പച്ച നിറത്തിൽ ക്രോക്കഡൈല്‍-സ്റ്റൈലിലുള്ള ഹൂഡിയും (തല കൂടി മൂടാന്‍ പറ്റുന്ന സ്വെറ്റ്ഷര്‍ട്ട്) കട്ടിയുള്ള കമ്പിളി സോക്സും ധരിച്ച ഹർഭത്തേ സിംഗ് രാജസ്ഥാൻ-ഹരിയാനാ അതിർത്തിയിൽ വട്ടത്തിലുള്ള വലിയൊരു പാത്രത്തിൽ ഗ്രീൻപീസു പൊളിയ്ക്കാൻ തന്‍റെ അച്ഛനെ സഹായിച്ചു കൊണ്ടിരിയ്ക്കുന്നു. ഡൽഹി-ജയ്പൂർ ഹൈവേയിൽ രാജസ്ഥാനിലെ ആൾവാർ ജില്ലയിലെ ഹാജഹാൻപൂരിലുള്ള സമരക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞത് ഉറപ്പായും 18 മാസo പ്രായമുള്ള ഈ കുഞ്ഞ് ആയിരിയ്ക്കും. ഇപ്പോൾ നടന്നു കൊണ്ടിരിയ്ക്കുന്ന കർഷക സമരത്തിലേയ്ക്ക് ഹർഭത്തേയുടെ സംഭാവന പച്ചക്കറികൾ പൊളിയ്ക്കുക എന്നതാണ്. നല്ലത്, ശ്രമിയ്ക്കട്ടെ. വളരെ കൃത്യതയോടെയും കാര്യക്ഷമമായും അവന് അത് ചെയ്യാൻ പറ്റണമെന്നില്ല, അത് പക്ഷേ അവന് താൽപ്പര്യം ഇല്ലാത്തതു കൊണ്ടോ അവൻ ശ്രമിയ്ക്കാത്തതുകൊണ്ടോ അല്ല.

തങ്ങളുടെ ഉപജീവനത്തിന് വിനാശകരമായ മൂന്നു കാർഷിക നിയമങ്ങളും പിൻവലിയ്ക്കണെമെന്ന് ആവശ്യപ്പെടുന്നതിനായി ഡൽഹിയുടെയും ഹരിയാനയുടയും വ്യത്യസ്ത അതിർത്തികളിൽ പല സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് കർഷകർ ഒരുമിച്ചു ചേർന്നിരിയ്ക്കുന്നു. ആദ്യം ജൂൺ 5-ന് ഓർഡിനൻസായി ഇറക്കിക്കൊണ്ട് ഈ നിയമങ്ങൾ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ ബില്ലുകൾ ആയി അവതരിപ്പിയ്ക്കപ്പെടുകയും അതേ മാസം 20-ഓടു കൂടി ധൃതി പിടിച്ച് നിയമമാക്കി മാറ്റുകയും ചെയ്തു.

ഡിസംബർ 25-ന് ഞാൻ ഹർഭത്തേയെ കണ്ട സമയത്ത് മഹാരാഷ്ട്രയിൽ നിന്നുള്ള ഏകദേശം ആയിരത്തോളം കർഷകർ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് കർഷകരോടൊപ്പം അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഷാജഹാൻപൂരിലെ പ്രതിഷേധ സ്ഥലത്ത് കൂടിച്ചേർന്നിരുന്നു. ഈ കർഷകരും കർഷക തൊഴിലാളികളും നാസികിൽ നിന്നും ടെമ്പോ, ജീപ്പ്, മിനിവാൻ തുടങ്ങിയ വാഹനങ്ങളിൽ 1200 കിലോ മീറ്ററിലധികം യാത്ര ചെയ്ത്, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും വന്ന് വ്യത്യസ്ത സമര സ്ഥലങ്ങളിൽ തമ്പടിച്ചിട്ടുള്ള തങ്ങളുടെ സഹ കർഷകർക്കൊപ്പം ചേർന്നു.

മഹാരാഷ്ട്രയിൽ നിന്നുള്ള കർഷകരെ സ്വീകരിയ്ക്കാനുള്ള കുടുംബങ്ങളിൽ ഒന്ന് ഹർഭത്തേയുടേതായിരുന്നു. ഏകദേശം 100 പേർക്ക് ആലൂ മട്ടർ (ഉരുളക്കിഴങ്ങും പീസും ചേർത്ത് ഉണ്ടാക്കുന്ന ഒന്ന്) ഉണ്ടാക്കാനായി അവർ നിയോഗിയ്ക്കപ്പെട്ടിരുന്നു. “ഞങ്ങൾ ഈ തണുത്ത മഞ്ഞുകാല ദിവസങ്ങളിൽ ഇവിടെ കൂടിച്ചേർന്നിരിയ്ക്കുന്നത് ഞങ്ങളുടെ കുട്ടികളുടെ ഭാവിയ്ക്കു വേണ്ടിയാണ്. ഞങ്ങൾ കർഷകർ ഇന്ന് സമരം ചെയ്തില്ലെങ്കിൽ ഫത്തേയ്ക്ക് ഒരു ഭാവിയും ഉണ്ടാവില്ല,” കുട്ടിയുടെ 41-കാരനായ അച്ഛൻ ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ഛാജുപൂർ ഗ്രാമത്തിൽ നിന്നുള്ള  ജഗ്രൂപ് സിംഗ് പറയുന്നു.

One of the youngest protestors at the Rajasthan-Haryana border pitches in to help his family prepare aloo mutter for a hundred people
PHOTO • Shraddha Agarwal
One of the youngest protestors at the Rajasthan-Haryana border pitches in to help his family prepare aloo mutter for a hundred people
PHOTO • Shraddha Agarwal

ഹർഭത്തേയുടെ കുടുംബം ഷാജഹാൻപൂരിൽ വന്നിരിയ്ക്കുന്നത് സമര സ്ഥലത്ത് സംഘടിപ്പിച്ചിട്ടുള്ള സാമൂഹ്യ അടുക്കളകളെ (കമ്മ്യൂണിറ്റി കിച്ചണുകൾ) സഹായിയ്ക്കുന്നതിനാണ്.

ഛാജുപൂരിൽ അരിയും ഗോതമ്പും ഉരുളക്കിഴങ്ങും വളരുന്ന 5 ഏക്കറുകൾക്ക് ഉടമകളായ കുടുബത്തിൽ നിന്നുള്ള ജഗ്രൂപിനെ ഞാൻ കണ്ടുമുട്ടുമ്പോൾ അദ്ദേഹം കഴിഞ്ഞ 28 ദിവസങ്ങളായി സമരത്തിലായിരുന്നു. അദ്ദേഹം ആദ്യത്തെ 20 ദിവസം ഹരിയാനയിലെ സോണിപ്പാത്ത് ജില്ലയിലെ സിൻഗു അതിർത്തിയിലായിരുന്നു. പിന്നീട് മറ്റ് ആയിരത്തോളം കർഷകർക്കൊപ്പം രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ ഹൈവേ ബ്ലോക്ക് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹാജഹാൻപൂരിലേയ്ക്ക് ക്യാമ്പ് മാറ്റി.

സമരത്തിന്‍റെ ആദ്യ ആഴ്ചകളിൽ കുടുംബവുമായി അകന്നു കഴിയേണ്ടി വന്നു എന്ന് ജഗ്രൂപ് പറയുന്നു. ഷാജഹാൻപൂരിൽ പ്രതിഷേധ സ്ഥലത്ത് സംഘടിപ്പിച്ചിരിയ്ക്കുന്ന വിവിധ സാമൂഹ്യ അടുക്കളകളെ (കമ്മ്യൂണിറ്റി കിച്ചണുകൾ) സഹായിയ്ക്കുന്നതിനായി 33-കാരിയായ ഭാര്യ ഗുർപ്രീത് കൗറും രണ്ടു കുട്ടികളും - 8 വയസ്സുകാരി എകംജോതും ഹർഭത്തേയും - ഡിസംബർ 23-ന് അദ്ദേഹത്തോടൊപ്പം വന്നുചേർന്നു. “എന്‍റെ മകൾ സേവനം ചെയ്യുന്നു. ചായ വേണ്ടവർക്കെല്ലാം അവൾ ചായ വിതരണം ചെയ്യുന്നു. ഞങ്ങൾ ഇവിടെ ചെയ്തുകൊണ്ടിരിയ്ക്കുന്നതിന്‍റെ പ്രാധാന്യം എന്‍റെ കുട്ടികൾ മനസ്സിലാക്കുന്നു,” എങ്ങനെ പട്ടാണി പൊളിയ്ക്കണമെന്നുള്ള നിർദ്ദേശം ഹർഭത്തേയ്ക്ക് കൊടുക്കുന്നതിനിടയിൽ അദ്ദേഹം പറയുന്നു.

വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം , കാര്‍ഷിക ഉത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിയ്ക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം , അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നീ നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ അടിത്തറ തോണ്ടിക്കൊണ്ട്‌  എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്നും വിമർശിയ്ക്കപ്പെടുന്നു.

പരിഭാഷ: ഡോ. റെന്നിമോന്‍ കെ. സി.

Shraddha Agarwal

Shraddha Agarwal is a Reporter and Content Editor at the People’s Archive of Rural India.

Other stories by Shraddha Agarwal
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.