ ഞങ്ങൾ പോകുന്നു”, അവർ കൂട്ടിച്ചേർക്കുന്നു.

സമരത്തിലുള്ള സ്ത്രീകൾക്ക് ശുചിമുറികൾ ഒരു പ്രശ്നമാണ്. "കൊണ്ടുനടക്കാവുന്ന ശുചിമുറികളും പെട്രോൾ സ്റ്റേഷനുകളിൽ ഉള്ളവയും തികച്ചും വൃത്തികേടാണ്. കൂടാതെ സ്ത്രീകൾ താമസിക്കുന്നിടങ്ങളിൽ [സമരസ്ഥലങ്ങളിലുടനീളമുള്ള ടെന്‍റുകളും ട്രാക്ടർ ട്രോളികളും] നിന്നും അവ അകലെയുമാണ്. ഞങ്ങൾ താരതമ്യേന എണ്ണത്തിൽ കുറവായതുകൊണ്ട് താമസിക്കുന്നയിടങ്ങളിലുള്ള വാഷ്റൂം ക്ലോസറ്റുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം”, പട്യാലയിലെ പഞ്ചാബി സർവ്വകലാശാലയിൽ നിന്നുള്ള പിഎച്.ഡി. ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിനിയായ സഹജ്മീത് പറയുന്നു. "വാഷ്റൂം ഉപയോഗിക്കുന്ന സമയത്ത് എന്നോടൊരു പ്രായമുള്ള മനുഷ്യൻ പറഞ്ഞു: 'എന്തിനാണ് സ്ത്രീകൾ ഇവിടെ വന്നത്? ഈ സമരം ആണുങ്ങളുടെ പണിയാണ്’. ചില സമയങ്ങളിൽ (രാത്രികളിൽ) സുരക്ഷിതമല്ലാതെ തോന്നും, പക്ഷേ മറ്റു സ്ത്രീകളെ ഇവിടെ കാണുന്നത് ഒരുമയുടെ  ശക്തി തോന്നിപ്പിക്കും.”

അവരുടെ സുഹൃത്തും ഗുർദാസ്പൂർ ജില്ലയിലെ, ബടാല തഹ്സീലിലെ മീകെ ഗ്രാമത്തിൽ രണ്ടേക്കർ സ്ഥലത്ത് ഗോതമ്പും നെല്ലും കൃഷി ചെയ്യുന്ന കുടുംബത്തിൽ നിന്നുള്ള 22-കാരിയുമായ ഗുർലീൻ പറയുന്നു, "എന്‍റെ വിദ്യാഭ്യാസത്തിന്‍റെ മുഴുവൻ ചിലവുകളും വഹിച്ചിട്ടുള്ളത് കൃഷിയിൽ നിന്നാണ്. എന്‍റെ കുടുംബം കൃഷിയെ ആശ്രയിക്കുന്നു. എന്‍റെ ഭാവിയിലെ ഒരേയൊരു പ്രതീക്ഷ കൃഷി മാത്രമാണ്. എനിക്ക് ഭക്ഷണവും സുരക്ഷിതത്വവും നല്കാൻ കൃഷിക്കാകുമെന്ന് എനിക്കറിയാം. വ്യത്യസ്ത സർക്കാർ നയങ്ങൾ എങ്ങനെയാണ് ഞങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ, ബാധിക്കുകയെന്ന് വിദ്യാസം കാണിച്ചു തരുന്നു. അതുകൊണ്ട് സമരം ചെയ്യുകയും ഐകൃദാർഢ്യപ്പെടുയും ചെയ്യുന്നത് വളരെ പ്രധാനമാണ്.”

PHOTO • Shraddha Agarwal

ഹർഷ് കൗർ (ഏറ്റവും വലത്) സിംഘു അതിർത്തിയിൽ എത്തിയത് ഏകദേശം 300 കിലോമീറ്റർ അകലെയുള്ള പഞ്ചാബിലെ ലുധിയാനയിൽ നിന്നുമാണ്. ഈ 20-കാരിയും അവരുടെ സഹോദരിയും സമര സ്ഥലത്ത് സൗജന്യ മെഡിക്കൽ ക്യാമ്പിൽ പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധതയറിയിച്ച് ഒരു യുവജന സംഘടനയെ സമീപിച്ചു. വൈദ്യ സഹായ ടെന്‍റുകളില്‍ നിന്നും പരിശീലനം നേടിയിട്ടുള്ള നഴ്സുമാർ മരുന്നുകൾ വിതരണം ചെയ്യുന്ന കാര്യത്തിൽ സന്നദ്ധ പ്രവർത്തകർക്ക് ഉപദേശങ്ങൾ നല്കുന്നു. ബി.എ. ജേർണ്ണലിസം വിദ്യാർത്ഥിനിയായ ഹർഷ് പറയുന്നു, "സർക്കാർ ഭാവിക്കുന്നത് ഈ നിയമങ്ങൾ നല്ലതാണെന്ന രീതിയിലാണ്, എന്നാൽ അവ അങ്ങനെയല്ല. കർഷകരാണ് വിതക്കുന്നത്, നല്ലതെന്താണെന്ന് അവർക്കറിയാം. നിയമങ്ങൾ കോർപ്പറേറ്റുകളോടു മാത്രമാണ് താൽപ്പര്യം കാണിക്കുന്നത്. സർക്കാർ ഞങ്ങളെ ചൂഷണം ചെയ്യുന്നു. അല്ലെന്നു വരികിൽ എം.എസ്.പി. (മിനിമം താങ്ങുവില) യുടെ കാര്യത്തിൽ അവർ ഉറപ്പ് എഴുതി നല്കുമായിരുന്നു. നമ്മുടെ സർക്കാരിനെ ഞങ്ങൾക്കു വിശ്വസിക്കാൻ കഴിയില്ല.”

PHOTO • Shraddha Agarwal

ലൈല (പൂർണ്ണമായ പേര് ലഭ്യമല്ല) സിംഘുവിൽ ഉപകരണ സെറ്റുകൾ വിൽക്കുന്നു. ഒരു പ്ലെയർ, ഇലക്ട്രിക് ലൈറ്റർ, രണ്ടു തരത്തിലുള്ള സ്ക്രൂ ഡ്രൈവറുകൾ, എന്നിവയാണ് ഒരു സെറ്റിലുള്ളത്. ഒരോ സെറ്റിനും 100 രൂപയാണ് വില. മൂന്നു ജോഡി സോക്സുകളും അവർ അതേ വിലയ്ക്കു വിൽക്കുന്നു. വടക്കൻ ഡൽഹിയിലെ സദർ ബസാറിൽ നിന്നും ആഴ്ചയിലൊരിക്കലാണ് ലൈല ഇവയെടുക്കുന്നത്. അവരുടെ ഭർത്താവും കച്ചവടക്കാരനാണ്. അവർ ഇവിടെയെത്തിയിട്ടുള്ളത് പുത്രന്മാരായ 9 വയസ്സുകാരനായ മിഖായേലിനും (പർപ്പിൾ ജാക്കറ്റ്) 5 വയസ്സുകാരനായ വിജയ്ക്കും (നീല ജാക്കറ്റ്) ഒപ്പമാണ്. "ഈ സാധനങ്ങൾ വിൽക്കാനാണ് ഞങ്ങൾ ഈ ആൾക്കൂട്ടത്തിലേക്ക് എത്തിയിട്ടുള്ളത്. ഈ സമരം തുടങ്ങിയതു മുതൽ രാവിലെ 9 മണി മുതൽ വയ്കുന്നേരം 6 മണി വരെയുള്ള സമയത്ത് ഞങ്ങൾ ഇവിടെത്തുന്നു. എല്ലാം ദിവസവും 10-15 സെറ്റുകൾ ഞങ്ങൾ വിൽക്കും”, അവർ പറയുന്നു.

PHOTO • Shraddha Agarwal

"എന്‍റെ കുടുംബത്തിൽ കർഷകരില്ല. ഈ സാധനങ്ങൾ വിറ്റിട്ടാണ് ഞാനെന്‍റെ വയർ നിറയ്ക്കുന്നത്”, സിംഘുവിൽ ജീവിക്കുന്ന 35-കാരിയായ വഴിവാണിഭക്കാരി ഗുലാബിയ പറയുന്നു. വിവിധ സാധനങ്ങൾ വിൽക്കുന്ന വഴിവാണിഭക്കാരെക്കൊണ്ട് സിംഘു സമര സ്ഥലം നിറഞ്ഞിരിക്കുന്നു. ഗുലാബിയ (പൂർണ്ണമായ പേര് ലഭ്യമല്ല) ചെറുസംഗീതോപകരണങ്ങൾ വിൽക്കുന്നു. ഓരോന്നിനും 100 രൂപയാണ് അവർ പ്രതീക്ഷിക്കുന്നത്. അവരുടെ രണ്ടു പുത്രന്മാരും തൊഴിലാളികളാണ്. "പ്രതിദിനം 100-200 രൂപ ഞാൻ ഉണ്ടാക്കുന്നു”, അവർ പറയുന്നു. "ഈ ഡ്രമ്മുകൾ ആരും 100 രൂപയ്ക്കു വാങ്ങില്ല, അവരെല്ലാവരും വില പേശുന്നു. അതുകൊണ്ട് 50 രൂപയ്ക്ക്, ചിലപ്പോൾ 40 രൂപയ്ക്കു വരെ വിൽക്കേണ്ടി വരുന്നു.”

PHOTO • Shraddha Agarwal

“റോട്ടി തിന്നാനാണ് ഞാനിവിടെ വന്നിരിക്കുന്നത്”, പാഴ്വസ്തുക്കൾ ശേഖരിക്കുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന വടക്കൻ ഡൽഹിയിലെ നരേലാ പ്രദേശത്തു നിന്നുള്ള കവിത (പൂർണ്ണമായ പേര് ലഭ്യമല്ല) പറയുന്നു. ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികൾ പെറുക്കാനാണ് അവർ സിംഘു അതിർത്തിയിൽ വരുന്നത്. ഏകദേശം 60 വയസ്സുള്ള കവിത സമരസ്ഥലത്തു നിന്നും ശേഖരിക്കുന്ന പാഴ്വസ്തുക്കൾ കിലോയ്ക്ക് 50 മുതൽ 100 രൂപ വരെ വിലയ്ക്ക് ആക്രിസാധനങ്ങൾ എടുക്കുന്ന തന്‍റെ പ്രദേശത്തുള്ള ഒരാൾക്ക് ദിനാന്ത്യത്തിൽ നല്കുന്നു. ”പക്ഷേ ചിലർ എന്‍റെ നേരെ ആക്രോശിക്കുന്നു, എന്തിനാണ് ഞാൻ ഇവിടെ വന്നതെന്ന് അവർ ചോദിക്കുന്നു”, അവർ പറയുന്നു.

PHOTO • Shraddha Agarwal

“സമരത്തിൽ പങ്കെടുക്കുകയെന്നത് എനിക്കു വളരെ ബുദ്ധിമുട്ടായിരുന്നു, എന്തുകൊണ്ടെന്നാൽ എന്‍റെ മാതാപിതാക്കൾ ഞാനിവിടെ വരുന്നതിന് അനുകൂലമല്ലായിരുന്നു. പക്ഷേ ഞാൻ വന്നു, എന്തുകൊണ്ടെന്നാൽ കർഷകർക്കു യുവാക്കളിൽ നിന്നു പിന്തുണ വേണം”, പഞ്ചാബിലെ ഫരീദ്കോട് ജില്ലയിലെ, ഫരീദ്കോട് തഹ്സീലിലെ, കോട് കപൂര ഗ്രാമത്തിൽ നിന്നുള്ള 24-കാരിയായ കോമൾപ്രീത് (മുഴുവൻ പേര് നല്കിയിട്ടില്ല) പറയുന്നു. അവർ ഡിസംബർ 24-ന് സിംഘു അതിർത്തിയിൽ എത്തി. കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അവബോധം വളർത്തുന്ന ഒരു യുവജനവേദിയിൽ സന്നദ്ധ പ്രവർത്തകയായി അവർ പ്രവർത്തിക്കുന്നു. ”ഞങ്ങൾ ചരിത്രം പുനര്‍നിര്‍മ്മിക്കുന്നു”, അവർ കൂട്ടിച്ചേർക്കുന്നു. “ജാതി, വർഗ്ഗ, സംസ്കാര പരിഗണനകളില്ലാതെയാണ് ആളുകൾ ഇവിടെ വസിക്കുന്നത്. ശരിക്കുവേണ്ടി പൊരുതാനും ചൂഷിതർക്കൊപ്പം നില്ക്കാനുമാണ് ഞങ്ങളുടെ ഗുരുക്കന്മാർ ഞങ്ങളെ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Shraddha Agarwal

Shraddha Agarwal is a Reporter and Content Editor at the People’s Archive of Rural India.

Other stories by Shraddha Agarwal
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.