"ആദ്യമൊക്കെ ഒരു അരിപ്പ ഉണ്ടാക്കാൻ അരമണിക്കൂർ എടുക്കുമായിരുന്നു," മുഹമ്മദ് ഭായ് തന്റെ വിരൽത്തുമ്പിലെ മുറിപ്പാടുകളിൽ തലോടി അരിപ്പ നിർമ്മാണത്തെപ്പറ്റി പറഞ്ഞുതുടങ്ങി. ഇപ്പോഴും ജോലിയ്ക്കിടെ അദ്ദേഹത്തിൻറെ വിരൽ മുറിയാറുണ്ടെങ്കിലും വർഷങ്ങളുടെ അനുഭവസമ്പത്തുള്ള അദ്ദേഹത്തെ ഇപ്പോൾ അത് വലുതായി ബാധിക്കാറില്ല. ഗുജറാത്തിലെ മുസ്‌ലിം വിഭാഗക്കാർ സംസാരിക്കുന്ന, ഗുജറാത്തി പദങ്ങൾ സുലഭമായി കലർന്നിട്ടുള്ള ഒരു പ്രത്യേക തരം ഹിന്ദിയാണ് മുഹമ്മദ് സംസാരിക്കുന്നത്. "അരിപ്പ ഉണ്ടാക്കുന്ന ജോലി വശമായതോടെ എനിക്ക് അത് വേഗത്തിൽ ചെയ്യാൻ സാധിച്ചു. ആദ്യത്തെ ഒരു മാസം ബുദ്ധിമുട്ടായിരുന്നെങ്കിലും ഇപ്പോൾ എനിക്ക് വെറും അഞ്ച് നിമിഷം മതി ഒരു അരിപ്പ ഉണ്ടാക്കാൻ," അദ്ദേഹം പുഞ്ചിരിക്കുന്നു.

അഹമ്മദാബാദിലെ കുത്ബി ബിൽഡിങ്ങിൽ, 43 വയസ്സുകാരനായ മുഹമ്മദ് ചർനാവാലയും അദ്ദേഹത്തിന്റെ അമ്മി, 76 വയസ്സുകാരിയായ റുഖയ്യ മോജുസൈനിയും താമസിയ്ക്കുന്ന 10 X 10 വലിപ്പമുള്ള മുറിയിലാണ് ഞങ്ങൾ ഇരിക്കുന്നത്.അഹമ്മദാബാദിലെ കാലുപൂർ സ്റ്റേഷനടുത്തായി, തൊഴിലാളികളായ മുസ്ലീങ്ങൾ താമസിയ്ക്കുന്ന ദാവൂദി വോറാസ്‌ റോസ എന്ന ചേരിയിലുള്ള ഈ ഇരുനിലക്കെട്ടിടത്തിൽ മുഹമ്മദിന്റേതുൾപ്പെടെ 24 വീടുകളാണുള്ളത്. ആധുനിക സൗകര്യങ്ങളോടുകൂടി പണിതിട്ടുള്ള റെയിൽവേ സ്റ്റേഷന്റെ മറുപുറത്തെത്തിയാൽ നഗരത്തിന്റെ പഴയ ഭാഗത്തെത്താം.

പഴയ നിരത്തുകളിലൂടെ, ഭക്ഷണശാലകളുടെ മണവും, വഴക്കുകളും തർക്കങ്ങളും ഇടയ്ക്കിടെ അന്തരീക്ഷത്തിൽ ഉയരുന്ന തെറിവാക്കുകളും പതിയെ ഇഴഞ്ഞുനീങ്ങുന്ന ട്രാഫിക്കുമെല്ലാം കടന്ന് മുന്നോട്ട് ചെല്ലുമ്പോൾ, റോഡുകൾ പലവഴി പിരിയുന്ന ഒരു കവലയിലെത്തും - ഒരു റോഡ് ഒരു കോണിലേയ്ക്ക് നീളുന്നു, മറ്റൊന്ന് വലതുവശത്തേയ്ക്ക് തിരിഞ്ഞുപോകുന്നു, ഇനിയൊന്ന് ഇടതുവശത്തേയ്ക്ക് തിരിഞ്ഞ് പൊടുന്നനെ അവസാനിക്കുന്നു, അവസാനത്തേത്ത് അല്പദൂരം വളഞ്ഞുപുളഞ്ഞ് പോയി പിന്നീട് നേരെ മറ്റൊരു റോഡിനോട് ചേരുന്നു. ഈ റോഡിലൂടെ സഞ്ചരിച്ചാൽ ദാവൂദി വോറാസ് റോസയിലെ വോറ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കുത്ബി ബിൽഡിങ്ങിലെത്താം; 110 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.

എല്ലാ ആഴ്ചയും മൂന്നുദിവസം, മുഹമ്മദ് ഭായ് തന്റെ തടിവണ്ടി ഉരുട്ടി വീട്ടിൽനിന്ന് ഏതാണ്ട് 30 കിലോമീറ്റർ ദൂരം നഗരത്തിലുടനീളം നടക്കും. രാവിലെ ആറുമണിക്കുതന്നെ അദ്ദേഹം വീട്ടിൽനിന്ന് ഇറങ്ങും. "അവന്റെ അച്ഛൻ എവിടെയെല്ലാം പോകുമായിരുന്നെന്നോ!" ചുന്നി കൊണ്ട് മുഖം തുടയ്ക്കുന്നതിനിടെ ഭർത്താവിന്റെ ഓർമ്മകളിൽ റുഖിയ ആശ്ചര്യം കൊള്ളുന്നു. "സബർമതി കടന്ന് മറുകരയിൽ പോയി രാത്രി 9, 10 മണിയാകുമ്പോഴാണ് അദ്ദേഹം തിരിച്ചെത്തിയിരുന്നത്". 2023 ഫെബ്രുവരിയിൽ അബ്ബ മോജുസൈനി മരണപ്പെട്ടു. അദ്ദേഹത്തിന് 79 വയസ്സായിരുന്നു.

Mohamad Charnawala.
PHOTO • Umesh Solanki
His mother Ruqaiya Moiz Charnawala
PHOTO • Umesh Solanki

ഇടത്: മുഹമ്മദ് ചർനാവാല. വലത്: അദ്ദേഹത്തിന്റെ അമ്മ റുഖയ്യ മോയിസ് ചർനാവാല

Left: Sieves and mesh to be placed in the sieves are all over his kitchen floor.
PHOTO • Umesh Solanki
Right: Mohamad bhai, checking his work
PHOTO • Umesh Solanki

ഇടത്: അരിപ്പകളും അവയിൽ ഘടിപ്പിക്കാനുള്ള വലക്കണ്ണികളും മുഹമ്മദിന്റെ അടുക്കളയിൽ നിരത്തിയിരിക്കുന്നു. വലത്: മുഹമ്മദ് ഭായ് താനുണ്ടാക്കിയ അരിപ്പ പരിശോധിക്കുന്നു

എന്നാൽ മുഹമ്മദ് ഭായ് ഈ കൈപ്പണി പഠിച്ചത് തന്റെ അച്ഛനിൽനിന്നല്ല. "എനിക്ക് ഈ പണി ചെയ്തുനോക്കാൻ ധൈര്യം തോന്നിയതുകൊണ്ട് ഞാൻ ചെയ്‌തതാണ്," അദ്ദേഹം പറയുന്നു. "വീട്ടിൽവെച്ച് അച്ഛൻ അവ (അരിപ്പകൾ) ഉണ്ടാക്കുന്നത് ഞാൻ നോക്കിയിരിക്കുമായിരുന്നു. എന്നാൽ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഞാൻ ഒരു അരിപ്പപോലും കൈകൊണ്ട് തൊട്ടിട്ടില്ല. ഞാൻ കണ്ടുപഠിക്കുകയായിരുന്നെന്ന് തോന്നുന്നു." മുഹമ്മദിന്റെ അച്ഛൻ ആദ്യം അദ്ദേഹത്തിന്റെ മാതൃസഹോദരന്റെ ചായക്കടയിലാണ് ജോലി ചെയ്തിരുന്നതെങ്കിലും ഒരിക്കൽ അദ്ദേഹവുമായി വഴക്കിട്ടതിന് പിന്നാലെ കടയിലെ ജോലിയുപേക്ഷിച്ച് അരിപ്പ നർമ്മാണം തുടങ്ങുകയായിരുന്നു. "1974-ൽ ഞങ്ങൾ സാരസ്പൂരിലേയ്ക്ക് താമസം മാറ്റിയതുമുതൽ എന്റെ അച്ഛൻ അദ്ദേഹത്തിന്റെ വണ്ടിയുമായി സഞ്ചരിക്കുമായിരുന്നു" എന്നും മരണംവരെയും അദ്ദേഹം അത് തുടർന്നുവെന്നും മുഹമ്മദ് ഭായ് ഓർത്തെടുക്കുന്നു.

എന്നാൽ മുഹമ്മദ് ഭായ് ഈ ജോലി ചെയ്യാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. അച്ഛൻ മരണപ്പെട്ടതിനുശേഷം അഞ്ച് മാസം കഴിഞ്ഞാണ് അദ്ദേഹം ഈ ജോലിയ്ക്ക് ഇറങ്ങിയത്. ആഴ്ചയിൽ മൂന്ന് ദിവസം അദ്ദേഹം അതിനായി നീക്കിവയ്ക്കുന്നു. "ബാക്കി ദിവസങ്ങളിൽ, വലിയ യൂണിറ്റുകളിൽ ഉപയോഗിക്കുന്ന, ഡീസലിനും പെട്രോളിനും ഗ്യാസിനും വേണ്ടിയുള്ള, 200-250 കിലോ ഭാരമുള്ള വാൽവുകൾ പെയിന്റടിക്കുന്ന ജോലിയാണ് ഞാൻ ചെയ്യുന്നത്. രാവിലെ 9 മുതൽ വൈകീട്ട് 7:30 വരെ നീളുന്ന ജോലിയ്ക്കിടെ, ഉച്ചഭക്ഷണത്തിന് ലഭിക്കുന്ന അരമണിക്കൂർ ഇടവേളയിൽമാത്രമാണ് എനിക്ക് വിശ്രമം ലഭിക്കുക. ഈ ജോലിയ്ക്ക് എനിക്ക് ഒരു ദിവസം 400 രൂപ കൂലി കിട്ടും." ഇതേസമയം, അരിപ്പ നന്നാക്കുന്ന ജോലിയിൽനിന്ന് അദ്ദേഹത്തിന് ഇത്രയും വരുമാനം ലഭിക്കുന്നില്ല. "ചില ദിവസം എനിക്ക് 100 രൂപ കിട്ടും, ചില ദിവസം 500 രൂപ കിട്ടും, ചില ദിവസം ഒന്നും കിട്ടില്ല. ഇതിൽനിന്ന് സ്ഥിരവരുമാനം പ്രതീക്ഷിക്കാനാവില്ല," അദ്ദേഹം പറയുന്നു.

പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം ആഴ്ചയിൽ എല്ലാ ദിവസവും വാൽവിന് പെയിന്റടിക്കുന്ന ജോലി ചെയ്യാത്തത്?

"നമ്മൾ ഒരു കച്ചവടം ചെയ്യുമ്പോൾ, അതിൽ വളർച്ച ഉണ്ടാകുമെന്നും പുരോഗതി നേടുമെന്നും നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ മറ്റേത് നമ്മൾ ചെയ്യുന്നത് ഒരു ജോലിയാണ്; രാവിലെ പോയി രാത്രി മടങ്ങിയെത്തുക എന്നത് മാത്രമാണ് അതിലുള്ളത്." മുഹമ്മദിന്റെ മുഖത്ത് ഒരേസമയം പ്രതീക്ഷയും നിരാശയും തെളിയുന്നു.

"ഞാൻ 7-ആം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. 8-ആം ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ച സമയത്താണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പിന്നെ ഞാൻ സ്കൂളിലേയ്ക്ക് മടങ്ങിയില്ല. അന്നുതൊട്ട് ഞാൻ ജോലിയ്ക്ക് പോകാൻ തുടങ്ങി. 5 രൂപ ദിവസക്കൂലിയ്ക്ക് ഒരു കടയിൽ പ്രൈമസ് സ്റ്റൌവുകൾ നന്നാക്കുന്ന ജോലി ചെയ്തു. മണ്ണെണ്ണ പമ്പുകളും വെൽഡിങ് റോഡുകളും ഉണ്ടാക്കുന്ന ജോലിയും ഞാൻ ചെയ്തിട്ടുണ്ട്. പല ജോലിയ്ക്കും പോയിട്ടുണ്ട്," അദ്ദേഹം പറയുന്നു. അരിപ്പ ഉണ്ടാക്കുകയും നന്നാക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ സംരംഭം.

അഹമ്മദാബാദിലും മറ്റ് നഗരങ്ങളിലും അരിപ്പ നന്നാക്കുന്നവർ ധാരാളമുണ്ടെങ്കിലും, മുഹമ്മദ് ഭായിയെപ്പോലെ വീടുവീടാന്തരം കയറി സേവനം നൽകുന്നവർ തീരെ കുറവാണ്. "ആദ്യം എന്റെ അച്ഛൻ മാത്രമാണ് ഈ ജോലി ചെയ്തിരുന്നത്; ഇപ്പോൾ ഞാനും. അരിപ്പ നന്നാക്കാനായി വണ്ടിയുമായി സഞ്ചരിക്കുന്ന വേറാരെയും എനിക്ക് അറിയില്ല. അങ്ങനെ ആരെക്കുറിച്ചും ഞാൻ കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. ഞാൻ മാത്രമാണ് ഈ വണ്ടിയുംകൊണ്ട് ഇങ്ങനെ നടക്കുന്നത്," അദ്ദേഹം പറയുന്നു.

വ്യത്യസ്ത കനത്തിലും ബലത്തിലുമുള്ള ഇരുമ്പ് വലക്കണ്ണികൾ, കുറച്ച് പഴയ അരിപ്പകൾ, ഒരു ഉളി, കുറച്ച് തറയാണികൾ, ഒരു കൊടിൽ, വലിയ ഒരു കത്രിക, ഒന്ന്, രണ്ട് ചുറ്റികകൾ, ഏതാണ്ട് മൂന്നടി നീളത്തിൽ റെയിൽവേ പാളത്തിന്റെ ഒരു കഷ്ണം തുടങ്ങിയ സാധനങ്ങളാണ് മുഹമ്മദിന്റെ വണ്ടിയിലുള്ളത്. ചില ദിവസങ്ങളിൽ കുർത്ത പൈജാമയും മറ്റു ചിലപ്പോൾ പാന്റും ഷർട്ടും ധരിച്ച്, കാലിൽ പഴയ ഒരു ജോഡി ചെരുപ്പും ചുമലിൽ മുഖത്തെ വിയർപ്പൊപ്പാനുള്ള ഒരു തൂവാലയുമായി അദ്ദേഹം 100 കിലോ ഭാരമുള്ള വണ്ടി തളളി നഗരനിരത്തുകളിലൂടെ നടന്നു നീങ്ങുന്നു.

Mohamad bhai pushing his repairing cart through lanes in Saraspur
PHOTO • Umesh Solanki
Mohamad bhai pushing his repairing cart through lanes in Saraspur
PHOTO • Umesh Solanki

മുഹമ്മദ് ഭായ് അരിപ്പ നന്നാക്കാനുള്ള സാമഗ്രികളടങ്ങിയ വണ്ടിയുമായി സാരസ്പൂരിലെ നിരത്തുകളിലൂടെ നടക്കുന്നു

ഒരു അരിപ്പ നിർമ്മിക്കുന്നതിന് വിവിധ ഘട്ടങ്ങളിലായി മുഹമ്മദിന് ഒന്നിലധികംതവണ അങ്ങാടിയിൽ പോകേണ്ടതായി വരും. ഒരു അരിപ്പ ഉണ്ടാക്കുന്നതിന്റെ ആദ്യപടിയായി മുഹമ്മദ് ഭായ് ചെയ്യുന്നത്, അങ്ങാടിയിൽനിന്ന് ഒരു തകര ഷീറ്റ് വാങ്ങി അതിനെ ആവശ്യമുള്ളത്ര നീളത്തിലും വീതിയിലും മുറിച്ചെടുക്കുകയാണ്. അടുത്തതായി, ഈ മുറിച്ച ഷീറ്റുകൾ അദ്ദേഹം അങ്ങാടിയിലെ ഒരു പ്രസ്സിൽ കൊണ്ടുപോയി മടക്കുകയും അതിന്റെ അരികുകൾ തീർക്കാൻ വേണ്ട പരന്ന കമ്പികൾ തയ്യാറാക്കുകയും ചെയ്യുന്നു. അദ്ദേഹം 'പ്രസ്'  വിളിക്കുന്നത് ഇരുമ്പ് ഷീറ്റുകൾ മുറിച്ച്, പരത്തുന്ന ഒരു ചെറിയ കടയെയാണ്.

വീട്ടിൽവെച്ച്, രണ്ട് തറയാണികൾ കമ്പികളുമായി ബന്ധിപ്പിച്ച ശേഷം, മുഹമ്മദ് ഭായ് വീണ്ടും അങ്ങാടിയിലേക്ക് പോകുന്നു; ഇത്തവണ അദ്ദേഹം പോകുന്നത് "കോർ കന്ദോറോ" പൂർത്തിയാക്കാനാണ് - അരിപ്പയുടെ ഫ്രയിമും വശങ്ങളും തയ്യാറാക്കുന്ന പ്രക്രിയയാണിത്. ഇതിനുശേഷം വീട്ടിൽ മടങ്ങിയെത്തുന്ന അദ്ദേഹം നെയ്തെടുത്ത വലക്കണ്ണികളും തറയാണികളും അരിപ്പയുടെ വൃത്താകൃതിയിലുള്ള ഫ്രെയിമിൽ ഉറപ്പിക്കുന്നു.

"ചോളപ്പൊരി, പൊരി, വറുത്ത കടല, അടയ്ക്ക തുടങ്ങിയവ അരിക്കാൻ വീതിയുള്ള വലക്കണ്ണികളുള്ള അരിപ്പ ഉപയോഗിക്കണം. ഇത്തരത്തിൽ വലിയ തുളകളുള്ള അരിപ്പയെ 'നമ്പർ 5'  എന്നാണ് ഞങ്ങൾ വിളിക്കുന്നത്. നെല്ല്, ഗോതമ്പ്, തിന തുടങ്ങിയ സാധനങ്ങൾക്കായുള്ള അരിപ്പയെ 'റണ്ണിങ് ഐറ്റം' എന്നും," ഒരു വലിയ അരിപ്പ എനിക്ക് മുന്നിൽ ഉയർത്തിപ്പിടിച്ച് മുഹമ്മദ് ഭായ് സംസാരിക്കുന്നു. "പുതിയ അരിപ്പ ഞാൻ 70 രൂപയ്ക്കാണ് വിൽക്കുന്നത്. പഴയത് നാല്പതോ നാല്പത്തഞ്ചോ രൂപയ്ക്ക് നന്നാക്കിക്കൊടുക്കും. വലക്കണ്ണിയുടെ ഗുണമനുസരിച്ചാണ് നിരക്ക് തീരുമാനിക്കുന്നത്."

വലക്കണ്ണിയുടെ വലിപ്പം കൂടാതെ അതിന്റെ ഗുണംകൊണ്ടും വിവിധതരം അരിപ്പകൾ തമ്മിൽ വേർതിരിച്ചറിയാനാകുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. "പല വലിപ്പത്തിലുള്ള അരിപ്പകളുണ്ട്- 10', 12', 13', 15' അല്ലെങ്കിൽ 16' വ്യാസത്തിലുള്ളവ. ഇവ ഓരോന്നിലും വലക്കണ്ണിയുടെ ഗുണനിലവാരവും വ്യത്യസ്തമാകാം," അദ്ദേഹം വിശദീകരിക്കുന്നു.

"നെയ്തെടുത്ത വലക്കണ്ണിയുടെ 30 മീറ്റർ നീളമുള്ള ഒരു റോളിന് 4,000 രൂപ വിലവരും. റണ്ണിങ് ഐറ്റം അഥവാ സാധാരണ അരിപ്പകൾക്ക് ഞാൻ 10 മുതൽ 40 രൂപ വരെയാണ് ഈടാക്കാറുള്ളത്. നമ്പർ 12-നു ഞാൻ 70 അല്ലെങ്കിൽ 80 രൂപ വാങ്ങിക്കും. വാങ്ങാനെത്തുന്ന ആളുകളെക്കൂടി പരിഗണിച്ചാണ് നിരക്ക് തീരുമാനിക്കുന്നത്. 90 അല്ലെങ്കിൽ 100 രൂപ നൽകാൻ തയ്യാറുള്ള ആളുകളുമുണ്ട്."

കുറച്ച് മാസങ്ങൾ കൂടുമ്പോൾ മുഹമ്മദ് 35, 000 രൂപ ചിലവാക്കി അസംസ്കൃത വസ്തുക്കൾ വാങ്ങിക്കും. ഈ ജോലിയിൽനിന്ന് അദ്ദേഹത്തിന് ഒരുമാസം ആറായിരമോ ഏഴായിരമോ രൂപ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ ഇതിനായി ചിലവിടേണ്ട തുക വളരെ കൂടുതലാണെന്ന് അദ്ദേഹം ഒരു നെടുവീർപ്പോടെ പറയുന്നു. "വീട്ടിൽ ഞങ്ങൾ രണ്ടുപേർ മാത്രമേ ഉള്ളുവെങ്കിലും ഞാൻ സമ്പാദിക്കുന്ന പണം ഏതാണ്ട് മുഴുവനായിത്തന്നെ ചിലവാകും." അടുത്ത ക്ഷണംതന്നെ ഒരു പുഞ്ചിരിയോടെ അദ്ദേഹം കൂട്ടിച്ചേർക്കുന്നു, "ഞായറാഴ്ച ഞാൻ എവിടെയും ജോലിയ്ക്ക് പോകാറില്ല. ആ ഒരു ദിവസം ഞാൻ വിശ്രമിക്കും."

Mohamad bhai with his a door-to-door repairing service cart on the Anil Starch road in Bapunagar, Ahmedabad
PHOTO • Umesh Solanki

വീടുകളിൽ ചെന്ന് അരിപ്പകൾ നന്നാക്കി കൊടുക്കുന്നതിനാവശ്യമായ സാമഗ്രികൾ നിറച്ച വണ്ടിയുമായി മുഹമ്മദ് ഭായ് അഹമ്മദാബാദിലെ ബാപ്പു നഗറിലുള്ള അനിൽ സ്റ്റാർച്ച് റോഡിൽ

'First it was only my father and now it is me. I do not know of anyone else who runs a repair servicing cart,' he says
PHOTO • Umesh Solanki

'ആദ്യം എന്റെ അച്ഛൻ മാത്രമാണ് ഈ ജോലി ചെയ്തിരുന്നത്; ഇപ്പോൾ ഞാൻ മാത്രവും. അരിപ്പ നന്നാക്കാനായി വണ്ടിയുമായി സഞ്ചരിക്കുന്ന വേറാരെയും എനിക്ക് അറിയില്ല,' അദ്ദേഹം പറയുന്നു

He walks from his home for about 30 kilometres, pushing his wooden cart across the city, every three days a week
PHOTO • Umesh Solanki

ആഴ്ചയിൽ മൂന്ന് ദിവസം അദ്ദേഹം തന്റെ തടിവണ്ടിയുമായി വീട്ടിൽനിന്ന് 30 കിലോമീറ്റർ ദൂരംവരെ നഗരത്തിലൂടെ നടക്കുന്നു

Mohamad bhai earns litte from repairing sieves. 'Some days I bring 100 rupees, some days I may bring 500 rupees, someday there will be nothing at all. Nothing is fixed'
PHOTO • Umesh Solanki

അരിപ്പകൾ നന്നാക്കുന്നതിൽനിന്ന് മുഹമ്മദ് ഭായിക്ക് തീരെ ചെറിയ വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ. 'ചില ദിവസം എനിക്ക് നൂറ് രൂപ കിട്ടും, ചില ദിവസം 500 രൂപ കിട്ടും, ചില ദിവസം ഒന്നും കിട്ടില്ല. ഇതിൽ നിന്ന് ഒരു സ്ഥിരവരുമാനം കിട്ടുകയില്ല'

What Mohamad bhai makes from repairing sieves can depend from customer to customer.  'For No. 12 I may charge rupees 70 or 80, it all depends on the customer. There are those who are willing to give me 90 or 100 also'
PHOTO • Umesh Solanki

അരിപ്പകൾ നന്നാക്കുന്നതിൽനിന്ന്  മുഹമ്മദ് ഭായിയ്ക്ക് ലഭിക്കുന്ന വരുമാനത്തിൽ ഉപഭോക്താവിനനുസരിച്ച് വ്യത്യാസം വരും. 'നമ്പർ 12-നു ഞാൻ 70 അല്ലെങ്കിൽ 80 രൂപ വാങ്ങിക്കും. വാങ്ങാനെത്തുന്ന ആളുകളെക്കൂടി പരിഗണിച്ചാണ് നിരക്ക് തീരുമാനിക്കുന്നത്. 90 അല്ലെങ്കിൽ 100 രൂപ നൽകാൻ തയ്യാറുള്ള ആളുകളുമുണ്ട്'

Seventy-five-year-old Shabbir H. Dahodwala in the press, folding and pressing the tin sheets
PHOTO • Umesh Solanki

എഴുപത്തിയഞ്ച് വയസ്സുകാരനായ ഷബീർ എച്ച് ദാഹോദ്വാല പ്രസ്സിൽ തകരഷീറ്റുകൾ മടക്കുകയും പരത്തുകയും ചെയ്യുന്ന ജോലിയ്ക്കിടെ

Mohamad bhai Charnawala, 'I don’t go to work anywhere on a Sunday. One day I rest'
PHOTO • Umesh Solanki

മുഹമ്മദ് ഭായ് ചർനാവാല, 'ഞായറാഴ്ച ഞാൻ എവിടെയും ജോലിയ്ക്ക് പോകാറില്ല. ആ ഒരു ദിവസം ഞാൻ വിശ്രമിക്കും'

പരിഭാഷ: പ്രതിഭ ആര്‍. കെ .

Umesh Solanki

Umesh Solanki is an Ahmedabad-based photographer, documentary filmmaker and writer, with a master’s in Journalism. He loves a nomadic existence. He has three published collections of poetry, one novel-in-verse, a novel and a collection of creative non-fiction to his credit.

Other stories by Umesh Solanki
Editor : Pratishtha Pandya

Pratishtha Pandya is a Senior Editor at PARI where she leads PARI's creative writing section. She is also a member of the PARIBhasha team and translates and edits stories in Gujarati. Pratishtha is a published poet working in Gujarati and English.

Other stories by Pratishtha Pandya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.