തമിഴ്‌നാട്ടില്‍ ജീവിക്കുന്ന നാഗി റെഡ്ഡി കന്നഡ സംസാരിക്കുകയും തെലുങ്ക് വായിക്കുകയും ചെയ്യും. ഡിസംബറിൽ ഒരു ദിവസം അതിരാവിലെ അദ്ദേഹത്തെ കാണാനായി ഞങ്ങൾ ഏതാനും കിലോമീറ്ററുകൾ നടന്നു. തന്‍റെ സാധാരയായ വീട് “അവിടെ തന്നെയാണ്” എന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. യഥാർത്ഥത്തിൽ ഇത് പ്രളയത്തിലകപ്പെട്ട തടാകത്തിനടുത്തും, വലിയ പുളിമരം കഴിഞ്ഞും, യൂക്കാലി കുന്നിനു മുകളിലും, മാവിൻ തോട്ടത്തിനു താഴെയും, കാവൽ നായയ്ക്കുo കുരയ്ക്കുന്ന നായക്കുഞ്ഞിനും കാലിത്തൊഴുത്തിനും അടുത്തുമാണ്.

രാജ്യത്തെ ഏത് കർഷകനും അഭിമുഖീകരിക്കുന്ന സാധാരണ പ്രശ്നങ്ങൾക്കും തലവേദനകൾക്കും പുറമെ, താൻ കൃഷിചെയ്യുന്ന വിളകളെ മാറ്റാൻ ചിന്തിക്കുന്ന വിധത്തിൽ നാഗി റെഡ്ഡി മറ്റൊരു പ്രശ്നവും നേരിടുന്നു. ബുദ്ധിമുട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമായ മൂന്ന് കഥാപാത്രങ്ങളാണ് അദ്ദേഹത്തെ വേട്ടയാടുന്നത്: മൊട്ടൈവാൽ, മക്കന, ഗിരി എന്നിവ.

ഈ കക്ഷികളെ നിസ്സാരമായി എടുക്കാൻ പറ്റില്ലെന്ന് ഇവിടുത്തെ കർഷകർ മനസ്സിലാക്കിയിട്ടുണ്ട് - അക്ഷരാർത്ഥത്തിലും ആലങ്കാരികമായും. അവയ്ക്കോരോന്നിനും 4,000-5,000 കിലോ തൂക്കമുള്ളതുകൊണ്ടല്ല ഇത്. കവർച്ചക്കാരായ ഈ ആനകളുടെ കൃത്യമായ ഉയരവും തൂക്കവും അടുത്ത് നിന്ന് പരിശോധിക്കുന്നതിലുള്ള ഉത്സാഹക്കുറവിന് പ്രദേശവാസികളോട് ക്ഷമിക്കാം.

രണ്ട് സംസ്ഥാനങ്ങളുടെ (തമിഴ്‌നാട്, കർണ്ണാടക) അതിർത്തിയിലുള്ള കൃഷ്ണഗിരി ജില്ലയിലാണ് ഞങ്ങൾ. തേന്‍കനികോട്ടൈയിലുള്ള നാഗി റെഡ്ഡിയുടെ ഗ്രാമം വദ്ര പാളയം വനത്തിൽ നിന്നും ആനകളിൽ നിന്നും അകലെയല്ല. അദ്ദേഹത്തിന്‍റെ വയലുകളിൽ നിന്ന് ഏതാനും മീറ്റർ ദൂരത്തുളള സിമന്‍റ് വരാന്തയിലാണ് ഞങ്ങളിരുന്നത്. 86 വയസ്സുള്ള കർഷകനായ നാഗണ്ണ (നാട്ടുകാർ അങ്ങനെയാണ് അദ്ദേഹത്തെ വിളിക്കുന്നത്) വളരെ പോഷകസമൃദ്ധമായ പഞ്ഞപ്പുല്ല് കൃഷിചെയ്യുന്നു. ദശകങ്ങൾകൊണ്ട് കൃഷിയിലെ എല്ലാ അവസ്ഥകൾക്കും (നല്ലതും മോശവും പലപ്പോഴും ഏറ്റവും ഭീകരവും) സാക്ഷ്യം വഹിച്ചത് അദ്ദേഹം ഓർമ്മിക്കുന്നു.

“എന്‍റെ ചെറുപ്പത്തിൽ ആനകളെ പഞ്ഞപ്പുല്ലിന്‍റെ മണം ആകർഷിക്കുമ്പോള്‍ പോലും സീസണിൽ കുറച്ചു ദിവസങ്ങളിലേ അവ വരുമായിരുന്നുള്ളൂ”, ഇപ്പോഴോ? "അവ മിക്കപ്പോഴും വരുന്നു, വിളകളും ഫലങ്ങളും തിന്ന് അവയ്ക്ക് പരിചയമായി.”

ഇതിന് രണ്ട് കാരണങ്ങളുണ്ട്, നാഗണ്ണ തമിഴിൽ വിശദീകരിക്കുന്നു. "1990-ന് ശേഷം, വനത്തിന്‍റെ വലിപ്പവും ലക്ഷണവും കുറഞ്ഞു വന്നപ്പോൾ ആനകളുടെ എണ്ണം വർദ്ധിച്ചു. അതുകൊണ്ട് അവ ഭക്ഷണത്തിനായി ഇവിടെ വരുന്നു. ഒരു നല്ല ഹോട്ടലിൽ ചെല്ലുമ്പോൾ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോട് പറയുന്നതു പോലെ അവര്‍ അവരുടെ സുഹൃത്തുക്കളോടും പറയുന്നു”, അദ്ദേഹം നെടുവീർപ്പെടുകയും പുഞ്ചിരിക്കുകയും ചെയ്തു. വിരുദ്ധോക്തി നിറഞ്ഞ അദ്ദേഹത്തിന്‍റെ താരതമ്യം അദ്ദേഹത്തെ രസിപ്പിച്ചു, ഞങ്ങളെ അതിശയിപ്പിക്കുകയും ചെയ്തു.

PHOTO • M. Palani Kumar
PHOTO • Aparna Karthikeyan

ഇടത്: നാഗി റെഡ്ഡിയുടെ പാടത്തെ കെയ്യാറായ പഞ്ഞപ്പുല്ല്. ആനകളെ ഓടിക്കാനായി വനം വകുപ്പധികൃതർ നൽകിയ എൽ.ഇ.ഡി. ടോർച്ചിന്‍റെ വെട്ടം തന്‍റെ മകൻ ആനന്ദ്‌രാമു പ്രദർശിപ്പിക്കുന്നത് നാഗി റെഡ്ഡി നോക്കുന്നു

അവർ അവയെ എങ്ങനെയാണ് കാട്ടിലേക്ക് തിരികെ അയയ്ക്കുന്നത്? "ഞങ്ങൾ കൂവും. ബാറ്ററി തെളിക്കും”, എൽ.ഇ.ഡി. ടോർച്ച് ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ മകൻ ആനന്ദ്‌രാമു (പൊതുവെ ആനന്ദ എന്ന് വിളിക്കപ്പെടുന്നു) വനംവകുപ്പ് അദ്ദേഹത്തിന് നൽകിയ ലൈറ്റ് തെളിച്ചു. ഇത് നല്ല ശോഭയും വെള്ള വെളിച്ചവുമുള്ള നീട്ടിയടിക്കാവുന്ന ഒന്നാണ്. "പക്ഷെ രണ്ടാനകളെ പോകൂ”, നാഗണ്ണ പറഞ്ഞു.

“മൊട്ടൈവാൽ തിരിഞ്ഞു നിന്ന് കണ്ണുകൾ മറച്ച് തീറ്റ തുടരും”, വരാന്തയുടെ ഒരു കോണിലേക്ക് മാറി ടോർച്ചിന് പുറം തിരിഞ്ഞുനിന്ന് ആനന്ദ അതെങ്ങനെയെന്ന് കാണിച്ചു. "മുഴുവൻ തിന്നാതെ മൊട്ടൈവാൽ പോകില്ല. അവൻ ഇങ്ങനെ പറയുന്നതു പോലെ: താൻ തന്‍റെ ജോലി ചെയ്യ് – വെട്ടമടിക്ക്, ഞാൻ എന്‍റെ ജോലി ചെയ്യട്ടെ – എന്‍റെ വയർ നിറയുന്നതുവരെ തിന്നട്ടെ.”

വയർ വലുതായതുകൊണ്ട് മൊട്ടൈവാൽ അവന് കിട്ടുന്നത് മുഴുവൻ തിന്നും. പഞ്ഞപ്പുല്ലാണ് പ്രിയപ്പെട്ടത്. ചക്കയും അങ്ങനെ തന്നെ. ഉയർന്ന ശിഖരങ്ങൾ എത്തിപ്പിടിക്കാൻ പറ്റിയില്ലെങ്കിൽ അവൻ തന്‍റെ മുൻകാലുകൾ മരത്തിൽ സ്ഥാപിച്ച് നീണ്ട തുമ്പിക്കൈ കൊണ്ട് ചക്ക പറിക്കും. മരത്തിന് ഇനിയും ഉയരമുണ്ടെങ്കിൽ അവൻ നിസ്സാരമായി അത് പിടിച്ചു കുലുക്കും. അങ്ങനെ പഴം തിന്നും. “മൊട്ടൈവാലിന് പത്തടി ഉയരമുണ്ട്”, നാഗണ്ണ പറഞ്ഞു. "രണ്ടു കാലുകളിൽ നിന്നാൽ അവന് പിന്നെയും ആറോ എട്ടോ അടി കൂടി എത്തിപ്പിടിക്കാൻ കഴിയും”, ആനന്ദ കൂട്ടിച്ചേർത്തു.

"പക്ഷെ മൊട്ടൈവാൽ മനുഷ്യനെ ഉപദ്രവിക്കില്ല. അവൻ ചോളവും മാങ്ങയും തിന്നും. പാടത്ത് എന്തൊക്കെ വിളകളുണ്ടോ അത് മുഴുവൻ ചവിട്ടി മെതിക്കും. ആനകൾ ഇട്ടിട്ട് പോകുന്നതൊക്കെ കുരങ്ങന്മാരും പന്നികളും തിന്നുതീർക്കും”, നാഗണ്ണ പറഞ്ഞു. എല്ലാസമയവും ഞങ്ങൾ കാവൽ നിൽക്കണം. ഇല്ലെങ്കിൽ, കുരങ്ങുകൾ അടുക്കളയിൽ കയറി, പാലും തൈരും വരെ പോകും.

"അതും പോരെന്നപോലെ കാട്ടുനായ്ക്കൾ ഞങ്ങളുടെ കോഴികളെയും തിന്നും. കൂടാതെ പുള്ളിപ്പുലികൾ ഇറങ്ങി ഞങ്ങളുടെ വളർത്തു നായകളെയും തിന്നും. കഴിഞ്ഞ ആഴ്ചയിലേതു പോലെ..." അദ്ദേഹം പുലി വേട്ടയാടാൻ വരുന്ന വഴിയിലേക്ക് തന്‍റെ വിരൽ ചൂണ്ടി. എന്നെ വിറയ്ക്കാൻ തുടങ്ങി. രാവിലെയുള്ള തണുപ്പ് മാത്രമായിരുന്നില്ല കാരണം, വനത്തിനരികിൽ, അനിശ്ചിതത്വത്തിന് നടുവിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ട ചിന്തകൾ കൊണ്ടു കൂടിയായിരുന്നു.

അവർ എങ്ങനെ ഇതൊക്കെ കൈകാര്യം ചെയ്യുന്നു? ഞാൻ ചോദിച്ചു. "ഞങ്ങളുടെ വീടുകളിലേക്ക് വേണ്ടത്ര റാഗി മാത്രമെ ഞങ്ങൾ കൃഷി ചെയ്യുന്നുള്ളൂ, ഒന്നരയേക്കറിൽ”, ആനന്ദ വിശദീകരിച്ചു. "80 കിലോ ചാക്കിന് 2,200 രൂപ, ഞങ്ങൾക്ക് ലാഭം കിട്ടാൻ ആ വില തീർത്തും അപര്യാപ്തമാണ്. കൂടാതെ, അസമയത്തുള്ള മഴയും. ബാക്കിയുള്ളത് മൃഗങ്ങളും തിന്നും. ഈ പ്രദേശത്തെ ബാക്കിയുള്ളവർ റാഗിയിൽ നിന്നും റോസാചെടിയിലേക്ക് നീങ്ങി.”

ആനകൾ പൂക്കളെ ശ്രദ്ധിക്കാറില്ല. ഇതുവരെയില്ല, എന്തായാലും...

PHOTO • M. Palani Kumar

ആനന്ദ്‌രാമു ആനയുടെ വഴി കാണിക്കുന്നു. മൃഗങ്ങൾ ഇടയ്ക്കൊക്കെ വിളകളും പഴങ്ങളും തിന്നാൻ വരുന്നു

*****

പഞ്ഞപ്പുൽ പാടത്തിനരികെയുള്ള ഊഞ്ഞാലിൽ ഞാൻ കാത്തിരുന്നു
ഞങ്ങൾ തത്തകളെ ഓടിച്ചിടത്ത് അദ്ദേഹം വന്നു ,
അപ്പോള്‍ ഞാന്‍ പറഞ്ഞു , " പ്രഭോ , എന്‍റെ ഊഞ്ഞാലൊന്നാട്ടി തരിക ”;
" ശരി കുട്ടീ " എന്ന് പറഞ്ഞ് അദ്ദേഹം ഊഞ്ഞാലാട്ടി ;
പിടിവിട്ടതുപോലെ ഞാനദ്ദേഹത്തിന്‍റെ മാറിലേക്ക് വീണു ;
അത് സത്യമെന്ന് വിചാരിച്ച് അദ്ദേഹമെന്നെ മുറുകെ പിടിച്ചു ;
ലസ്യത്തിലെന്നപോലെ അപ്പോഴും ഞാൻ കിടന്നു

സംഘകാലഘട്ടത്തിൽ കപിലർ എഴുതിയ ‘ കലിത്തൊകൈ ‘ എന്ന കവിതയിലെ ഈ പ്രണയ വരികൾ 2,000 വർഷങ്ങൾ പഴക്കമുള്ളതാണ്. ചോളത്തെക്കുറിച്ചുള്ള പരാമർശം അസാധാരണമായിരുന്നില്ല. ഓൾഡ്‌തമിൾപോയട്രി.കോം നടത്തുന്ന ചെന്തിൽ നാഥൻ പറഞ്ഞു. അദ്ദേഹം സംഘം കൃതികളിലെ കാവ്യകൃതികൾ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ഒരു ബ്ലോഗാണിത്.

"സംഘം കൃതികളിലെ പ്രണയ കവിതകളുടെ പശ്ചാത്തലമാണ് ചെറുധാന്യങ്ങളുടെ പാടങ്ങള്‍”, ചെന്തിൽ നാഥൻ പറയുന്നു. "ഏറ്റവും അടിസ്ഥാനപരമായ ഒരന്വേഷണം കാണിക്കുന്നത് ചെറുധാന്യങ്ങളെക്കുറിച്ച് 125 തവണ പ്രസ്താവിച്ചിട്ടുണ്ടെന്നാണ്. നെല്ലിനെക്കുറിച്ചുള്ള പരാമർശത്തേക്കാൾ കുറച്ചു കൂടുതലാണിത്. സംഘകാലഘട്ടത്തിലെ (ഏതാണ്ട് 200 ബി.സി.ഇ. മുതൽ 200 സി.ഇ. വരെ) ആളുകൾക്ക് ചെറുധാന്യങ്ങള്‍ പ്രധാനപ്പെട്ടതായിരുന്നുവെന്ന് അതിനാൽ എളുപ്പത്തിൽ ഊഹിക്കാവുന്നതാണ്. അക്കൂട്ടത്തിൽ തിനയാണ് പ്രധാനമായും മുന്നിട്ടു നിന്നിരുന്നത്. തുടർന്ന് വരുന്നത് വരകും.

റാഗി ഉണ്ടായത് കിഴക്കേ ആഫ്രയിലെ ഉഗാണ്ടയിലാണെന്ന് ഇൻഡ്യൻ ഫുഡ് : എ ഹിസ്റ്റോറിക്കൽ കമ്പാനിയൻ എന്ന തന്‍റെ പുസ്തകത്തിൽ കെ. റ്റി. അച്ചായ പറയുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഇത് ദക്ഷിണേന്ത്യയിൽ എത്തുകയും, "കർണ്ണാടകയിൽ തുംഗഭദ്ര നദിയുടെ തീരത്ത് ഹല്ലൂരിലും (1800 ബി.സി.ഇ.)” പിന്നെ, "തമിഴ്‌നാട്ടിലെ പയ്യമ്പള്ളിയിലും (1390 ബി.സി.ഇ.)” ഇത് കണ്ടെത്തുകയും ചെയ്തു. അതായത് നാഗണ്ണയുടെ വീട്ടിൽ നിന്നും ഏകദേശം 200 കിലോമീറ്റർ അകലെ.

തമിഴ്‌നാടിന് ഇന്ത്യയിൽ പഞ്ഞപ്പുൽ ഉൽപാദനത്തിൽ രണ്ടാം സ്ഥാനമുണ്ട് . ഇവിടെ വാർഷിക വിളവെടുപ്പ് 2.745 ലക്ഷം മെട്രിക് ടണ്ണിൽ എത്തിയിരിക്കുന്നു. സംസ്ഥാനത്തെ ആകെ ഉൽപാദനത്തിന്‍റെ 42 ശതമാനവും നാഗി റെഡ്ഡിയുടെ വീടിരിക്കുന്ന കൃഷ്ണഗിരി ജില്ലയിൽ നിന്നു മാത്രമാണ്.

ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാർഷിക സംഘടന (എഫ്.എ.ഓ.) പഞ്ഞപ്പുല്ലിന്‍റെ നിരവധി 'പ്രത്യേക സവിശേഷതകൾ' തിട്ടപ്പെടുത്തുന്നു. പയറുകൾക്കിടയിൽ അധികവരുമാനം ഉണ്ടാക്കാനായി ഇത് ഇടവിളയായി കൃഷി ചെയ്യാമെന്നതാണ് അതിലൊന്ന്. ഇത് കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട വിളവ് നൽകുകയും വളക്കൂർ കുറഞ്ഞ മണ്ണില്‍ പിടിക്കുകയും ചെയ്യുന്നു.

PHOTO • Aparna Karthikeyan
PHOTO • Aparna Karthikeyan

പഞ്ഞപ്പുല്ലിന്‍റെ ധാന്യക്കതിരും ( ഇടത് ) ധാന്യങ്ങളും . തമിഴ്‌നാട്ടിലെ ചോളത്തിന്‍റെ 42 ശതമാനവും ഉൽപാദിപ്പിക്കുന്നത് കൃഷ്ണഗിരി ജില്ലയിലാണ്

എന്നിരിക്കിലും പഞ്ഞപ്പുല്ലിന്‍റെ ഉൽപാദനത്തിലും ജനപ്രിയതയിലും ഇടിവ് തട്ടി. ഈ ഇടിവ് ഹരിത വിപ്ലവത്തെ തുടർന്ന് അരിയും ഗോതമ്പും ഉയർന്ന രീതിയിൽ ജനപ്രിയമായതോടെയാണ് സംഭവിച്ചത് – അവ പൊതുവിതരണ സമ്പ്രദായത്തിലൂടെയും (പി.ഡി.എസ്.) എളുപ്പത്തിൽ ലഭ്യമായി തുടങ്ങി.

ഇന്ത്യയിലുടനീളം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഖരീഫ് സീസണിലെ റാഗി ഉൽപാദനത്തിൽ ഏറ്റക്കുറച്ചിലുണ്ടായിട്ടുണ്ട്. പക്ഷെ 2021-ൽ 2 ദശലക്ഷം ടണ്ണിനടുത്ത് ആകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നിരിക്കിലും 2022-ലേക്കുള്ള ആദ്യകണക്കുകൾ ഇടിവ് സംഭവിക്കുമെന്ന് പറഞ്ഞിരുന്നു. 2010-ലേക്കുള്ള കണക്ക് 1.89 ദശലക്ഷം ടണ്ണായിരുന്നു. 2022 ധനകാര്യ വർഷത്തേക്കുള്ള പദ്ധതി (ആദ്യ കണക്കുകൾ) ഏതാണ്ട് 1.52 ദശലക്ഷം ടണ്ണായിരുന്നു.

ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ധൻ ഫൗണ്ടേഷൻ പറയുന്നത്, "പോഷകസംബന്ധമായ ഗുണങ്ങളും കാലാവസ്ഥാ പ്രതിരോധശേഷിയും ഉണ്ടെങ്കിലും കഴിഞ്ഞ 5 ദശകങ്ങളിൽ ഇന്ത്യയിലെ മറ്റ് ചെറുധാന്യങ്ങളുടെ ഉപഭോഗം 83 ശതമാനമായി കുറഞ്ഞപ്പോൾ പഞ്ഞപ്പുല്ലിന്‍റെ ഉപഭോഗം 47 ശതമാനമായി കുറഞ്ഞു എന്നാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ റാഗി ഉൽപാദനം നടത്തുന്ന അയൽ സംസ്ഥാനമായ കർണ്ണാടകയിൽ "ഗ്രാമീണ കുടുംബങ്ങളുടെ പഞ്ഞപ്പുല്ലിന്‍റെ ശരാശരി പ്രതിശീർഷ പ്രതിമാസ ഉപഭോഗം 2004-05-ൽ 1.8 കിലോഗ്രാം ആയിരുന്നതിൽ നിന്നും 2011-12 ആയപ്പോഴേക്കും 1.2 കിലോഗ്രാമായി കുറഞ്ഞു.”

എങ്കിലും ചില സമുദായങ്ങളും ഭൂപ്രദേശങ്ങളും റാഗി ഉൽപാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും തുടർന്നതിനാൽ അത് അതിജീവിച്ചു. കൃഷ്ണഗിരി അവയിലൊന്നായിരുന്നു.

*****

കൂടുതൽ റാഗി കൃഷി ചെയ്യുമ്പോൾ കൂടുതൽ കാലികളെ നിങ്ങൾക്ക് സംരക്ഷിക്കാൻ കഴിയും , കൂടാതെ [ മെച്ചപ്പെട്ട ] ഒരു പ്രതിവാര വരുമാനം ഉണ്ടാക്കാനും. കാലിത്തീറ്റയില്ലാത്തതിനാൽ ആളുകൾ കാലികളെ വിറ്റു.
എഴുത്തുകാരനും കർഷകനുമായ ഗോപകുമാർ മേനോൻ

PHOTO • Aparna Karthikeyan
PHOTO • Aparna Karthikeyan

ഇടത്: ഗോല്ലാപല്ലി ഗ്രാമത്തിലെ തന്‍റെ പാടത്തെ റാഗി തണ്ടുമായി ഗോപകുമാർ . വലത് : മഴ മൂലം നശിച്ച റാഗിയുടെ ഒരു കതിർ

നാഗണ്ണയുടെ വീട് സന്ദർശിക്കുന്നതിന് മുമ്പുള്ള രാത്രി ഞങ്ങളുടെ ആതിഥേയനായ ഗോപകുമാർ മേനോൻ ത്രസിപ്പിക്കുന്ന ഒരു ആനക്കഥ പറഞ്ഞു. ഡിസംബറിന്‍റെ തുടക്കത്തിൽ ഗോല്ലാപല്ലിയിലുള്ള അദ്ദേഹത്തിന്‍റെ വീടിന്‍റെ ടെറസിൽ ഞങ്ങൾ ഇരിക്കുകയായിരുന്നു. ഞങ്ങൾക്കു ചുറ്റും എല്ലാം ഇരുണ്ടതും തണുപ്പുള്ളതും വന്യമാംവിധം മനോഹരവുമായിരുന്നു. രാത്രിയിലുണർന്നിരിക്കുന്നവർ കുറച്ചുപേർ മാത്രം. അവർ പാടുകയും മൂളുകയും ചെയ്യുന്നു. അത് ഒരേമയം സമാശ്വാസം നൽകുന്നതും സംഭ്രമിപ്പിക്കുന്നതുമായിരുന്നു.

“മൊട്ടൈവാൽ ഇവിടുണ്ടായിരുന്നു”, കുറച്ചു മാറിനിൽക്കുന്ന ഒരു മാവ് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. "അവന് മാങ്ങ വേണമായിരുന്നു, പക്ഷെ പഴം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടവൻ മരം കുലുക്കി.” ഞാൻ ചുറ്റും നോക്കി, എല്ലാം ആനയുടെ രൂപത്തിൽ. "വിഷമിക്കേണ്ട, അവനിപ്പോൾ ഇവിടുണ്ടായിരുന്നെങ്കിൽ നിങ്ങൾ അറിയുമായിരുന്നു”, ഗോപ എന്നോടുറപ്പിച്ചു പറഞ്ഞു.

അടുത്ത ഒരു മണിക്കൂർ ഗോപ എന്നോട് ഒരുപാട് കഥകൾ പറഞ്ഞു. അദ്ദേഹം ബിഹേവിയറൽ ഇക്കണോമിക്സിൽ ഒരു റിസോഴ്സ് പേഴ്സണും എഴുത്തുകാരനും കോർപ്പറേറ്റ് ഫെസിലിറ്റേറ്ററുമാണ്. ഏതാണ്ട് 15 വർഷങ്ങൾക്കു മുൻപ് ഗൊല്ലാപല്ലിയിൽ അദ്ദേഹം കുറച്ച് സ്ഥലം വാങ്ങി. കൃഷി ചെയ്യാമെന്നും കരുതി. അപ്പോഴാണ് കൃഷി എത്രമാത്രം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് അദ്ദേഹത്തിന് മനസ്സിലായത്. ഇപ്പോൾ അദ്ദേഹം തന്‍റെ രണ്ടേക്കറിൽ നാരകവും മുതിരയും മാത്രം കൃഷി ചെയ്യുന്നു. മുഴുവൻ സമയ കർഷകർക്ക് (ഇതിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നവർ) ഇത് ബുദ്ധിമുട്ടാണ്. പ്രതികൂലമായ നയനിർദ്ദേശങ്ങൾ, കാലാവസ്ഥ വ്യതിയാനം, കുറഞ്ഞ സംഭരണ വില, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനം എന്നിവയെല്ലാം ചേർന്ന് പരമ്പരാഗതമായ റാഗിയെ നശിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് നടത്താനിരുന്ന (പിന്നീട് തിരുത്തിയതുമായ) കാർഷിക നിയമങ്ങൾ ഫലവത്താകാതിരുന്നത് എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് പഞ്ഞപ്പുൽ”, ഗോപ പറഞ്ഞു. "നിയമം പറയുന്നു നിങ്ങൾക്കിത് ആർക്കു വേണമെങ്കിലും വിൽക്കാമെന്ന്. തമിഴ്‌നാടിന്‍റെ കാര്യമെടുക്കുക. ഇതൊരു സാദ്ധ്യത ആയിരുന്നെങ്കിൽ കർഷകർ കൂടുതൽ കൃഷി ചെയ്യുമായിരുന്നു, ഇല്ലേ? എന്തിനാണ് കുറഞ്ഞ താങ്ങുവില ക്വിന്‍റലിന് 3,377 രൂപ ആയ കർണ്ണാടകയിലേക്ക് അവരിത് കടത്തുന്നത് [തമിഴ്‌നാട്ടിൽ തനിക്ക് വളരെ കുറഞ്ഞ വില ലഭിക്കുമ്പോഴാണിതെന്ന് ആനന്ദ പറയുന്നു]?"

തമിഴ്‌നാടിന്‍റെ ഈ ഭാഗത്ത് ആളുകൾക്ക് താങ്ങുവില ലഭിക്കാതായി. അതുകൊണ്ടാണ് കുറച്ചാളുകൾ ഇത് കർണ്ണാടകയിലേക്ക് കടത്തുന്നതെന്ന് ഗോപ മേനോൻ പറഞ്ഞു.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഗൊല്ലാപല്ലിക്ക് തൊട്ടുപുറത്ത് കർഷകനായ ശിവകുമാരൻ പാട്ടത്തിനെടുത്ത പാടത്ത് പണിക്കാർ പഞ്ഞപ്പുൽ കൊയ്യുന്നു

നിലവിൽ തമിഴ്‌നാട്ടിലെ ഹൊസൂർ ജില്ലയിലെ നിരക്ക് “ഉയർന്ന ഗുണമേന്മയുള്ള റാഗിക്ക് കിലോയ്ക്ക് 2,200 രൂപയും രണ്ടാം ഗുണമേന്മയുള്ളതിന് 2,000 രൂപയുമാണ്. അതിനാൽ ഫലത്തിൽ കിലോയ്ക്ക് 25-നും 27-നും ഇടയ്ക്ക്”, ആനന്ദ പറഞ്ഞു.

ഇപ്പോൾ ഇതാണ് ഒരു ദല്ലാൾ ശിപായി അവർക്ക് വീട്ടിലെത്തിച്ചു നൽകുന്ന വില. റാഗി കൈമാറി വരുമ്പോൾ ആ മനുഷ്യൻ ലാഭമുണ്ടാക്കുന്നു (ബാഗിന് ഏകദേശം 200 രൂപ ആനന്ദ കണക്കു കൂട്ടുന്നു). വിൽക്കാനായി കർഷകർ നേരിട്ട് മണ്ഡിയിലേക്ക് പോവുകയായിരുന്നെങ്കിൽ ഉയർന്ന ഗുണമേന്മയുള്ളതിന് അവർക്ക് 2,350 രൂപ കിട്ടുമായിരുന്നിരിക്കണം (80 കിലോയുടെ ഒരു ചാക്കിന്). പക്ഷെ അദ്ദേഹം അതിൽ ഒരു ലാഭവും കാണുന്നില്ല. "സാധനം കയറ്റുന്നതിനും ടെമ്പോയ്ക്കും മണ്ഡിയിലെ കമ്മീഷനും എന്തായാലും ഞാൻ പണം മുടക്കണം..."

തമിഴ്‌നാട്ടിലേതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ എം.എസ്.പി. (കുറഞ്ഞ താങ്ങുവില) ലഭിക്കുമെങ്കിലും കർണ്ണാടകയിലും കുറച്ച് കർഷകർ സംഭരണത്തിലുള്ള കാലതാമസം കാരണം താങ്ങുവിലയേക്കാൾ 35 ശതമാനം താഴ്ന്ന വിലയ്ക്കാണ് വിൽക്കുന്നത് .

"എല്ലായിടത്തും യഥാവിധിയുള്ള എം.എസ്.പി. നടപ്പിലാക്കുക”, ഗോപ മേനോൻ പറഞ്ഞു. നിങ്ങൾ 35 രൂപയ്ക്ക് ഒരു കിലോ വാങ്ങിയാൽ ആളുകൾ ഇത് കൃഷി ചെയ്യും. ഇല്ലെങ്കിൽ ഈ പ്രദേശത്ത് സംഭവിക്കുന്നതെന്തോ അത് (പൂക്കൾ ശേഖരിക്കുന്നതിലേക്കും തക്കാളി, ഫ്രഞ്ച് ബീൻസ് എന്നിവയിലേക്കും ആളുകൾ മാറുന്നത്) സ്ഥിരമാകും.

ഗ്രാമത്തിലെ അദ്ദേഹത്തിന്‍റെ അയൽവാസി മദ്ധ്യവയസ്കനായ ചെറുകിട കർഷകൻ സീനപ്പയ്ക്ക് കൂടുതൽ തക്കാളി വളർത്തണമെന്നുണ്ട്. "ഇതൊരു ലോട്ടറിയാണ്”, സീനപ്പ പറഞ്ഞു. "തക്കാളി വളർത്തി 3 ലക്ഷം രൂപ ലാഭം കൊയ്ത ഒരു കർഷകനാണ് എല്ലാവരേയും സ്വാധീനിക്കുന്നത്. പക്ഷെ മുടക്കുമുതൽ വളരെ കൂടുതലാണ്. വിലയുടെ ചാഞ്ചാട്ടം അവിശ്വസനീയവും. കിലോയ്ക്ക് ഒരുരൂപ എന്ന തകർന്ന വിൽപന വില മുതൽ 120 രൂപയെന്ന ഉയർന്ന വിലവരെ.”

സീനപ്പയ്ക്ക് കുറച്ച് മെച്ചപ്പെട്ട വില ലഭിക്കുകയാണെങ്കിൽ അദ്ദേഹം തക്കാളി നിർത്തി കൂടുതൽ റാഗി കൃഷി ചെയ്യും. "കൂടുതൽ റാഗി നിങ്ങൾ കൃഷി ചെയ്യുമ്പോൾ കൂടുതൽ കാലികളെ നിങ്ങൾക്ക് സംരക്ഷിക്കാൻ കഴിയും, കൂടാതെ [മെച്ചപ്പെട്ട] ഒരു പ്രതിവാര വരുമാനം ഉണ്ടാക്കാനും. കാലിത്തീറ്റയില്ലാത്തതിനാൽ ആളുകൾ കാലികളെ വിറ്റു.”

PHOTO • M. Palani Kumar
PHOTO • Aparna Karthikeyan

ഇടത്: കൊയ്ത വിള കെട്ടാക്കി വച്ചിരിക്കുന്നു. റാഗി രണ്ടുവർഷം വരെ സൂക്ഷിക്കാൻ സാധിക്കും. വലത്: കൂനയാക്കി വച്ചിരിക്കുന്ന വൈക്കോല്‍ കാലിത്തീറ്റയാക്കി ഉപയോഗിക്കാം

ഇവിടെയുള്ള എല്ലാ ആളുകളുടെയും പ്രധാന ഭക്ഷണക്രമം റാഗിയാണെന്ന് ഗോപ മേനോൻ പറഞ്ഞു. “പണത്തിന് ആവശ്യം ഉണ്ടെങ്കിൽ മാത്രമെ റാഗി വിൽക്കൂ. രണ്ടുവർഷം വരെ ഇത് സൂക്ഷിക്കാൻ കഴിയും, ആവശ്യമുള്ളപ്പോൾ പുറത്തെടുത്ത് കഴിക്കാനും. മറ്റു വിളകൾ അത്രത്തോളം നന്നായി സൂക്ഷിക്കാൻ കഴിയില്ല. ഒന്നുകിൽ നിങ്ങൾ പെട്ടെന്ന് പണമുണ്ടാക്കുക, അല്ലെങ്കിൽ നിങ്ങൾ തീരും.”

പ്രദേശത്തെ പ്രശ്നങ്ങൾ പലതാണ്, അവ സങ്കീർണ്ണവും. "പൂക്കളിറുക്കുന്നത് പ്രധാനമായും ചെന്നൈ വിപണിയിലേക്കാണ് പോകുന്നത്”, ഗോപ മേനോൻ പറഞ്ഞു. "ഒരു വാഹനം പാടത്തിന്‍റെ കവാടത്തിലെത്തുന്നു, അവിടെ നിന്ന് പണവും കിട്ടും. എന്നാൽ ഏറ്റവും മൂല്യവത്തായ റാഗിയുടെ കാര്യത്തിൽ ഒരുറപ്പുമില്ല. പ്രാദേശിക ഇനത്തിനും സങ്കരയിനത്തിനും ജൈവയിനത്തിനുമെല്ലാം ഒരേ വിലയുമാണ്.”

“സമ്പന്ന കര്‍ഷകര്‍ വൈദ്യുതി വേലികളും ഭിത്തികളും സ്ഥാപിച്ച് ആനകളെ പാവപ്പെട്ട കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്. സമ്പന്ന കര്‍ഷകര്‍ മറ്റെന്തെങ്കിലുമൊക്കെയാണ് വളര്‍ത്തുന്നത്. പാവപ്പെട്ടവര്‍ കര്‍ഷകര്‍ റാഗി വളര്‍ത്തുന്നു.” എന്നിരിക്കിലും, ഗോപ തുടരുന്നു, “ഇവിടുത്തെ കര്‍ഷകര്‍ ആനകളോട് അവിശ്വസനീയമാംവണ്ണം സഹിഷ്ണുത കാണിക്കുന്നവരാണ്. ഇവിടെ പ്രശ്നമെന്തെന്നാല്‍ അവയുണ്ടാക്കുന്ന നാശത്തിന്‍റെ പത്തിലൊന്നേ അവ കഴിക്കുന്നുള്ളൂ എന്നതാണ്. ഞാന്‍ മൊട്ടൈവാലിനെ 25 അടി അകലത്തില്‍ കണ്ടിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു. ആനക്കഥകള്‍ വീണ്ടും സജീവമായി. “ആളുകളെപ്പോലെ മൊട്ടൈവാലും ഒന്നിലധികം സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു. അവനൊരു തമിഴ് നിവാസിയാണ്. അവന്‍ ബഹുമാന്യനായ കന്നഡികനുമാണ്. മക്കനയാണ് അവന്‍റെ ഡെപ്യൂട്ടി. എങ്ങനെ വൈദ്യുതിവേലി കടക്കണമെന്ന് അവന്‍ മക്കനയെ കാണിച്ചുതരുന്നു.

കാര്യങ്ങളൊക്കെ കേട്ടുകൊണ്ട് മൊട്ടൈവാല്‍ ടെറസ്സിന് തൊട്ടടുത്തുണ്ടെന്ന് പെട്ടെന്ന് തോന്നി. “ഒരുപക്ഷെ ഞാന്‍ ഹോസൂരില്‍ പോയി കാറില്‍ കിടന്നുറങ്ങും”, പേടിയോടെ ഞാന്‍ ചിരിച്ചു. ഗോപയ്ക്ക് രസം തോന്നി. “മൊട്ടൈവാല്‍ ഒരു വമ്പന്‍ കക്ഷിയാണ്, അവന്‍ വലുതാണ്‌”, പ്രതീതി സൃഷ്ടിക്കുന്നതിനായി അദ്ദേഹം ശബ്ദം വലിച്ചുനീട്ടി പറഞ്ഞു. “പക്ഷെ അവനൊരു മാന്യനാണ്.” അവനെ (അല്ലെങ്കില്‍ മറ്റൊരാനയേയും) ഉടനെയൊന്നും കാണരുതേയെന്നാണ് എന്‍റെ പ്രാര്‍ത്ഥന. പക്ഷെ ദൈവത്തിന് മറ്റു പദ്ധതികളുണ്ട്...

*****

യഥാര്‍ത്ഥ തദ്ദേശീയ റാഗിക്ക് വിളവ്‌ കുറവായിരുന്നു, പക്ഷെ രുചിയും പോഷകവും കൂടുതലും.
കൃഷ്ണഗിരിയിലെ റാഗി കര്‍ഷകനായ നാഗി റെഡ്ഡി

PHOTO • M. Palani Kumar

ഇടത്തുനിന്ന്: നാഗണ്ണ (നാഗി റെഡ്ഡി), മരുമകള്‍ പ്രഭ, മകന്‍ ആനന്ദ എന്നിവര്‍ വദ്ര പാളയം ഗ്രാമത്തിലെ അവരുടെ വീടിന്‍റെ വരാന്തയില്‍. ‘അഞ്ചിനം റാഗികളെക്കുറിച്ച് ഞാന്‍ ഓര്‍മ്മിക്കുന്നു’ നാഗണ്ണ പറയുന്നു

നാഗണ്ണയുടെ ചെറുപ്പത്തില്‍ റാഗി അദ്ദേഹത്തിന്‍റെ നെഞ്ചൊപ്പം വളരുമായിരുന്നു. അദ്ദേഹം പൊക്കമുള്ള (5 അടി 10 ഇഞ്ച് അടുത്ത്) മെലിഞ്ഞ മനുഷ്യനാണ്. മുണ്ടും ബനിയനും ധരിച്ച് ഒരു കുറിയമുണ്ട് തോളിലൂടെ ചുറ്റിയിരിക്കുന്നതാണ് അദ്ദേഹത്തിന്‍റെ വേഷം. ചിലപ്പോള്‍ ഒരു വടി കൈയില്‍ കാണും. സാമൂഹ്യ സന്ദര്‍ശന വേളകളില്‍ ഒരു വെളുത്ത ഉടുപ്പിടും.

“അഞ്ചിനം റാഗികളെക്കുറിച്ച് ഞാന്‍ ഓര്‍മ്മിക്കുന്നു”, തന്‍റെ വരാന്തയിലിരുന്നുകൊണ്ട് ഗ്രാമവും വീടും മുറ്റവുമെല്ലാം ഒരേസമയം നിരീക്ഷിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ നാട്ടുറാഗിക്ക് മൂന്നോ നാലോ ശാഖകളേ ഉണ്ടായിരുന്നുള്ളൂ. വിളവ്‌ കുറവായിരുന്നു, രുചിയും പോഷകവും ഉയര്‍ന്നതായിരുന്നു.”

സങ്കരയിനങ്ങള്‍ വന്നത് 1980-ലാണെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. അവയുടെ പേരുകള്‍ ചുരുക്കപ്പേരുകളായിരുന്നു – എം.ആര്‍., എച്. ആര്‍. എന്നിങ്ങനെ. അവയ്ക്ക് കൂടുതല്‍ ശാഖകള്‍ ഉണ്ടായിരുന്നു. വിളവ്‌ കൂടുതല്‍ ലഭിച്ചു. 80 കിലോ വീതമുണ്ടായിരുന്ന 5 ചാക്കില്‍നിന്നും 18 ചാക്കുകളിലേക്ക്. പക്ഷെ വിളവ്‌ കൂടുതലാണെന്നത് കര്‍ഷകരെ സന്തോഷിപ്പിക്കുന്നില്ല. കാരണം വാണിജ്യപരമായി കൃഷി ചെയ്യുന്നതിനു തത്തുല്യമായ വരുമാനനേട്ടം ഉണ്ടാകുന്നതിനാവശ്യമായ ഉയര്‍ന്ന വിലയില്ല.

74 വർഷത്തിനുള്ളിൽ അദ്ദേഹം നിരവധി വിളകൾ കൃഷി ചെയ്തു. 12-ാം വയസ്സിൽ അദ്ദേഹം തുടങ്ങിയതാണ്. "ഞങ്ങൾക്ക് വേണ്ടതെല്ലാം ഞങ്ങളുടെ കുടുംബം കൃഷി ചെയ്തു. ഞങ്ങളുടെ പാടത്തെ കരിമ്പിൽ നിന്നും ഞങ്ങൾ ശർക്കര ഉണ്ടാക്കി. ഞങ്ങൾ എള്ള് കൃഷി ചെയ്ത് തടികൊണ്ടുള്ള മില്ലിൽ അതിന്‍റെ വിത്തുകൾ ചതച്ച് എണ്ണയുണ്ടാക്കി. റാഗി, നെല്ല്, മുതിര, മുളക്, വെളുത്തുള്ളി, ഉള്ളി... അങ്ങനെ എല്ലാം ഞങ്ങൾക്കുണ്ടായിരുന്നു.”

പാടമായിരുന്നു അദ്ദേഹത്തിന്‍റെ വിദ്യാലയം. ഔപചാരിക വിദ്യാലയം വളരെ അകലെയും അപ്രാപ്യവും ആയിരുന്നു. പശുക്കളും ആടുകളും ഉൾപ്പെടെയുള്ള കുടുംബവക വളർത്തു ജന്തുക്കളെയും അദ്ദേഹം നോക്കിയിരുന്നു. അതൊരു തിരക്കുപിടിച്ച ജീവിതം ആയിരുന്നു. എല്ലാവർക്കും ജോലിയുണ്ടായിരുന്നു.

നാഗണ്ണയുടെ കൂട്ടുകുടുംബം വലുതായിരുന്നു. അദ്ദേഹത്തിന്‍റെ മുത്തശ്ശൻ ഉണ്ടാക്കിയ വലിയ വീട്ടിലാണ് എല്ലാവരും (45 അംഗങ്ങളെ വരെ അദ്ദേഹം എണ്ണി) ജീവിച്ചത്. 100 വർഷം പഴക്കമുള്ള ഈ കെട്ടിടം തെരുവിന് നേരെ എതിരെയായിരുന്നു. അതോടൊപ്പം കാലിത്തൊഴുത്തും പഴയ കാളവണ്ടിയും ഉണ്ടായിരുന്നു. എല്ലാവര്‍ഷവും റാഗിവിള സൂക്ഷിക്കാൻ വരാന്തയിൽത്തന്നെ ധാന്യപ്പുര നിർമ്മിച്ചിരുന്നു.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: നാഗണ്ണയുടെ പൂർവ്വിക ഭവത്തിലെ കാലിത്തൊഴുത്ത്. വലത്: പഴയ വീട്ടിലെ ധാന്യപ്പുരയോടു കൂടിയ വരാന്ത

നാഗണ്ണയ്ക്ക് 15 വയസ്സ് ഉണ്ടായിരുന്ന സമയത്ത് കുടുംബവക സ്വത്ത് നിരവധി അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു. കുറച്ചു സ്ഥലത്തിന് പുറമെ അന്നത്തെ കാലിത്തൊഴുത്തും അദ്ദേഹത്തിന് ലഭിച്ചു. അത് വൃത്തിയാക്കേണ്ടതും വീട് പണിയേണ്ടതും അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തമായി. “അന്ന് ഓരോ ചാക്ക് സിമന്‍റിനും 8 രൂപയായിരുന്നു – വളരെ വലിയൊരു തുക. 1,000 രൂപയ്ക്ക് ഈ വീട് ഉണ്ടാക്കാനായി ഞങ്ങൾ ഒരു കൽപ്പണിക്കാരനുമായി കരാറുണ്ടാക്കി.

പക്ഷെ അത് പൂർത്തിയാക്കാൻ വർഷങ്ങളെടുത്തു. ഒരു ആടിനെ വിറ്റതും 100 ബ്ലോക്ക് ശർക്കരയും കൊണ്ട് ഭിത്തി കെട്ടാനുള്ള കുറച്ച് ഇഷ്ടികകൾ വാങ്ങി. കാളവണ്ടിയിലാണ് സാധനങ്ങൾ കൊണ്ടുവന്നത്. അന്ന് പണത്തിന് ബുദ്ധിമുട്ടായിരുന്നു. എല്ലാം കഴിഞ്ഞാലും, ഒരുപടി റാഗിക്ക് 8 അണയേ കിട്ടുമായിരുന്നുള്ളൂ (ഈ സംസ്ഥാനത്തെ ഒരു പരമ്പരാഗത അളവാണ് പടി - 60 പടിയാണ് 100 കിലോ).

അവസാനം, വിവാഹിതനാകുന്നതിന് (1970-ൽ) കുറച്ചുവർഷങ്ങൾക്കു മുൻപ് അദ്ദേഹം തന്‍റെ വീട്ടിലേക്ക് മാറി. ആധുനിക രീതിയിലുള്ള ഒരു പണിയും താൻ നടത്തിയില്ല. "കുറച്ച് അവിടെയുമിവിടെയും മാത്രം”, അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ കൊച്ചുമകൻ ഒരു കൊച്ചുകാര്യം ചെയ്തു. മൂർച്ചയുള്ള ഒരായുധം കൊണ്ട് അവൻ തന്‍റെ പേരും ഇഷ്ടപ്പെട്ട സ്ഥാനവും എണ്ണ വിളക്കിന്‍റെ തട്ടിനു മീതെ കൊത്തിയെടുത്തു: 'ദിനേശാണ് ഡോൺ’. അന്നുരാവിലെ ആ 13-കാരനെ ഞങ്ങൾ കണ്ടിരുന്നു – റോഡിലൂടെ നടന്ന് സ്കൂളിലേക്ക് പോകുന്നത്, അപ്പോഴവൻ ഡോൺ എന്നതിനേക്കാൾ നല്ലൊരു കുട്ടിയായി തോന്നിച്ചു. അവൻ ചെറിയ ശബ്ദത്തിൽ അഭിവാദ്യം ചെയ്തതിട്ട് പെട്ടെന്നോടിപ്പോയി.

ഡോണാകാൻ പോകുന്നവന്‍റെ അമ്മ പ്രഭ ഞങ്ങൾക്ക് ചായ നൽകി. മുതിര കൊണ്ടുവരാൻ നാഗണ്ണ അവരോട് പറഞ്ഞു. അവർ അത് ഒരു ഡബ്ബയിലിട്ടാണ് കൊണ്ടുവന്നത്, അവരുടെ കൈയിലിരുന്ന് അതിളകിയപ്പോൾ ഒരുതരം സംഗീതം പോലെ തോന്നി. എങ്ങനെയാണ് ചാറിൽ അത് പാചകം ചെയ്തെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. അതങ്ങനെ തന്നെ കഴിക്കാൻ അദ്ദേഹം പറഞ്ഞു. "പറവയില്ല [ഇത് കുഴപ്പമില്ല]”. ഞങ്ങൾക്ക് എല്ലാവർക്കും കൈനിറയെ ഉണ്ടായിരുന്നു. അത് അണ്ടിപ്പരിപ്പ് പോലെയുള്ളതും, കറുമുറെ ശബ്ദമുണ്ടാക്കുന്നതും, രുചികരവുമായിരുന്നു. "ഉപ്പിട്ട് വറുത്തെടുത്താൽ വളരെ നല്ല രുചിയുണ്ടാവും”, നാഗണ്ണ പറഞ്ഞു. ഞങ്ങൾക്ക് അതിൽ ഒരു സംശയവും ഇല്ലായിരുന്നു.

കൃഷിയിൽ എന്താണ് മാറിയിട്ടുള്ളതെന്ന് ഞാൻ ചോദിച്ചു. "എല്ലാം”, ഒരു മയവുമില്ലാതെ അദ്ദേഹം പറഞ്ഞു. "ചില മാറ്റങ്ങൾ നല്ലതാണ്, പക്ഷെ ആളുകൾക്ക് ജോലി ചെയ്യേണ്ട ആവശ്യമില്ല”, തലയാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 86-ാം വയസ്സിൽ ഇപ്പോഴും അദ്ദേഹം എല്ലാ ദിവസവും പാടത്ത് പോകും. മാറ്റങ്ങൾ തന്നെയും ബാധിക്കുമെന്നതിനാൽ ദൈനംദിന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുമുണ്ട്. "ഇപ്പോൾ നിങ്ങൾക്ക് ഭൂമി ഉണ്ടെങ്കിലും, നിങ്ങൾക്ക് തൊഴിലാളികളെ കിട്ടില്ല", അദ്ദേഹം ചൂണ്ടിക്കാട്ടി.

PHOTO • M. Palani Kumar

തന്‍റെ വീടിന്‍റെ വരാന്തയിലിരുന്ന് തന്‍റെ കുട്ടിക്കാലം മുതലുള്ള കഥകൾ നാഗണ്ണ പറയുന്നു

“ആളുകൾ നിങ്ങളോട് പറയും റാഗി കൊയ്യാൻ യന്ത്രങ്ങൾ ഉണ്ടെന്ന്. പക്ഷെ യന്ത്രത്തിന് ശാഖകൾ തിരിച്ചറിയാൻ കഴിയില്ല. ഒരു കതിരിൽ നിന്നുള്ള ഒരു ശാഖ വിളഞ്ഞതാകാം, മറ്റൊന്ന് ഉണങ്ങിയതാവാം, മറ്റൊന്ന് ദുർബലമാകാം. യന്ത്രം എല്ലാം ഒരുമിച്ച് മുറിച്ചെടുക്കും. അത് സഞ്ചിയിലിട്ടാൽ പാഴായിപ്പോവുകയും പൂപ്പൽ പിടിച്ച മണമാവുകയും ചെയ്യും”, ആനന്ദ പറഞ്ഞു. കൈകൾ കൊണ്ടവ സംസ്കരിക്കുക അദ്ധ്വാനം നിറഞ്ഞതാണ്. "പക്ഷെ അവ ദീർഘകാലം സൂക്ഷിക്കാൻ പറ്റും.”

ശിവകുമാർ പാട്ടത്തിനെടുത്ത റാഗിപ്പാടത്ത് 15 സ്ത്രീകൾ കൊയ്യുകയായിരുന്നു. കക്ഷത്തിനിടയിൽ വാക്കത്തി വച്ച് ‘സൂപ്പർഡ്രൈ ഇന്‍റർനാഷണൽ’ എന്ന് പ്രിന്‍റ് ചെയ്ത റ്റി-ഷർട്ടിനു മുകളിൽ ടവ്വലും ചുറ്റി ശിവ വലിയ താൽപര്യത്തോടെ റാഗിയെക്കുറിച്ച് സംസാരിച്ചു.

ഗൊല്ലാപല്ലിക്ക് തൊട്ടുപുറത്തുള്ള അദ്ദേഹത്തിന്‍റെ പാടത്ത് കഴിഞ്ഞ ആഴ്ചകളിൽ നല്ല മഴയും കാറ്റും ലഭിച്ചിരുന്നു. ഉത്സാഹിയായ കർഷകനായ ശിവ (25) കുഴപ്പം നിറഞ്ഞ ദിവസങ്ങളെക്കുറിച്ചും കനത്ത വിളവ് നഷ്ടത്തെക്കുറിച്ചും എന്നോട് പറഞ്ഞു. തണ്ടുകൾ പലയിടങ്ങളിലായി ചിതറി കിടന്നിരുന്നു. സ്ത്രീകൾ കുത്തിയിരുന്ന് റാഗി കെട്ടുകളായി അടുക്കുകയായിരുന്നു. വിളവ് കുറഞ്ഞെന്നും സ്ത്രീകളുടെ കൊയ്ത്ത് ദിവസങ്ങൾ ഒന്നിൽനിന്ന് രണ്ടിലേക്ക് ഉയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരിക്കിലും ഭൂമിയുടെ പാട്ടവില മാറ്റമില്ലാതെ നിന്നു.

“ഈ ഭൂമിക്ക് (രണ്ടേക്കറിൽ താഴെ) പാട്ടമായി ഞാൻ 7 ചാക്ക് റാഗി നൽകണം. ബാക്കിയുള്ള 12-13 ചാക്ക് എനിക്ക് സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യാം. പക്ഷെ, ലാഭം വേണമെന്നുണ്ടെങ്കിൽ കർണ്ണാടകയിലെ വില കിട്ടണം”, അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “തമിഴ്‌നാട്ടിൽ ഞങ്ങൾക്ക് കിലോയ്ക്ക് 35 രൂപ വേണം. അതെഴുതൂ”, അദ്ദേഹം എന്നോടു അതൊരു നിർദ്ദേശിച്ചു. ഞാനൊരു കുറിപ്പ് തയ്യാറാക്കുകയായിരുന്നു...

അപ്പോൾ, നാഗണ്ണ ഉരുട്ടാവുന്ന ഒരു കല്ല് തന്‍റെ മുറ്റത്ത് കാണിച്ചു തരികയായിരുന്നു. ഇത് വലിയ സിലിണ്ടർ ആയിരുന്നു. ചാണകം ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ഉറച്ച നിലത്ത് കൊയ്ത റാഗി വിരിച്ചതിനുമേൽ കാലികൾ ഇവ കെട്ടിവലിക്കുമായിരുന്നു. സാവധാനം, പക്ഷെ ഫലപ്രദമായി, ശാഖകൾ മെതിച്ച് തണ്ടും റാഗിയും വേർപെടുത്തി എടുക്കുമായിരുന്നു. പിന്നീട് റാഗി വേർതിരിച്ച് വീടിന്റെ തിണ്ണയിലെ കുഴികളിൽ സൂക്ഷിക്കുമായിരുന്നു. നേരത്തെ അവ ചണച്ചാക്കുകളിലായിരുന്നു സൂക്ഷിച്ചിരുന്നത് - ഇപ്പോൾ വെളുത്ത പ്ലാസ്റ്റിക്കിലും.

“അകത്ത് വരൂ”, നാഗണ്ണ ഞങ്ങളെ ക്ഷണിച്ചു. “ഭക്ഷണം കഴിക്കൂ...” അടുക്കളയിൽ നിന്നും കുറച്ച് കഥകൾ കേൾക്കാനായി ഞാൻ താത്പര്യത്തോടെ പ്രഭയെ പിന്തുടർന്നു.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: ഗൊല്ലാപല്ലിക്ക് പുറത്തുള്ള തന്‍റെ പാട്ടഭൂമിയിൽ ശിവകുമാരൻ മഴമൂലം നശിച്ച റാഗിയുടെ വിളവെടുക്കുന്നു. വലത് : ശിവയുടെ പാടത്ത് തൊഴിലാളികൾ തണ്ട് മുറിച്ച് കെട്ടുകളാക്കുന്നു

*****

മഴവേണ്ട പാടങ്ങളിൽ വളരുന്ന
പ്രാവിൻമുട്ട പോലുള്ള പഞ്ഞപ്പുൽ ധാന്യങ്ങൾ
പാലിൽ പാചകം ചെയ്ത് തേൻ ചേർത്തതും
തീയിൽ വേവിച്ച കൊഴുത്ത മുയലിന്‍റെ മാംസവും
സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം ഞാൻ ഭക്ഷിച്ചു

‘പുറനാനൂറ് 34’, ആലത്തൂർ കിഴാര്‍ രചിച്ച സംഘം കവിത,
ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ചെന്തിൽ നാഥൻ

കാൽസ്യവും ഇരുമ്പും കൂടിയ അളവിലുളളതും പശിമ കുറവുള്ളതും വളരെക്കാലം (രണ്ടു വർഷം വരെ) സൂക്ഷിച്ചു വയ്ക്കാവുന്നതുമായ റാഗി ആരോഗ്യകരമായ ഒരു ഭക്ഷ്യധാന്യമാണ്. 2,000 വർഷങ്ങൾക്ക് മുൻപ് തന്നെ തമിഴർക്ക് ഇറച്ചിയും പാലും തേനും ചേർത്ത രസകരമായ ഒരു പഞ്ഞപ്പുൽ ഭക്ഷണച്ചേരുവ ഉണ്ടായിരുന്നു. ഇന്ന് റാഗി പാചകം ചെയ്ത് ഭക്ഷണമായി കഴിക്കുകയും അതിൽനിന്ന് ലഘുഭക്ഷണം ഉണ്ടാക്കുകയും കുട്ടികൾക്കുള്ള ഭക്ഷണമായി നൽകുകയും ചെയ്യുന്നു. തമിഴ്‌നാട്ടിലെ പല പ്രദേശങ്ങൾക്കും അവരുടെ സ്വന്തം ഭക്ഷണം ചേരുവകൾ ഉണ്ട്. കൃഷ്ണഗിരിയിൽ ഇത് റാഗി മുദ്ദെ (റാഗിയുണ്ട) ആണ്. ഇതിനെ കലി എന്നും വിളിക്കുന്നു. പ്രഭ വിശദീകരിച്ചു.

ഞങ്ങൾ അവരുടെ അടുക്കളയിൽ ആയിരുന്നു. അവിടെ ഒരു സിമന്‍റ്  പ്രതലത്തിലാണ് സ്റ്റൗ വച്ചിരുന്നത്. അവർ ഒരു അലൂമിനിയം പാത്രത്തിലേക്ക് വെള്ളമൊഴിച്ചു. എന്നിട്ട് ഒരു കൈയിൽ തടികൊണ്ടുള്ള വടിയും മറുകൈയിൽ ഒരു കപ്പ് റാഗിപ്പൊടിയുമായി കാത്തിരുന്നു.

അവർക്ക് (പ്രഭയ്ക്ക്) തമിഴ് സംസാരിക്കാൻ കഴിയുമോ? സംഭാഷണം തുടങ്ങിക്കൊണ്ട് ഞാൻ ചോദിച്ചു. സൽവാറും കമ്മീസും കുറച്ച് ആഭരണങ്ങളും ധരിച്ച് ചെറു പുഞ്ചിരിയുമായി നിന്ന് അവർ ഇല്ലെന്ന് തലയാട്ടി. പക്ഷെ അവർക്ക് മനസ്സിലാവും. കുറച്ച് തമിഴ് ചേർത്ത് ഇടയ്ക്ക് മുറിഞ്ഞ് മുറിഞ്ഞ് കന്നടയിൽ അവർ മറുപടി പറഞ്ഞു. "16 വർഷങ്ങളായി ഞാനിതുണ്ടാക്കുന്നു”, അവർ പറഞ്ഞു. അതായത്, അവർക്ക് 15 വയസ്സുള്ളപ്പോൾ മുതൽ.

എപ്പോൾ വെള്ളം തിളക്കാൻ തുടങ്ങുമെന്ന് അവരുടെ അനുഭവത്തിൽ നിന്നും മനസ്സിലായി. അവർ വലിയൊരു കപ്പ് റാഗിപ്പൊടി അതിലിട്ടു. അത് ചാര നിറത്തിലുള്ള കുഴച്ച വസ്തുവായി മാറി. ഒരു ചവണ കൊണ്ട് പാത്രത്തിൽ പിടിച്ചശേഷം വടികൊണ്ടവർ വളരെവേഗം മിശ്രിതം ഇളക്കി. ഇത് വലിയൊരു പണിയാണ് – വൈദഗ്ദ്ധ്യവും ശേഷിയും വേണ്ട ഒന്ന്. കുറച്ചു മിനിറ്റുകൾക്കകം റാഗി പാചകം ചെയ്തുകഴിഞ്ഞു. കുഴച്ചമാവ് വടിക്കു ചുറ്റും ഉരുളകളയി പറ്റിപ്പിടിച്ചിരുന്നു.

ഇത് കണ്ടുകൊണ്ടിരുന്നപ്പോൾ, മിക്കവാറും രണ്ടായിരം വർഷത്തോളമായി ഇവിടെയുള്ള സ്ത്രീകൾ ഇത് ചെയ്യുന്നതായി ചിന്തിച്ചു നോക്കിയത് രസകരമായി തോന്നി.

"എന്‍റെ ചെറുപ്പത്തിൽ വിറകുകൊണ്ടുള്ള തീയുടെ മുകളിൽ ഒരു മൺപാത്രത്തിലായിരുന്നു ഇത് ഉണ്ടാക്കിയിരുന്നത്”, നാഗണ്ണ വിശദീകരിച്ചു. സ്വാദ് ഗംഭീരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആനന്ദ അതിനെ അവർ നേരത്തെ കഴിച്ച പ്രാദേശിക ഇനവുമായി ബന്ധിപ്പിച്ചു. "നിങ്ങൾക്ക് വീടിന് പുറത്തുനിന്ന് ലഭിച്ചമണം, ഗമ ഗമ വാസന”, നാടൻ റാഗിയുടെ അസാധാരണമായ സുഗന്ധം കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "സങ്കരങ്ങളിൽ നിന്നാണെങ്കിൽ മണം അടുത്ത മുറിയിൽ പോലും എത്തില്ല!”

PHOTO • Aparna Karthikeyan
PHOTO • Aparna Karthikeyan
PHOTO • Aparna Karthikeyan

ഇടത്: പ്രഭ തയ്യാറാക്കിയ റാഗി കുഴച്ചത്. മദ്ധ്യത്തിലും വലതും : കുഴച്ചുവച്ച ചൂടുള്ള റാഗി ഉപയോഗിച്ച് പ്രഭ തന്‍റെ കൈകൾകൊണ്ട് ഒരു ഗ്രാനൈറ്റ് സ്ലാബിന്മേൽ ഉരുളകൾ തയ്യാറാക്കുന്നു

ഒരു പക്ഷെ ഭർതൃമാതാപിതാക്കൾ ഉള്ളതു കൊണ്ടാവാം പ്രഭ കുറച്ചേ സംസരിച്ചുള്ളു. അവർ പാത്രം അടുക്കളയുടെ മൂലയ്ക്കുള്ള ചതുരത്തിലുള്ള ഒരു ഗ്രാനൈറ്റ് കല്ലിലേക്ക് എടുത്തിട്ട് ആവി പറക്കുന്ന റാഗി കുഴച്ചത് അതിലേക്കിട്ടു. ചൂടുള്ള റാഗി കുഴച്ച് തന്‍റെ കൈകൊണ്ട് അവർ ഉരുട്ടി കട്ടിയുള്ള ഒരു കുഴലിലേക്ക് കയറ്റി. കൈ നനയ്ക്കാനായി വെള്ളത്തിലേക്കിട്ട ശേഷം കുറച്ച് റാഗിയെടുത്ത് കൈക്കും കല്ലിനുമിടയിൽ വച്ച് ഒരു ഉരുളയാക്കി രൂപപ്പെടുത്തി.

കുറച്ച് ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ സ്റ്റീൽ പാത്രങ്ങളിൽ ഞങ്ങൾക്ക് ഭക്ഷണം തന്നു. "ദാ ഇങ്ങനെ കഴിക്കൂ”, എന്‍റെ റാഗിയുണ്ടകൾ ചെറുകഷണങ്ങളാക്കി മുതിരച്ചാറിൽ അവ ഇട്ടു കൊണ്ട് നാഗണ്ണ പറഞ്ഞു. പ്രഭ ഞങ്ങൾക്ക് നെയ്യിൽ പെട്ടെന്ന് വറുത്തെടുത്ത പച്ചക്കറി വിഭവങ്ങൾ കൊണ്ടുവന്നു. ഇത് രുചികരമായ ഭക്ഷണമായിരുന്നു. അത് മണിക്കൂറുകളോളം ഞങ്ങളുടെ വിശപ്പകറ്റി.

കൃഷ്ണഗിരി ജില്ലയിൽ തന്നെ തൊട്ടടുത്തുള്ള ബർഗൂരിൽ റാഗി ഉപയോഗിച്ച് ലിംഗായത് സമുദായക്കാർ റോട്ടി ഉണ്ടാക്കും. വളരെ മുമ്പ് നടത്തിയ ഒരു സന്ദർശനത്തിൽ കർഷകയായ പാർവ്വതി സിദ്ധയ്യ വീട്ടിന് പുറത്ത് തയ്യാറാക്കിയ ഒരടുപ്പിൽ ഇത് എനിക്കുവേണ്ടി ഉണ്ടാക്കിയിരുന്നു. കട്ടിയും സ്വാദുമുള്ള റോട്ടികൾ കുറേ ദിവസങ്ങൾ സൂക്ഷിച്ചു വച്ചു. വീട്ടിൽ നിന്നും കാലികളെയുമായി കാട്ടിൽ മേയാൻ പോകുന്നവർക്കുള്ള പ്രധാന ഭക്ഷണമായിരുന്നു ഇത്.

ഭക്ഷണ ചരിത്രകാരൻ, നർമ്മകാരൻ, പ്രദർശനാവതാരകൻ എന്നീ നിലകളിൽ ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാകേഷ് രഘുനാഥൻ റാഗി വെള്ള അട എന്ന വളരെ പഴക്കമുള്ള ഒരു കുടുംബ പാചകക്കൂട്ടിനെക്കുറിച്ച് പറഞ്ഞു. മധുരമുള്ള പാൻകേക്കായ ഇതിന് വേണ്ടത് റാഗിപ്പൊടി, ശർക്കര, തേങ്ങാപ്പാൽ, ഒരുനുള്ള് ഏലയ്ക്ക, ചുക്കുപൊടി എന്നിവയാണ്. “എന്‍റെ അമ്മയുടെ മുത്തശ്ശിയാണ് അവരെ ഈ അട ഉണ്ടാക്കാൻ പഠിപ്പിച്ചത്. തഞ്ചാവൂർ പ്രദേശത്താണ് ഇത് ഉണ്ടാക്കിയിരുന്നത്. കാർത്തിക ദീപത്തിന്‍റെയന്ന് വ്രതം മുറിക്കാനാണ് ഇത് പരമ്പരാഗതമായി ഭക്ഷിച്ചിരുന്നത്. കുറച്ച് നെയ്യ് കൂടിച്ചേർത്ത് ഉണ്ടാക്കിയ ഈ പ്ലംപ് പാൻകേക്കുകൾ പോഷണപ്രധാനവും ആശ്വാസദായകവുമാണ്. വ്രതമനുഷ്ഠിച്ച ശേഷം കഴിക്കാൻ പറ്റുന്ന മികച്ചൊരു ഭക്ഷണമാണിത്.

പുതുക്കോട്ട ജില്ലയിലെ ചിന്ന വീരമംഗലം ഗ്രാമത്തിൽ വില്ലേജ് കുക്കിംഗ് ചാനലിലെ പ്രശസ്തരായ പാചകക്കാർ വളരെപെട്ടെന്ന് ഒരു റാഗി ഭക്ഷണമുണ്ടാക്കി: കലിയും കരുവാടും (ഉണക്കമീൻ). അവരുടെ യൂട്യൂബിന്‍റെ യു.എസ്.പി. പരമ്പരാഗത പാചകക്കൂട്ടുകൾ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. "എനിക്ക് ഏഴോ എട്ടോ വയസ്സാകുന്നതുവരെ റാഗി ധാരാളമായി പാചകം ചെയ്ത് കഴിച്ചിരുന്നു. പിന്നീട് അതില്ലാതായി, ക്രമേണ അരി പ്രത്യക്ഷപ്പെടുകയും ചെയ്തു”, ചാനലിന്‍റെ സഹസ്ഥാപകനായ 33-കാരൻ സുബ്രമണിയൻ ടെലിഫോണിൽ എന്നോട് പറഞ്ഞു.

എട്ട് ദശലക്ഷത്തോളം ആളുകൾ കണ്ട (ചാനലിന് 15 ദശലക്ഷം വരുന്ന വമ്പൻ വരിക്കാരുള്ളതിൽ അത്ഭുതപ്പെടാനില്ല) രണ്ടുവർഷം പഴക്കമുള്ള വീഡിയോ, ഗ്രാനൈറ്റ് കല്ലിൽ വച്ച് റാഗി അരയ്ക്കുന്നതു മുതൽ പനയോല കപ്പിൽ അത് കഴിക്കുന്നതു വരെയുള്ള എല്ലാ ഘട്ടങ്ങളും ചിത്രീകരിച്ചിരിക്കുന്നു.

PHOTO • Aparna Karthikeyan
PHOTO • Aparna Karthikeyan

ഇടത് : കഴിഞ്ഞ 5 ദശകങ്ങളായി പഞ്ഞപ്പുല്ലിന്‍റെ ഉപഭോഗം കുറഞ്ഞു വരികയാണ്. വലത്: കാലികൾ വലിച്ചിരുന്ന മെതിക്കല്ല് നാഗണ്ണയുടെ മുറ്റത്ത്

റാഗി മുദ്ദെ പാചകം ചെയ്യുന്നതാണ് ഏറ്റവും രസകരമായ ഒരു കാര്യം. കുറച്ച് അരി വേവിച്ചത് പഞ്ഞപ്പുല്ലിൽ കലർത്തുന്നതിനും അത് ഉരുളകളാക്കുന്നതിനും കഞ്ഞിവെള്ളത്തിലേക്ക് അവയിടുന്നതിനും സുബ്രമണിയത്തിന്‍റെ മുത്തശ്ശൻ 75-കാരനായ പെരിയതമ്പി മേൽനോട്ടം വഹിക്കുന്നു. ഉപ്പുള്ള ഈ ഭക്ഷണം ഉണക്കമീൻ കൂട്ടിയാണ് കഴിക്കുന്നത്. തൊലി കരിഞ്ഞ് അടർന്നു പോകുന്നതുവരെ  വിറക് തീയുടെ മുകളിൽ വച്ച് അത് പതിയെ പൊരിച്ചെടുക്കുന്നു. "ദൈനംദിന ഭക്ഷണമായി ഉള്ളിയും പച്ചമുളകും കൂട്ടി കഴിക്കാം”, അദ്ദേഹം ചൂണ്ടിക്കാട്ടി.

അരിയുടെ നാടൻ ഇനങ്ങളെക്കുറിച്ചും ചോളത്തിന്‍റെ പോഷക മൂല്യങ്ങളെക്കുറിച്ചും സുബ്രമണിയൻ വളരെ താൽപര്യത്തോടെ സംസാരിച്ചു. 2021-ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് രാഹുൽ ഗാന്ധി തമിഴ്‌നാട് സന്ദർശിച്ചപ്പോൾ സുബ്രമണിയനും സഹോദരന്മാരും ബന്ധുക്കളും അദ്ദേഹത്തിന്റെ മതിപ്പ് നേടിയിരുന്നു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന വിഭവങ്ങളിലേക്ക് അവരുടെ പാചക ചാനൽ ഓരോ വീഡിയോയിലൂടെയും ശ്രദ്ധക്ഷണിച്ചു.

*****

രാസവസ്തുക്കൾ തളിക്കുന്ന കർഷകർ അവരുടെ ലാഭം ആശുപത്രികൾക്കാണ് നൽകുന്നത്
ആനന്ദ്‌രാമു, കൃഷ്ണഗിരിയിലെ റാഗി കർഷകൻ

നാഗണ്ണയുടെ ഗ്രാമത്തിൽ നിന്നും റാഗി അപ്രത്യക്ഷമായതിനു പിന്നിൽ മൂന്ന് ഘടകങ്ങളാണുള്ളത്: സാമ്പത്തികപ്രശ്നം, ആനശല്യം, പിന്നെ അടുത്തിടെയായി കൂടുതൽ ശക്തമായ ഒരെണ്ണം കൂടി: കാലവസ്ഥാ വ്യതിയാനം. ആദ്യത്തേത് തമിഴ്‌നാട് മുഴുവൻ ശരിയാണ്. ഒരേക്കർ പഞ്ഞപ്പുല്ലിനു വേണ്ട മുടക്കുമുതൽ 16,000 മുതൽ 18,000 രൂപ വരെയാണ്. "മഴ പെയ്താലോ ആന കയറിയാലോ എല്ലാവരും കൊയ്ത്തുകാലത്ത് തൊഴിലാളികൾക്കു വേണ്ടിയുള്ള അന്വേഷണമാണ്. ഇത് ചിലവ് 2,000 രൂപ കൂടി വർദ്ധിക്കുന്നു”, ആനന്ദ വിശദീകരിച്ചു.

“80 കിലോയുള്ള ഒരു ചാക്ക് 2,200 രൂപയ്ക്കാണ് തമിഴ്‌നാട്ടിൽ വിൽക്കുന്നത്. അതായത് കിലോയ്ക്ക് 27.50 രൂപ. ഒരു നല്ല വർഷത്തിൽ നിങ്ങൾക്ക് 15 ചാക്കുവരെ കിട്ടും, നല്ല വിളവുള്ള വിത്തുകൾ ഉപയോഗിക്കുകയാണെങ്കിൽ 18 വരെ. പക്ഷെ”, ആനന്ദ മുന്നറിയിപ്പ് നൽകുന്നു, "സങ്കരയിനങ്ങളുടെ വൈക്കോൽ കാലികൾ ശ്രദ്ധിക്കില്ല. അവയ്ക്ക് നാടൻ ഇനം മാത്രമാണ് താൽപര്യം.”

അത് പ്രധാനപ്പെട്ട ഒരു അനുബന്ധ വരുമാനമാണ്, കാരണം ഒരു ലോഡ് റാഗി വൈയ്ക്കോൽ 15,000 രൂപയ്ക്കാണ് വിൽക്കുന്നത്. ഒരേക്കറിൽ നിന്നും നിങ്ങൾക്ക് രണ്ട് ലോഡ് വരെ കിട്ടും. വളർത്തു മൃഗങ്ങളുള്ള കർഷകർ ഇത് അവയ്ക്ക് തിന്നാൻ നൽകാനുപയോഗിക്കും. ഒരു കൂനയ്ക്കടിയിലാണ് അവരിത് സൂക്ഷിക്കുന്നത്. ഒരു വർഷത്തിലധികം ഇത് കുഴപ്പമൊന്നുമില്ലാതെ അവിടിരിക്കും. "അടുത്ത കൊല്ലം നല്ല വിളവ് കിട്ടുന്നിടം വരെ ഞങ്ങൾ റാഗിയും വിൽക്കില്ല. ഞങ്ങൾ മാത്രമല്ല, ഞങ്ങളുടെ പട്ടികളും കോഴികളും വരെ പഞ്ഞപ്പുല്ലേ കഴിക്കൂ. എല്ലാവർക്കും കഴിക്കാനുള്ളത് ഞങ്ങൾക്ക് വേണം.”

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: ആനന്ദ തന്‍റെ ചെമ്മരിയാടുകളും ആടുകളുമായി ; അവ റാഗി വൈക്കോലുകളാണ് തിന്നുന്നത്. വലത് : നാഗണ്ണയുടെ തറവാട്ടു വീട്ടിൽ തരംതിരിച്ച ധാന്യങ്ങൾ ചാക്കുകളിൽ സൂക്ഷിച്ചിരിക്കുന്നു

ആനന്ദ്‌രാമു അടിസ്ഥാനപരമായി പഴയൊരു സത്യം സ്ഥിരീകരിക്കുകയാണ്: പഞ്ഞപ്പുൽ ഈ നാടിനും ആളുകൾക്കും വളരെ പ്രധാനപ്പെട്ടതായത് ഇത് വളരെ പഴയതാണെന്നുള്ളതുകൊണ്ടല്ല. മറിച്ച്, ഈ വിള ഉറപ്പുള്ളതും "കുഴപ്പസാദ്ധ്യത കുറവുള്ളതും” ആയതുകൊണ്ടാണെന്ന് ആനന്ദ പറഞ്ഞു. "മഴയോ വെള്ളമോ കൂടാതെ രണ്ടാഴ്ച ഇതിന് നിലനിൽക്കാൻ പറ്റും. അത്ര കീടങ്ങളൊന്നുമില്ല, അതുകൊണ്ട് തക്കാളിയുടെയോ ബീൻസിന്‍റെയോ കാര്യത്തിലെന്നപോലെ രാസവസ്തുക്കൾ തളിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല. രാസവസ്തുക്കൾ തളിക്കുന്ന കർഷകർ അവരുടെ ലാഭം ആശുപത്രികൾക്കാണ് നൽകുന്നത്.”

തമിഴ്‌നാട് സർക്കാർ ഈയടുത്തകാലത്ത് തുടങ്ങിവച്ച ഒരു കാര്യം ജീവിതം കുറച്ചെളുപ്പമാക്കി. സംസ്ഥാന സർക്കാർ പൊതുവിതര സമ്പ്രദായ വിൽപനകേന്ദ്രങ്ങളിലൂടെ ചെന്നൈയിലും കോയമ്പത്തൂരും പഞ്ഞപ്പുൽ വിതരണം ചെയ്യാൻ തുടങ്ങിയിരുന്നു. കൂടാതെ, മന്ത്രി എം.ആർ.കെ. പനീർശെൽവം അവതരിപ്പിച്ച 2022-ലെ കാർഷിക ബഡ്ജറ്റ് പഞ്ഞപ്പുല്ലിന്‍റെ കാര്യം 16 തവണയാണ് പ്രസ്താവിച്ചത് (അരിയുടെയും നെല്ലിന്‍റെയും കാര്യം, ഒരുമിച്ചു ചേർത്ത്, 33 തവണ പ്രസ്താവിച്ചു). പഞ്ഞപ്പുല്ലിനെ ജനകീയമാക്കാൻ സർക്കാർ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. രണ്ട് പ്രത്യേക മേഖലകൾ രൂപീകരിക്കുക, “പഞ്ഞപ്പുല്ലിന്‍റെ പോഷകത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി” സംസ്ഥാന ജില്ലാ തല ഉത്സവങ്ങൾ സംഘടിപ്പിക്കുക (അതിനായി 92 കോടി അനുവദിച്ചു) എന്നിവ അവയിൽ ചിലത് ആയിരുന്നു.

കൂടാതെ 2023-നെ എഫ്.എ.ഓ. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നത് (ചര്‍ച്ചയ്ക്കായി ഇന്ത്യ മുന്നോട്ടുവച്ച ആശയം) റാഗിയുള്‍പ്പെടെയുള്ള ‘പോഷക ധാന്യങ്ങള്‍’ ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കുമായിരിക്കണം.

എന്നിരിക്കിലും നാഗണ്ണയുടെ കുടുംബത്തിന് ഈ വർഷം ഒരു വെല്ലുവിളി ആകാൻ പോവുകയാണ്. പഞ്ഞപ്പുല്ലിനായി നീക്കിവച്ച അരയേക്കറിൽ നിന്നും അവർക്ക് കൊയ്യാനായി പറ്റിയത് മൂന്ന് ചാക്കുകൾ മാത്രമാണ്. ബാക്കിയുള്ളത് മഴയും വന്യജീവികളും കവർന്നെടുത്തു. “റാഗി വിളകളുടെ സമയത്ത് എല്ലാ രാത്രിയിലും കാവലിനായി ഞങ്ങൾക്ക് ഏറുമാടത്തിൽ കിടന്നുറങ്ങേണ്ടി വന്നു.

അദ്ദേഹത്തിന്‍റെ മറ്റു സഹോദരങ്ങൾ (മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും) കൃഷി തിരഞ്ഞെടുത്തില്ല. ഏറ്റവും അടുത്തുള്ള പട്ടണമായ തല്ലിയിൽ പകൽ ജോലിക്ക് പോവുകയാണ് അവർ ചെയ്യുന്നത്. ആനന്ദ കൃഷിയിൽ തൽപരനാണ്. “എവിടെയാണ് ഞാൻ സ്ക്കൂളിൽ പോയത്? പലപ്പോഴും ഞാൻ മാവിൽ കയറി അവിടെയിരുന്നിട്ട് മറ്റു കുട്ടികളോടൊപ്പം വീട്ടിൽ തിരിച്ചെത്തി. ഇതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.” മുതിരകളൊക്കെ പരിശോധിച്ച് തന്‍റെ പാടത്തുകൂടി നടന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.

PHOTO • M. Palani Kumar
PHOTO • Aparna Karthikeyan

ഇടത്: ആനന്ദ തന്‍റെ ഭൂമിയിൽ മുതിര വിള പരിശോധിക്കുന്നു. വലത്: റാഗി സീസണിൽ ആനയെ കണ്ടുപിടിക്കാനായി നാഗണ്ണയുടെ പാടത്ത് മരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഏറുമാടം

അദ്ദേഹം ഞങ്ങളെ മഴക്കെടുതി കാണിച്ചു തന്നു. അതെല്ലായിടത്തുമുണ്ട്. “എന്‍റെ 86 വർഷങ്ങളിൽ ഞാനൊരിക്കലും ഇത്തരമൊരു മഴ കണ്ടിട്ടില്ല", വേദനയോടെ നാഗണ്ണ പറഞ്ഞു. അദ്ദേഹം പറയുന്നത് (അദ്ദേഹം വിശ്വസിക്കുന്ന ജ്യോതിഷ പഞ്ചാംഗവും) ഈ വർഷത്തെ മഴ ‘വിശാഖം’ ആണെന്നാണ്. നക്ഷത്രങ്ങളോടു ചേർത്താണ് ഓരോന്നിനും പേരിട്ടിരിക്കുന്നത്. "ഒരു മാസമായി മഴ, മഴ, മഴ”. “ഇന്നുമാത്രമാണ് കുറച്ച് കുറച്ച് വെയിലുള്ളത്.” പത്ര റിപ്പോർട്ടുകളും അദ്ദേഹത്തിന്‍റെ പ്രസ്താവന ശരിവയ്ക്കുന്നു. അവ പ്രഖ്യാപിച്ചത് 2021-ൽ തമിഴ്‌നാട്ടിൽ 57 ശതമാനം അധികമഴ ലഭിച്ചു എന്നാണ്.

ഗോപയുടെ പാടത്തേക്ക് തിരികെ നടക്കുമ്പോൾ ഷാളും തൊപ്പിയും ധരിച്ച് കുടയും പിടിച്ച രണ്ട് കർഷകരേയും ഞങ്ങൾ കണ്ടു. റാഗി കൃഷി എത്രമാത്രം കുറഞ്ഞു വന്നിരിക്കുന്നുവെന്ന് സാധാരണ കന്നഡയിൽ അവർ വിശദീകരിച്ചു. ഗോപ അത് എനിക്കായി പരിഭാഷപ്പെടുത്തി.

കഴിഞ്ഞ ചില ദശകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ “പകുതി പാടങ്ങളിലേ” ഇന്ന് റാഗി കൃഷി ചെയ്യുന്നുള്ളൂവെന്ന് 74-കാരനായ കെ. റാം റെഡ്ഡി പറഞ്ഞു. "ഒരു കുടുംബം 2 ഏക്കറുകളിൽ വീതം. അത്രയുമാണ് ഇപ്പോൾ ഞങ്ങൾ വളർത്തുന്നത്.” ബാക്കിയുള്ളിടത്ത് തക്കാളിയും ബീൻസുമാണ്. കൂടാതെ ഇപ്പോൾ വളർത്തുന്ന റാഗി പോലും "സങ്കരം, സങ്കരം, സങ്കരം” തന്നെ. കൂടുതൽ ഊന്നൽ നൽകുന്നതിനായി വാക്ക് ആവർത്തിച്ചുകൊണ്ട് 63-കാരനായ കൃഷ്ണ റെഡ്ഡി എന്നോടു പറഞ്ഞു.

നാട്ടു റാഗി ശക്തി ജാസ്തി [നാടൻ റാഗിയാണ് കൂടുതൽ ശക്തമായത്]”, തന്‍റെ ശക്തി കാണിക്കാനായി കൈകളിലെ മസിലുകൾ കാണിച്ചുകൊണ്ട് റാം റെഡ്ഡി പറഞ്ഞു. ചെറുപ്പകാലത്ത് കഴിച്ച നാടൻ റാഗിയാണ് തന്‍റെ ആരോഗ്യത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു.

പക്ഷെ ഈ വർഷത്തെ മഴയുടെ കാര്യത്തിൽ അദ്ദേഹം അസന്തുഷ്ടനാണ്. “ഇത് ഭീകരമാണ്”, റാം പിറുപിറുത്തു.

എന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കും എന്ന് അദ്ദേഹത്തിന് ഒരുറപ്പുമില്ല. “നഷ്ടത്തിന് കാരണം എന്താണെങ്കിലും കൈക്കൂലി കൂടാതെ ഞങ്ങൾക്ക് ഒന്നും ലഭിക്കില്ല. കൂടാതെ, പട്ടയം ഞങ്ങളുടെ പേരിലായിരിക്കണം.” കുടികിടപ്പുകാർക്ക് എന്തെങ്കിലും നഷ്ടപരിഹാരം കിട്ടാനുള്ള സാദ്ധ്യത അത് ഇല്ലാതാക്കുന്നു.

PHOTO • Aparna Karthikeyan
PHOTO • Aparna Karthikeyan

ഇടത്: കർഷകരായ കൃഷ്ണ റെഡ്ഡിയും റാം റെഡ്ഡിയും ( ചുവന്നതൊപ്പി ധരിച്ചത് ) ഗൊല്ലാ പല്ലി യിൽ . വലത്: ആനകൾ നശിപ്പിച്ച വിളകളുടെ ഫോട്ടോഗ്രാഫുകളുമായി ആനന്ദ

കൂടാതെ, അതെപ്പോഴും എളുപ്പമല്ല. ആനന്ദ ദുഃഖത്തോടെ വിശദീകരിച്ചു. അദ്ദേഹത്തിന്‍റെ അച്ഛനെ അദ്ദേഹത്തിന്‍റെ അമ്മാവൻ ചതിച്ചതാണ്. ചെറിയൊരു അഭിനയത്തോടെ ആനന്ദ ചതി വിശദീകരിക്കുന്നു. അദ്ദേഹം നാലടി ഈ ദിശയിൽ വച്ചു. നാലടി മറ്റൊരു ദിശയിലും. "ഒരുപാട് അടികളും എന്‍റെയും നിന്‍റെയുമാണെന്ന് പറഞ്ഞുകൊണ്ട് അങ്ങനെ അദ്ദേഹമെനിക്ക് ഭൂമി നൽകി. എന്‍റെ അച്ഛൻ വിദ്യാഭ്യാസമുള്ളയാളല്ല. അതിൽ തർക്കിക്കാനൊന്നുമില്ല. നാലേക്കറുകൾക്കേ ഞങ്ങൾക്ക് രജിസ്ട്രേഷൻ കടലാസുകൾ ഉണ്ടായിരുന്നുള്ളൂ.” യഥാർത്ഥത്തിൽ അവർ കൂടുതലിടത്ത് കൃഷി ചെയ്യുകയായിരുന്നു. പക്ഷെ ഔദ്യോഗികമായി അവർ കൈവശം വച്ചിരുന്ന 4 ഏക്കറിന് പുറമെ മറ്റുള്ളിടത്ത് സംഭവിച്ച നഷ്ടങ്ങൾക്കൊക്കെ നഷ്ടപരിഹാരത്തിനപേക്ഷിക്കാൻ കഴിഞ്ഞില്ല.

അപ്പോൾ തന്‍റെ വരാന്തയിൽ അദ്ദേഹം ഫോട്ടോകളും രേഖകളും കാണിക്കുകയായിരുന്നു. ഒരു ആന ഇവിടെ ആക്രമിച്ചത്, ഒരു പന്നി അവിടെ ആക്രമിച്ചത്. വീണുകിടക്കുന്ന മരം. ചവിട്ടിമെതിച്ച വിളകൾ. അദ്ദേഹത്തിന്‍റെ, ഉയരമുള്ള അച്ഛൻ മറിച്ചിട്ട പ്ലാവിന്‍റെ മുൻപിൽ വിഷണ്ണനായി നിൽക്കുന്നത്.

"നിങ്ങൾക്കെങ്ങനെയാണ് കൃഷിയിൽ നിന്നും പണമുണ്ടാക്കാൻ പറ്റുന്നത്? നിങ്ങൾക്കൊരു നല്ല വാഹനം വാങ്ങാൻ കഴിയുമോ? നല്ല വസ്ത്രങ്ങൾ? വരുമാനം വളരെ കുറവാണ്. ഇതാണ് ഭൂമിയുള്ളൊരാൾ എന്ന് ഞാൻ പറയുന്നു”, നാഗണ്ണ വാദിച്ചു. പിന്നെ അദ്ദേഹം ഔപചാരികമായ വസ്ത്രങ്ങൾ ധരിച്ചു: ഒരു വെളുത്ത ഷർട്ട്, പുതിയ മുണ്ട്, തൊപ്പി, മാസ്ക്, തൂവാല. "എന്നോടൊപ്പം അമ്പലത്തിലേക്ക് വരൂ", അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അനുസരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമായിരുന്നു. തേന്‍കനിക്കോട്ട താലൂക്കിലെ ഉത്സവത്തിനായിരുന്നു അദ്ദേഹം പോയത്. ഇത് ’സ്റ്റാർ’ (ഉയർന്ന ഗുണമേന്മയുള്ള) റോഡിൽ നിന്നും അരമണിക്കൂർ മാറിയായിരുന്നു.

നാഗണ്ണ ഞങ്ങൾക്ക് കൃത്യമായ ദിശകൾ പറഞ്ഞുതന്നു. പ്രദേശം എത്രത്തോളം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. റോസാചെടി കർഷകർ വലിയ വായ്പകൾ എടുത്തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് കിലോയ്ക്ക് 50-നും 150-നും ഇടയ്ക്ക് രൂപ ലഭിക്കുന്നു, ഉത്സവകാലത്ത് അത് കൂടുന്നു. ഞാൻ കേട്ടതുവച്ച് റോസാ ചെടിക്കുള്ള ഏറ്റവും ആകർഷകമായ സവിശേഷത അതിന്‍റെ നിറമോ മണമോ ഒന്നുമല്ല, ആനകൾ അവ തിന്നാൻ ഇഷ്ടപ്പെടുന്നില്ലെന്നതാണ്.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്: നാഗണ്ണ തേന്‍കനിക്കോട്ടയിൽ അമ്പലത്തിലെ ഉത്സവത്തിനായി തയ്യാറെടുക്കുന്നു. വലത്: മറ്റൊരു അമ്പലത്തിൽ നിന്നും കൊണ്ടുവന്ന ആന ഉത്സവത്തിന്‍റെ ഘോഷയാത്ര നയിക്കുന്നു

അമ്പലത്തോടടുക്കുന്തോറും ആൾക്കൂട്ടം വലുതാകാൻ തുടങ്ങി. അവിടെ ഒരു നീണ്ട ഘോഷയാത്രയും (അത്ഭുതമെന്നു പറയട്ടെ) ഒരു ആനയുമുണ്ടായിരുന്നു. “നമ്മൾ ആനയെ കാണും”, നാഗണ്ണ പ്രവചിച്ചു. പ്രഭാത ഭക്ഷണം കഴിക്കാനായി അദ്ദേഹം ഞങ്ങളെ അമ്പലത്തിന്‍റെ അടുക്കളയിലേക്ക് ക്ഷണിച്ചു. കിച്ചടിയും ബജ്ജിയും വളരെ മികച്ചതായിരുന്നു. പെട്ടെന്ന് ഒരാന (തമിഴ്‌നാടിന്‍റെ മറ്റൊരു ഭാഗത്തു നിന്നുള്ള ഒരു അമ്പലത്തിൽ നിന്നും) ആനപ്പാപ്പാനും പൂജാരിയുമായി അവിടെത്തി. “പഴയ ആന”, നാഗണ്ണ പറഞ്ഞു. അവൾ പതിയെ നടന്നു, ചന്തത്തോടെ. ആളുകൾ അവരുടെ മൊബൈൽ ഫോണുകൾ എടുത്ത് നിരവധി ചിത്രങ്ങൾ എടുത്തു. കാട്ടിൽ നിന്നും വെറും 30 മിനിറ്റ് ദൂരത്തിൽ ഇത് വ്യത്യസ്തമായ ആനക്കഥയായിരുന്നു.

കഴുത്തിൽ ഒരു രണ്ടാംമുണ്ട് ചുറ്റി ആനന്ദ തന്‍റെ വരാന്തയിലിരുന്നുകൊണ്ട് പറഞ്ഞത് ഞാനോർക്കുന്നു. “ഒന്നോ രണ്ടോ ആനകൾ വന്നാൽ ഞങ്ങൾക്ക് പ്രശ്നമില്ല. ചെറുപ്പക്കാരായ ആനകളെ ഭയപ്പെടുത്താൻ ഒന്നിനും സാധിക്കില്ല. എന്ത് വേലിയാണെങ്കിൽ അവർ ചാടിക്കടന്ന് വന്ന് തിന്നും.”

ആനന്ദ്യ്ക്ക് അവയുടെ വിശപ്പ് മനസ്സിലാകും. “അരക്കിലോ ഭക്ഷണത്തിന് ഞങ്ങൾ വളരെ ബുദ്ധിമുട്ടുന്നു. ആനകൾ എന്താണ് ചെയ്യുന്നത്? അവർക്കൊരു ദിവസം 250 കിലോവീതം വേണം! ഒരു പ്ലാവിൽ നിന്നും ഞങ്ങൾക്ക് 3,000 രൂപ ഉണ്ടാക്കാം. ആന വന്ന് എല്ലാം തിന്നുന്ന സമയത്ത് ഞങ്ങൾ വിചാരിക്കും ദൈവം ഞങ്ങളെ സന്ദർശിച്ചെന്ന്”, അദ്ദേഹം പുഞ്ചിരിച്ചു.

എന്നിരിക്കിലും ഒരു ആഗ്രഹത്തെ അദ്ദേഹം താലോലിക്കുന്നു: എന്നെങ്കിലും 30-40 ചാക്ക് റാഗി സംഭരിക്കണം. "ചെയ്യണം മാഡം, ഞാനത് ചെയ്തിരിക്കും.”

മൊട്ടൈവാൽ തയ്യാറാണ്…

അസിം പ്രേംജി സർവ്വകലാശാല അതിന്‍റെ 2020 -ലെ ഗവേഷണ ധനസഹായ പദ്ധതിയുടെ ഭാഗമായാണ് ഈ ഗവേഷണ പഠനത്തിനുള്ള ധനസഹായം നൽകിയിരിക്കുന്നത് .

കവർചിത്രം : എം. പളനി കുമാർ

പരിഭാഷ: റെന്നിമോന്‍ കെ. സി.

Aparna Karthikeyan

Aparna Karthikeyan is an independent journalist, author and Senior Fellow, PARI. Her non-fiction book 'Nine Rupees an Hour' documents the disappearing livelihoods of Tamil Nadu. She has written five books for children. Aparna lives in Chennai with her family and dogs.

Other stories by Aparna Karthikeyan
Photographs : M. Palani Kumar

M. Palani Kumar is Staff Photographer at People's Archive of Rural India. He is interested in documenting the lives of working-class women and marginalised people. Palani has received the Amplify grant in 2021, and Samyak Drishti and Photo South Asia Grant in 2020. He received the first Dayanita Singh-PARI Documentary Photography Award in 2022. Palani was also the cinematographer of ‘Kakoos' (Toilet), a Tamil-language documentary exposing the practice of manual scavenging in Tamil Nadu.

Other stories by M. Palani Kumar
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.