മുഖ്യ കവാടത്തിനു മുമ്പിലെ വലിയ ആള്‍ക്കൂട്ടം നിശ്ശബ്ദമായി. ഇവിടെയും നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെ ഓരോ വ്യക്തിയുടെയും സംസ്ഥാനത്തും ദശലക്ഷക്കണക്കിന് ഹൃദയങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് സ്പന്ദിക്കുന്നതിന്‍റേതായിരുന്നു അപ്പോൾ അവശേഷിച്ചിരുന്ന കേള്‍ക്കാന്‍ പറ്റാത്ത ഒരേയൊരു ശബ്ദം. നേതാക്കന്മാര്‍ ആദരവോടെ ശിരസ്സ് നമിച്ചുനിന്നു. അവര്‍ വലിയ ആവേശത്തിലായിരുന്നു. വൈകാരികത മുറ്റിനിന്ന അന്തരീക്ഷത്തില്‍ എട്ട് യുവാക്കള്‍ സിംഘു അതിര്‍ത്തിയിലെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വേദിയിലേക്ക് തലയില്‍ മണ്‍കുടങ്ങളുമേന്തി കടന്നുവരുന്നത് വര്‍ദ്ധിതമായ ഉദ്വേഗത്തോടെ എല്ലാവരും വീക്ഷിച്ചു.

2021 മാര്‍ച്ച് 23-ന് ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്ദേവ് എന്നിവരുടെ 90-ാം രക്തസാക്ഷിത്വം ആചരിക്കുന്നതിന് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകരോടൊപ്പമായിരിക്കാന്‍ അനേകം മൈലുകള്‍ താണ്ടിയാണ് ഓര്‍മ്മകളും വിശുദ്ധ മണ്ണും നിറഞ്ഞ ഓരോ കുടങ്ങളും അവിടെത്തിയത്.

"പഞ്ചാബിൽ നിന്നുള്ള ഈ യുവാക്കൾ എട്ട് ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ നിന്നാണ് മണ്ണ് കൊണ്ടുവന്നത്. ഞങ്ങൾക്ക്, ഞങ്ങളുടെ ഹൃദയങ്ങളിൽ, വളരെ പ്രത്യേകതയുളള സ്ഥലങ്ങൾ - ഞങ്ങളവയെ സ്വഗതം ചെയ്യുന്നു”, ഒരു കർഷക നേതാവായ ജതീന്ദർ സിംഗ് വേദിയിൽ നിന്നും പ്രഖ്യാപിച്ചു.

കർഷകരുടെ ജീവിതത്തിൽ എല്ലായ്പ്പോഴും ഭൗതികവും സാംസ്കാരികവുമായ പ്രാധാന്യമുള്ള മണ്ണ് ഈ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയവും ചരിത്രപരവും ആലങ്കാരികവുമായ പുതിയൊരു അർത്ഥം കൈവരിച്ചിരിക്കുന്നു. സമരം ചെയ്യുന്ന കർഷകർക്ക് ആവേശവും പ്രചോദനവും നൽകുന്നതിനുള്ള ഒരു മാർഗ്ഗമായിരുന്നു വിവിധ രക്തസാക്ഷികളുടെ ഗ്രാമത്തിൽ നിന്നും അവരുടെ ഹൃദയങ്ങൾക്ക് വിശുദ്ധമായ മണ്ണ് കൊണ്ടുവരികയെന്നത്. കർഷക യൂണിയനുകളുടെയും പ്രവർത്തകരുടെയും ജില്ലാതല യോഗങ്ങളിൽ വച്ച് സാധാരണക്കാരിൽ നിന്നാണ് ഇങ്ങനൊരു ആശയം ഉയർന്നു വന്നത്.

Young farmers carrying the pots on their heads as they walk to towards the stage at Singhu. Left: Supporters stand by
PHOTO • Harpreet Sukhewalia
Young farmers carrying the pots on their heads as they walk to towards the stage at Singhu. Left: Supporters stand by
PHOTO • Harpreet Sukhewalia

സിംഘുവിലെ വേദിയിലേക്ക് നടക്കുന്ന ചെറുപ്പക്കാരായ കർഷകർ അവരുടെ ശിരസ്സുകളിൽ കുടങ്ങൾ ഏന്തിയിരിക്കുന്നു. ഇടത്: അവരെ പിന്തു ച്ചു കൊണ്ടു നിൽക്കുന്നവർ

“ഇപ്പോൾ തന്നെ ഞാൻ വികാരഭരിതനാണ്. ഞങ്ങളെല്ലാവരും അങ്ങനെതന്നെ. ഈ രക്തസാക്ഷികളെയൊക്കെ എന്ത് തരത്തിലുള്ള രക്തവും അസ്ഥികളും കൊണ്ടായിരുന്നു നിർമ്മിച്ചതെന്ന് എനിക്കറിയില്ല”, മണ്ണ് കൊണ്ടുവന്നവരിലൊരാളായ 35-കാരനായ ഭൂപേന്ദ്ര സിംഗ് ലോംഗോവാൾ പറഞ്ഞു. പഞ്ചാബിലെ സംഗ്‌രൂർ ജില്ലയിൽ നിന്നുള്ളയാളാണ് അദ്ദേഹം. "ഞങ്ങൾ മണ്ണ് ശേഖരിച്ചതിന് കാരണം മർദ്ദകർക്കെതിരെ അത് ഞങ്ങൾക്ക് ധൈര്യവും നിശ്ചയദാർഢ്യവും നൽകുന്നു എന്നതിനാലാണ്.”

മാർച്ച് 23-നുള്ള രക്തസാക്ഷി ദിനം ഡൽഹിയുടെ കവാടങ്ങളിലെ എക്കാലത്തേയും ഏറ്റവും വലുതും അക്രമരഹിതവും ചരിത്രപരവുമായ കർഷക സമരത്തിന്‍റെ 117-ാംദിനത്തെയും അടയാളപ്പെടുത്തുന്നു.

താഴെപ്പറയുന്ന രൂപത്തിലുള്ള നിയമ ‘പരിഷ്കാരങ്ങള്‍’ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്: കാര്‍ഷികോല്‍പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം; അവശ്യ സാധന (ഭേദഗതി) നിയമം, 2020.

കുറഞ്ഞ താങ്ങു വില (എം.എസ്.പി), കാർഷികോൽപന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.), സംസ്ഥാന സംഭരണം എന്നിങ്ങനെ കര്‍ഷകര്‍ക്കു താങ്ങാകാവുന്ന എല്ലാത്തിനെയും ഈ നിയമങ്ങൾ ദുര്‍ബലപ്പെടുത്തുന്നു.

കർഷക-ഉൽപാദകരുടെ ഏതെങ്കിലും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെന്നത് പോകട്ടെ അവകാശങ്ങളെ മാനിക്കാൻപോലും പരാജയപ്പെടുന്ന തരത്തിൽ കാർഷിക മേഖലയെ കോർപ്പറേറ്റുകൾ മൊത്തമായി ഏറ്റെടുക്കുന്നതിനെതിരായായിട്ടാണ് അവർ സമരത്തെ കാണുന്നത്. ഭൂമിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തോടൊപ്പം നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ഒന്നായാണ് അവർ സമരത്തെ കാണുന്നത്.

'Right now, I am emotional. We all are. I do not know what blood and bones these martyrs were made of', said Bhupender Singh Longowal. Left: Portraits of Sukhdev, Bhagat Singh and Rajguru at the Shahid Diwas event
PHOTO • Amir Malik
'Right now, I am emotional. We all are. I do not know what blood and bones these martyrs were made of', said Bhupender Singh Longowal. Left: Portraits of Sukhdev, Bhagat Singh and Rajguru at the Shahid Diwas event
PHOTO • Amir Malik

“ഇപ്പോൾ തന്നെ ഞാൻ വികാരഭരിതനാണ്. ഞങ്ങളെല്ലാവരും അങ്ങനെ തന്നെ. ഈ രക്തസാക്ഷികളെയൊക്കെ എന്ത് തരത്തിലുള്ള രക്തവും അസ്ഥികളും കൊണ്ടായിരുന്നു നിർമ്മിച്ചതെന്ന് എനിക്കറിയില്ല”, ഭൂപേന്ദ്ര സിംഗ് ലോംഗോവാൾ പറയുന്നു. വലത് : രക്തസാക്ഷി ദിനത്തിൽ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്ദേവ് എന്നിവരുടെ ചിത്രങ്ങൾ

“ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ വിപ്ലവകാരികൾ”, പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ കോട് കപൂര ബ്ലോക്കിലെ ഔലഖ് ഗ്രാമത്തിൽ നിന്നുള്ള 23-കാരൻ മോഹൻ സിംഗ് ഔലഖ് പറഞ്ഞു. "അതൊരു മർദ്ദിത ഭീകര ഭരണമായിരുന്നു. ബ്രിട്ടീഷുകാർ പോയോ എന്നതല്ല, നിഷ്ഠൂരമായ ഭരണം ഇപ്പോഴും തുടരുന്നു എന്നതാണ് പ്രശ്നം.” അതുകൊണ്ട് അദ്ദേഹത്തിനും അന്ന് അവിടെയുണ്ടായിരുന്ന മറ്റുള്ളവർക്കും സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗങ്ങളാൽ സമ്പന്നമാക്കപ്പെട്ട മണ്ണ് കൊണ്ടുവന്നത് ഭരണഘടനാപരമായ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന പ്രതീകാത്മക രാഷ്ട്രീയ പ്രവർത്തനമായിത്തീർന്നു.

മാർച്ച് 23-ന് രാവിലെ അവർ (രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം കർഷകർ) ഇവിടെ സിംഘുവിൽ എത്തിച്ചേർന്നു. മണ്ണ് നിറച്ച കുടങ്ങൾ സ്ഥാപിക്കുകയായിരുന്ന വേദിയിൽ ഭഗത് സിംഗ്, ശിവരാം ഹരി രാജ്‌ഗുരു, സുഖ്ദേവ് ഥാപർ എന്നിവരുടെ ചിത്രങ്ങൾ ശ്രദ്ധേയമായ രീതിയിൽ സ്ഥാപിച്ചിരുന്നു.

ബ്രിട്ടീഷുകാർ 1931 മാർച്ച് 23-ന് ലാഹോർ സെൻട്രൽ ജയിലിൽ മരണംവരെ തൂക്കിലേറ്റുമ്പോൾ ഐതിഹാസികമായ ഈ സ്വാതന്ത്ര്യസമര പോരാളികളുടെ പ്രായം അവരുടെ ഇരുപതുകളിൽ മാത്രമായിരുന്നു. അതിനുശേഷം രാത്രിയുടെ ഇരുട്ടിൽ അവരുടെ മൃതദേഹം നിഗൂഢമായി ഹുസൈൻവാലാ ഗ്രാമത്തിലേക്ക് കൊണ്ടുവരികയും അഗ്നിനാളങ്ങൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പിന്നീട് 1968-ൽ ഈ ഗ്രാമത്തിൽ, പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ സറ്റ്ലജ് നദിയുടെ തീരത്ത്, ഹുസൈൻവാല ദേശീയ രക്തസാക്ഷി സ്മാരകം (Hussainiwala National Martyrs Memorial) സ്ഥാപിച്ചു. അവരുടെ വിപ്ലവ സഖ്യത്തിൽപെട്ട മറ്റൊരാളായ ബടുകേശ്വർ ദത്തിനേയും, ഭഗത് സിംഗിന്‍റെ അമ്മയെ സംസ്കരിച്ചതുപോലെ, സംസ്കരിച്ചത് അവിടെയാണ്. സിംഘു വേദിയിലെ ആദ്യത്തെ കുടത്തിലെ മണ്ണ് ഇവിടെ നിന്നുള്ളതാണ്.

ഭഗത് സിംഗിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയപ്പോൾ അദ്ദേഹത്തിന്‍റെ പോക്കറ്റിൽ കർതാർ സിംഗ് സരാഭ എന്ന മറ്റൊരു വീര സ്വാതന്ത്ര്യ സമര പോരാളിയുടെ ചിത്രമുണ്ടായിരുന്നു. 1915-ൽ വെറും 19 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തെ തൂക്കിലേറ്റിയത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ അദ്ദേഹത്തിന്‍റെ ഗ്രാമമായ സാരാഭയിൽ നിന്നാണ് മണ്ണ് നിറച്ച അടുത്ത കുടം കൊണ്ടു വന്നിട്ടുള്ളത്. ഭഗത് സിംഗിന്‍റെ അമ്മ വിദ്യാവതി പറഞ്ഞതനുസരിച്ച് കർത്താർ സിംഗ് ഒരു പത്രപ്രവർത്തകനും ഗദര്‍ പാർട്ടിയുടെ പ്രമുഖ പ്രവർത്തകനുമായിരുന്നു. അദ്ദേഹമായിരുന്നു അവരുടെ മകന്‍റെ "വീരപുരുഷനും സുഹൃത്തും കൂട്ടാളിയും”.

പക്ഷെ ഭഗത് സിംഗിന്‍റെ കഥ തുടങ്ങുന്നത് അദ്ദേഹം 12-ാം വയസ്സിൽ പഞ്ചാബിലെ അമൃത്സറിലെ ജാലിയൻവാലാബാഗ് സന്ദർശിച്ചതോടെയാണ്. ബ്രിട്ടീഷ് സൈന്യത്തിലെ ബ്രിഗേഡിയർ ജനറൽ ആയിരുന്ന റെജിനാൾഡ് ഡയർ ഉത്തരവിട്ടതനുസരിച്ച് ആയിരത്തിലധികം നിരായുധരായ ആളുകൾ 1919 ഏപ്രിൽ 13-ന് അവിടെവച്ച് കൂട്ടക്കൊല ചെയ്യപ്പെട്ടു. ജാലിയൻവാലാബാഗിൽ നിന്നും രക്തം പുരണ്ട കുറച്ച് മണ്ണ് ഭഗത് സിംഗ് ശേഖരിച്ച് നാട്ടിലേക്ക് കൊണ്ടുവന്നു. മുത്തശ്ശന്‍റെ പൂന്തോട്ടത്തിന്‍റെ ഒരു ഭാഗത്ത് അദ്ദേഹം ആ മണ്ണ് നിക്ഷേപിക്കുകയും അവിടെനിന്നും പൂക്കൾ വളരുന്നത് വീക്ഷിക്കുകയും ചെയ്തു. സിംഘുവിലെത്തിയ മൂന്നാമത്തെ കുടം ഈ ബാഗിൽ നിന്നുമാണെത്തിയത്.

Left: The pot with mitti from Khatkar Kalan, ancestral village of Bhagat Singh just outside Banga town in Punjab's Shahid Bhagat Singh Nagar district. Right: Soil from Jallianwala Bagh, which Gen Dyer turned into a graveyard of innocent people in 1919
PHOTO • Amir Malik
Left: The pot with mitti from Khatkar Kalan, ancestral village of Bhagat Singh just outside Banga town in Punjab's Shahid Bhagat Singh Nagar district. Right: Soil from Jallianwala Bagh, which Gen Dyer turned into a graveyard of innocent people in 1919
PHOTO • Amir Malik

ഇടത്: പഞ്ചാബിലെ ശഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലെ ബാംഗ പട്ടണത്തിന് തൊട്ടുപുറത്തുള്ള ഭഗത് സിംഗിന്‍റെ പൂർവിക ഗ്രാമമായ ഖട്കര്‍ കലാമിൽ നിന്നുള്ള മണ്ണ് ശേഖരിച്ച കുടം. വലത് : 1919-ൽ ജനറൽ ഡയർ ശവപ്പറമ്പാക്കി മാറ്റിയ ജാലിയൻവാലാബാഗിൽ നിന്നുള്ള മണ്ണ്

പഞ്ചാബിലെ സംഗ്‌രൂർ ജില്ലയിലെ സുനാമിൽ നിന്നാണ് മണ്ണ് നിറച്ച നാലാമത്തെ കുടം എത്തിയത്. ഇതാണ് ഉധം സിംഗിന്‍റെ ഗ്രാമം. 1940 മാർച്ച് 13-ന് ലണ്ടനിൽ വച്ച് മിഖായേൽ ഫ്രാൻസിസ് ഓ’ഡ്വയേറിനെ വെടിവച്ച് കൊന്നതിന് ബ്രിട്ടീഷ് കോടതിയിൽ വിചാരണ നേരിടുന്ന സമയത്ത് അദ്ദേഹം തന്‍റെ പേര് മൊഹമ്മദ് സിംഗ് ആസാദ് എന്നാക്കി മാറ്റി. പഞ്ചാബിന്‍റെ ലെഫ്റ്റനന്റ് ഗവർണർ എന്ന നിലയിൽ ഓ’ഡ്വയേർ ജാലിയൻവാലാബാഗിലെ ഡയറിന്‍റെ പ്രവൃത്തിക്ക് അംഗീകാരം നൽകിയിരുന്നു. അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും 1940 ജൂലൈ 31-ന് ലണ്ടനിലെ പെന്റോൺവില്ലെ ജയിലിൽ വച്ച് തൂക്കിലേറ്റുകയും ചെയ്തു. 1974-ൽ അദ്ദേഹത്തിന്‍റെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരികയും സുനാമിൽ സംസ്കരിക്കയും ചെയ്തു.

"ഭഗത് സിംഗും കർത്താർ സിംഗ് സരഭയും ചാച്ചാ അജിത് സിംഗും ഉധം സിംഗും ഞങ്ങളുടെ ഗുരുക്കന്മാരും മർദ്ദകർക്കെതിരെ പോരാടി. ഞങ്ങളും ഞങ്ങളുടെ നേതാക്കന്മാരുടെ പാത പിന്തുടരാൻ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു”, ഭൂപേന്ദ്ര ലോംഗോവാൾ പറഞ്ഞു. സിംഘുവിലെ മറ്റ് നിരവധി കർഷകരും അദ്ദേഹത്തെപ്പോലെ വൈകാരിമായി.

"ശക്തരുടെ താൽപര്യം അശക്തരുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെ ഞങ്ങൾ എല്ലായ്പ്പോഴും എതിർക്കുന്നു”, 64-കാരനായ അഭയ് സിംഗ് പറഞ്ഞു. ഭഗത് സിംഗിന്‍റെ ബന്ധുവായ അദ്ദേഹം കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരത്തിന്‍റെ ഭാഗമായി 300 കർഷകർക്ക് ജീവൻ നഷ്ടപ്പെട്ട കാര്യം ഓർമ്മിച്ചു.

അഞ്ചാമത്തെ കുടം വന്നത് ഫത്തേഗഢ് സാഹിബിൽ നിന്നാണ്. ഇത് നിലവിൽ പഞ്ചാബിലെ അതേ പേരിൽത്തന്നെയുള്ള ഒരു ജില്ലയാണ്. ഗുരു ഗോബിന്ദ് സിംഗിന്‍റെ ഇളയ പുത്രന്മാരായ  5 വയസ്സുകാരൻ ബാബാ ഫത്തേഹ് സിംഗിനെയും 7 വയസ്സുകാരൻ ബാബ സൊരാവർ സിംഗിനെയും സിർഹിന്ദിലെ മുഗൾ ഗവർണറായിരുന്ന വസീർ ഖാന്‍റെ ഉത്തരവനുസരിച്ച് ചുട്ടു കൊന്നത് ഇവിടെ വച്ചാണ്.

കത്ലഗഢ് സാഹിബ് ഗുരുദ്വാരയിൽ നിന്നെത്തിച്ച മണ്ണാണ് ആറാമത്തെ കുടത്തിൽ ഉണ്ടായിരുന്നത്. ഗുരു ഗോബിന്ദ് സിംഗിന്‍റെ മൂത്ത പുത്രന്മാർ (17 വയസ്സുകാരൻ അജിത് സിംഗും 14 വയസ്സുകാരൻ ജുഝാർ സിംഗും) മുഗളന്മാരോടുള്ള യുദ്ധത്തിൽ വീണ പഞ്ചാബിലെ രൂപ്നഗർ ജില്ലയിലെ ചംകൗർ പട്ടണത്തിലെ സ്ഥലത്തെയാണ് ഇത് കുറിക്കുന്നത്. രൂപ്നഗർ ജില്ലയിലെ നൂര്‍പുര്‍ ബേദി ബ്ലോക്കിൽ നിന്നുള്ള രൺബീർ സിംഗാണ് ഈ കുടം ഇവിടെത്തിച്ചത്. കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന നിരവധി പേരുടെ മനസ്സുകളിൽ ഈ 4 സഹോദരന്മാരുടെ ധൈര്യവും രക്തസാക്ഷിത്വവും ആഴത്തിൽ പതിഞ്ഞിരിക്കുന്നു.

All eyes watched in anticipation as eight young men climbed onto the stage of the Samyukta Kisan Morcha at Singhu carrying the earthen pots on their heads
PHOTO • Harpreet Sukhewalia
All eyes watched in anticipation as eight young men climbed onto the stage of the Samyukta Kisan Morcha at Singhu carrying the earthen pots on their heads
PHOTO • Harpreet Sukhewalia

സിംഘു അതിര്‍ത്തിയിലെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വേദിയിലേക്ക് എട്ട് യുവാക്കള്‍ തലയില്‍ മണ്‍കുടങ്ങളുമേന്തി കടന്നുവരുന്നത് വര്‍ദ്ധിതമായ ഉദ്വേഗത്തോടെ എല്ലാവരും വീക്ഷിക്കുന്നു

ഏഴാമത്തെ കുടം പഞ്ചാബിലെ രൂപ്നഗർ ജില്ലയിലെ ഖൽസകളുടെ ജന്മസ്ഥലമായ അനന്ദ്പുർ സാഹിബിൽ നിന്നാണ്. ഖൽസ എന്നതിന്‍റെ അർത്ഥം ‘ശുദ്ധം’ എന്നാണ്. പീഡനങ്ങളിൽ നിന്നും മർദ്ദനങ്ങളിൽ നിന്നും നിഷ്കളങ്കരായവരെ സംരക്ഷിക്കുന്നതിനായി 1699-ൽ ഗുരു ഗോബിന്ദ് സിംഗ് സിഖുകാരുടെയിടയിൽ നിന്നുണ്ടാക്കിയ ഒരു പ്രത്യേക സമുദായമാണിത്. "ഖൽസയുടെ സൃഷ്ടിയോടെയാണ് തിരിച്ചടിക്കാനുള്ള വീര്യം ഞങ്ങൾക്ക് ലഭിച്ചത്. കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരങ്ങളും പഞ്ചാബിൽ ആരംഭിച്ചു. ജനങ്ങൾ രക്തസാക്ഷികളെ ആദരിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. മരിച്ചു പോയ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ഒരു പാരമ്പര്യത്തിൽ നിന്നുമാണ് ഇന്ത്യ വരുന്നത്”, രൺബീർ സിംഗ് പറഞ്ഞു.

വിവിധ സ്ഥലങ്ങളിൽ നിന്നും ഈ മണ്ണ് എത്തിച്ച മൂന്ന് യുവാക്കളായ ഭൂപ്രേന്ദർ, മോഹൻ, രൺബീർ എന്നിവർ പറഞ്ഞത് അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരിട്ട് ഈ സ്ഥലങ്ങളിൽ പോകാൻ പറ്റില്ലെന്നും പക്ഷെ അവിടെ നിന്നുള്ള മണ്ണ് "അവരുടെ മനോവീര്യത്തേയും ആവേശത്തെയും വർദ്ധിപ്പിക്കുമ്പോൾ പൊരുതാനുള്ള അവരുടെ നിശ്ചയദാർഢ്യത്തിന് വീര്യം നൽകും" എന്നുമാണ്.

എട്ട് കുടങ്ങളുടെ നിരയിലെ അവസാനത്തേത് സംഘുവിലേക്ക് എത്തിച്ചത് പഞ്ചാബിലെ ശഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലെ ബാംഗ പട്ടണത്തിന് തൊട്ടുപുറത്തുള്ള ഭഗത് സിംഗിന്‍റെ പൂർവിക ഗ്രാമമായ ഖട്കര്‍ കലാമിൽ നിന്നാണ്. "മനുഷ്യരെ മനുഷ്യരും ദേശങ്ങളെ ദേശങ്ങളും ചൂഷണം ചെയ്യുന്നത് അവസാനിക്കണം എന്നതായിരുന്നു ഭഗത് സിംഗിന്‍റെ ആശയങ്ങളുടെ കാതൽ”, അദ്ദേഹത്തിന്‍റെ ബന്ധുവായ അഭയ് സിംഗ് പറഞ്ഞു. ഡൽഹിയുടെ അതിർത്തികളിൽ നടക്കുന്ന ഈ പോരാട്ടം അദ്ദേഹത്തിന്‍റെ ആശയങ്ങൾ സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു നീക്കമാണ്.”

"ഭഗത് സിംഗിനെ അദ്ദേഹത്തിന്‍റെ ആശയങ്ങൾ മൂലം ശഹീദ് - - ആസം എന്നാണ് വിളിക്കുന്നത്. പ്രസ്തുത ആശയമെന്തെന്നാൽ നിങ്ങൾ തന്നെ നിങ്ങളുടെ ചരിത്രം എഴുതണം. അങ്ങനെ സ്ത്രീകൾ, കർഷകർ, മർദ്ദിതർ എന്നീ നിലകളിൽ നമ്മൾ നമ്മുടെ ചരിത്രം എഴുതുന്നു”, കർഷകയും പ്രവർത്തകയുമായ 38-കാരി സവിത പറഞ്ഞു. ഹരിയാനയിലെ ഹിസാർ ജില്ലയിലെ ഹാൻസി താലൂക്കിലെ സോർഖി ഗ്രാമത്തിൽ അവർക്ക് 5 ഏക്കർ ഭൂമിയുണ്ട്.

"ഈ സർക്കാർ ഈ നിയമങ്ങൾ കൊണ്ടുവരുന്നത് വലിയ കോർപ്പറേറ്റുകൾക്ക് ഞങ്ങളുടെ ഭൂമിയിലേക്ക് എളുപ്പം കടന്നുവരുന്നതിനാണ്. കേന്ദ്രത്തിന്‍റെ ഉത്തരവ് ധിക്കരിക്കുന്നവരെ അഴിക്കുള്ളിലാക്കുന്നു. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ മാത്രമല്ല, കോർപ്പറേറ്റുകൾക്കെതിരെ കൂടിയാണ് ഞങ്ങൾ പോരാടുന്നത്. പണ്ട് ഞങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയിട്ടുണ്ട്. അങ്ങനെ തന്നെ ഞങ്ങൾ ഇപ്പോൾ അവരുടെ സഖ്യകക്ഷികളോടും ചെയ്യും.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Amir Malik

Amir Malik is an independent journalist, and a 2022 PARI Fellow.

Other stories by Amir Malik
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.