തന്‍റെ അച്ഛന്‍റെ ചരമ വാർഷികത്തിന് തിരുമൂർത്തി അസാധാരണമായ ഒരു കാഴ്ചയാണ് വച്ചത്: പത്ത് തരത്തിലുള്ള സോപ്പ്, നിരവധി തരത്തിലുള്ള വെളിച്ചെണ്ണകൾ, പിന്നെ തന്‍റെ ഏറ്റവും പ്രധാനപ്പെട്ട മഞ്ഞൾ പൊടിയും. ഇതോടൊപ്പം കുറച്ച് ചെങ്കദളിപ്പഴം, പൂക്കൾ, തേങ്ങ, കർപ്പൂരം കത്തിച്ചത് എന്നിവയും സുന്ദരമൂർത്തിയുടെ മാല ചാർത്തിയ ചിത്രത്തിന് മുൻപിൽ വച്ചു.

"അപ്പായ്ക്ക് നൽകാവുന്ന മികച്ചൊരു ശ്രദ്ധാഞ്ജലി എന്തായിരിക്കും?" ഒരു ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്‍റെ അച്ഛൻ മഞ്ഞൾ കൃഷി ഉപേക്ഷിച്ചിരുന്നു. എല്ലാവരും എതിരായി ഉപദേശിച്ചെങ്കിലും തിരു അത് ഏറ്റെടുത്തു. "അവരെന്നോട് മുല്ല വളർത്താൻ പറഞ്ഞു, കാരണം അതിൽ നിന്ന് പ്രതിദിന വരുമാനം ലഭിക്കും. ഞാൻ മഞ്ഞൾ നട്ടപ്പോൾ അവർ കളിയാക്കി ചിരിച്ചു”, അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. അതെല്ലാം തെറ്റാണെന്ന് തിരു തെളിയിച്ചു. അദ്ദേഹത്തിന്‍റെ കഥ അപൂർവമായ ഒന്നാണ്: ഒരു മഞ്ഞൾകൃഷിയുടെ വിജയ കഥയാണത്.

43-കാരനായ തിരുമൂർത്തിക്കും അദ്ദേഹത്തിന്‍റെ മൂത്ത സഹോദരനും സംയുക്തമായി 12 ഏക്കർ സ്ഥലം കൈവശമുണ്ട്. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ബ്ലോക്കിലെ ഉപ്പുപള്ളം ഗ്രാമത്തിലാണ് അവരുടെ സ്ഥലം. മൂന്ന് വിളകളാണ് തിരുമൂർത്തി അവിടെ കൃഷി ചെയ്യുന്നത് – മഞ്ഞൾ, വാഴ, തെങ്ങ്. പക്ഷെ, അദ്ദേഹം അത് മൊത്തക്കച്ചവടം ചെയ്യുകയില്ല. വിലയുടെ മേൽ നിയന്ത്രണമില്ലാത്തപ്പോൾ അതിൽ വലിയ കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു. പ്രാദേശികമായും ദേശീയ, അന്തർദേശീയ തലങ്ങളിലും വലിയ വ്യാപാരികളും കോർപ്പറേറ്റുകളും ഭരണകൂടങ്ങളുമാണ് നിരക്ക് നിശ്ചയിക്കുന്നത്.

അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന മഞ്ഞൾ വിപണിയുടെ രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ പങ്കാളിയാണ് ഇന്ത്യ. രാജ്യത്തിന്‍റെ 2019-ലെ കയറ്റുമതി 190 ദശലക്ഷം ഡോളറിനടുത്തെത്തി. അതായത്, ആഗോള വ്യാപാരത്തിന്‍റെ 62.6 ശതമാനം. ഇവിടെ മനസ്സിലാക്കേണ്ട കാര്യമെന്തെന്നാൽ ഇന്ത്യ ഒരു ഇറക്കുമതി രാജ്യമാണെന്നതു കൂടിയാണ് – 11.3 ശതമാനത്തോടു കൂടി രണ്ടാമത്തെ ഏറ്റവും വലിയ ഇറക്കുമതി രാജ്യം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ ഇറക്കുമതിയിലെ ഈ കുതിച്ചുചാട്ടം ഇന്ത്യയിലെ മഞ്ഞള്‍ കൃഷിക്കാരുടെ താല്‍പര്യങ്ങളെ വ്രണപ്പെടുത്തുന്നു.

ആഭ്യന്തര വിപണികൾ (ഈറോഡിലെ മണ്ഡികൾ) നേരത്തെ തന്നെ അവരെ പിഴിയുകയാണ്. വൻവ്യാപാരികളും വൻതോതിൽ വാങ്ങുന്നവരുമാണ് മൂല്യം നിശ്ചയിക്കുന്നത്. ജൈവ ഉൽപന്നങ്ങൾക്ക് വില നിശ്ചയിക്കുമ്പോൾ മുൻഗണന നൽകാറില്ല. കൂടാതെ വർഷം തോറുമുള്ള വില അസ്ഥിരതയും. 2011-ൽ വിളയ്ക്ക് ക്വിന്‍റലിന് 17,000 രൂപയാണ് ലഭിച്ചത്. അടുത്ത വര്‍ഷം ഇത് ആ വിലയുടെ ഏതാണ്ട് നാലിലൊന്നായി കുറഞ്ഞു. 2021-ൽ ശരാശരി 7,000 രൂപയാണ് ക്വിന്‍റലിന് ലഭിച്ചത്.

തന്‍റെ കഴിവുകൊണ്ടും അക്ഷീണ പ്രയത്നം കൊണ്ടും സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിന്‍റെ സഹായത്തോടെയും തിരു ഇതിന് നേരിട്ടൊരു പരിഹാരം കണ്ടെത്തി: മൂല്യ വർദ്ധനവ് എന്നത്. വ്യാപകമായി അനുകരണീയമല്ലാത്തപ്പോൾ തന്നെ, അദ്ദേഹത്തിന്‍റെ പരിശ്രമങ്ങൾ തികച്ചും ഒരു നേട്ടം തന്നെയായിരുന്നു. "പാടത്ത് 10 രൂപ കിട്ടുന്ന തേങ്ങയ്ക്ക് ഞാൻ മൂന്നിരിട്ടി നേടി. എണ്ണ ഉൽപാദനത്തിനും സോപ്പ് നിർമ്മാണത്തിനും തേങ്ങ ഉപയോഗിച്ചു കൊണ്ടായിരുന്നു ഇത്. മഞ്ഞളിന്‍റെ കാര്യവും ഇങ്ങനെ തന്നെ”, അദ്ദേഹം വിശദീകരിച്ചു. "ഒന്നരയേക്കറിലാണ് ഞാനിത് വളർത്തുന്നത്. മണ്ഡിയിൽ 3,000 കിലോ ഞാൻ വിൽക്കുകയാണെങ്കിൽ ഓരോ കിലോ ജൈവ മഞ്ഞളിനും 50 രൂപ വീതം എനിക്ക് നഷ്ടപ്പെടും.”

Two types of turmeric grow in Thiru Murthy's fields at the foothills of the Sathyamangalam hills in Erode.
PHOTO • M. Palani Kumar
Thiru at home with his children and a relative’s son
PHOTO • M. Palani Kumar

ഇടത്: ഈറോഡിലെ സത്യമംഗലം മലനിരകളുടെ താഴെയുള്ള തിരു മൂർത്തിയുടെ പാടങ്ങളിൽ രണ്ടു തരത്തിലുള്ള മഞ്ഞളാണ് വളരുന്നത്. വലത് : തിരു തന്‍റെ മക്കൾക്കും ബന്ധുവിന്‍റെ മകനുമൊപ്പം വീട്ടിൽ

ജൈവരീതി തിരഞ്ഞെടുക്കുകയെന്നാൽ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നതിനേക്കാൾ ഉൽപാദന ചിലവ് വളരെ കൂടുതലാണെന്നർത്ഥം. എന്നിട്ടും തന്‍റെ സമീപവാസികളേക്കാൾ നന്നായി അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നു.

ഈറോഡിലെ സത്യമംഗലം മേഖലയുടെ താഴ്‌വരയിലുള്ള അദ്ദേഹത്തിന്‍റെ തോട്ടം ഗ്രാമീണ കൃഷി ഭൂമിക്ക് ഏറ്റവും മികച്ച ഉദാഹരണമാണ്: മഴമേഘങ്ങൾ ചൂടിയ ധൂമ്ര വർണ്ണത്തിലുള്ള മലകളുടെ നിര മരതക പാടങ്ങളുടെ പിന്നിൽ ഉയർന്നു നിൽക്കുന്നു. ഉയർന്നു നിൽക്കുന്ന മഞ്ഞൾ ചെടികളുടെ വിസ്തൃതമായ ഇലകൾ ശാന്തമായ മഴയും ഒക്ടോബറിലെ വെയിലും കൊള്ളുന്നു. പാടത്ത് നിരയായി നിൽക്കുന്ന തെങ്ങുകളിൽ അടയ്ക്കാപക്ഷികളുടെ (Tailor bird) കൂടുകൾ. അവ ഉച്ചത്തിൽ ചിലച്ചുകൊണ്ട് ഓലമടലുകൾക്കിടയിലൂടെ മത്സരിച്ച് പറക്കുന്നു. കർഷകനെന്ന നിലയിലുള്ള ബുദ്ധിമുട്ടുകളിൽ നിന്നും അദ്ദേഹത്തിന്‍റെ ശ്രദ്ധ അവ മനോഹരമായി തിരിക്കുന്നു. പിന്നീട് പിങ്ക് നിറമുള്ള ഭിത്തികളും ചാര നിറമുള്ള തറയുമുള്ള തന്‍റെ വീട്ടിലിരുന്ന് അദ്ദേഹം അവയോട് സാവധാനം ശ്രദ്ധാപൂർവം സംസാരിക്കുന്നു. അദ്ദേഹത്തിന്‍റെ മടിയിലിരിക്കുന്ന 4 വയസ്സുകാരി മകളുടെ വെള്ളി പാദസരങ്ങൾ ഛൽ ഛൽ ഛൽ എന്ന് താളാത്മകമായി ശബ്ദമുണ്ടാക്കുന്നു.

"ഉപഭോക്താക്കൾക്ക് അര കിലോ, ഒരു കിലോ പാക്കറ്റുകളായി സാധനങ്ങൾ വിൽക്കുകയാണെങ്കിൽ മാത്രമേ എനിക്ക് ലാഭം ഉണ്ടാക്കാൻ പറ്റൂ. സോപ്പുകൾ, എണ്ണ, പാൽ പാനീയങ്ങൾ എന്നിങ്ങനെ.” മറ്റു വാക്കുകളിൽ പറഞ്ഞാൽ ഉൽപാദിപ്പിക്കുന്ന എല്ലാത്തിന്‍റെയും മൂല്യം അദ്ദേഹം വർദ്ധിപ്പിക്കുന്നു. എല്ലാ മഞ്ഞൾ കർഷകരെയും പോലെ വളരെ ബുദ്ധിമുട്ടി അദ്ദേഹം തന്‍റെ വിളവ് പുഴുങ്ങുകയും ഉണക്കുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു. പക്ഷെ മറ്റുള്ളവർ അവ സംഭരിക്കുകയോ (മെച്ചപ്പെട്ട വിലയ്ക്കായി കാത്തുകൊണ്ട്) മണ്ഡിയിൽ വിൽക്കുകയോ ചെയ്യുമ്പോൾ തിരു അവ തന്‍റെ സംഭരണ ശാലകളിലേക്ക് മാറ്റുന്നു.

അടുത്തതായി അദ്ദേഹം മഞ്ഞളിന്‍റെ മാതൃ പ്രകന്ദവും (turmeric ‘bulb’ – നടുവിലെ വലിപ്പമുള്ള പ്രധാന ഭാഗം) ലഘു പ്രകന്ദങ്ങളും (turmeric ‘fingers’ - പ്രധാന ഭാഗത്തുനിന്നുള്ള ശാഖകള്‍ പോലെയുള്ളവ) പൊടിച്ച് ഓരോ കൂട്ടങ്ങളാക്കുന്നു. പിന്നീട് അവയ്ക്ക് കുറച്ചു കൂടി പുതുമ വരുത്തി (സൗന്ദര്യ വർദ്ധകോൽപന്നങ്ങളായും യവപാനീയങ്ങളായും പരിവർത്തനപ്പെടുത്തി) അദ്ദേഹം കിലോഗ്രാമിന് 150 രൂപ അധികമായി നേടുന്നു.

"പക്ഷെ പണമെല്ലാം ഞാൻ സൂക്ഷിക്കാറില്ല”, അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ സ്നേഹിക്കുന്ന ഭൂമിയിൽ അദ്ദേഹമത് വീണ്ടും ചിലവഴിക്കുന്നു. അദ്ദേഹത്തിന്‍റെ തോട്ടം കുടുംബത്തിന് സഹായകരമാവുക മാത്രമല്ല ചെയ്യുന്നത്, പ്രദേശത്ത് തൊഴിൽ സൃഷ്ടിക്കുക കൂടിയാണ്. "സീസൺ ഉന്നതിയിലെത്തി നിൽക്കുന്ന സമയത്ത് എന്‍റെ പാടത്ത് 5 പുരുഷന്മാർക്കും 3 സ്ത്രീകൾക്കും ദിവസേന പണിയുണ്ടാവും. യഥാക്രമം 400 മുതൽ 300 രൂപ വരെയാണ് ഓരോരുത്തർക്കും കൂലി. കൂടാതെ ചായയും ബോണ്ടയും നൽകും. ഇപ്പോൾ ഏക്കറിന് ചിലവാകുന്ന 40,000-ത്തിന്‍റെ സ്ഥാനത്ത് അതിന്‍റെ പത്തിലൊന്ന് മഞ്ഞളിന്‍റെ വാർഷിക വിളവെടുപ്പിന് ചിലവായിരുന്നത് ഞാനോർക്കുന്നു. ഞാൻ തൊഴിലാളികളോട് ചോദിക്കുമ്പോൾ അവർ പറയും പെട്രോൾ ലിറ്ററിന് 100 രൂപയാണ്, ഒരു ക്വാർട്ടർ (180 മില്ലി) മദ്യത്തിന് 140 രൂപയാണെന്ന്..." എന്നിട്ടദ്ദേഹം ചിരിക്കുകയും ചെയ്തു. ഇതൊന്നും,പക്ഷെ, മഞ്ഞളിന്‍റെ വില വർദ്ധിപ്പിക്കുമെന്ന് തോന്നുന്നില്ല.

*****

സ്ത്രീകളുടെ പണിപ്പാട്ടുകൾ ചോളധാന്യങ്ങളുടെ തൊലി കളയുന്നു
കർഷകരുടെ പറകൊട്ടുകൾ ചേനയ്ക്കും മഞ്ഞളിനും കാവലാകുന്നു
വിളവ് തിന്നുന്ന കാട്ടുപന്നികളെ ഓടിക്കാൻ
ഈ ശബ്ദങ്ങളെല്ലാം പർവ്വതങ്ങളിൽ പ്രതിധ്വനിക്കുന്നു

സംഘകാലഘട്ടത്തിലെ മലൈപടു കടാം എന്ന കാവ്യത്തിൽ നിന്നും

Trays with the lots of turmeric fingers and bulbs displayed at an auction in the regulated market in Perundurai, near Erode
PHOTO • M. Palani Kumar
Trays with the lots of turmeric fingers and bulbs displayed at an auction in the regulated market in Perundurai, near Erode
PHOTO • M. Palani Kumar

ഈറോഡിനടുത്തുള്ള പെരുന്തുറൈയിലെ നിയന്ത്രിത വിപണിയിൽ ലേലത്തിനായി പാത്രങ്ങളിൽ വച്ചിരിക്കുന്ന മഞ്ഞളിന്‍റെ മാതൃ പ്രകന്ദങ്ങളും ലഘു പ്രകന്ദങ്ങളും

തമിഴ്‌നാടിനും മഞ്ഞളിനും ഇടയിൽ 2,000 വർഷം പിന്നിലേക്ക് നീളുന്ന ഒരു ബന്ധമുണ്ടന്ന് എഴുത്തുകാരനായ ചെന്തിൽ നാഥൻ ചൂണ്ടിക്കാണിക്കുന്നു. ഓൾഡ്തമിൾപോയട്രി.കോം (OldTamilPoetry.com) എന്ന തന്‍റെ ബ്ലോഗിൽ അദ്ദേഹം ആ വരികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മലൈപടു കടാം "സംഘം സംഹിതയിലെ 10 നീണ്ട കാവ്യങ്ങളിൽ ഒന്നാണ്” എന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യൻ അടുക്കളയിലെ പ്രധാന വസ്തുവായ മഞ്ഞളിന് (Curcuma longa) ഇഞ്ചിയുമായി അടുത്ത ബന്ധമുണ്ട്. മാതൃ പ്രകന്ദവും അതോടു കൂടെയുള്ള ലഘു പ്രകന്ദങ്ങളും ചേർന്ന ഈ ഭൂകാണ്ഡത്തെ (rhizome) വാണിജ്യപരമായി ഉപയോഗിക്കുന്നു. വിളവെടുക്കുമ്പോൾ നടുഭാഗവും ശാഖകളും തമ്മിൽ വേർതിരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു. വിൽക്കുന്നതിന് മുമ്പ് അവ പുഴുങ്ങുകയും ഉണക്കുകയും വൃത്തിയാക്കുകയും മിനുസപ്പെടുത്തി എടുക്കുകയും ചെയ്യുന്നു. ലേലത്തിന്‍റെ സമയത്ത് ലഘു പ്രകന്ദങ്ങൾക്ക് കുറച്ച് കൂടുതൽ വില ലഭിക്കും.

‘ഇൻഡ്യൻ ഫുഡ്: എ ഹിസ്റ്റോറിക്കൽ കമ്പാനിയൻ’ എന്ന തന്‍റെ പുസ്തകത്തിൽ കെ. റ്റി. അചായ പറയുന്നത് മഞ്ഞൾ മിക്കവാറുംതന്നെ രാജ്യത്തു തന്നെ ഉണ്ടായിട്ടുള്ളതാകാനാണ് സാദ്ധ്യത എന്നാണ്. "ശ്രദ്ധേയമായ നിറവും നിറം കൊടുക്കാനുള്ള ശേഷിയും ’ഹരിദ്ര’യ്ക്ക് [ഇതിന്‍റെ സംസ്കൃത നാമം] രാജ്യത്തെ മന്ത്രവാദങ്ങളിലും ചടങ്ങുകളിലും വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം നൽകുന്നു”, അദ്ദേഹം പറഞ്ഞു. ഒരു ദൈനംദിന സുഗന്ധവ്യഞ്ജനമായ മഞ്ഞൾ ഇന്ത്യയിലെമ്പാടും ഭക്ഷണങ്ങളിലും വിവിധ സംസ്കാരങ്ങളുടെ ഭാഗമായും ഉപയോഗിക്കുന്നു. ഒരുനുള്ള് മഞ്ഞൾ പൊടി ഭക്ഷണത്തിന് നിറവും സ്വാദും നൽകുകയും മൃദുവായി വാസന വർദ്ധിപ്പിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മഞ്ഞളിൽ നിന്നും തിളങ്ങുന്ന മഞ്ഞ നിറമുള്ള കുർകുമിൻ (curcumin) അതിന് ഔഷധഗുണങ്ങൾ, പ്രധാനമായും ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ , ഉണ്ടെന്ന കാരണത്താൽ വേർതിരിച്ചെടുക്കുന്നു.

ശാസ്ത്രജ്ഞൻമാർ കണക്കു കൂട്ടുന്നതിനും വർഷങ്ങൾക്കു മുൻപ് ഇതെങ്ങനെയാണ് പ്രവർത്തിച്ചിരുന്നതെന്ന് മുത്തശ്ശിമാർ കണക്കു കൂട്ടിയിരുന്നു. കുടുംബത്തിൽ ആർക്കെങ്കിലും മൂക്കൊലിപ്പ് ഉണ്ടായാൽ അവർ പാലിനോടൊപ്പം മഞ്ഞളും കുരുമുളകും (അത് കുർക്കുമിന്‍റെ ജൈവലഭ്യതയെ (bioavailability) വർദ്ധിപ്പിക്കും) ചൂടാക്കി നൽകിയിരുന്നു. ‘ഗോൾഡൻ ടർമറിക് ലാറ്റെ’ എന്ന ഒരു ഭക്ഷണ ചേരുവ സ്റ്റാർബക്സിനുണ്ട്. എന്‍റെ മുത്തശ്ശി അത് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. ഓട്സ് പാൽ, അത് തിളപ്പിക്കുന്നതിനുള്ള പാത്രം, വാനില എന്നിവയാണ് ഇതിന് വേണ്ടത്.

മഞ്ഞൾ ശുഭസൂചകമായിട്ടാണ് കരുതുന്നത്. തെക്കുള്ള വിവാഹിതരായ സ്ത്രീകൾ മഞ്ഞൾ കൊണ്ട് നിറം വരുത്തിയ ഒരു ചരട് കഴുത്തിൽ ധരിക്കുന്നു. മഞ്ഞൾ നീരാട്ട് വിഴ (മഞ്ഞൾ സ്നാന ചടങ്ങ്) എന്നത് ഒരു പെൺകുട്ടിയുടെ ആദ്യത്തെ മാസമുറ ആഘോഷിക്കുന്ന ആർത്തവ ചടങ്ങാണ്. ആന്‍റിസെപ്റ്റിക്കായി ഉപയോഗിക്കുന്ന, വളരെയധികം പ്രചാരത്തിലുള്ളതും തുറന്ന വ്രണങ്ങളിലും ത്വക്കിലെ മുറിവുകളിലും പുരട്ടുന്നതുമായ ഒരു വസ്തുവാണ് മഞ്ഞൾ. അതേ കാരണങ്ങൾ കൊണ്ടാണ് വളർത്തു മൃഗങ്ങളുടെ പരിചരണങ്ങൾക്കായുള്ള ബ്രാൻഡുകൾ ( പെറ്റ് കെയര്‍ ബ്രാന്‍ഡുകൾ ) അവയുടെ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനായി ഇവ ഉപയോഗിക്കുന്നത്.

യു.എസ്. ഗവേഷകർ മഞ്ഞളിനുള്ള പേറ്റന്‍റുകൾ നേടിയപ്പോൾ ഇന്ത്യയിലെ ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി (Council of Scientific and Industrial Research - CSIR) 15,000 ഡോളറിന് 1997-ൽ ഒരു വക്കീലിനെ ഏർപ്പാടാക്കുകയും, നൂറ്റാണ്ടുകളായി മഞ്ഞൾ മുറിവുണക്കുന്നതിനായി രാജ്യത്ത് ഉപയോഗിച്ചുകൊണ്ടിരുന്നതിനാൽ "പേറ്റന്‍റ് നേടുന്നതിനുവേണ്ട ‘പുതുമ വരുത്തല്‍’ മാനദണ്ഡം ഇല്ലാതെ പോവുകയും ചെയ്തു” എന്ന് വാദിക്കുയും ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സ് പേറ്റന്‍റ്  ആൻഡ് ട്രേഡ്മാർക്ക് ഓഫീസിനെക്കൊണ്ട് മഞ്ഞളിന് മേലുള്ള "വിവാദമായ പേറ്റന്‍റ്” സി.എസ്.ഐ.ആർ.

ശിവാജി ഗണേശൻ ഇത് അംഗീകരിക്കുമായിരുന്നു. 1959-ൽ വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന സിനിമയിൽ അതേ പേരിലുള്ള കൊളോണിയൽ വിരുദ്ധ നായകനായി ഈ പ്രമുഖ നടൻ അഭിനയിച്ചിരുന്നു. ഏറ്റവും മികച്ച സിനിമയ്ക്കും നടനുമുള്ള അന്താരാഷ്ട്ര അവാർഡ് നേടുന്ന ആദ്യത്തെ തമിഴ് സിനിമയാണിത്. മഞ്ഞളിന് നികുതിയടയ്ക്കണമെന്നുള്ള ബ്രിട്ടീഷ് ഉത്തരവ് തള്ളിക്കളഞ്ഞു കൊണ്ട് കട്ടബൊമ്മൻ പറഞ്ഞ നിശിതമായ വാചകം ഇതായിരുന്നു: "എന്തിന്? ഞങ്ങളുടെ സ്ത്രീകൾക്കു വേണ്ടി മഞ്ഞൾ അരച്ച് കൊടുത്ത് നിങ്ങൾ അവരെ സേവിച്ചിട്ടുണ്ടോ?"

*****

ഞാൻ എന്‍റെ അച്ഛന്‍റെ കഠിനാദ്ധ്വാനം കൊയ്തെടുക്കുന്നു
ഈറോഡിലെ മഞ്ഞൾ കർഷകനായ തിരു മൂർത്തി

Thiru inspecting the turmeric plants in his farm, in Uppupallam hamlet of Erode's Bhavanisagar block
PHOTO • M. Palani Kumar

ഈറോഡിലെ ഭവാനിസാഗർ ബ്ലോക്കിലെ ഉപ്പുപള്ളം എന്ന ഗ്രാമത്തിലെ തന്‍റെ പാടത്തെ മഞ്ഞൾ ചെടികൾ തിരു പരിശോധിക്കുന്നു

18 വയസ്സുള്ളപ്പോൾ മുതൽ താൻ ഉപജീവനത്തിനായും അല്ലാതെയും കൃഷി ചെയ്യുന്നുവെന്ന് 2021 ഒക്ടോബറിൽ രണ്ടാംതവണ സത്യമംഗലം സന്ദർശിച്ചപ്പോൾ അദ്ദേഹം പാരിയോട് പറഞ്ഞു. അതേ വർഷം മാർച്ചിൽ മഞ്ഞളിന്‍റെ വിളവെടുപ്പ് സമയത്തായിരുന്നു ഞങ്ങളുടെ ആദ്യ സന്ദർശനം. തന്‍റെ വെള്ള മുണ്ടിന്‍റെ ഒരറ്റം കൈയിൽ പിടിച്ച്, ചാഞ്ഞ് കിടക്കുന്ന മഞ്ഞൾ ചെടികൾക്കിടയിലൂടെ നടന്നുകൊണ്ട് അദ്ദേഹം തന്‍റെ യാത്രയെക്കുറിച്ച് പറയുകയായിരുന്നു.

"അപ്പ 70’കളിൽ ഉപ്പുപള്ളത്ത് എത്തി (ഇത് അമ്മയുടെ നാടാണ്) ഏക്കറിന് പതിനായിരമോ ഇരുപതിനായിരമോ മുടക്കി കുറച്ച്  സ്ഥലം വാങ്ങി. അതേ സ്ഥലത്തിന് ഇന്ന് 40 ലക്ഷം രൂപയാണ്. ഇനി നിങ്ങൾക്ക് 10 ഏക്കർ വാങ്ങാൻ കഴിയില്ല!” പത്താം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ച തിരു 2009-ൽ ഒരു മുഴുവൻ സമയ ജൈവ കർഷകനായി തീർന്നു. ആ സമയത്ത് അദ്ദേഹത്തിന് 31 വയസ്സായിരുന്നു.

എന്നിരിക്കിലും അദ്ദേഹം ആദ്യമായി തിരഞ്ഞെടുത്തത് ഇതായിരുന്നില്ല. പല ജോലികളും ചെയ്യാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ആദ്യം അദ്ദേഹം വീട്ടിൽ ഒരു പല വ്യഞ്ജന കട നടത്തി... ആദ്യം അദ്ദേഹം വിറ്റത് ഇലന്ത വട (മധുരവും പുളിയുമുള്ള ഇലന്തപഴം കൊണ്ടുള്ള വട), ചെറുകടികൾ, അരി, സിഗരറ്റ്, ബീഡി എന്നിവയും ദീപാവലി സമയത്ത് പടക്കങ്ങളുമായിരുന്നു. ബിസിനസിനോടുള്ള താൽപര്യം അദ്ദേഹത്തെക്കൊണ്ട് പല കാര്യങ്ങളും ചെയ്യിച്ചു - കേബിൾ ടി.വി. സേവന ദാതാവായി പ്രവർത്തിച്ചു, പാൽ വിറ്റു, പിന്നീട് ബെംഗളൂരുവിലുള്ള മൂത്ത സഹോദരിയുടെ അടുത്തേക്ക് പോയി. അവിടെയദ്ദേഹം ഒരു ഇരുചക്ര വാഹന സേവന കേന്ദ്രം തുടങ്ങി. പിന്നീട് ചെറിയൊരു ഫിനാൻസ് കമ്പനി തുടങ്ങി വായ്പകൾ കൊടുക്കാൻ തുടങ്ങി. ഏറ്റവും അവസാനം അദ്ദേഹം കാറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തു. "14 വർഷങ്ങൾ കൊണ്ട് 6 ജോലികൾ ചെയ്തു. അതൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു. കഷ്ടപ്പാട് സഹിച്ച ഞാൻ തൊട്ടതൊക്കെ പൊള്ളി.”

ബെംഗളുവിലെ തന്‍റെ ദിനങ്ങളെ അദ്ദേഹം ഒരു പട്ടിയുടെ കഷ്ടപ്പാടുകളോട് ഉപമിക്കുകയും ആ ദിനങ്ങളെ . ശ്വാന ദിനങ്ങൾ എന്നു വിളിക്കുകയും ചെയ്തു. വളരെ കുറച്ച് പണംമാത്രം ഉണ്ടാക്കിയ അദ്ദേഹം ഒരു സുഹൃത്തിനൊപ്പം 6 x 100 അടി വലിപ്പമുള്ള ഒരു മുറി പങ്കിട്ടു. ആ ഇടുങ്ങിയ ഇടത്തിന് അദ്ദേഹം ചിലവാക്കിയത് 2,500 രൂപയാണ്.

"2009 മാർച്ചിൽ സത്യമംഗലത്തേക്ക് ഞാൻ തിരിച്ചു വന്നപ്പോൾ കൃഷിയെനിക്ക് ഭ്രാന്തായി മാറി.” കരിമ്പു കൃഷി തുടർന്ന അദ്ദേഹം (പിതാവ് കരിമ്പ് കൃഷി ചെയ്തിരുന്നു) കുറച്ച് സ്ഥലത്ത് കപ്പയും ഉള്ളിയും കൃഷി ചെയ്യാൻ തുടങ്ങി.

“ഞാൻ അബദ്ധങ്ങൾ കാണിക്കുകയും അതിൽ നിന്നും പഠിക്കുകയും ചെയ്തു. 2010-ൽ ഉള്ളി വിത്തിന് കിലോയ്ക്ക് 80 രൂപ ആയിരുന്നു. വിളവെടുപ്പിന്‍റെ സമയത്ത് അത് 11 രൂപയായി കുറഞ്ഞു. മരണ അടിയായിപ്പോയി”, അദ്ദേഹം നെടുവീർപ്പെട്ടു. നഷ്ടം നികത്താനായി അദ്ദേഹത്തിന് മറ്റ് വിളകൾ ഉണ്ടായിരുന്നു. 2014-ൽ അദ്ദേഹം മഞ്ഞൾ നട്ടു (അച്ഛൻ മരിച്ച് രണ്ട് വർഷങ്ങൾക്കും, കുടുംബം മഞ്ഞൾ കൃഷി നിർത്തിയതിന് 9 വർഷങ്ങൾക്കും ശേഷം).

*****

മഞ്ഞളുപയോഗിച്ച് ആരോ പണമുണ്ടാക്കുന്നു. അതെല്ലായ്പ്പോഴും കർഷകരല്ല.
ഈറോഡിലെ മഞ്ഞൾ കർഷകർ

In his banana field, Thiru has planted the red variety this time.
PHOTO • M. Palani Kumar
The wooden chekku in which coconut oil is cold-pressed to make fragrant hair oils
PHOTO • M. Palani Kumar

ഇടത്: തിരു ഇത്തവണ തന്‍റെ വാഴത്തോട്ടത്തിൽ ചുവന്ന ഇനമാണ് കൃഷി ചെയ്തത്. വലത് : തലയിൽ തേക്കാനുള്ള സുഗന്ധ എണ്ണ നിർമ്മിക്കാനായി വെളിച്ചെണ്ണയെ ശീതീകരണ പ്രക്രിയയ്ക്ക് വിധേയമാക്കുന്ന തടികൊണ്ടുണ്ടാക്കിയ ചക്ക്

86,000 ടണ്ണിലധികം ഉൽപാദനം നടത്തിക്കൊണ്ട് തമിഴ്‌നാട്ടിൽ 51,000 ഏക്കർ സ്ഥലത്താണ് മഞ്ഞൾ കൃഷി ചെയ്യുന്നത്. ഇത് തമിഴ്‌നാടിന് രാജ്യത്ത് നാലാം സ്ഥാനം നൽകുന്നു. സംസ്ഥാനത്തിനകത്ത് ഈറോഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ മഞ്ഞൾ ഉൽപാദിപ്പിക്കുന്നത് - 12,570 ഏക്കർ സ്ഥലത്ത്.

തിരുവിന്‍റെ ഒന്നരയേക്കർ ആ സാഗരത്തിലെ ഒരു തുള്ളി മാത്രമാണ്. 2014 ജൂണിൽ അരയേക്കർ സ്ഥലത്ത് മഞ്ഞൾ കൃഷി ചെയ്താണ് അദ്ദേഹം തുടങ്ങിയത്. ബാക്കിയുള്ള കൃഷിസ്ഥലത്ത് അദ്ദേഹം തെങ്ങും വാഴയും കൃഷി ചെയ്തു. വളരെ പെട്ടെന്നു തന്നെ വിളവ് (ഒരു ടൺ മഞ്ഞൾ) വിൽക്കാൻ സാധിച്ചത് അദ്ദേഹത്തിന് പ്രചോദനമായി. ഏകദേശം മൂന്നിലൊന്ന് (300 കിലോ മഞ്ഞൾ) അദ്ദേഹം പൊടിക്കുകയും ഫേസ്ബുക്ക് സമ്പർക്കത്തിലൂടെ 10 ദിവസത്തിനകം അവ ചില്ലറ വിൽപന നടത്തുകയും ചെയ്തു. തന്‍റെ ശ്രമത്തെ അദ്ദേഹം വിളിച്ചത് യേർ മുനൈ എന്നാണ്. ഇതിന്‍റെ അർത്ഥം കലപ്പത്തണ്ട് എന്നാണ്, "എന്തുകൊണ്ടെന്നാൽ തുല്യതയില്ലാത്ത ഒരു ഉപകരണമാണത്. ലോഗോ ഒരു ക്ലാസ്സിക് ചിത്രമായിരുന്നു - ഒരു മനുഷ്യനും ഒരു കലപ്പയും രണ്ട് കാളകളും. അതൊരു വിജയമായിരുന്നു.

ഇതില്‍ പ്രചോദിതനായി അദ്ദേഹം അടുത്തവര്‍ഷം രണ്ടേക്കര്‍ ഭൂമിയില്‍ മഞ്ഞള്‍ കൃഷി ചെയ്ത് മികച്ച വിളവായ 5,000 കിലോയുടെ നേട്ടമുണ്ടാക്കി. കൂടാതെ മാസങ്ങളോളം വിളവിന്‍റെ അഞ്ചില്‍ നാല് ഭാഗങ്ങളുമായി ഒന്നിനുമാവാതെ പെട്ടുപോവുകയും ചെയ്തു. അദ്ദേഹം പരിശ്രമിച്ചെങ്കിലും ഉല്‍പന്നങ്ങള്‍ ജൈവം എന്ന് സാക്ഷ്യപ്പെടുത്തി (വളരെ പണചിലവുള്ളതും മടുപ്പിക്കുന്നതുമായ ഒരു ശിക്ഷ പ്രക്രിയയാണിത്) ലഭിച്ചില്ല. അവസാനം അദ്ദേഹം ഈറോഡിലുള്ള ഒരു മസാല കമ്പനിക്ക് തന്‍റെ ഉല്‍പന്നങ്ങള്‍ വിറ്റു. അവര്‍ അദ്ദേഹത്തിന് കണക്കുകള്‍ രേഖപ്പെടുത്തിയ ഒരു തുണ്ട് ചീട്ട് മാത്രമാണ് നല്‍കിയത്: ക്വിന്‍റലിന് 8,100 രൂപ. ഒരാഴ്ചയ്ക്ക് ശേഷം (15 ദിവസങ്ങള്‍ക്കുശേഷം സാധുവാകുന്ന) സംസ്ഥാനത്തിന് പുറത്തുള്ള, ഒരു ചെക്ക് അദ്ദേഹത്തിന് നല്‍കി.

തിരുവിന് ചെക്കിന്‍റെ തുക മാറിക്കിട്ടാന്‍ ആഴ്ചകളോളമെടുത്തു - അത് നോട്ട് നിരോധനത്തിന്‍റെ വര്‍ഷമായിരുന്നു. “2017 മുതല്‍ ഞാന്‍ വളരെ ശ്രദ്ധാലുവാണ്, ഒന്നോ ഒന്നരയോ ഏക്കര്‍ സ്ഥലത്ത് മാത്രമെ ഞാന്‍ മഞ്ഞള്‍ കൃഷി ചെയ്യൂ. അടുത്ത വര്‍ഷവും ഭൂമിക്ക് ‘വിശ്രമം’ കിട്ടാനായി ഞാനിത് തരിശിടുന്നു.”

ജനുവരിയിൽ അദ്ദേഹം തടമെടുക്കാനും വിളവെടുക്കാനും (ചോളം രണ്ട് ഘട്ടങ്ങളായി) തുടങ്ങുന്നു – ഓരോന്നിനും 45 ദിവസങ്ങൾ വീതം. നൈട്രജനും പോഷക ഘടകങ്ങളും ഉറപ്പിക്കുന്നതിനായി അത് വീണ്ടും ഉഴുത് മണ്ണോട് ചേർക്കുന്നു. അതിന് 15,000 രൂപ ചിലവാകുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്തതായി അദ്ദേഹം തുള്ളിനന (drip irrigation) നടത്തുകയും മഞ്ഞളിനുള്ള തടമെടുക്കുകയും ചെയ്യുന്നു. അതിന് വീണ്ടുമൊരു 15,000 രൂപ ചിലവാകുന്നു. മഞ്ഞൾ വിത്തിന് (ഒരേക്കറിന് 800 രൂപ) കിലോയ്ക്ക് 40 രൂപ വീതം 24,000 രൂപയാകുന്നു. ഏക്കറിന് 5,000 രൂപയാണ് പണിച്ചിലവ്. ഒരു മാസത്തിനു ശേഷം മുള പൊട്ടുമ്പോൾ അദ്ദേഹം രണ്ട് ടൺ ആട്ടിൻ ചാണകം ഇടുന്നു (ഇതാണ് പശുവിൻ ചാണകത്തേക്കാൾ നല്ലത് എന്നദ്ദേഹം പറയുന്നു). ഇതിനദ്ദേഹം ചിലവാക്കുന്നത് 14,000 രൂപയാണ്.

പിന്നീട് 6 തവണ കള പറിക്കണം. അതിനായി ഓരോ തവണയും ചിലവാകുന്നത് 10,000 രൂപയാണ് (ഒരു ദിവസം ഒരാൾക്ക് 300 രൂപ വീതം ഏക്കറിന് 30-35 സ്ത്രീകൾക്ക്). മാർച്ചിൽ വിളവെടുപ്പിന് 40,000 രൂപ ചിലവാകുന്നു. "അതൊരു സ്ഥിരമായ കരാറാണ്. സാധാരണയായി ഏകദേശം 20 മുതൽ 50 വരെയുള്ള സ്ത്രീകളുടെ സംഘമാണ് വരുന്നത്. അവർ ഒരു ദിവസംകൊണ്ട് ജോലി തീർക്കുന്നു. വിളവെടുപ്പ് മികച്ചതാണെങ്കിൽ അവർ 5,000 കൂടുതൽ ചോദിക്കും.”

Fresh turmeric fingers, which are processed by Thiru Murthy to make beauty products and malted drinks.
PHOTO • Aparna Karthikeyan
The purpose-built pit for boiling the turmeric
PHOTO • Aparna Karthikeyan

ഇടത്: സൗന്ദര്യവർദ്ധക വസ്തുക്കളും യവ പാനീയങ്ങളും നിർമ്മിക്കുന്നതിനായി തിരുമൂർത്തി സംസ്കരിച്ചെടുത്ത പുതു മഞ്ഞൾ വിത്തുകൾ . വലത്: മഞ്ഞൾ പുഴുങ്ങുന്നതിനുള്ള കുഴി

അവസാനമായി, പുതുമഞ്ഞൾ പുഴുങ്ങുകയും ഉണങ്ങുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു. ഈ റിപ്പോർട്ടർക്ക് ഇത് ഒറ്റവരിയിൽ ഒതുക്കാം. പക്ഷെ തോട്ടത്തെ സംബന്ധിച്ചിടത്തോളം ഇത് നിരവധി ദിവസത്തെ, കഠിനമായ, വൈദഗ്ദ്ധ്യം ആവശ്യമുള്ള ജോലിയാണ്. 65,000 രൂപ ഉൽപാദന ചിലവ് ആവുകയും ചെയ്യും. ചിലവിന്‍റെ കോളം വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ മഞ്ഞളിന്‍റെ ഭാരം പകുതിയോളമായി കുറയുന്നു.

പത്ത് മാസങ്ങൾ കൊണ്ട് 238,000 രൂപ ചിലവഴിച്ച ശേഷം അദ്ദേഹത്തിന് വിൽക്കാൻ ലഭിക്കുന്നത് (ഒരേക്കറിൽ നിന്നും) 2,000 കിലോ ഉണക്ക മഞ്ഞൾ ആണ്. ഒരു കിലോയ്ക്ക് 119 രൂപയാണ് ഉൽപാദന ചിലവ്. (ജൈവകൃഷിയിൽ തന്നെ ഏർപ്പെട്ടിരിക്കുന്ന കൊടുമുടിയിലെ കെ. എൻ. ചെല്ലമുത്തുവിനെപ്പോലുള്ള മറ്റു കർഷകർ പറയുന്നത് അവരുടെ ചെലവ് കിലോയ്ക്ക് ഏകദേശം 80 രൂപയാണെന്നാണ്. കൂടുതൽ വിളവ് ലഭിക്കുന്ന ഇനങ്ങളാണ് നടുന്നത്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വൈദഗ്ദ്ധ്യo വേണ്ടി വരുന്ന രീതി ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.)

തിരു തന്‍റെ മഞ്ഞൾ പൊടിക്ക് വിലയിടുന്നത് തന്ത്രപരമായാണ്. ഒരു കിലോ പൊടിക്കുന്നതിന് അദ്ദേഹം ചിലവാക്കുന്നത് 40 രൂപയാണ്. പാക്കേജിംഗിനും കൊറിയർ ചിലവിനുമായി മറ്റൊരു 40 കൂടി ചിലവാക്കുന്നു.

കൂടുതൽ മഞ്ഞൾ (അതായത് 20 കിലോ) എടുക്കുന്ന കടകൾക്ക് അവ ലഭിക്കുന്നത് കിലോയ്ക്ക് 300 രൂപയ്ക്കാണ്. പാടത്ത് ഇതിന് 400 രൂപയാണ്. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി അയയ്ക്കുമ്പോൾ അതിന് 500 ആകുന്നു. മറ്റ് ബ്രാൻഡുകൾ തങ്ങളുടെ ജൈവ മഞ്ഞൾ കിലോയ്ക്ക് 375 മുതൽ 1,000 രൂപയ്ക്കുവരെ വിൽക്കുന്നു. ഈറോഡ്‌ മണ്ഡിയിൽ വ്യാപാരികൾ കിലോയ്ക്ക് 70 രൂപയ്ക്കാണ് ഉണക്ക മഞ്ഞൾ എടുക്കുന്നത് – അതായത് പൊടിക്കുമ്പോൾ 950 ഗ്രാം. മൂന്നിരട്ടി വിലയ്ക്ക് വിൽക്കുകയും ചെയ്യുന്നു.

*****

" അരിവാളോ തോക്കോ കുറുവടി യോ ഇല്ലാതെ കോർപ്പറേറ്റുകൾ കർഷകരെ മർദ്ദിക്കുന്നു
പി. കെ. ദൈവശിഖാമണി, ടർമറിക് ഫാർമേഴ്സ് അസോസിയഷൻ ഓഫ് ഇൻഡ്യയുടെ പ്രസിഡന്‍റ്

"ഞാൻ ശ്രമിച്ചു, ഞാൻ പൊരുതി, പക്ഷെ മഞ്ഞളിന് ന്യായമായ വില ഉറപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല”, റ്റി.എഫ്.എ.ഐ.യുടെ പ്രസിഡന്‍റായ ദൈവശിഖാമണി പറഞ്ഞു. മഴയുള്ള ഒരു ഒക്ടോബർ വൈകുന്നേരം ഈറോഡിനടുത്തുള്ള അദ്ദേഹത്തിന്‍റെ വീടിനടുത്തുവച്ച് പാരി അദ്ദേഹത്തെ കണ്ടു. "സർക്കാർ കോർപ്പറേറ്റുകൾക്കടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു, കോർപ്പറേറ്റുകൾ സർക്കാരിനെ നിയമിക്കുന്നു. അതു മാറുന്നിടം വരെ കർഷകർക്ക് (ചെറുകിട, മഞ്ഞൾ കർഷകർക്ക് മാത്രമല്ല) ഒരു ഭാവിയുമില്ല... അമേരിക്കയിലും ഇതു തന്നെയാണവസ്ഥ. കൃഷി ലാഭകരമല്ല. അവരവിടെയത് ഇംഗ്ലീഷിൽ പറയും, ഞങ്ങളിവിടെയത് തമിഴിലും”, അദ്ദേഹം പറഞ്ഞു.

Inside the storage yard of the Perundurai regulated market.
PHOTO • M. Palani Kumar
Buyers at the auction inspect the turmeric lots
PHOTO • M. Palani Kumar

ഇടത്: പെരുന്തുറൈ നിയന്ത്രി ത വിപണിയുടെ സംഭരണ യാർഡിന് ഉൾവശം . വലത് : ലേലത്തിൽ വാങ്ങാൻ എത്തിയവർ മഞ്ഞൾ പരിശോധിക്കുന്നു

"കോർപ്പറേറ്റുകൾ ഫ്യൂഡൽ സമ്പ്രദായത്തെ മാറ്റി. പുതിയ ഭീമൻ ഭൂവുടമകൾ അവരാണ്. അവരുടെ എണ്ണവും വലിപ്പവും അനുസരിച്ച് നൂറുകണക്കിന് ടൺ അവർക്ക് കൈകാര്യം ചെയ്യാൻ കഴിയും. ഏതാനും ടൺ മാത്രമുള്ള ഒരു സാധാരണ കർഷകൻ വിലയുടെ കാര്യത്തിൽ എങ്ങനെ അവരോട് മത്സരിക്കും?"

ഈറോഡിനടുത്തുള്ള പെരുന്തുറൈ നിയന്ത്രിത വിപണി സമുച്ചയത്തിൽ നടക്കുന്ന പ്രതിദിന ലേലമാണ് മഞ്ഞൾ കർഷകരുടെ വിധി നിർണ്ണയിക്കുന്നത്. മഞ്ഞൾ മാത്രം കൈകാര്യം ചെയ്യുന്ന ഇതിന് നിരവധി സംഭരണ യാർഡുകളും (പതിനായിരക്കണക്കിന് ചാക്ക് സാധനങ്ങൾ അവിടെ സൂക്ഷിക്കാൻ കഴിയും) ഒരു ലേല പന്തലും ഉണ്ട്. ഒക്ടോബർ 11-ന് പാരി ലേലത്തിന് സാക്ഷ്യം വഹിച്ചപ്പോൾ മഞ്ഞളിന്‍റെ ലഘു പ്രകന്ദങ്ങളുടെയും മാതൃ പ്രകന്ദങ്ങളുടെയും ഏറ്റവും ഉയർന്ന നിരക്ക്  ക്വിന്‍റലിന് യഥാക്രമം 7,449 രൂപയും 6,669 രൂപയും ആയിരുന്നു. വ്യാപാരികൾ ഏറ്റവും അവസാനത്തെ വില എപ്പോഴും ‘9’ൽ ആണ് അവസാനിപ്പിക്കുന്നത്. അത് എപ്പോഴും അവരുടെ സംഖ്യാ ശാസ്ത്രത്തിലുള്ള വിശ്വാസം കൊണ്ടാണെന്ന് വിപണി മേൽനോട്ടക്കാരൻ അരവിന്ദ് പളനിസാമി പറയുന്നു.

50 മഞ്ഞളുകൾ ചേർന്ന സാമ്പിളുകൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ പ്രദർശിപ്പിക്കുന്നു. വ്യാപാരികൾ ഓരോ പാത്രവും പരിശോധിച്ച് മഞ്ഞൾ പൊട്ടിച്ചും മണത്തും തറയിൽ എറിഞ്ഞു വരെയും നോക്കുന്നു. അവർ അവ തൂക്കിനോക്കുകയും വിരലുകൾക്കിടയിലൂടെ താഴേക്കിടുകയും ചെയ്യുന്നു. അവർ കാര്യങ്ങൾ ശ്രദ്ധിച്ച് വില പറയുന്നു. ഒരു പ്രമുഖ മസാല കമ്പനിയുടെ പർച്ചേസ് ഡിപാർട്ട്മെന്‍റിൽ നിന്നുള്ള സി. അനന്തകുമാർ പറഞ്ഞത് താൻ "ഒന്നാം കിട” ഉൽപന്നങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂ എന്നാണ്. ഇന്ന് ഈ സാമ്പിളുകളുടെ 459 ബാഗുകളിൽ 23 എണ്ണമാണ് അദ്ദേഹം എടുത്തിരിക്കുന്നത്.

വിപണിയിലെ വാർഷിക വരുമാനം 40 കോടിയാണെന്ന് മണ്ഡിക്ക് തൊട്ടടുത്തുള്ള തന്‍റെ ഓഫീസിൽ വച്ച് അരവിന്ദ് എന്നോട് പറഞ്ഞു. കൊടുമിയിൽ നിന്നുള്ള എൽ. റാസിന പന്തലിലേക്കുള്ള സിമന്‍റ് സ്റ്റേർകേസിൽ ഇരിക്കുകയായിരുന്നു. അവർ 30 ക്വിന്‍റൽ കൊണ്ടുവന്നപ്പോൾ ക്വിന്‍റലിന് അവർക്ക് നൽകാമെന്നു പറഞ്ഞ നിരക്ക് 5,489 രൂപയാണ്.

സ്വന്തമായി സംഭരണ സൗകര്യം ഇല്ലാത്തതിനാൽ അവർ തന്‍റെ വിളവ് എപ്പോഴും കൊണ്ടുവരുന്നത് സർക്കാർ വക സംഭരണ ശാലയിലേക്കാണ്. അവിടെ ഇത് സൂക്ഷിക്കുന്നതിന് ഒരു ദിവസം ഒരു ക്വിന്‍റലിന് 20 പൈസയാണ് ചിലവാകുന്നത്. ചില കർഷകർ ന്യായമായ വിലയ്ക്കായി 4 വർഷം വരെ കാത്തു നിൽക്കും. 7 മാസങ്ങൾക്കും 5 തവണത്തെ വരവുകൾക്കും ശേഷം റാസിന മഞ്ഞൾ വിൽക്കാൻ തീരുമാനിച്ചു. പക്ഷെ നഷ്ടത്തിനാണെന്നു മാത്രം.

കൊങ്കു മേഖലയിലെ (ഈറോഡ്, കോയമ്പത്തൂർ, സേലം ജില്ലകൾ ചേരുന്ന മേഖല) നിരവധി കർഷകരും കൃഷിയെ ഒരു അധിക തൊഴിലായാണ് സമീപിക്കുന്നതെന്ന് ദൈവശിഖാമണി പറഞ്ഞു. "ഇതിൽ മാത്രമാണ് ആശ്രയിച്ചിരുന്നതെങ്കിൽ അവർ ബുദ്ധിമുട്ടുമായിരുന്നു.”

P.K. Deivasigamani, president of the turmeric farmers' association.
PHOTO • M. Palani Kumar
Labels on the samples exhibited at the turmeric auction
PHOTO • M. Palani Kumar
Labels on the samples exhibited at the turmeric auction
PHOTO • M. Palani Kumar

ഇടത്: മഞ്ഞൾ കർഷക സംഘടനയുടെ പ്രസിഡ ന്‍റാ യ പി. കെ. ദൈവശിഖാമണി. മദ്ധ്യത്തിലും വലതും: മഞ്ഞൾ ലേലത്തിനായി പ്രദർശനത്തിനു വച്ചിരിക്കുന്ന സാമ്പിളുകളുടെ ലേബലുകൾ

വിലയെ ആശ്രയിച്ച് മഞ്ഞൾ കൃഷി ചെയ്യുന്ന 25,000 മുതൽ 50,000 വരെ കർഷകർ തമിഴ്‌നാട്ടിൽ ഉണ്ടെന്ന് അദ്ദേഹം കണക്കാക്കുന്നു. ഒരു ക്വിന്‍റൽ 17,000 രൂപയ്ക്ക് കച്ചവടം നടത്തുകയാണെങ്കിൽ (ഒരിക്കൽ നടന്നിരുന്നതു പോലെ) "ഇവിടെ 5 കോടി മഞ്ഞൾ കർഷകർ ഉണ്ടാവും”, അദ്ദേഹം ചിരിച്ചു. "അത് ക്വിന്‍റലിന് 5,000 രൂപയായി കുറഞ്ഞാൽ കഷ്ടിച്ച് 10,000 കർഷകരേ കാണൂ.”

ദൈവശിഖാമണിക്ക് ഒരു നിർദ്ദേശമുണ്ട്: വൈവിധ്യവൽകരിക്കുക എന്നതാണത്. "വലിയ അളവിൽ മഞ്ഞൾ വളർത്തുന്നത് അവസാനിപ്പിക്കുക”, അദ്ദേഹം പറഞ്ഞു. "ഉൽപാദനം കുറവാണെങ്കിൽ നമുക്ക് നല്ല വില ലഭിക്കും.”

*****

സങ്കരയിനങ്ങൾക്കു ( അത് കൂടുതൽ വിളവ് നൽകും ) പകരം നാടൻ ഇനങ്ങൾ ഉൽപാദിപ്പിക്കുക .”
തിരുമൂർത്തി, ഈറോഡിലെ മഞ്ഞൾ കർഷകൻ

കഴിഞ്ഞ വർഷം മാർച്ചിൽ അദ്ദേഹം വെറും രണ്ട് ടൺ വിളവാണ് എടുത്തത് – വാടിയ മഞ്ഞൾ ഇലകൊണ്ട് മൂടിയ ഒരു കൊച്ച് തവിട്ട് കുന്ന് പുഴുങ്ങാനും ഉണക്കാനുമുള്ള സംഘത്ത കാത്തു കിടന്നു. തിരു ആധുനികതയ്ക്ക് എതിരല്ല: അദ്ദേഹം സോളാർ സെല്ലിൽ നിന്നുള്ള ഊർജ്ജം ഉപയോഗിക്കുന്നു, അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം പരമ്പരാഗത ഇനങ്ങളിലും വിശ്വസിക്കുന്നു. മഞ്ഞളിന്‍റെ ’ഈറോഡ് പ്രാദേശിക’ ഇനത്തിന് ഭൂപ്രദേശ സൂചകം (Geographical Indication) നൽകണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.

വിളവുകളെക്കുറിച്ച് മാത്രം ആശങ്കപ്പെടുന്ന ഗവേഷണ സ്ഥാപനങ്ങളെ അദ്ദേഹം വിമർശിക്കുന്നു. വലിയ വിളവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാസവളങ്ങളിൻമേലുള്ള ചിലവുകൾ വർദ്ധിപ്പിക്കുക മാത്രമേയുള്ളൂ. “ന്യായമായ വിലയ്ക്ക് ഞങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാൻ സർക്കാർ എന്തുകൊണ്ട് ഞങ്ങളെ സഹായിക്കുന്നില്ല?" നയരൂപീകരണം നടത്തുന്നവർക്ക് നേരിട്ടുള്ള അറിവ് ആവശ്യമാണെന്ന് അദ്ദേഹം വാദിക്കുന്നു. അദ്ദേഹത്തിൻറെ ഭാര്യയും ബിസിനസ് പങ്കാളിയുമായ ഗോമതി അതിനോട് യോജിക്കുന്നു. "കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥികൾ വന്ന് ഞങ്ങളുടെ പാടത്ത് പണിയെടുക്കട്ടെ”, അവർ ഇരുവരും നിർദ്ദേശിച്ചു. "യഥാർത്ഥ ലോകത്തിൻറെ പ്രശ്നങ്ങൾ അവർ മനസ്സിലാകുന്നില്ലെങ്കിൽ, അവർ സങ്കരയിനങ്ങൾ ഉൽപാദിപ്പിച്ചു കൊണ്ടിരിക്കുകയേയുള്ളൂ.” അവരുടെ പരാതി മനസ്സിലാക്കാൻ സാധിക്കും. വലിയ സങ്കരയിനങ്ങൾ ക്വിന്‍റലിന് 200-ലധികം രൂപവീതം നേടിക്കൊടുക്കുന്നു. പക്ഷെ രാസവളത്തിന് പ്രാമുഖ്യമുള്ള കൃഷി രീതിയിലെ അവ വളരുകയുള്ളൂ.

അദ്ദേഹം കൃഷി ആരംഭിച്ച സമയത്ത് പണം മുടക്കുക ബുദ്ധിമുട്ടായിരുന്നു. മഞ്ഞൾ പോലെയുള്ള വാർഷിക വിളകളിൽ നിന്നുള്ള വരവ് അടുത്ത വർഷമേ ഉണ്ടാവുകയുള്ളൂ. തിരു ഇനിയൊരു ബാങ്ക് വായ്പയ്ക്ക് യോഗ്യനുമല്ല. അദ്ദേഹത്തിന്‍റെ പരേതനായ പിതാവ് മകനെ ജാമ്യം നിർത്തി വലിയൊരു തുക വായ്പ എടുത്തിരുന്നു. 14 ലക്ഷം രൂപയുടെ ആ വായ്പ തിരു ഇപ്പോഴും തിരിച്ചടച്ചു കൊണ്ടിരിക്കുന്നു. അതിനായി അദ്ദേഹം ഒരു അനൗദ്യോഗിക സ്രോതസ്സിൽ നിന്നും ‘രണ്ടുരൂപ വട്ടി’ എടുത്തിട്ടുണ്ട് (100 രൂപയ്ക്ക് പ്രതിമാസം 2 രൂപ പലിശ). അല്ലെങ്കിൽ പ്രതിവർഷം 24 ശതമാനം.

The harvested turmeric is covered with dried leaves, waiting to be boiled, dried and polished.
PHOTO • Aparna Karthikeyan
Thiru uses solar power and champions it
PHOTO • M. Palani Kumar

ഇടത്: കൊയ്തെടുത്ത മഞ്ഞൾ പുഴുങ്ങാനും ഉണക്കാനും മിനുസപ്പെടുത്താനുമായി ഉണങ്ങിയ ഇലകൾകൊണ്ട് മൂടിയിട്ടിരിക്കുന്നു. വലത് : തിരു സോളാർ പാനലിൽ നിന്നുള്ള ഊർജ്ജം ഉപയോഗിക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു

"കുറച്ച് ഫേസ് ബുക്ക് സുഹൃത്തുക്കളും പലിശയില്ലാതെ 6 മാസത്തേക്ക് എനിക്ക് പണം വായ്പ നൽകി. ഭാഗ്യവശാൽ, എനിക്ക് കടം വാങ്ങേണ്ടിയിരുന്നില്ല. സുഹൃത്തുക്കൾ നൽകിയത് ഞാൻ തിരിച്ചു നൽകി. പക്ഷെ അച്ഛനെടുത്ത ബാങ്ക് വായ്പ ഇപ്പോഴും ഞാൻ തിരിച്ചടച്ചു കൊണ്ടിരിക്കുന്നു.” ഇപ്പോൾ അദ്ദേഹം പ്രതിമാസം 50,000 രൂപ ഉണ്ടാക്കുന്നു. അതിനായി പ്രായപൂർത്തിയായ മൂന്ന് പേർ (തിരു, അദ്ദേഹത്തിന്‍റെ അമ്മ, ഗോമതി എന്നിവർ) ദിവസേന 12 മണിക്കൂർ അദ്ധ്വാനിക്കുന്നു. പക്ഷെ അവ കുടുംബാദ്ധ്വാനത്തിന്‍റെ ചിലവിൽ പെടില്ല.

മഞ്ഞൾ പൊടിക്കുന്ന മുറിയിൽ തിരു കുറച്ച് മാതൃ പ്രകന്ദങ്ങൾ കോരിയെടുത്ത് ഉയർത്തി പിടിച്ചു. അവ ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിൽ തിളങ്ങുന്നന്നതും പാറപോലെ ഉറപ്പുള്ളതുമായിരുന്നു. അത്ര കാഠിന്യമുള്ളതിനാൽ ഗ്രൈൻഡിംഗ് മെഷീനിൽ ഇടുന്നതിനു മുൻപ് അവ ഗ്രാനൈറ്റ് അമ്മിക്കല്ലുകൊണ്ട് ചതയ്ക്കുന്നു. അല്ലെന്നുവരികിൽ അത് ഗ്രൈൻഡറിന്‍റെ ലോഹ ബ്ലേഡ് നശിപ്പിക്കും

മുറിയിൽ സുഗന്ധമുണ്ടായിരുന്നു. മണ്ണിൽ നിന്നും പുതുതായി പറിച്ചെടുത്ത മഞ്ഞളിന്‍റെ സുഗന്ധം ഒരേസമയം ലഹരി പിടിപ്പിക്കുന്നതും ആശ്വാസദായകവുമായിരുന്നു. സ്വർണ്ണ നിറമുള്ള പൊടി എല്ലായിടത്തും കിടന്നിരുന്നു: ഇലക്ട്രിക് ഗ്രൈൻഡിംഗ് മിൽ, സ്വിച്ച് ബോർഡ് എന്നിവയുടെ മേൽ; കൂടാതെ ചിലന്തിവലയും മഞ്ഞൾ പൊടിയുടെ ചെറു മാലകൾ ധരിച്ചിരുന്നു.

മൈലാഞ്ചിയുടെ ഒരു വലിയ വൃത്തവും അതിനു ചുറ്റുമുള്ള ചെറിയ കുത്തുകളും തിരുവിന്‍റെ ഉള്ളംകൈയെ ഓറഞ്ച് നിറമാക്കുന്നു. അദ്ദേഹത്തിന്‍റെ കരുത്തുള്ള കൈത്തണ്ട കഥയുടെ ബാക്കി പറയുന്നു - കഠിനമായ ശാരീരികാദ്ധ്വാനത്തിന്‍റെ. ഇവിടെ അദൃശ്യമാകുന്നതെന്തെന്നാൽ വിളവെടുപ്പിന്‍റെ മൂല്യം വർദ്ധിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ അസാധാരണമായ പ്രയത്നങ്ങളും ചിലവേറിയ പരാജയപ്പെട്ട ചില പരീക്ഷണങ്ങളുമാണ്. ഈ വർഷത്തെ ഇഞ്ചി വിളകൾ പോലെ അതൊരു വൻനഷ്ടമായിരുന്നു. പക്ഷെ 40,000 രൂപയുടെ നഷ്ടം ഒരു "പാഠമായി” അദ്ദേഹം കാണുന്നു. ഗോമതി ഞങ്ങൾക്ക് ചൂട് ബജിയും ചായയും ഉണ്ടാക്കുന്ന സമയത്ത് അതേക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു.

*****

മഞ്ഞളിന്‍റെ പ്രാധാന്യം പരിഗണിച്ച് ഈറോഡ് ജില്ലയിലെ ഭവാനി സാഗറിൽ 100 ഏക്കർ പ്രദേശത്ത് ഒരു പുതിയ മഞ്ഞൾ ഗവേഷണ കേന്ദ്രം സ്ഥാപിക്കാനായി പദ്ധതിയിടുന്നു .”
എം.ആർ.കെ. പനീർശെൽവം, കൃഷി മന്ത്രി, തമിഴ്‌നാട്

ഇന്ത്യ അതിന്‍റെ ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള മഞ്ഞള്‍ കിലോഗ്രാമിന് 93.5 രൂപയ്ക്ക് കയറ്റുമതിയും 86 രൂപയ്ക്ക് ഇറക്കുമതിയും ചെയ്യുമ്പോള്‍ ഒരു കർഷകൻ എങ്ങനെ വിജയിക്കാനാണ്. ഏഴ് രൂപയുടെ വ്യത്യാസം ഇന്ത്യൻ കർഷകനെ പിഴിയുക മാത്രമല്ല ചെയ്യുന്നത്. ദ്രുതഗതിയിൽ വളരുന്ന ഇറക്കുമതികൾ ഭാവിയിലുണ്ടാകാവുന്ന ന്യായമായ വിലയ്ക്കുള്ള എല്ലാ ഉറപ്പുകളെയും ഇല്ലായ്മ ചെയ്യുന്നു.

A small batch of turmeric waiting to be cleaned
PHOTO • M. Palani Kumar
Thiru Murthy and T. Gomathy with their electric grinding mill
PHOTO • M. Palani Kumar

ഇടത്: വൃത്തിയാക്കാനായി ഇട്ടിരിക്കുന്ന കുറച്ച് മഞ്ഞൾ. വലത് : തിരുമൂർത്തിയും റ്റി. ഗോമതിയും അവരുടെ ഇലക്ട്രിക് ഗ്രൈൻഡിംഗ് മില്ലിനടുത്ത്

ഒരു ഔദ്യോഗിക ഉത്തരവിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നു : ഇന്ത്യ മഞ്ഞളിന്‍റെ ഏറ്റവും വലിയ ഉൽപാദകരാവുമ്പോൾ, "കുർകുമിൻ കൂടുതലടങ്ങിയിരിക്കുന്ന ഇനങ്ങൾക്കു വേണ്ടി” മറ്റ് രാജ്യങ്ങളിൽ നിന്ന് മഞ്ഞൾ ഇറക്കുമതി ചെയ്യുകയും ചെയ്യുന്നുവെന്ന് കൃഷി മന്ത്രിയായ പനീർശെൽവം പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ പ്രത്യേക കൃഷി ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് ഒരു പുതിയ മഞ്ഞൾ ഗവേഷണ കേന്ദ്രം രൂപീകരിക്കാനുള്ള തീരുമാനം പനീര്‍ശെൽവം പ്രഖ്യാപിച്ചു . അതിനുവേണ്ടി രണ്ടുകോടി രൂപയും സംസ്ഥാന സർക്കാർ നൽകും. മെച്ചപ്പെട്ട ഇനങ്ങളും, മൂല്യ വർദ്ധനവും, നേരിട്ടുള്ള പരിശീലനവും നൽകാമെന്ന് സംസ്ഥാനം ഫലപ്രദമായി വാഗ്ദാനം ചെയ്തു. അതിനാൽ "കർഷകരുടെ കൃഷി മറ്റൊരു വിളയിലേക്ക് മാറില്ല.”

തിരുമൂർത്തിയുടെ സ്വന്തം തത്വശാസ്ത്രം ലളിതമാണ്: ഉപഭോക്താവിന് മികച്ച ഉൽപന്നം നൽകുക. "എന്‍റെ ഉൽപന്നം നല്ലതാണെങ്കിൽ 300 പേർ അത് വാങ്ങുകയും മറ്റുള്ള 3,000 പേരോട് പറയുകയും ചെയ്യും. പക്ഷെ അത് മോശം സാധനമാണെങ്കിൽ അതേ 300 പേർ മറ്റുള്ള 3,000 പേരോട് അത് മോശമാണെന്ന് പറയും.” സാമൂഹ്യ മാദ്ധ്യമം ഉപയോഗിച്ച് (നേരിട്ട് പറഞ്ഞറിയിച്ചും) അദ്ദേഹം അവരുടെ 300 ടൺ വിളവ് 10 മാസങ്ങൾ കൊണ്ട്, മാസം ഏതാണ്ട് 300 കിലോ വീതം, വിറ്റു. ഇങ്ങനെ ചെയ്യുന്നതിലൂടെ അദ്ദേഹം ചില പ്രധാന പാഠങ്ങൾ പഠിച്ചു. ഒന്നാമത്, മൊത്തക്കച്ചവട വിപണിയിൽ ജൈവ മഞ്ഞളിന് പത്യേക വിലയില്ല. രണ്ടാമതായി, കൃഷി ചെയ്യുന്നയാൾ നേരിട്ട് വിൽക്കുന്നില്ലെങ്കിൽ അയാൾക്ക്/അവർക്ക് നല്ലവില കിട്ടില്ല.

തിരു രണ്ട് തരത്തിലാണ് മഞ്ഞൾ സംസ്കരിക്കുന്നത്. ഒന്ന് പരമ്പരാഗത രീതിയിൽ ഭൂകാണ്ഡം പുഴുങ്ങുകയും ഉണങ്ങുകയും പൊടിക്കുകയും ചെയ്യുന്നതാണ്. അദ്ദേഹം എന്നെ ലാബ് പരിശോധനാ ഫലങ്ങൾ കാണിച്ചു – ഈ രീതിയിൽ കുർകുമിൻ അടങ്ങിയിരിക്കുന്നത് 3.6 ശതമാനമാണ്. രണ്ടാമത്തെ രീതി പരമ്പരാഗതമല്ലാത്തതാണ്. ഇതനുസരിച്ച് ഭൂകാണ്ഡം കഷണങ്ങളാക്കുകയും വെയിലത്തുണങ്ങുകയും പൊടിക്കുകയും ചെയ്യുന്നു. കുർകുമിന്‍റെ അളവ് 8.6 ശതമാനമാണെന്ന് ഇത് രേഖപ്പെടുത്തുന്നു. എന്നിരിക്കിലും ഉയർന്ന കുർകുമിൻ ഉള്ളടക്കത്തിനു വേണ്ടിയുള്ള മുറവിളി കാണുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. "ഫാർമ വ്യവസായത്തിനു വേണ്ടി സത്തെടുക്കാനാണ് ഇതെങ്കിൽ, അതിനർത്ഥമുണ്ട്”, അദ്ദേഹം പറഞ്ഞു. "എന്തിനാണ് ഭക്ഷണത്തിനു വേണ്ടി ഇത്ര കൂടുതൽ?"

വിളവെടുപ്പിന് ശേഷം ഉടനെ അദ്ദേഹം പുതുമഞ്ഞളും വിൽക്കുന്നു. കിലോയ്ക്ക് 40 രൂപയ്ക്കാണ് വിൽക്കുന്നത് (പാക്കേജിംഗിനും അയയ്ക്കുന്നതിനുമായി 70 രൂപയും). ഇത് കൂടാതെ അദ്ദേഹവും ഗോമതിയും 3,000 സോപ്പ് കട്ടകൾ എല്ലാ മാസവും ഉണ്ടാക്കുന്നു. നിരവധി പച്ചില മരുന്നുകൾ കണ്ടെത്തി അവ ഇനം തിരിച്ച് അരിച്ചെടുത്ത് 9 ഇനങ്ങൾ ഉണ്ടാക്കുന്നു. രണ്ടുതരം മഞ്ഞൾ, കറ്റാർ വാഴ, വെട്ടിവേര്, അറപ്പു, ശികക്കായ്, വേപ്പ് എന്നിവയൊക്കെയാണിവ.

ഭാര്യ അദ്ദേഹത്തെ കളിയാക്കുന്നു: "ആളുകൾ പറയുന്നു ചേരുവകളുടെ പട്ടിക കൊടുക്കരുതെന്ന്. പക്ഷെ, ഉണ്ടാക്കുന്ന രീതിയുൾപ്പെടെ എല്ലാം ഇദ്ദേഹം പങ്ക് വയ്ക്കുന്നു.” മഞ്ഞൾ ഹെയർ ഡ്രൈ ഉണ്ടാക്കുന്ന രീതി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകപോലും ചെയ്തു. പ്രക്രിയകൾ വെളിപ്പെടുത്തരുതെന്ന കാര്യത്തിൽ അദ്ദേഹത്തിന് വലിയ ജാഗ്രതയില്ല. “മറ്റുളളവർ ശ്രമിക്കട്ടെ, തുടക്കത്തിലുള്ള ഉത്സാഹം നിലനിർത്തുക ബുദ്ധിമുട്ടാണ്”, അദ്ദേഹം പറഞ്ഞു.

*****

" ഏറ്റവും മികച്ച ഉൽപന്നം ഒരു കർഷകൻ ഒരിക്കലും ഭക്ഷിക്കില്ല. ഇത് എല്ലായ്പ്പോഴും വിൽക്കരുതാത്തതാണ്. നമ്മുടെ എല്ലാ ഉൽപന്നങ്ങളുടെയും കാര്യത്തിൽ ഇതാണ് വേണ്ടത്. കുറച്ച് കേടായ പഴമാണ് നമ്മൾ കഴിക്കുന്നത്.
റ്റി. ഗോമതി, ഈറോഡിൽ നിന്നുള്ള ഒരു മഞ്ഞൾ കർഷക

Thiru and Gomathy with their children in the workshop, behind their living room.
PHOTO • M. Palani Kumar
Gomathy and her daughter shelving soaps in the workshop
PHOTO • M. Palani Kumar

ഇടത്: സ്വീകരണ മുറിക്ക് പിന്നിലുള്ള പണിശാലയിൽ തിരുവും ഗോമതിയും മക്കളോടൊപ്പം . വലത്: ഗോമതിയും അവരുടെ മകളും പണിശാലയിൽ സോപ്പ് അടുക്കുന്നു

തിരുമൂർത്തിയും ഗോമതിയും 2011-ൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം കഴിച്ചു. അദ്ദേഹം നേരത്തെ തന്നെ ഒരു ജൈവ കർഷകനായിരുന്നു. പക്ഷെ മൂല്യവർദ്ധനവിന്‍റെ രീതികളെക്കുറിച്ച് അധികം അറിയില്ലായിരുന്നു. 2013-ൽ അദ്ദേഹം ഫേസ് ബുക്ക് അക്കൗണ്ട് എടുത്തു. അതിൽ അദ്ദേഹം പങ്കുവച്ച ഒരു പോസ്റ്റ് സാമൂഹ്യ മാദ്ധ്യമങ്ങളുടെ ശക്തിയെക്കുറിച്ചും ഗ്രാമ-നഗര സമ്പർക്കമില്ലായ്മയെക്കുറിച്ചും അദ്ദേഹത്ത ചിന്തിപ്പിച്ചു.

ഇതിനെല്ലാം പ്രേരകമായത് അദ്ദേഹത്തിന്‍റെ പ്രാതലിന്‍റെ ഒരു ഫോട്ടോയാണ്. അദ്ദേഹം ലളിത ഭക്ഷണമായി ( രാഗി കാലി – മുത്താറി ഉണ്ട) കരുതിയതിനെ ആളുകൾ അഭിനന്ദിച്ചു. ലൈക്കുകളും കമന്‍റുകളും കണ്ട് അദ്ദേഹം അതിശയിക്കുകയും ചെയ്തു. അതിൽ പ്രചോദിതനായി കൃഷിത്തോട്ടത്തിലെ ജീവിതത്തെക്കുറിച്ച് അദ്ദേഹം സ്ഥിരമായി പോസ്റ്റ് ചെയ്യാനും ആരംഭിച്ചു. എല്ലാം ഓൺലൈനായി രേഖപ്പെടുത്തി: കളകൾ പറിക്കുന്നത്, ജൈവ വളങ്ങൾ ഉപയോഗിക്കുന്നത്, അങ്ങനെ എല്ലാം.

തന്‍റെ ആദ്യത്തെ മഞ്ഞൾ കൃഷി വിളവെടുത്തപ്പോൾ അദ്ദേഹമത് ഓൺലൈനിൽ കച്ചവടം നടത്തി. പെട്ടെന്നു തന്നെ ഗോമതിയും അതിൽ പങ്കാളിയാവാൻ തുടങ്ങി. "സോപ്പ്, എണ്ണ, പൊടി എന്നിവയ്ക്കു വേണ്ടിയുള്ള ഓർഡറുകൾ എന്‍റെ ഫോണിലേക്കും വാട്സാപ്പിലേക്കും വരികയും ഞാനവയൊക്കെ അവൾക്കയച്ചു കൊടുക്കുകയും ചെയ്തു.” വീട്ടുജോലികൾ നോക്കുന്നതിനും മകൻ നിതുലൻ (10), മകൾ നിഗഴിനി (4) എന്നിവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനും പുറമെയാണ് സാധനങ്ങളുടെ പാക്കിംഗ്, അവ എത്തിച്ചു നൽകൽ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഗോമതി ചെയ്യുന്നത്.

കോവിഡ് ലോക്ക്ഡൗണുകളും മകന്‍റെ ഓൺലൈൻ ക്ലാസ്സുകളും ജീവിതം കൂടുതൽ ബുദ്ധിമുട്ടാക്കി. ഒരുതവണ ഞങ്ങൾ സന്ദർശിച്ചപ്പോൾ കുട്ടികൾ വാൽമാക്രികളെ ഗ്ലാസ്സ് കുപ്പികളിലാക്കി കളിക്കുകയായിരുന്നു. അപ്പോൾ അവരുടെ നായ കുപ്പികൾക്കുള്ളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്നു. മറ്റൊരു സമയത്ത് അവർ പൈപ്പിൽ കയറുകയായിരുന്നു. "അതാണവർ ചെയ്യാൻ പഠിച്ചത്. തൂണുകളിൽ കയറുക”, അവർ നെടുവീർപ്പെട്ടു.

അവർക്ക് സഹായിയായി ഗ്രാമത്തിൽ നിന്നുള്ള ഒരു സ്ത്രീയുണ്ട്. "ഞങ്ങളുടെ കാറ്റലോഗ് നോക്കി ഉപഭോക്താക്കൾ ഞങ്ങളുണ്ടാക്കുന്ന 22 ഉൽപന്നങ്ങളിലൊന്ന് ചോദിക്കുന്നു. ഇത് എളുപ്പമല്ല”, ഗോമതി പറഞ്ഞു. അവർ വീട്ടുകാര്യങ്ങൾ നോക്കുന്നു; അവർ പ്രദർശനത്തിനുള്ള കാര്യങ്ങളും നോക്കുന്നു. സംസാരിക്കുന്നതിനേക്കാൾ കൂടുതൽ അവർ ചിരിക്കുന്നു.

എന്തുകൊണ്ടാണ് പ്രാദേശിക വിപണിയിൽ സാധാരണയായി ലഭ്യമാകുന്ന മഞ്ഞളിനേക്കാൾ ഇരട്ടി വിലയ്ക്ക് തന്‍റെ മഞ്ഞൾ വിൽക്കുന്നത് എന്ന് 10 ഉപഭോക്‌താക്കളെയെങ്കിലും ധരിപ്പിച്ചു കൊണ്ടാണ് തിരു ഒരു ദിവസം ചിലവഴിക്കുന്നത്. "ജൈവ കൃഷി, മായം ചേർക്കൽ, രാസവളം കൊണ്ടുള്ള നശീകരണങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ പഠിപ്പിച്ചുകൊണ്ട് ഒരു ദിവസം രണ്ട് മണിക്കൂറെങ്കിലും ഞാൻ ചിലവഴിക്കുന്നു.” ഫേസ്ബുക്കിൽ (അവിടെ അദ്ദേഹത്തെ 30,000 പേർ പിന്തുടരുന്നു) അദ്ദേഹം ഒരു പോസ്റ്റ് ഇടുമ്പോൾ ഏകദേശം 1,000 പേർ അത് ‘ലൈക്ക്’ ചെയ്യുകയും 200 പേർ അതിന് ‘കമന്‍റ്’ ചെയ്യുകയും ചെയ്യുന്നു. അവർ ചോദ്യങ്ങളും ചോദിക്കുന്നു. "അവർക്ക് മറുപടി കൊടുത്തില്ലെങ്കിൽ അവരുടെ മുൻപിൽ ഞാൻ ‘വ്യാജൻ’ ആകുന്നു.”

Weighed and packed turmeric powder, which Thiru sells directly through social media.
PHOTO • M. Palani Kumar
Soaps and bottles of hair oil, ready to be sold
PHOTO • M. Palani Kumar
Soaps and bottles of hair oil, ready to be sold
PHOTO • M. Palani Kumar

ഇടത്: തൂക്കി നോക്കി പാക്ക് ചെയ്ത മഞ്ഞൾ പൊടി. ഇത് സാമൂഹ്യ മാദ്ധ്യമത്തിലൂടെ തിരു നേരിട്ട് വിൽക്കുന്നതാണ്. മദ്ധ്യത്തിലും വലതും : വിൽക്കാനായി തയ്യാറാക്കി വച്ചിരിക്കുന്ന സോപ്പുകളും തലയിൽ തേക്കാനുള്ള എണ്ണയടങ്ങിയ കുപ്പികളും

പാടത്തുള്ള അദ്ദേഹത്തിന്‍റെ ജോലിയും ഇ-ബിസിനസ്സും (“ഇതിനെ ഇ-ബിസിനസ്സ് എന്നാണ് വിളിച്ചിരുന്നതെന്ന് കഴിഞ്ഞ വർഷം വരെ എനിക്കറിയില്ലായിരുന്നു”) തിരക്കു പിടിച്ചതാണ്. 5 വർഷമായി അദ്ദേഹം ഒരു അവധി എടുത്തിട്ട്. "ഒരുപക്ഷെ, അതിലും കൂടുതൽ”, ഗോമതി ചിരിച്ചു. "അദ്ദേഹത്തിന് അവധിയെടുക്കാൻ പറ്റിയ ഏറ്റവും കൂടിയ സമയം 6 മണിക്കൂറാണ്. പിന്നീടദ്ദേഹത്തിന് വീട്ടിൽ തിരിച്ചെത്തണം – തന്‍റെ പശുക്കളുടെയും വിളകളുടെയും എണ്ണയാട്ടാനുള്ള ചക്കിന്‍റെയും അടുത്തേക്ക്.”

ഒരു വിവാഹമുണ്ടെങ്കിൽ അമ്മയാണ് പങ്കെടുക്കുന്നത്. മൂത്ത സഹോദരൻ അവരുടെ കാറിൽ അമ്മയെ അവിടെത്തിക്കും. പങ്കെടുക്കാനായി തിരുവിന് അവധിയെടുക്കാൻ പറ്റില്ല. "കോവിഡ്-19-നു ശേഷം കുറച്ചു പണം ഞങ്ങൾ സമ്പാദിച്ചു”, അദ്ദേഹം തമാശയായി പറഞ്ഞു. "ചടങ്ങുകൾക്കായി കോയമ്പത്തൂർ വരെയാണ് സാധാരണയായി ഞങ്ങൾക്ക് യാത്ര ചെയ്യേണ്ടത്. ഇപ്പോൾ ഞങ്ങൾ ആയിനത്തിൽ 1,000 രൂപയുടെ ഇന്ധനം ലാഭിക്കുന്നു, കാരണം ചടങ്ങുകളൊന്നും നടക്കുന്നില്ല.”

തൊഴിലാളികൾ പാടത്തേക്ക് വരുമ്പോൾ "അമ്മ അവരുടെ കാര്യങ്ങൾ നോക്കുന്നു. എന്‍റെ സമയം ഇതു പോലുള്ള പ്രയത്നം കൂടിയ ജോലിക്കായി നീക്കി വയ്ക്കുന്നു.” ഞാൻ രണ്ടു തവണ സന്ദർശിച്ചപ്പോഴും ഗോമതി അടുക്കളയിൽ അല്ലെങ്കിൽ പണിശാലയിൽ തിരക്കായിരുന്നു. സ്വീകരണ മുറിക്കു പിന്നിൽ ഉയർന്ന മേൽക്കൂരയുള്ള ഒരു ഇടമാണ് പണിശാല. തരവും തീയതിയും അനുസരിച്ച് വൃത്തിയായി അടുക്കിയ പല തരത്തിലുള്ള സോപ്പുകൾ ഷെൽഫുകളിൽ തള്ളിനിൽക്കുന്നു. തിരുവും ഗോമതിയും ഒരു ദിവസം രാവിലെ 5:30-ന് തുടങ്ങി കുറഞ്ഞത് 12 മണിക്കൂറെങ്കിലും ജോലി ചെയ്യും.

സസ്യങ്ങളെക്കുറിച്ചും അവയുടെ ഗുണങ്ങളെപ്പറ്റിയുമൊക്കെ അവർക്ക് ആഴത്തിലുള്ള അറിവുണ്ട്. തമിഴിൽ അവയെക്കുറിച്ച് നിർത്താതെ വേഗത്തിൽ സംസാരിക്കുകയും ചെയ്യും. പൂക്കളും സസ്യങ്ങളും ശീതീകരണ പ്രക്രിയയിലൂടെ നിർമ്മിച്ച വെളിച്ചെണ്ണയിൽ (cold-pressed coconut oil) മുക്കി, വെയിലത്ത് ചൂടാക്കി, തലയിൽ തേക്കാനുള്ള സുഗന്ധമുള്ള എണ്ണയും ഗോമതി നിർമ്മിക്കുന്നു. "ഉപഭോക്താക്കളിലേക്ക് എത്തുന്നതിനു മുൻപ് എല്ലാ ഉൽപന്നങ്ങളും ഞങ്ങൾ പരിശോധിക്കുന്നു”, അവർ എന്നോടു പറഞ്ഞു.

കുടുംബം മുഴുവൻ ഇപ്പോൾ ഈ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നുവെന്ന് തിരു പറഞ്ഞു. കൂലി ലഭിക്കാത്ത അവരുടെ തൊഴിലാണ് അവരുടെ ഉൽപന്നങ്ങളുടെ വില കുറച്ചു നിർത്തുന്നത്.

*****

ഉപഭോക്തൃ വിലയുടെ 80 ശതമാനത്തിനടുത്ത് അമുൽ പാൽ ഉൽപാദകർക്ക് ലഭിക്കുന്നു. ആ മാതൃകയ്ക്ക് തതുല്യമായി നിൽക്കുന്ന ഒന്നും ലോകത്തിലൊരിടത്തുമില്ല .”
ബാലസുബ്രമണിയം, കോളമിസ്റ്റ്

Thiru spends at least two hours a day educating others about organic farming.
PHOTO • Aparna Karthikeyan
Gomathy and Thiru with an award they received for organic farming
PHOTO • Aparna Karthikeyan

ഇടത്: ജൈവ കൃഷി യെപ്പറ്റി മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ട് തിരു ദിവസവും രണ്ടു മണിക്കൂറെങ്കിലും ചിലവഴിക്കുന്നു. വലത് : ജൈവ കൃഷിക്ക് ലഭിച്ച ഒരു പുരസ്കാരവുമായി ഗോമതിയും തിരുവും

പാട്ടത്തിന് ഭൂമി എടുത്തവരോ കുറച്ചു ഭൂമി മാത്രം (2 ഏക്കറിൽ താഴെ) സ്വന്തമായുള്ളവരോ ആയ ചെറുകിട കർഷകർക്ക് തിരുവിന്‍റെ മാതൃക പിന്തുടരുക ബുദ്ധിമുട്ടാണ്. അവരെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെപ്പോലെ വിജയം നേടാനുള്ള സാദ്ധ്യത കുറവാണ്. ‘അരുൺചോൽ’ എന്ന ഓൺലൈൻ തമിഴ് വാർത്താ മാദ്ധ്യമത്തിന്‍റെ കോളമിസ്റ്റും ഈറോഡ് ജില്ലയിലെ ഒരു കർഷക കുടുംബത്തിൽ നിന്നുള്ള വ്യക്തിയുമായ ബാലസുബ്രമണിയം മുത്തുസാമി വിശ്വസിക്കുന്നത് സഹകരണ മാതൃക മാത്രമാണ് സാദ്ധ്യമായ ഒരു പരിഹാരം എന്നാണ്.

അന്തിമ ഉപഭോക്താവ് നൽകുന്ന വിലയുടെ എത്ര ശതമാനമാണ് കർഷകന് ലഭിക്കുന്നത് എന്ന കണക്കനുസരിച്ച് അദ്ദേഹം വിലയെ വിഭജിക്കുന്നു. പാൽ മേഖല വലിയ നേട്ടമുണ്ടാക്കുന്നു. അമുലിന്‍റെ കാര്യം ചൂണ്ടിക്കാട്ടി അങ്ങനെയാണ് സഹകരണ മേഖലയെന്ന് അദ്ദേഹം പറയുന്നു. ഉപഭോക്താവ് ഒരു കിലോഗ്രാമിന് നൽകുന്ന 240 രൂപയുടെ 29 ശതമാനമാണ് മഞ്ഞൾ കർഷകർക്ക് ലഭിക്കുന്നത്. പക്ഷെ, അമുൽ പാലിന്‍റെ കാര്യത്തിൽ കർഷകന് ഏതാണ്ട് 80 ശതമാനവും ലഭിക്കുന്നു.

വിജയത്തിലേക്കുള്ള താക്കോൽ വലിയ തോതിൽ കർഷകരെ സംഘടിപ്പിക്കുക എന്നുള്ളതാണെന്ന് ബാലസുബ്രമണിയം ചൂണ്ടി കാണിക്കുന്നു. "ബിസിനസ്സ് വിതരണ ശൃംഖല സ്വന്തമാക്കുക, മദ്ധ്യവർത്തികളെ ഒഴിവാക്കുക.” സഹകരണ മേഖലകളിലും കർഷക സംഘടനകളിലും പ്രശ്നങ്ങൾ ഉണ്ടെന്ന് അദ്ദേഹം സമ്മതിച്ചു തരുന്നുണ്ട്. "അവയെ നന്നായി നിയന്ത്രിക്കേണ്ടതുണ്ട്, മുന്നോട്ടു പോകാനുള്ള ഒരേയൊരു വഴി അതാണ്.”

ലാഭ വർദ്ധനവുള്ള മഞ്ഞൾ ഉൽപാദിപ്പിക്കാൻ പറ്റുമെന്നാണ് തിരു വാദിക്കുന്നത് – പക്ഷെ നിങ്ങളതിന് മൂല്യവർദ്ധനവുണ്ടാക്കണമെന്നു മാത്രം. കഴിഞ്ഞ 7 വർഷം കൊണ്ട് 4,300 കിലോ മഞ്ഞൾ പൊടിയും, കൂടാതെ, വെളിച്ചെണ്ണ, ഏത്തയ്ക്കാ പൊടി, കുങ്കുമം (മഞ്ഞളിൽ നിന്നുള്ളത്), സോപ്പുകൾ എന്നിവയും അദ്ദേഹം വിറ്റു. ഭൂമിയില്ലായിരുന്നുവെങ്കിൽ ഇതെല്ലാം അസാദ്ധ്യമാകുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി (എന്തുകൊണ്ടാണ് തന്‍റെ മാതൃക ചെറുകർഷകർക്ക് അനുകരണീയമല്ലാത്തതെന്ന് ഇത് വ്യക്തമാക്കുന്നു). 10 ഏക്കറിന് 4 കോടി രൂപ വേണം! അതിനാര് പണം മുടക്കും?" അദ്ദേഹത്തിന്‍റെ ബിസിനസ്സ് മുഴുവൻ ഓൺലൈനിൽ ആണ് നടക്കുന്നത്. അദ്ദേഹത്തിന് ജി.എസ്.റ്റി. നമ്പർ ഉണ്ട്. ജിപേ (Google Pay), ഫോൺ പേ (Phone Pe), പേറ്റിഎം (Paytm), ഭിം (BHIM), തന്‍റെ ബാങ്ക് അക്കൗണ്ട് എന്നിവ വഴി അദ്ദേഹം പണം സ്വീകരിക്കുന്നു.

2020-ൽ നടൻ കാർത്തിക് ശിവകുമാറിന്‍റെ ഉഴവൻ ഫൗണ്ടേഷൻ തിരുവിന് അദ്ദേഹത്തിന്‍റെ ജൈവ കൃഷിക്കായി ഒരു പുരസ്കാരവും ഒരുലക്ഷം രൂപ സമ്മാനവും നൽകി. മൂല്യ വർദ്ധനവ് നടത്തുന്നതിനും ഉപഭോക്താവിന് നേരിട്ട് ഉൽപന്നം വിൽക്കുന്നതിനും കൂടിയായിരുന്നു ഈ പുരസ്കാരം. കൊങ്കു മേഖലയിൽ നിന്നുള്ള തമിഴ് നടൻ സത്യരാജും ഇദ്ദേഹത്തിന് സമ്മാനം നൽകി.

എല്ലാ വർഷവും, ഓരോ വിജയവും, തിരുവിനെ കൂടുതൽ നിശ്ചയദാർഢ്യമുള്ളവനാക്കിയതേയുള്ളൂ. അദ്ദേഹത്തിന് തോൽക്കാനാവില്ല. "ഒരു കർഷകനിൽ നിന്നും ‘നഷ്ടം’ എന്ന വാക്ക് എനിക്ക് കേൾക്കേണ്ട", തിരു പറഞ്ഞു. “എനിക്കിത് പ്രാവർത്തികമാക്കണം.”

ഈ ലേഖനം റിപ്പോർട്ട് ചെയ്യുമ്പോൾ ലഭിച്ച സഹായങ്ങൾക്കും ആതി ഥ്യത്തിനും കൃഷി ജനനിയുടെ സ്ഥാപകയും സി . . . യും ആയ ഉഷാദേവി വെങ്കടാചലത്തിന് എഴുത്തുകാരി നന്ദി അറിയിക്കുന്നു .

ഈ ഗവേഷണ പഠനത്തിനു വേണ്ട ധനസഹായം നൽകിയിരിക്കുന്നത് 2020 -ലെ ഗവേഷണ ധനസഹായ പദ്ധതിയുടെ ഭാഗമായി അസിം പ്രേംജി സർവകലാശാലയാണ്.

കവർ ചിത്രം : എം . പളനികുമാർ

പരിഭാഷ: റെന്നിമോന്‍ കെ. സി.

Aparna Karthikeyan

Aparna Karthikeyan is an independent journalist, author and Senior Fellow, PARI. Her non-fiction book 'Nine Rupees an Hour' documents the disappearing livelihoods of Tamil Nadu. She has written five books for children. Aparna lives in Chennai with her family and dogs.

Other stories by Aparna Karthikeyan
Photographs : M. Palani Kumar

M. Palani Kumar is Staff Photographer at People's Archive of Rural India. He is interested in documenting the lives of working-class women and marginalised people. Palani has received the Amplify grant in 2021, and Samyak Drishti and Photo South Asia Grant in 2020. He received the first Dayanita Singh-PARI Documentary Photography Award in 2022. Palani was also the cinematographer of ‘Kakoos' (Toilet), a Tamil-language documentary exposing the practice of manual scavenging in Tamil Nadu.

Other stories by M. Palani Kumar
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.