“വർഷങ്ങൾക്കു മുമ്പുള്ളതുപോലെയല്ല ഇപ്പോൾ. ലഭ്യമായ ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ച് ഇന്നത്തെ സ്ത്രീകൾക്ക് അവബോധവും ധാരണയുമുണ്ട്,” ഇഷ്ടികയും കുമ്മായവും ചേർത്തുണ്ടാക്കിയ ചെറിയൊരു വീടിന്‍റെ വരാന്തയിൽ വെയിലത്ത് നിൽക്കവെ സലഹാ ഖാതുൻ പറഞ്ഞു. വീടിന്റെ ചുവരുകൾക്ക് നീല കലർന്ന പച്ചനിറമായിരുന്നു.

അവരുടെ അനുഭവത്തിൽ നിന്നാണ് അവർ സംസാരിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദമായി സലഹയും അവരുടെ അനന്തരവന്‍റെ ഭാര്യ ശമ പർവീനും ബീഹാറിലെ മധുബനി ജില്ലയിലെ ഹസൻപൂർ ഗ്രാമത്തിലെ സ്ത്രീകളുടെ കുടുംബാസൂത്രണ, ആർത്തവശുചിത്വ കാര്യങ്ങളിന്മേൽ അനൗദ്യോഗിക ഉപദേശകരായി മാറിയിരിക്കുകയാണ്.

ഗർഭനിരോധനത്തെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും, അടുത്ത ഗർഭധാരണത്തിന് മുമ്പുള്ള ഇടവേള, കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് ഇടവേള എന്നിവകളെക്കുറിച്ചൊക്കെ അറിയുന്നതിനായി സ്ത്രീകൾ പലപ്പോഴും അവരെ സമീപിക്കുന്നു. ചിലർ, ആവശ്യമെങ്കിൽ, രഹസ്യമായി, കുത്തിവയ്ക്കാവുന്ന ഹോർമോൺ ഗർഭനിരോധന മാർഗ്ഗവും തേടുന്നു.

ശമയുടെ വീടിന്‍റെ ഒരു മൂലയിൽ, അലമാരയിൽ ഇരിക്കുന്ന ചെറിയ കുപ്പികളും ബ്ലിസ്റ്റർ പാക്കുകളാക്കിയ (ഗുളികകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പ്ലാസ്റ്റിക്കിൽ പാക്ക് ചെയ്യുന്ന ഒരു പാക്കിങ് രീതി) മരുന്നുകളുടെ സ്ട്രിപ്പുകളുമടങ്ങിയ ഒരു ചെറിയ ക്ലിനിക്കിന്‍റെ സ്വകാര്യതയിൽ, 40-കളുടെ തുടക്കത്തിൽ ഉള്ള ഷമയും, 50-കളിൽ എത്തിനിൽക്കുന്ന സലഹയും ഇൻട്രാ-മസ്‌കുലർ കുത്തിവയ്പ്പ് (മസിലുകൾക്കുള്ളിൽ കുത്തി വയ്ക്കുന്ന രീതി) നടത്തുന്നു. എന്നാൽ ഇരുവരും നഴ്‌സിങ് പരിശീലനം ലഭിച്ചവരല്ല. "ചിലപ്പോൾ സ്ത്രീകൾ ഒറ്റയ്ക്ക് വരും, കുത്തിവയ്പ്പ് എടുത്തതിനു ശേഷം വേഗത്തിൽ പോകും. അവരുടെ വീട്ടിൽ ആരും ഒന്നും അറിയാതിരിക്കാൻ”, സലഹ പറഞ്ഞു. "മറ്റുള്ളവർ അവരുടെ ഭർത്താക്കൻമാർ അല്ലെങ്കിൽ ബന്ധുക്കളായ സ്ത്രീകളോടൊപ്പം വരുന്നു.”

ഒരു പതിറ്റാണ്ട് മുൻപു വരെയും ഫുൽപാരസ് ബ്ലോക്കിലെ സൈനി ഗ്രാമപഞ്ചായത്തിലെ ഏകദേശം 2,500-ൽപരം ഹസൻപൂർ നിവാസികൾ കുടുംബ ആസൂത്രണ വിദ്യകൾ കഷ്ടിച്ച് ഉപയോഗിച്ചിരുന്നതിൽ നിന്നുമുള്ള നാടകീയമായ മാറ്റമാണിത്.

എങ്ങനെയാണ് ഈ മാറ്റമുണ്ടായത്? "യേ അന്തർ കി ബാത് ഹേ [അതൊരു രഹസ്യ (ആന്തരിക) കഥയാണ്],” ശമ പറഞ്ഞു.

In the privacy of a little home-clinic, Salah Khatun (left) and Shama Parveen administer the intra-muscular injection
PHOTO • Kavitha Iyer

ഒരു ചെറിയ ഹോം ക്ലിനിക്കിന്‍റെ സ്വകാര്യതയിൽ , സലഹ ഖാതുനും (ഇടത്) ശമ പർവീനും ഇൻട്രാ-മസ്‌കുലർ കുത്തിവയ്പ്പ് നൽകുന്നു

കഴിഞ്ഞ കാലത്ത് ഹസൻപുരിൽ കുറഞ്ഞ അളവിൽ ഗർഭനിരോധനമാർഗ്ഗങ്ങൾ ഉപയോഗിച്ചത് സംസ്ഥാന വ്യാപകമായ അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എൻ.എഫ്.എച്.എസ്.-4 (2015-16) [ NFHS-4 (2015-16) ] പറയുന്നത് ബീഹാറിന്‍റെ മൊത്തം ഫെർട്ടിലിറ്റി നിരക്ക് 3.4 ആയിരുന്നുവെന്നാണ് - ഇത് അഖിലേന്ത്യാ തലത്തിലെ 2.2 നേക്കാൾ വളരെ കൂടുതലാണ്. (ടി.എഫ്.ആർ. എന്നത് ഒരു സ്ത്രീ പ്രസവിക്കുന്ന വർഷങ്ങളിൽ ശരാശരി വഹിക്കുന്ന കുട്ടികളുടെ എണ്ണമാണ്.)

എൻ.എഫ്.എച്.എസ്.-5 (2019-20) [ NFHS-5 (2019-20) ], പ്രകാരം സംസ്ഥാനത്തിന്‍റെ ടി.എഫ്.ആർ. 3 ആയി കുറഞ്ഞു. ദേശീയ കുടുംബാരോഗ്യ സർവേയുടെ (National Family Health Survey) 4-ാം റൗണ്ടിൽ നിന്ന് 5-ലെത്തുമ്പോൾ 24.1 ശതമാനത്തിൽ നിന്ന് 55.8 ശതമാനത്തിലേക്ക് സംസ്ഥാനത്തെ ഗർഭനിരോധന ഉപയോഗം വളർന്നതുമായി ഈ കുറവ് പൊരുത്തപ്പെടുന്നു.

എല്ലാ ആധുനിക രീതികളുടെയും 86 ശതമാനമെന്ന നിലയിൽ ട്യൂബൽ ലിഗേഷൻ - സ്ത്രീകൾക്കുള്ള വന്ധ്യംകരണ നടപടിക്രമം - കുടുംബാസൂത്രണത്തിന്‍റെ പ്രബലമായ രീതിയായി തുടരുന്നു (എൻ.എഫ്.എച്.എസ്.-4 ചൂണ്ടിക്കാട്ടുന്നു). എൻ.എഫ്.എച്.എസ്.-5-നെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇനിയും ലഭ്യമാകാനുണ്ട്. എന്നാൽ കുത്തിവയ്പ്പ് ഗർഭനിരോധന മാർഗ്ഗം ഉൾപ്പെടെ കുട്ടികൾക്കിടയിലുള്ള ക്യത്യമായ ഇടവേള ഉറപ്പുവരുത്തുന്നതിനുള്ള പുതിയ രീതികൾ ഇപ്പോൾ സംസ്ഥാന നയത്തിന്‍റെ ഒരു പ്രധാന ഘടകമാണ്.

സലഹയും ശാമയും നിരീക്ഷിക്കുന്നതുപോലെ, ഹസൻപൂരിലും കൂടുതൽ സ്ത്രീകൾ ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുന്നു-പ്രധാനമായും ഗുളികകൾ. അതുകൂടാതെ, ഇന്ത്യയിൽ 'ഡിപ്പോ-പ്രോവേര', 'പരി' എന്നിങ്ങനെ വിപണനം ചെയ്യുന്നു ഡിപ്പോ-മെഡ്രോക്‌സി പ്രൊജസ്റ്ററോൺ അസറ്റേറ്റ് (ഡി.എം.പി.എ.) എന്ന ഹോർമോൺ കുത്തിവയ്പ്പും തേടാറുണ്ട്. സർക്കാർ ഡിസ്‌പെൻസറികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ’അന്തര’ എന്ന ബ്രാൻഡ് നാമത്തിലാണ് ഡി.എം.പി.എ. നൽകുന്നത്. 2017-ൽ ഇന്ത്യയിൽ ആരംഭിക്കുന്നതുവരെ, വ്യക്തികളും ലാഭേച്ഛയില്ലാത്ത സംഘങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ സംഘടനകളും അയൽരാജ്യമായ നേപ്പാളിൽ നിന്ന് 'ഡിപ്പോ' സാധാരണയായി ബീഹാറിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. സർക്കാർ നടത്തുന്ന ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതൊഴിച്ചാൽ, ഒരു കുത്തിവയ്പ്പിന് 245 മുതൽ 350 രൂപ വരെ വിലയാണ്.

കുത്തിവയ്പ്പിനെതിരെ ഏറെ വിമർശനങ്ങൾ ഉയരുകയും വളരെകാലത്തേയ്ക്ക് ഉപയോഗത്തെ എതിർക്കുകയും ചെയ്തിരുന്നു - പ്രത്യേകിച്ച് 1990 കളിൽ. ഡിസ്മെനോറിയ (അമിതമായതോ വേദനാജനകമായതോ ആയ രക്തസ്രാവം) മുതൽ അമെനോറിയ (രക്തസ്രാവത്തിന്‍റെ അഭാവം) വരെയുള്ളവയുടെയും, മുഖക്കുരു, അമിതമായ ശരീരഭാരം, ഭാരക്കുറവ്, ആർത്തവ ക്രമക്കേടുകൾ മുതലായവയുടെയും പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ  വനിതാ അവകാശ സംഘങ്ങളും ആരോഗ്യ പ്രവർത്തകരും വർഷങ്ങളോളം പങ്കുവച്ചു. അതിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ, പരീക്ഷണങ്ങളുടെ ഒരു പരമ്പര, വിവിധ കൂട്ടായ്മകളിൽ നിന്നുള്ള പ്രതികരണങ്ങൾ, മറ്റ് പ്രക്രിയകൾ എന്നിവയൊക്കെച്ചേർന്ന് 2017 വരെ ഇന്ത്യയിൽ ഡി.എം.പി.എ. വിപണിയിലെത്താതിരിക്കാൻ കാരണമായി. എന്നാലിപ്പോഴിത് തദ്ദേശീയമായി ഉൽപാദിപ്പിക്കുന്നു.

2017 ഒക്ടോബറിൽ ബീഹാറിൽ 'അന്തര' എന്ന പേരിൽ കുത്തിവയ്പ്പ് ആരംഭിച്ചു. 2019 ജൂൺ മാസത്തോടെ ഇത് എല്ലാ നഗര, ഗ്രാമീണ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ലഭ്യമായി. സംസ്ഥാന സർക്കാരിന്‍റെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും ഉയർന്ന 424,427 ഡോസുകൾ 2019 ഓഗസ്റ്റിൽ നൽകി. ഒരിക്കൽ കഴിച്ച 48.8 ശതമാനം സ്ത്രീകൾക്കും രണ്ടാമത്തെ ഡോസ് ലഭിച്ചു.

Hasanpur’s women trust Shama and Salah, who say most of them now ensure a break after two children. But this change took time

ഹസൻപൂരിലെ സ്ത്രീകൾ ശമയെയും സലഹയെയും വിശ്വസിക്കുന്നു , അവരിൽ ഭൂരിഭാഗവും ഇപ്പോൾ രണ്ട് കുട്ടികൾക്ക് ശേഷം ഒരു ഇടവേള ഉറപ്പാക്കുന്നു. എന്നാൽ ഈ മാറ്റത്തിന് വളരെ സമയമെടുത്തു

രണ്ട് വർഷത്തിൽ കൂടുതൽ ഡി.എം.പി.എ. ഉപയോഗിക്കുന്നതിൽ ആശങ്കയുണ്ട്. നടന്ന പഠനങ്ങൾ പ്രകാരം ഇതുമായി ബന്ധപ്പെട്ട പല അപകടങ്ങളിലൊന്ന് അസ്ഥിയിലെ ധാതുക്കളുടെ സാന്ദ്രത നഷ്ടപ്പെടുന്നു എന്നതാണ് (കുത്തിവയ്പ്പ് നിർത്തിയാൽ പഴയ സ്ഥിതിയാകുമെന്ന് വിശ്വസിക്കപ്പെടുന്നു). രണ്ട് വർഷത്തിലൊരിക്കൽ ഡി.എം.പി.എ. ഉപയോഗിക്കുന്ന സ്ത്രീകളുടെ ആരോഗ്യ സ്ഥിതി പരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു.

ശമയും സലഹയും സുരക്ഷിതത്വത്തിന് വളരെ പ്രധാന്യം നല്കുന്നു. കുത്തിവയ്ക്കാൻ കഴിയുന്ന ഗർഭനിരോധന മാർഗ്ഗം രക്ത സമ്മർദ്ദമുള്ള സ്ത്രീകൾക്ക് നിർദ്ദേശിക്കപ്പെടുന്നില്ല. കൂടാതെ, കുത്തിവയ്പ്പ് നൽകുന്നതിനുമുമ്പ് രണ്ട് ആരോഗ്യപരിപാലന സന്നദ്ധപ്രവർത്തകർ രക്തസമ്മർദ്ദം പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. എന്നാൻ, പാർശ്വഫലങ്ങൾ സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് അവർ കൂട്ടിച്ചേർത്തു.

ഗ്രാമത്തിലെ എത്ര സ്ത്രീകൾ ഡെപ്പോ-പ്രോവെറ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് അവർക്ക് കണക്കുകളില്ല. എന്നാൽ ഇതൊരു ജനപ്രിയ തിരഞ്ഞെടുപ്പാണ്, കാരണം ഇത് രഹസ്യസ്വഭാവവും ഓരോ മൂന്ന് മാസത്തിലും പെട്ടെന്നൊരു കുത്തിവയ്പ്പ് എടുക്കാം എന്ന സാദ്ധ്യതയും വാഗ്ദാനം ചെയ്യുന്നു. വർഷത്തിൽ ഏതാനും മാസങ്ങൾ മാത്രം നഗരങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പുരുഷന്മാരെ വിവാഹം കഴിച്ച സ്ത്രീകൾക്ക് ഇത് ലളിതമായ രീതിയിൽ ചുരുങ്ങിയ സമയത്തേക്ക് ഉപയോഗിക്കാം. (അവസാന ഡോസ് എടുത്ത് മൂന്ന് മാസം കഴിഞ്ഞുള്ള ഏതാനും മാസങ്ങൾക്കുള്ളിൽ പ്രത്യുത്പാദനശേഷി തിരികെ ലഭിക്കുമെന്ന് ആരോഗ്യരക്ഷാ പ്രവർത്തകരും മെഡിക്കൽ പ്രബന്ധങ്ങളും പറയുന്നു.)

മധുബനിയിൽ ഹോർമോൺ കുത്തിവയ്പ്പിന് സ്വീകാര്യത വർദ്ധിക്കുന്നതിനുള്ള മറ്റൊരു കാരണം 1970-കളുടെ അവസാനത്തിൽ വിനോബാ ഭാവേയുടെയും ജയപ്രകാശ് നാരായണിന്‍റെയും അനുയായികൾ വികേന്ദ്രീകൃത ജനാധിപത്യo, സാമൂഹ്യാടിസ്ഥാനത്തിലുള്ള സ്വാശ്രയത്വം എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥാപിച്ച ഘോഘർഡിഹ പ്രഖണ്ഡ് സ്വരാജ്യ വികാസ് സംഘ് (ജി.പി.എസ്‌.വി.എസ്.) എന്ന സംഘടനയുടെ പ്രവർത്തനമാണ്. (വികാസ് സംഘ് 1990-കളുടെ അവസാനത്തിൽ സംസ്ഥാന സർക്കാരിന്‍റെ പ്രതിരോധ കുത്തിവയ്പ്പുകളിലും വന്ധ്യംകരണ ക്യാമ്പുകളിലും പങ്കാളിയാവുകയും, പലപ്പോഴും 'ടാർഗെറ്റ്' സമീപനത്തിന്റെ പേരിൽ വിമർശനം നേരിടുകയും ചെയ്തിരുന്നു).

2000-ത്തിൽ ജി.പി.എസ്‌.വി.എസ്. സ്ത്രീകളെ സ്വയംസഹായ സംഘങ്ങളായും മഹിളാമണ്ഡലങ്ങളായും സംഘടിപ്പിക്കാൻ തുടങ്ങിയ സമയത്ത് മുസ്ലീം ഭൂരിപക്ഷ ഗ്രാമമായ ഹസൻപൂരിൽ പോളിയോ പ്രതിരോധവത്കരണവും കുടുംബാസൂത്രണ ശുപാർശകളും ഉപയോഗങ്ങളും പ്രശ്നങ്ങള്‍ നേരിടുകയായിരുന്നു. സലഹ ഒരു ചെറിയ സമ്പാദ്യ സംഘത്തിൽ അംഗമായി, കൂടാതെ ശമയെയും ചേരാൻ പ്രേരിപ്പിച്ചു..

ആർത്തവം, ശുചിത്വം, പോഷകാഹാരം, കുടുംബാസൂത്രണം എന്നിവയെക്കുറിച്ച് ജി.പി.എസ്‌.വി.എസ്. സംഘടിപ്പിച്ച പരിശീലന പരിപാടികളിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ രണ്ട് സ്ത്രീകൾ പങ്കെടുത്തു. വികാസ് സംഘ് പ്രവർത്തിക്കുന്ന മധുബനി ജില്ലയിലെ ഏതാണ്ട് 40 ഗ്രാമങ്ങളിൽ സ്ത്രീകൾക്ക് വിൽക്കാൻ കഴിയുന്ന ആർത്തവ ശുചിത്വ ഉൽപന്നങ്ങൾ, ഗർഭനിരോധന ഉറകൾ, ഗർഭനിരോധന ഗുളികകൾ എന്നിവ അടങ്ങിയ ഒരു കിറ്റോടുകൂടിയ ‘സഹേലി നെറ്റ്‌വർക്കിനു’ വേണ്ടിയും സംഘടന അവരെ സജ്ജമാക്കാൻ തുടങ്ങി. ഇത് സ്ത്രീകളുടെ വീട്ടുവാതിൽക്കൽ ഗർഭനിരോധന മാർഗങ്ങൾ കൊണ്ടെത്തിക്കുന്നു, അതും സദാചാര ചിന്തഗതിക്കാരല്ലാത്ത സമപ്രായക്കാരിലൂടെ. കുത്തിവയ്ക്കാവുന്ന ഡി.എം.പി.എ., പാരി എന്ന ബ്രാൻഡ് നാമത്തിൽ ലഭ്യമായതിനാൽ, 2019-ൽ അത് കിറ്റ് ബാഗിൽ ചേർത്തു.

Salah with ANM Munni Kumari: She and Shama learnt how to administer injections along with a group of about 10 women trained by ANMs (auxiliary-nurse-midwives) from the nearby PHCs
PHOTO • Kavitha Iyer

എ.എൻ.എം. മുന്നി കുമാരിയോടൊപ്പം സലഹ: സമീപത്തെ പി.എച്.സി.യിൽ നിന്ന് എ.എൻ.എം.മാർ (ഓക്‌സിലറി-നഴ്‌സ്-മിഡ്‌വൈവ്സ്) പരിശീലിപ്പിച്ച ഏകദേശം 10 സ്ത്രീകളടങ്ങുന്ന സംഘത്തോടൊപ്പമാണ് സലഹയും ശമയും കുത്തിവയ്പ് നടത്താൻ പഠിച്ചത്

"സഹേലി നെറ്റ്‌വർക്കിലെ 32-ഓളം സ്ത്രീകൾ ചേർന്ന് ഇപ്പോൾ ഒരു വിൽപ്പന ശൃംഖല രൂപീകരിച്ചിരിക്കുന്നു. ഞങ്ങൾ അവരെ ഒരു പ്രാദേശിക മൊത്തക്കച്ചവടക്കാരനുമായി ബന്ധിപ്പിച്ചു. അയാളിൽനിന്നും അവർ മൊത്തവിൽപ്പന നിരക്കിൽ സാധനങ്ങൾ വാങ്ങുന്നു,” മധുബനി ആസ്ഥാനമായുള്ള ജി.പി.എസ്.വി.എസിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രമേശ് കുമാർ സിംഗ് പറഞ്ഞു. ചില സ്ത്രീകളെ ഇതിനായി പ്രാഥമിക മൂലധനം നൽകി സംഘടന സഹായിച്ചു. "വിൽക്കുന്ന ഓരോ ഇനത്തിൽനിന്നും 2 രൂപ വീതം ലാഭം നേടാൻ അവർക്ക് കഴിയും,” സിംഗ് കൂട്ടിച്ചേർത്തു.

ഹസൻപൂരിൽ ഒരു ചെറിയ സംഘം സ്ത്രീകൾ പതിവായി കുത്തിവയ്പ്പ് തിരഞ്ഞെടുക്കാൻ തുടങ്ങിയപ്പോൾ, ഡോസുകൾ തമ്മിലുള്ള മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാഴ്ചയിലധികം താമസിക്കാതെ അടുത്ത ഡോസ് എടുത്തിട്ടുണ്ടെന്ന് അവർക്ക് ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. അപ്പോഴാണ് ശമയും സലഹയും അടങ്ങുന്ന, ഏകദേശം 10 സ്ത്രീകളുടെ, ഒരു സംഘം കുത്തിവയ്പ്പുകൾ എങ്ങനെ നൽകണമെന്ന് അടുത്തുള്ള പി.എച്.സി.യിൽ നിന്ന് എ.എൻ.എം.മാരുടെ (ഓക്സിലിയറി-നഴ്‌സ്-മിഡ്‌വൈഫിന്‍റെ) സഹായത്തോടെ പരിശീലനം നേടിയത്. (ഹസൻപൂരിൽ പ്രാഥമികാരോഗ്യകേന്ദ്രമില്ല. ഏറ്റവുമടുത്തുള്ള പി.എച്.സി.കൾ 16 മുതൽ 20 കിലോമീറ്റർ അകലെയുള്ള ഫൂൽപാരസ്, ഝംഝാർപൂർ എന്നിവിടങ്ങളിലാണ്).

തുടർച്ചയായി നേരത്തെതന്നെ മൂന്നു കുട്ടികളുടെ അമ്മയായി മാറിയ ചെറുപ്പക്കാരി ഉസ്മയും (പേര് മാറ്റിയിരിക്കുന്നു) ഫൂൽപാരസ് പി.എച്.സി.യിൽ 'അന്തര' കുത്തിവയ്പ്പ് എടുത്തവരിൽ ഉൾപ്പെടുന്നു. "എന്‍റെ ഭർത്താവ് ജോലിക്കായി ഡൽഹിയിലും മറ്റും പോകുന്നു. അദ്ദേഹം വീട്ടിൽ തിരിച്ചെത്തുമ്പോഴെല്ലാം കുത്തിവയ്പ്പ് എടുക്കാൻ ഞങ്ങൾ തീരുമാനിച്ചു,” അവർ പറഞ്ഞു. "ഇപ്പോൾ വളരെ ബുദ്ധിമുട്ടുള്ള സമയമാണ്. ഞങ്ങൾക്ക് ഒരു വലിയ കുടുംബം താങ്ങാനാവില്ല.” ട്യൂബൽ ലിഗേഷനിലൂടെ "ശാശ്വത” പരിഹാരം തേടുന്നത് ഇപ്പോൾ പരിഗണനയിലാണെന്നും ഉസ്മ കൂട്ടിച്ചേർത്തു.

സൗജന്യമായി അന്തര കുത്തിവയ്പ്പ് എടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ പി.എച്.സി.കളുമായി ബന്ധിപ്പിക്കാൻ 'മൊബൈൽ ആരോഗ്യ പ്രവർത്തകരായി' പരിശീലനം ലഭിച്ച സ്ത്രീകളും സഹായിക്കുന്നു. അത്തരം പി.എച്.സി.കളിൽ കുത്തിവയ്പ്പ് വേണ്ട സ്ത്രീകൾതന്നെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അവസാനം ഗ്രാമതല അങ്കണവാടികളിലൂടെയും  സ്ത്രീകൾക്ക് അന്തര ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശമയും സലഹയും പറഞ്ഞു. ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം കുത്തിവയ്പിലൂടെയുള്ള ഗർഭനിരോധനത്തെപ്പറ്റി തയ്യാറാക്കിയിരിക്കുന്ന ഒരു ലഘുലേഖയിൽ പറയുന്നത് മൂന്നാം ഘട്ടത്തിൽ ഇവ ഉപകേന്ദ്രങ്ങളിലും ലഭ്യമാക്കുമെന്നാണ്.

ഇപ്പോൾ ഗ്രാമത്തിലെ മിക്ക സ്ത്രീകളും രണ്ട് കുട്ടികൾക്കു ശേഷം “ഒരു ഇടവേള” ഉറപ്പാക്കുന്നുവെന്ന് ശമ പറഞ്ഞു.

എന്നാൽ ഈ മാറ്റം ഹസൻപൂരിൽ വരാൻ സമയമെടുത്തു. "കുറച്ച് സമയമായി”, ശമ പറഞ്ഞു, "പക്ഷേ ഞങ്ങളത് ചെയ്തു.”

എം.ബി.ബി.എസ്. ബിരുദമില്ലെങ്കിലും ശമയുടെ ഭർത്താവ് 40-കളുടെ അവസാനത്തിലുള്ള റഹ്‌മത്തുള്ള അബു ഹസൻപൂരിൽ ഒരു മെഡിക്കൽ പ്രാക്ടീസ് നടത്തുന്നു. അദ്ദേഹത്തിന്റെ പിന്തുണയാൽ 15-ലധികം വർഷങ്ങൾക്കു മുമ്പ് അവർ മദ്രസ ബോർഡിന്‍റെ ആലിം-ലെവൽ പരീക്ഷ പൂർത്തിയാക്കി. ഒരു ഇന്‍റർമീഡിയറ്റ് പ്രീ-ഡിഗ്രി സർട്ടിഫിക്കേഷൻ കോഴ്സാണിത്. ആ പിന്തുണയും വനിതാ സംഘത്തോടൊപ്പമുള്ള അവരുടെ പ്രവർത്തനവും ഭർത്താവിനെ അദ്ദേഹത്തിന്‍റെ റൗണ്ടുകളിൽ അനുഗമിക്കാൻ ശമയെ ധൈര്യപ്പെടുത്തി. ചിലപ്പോഴവര്‍ സേവനത്തിന്‍റെ ഭാഗമായി കൂടെ പോവുകയും അല്ലെങ്കിൽ രോഗികളെ സ്വന്തം വീട്ടിലെ ക്ലിനിക്കിൽ ആശ്വാസപൂര്‍വ്വം കിടത്തുകയും ചെയ്യും.

PHOTO • Kavitha Iyer

എന്നിരിക്കിലും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ തങ്ങളുടെ ഗ്രാമത്തിൽ ഗർഭനിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മത വിശ്വാസത്തിന്റെ വൈകാരിക ഇടങ്ങളുമായി ഇടപെടേണ്ടി വന്നിട്ടുണ്ടെന്ന് ശമയും സലഹയും വിശ്വസിക്കുന്നില്ല. പകരം, കാലക്രമേണ സമൂഹം തന്നെ കാര്യങ്ങൾ വ്യത്യസ്തമായി കാണാൻ തുടങ്ങിയിരിക്കുന്നുവെന്ന് അവർ പറയുന്നു

എന്നിരിക്കിലും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ തങ്ങളുടെ ഗ്രാമത്തിൽ ഗർഭനിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മത വിശ്വാസത്തിന്റെ വൈകാരിക ഇടങ്ങളുമായി ഇടപെടേണ്ടി വന്നിട്ടുണ്ടെന്ന് ശമയും സലഹയും വിശ്വസിക്കുന്നില്ല. പകരം, കാലക്രമേണ സമൂഹം തന്നെ കാര്യങ്ങൾ വ്യത്യസ്തമായി കാണാൻ തുടങ്ങിയിരിക്കുന്നുവെന്ന് അവർ പറയുന്നു വിവാഹിതയായി ഇന്നത്തെ സുപൗൽ ജില്ലയിലെ ദുബിയാഹിയിൽ നിന്ന് ഹസൻപൂരിലേക്ക് 1991-ൽ എത്തുമ്പോൾ കഷ്ടിച്ച് കൗമാരപ്രായത്തിലുള്ള ഒരു ബാലവധുവായിരുന്നു ശമ. "ഞാൻ നേരത്തെ കർശനമായി പർദ്ദ ധരിച്ചിരുന്നു. ഞാനൊരു തെരുവ് പോലും കണ്ടിട്ടുണ്ടായിരുന്നില്ല”, അവർ പറഞ്ഞു. വനിതാ സംഘത്തിലുള്ള അവരുടെ പ്രവർത്തനം എല്ലാത്തിലും മാറ്റങ്ങളുണ്ടാക്കി. "ഇപ്പോൾ എനിക്കൊരു കുട്ടിയെ പൂർണ്ണമായി പരിശോധിക്കുവാൻ കഴിയും. കുത്തിവയ്പ്പുകൾ നൽകാനോ, സലൈൻ ഡ്രിപ്പ് നൽകാനോ എനിക്കു കഴിയും. ഇത്ന കർ ലേതെ ഹേ [എനിക്ക് അത്രയും കൈകാര്യം ചെയ്യാൻ കഴിയും],“ അവർ പറഞ്ഞു.

ശമയ്ക്കും റഹ്‌മത്തുള്ള അബുവിനും മൂന്ന് മക്കളുണ്ട്. മൂത്ത മകൻ ഇപ്പോഴും 28-ാംവയസിലും അവിവാഹിതനാണെന്ന് അവർ അഭിമാനത്തോടെ പറഞ്ഞു. മകൾ ബിരുദം പൂർത്തിയാക്കി ബി.എഡ്. കോഴ്‌സിന് ചേരാമെന്ന പ്രതീക്ഷയിലാണ്. “ മാഷ അള്ളാ , അവൾ ഒരു അധ്യാപികയാകും,” ശമ പറഞ്ഞു. ഇളയ മകൻ കോളേജിലാണ്.

ഹസൻപൂരിലെ സ്ത്രീകളോട് കുടുംബത്തിലെ അംഗസംഖ്യ കുറയ്ക്കാൻ നിർദേശിക്കുമ്പോൾ അവർ ശമയെ വിശ്വസിക്കുന്നു. “ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റുചില പരാതികളുമായി അവർ ചിലപ്പോൾ എന്‍റെയടുത്തെത്തും. ജനന നിയന്ത്രണത്തെക്കുറിച്ച് ഞാനവരെ ഉപദേശിക്കുന്നു. ചെറിയ കുടുംബമാകുമ്പോൾ കൂടുതൽ സന്തുഷ്ടരാകും.”

ശമ തന്‍റെ വീടിന്‍റെ വായുസഞ്ചാരമുള്ള വരാന്തയിൽ ദിവസേന ക്ലാസുകൾ നടത്തുന്നു. ചുവരുകളിൽ നിന്ന് പെയിന്‍റ് അടർന്നുപോന്നെങ്കിലും അതിന്‍റെ തൂണുകളും കമാനങ്ങളും 5 മുതൽ 16 വയസ്സുവരെയുള്ള 40 വിദ്യാർത്ഥികൾക്ക് സൂര്യപ്രകാശമുള്ള സ്ഥലം പഠിക്കാനായി നൽകുന്നു. എംബ്രോയ്ഡറി അല്ലെങ്കിൽ തയ്യൽ, സംഗീതം എന്നിവയെല്ലാം ചേർന്ന പ്രായോഗിക പാഠങ്ങളുള്ള സ്ക്കൂൾ പാഠ്യപദ്ധതിയാണ് ശമ നടത്തുന്നത്. ഇവിടെ, കൗമാരക്കാരായ പെൺകുട്ടികളുടെ ചോദ്യങ്ങൾക്കായി ശമ കാതോർക്കുന്നു.

അവളുടെ മുൻ വിദ്യാർത്ഥികളിൽ 18 വയസ്സുള്ള ഗസാല ഖാതൂനും ഉൾപ്പെടുന്നു. "അമ്മയുടെ ഗർഭപാത്രമാണ് കുട്ടിയുടെ ആദ്യത്തെ മദ്രസ. എല്ലാ പഠനവും നല്ല ആരോഗ്യവും അവിടെ തുടങ്ങുന്നു,” ശമയിൽ നിന്ന് പഠിച്ച ഒരു വരി ആവർത്തിച്ചുകൊണ്ട് അവൾ പറഞ്ഞു. "പ്രതിമാസ ആർത്തവ സമയങ്ങളിൽ എന്തു ചെയ്യണം എന്നതുമുതൽ വിവാഹം കഴിക്കാനുള്ള ശരിയായ പ്രായം ഏതാണ് എന്നതുവരെയുള്ള കാര്യങ്ങളൊക്കെ ഞാൻ പഠിച്ചു. എന്‍റെ കുടുംബത്തിലെ എല്ലാ സ്ത്രീകളും ഇപ്പോൾ തുണിക്ക് പകരം സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നു,” അവൾ കൂട്ടിച്ചേർത്തു. "പോഷകാഹാരത്തിലും ഞാൻ ശ്രദ്ധാലുവാണ്. ഞാൻ ആരോഗ്യവതിയാണെങ്കിൽ ഭാവിയിൽ എനിക്ക് ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാകും.”

സലഹയിലും (കുടുംബത്തെക്കുറിച്ച് സംസാരിക്കാൻ അവർ താൽപ്പര്യപ്പെടുന്നില്ല) സമുദായത്തിന് വിശ്വാസമുണ്ട്. അവരിപ്പോൾ ഹസൻപൂർ മഹിളാമണ്ഡലത്തിലെ ഒൻപത് ചെറുകിട സമ്പാദ്യ സംഘങ്ങളുടെ നേതാവാണ്. ഓരോന്നിലും 12-18 സ്ത്രീകൾ അംഗങ്ങളായുണ്ട്.  ഓരോന്നും പ്രതിമാസം 500 -750 രൂപ സമ്പാദ്യമായി മാറ്റിവെക്കുന്നു. മാസത്തിൽ ഒരിക്കൽ സംഘങ്ങൾ യോഗം ചേരും. മിക്കപ്പോഴും നിരവധി യുവ അമ്മമാരുണ്ടാവും. ജനനനിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ചകൾ സലഹ പ്രോത്സാഹിപ്പിക്കും.

Several young mothers often attend local mahila mandal meetings where Salah encourages discussions on birth control
PHOTO • Kavitha Iyer

നിരവധി യുവ അമ്മമാർ പലപ്പോഴും പ്രാദേശിക മഹിളാമണ്ഡലം യോഗങ്ങളിൽ പങ്കെടുക്കുന്നു, അവിടെ ജനന നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ചകൾ സലഹ പ്രോത്സാഹിപ്പിക്കുന്നു

"ഞങ്ങളുടെ 300 വനിതാ സംഘങ്ങൾക്ക് കസ്തൂർബ മഹിളാമണ്ഡലങ്ങൾ എന്ന് പേരിട്ടു. ഇതുപോലുള്ള യാഥാസ്ഥിതിക സമൂഹങ്ങളിലെ [ഹസൻപൂർ] പോലും ഗ്രാമീണ സ്ത്രീകളുടെ ശാക്തീകരണം യാഥാർത്ഥ്യമാക്കുക എന്നതിനു വേണ്ടിയായിരുന്നു ഞങ്ങളുടെ ശ്രമം”, മധുബനി ആസ്ഥാനമായുള്ള ജി.പി.എസ്.വി.എസിന്‍റെ മുൻ ചെയർമാനും 1970-കളുടെ അവസാനത്തിൽ അതിന്‍റെ സ്ഥാപകാംഗങ്ങളിലൊരാളുമായിരുന്ന ജീതേന്ദ്ര കുമാർ പറഞ്ഞു. ശമ, സലഹ എന്നിവരെപ്പോലെയുള്ള സന്നദ്ധപ്രവർത്തകരുടെ എല്ലാ തരത്തിലുമുള്ള പ്രവർത്തനം സമുദായത്തിന് അവരിൽ വിശ്വസമുണ്ടാക്കാൻ സഹായകരമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "പൾസ് പോളിയോ തുള്ളികൾ ആൺകുട്ടികളെ വന്ധ്യരാക്കുമെന്ന അഭ്യൂഹങ്ങളും ഇവിടെ പ്രചരിച്ചിരുന്നു. എന്നാൽ മാറ്റത്തിന് സമയമെടുക്കും...”

എന്നിരിക്കിലും മുസ്ലിം ഭൂരിപക്ഷ പ്രദേശമായ തങ്ങളുടെ ഗ്രാമത്തിൽ ഗർഭനിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മത വിശ്വാസത്തിന്റെ വൈകാരിക ഇടങ്ങളുമായി ഇടപെടേണ്ടി വന്നിട്ടുണ്ടെന്ന് ശമയും സലഹയും വിശ്വസിക്കുന്നില്ല. പകരം, കാലക്രമേണ സമൂഹം തന്നെ കാര്യങ്ങൾ വ്യത്യസ്തമായി കാണാൻ തുടങ്ങിയിരിക്കുന്നുവെന്ന് അവർ പറയുന്നു.

"ഞാൻ നിങ്ങളോടൊരുദാഹരണം പറയാം,” ശമ പറഞ്ഞു. കഴിഞ്ഞ വർഷം, ബി.എ. ബിരുദമുള്ള എന്‍റെ ബന്ധു വീണ്ടും ഗർഭിണിയായി. എന്നാൽ നേരത്തെതന്നെ അവർക്ക് മൂന്ന് കുട്ടികളുണ്ട്. അവസാനത്തേതിനുവേണ്ടി അവൾക്കൊരു ശസ്ത്രക്രിയ നടത്തിയിരുന്നു. ശ്രദ്ധിക്കണമെന്ന് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കായി അവളുടെ വയർ തുറന്നു. തുടർന്ന് ഗുരുതരമായ സങ്കീർണതകൾ ഉണ്ടാവുകയും മറ്റൊരു ശസ്ത്രക്രിയയ്ക്കവൾ വിധേയയാവുകയും ചെയ്തു. ഇത്തവണ ഗർഭപാത്രമാണ് നീക്കംചെയ്തത്. മൊത്തത്തിലവർ 3-4 ലക്ഷം രൂപ ചെലവഴിച്ചു.” ഇതുപോലുള്ള സംഭവങ്ങൾ മറ്റ് സ്ത്രീകളെ സുരക്ഷിതമായ ഗർഭനിരോധന മാർഗ്ഗങ്ങൾ കണ്ടെത്തുന്നവരും സ്വീകരിക്കുന്നവരുമാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

എന്താണ് പാപം എന്ന് സാഹചര്യങ്ങൾക്കനുസരിച്ച് സൂക്ഷ്മമായി മനസ്സിലാക്കാൻ ആളുകൾ ഇപ്പോൾ തയ്യാറാണെന്ന് സലഹ പറയുന്നു. “നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ പരിപാലിക്കണം, അവന് നല്ല ആരോഗ്യം ഉറപ്പാക്കണം, അവന് നല്ല വസ്ത്രങ്ങൾ നൽകണം, അവനെ നന്നായി വളർത്തണം എന്ന് എന്‍റെ മതവും പറയുന്നു...", അവർ പറഞ്ഞു. ഏക് ദർജൻ യാ ആധാ ദർജൻ ഹംനേ പൈദ കർ ലിയേ [ഞങ്ങൾ ഒരു ഡസനോ അര ഡസനോ കുട്ടികളെ പ്രസവിച്ചിട്ടുണ്ടെങ്കിൽ] അവരെ വെറുതെ അലയാൻ വിടുന്നു - പ്രസവിച്ചശേഷം കുട്ടികളെ അവരുടെ കാര്യം നോക്കാൻ വിട്ടുകൊടുക്കാൻ ഞങ്ങളുടെ മതം കൽപ്പിക്കുന്നില്ല.

പഴയ ഭയങ്ങൾ ഇല്ലാതായിരിക്കുന്നു, സലഹ കൂട്ടിച്ചേർത്തു. "അമ്മായിയമ്മ ഇനി ഒരു വീടിന്‍റെയും അധിപതിയാകില്ല. മകൻ സമ്പാദിക്കുകയും പണം വീട്ടിലെ ഭാര്യയ്ക്ക് അയയ്ക്കുകയും ചെയ്യും. അവൾ വീട്ടിലെ മുഖ്യയാണ് (വീടിന്‍റെ നാഥ). കുട്ടികളുടെ ജനനങ്ങൾക്കിടയിൽ ഇടവേള സൂക്ഷിക്കുന്നതിനെക്കുറിച്ചും ഗർഭാശയത്തിനുള്ളിൽ ഉപകരണം ഉപയോഗിക്കുന്നതിനെക്കുറിച്ചും ഗുളികകളെക്കുറിച്ചും കുത്തിവയ്പ്പിനെക്കുറിച്ചുമൊക്കെ ഞങ്ങൾ അവരെ പഠിപ്പിക്കുന്നു. അവൾക്ക് രണ്ടോ മൂന്നോ കുട്ടികളുണ്ടായാൽ ശസ്ത്രക്രിയ [വന്ധ്യംകരണം] നടത്താൻ ഞങ്ങളവളെ ഉപദേശിക്കുന്നു.'

ഈ ശ്രമങ്ങളോട് ഹസൻപൂരിലെ ജനങ്ങൾ നന്നായി പ്രതികരിച്ചു. സലഹ പറയുന്നതനുസരിച്ച്: "ലൈൻ പെ ആ ഗയെ [ആളുകൾ വരുതിയിലായി].”

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: അനിറ്റ് ജോസഫ്

Kavitha Iyer

Kavitha Iyer has been a journalist for 20 years. She is the author of ‘Landscapes Of Loss: The Story Of An Indian Drought’ (HarperCollins, 2021).

Other stories by Kavitha Iyer
Illustrations : Labani Jangi

Labani Jangi is a 2020 PARI Fellow, and a self-taught painter based in West Bengal's Nadia district. She is working towards a PhD on labour migrations at the Centre for Studies in Social Sciences, Kolkata.

Other stories by Labani Jangi
Editor and Series Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph