“ഇറാനിലെ ഇന്‍ഡ്യന്‍ നയതന്ത്രകാര്യാലയം വാട്ട്സാപ്പ് സന്ദേശങ്ങളിലൂടെയാണ് ഞങ്ങളുടെ കോവിഡ്-19 പരിശോധനകള്‍ അയച്ചത് – അതില്‍ പാസ്പോര്‍ട്ട് നമ്പറും ഞങ്ങള്‍ പോസിറ്റീവാണോ നെഗറ്റീവാണോ എന്നുള്ള കാര്യവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് പരീക്ഷാ ഫലം [കടലാസ്] പോലെയുള്ള ഒന്നായിരുന്നു, ടെസ്റ്റ് കഴിഞ്ഞോ ഇല്ലയോ എന്ന് റോള്‍ നമ്പര്‍ നോക്കി മനസ്സിലാക്കാന്‍ പറ്റുന്ന ഒന്ന്. ഇന്നുവരെ യഥാര്‍ത്ഥ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് നല്‍കിയിട്ടില്ല”, ഷബ്ബീര്‍ ഹുസൈന്‍ ഹക്കീമി പറഞ്ഞു. ഇത് ഒരു പോസിറ്റീവ്-നെഗറ്റീവ് പട്ടിക മാത്രമാണ്. ഇറാനിലെ ഖൂമില്‍ നിന്നും ഞങ്ങളോടു സംസാരിച്ച ലഡാക്കിലെ കാര്‍ഗിലില്‍ നിന്നുള്ള ആ 29-കാരന്‍ ഷിയാ മുസ്ലീങ്ങള്‍ക്കു വിശുദ്ധമായ ചില പുണ്യ സ്ഥലങ്ങളില്‍ തീര്‍ത്ഥാടനം നടത്തിയ മാതാപിതാക്കളെ ഈ വര്‍ഷം ജനുവരിയില്‍ അനുഗമിച്ചതായിരുന്നു.

ഇന്‍ഡ്യയില്‍ നിന്നുള്ള ആയിരക്കണക്കിനു ഷിയാകള്‍ ഇമാം അലി, ഹുസൈന്‍ എന്നിവരുടെയും പ്രവാചകനായ മുഹമ്മദിന്‍റെ കുടുംബത്തില്‍ പെട്ട മറ്റുള്ളവരുടെയും വിശുദ്ധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥന അര്‍പ്പിക്കുന്നതിനായി ഓരോ വര്‍ഷവും ഇറാന്‍ സന്ദര്‍ശിക്കുന്നു. അവരില്‍ ഏകദേശം 1,100 പേര്‍ - പ്രധാനമായും ജമ്മു, കാശ്മീര്‍, ലഡാക്ക്, മഹാരാഷ്ട്ര – ഖൂം നഗരത്തില്‍ കുടുങ്ങി. ഈ വര്‍ഷം ഇറാനില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പകര്‍ച്ചവ്യാധി പടരുമോ എന്നുള്ള വര്‍ദ്ധിത ഭയത്താല്‍ ഇന്ത്യയിലേക്ക് തിരിച്ചുള്ള ഫ്ലൈറ്റുകള്‍ റദ്ദ് ചെയ്തതിനെത്തുടര്‍ന്നാണിത്.

“ഈ വര്‍ഷം മാര്‍ച്ച് രണ്ടിന് ഞങ്ങളുടെ രക്ത സാമ്പിളുകള്‍ ശേഖരിക്കാന്‍ തുടങ്ങുകയും മാര്‍ച്ച് 10 വരെ തുടരുകയും ചെയ്തു. സാമ്പിളുകള്‍ ആദ്യം പൂനെക്ക് പരിശോധനയ്ക്കായി അയയ്ക്കുമെന്നും അതിനുശേഷം കുടുങ്ങി കിടക്കുന്ന എല്ലാ തീര്‍ത്ഥാടകരെയും വായുമാര്‍ഗ്ഗം തിരിച്ച് ഇന്ത്യയിലേക്കെത്തിക്കുമെന്നും ഞങ്ങള്‍ക്ക് ഉറപ്പു നല്‍കി”, ഷബ്ബീര്‍ പറഞ്ഞു. എഴുപത്തെട്ടു തീര്‍ത്ഥാടകരുള്‍പ്പെടുന്ന ആദ്യ സംഘത്തിന്‍റെ പരിശോധനാ ഫലം നെഗറ്റീവ് ആയി പ്രഖ്യാപിക്കുകയും ഐ.എ.എഫ്. സി. – 17 എയര്‍ക്രാഫ്റ്റില്‍ ഇന്ത്യയിലേക്കു തിരിച്ചെത്തിക്കുന്നതിനായി അവരെ മാര്‍ച്ച് 10-ന് ടെഹ്‌റാനിലേക്ക് വിളിക്കുകയും ചെയ്തു.

“അദ്ഭുതപ്പെടുത്തിക്കൊണ്ട് അവരില്‍ 19 പേരെ ഒരു കാരണവും പറയാതെ ഖൂമിലേക്ക് തിരിച്ചയച്ചു”, ഷബ്ബീര്‍ പറഞ്ഞു. പെട്ടെന്നുതന്നെ ലഡാക്കില്‍ നിന്നുള്ള 254 തീര്‍ത്ഥാടകരെ നയതന്ത്രകാര്യാലയം പോസിറ്റീവ് ആയി പ്രഖ്യാപിച്ചു. “ക്വാറന്‍റൈനില്‍ ആക്കുന്നത് പോകട്ടെ, പോസിറ്റീവ് ആയവര്‍ക്ക് ഒരു സാധാരണ മുഖാവരണം പോലും ഇന്ത്യന്‍ നയതന്ത്ര കാര്യാലയം തന്നില്ല. പകരം, കുറച്ചു പേരെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന പ്രതീക്ഷയില്‍ ഞങ്ങളില്‍ ചിലര്‍ സ്വയം മുന്നോട്ടു ചെന്ന് അവരെ പല കൂട്ടങ്ങളായി തിരികെ ഖൂമിലെ ഒരു ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിച്ചു.”

ടെഹ്‌റാനിലെ ഇന്‍ഡ്യന്‍ നയതന്ത്രകാര്യാലയത്തിന് ഈ റിപ്പോര്‍ട്ടര്‍ മൂന്നു ദിവസം മുമ്പയച്ച ചോദ്യാവലിക്ക് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല.

Left: A delegation of stranded Indian pilgrims meeting Indian Embassy officials in Qom, Iran. Right: Shabbir Hussain Hakimi
Left: A delegation of stranded Indian pilgrims meeting Indian Embassy officials in Qom, Iran. Right: Shabbir Hussain Hakimi

ഇടത്: കുടുങ്ങിക്കിടക്കുന്ന ഇന്‍ഡ്യന്‍ തീര്‍ത്ഥാടകരുടെ ഒരു സംഘം ഇറാനിലെ ഖൂമിലെ ഇന്‍ഡ്യന്‍ നയതന്ത്രകാര്യാലയ ഉദ്യോഗസ്ഥരെ കാണുന്നു. വലത്: ഷബ്ബീര്‍ ഹുസൈന്‍ ഹക്കീമി.

മിക്ക തീര്‍ത്ഥാടകരും 65 വയസ്സിലധികം പ്രായമുള്ളവരാണ് – അറുപതുകളുടെ മദ്ധ്യം മുതല്‍ എണ്‍പതുകളുടെ അവസാനം വരെയുള്ളവര്‍. അതുകൊണ്ടുതന്നെ അവരുടെ ക്ഷേമത്തിനായിരുന്നു ചെറുപ്പക്കാരായ യാത്രക്കാരും കൂട്ടാളികളും മുന്‍ഗണന കൊടുത്തതും കൂടുതല്‍ താല്‍പ്പര്യം കാണിച്ചതും. പക്ഷെ പോസിറ്റീവ് ആയി പ്രഖ്യാപിച്ച അതേ രോഗികളെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ട് ആരിലും ഒരു രോഗ ലക്ഷണവും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനര്‍ത്ഥം കൈയിലുള്ള പണം കുറവായ എല്ലാ തീര്‍ത്ഥാടകരും തങ്ങള്‍ക്കു താങ്ങാന്‍ കഴിയുന്ന താമസ സൗകര്യം, ചെറുതോ ആള്‍ക്കൂട്ടം നിറഞ്ഞതോ ആണെങ്കില്‍ കൂടി, കണ്ടെത്തണമെന്നായിരുന്നു. എങ്കിലും, തുടര്‍ന്ന് രണ്ടു സര്‍ക്കാരും ഇടപെടാന്‍ തുടങ്ങുകയും കുടുങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകര്‍ അവര്‍ തങ്ങിയിരുന്ന ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും പണമടയ്ക്കേണ്ട അവസ്ഥയില്‍ നിന്നും ഒഴിവാകുകയും ചെയ്തു.

“ഇന്‍ഡ്യക്കാര്‍ നല്ല ആരോഗ്യസ്ഥിതിയിലാണെന്നും അവര്‍ക്കു വേണ്ടതൊക്കെ ലഭ്യമാക്കിയിട്ടുണ്ടെന്നും [ഇറാനിലെ] നയതന്ത്രകാര്യാലയ-കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഇന്‍ഡ്യക്കാര്‍ക്ക് ഉറപ്പു കൊടുക്കുകയും ചെയ്തിട്ടുണ്ട്”, ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായ എസ്. ജയ്‌ശങ്കര്‍ മാര്‍ച്ച് 13-ന് ലോക്സഭയില്‍ പറഞ്ഞു. “ലോകമെമ്പാടും പൗരന്മാരുള്ള ഒരു രാജ്യമെന്ന നിലയില്‍ ഇത് വളരെയധികം പ്രാധാന്യമുള്ള ഒരു വിഷയമാണ്. അതേ സമയം നമ്മള്‍ ഉത്തരവാദിത്തത്തോടെയും സമചിത്തതയോടെയും പ്രതികരിക്കേണ്ടത് ആത്യാവശ്യവുമാണ്. നമ്മള്‍ പറയുന്നതും നമ്മള്‍ ചെയ്യുന്നതും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാകണം, ആളുകളെ ഭയചകിതരാക്കാന്‍ ആകരുത്”, എന്നും അദ്ദേഹം പറഞ്ഞു.

ശ്ലാഘനീയമായ ഒരു നിലപാടാണിത്. എന്നിരിക്കിലും നേരെ വിപരീതമായി മാദ്ധ്യമ തലക്കെട്ടുകള്‍ 254 തീര്‍ത്ഥാടകര്‍ക്ക് പോസിറ്റീവ് ആണെന്നു പ്രഖ്യാപിച്ചു (പിന്നീടവ ‘ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല’ എന്ന തരത്തിലേക്ക് മാറ്റിയെങ്കിലും). ഇത് ആളുകളെ, പ്രത്യേകിച്ച് ലഡാക്കിലെ ലേഹിലുള്ള ചൂചൂട് ഗോംഗ്മ, കാര്‍ഗിലിലെ സാങ്കു എന്നീ രണ്ടു ഗ്രാമങ്ങളില്‍ ഉള്ളവരെ, മനഃക്ലേശത്തിലും ആശയക്കുഴപ്പത്തിലും പരിഭ്രാന്തിയിലും ആഴ്ത്തി. നേരത്തെതന്നെ ക്വാറന്‍റൈനില്‍ ആയിരുന്ന ഈ ഗ്രാമങ്ങള്‍ ഇപ്പോഴും ക്വാറന്‍റൈനില്‍ ആണ്. വാട്ട്സാപ്പ് ശബ്ദ സന്ദേശങ്ങളുടെ ഒരു പരമ്പര തന്നെ പെട്ടെന്ന് ആരംഭിച്ചു. അവയില്‍ ചിലത് വര്‍ഗ്ഗീയ, വംശീയ ചുവയുള്ളതായിരുന്നു. ജമ്മുവിലും മറ്റു പലയിടങ്ങളിലും പഠിക്കുന്ന ലഡാക്കി വിദ്യാര്‍ത്ഥികള്‍ അധിക്ഷേപങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വംശീയ പരാമര്‍ശങ്ങള്‍ക്കും വിധേയരായി.

ചൂചൂട് ഗ്രാമത്തില്‍ 73-വയസ്സുകാരനായ മുഹമ്മദ്‌ അലി എന്നയാള്‍ മരിച്ചപ്പോള്‍ മൃതദേഹം സംസ്കരിക്കാന്‍ പോലും കുടുംബത്തെ സഹായിക്കാന്‍ തയ്യാറാകാഞ്ഞ വിധത്തില്‍ എല്ലാവരും പരിഭ്രാന്തരായിരുന്നു. മരണകാരണം മൂത്രനാളിയിലുണ്ടായ അണുബാധയാണെന്നും കോവിഡ്-19 അല്ലെന്നും പിന്നീട് വ്യകതമായി. “ശത്രുക്കള്‍ക്കു പോലും ഇത്തരത്തിലുള്ള നിരാശ്രയത്വവും നിസ്സഹായാവസ്ഥയും ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”, പ്രസ്തുത അനുഭവം ഓര്‍മ്മിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ മകനായ മുഹമ്മദ്‌ ഈസ പറഞ്ഞു.

Left: An Iranian medical team examining Ladakhi pilgrims outside their hotel in Qom. Right: Rations being distributed in Kargil's Sankoo village
Left: An Iranian medical team examining Ladakhi pilgrims outside their hotel in Qom. Right: Rations being distributed in Kargil's Sankoo village

ഇടത്: ലഡാക്കി തീര്‍ത്ഥാടകരെ ഖൂമിലെ അവരുടെ ഹോട്ടലിനു പുറത്തു വച്ച് ഒരു ഇറാനിയന്‍ വൈദ്യ സംഘം പരിശോധിക്കുന്നു. വലത്: കാര്‍ഗിലിലെ സങ്കു ഗ്രാമത്തില്‍ റേഷന്‍ വിതരണം ചെയ്യുന്നു.

വിദേശത്ത് കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും, പ്രത്യേകിച്ച് ഇറാനില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ, ഉടന്‍തന്നെ മോചിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാരിന് ഉത്തരവ്/നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാര്‍ച്ച്-21-ന് കാര്‍ഗിലില്‍ നിന്നുള്ള ഒരു വക്കീലായ മുസ്തഫ ഹാജി സുപ്രീംകോടതിയില്‍ ഒരു പരാതി നല്‍കി. തുടര്‍ന്ന്, വിഷയം എങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ ശ്രമിച്ചത് എന്നതിനെക്കുറിച്ച് മാര്‍ച്ച് മുപ്പതോടെ ഒരു റിപ്പോര്‍ട്ട് നല്‍കണമെന്ന് മാര്‍ച്ച് 27-ന് പരമോന്നത കോടതി സര്‍ക്കാരിനോടു നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഈ പൗരന്മാരുടെ ക്ഷേമം സംരക്ഷിക്കുന്നതിന് ആവശ്യമുള്ള നടപടികള്‍ എടുക്കുമെന്നും ഇറാനിലെ ഇന്‍ഡ്യന്‍ നയതന്ത്ര കാര്യാലയമുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാ അധികാരികളുമായി കൂടിയാലോചിച്ച് അനുയോജ്യമായ ഒരു കര്‍മ്മ പദ്ധതി ആവിഷ്കരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.”

അവസാനം, രക്ത സാമ്പിളുകള്‍ ശേഖരിക്കാന്‍ തുടങ്ങിക്കഴിഞ്ഞ് ഏതാണ്ട് ഒരു മാസത്തിനു ശേഷം ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ അവരുടെ റിപ്പോര്‍ട്ട് കോടതിക്കു മുന്നില്‍ വച്ചു. “ഇന്‍ഡ്യന്‍ തീര്‍ത്ഥാടകരെ ഇറാനില്‍ നിന്നും ഒഴിപ്പിക്കുന്നതിന് എന്തിനാണിത്ര താമസവും ആശയക്കുഴപ്പവും? അതും അവരില്‍ ഭൂരിപക്ഷവും വൈറസ് മഹാമാരിക്ക് എളുപ്പത്തില്‍ കീഴടങ്ങാനുള്ള സാദ്ധ്യത ഉണ്ടെന്നറിയാവുന്ന ഇത്തരമൊരു സാഹചര്യത്തില്‍”, മുസ്തഫ ചോദിച്ചു.

അതേസമയം, പരിശോധനയില്‍ നെഗറ്റീവായ തീര്‍ത്ഥാടകരെ പുറത്തെത്തിക്കാന്‍ ഇറാനില്‍ നിന്നുള്ള ഒരു സ്വകാര്യ വിമാന കമ്പനിയായ മഹന്‍ എയര്‍ സ്വമേധയാ തയ്യാറാവുകയും മാര്‍ച്ച് 24-ന് 253 പേരേയും മാര്‍ച്ച് 28-ന് 224 പേരേയും അവിടെനിന്നും മോചിപ്പിക്കുകയും ചെയ്തു. പക്ഷെ, അപ്പോഴും 324 ലഡാക്കി തീര്‍ത്ഥാടകര്‍ ഇറാനില്‍ത്തന്നെ ഉണ്ടായിരുന്നു – അതില്‍ 254 പേര്‍ ‘കൊറോണ പോസിറ്റീവ്’ ആണോയെന്ന് സംശയിക്കപ്പെടുന്നവരായിരുന്നു.

Left: Some of the pilgrims airlifted from Iran, at a quarantine camp in Jodhpur. Right: File photo of pilgrim Haji Mohammad Ali with daughter Hakima Bano
Left: Some of the pilgrims airlifted from Iran, at a quarantine camp in Jodhpur. Right: File photo of pilgrim Haji Mohammad Ali with daughter Hakima Bano

ഇടത്: വിമാന മാര്‍ഗ്ഗം എത്തിച്ച കുറച്ചു തീര്‍ത്ഥാടകര്‍ ജോധ്പൂരിലെ ഒരു ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍. വലത്: തീര്‍ത്ഥാടകനായ ഹാജി മുഹമ്മദ്‌ അലി മകള്‍ ഹക്കിമ ബാനോയോടൊപ്പം (ഫയല്‍ ഫോട്ടോ).

പരിശോധനയില്‍ നെഗറ്റീവായ, ഇന്‍ഡ്യയിലേക്ക് എത്തിച്ച, കുറച്ചുപേര്‍  - കാര്‍ഗില്‍ പട്ടണത്തിലെ 79-കാരനായ ഹാജി മുഹമ്മദ്‌ അലിയെപ്പോലുള്ളവര്‍ - രാജസ്ഥാനിലെ ജോധ്പൂരില്‍ ക്വാറന്‍റൈന്‍ കേന്ദ്രത്തിലാണ്. “എന്‍റെ അച്ഛന്‍ ഇന്‍ഡ്യയിലെത്തി ജോധ്പൂരില്‍ ക്വാറന്‍റൈനിലായതിനാല്‍ ഇപ്പോള്‍ കുറച്ച് ആശ്വാസമുണ്ട്”, അദ്ദേഹത്തിന്‍റെ മകള്‍ ഹക്കിമ ബാനോ പാരിയോടു പറഞ്ഞു. “പക്ഷെ ഇപ്പോഴും ഞാന്‍ ദുഃഖിതയാണ്. അദ്ദേഹം വീട്ടിലെത്തി കുടുംബത്തോട് ഒത്തു ചേരുന്നതുവരെ ഞങ്ങള്‍ക്കു കാത്തിരിക്കാന്‍ കഴിയില്ല.”

ഷബ്ബീര്‍ ഇറാനില്‍ കുടുങ്ങിയിട്ട് മാര്‍ച്ച് 28-ന് ഒരുമാസം പൂര്‍ത്തിയായി. “അവസാനം ഞങ്ങള്‍ക്ക് - ആഴ്ചകള്‍ക്കു ശേഷം - ഹോട്ടല്‍ മുറികള്‍ നല്‍കി. പരിശോധനകള്‍ക്കായി അവര്‍ സ്ഥിരമായി ഇറാനിയന്‍ ഡോക്ടര്‍മാരെ അയയ്ക്കുന്നു. എങ്കിലും മുറികള്‍ 8-ഉം 6-ഉം 12-ഉം കിടക്കകള്‍ ഉള്ളതാണ്. 254 ലഡാക്കി തീര്‍ത്ഥാടകരെ പോസിറ്റീവായി പ്രഖ്യാപിച്ച ശേഷം 14 ദിവസത്തിലധികമായി. പക്ഷെ രണ്ടാമത്തെ പരിശോധനയ്ക്കായി ആരും രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടില്ല.”

“ഞങ്ങള്‍ക്ക് വീട്ടിലെത്തണം. ആവശ്യമുള്ള എല്ലാ മുന്‍കരുതലുകളും എടുക്കുക [രണ്ടാമത്തെ പരിശോധനകളും ക്വാറന്‍റൈനും], പക്ഷെ ഞങ്ങളെ വീട്ടില്‍ എത്തിക്കണം. കൊറോണ വൈറസ് മൂലമല്ലെങ്കില്‍ ഇവിടെയുള്ള ഭൂരിഭാഗം വയോധികരും മാനസിക ക്ലേശം, മറ്റസുഖങ്ങള്‍, പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്നതിന്‍റെ ദുഃഖം എന്നിവ മൂലം മരിച്ചുപോകും.”

എന്താണ് അദ്ദേഹത്തെ ഏറ്റവുമധികം വേദനിപ്പിക്കുന്നത്?: “ഞങ്ങളുടെ കുടുംബങ്ങള്‍ എല്ലാം നഷ്ടപ്പെട്ടതുപോലെയാണ്, നാട്ടിലെ ലഡാക്കികള്‍  പരിഭ്രാന്തിയിലും. 254 തീര്‍ത്ഥാടകര്‍ ‘കൊറോണ പോസിറ്റീവ്’ ആണ് എന്നു പറയുന്നത് ദയവായി നിര്‍ത്തുക. ഇതുവരെ ഞങ്ങളെ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിച്ചിട്ടില്ലാത്തതുകൊണ്ട് അവര്‍ കൊറോണ ബാധിതരെന്ന് സംശയിക്കപ്പെടുന്നവര്‍ മാത്രമാണ്.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Stanzin Saldon

Stanzin Saldon is a 2017 PARI Fellow from Leh, Ladakh. She is the Quality Improvement Manager, State Educational Transformation Project of the Piramal Foundation for Education Leadership. She was a W.J. Clinton Fellow ( 2015-16) of the American India Foundation.

Other stories by Stanzin Saldon
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.