'നൗകർ ഹോ യാ മാലിക്, ലീഡർ ഹോ യാ പബ്ലിക്
അപ്നെ ആഗെ സഭി
ഝൂകെ ഹൈ, ക്യാ രാജ ക്യാ സൈനിക് '
('തൊഴിലാളിയോ ഉടമയോ ആകട്ടെ, ലീഡറോ പബ്ലിക്കോ ആകട്ടെ
എനിക്ക് മുമ്പായി, എല്ലാവരും തല കുനിക്കുന്നു,
അത് രാജാവോ അല്ലെങ്കിൽ സൈനികനോ ആകട്ടെ ')

1957-ൽ പുറത്തിറങ്ങിയ പ്യാസ എന്ന സിനിമയിലെ 'തേല്‍ മാലിശ്' എന്ന ഗാനത്തിലെ സാഹിർ ലുധിയാൻവിയുടെ അതിശയകരമായ ഗാനത്തിൽ നിന്നുള്ള ഈ വരികൾ അവഗണിക്കപ്പെടുന്നവരും വിവേചനം നേരിടുന്നവരുമായ ബാർബർമാര്‍ക്ക് കുറച്ച് ബഹുമാനം നല്‍കുന്നതാണ്.

ലോക്ക്ഡൗണ്‍ കാലഘട്ടത്തിൽ ലത്തൂർ ജില്ലയിലെ - യഥാര്‍ത്ഥത്തില്‍ മഹാരാഷ്ട്രയിലെയും ഇന്ത്യ മുഴുവനുമുള്ള - അവരുടെ ഇന്നത്തെ അവസ്ഥ ആ സ്വാഭിമാനത്തിന്‍റെ എല്ലാ ശേഷിപ്പുകളെയും എടുത്തു കളയുന്നു. ഈ അവസ്ഥ ദൈനംദിന വരുമാനത്തെ പൂർണമായും ആശ്രയിക്കുന്ന ഒരു തൊഴിലിന് - പ്രത്യേകിച്ച് ഇടപാടുകാരില്‍ നിന്ന് ശാരീരികമായി അകന്നുനിൽക്കുക എന്നത് അചിന്തനീയം ആയവര്‍ക്ക് – ഇരട്ട പ്രഹരമാണ്.

“ലോക്ക്ഡൗൺ നമ്മുടെ നിലനിൽപ്പിന് ഭീഷണിയാണ്. അടുത്ത 10-15 ദിവസങ്ങളിൽ എങ്ങനെ എന്‍റെ കുടുംബത്തെ പോറ്റാൻ പറ്റുമെന്ന് എനിക്കറിയില്ല”, 40-കാരനായ ഉത്തം സൂര്യവംശി പറഞ്ഞു (മുകളിലെ കവർ ചിത്രത്തിൽ ഇടത് ഭാഗത്ത് മരുമകൻ അരുഷിനൊപ്പം നിൽക്കുന്നത്). ലാത്തൂർ നഗരത്തിൽ നിന്ന് 11 കിലോമീറ്റർ അകലെ ഏകദേശം 6,000 ആളുകൾ താമസിക്കുന്ന ഗംഗാപൂർ ഗ്രാമത്തിൽ നിന്നുള്ള ഒരു ബാർബറാണ് അദ്ദേഹം.

“എന്‍റെ ഗ്രാമത്തിൽ 12 കുടുംബങ്ങൾ ഈ തൊഴിലിനെ പൂർണമായും

ആശ്രയിച്ചിരിക്കുന്നു. സമ്പാദിച്ചില്ലെങ്കിൽ ഞങ്ങൾക്ക് കഴിക്കാൻ കഴിയില്ല”, ലോക്ക്ഡൗൺ സമയത്തെ അവരുടെ നിസ്സഹായാവസ്ഥ വിശദീകരിച്ചു കൊണ്ട് ഉത്തം പറഞ്ഞു. അദ്ദേഹത്തിന്‍റെ സലൂണിൽ മൂന്ന് കസേരകളുണ്ട്. മറ്റു രണ്ടെണ്ണം സഹോദരന്മാരായ ശ്യാം (36), കൃഷ്ണ (31) എന്നിവര്‍ ജോലി ചെയ്യാന്‍ ഉപയോഗിക്കുന്നതാണ് (മുകളിൽ കവർ ചിത്രത്തിൽ നടുക്കും വലതും നിൽക്കുന്നവർ). സൂര്യവംശി ഹെയർ സലൂണില്‍ ഒന്നു മുടി വെട്ടുന്നതിന് 50 രൂപയാണ്. ഷേവിംഗ് - 30 രൂപ, തല മസാജ് - 10 രൂപ, ഫേഷ്യൽ 50 രൂപ – എന്നിങ്ങനെയാണ് നിരക്കുകള്‍. മാർച്ച് 25 ന് ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് ഓരോരുത്തരും പ്രതിദിനം 300-400 രൂപ വരെ സമ്പാദിച്ചിരുന്നു.

Left: Policemen outside a salon in Jalna town, Jalna district. It isn't only Latur that's affected by the lockdown. Right: A pre-locked-down photo of Mauli Gents Parlour in Udgir town of Latur district
PHOTO • Kalyan Dale
Left: Policemen outside a salon in Jalna town, Jalna district. It isn't only Latur that's affected by the lockdown. Right: A pre-locked-down photo of Mauli Gents Parlour in Udgir town of Latur district
PHOTO • Awais Sayed

ഇടത്: മറാത്ത്‌വാഡയിലെ ജൽന പട്ടണത്തിലെ ഒരു സലൂണിന് പുറത്ത് നില്‍ക്കുന്ന പോലീസുകാർ. വലത്: ലാത്തൂർ ജില്ലയിലെ ഉദ്ഗീർ പട്ടണത്തിലെ മൗലി ജെന്‍റ്സ് പാർലര്‍ - ലോക്ക്ഡൗണിനു മുമ്പുള്ള ഫോട്ടോ

ജോലി പൂർണ്ണമായും ഇല്ലാതാകുമ്പോൾ നാലുപേരടങ്ങുന്ന ഒരു കുടുംബത്തെ ഊട്ടുന്നത് ഉത്തമിനെ സംബന്ധിച്ചിടത്തോളം ഒരു യഥാർത്ഥ വെല്ലുവിളിയാണ്. “ജോലിക്കു വളരെ ആവശ്യമുള്ള ഈ കാലയളവിൽ കട അടച്ചുപൂട്ടേണ്ടതിനേക്കാൾ വേദനാജനകമായി മറ്റെന്താണുള്ളത്?” അദ്ദേഹം ചോദിച്ചു. വേനൽക്കാലം വിവാഹ സീസണാണ്. ബാർബർമാർക്ക് മികച്ച വരുമാനം നേടാനും അങ്ങനെ കടക്കെണിയില്‍ അകപ്പെട ഇവര്‍ക്ക് വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള അവസരം ഇതൊരുക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

“2018 മുതൽ, ഞങ്ങളുടെ പ്രദേശത്ത് സ്ഥിരമായി ഉണ്ടായിക്കൊണ്ടിരുന്ന വരൾച്ച ഞങ്ങളുടെ സേവനങ്ങള്‍ക്കുള്ള കൂലി വര്‍ദ്ധനവിനെ നിയന്ത്രിച്ചിരിക്കുന്നു”, ലാത്തൂർ ഡിസ്ട്രിക്റ്റ് കേശകർത്തനാലയ് സംഘടന (സലൂൺസ് യൂണിയന്‍റെ യൂണിയൻ) ചെയർപേഴ്സൺ ഭാവുസാഹേബ് ശേന്ദ്രെ ചൂണ്ടിക്കാണിച്ചു. “ഞങ്ങളില്‍ ഏകദേശം 80 ശതമാനം ആളുകളും ഭൂമിയും കിടപ്പാടവും ഇല്ലാത്തവരാണ്”, അദ്ദേഹം പറഞ്ഞു. “ഈ കാലയളവില്‍ വീടിന്‍റെയും സലൂണിന്‍റെയും വാടക 15 ശതമാനം ഉയർത്തിയതിന്‍റെ ഭാരം ഞങ്ങള്‍ സഹിക്കുന്നു. ജീവിതച്ചെലവ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതേസമയം ഞങ്ങളുടെ വരുമാനം കുറയുന്നു. ഞങ്ങൾക്ക് നഷ്ടം സുനിശ്ചിതമാണ്, ഞങ്ങളുടെ ഉപജീവനമാർഗം അനിശ്ചിതവും.”

ശേന്ദ്രെയുടെ യൂണിയൻ സംസ്ഥാന തലത്തില്‍ മഹാരാഷ്ട്രാ നാഭിക് മഹാമണ്ഡല്‍ എന്ന ഒരു ഫെഡറേഷനുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഓ.ബി.സി. വിഭാഗത്തില്‍ പെടുന്ന നാഭിക് (ബാർബർ) സമുദായത്തെ സംസ്ഥാന തലത്തില്‍ ബന്ധിപ്പിക്കുന്ന ഒരു ഫെഡറേഷനാണിത്. മഹാരാഷ്ട്രയിൽ 4 ദശലക്ഷത്തിലധികം നാഭിക്കുകളുണ്ടെന്ന് മഹാമണ്ഡൽ മേധാവി കല്യാൺ ഡാലെ അവകാശപ്പെടുന്നു. എന്നിരുന്നാലും ഇത് സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. എന്നാൽ (വളരെ കാലഹരണപ്പെട്ട) ഏകദേശ കണക്കുകൾ സൂചിപ്പിക്കുന്നത് ലക്ഷക്കണക്കിന് ആളുകൾ ഈ വിഭാഗത്തിൽപ്പെടുന്നു എന്നാണ്.

ജില്ലയിലെ 6,000 സലൂണുകളിൽ 800 എണ്ണം ലത്തൂർ നഗരത്തിൽ മാത്രമാണ്. അവിടെ ഏകദേശം 20,000 ആളുകൾ ജോലി ചെയ്യുന്നു. ഓരോ സലൂണിലും ശരാശരി 3-4 കസേരകളാണുള്ളത്. അതിലൂടെ ഓരോ കസേരയില്‍ ജോലി ചെയ്യുന്നയാളും പ്രതിദിനം 400-500 രൂപ വരെ സമ്പാദിക്കുന്നു. അതിനർത്ഥം ഏകദേശം 12-13 ലക്ഷം രൂപയുടെ ഇടപാട് പ്രതിദിനം അവരൊന്നിച്ചു ചേര്‍ന്നു നടത്തുന്നു എന്നാണ്.

ജില്ലയിൽ ബാക്കിയുള്ള 5,200 സലൂണുകളിലെ ഓരോ എണ്ണത്തിലും ശരാശരി 2-3 കസേരകൾ വീതമുണ്ട്. ദിവസേന 200-300 രൂപ വരെ ഒരു കസേരയിൽ നിന്നു ലഭിക്കുന്നു. അത് പ്രതിദിനം ഏകദേശം 47 ലക്ഷം രൂപയുടെ ഇടപാടാണ്. 21 ദിവസം ഈ കടകളെല്ലാം അടഞ്ഞു കിടക്കുക എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം 12.5 കോടി രൂപയുടെ നഷ്ടം ഈ പാവപ്പെട്ട അടിച്ചമര്‍ത്തപ്പെട്ട സമുദായത്തിന് ലാത്തൂര്‍ ജില്ലയില്‍ മാത്രം ഉണ്ടായിരിക്കുന്നു എന്നാണ്.

A forlorn hoarding in Udgir advertising Shri Ganesh Gents Parlour
PHOTO • Awais Sayed

ഉദ്ഗീറിലെ ശ്രീ ഗണേഷ് ജെന്‍റ്സ് പാർലറിന്‍റെ ഒറ്റപ്പെട്ട ഒരു പരസ്യബോർഡ് .

ബാർബർമാർ അവരുടെ ദൈനംദിന വരുമാനത്തെ പൂർണമായും ആശ്രയിച്ചിരിക്കുന്നു. പ്രസ്തുത വരുമാനം ഒരു നിശ്ചിത ദിവസത്തിൽ എത്തുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അവരിൽ ആർക്കും സമ്പാദ്യമില്ല, പലരും കടത്തിലാണ്. ഇപ്പോള്‍ ലോക്ക്ഡൗൺ അവരുടെ അവസ്ഥ കൂടുതല്‍ മോശമാക്കിയിരിക്കുന്നു.

“ഞങ്ങളോടൊപ്പമുള്ള ബാർബർമാർ ഒരു നേരം നന്നായി ഭക്ഷണം കഴിക്കാന്‍ വയ്യാത്ത വിധം വളരെ കഷ്ടപ്പെടുന്നു”, ശേന്ദ്രെ പറഞ്ഞു. “അതിനാൽ ഞങ്ങൾ 50,000 രൂപ സമാഹരിച്ച് ജില്ലയിലെ 50 ദുർബല കുടുംബങ്ങൾക്ക് 1,000 രൂപ ചിലവു വരുന്ന കിറ്റുകൾ വിതരണം ചെയ്തു. ഒരു കിറ്റിൽ 10 കിലോഗ്രാം ഗോതമ്പ്, അഞ്ച് കിലോ അരി, രണ്ട് കിലോ എണ്ണ, ഓരോ കിലോ വീതം മാസൂര്‍ പരിപ്പ് , പഞ്ചസാര, നിലക്കടല, ഒരു ഡെറ്റോൾ സോപ്പ് എന്നിവ ഉൾപ്പെടുന്നു. സർക്കാർ പ്രഖ്യാപിച്ച അനിശ്ചിതത്വം നിറഞ്ഞ മൂന്നുമാസത്തെ സൗജന്യ റേഷനെ ആശ്രയിക്കാൻ ഞങ്ങൾക്ക് കഴിയില്ല”, ശേന്ദ്രെ നിരാശയോടെ പറഞ്ഞു.

ബാർബർമാർ അവരുടെ ദൈനംദിന വരുമാനത്തെ പൂർണമായും ആശ്രയിച്ചിരിക്കുന്നു. പ്രസ്തുത വരുമാനം ഒരു നിശ്ചിത ദിവസത്തിൽ എത്തുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. പലപ്പോഴും ഈ സാധാരണ കൈത്തൊഴിലുകാര്‍ വളരെ കുറഞ്ഞ ചിലവിൽ യുവതലമുറയ്ക്കു വളരെയധികം താത്പര്യമുള്ള രീതിയില്‍ മുടി വെട്ടി നല്‍കാന്‍ നിർബന്ധിതരാകുന്നു. അവരിലാര്‍ക്കും സമ്പാദ്യമില്ല. പലരും കടത്തിലാണ്.

ഇപ്പോൾ ലോക്ക്ഡൗൺ അവരുടെ മോശപ്പെട്ട അവസ്ഥയെ വീണ്ടും വഷളാക്കിയിരിക്കുന്നു. വായ്പ ലഭിക്കുന്നതിനായി അവർക്ക് രണ്ട് സ്രോതസ്സുകൾ മാത്രമേയുള്ളൂ: പ്രതിവർഷം 15 ശതമാനം ഈടാക്കുന്ന (ആത്യന്തികമായി സാമ്പത്തിക ഭാരം ഈ സൂചിപ്പിച്ചതിനേക്കാള്‍ കൂടുതലായിരിക്കും) ന്യൂ ഏജ് ഫിനാൻസ് കമ്പനികളും പ്രതിമാസം 3 മുതൽ 5 ശതമാനം വരെ പലിശ ഈടാക്കുന്ന സ്വകാര്യ വായ്പാ ദാദാക്കളും.

ലാത്തൂർ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഖഡ്ഗാവിൽ താമസിക്കുന്ന സുധാകർ സൂര്യവംശി എന്ന ബാർബർ കടവുമായി മല്ലിടുകയാണ്. “എന്‍റെ വരുമാനത്തിന്‍റെ പരമാവധി പങ്കും കുട്ടികളുടെ ട്യൂഷൻ ഫീസ് അടയ്ക്കുന്നതിനായി ചെലവഴിക്കുന്നു”, അദ്ദേഹം പറഞ്ഞു (ലോക്ക്ഡൗണിന് മുന്‍പ് പ്രതിദിനം 300 രൂപ അദ്ദേഹത്തിനു ലഭിച്ചിരുന്നു). മക്കളുടെ വിദ്യാഭ്യാസത്തിനായി പണമിടപാടുകാരനിൽ നിന്ന് പ്രതിമാസം 3 ശതമാനം പലിശ നിരക്കിൽ ഒരു ലക്ഷം രൂപ ഈ ജനുവരിയിൽ അദ്ദേഹം വായ്പയെടുത്തിരുന്നു. ആദ്യ ഗഡുവായ 3,000 രൂപ അദ്ദേഹം തിരിച്ചടക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ പ്രശ്‌നങ്ങൾ നേരത്തെ തന്നെ ആരംഭിച്ചതാണ്.

Left: Rutu’s Beauty Zone is one of many salons in Latur city Right: Deserted main thoroughfare of Latur city
PHOTO • Vilas Gawali
Left: Rutu’s Beauty Zone is one of many salons in Latur city Right: Deserted main thoroughfare of Latur city
PHOTO • Vilas Gawali

ഇടത്: ലാത്തൂർ നഗരത്തിലെ 800 സലൂണുകളിൽ ഒന്നായ ഋതുവിന്‍റെ ബ്യൂട്ടി സോൺ. വലത്: നഗരത്തിലെ വിജനമായ പ്രധാന പാത

2019 ഡിസംബറിൽ “എന്‍റെ ജൻ ധൻ അക്കൗണ്ട് റദ്ദാക്കിയതായി ബാങ്കിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചു”, അദ്ദേഹം പറഞ്ഞു. ഇത് രണ്ട് തരത്തിൽ വിചിത്രമായിരുന്നു. ഒന്ന്: ആവശ്യമായ എല്ലാ രേഖകളും അദ്ദേഹം സമർപ്പിച്ചിരുന്നു - പാൻ കാർഡ്, ആധാർ, ‘ഓറഞ്ച്’ റേഷൻ കാർഡ് തുടങ്ങിയവ. രണ്ട്: അദ്ദേഹത്തിന് ആ അക്കൗണ്ടിലൂടെ പണമൊന്നും ലഭിച്ചിട്ടില്ലായിരുന്നു. നഗര മഹാരാഷ്ട്രയില്‍ 59,000 മുതൽ ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്കാണ് ഓറഞ്ച് കാർഡ്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ റേഷൻ കാർഡിൽ പ്രധാന കുടുംബമെന്ന് (മുൻഗണനാ കുടുംബം) സ്റ്റാമ്പ് ചെയ്തതിലൂടെ അവരെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്‍റെ ഗുണഭോക്താക്കളാക്കിയിരിക്കുന്നു.

“എനിക്ക് ആ റേഷൻ കാർഡ് ഉണ്ട്. പക്ഷേ ഈ മാസം ഒന്നും ലഭിച്ചില്ല. പലചരക്ക് കട ഉടമ പറയുന്നത് എന്ന് ശേഖരം എത്തും എന്ന് തനിക്കുപോലും അറിയില്ലെന്നാണ്”, സുധാകർ പരാതിപ്പെട്ടു. ഈ കാലയളവിൽ വാടക എങ്ങനെ വാടക നൽകുമെന്നതിനെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തതയില്ല. ഈ വർഷം ജനുവരിയിൽ വീട്ടുടമ തന്‍റെ വാടക 2,500 നിന്നും Rs. 3,000 രൂപയായി ഉയർത്തി. ബാധ്യതകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

കൊറോണ വൈറസിനെക്കുറിച്ചുള്ള മാധ്യമ പ്രചാരണത്തെ അദ്ദേഹം ഗൗരവമായി എടുക്കുന്നില്ല. “പ്രതിദിനം ഭക്ഷണം കഴിക്കാൻ ഞങ്ങൾ പാടുപെടുമ്പോൾ, ഹാൻഡ് സാനിറ്റൈസറുകളെയും സംരക്ഷണ മുഖാവരണങ്ങളെയും കുറിച്ച് ഞങ്ങള്‍ക്ക് എങ്ങനെ ചിന്തിക്കാനാകും?”

'ഞങ്ങള്‍ നിരന്തരം പ്രതിസന്ധിയിലാണ് - ഇന്നലെയും ഇന്നും നാളെയും.

കവര്‍ ഫോട്ടോ: കുമാര്‍ സൂര്യവംശി.

പരിഭാഷ: അനിറ്റ് ജോസഫ്

Ira Deulgaonkar

Ira Deulgaonkar is a 2020 PARI intern. She is a Bachelor of Economics student at Symbiosis School of Economics, Pune.

Other stories by Ira Deulgaonkar
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph