അവർ കാണാനായി കാത്തിരുന്ന അസ്തമയം ഇതല്ല. സന്ധ്യാ പ്രകാശം തെരുവു വിളക്കുകൾക്കു വഴിമാറി ഒരുപാട് സമയങ്ങൾക്കു ശേഷം രന്ദാവനി സുവർസെ വിസ്മൃതിയിലേക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നു. മുഖത്ത് ദുഃഖം നിറഞ്ഞ പുഞ്ചിരിയോടെ അവർ പറഞ്ഞു, "ഇവിടെത്തന്നെയിരുന്നായിരുന്നു എന്‍റെ ഭർത്താവ് തന്‍റെ പ്രിയപ്പെട്ട അഭംഗ് പാടിയിരുന്നത്.”

ഹിന്ദുദൈവമായ വിട്ടലിനെ പ്രകീർത്തിച്ചു കൊണ്ടുള്ള ഭക്തിഗാനം ആലപിക്കുക അവരുടെ ഭർത്താവ് പ്രഭാകർ സുർവസെയുടെ പ്രിയപ്പെട്ട വിനോദമായിരുന്നു. രണ്ടു വർഷങ്ങൾക്കു മുമ്പ്, 60-ാം വയസ്സില്‍, മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്നും ക്ലർക്ക് ആയാണ് അദ്ദേഹം വിരമിച്ചത്. അന്നുമുതൽ എല്ലാ വയ്കുന്നേരവും മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഒരു പട്ടണമായ പർലിയിലെ അവരുടെ വീട്ടിലിരുന്ന് പ്രഭാകർ പാടുകയും അയൽവാസികളെ സന്തോഷിപ്പിക്കുകയും ചെയ്യുമായിരുന്നു.

2021 ഏപ്രിൽ 9-ന് കോവിഡ്-19-ന്‍റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുന്നതുവരെ.

രണ്ട് ദിവസങ്ങൾക്ക് ശേഷം, പർലിയിൽ നിന്നും 25 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന അംബാജോഗായിയിലുള്ള സ്വാമി രാമാനന്ദ് തീർത്ഥ് ഗ്രാമീണ സർക്കാർ മെഡിക്കൽ കോളേജിൽ (എസ്.ആർ.റ്റി.ആർ.എം.സി.എ.) പ്രഭാകറിനെ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിന്‍റെ മരണം കുറച്ച് പെട്ടെന്നായിരുന്നു. "രാവിലെ 11:30-ന് ഞാനദ്ദേഹത്തിന് ബിസ്ക്കറ്റ് നൽകിയതാണ്”, ബന്ധുവായ 36-കാരൻ വൈദ്യനാഥ് സുർവസെ പറഞ്ഞു. വൈദ്യനാഥ് പർലിയിൽ ഒരു ചൈനീസ് ഫാസ്റ്റ് ഫുഡ് ശാല നടത്തുന്നു. "അദ്ദേഹം ജ്യൂസ് ചോദിക്കുക പോലും ചെയ്തു. ഞങ്ങൾ പരസ്പരം സംസാരിച്ചു. അദ്ദേഹത്തിന് സുഖമുള്ളതായി തോന്നി. ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു.”

ഇടസമയങ്ങളിൽ വൈദ്യനാഥ് ആശുപത്രി വാർഡിൽ ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് ഒരു സമയത്ത് ഓക്സിജൻ നൽകുന്നതിന്‍റെ മർദ്ദം പെട്ടെന്ന് കുറയാൻ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. അതുവരെ സംസാരിച്ചുകൊണ്ടിരുന്ന, യാതൊരു കുഴപ്പവുമില്ലാതിരുന്ന പ്രഭാകർ ശ്വസിക്കാൻ ബുദ്ധിമുട്ടാൻ തുടങ്ങി. "ഞാൻ കടുത്ത നിരാശയിൽ ഡോക്ടർമാരെ വിളിച്ചു, പക്ഷെ ആരും ശ്രദ്ധിച്ചില്ല”, വൈദ്യനാഥ് കൂട്ടിച്ചേർത്തു. "അദ്ദേഹം കുറച്ചുനേരം ശ്വസിക്കാൻ ബുദ്ധിമുട്ടി, പിന്നെ പെട്ടെന്ന് മരിച്ചു. ഞാനദ്ദേഹത്തിന്‍റെ നെഞ്ചിലമർത്തി, പാദങ്ങൾ തടവി, പക്ഷെ ഒന്നുകൊണ്ടും കാര്യമുണ്ടായില്ല.

PHOTO • Parth M.N.
PHOTO • Parth M.N.

രന്ദാവനി സുർവ സെ (ഇടത് ) ഭർത്താവ് പ്രഭാകർ നഷ്ടപ്പെട്ടതുമായി പൊരുത്തപ്പെട്ട് വരുന്നു. അദ്ദേഹം ഓക്സിജന്‍റെ കുറവു മൂലമാണ് മരിച്ചതെന്നാണ് ബന്ധുവായ വൈദ്യനാഥ് (വലത് ) വിശ്വസിക്കുന്നത്

ആശുപത്രിയിൽ ഓക്സിജൻ തീർന്നതാണ് അദ്ദേഹത്തിന്‍റെ മരണത്തിലേക്ക് നയിച്ചതതെന്ന് പ്രഭാകറിന്‍റെ കുടുംബം വിശ്വസിക്കുന്നു. "അഡ്മിറ്റാക്കിയ ശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യം വഷളായില്ല. അദ്ദേഹം സുഖം പ്രാപിച്ചു വരികയായിരുന്നു. ഒരുദിവസം പോലും ഞാൻ ആശുപത്രിയിൽ നിന്നും മാറി നിന്നില്ല”, 55-കാരിയായ രന്ദാവനി പറഞ്ഞു. "മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ആശുപത്രി വാർഡിൽ പാട്ടു പാടുന്നതുമായി ബന്ധപ്പെട്ട് പോലും അദ്ദേഹം തമാശ പറഞ്ഞതാണ്.”

ഏപ്രിൽ 21-ന് ആശുപത്രിയിൽ വേറെയും മരണങ്ങള്‍ സംഭവിച്ചിരുന്നു. ഉച്ചകഴിഞ്ഞ് 12:15-നും 12:45-നും ഇടയിൽ മറ്റ് 6 രോഗികൾ കൂടി എസ്.ആർ.റ്റി.ആർ.എം.സി.എയിൽ മരിച്ചു.

ഓക്സിജന്‍റെ കുറവു മൂലമാണ് മരണങ്ങളുണ്ടായതെന്ന കാര്യം ആശുപത്രി നിഷേധിച്ചു. "ആ രോഗികൾ നേരത്തെ തന്നെ ഗുരുതരാവസ്ഥയിൽ ആയിരുന്നു, അവരിൽ മിക്കവരും 60-നു മുകളിൽ പ്രായമുള്ളവർ ആയിരുന്നു”, മെഡിക്കൽ കോളേജിന്‍റെ ഡീൻ ആയ ഡോ. ശിവാജി സുക്റെ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

"ആശുപത്രി അത് നിഷേധിക്കുമെന്ന് ഉറപ്പാണ്, പക്ഷെ മരണം സംഭവിച്ചത് ഓക്സിജന്‍റെ കുറവ് മൂലമാണ്”, ഏപ്രിൽ 23-ന് വിഷയം പുറത്തു കൊണ്ടുവന്ന അഭിജിത് ഗഠാൽ എന്ന മുതിർന്ന പത്ര പ്രവർത്തകൻ പറഞ്ഞു. അംബേജോഗായിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന വിവേക് സിന്ധു എന്ന മറാത്തി പത്രത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. "അന്നത്തെ ദിവസം ആശുപത്രി മാനേജ്മെന്‍റിനെതിരെ ബന്ധുക്കൾ ദേഷ്യത്തിലായിരുന്നു. ഞങ്ങളുടെ ഉറവിടങ്ങള്‍ ബന്ധുക്കൾ പറഞ്ഞത് ശരിവച്ചു.”

ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിലെ ജനങ്ങൾ ഹതാശരായി ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിങ്ങനെയുള്ള വേദികളിലേക്ക് തിരിഞ്ഞത്തോടെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഓക്സിജൻ സിലിണ്ടറുകളും ആശുപത്രി കിടക്കകളും ലഭിക്കുന്നതിനുവേണ്ടി സഹായങ്ങൾ തേടിയുള്ള വിലാപങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രവഹിക്കുകയായിരുന്നു. പക്ഷെ കാര്യമായി സാമൂഹ്യ മാദ്ധ്യമ പ്രവർത്തനങ്ങൾ ഇല്ലാതിരുന്ന പ്രദേശങ്ങളിൽ ഓക്സിജന്‍റെ ദൗർലഭ്യം രൂക്ഷമായിരുന്നു.

അമ്പേജോഗായി ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥൻ, പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ, പറഞ്ഞത് ഓക്സിജന്‍റെ ആവശ്യം നിവവേറ്റുക എന്നത് ഒരു ദൈനംദിന വെല്ലുവിളിയാണെന്നാണ്. "പ്രതിദിനം ഏകദേശം 12 മെട്രിക് ടൺ ഓക്സിജൻ നമുക്കാവശ്യമുണ്ട്. പക്ഷെ പകരം നമുക്ക് ഏഴാണ് കിട്ടുന്നത് [ഭരണകൂടത്തിൽ നിന്നും]”, അദ്ദേഹം പറഞ്ഞു. "കമ്മിയായത് കണ്ടെത്തുക എന്നത് ഒരു ദൈനംദിന വെല്ലുവിളിയാണ്. അതുകൊണ്ട് ഞങ്ങൾ അവിടുന്നും ഇവിടുന്നുമൊക്കെ ജംബോ സിലിണ്ടറുകൾ ഓർഡർ ചെയ്യുന്നു”, ബീഡിലെ ദാതാക്കൾക്കു പുറമെ അടുത്ത നഗരങ്ങളായ ഔറംഗാബാദിൽ നിന്നും ലത്തൂരിൽ നിന്നും ഓക്സിജൻ സിലിണ്ടറുകൾ സംഭരിക്കുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

എസ്.ആർ.റ്റി.ആർ.എം.സി.എയെ സംസ്ഥാന സർക്കാർ സമർപ്പിത കോവിഡ് ആശുപത്രിയുടെ (Dedicated Covid Hospital) വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. ഇവിടെ മൊത്തത്തില്‍ 402 കിടക്കകൾ ഉണ്ട്. അവയിൽ 265 എണ്ണം ഓക്സിജൻ സൗകര്യം ഉള്ളതാണ്. ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി ഏപ്രിൽ അവസാനം പർലിയിലുള്ള താപ വൈദ്യുത നിലയത്തിലെ ഓക്സിജൻ പ്ലാന്‍റ് ആശുപത്രിയിലേക്ക് മാറ്റി. പി.എം. കെയർ ഫണ്ടിൽ നിന്നുള്ള 25 എണ്ണം ഉൾപ്പെടെ നിലവിൽ 96 വെന്‍റിലേറ്ററുകൾ ആശുപത്രിയിലുണ്ട്. ഏപ്രിൽ അവസാന വാരമാണ് അവ ലഭിച്ചത്..

Left: A working ventilator at the Ambejogai hospital. Right: One of the 25 faulty machines received from the PM CARES Fund
PHOTO • Parth M.N.
Left: A working ventilator at the Ambejogai hospital. Right: One of the 25 faulty machines received from the PM CARES Fund
PHOTO • Parth M.N.

ഇടത് : അമ്പേ ജോഗായി ആശുപത്രിയിലെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു വെ ന്‍റി ലേറ്റർ. വലത് : പി.എം. കെയർ ഫണ്ടിൽ നിന്നും ലഭിച്ച കുഴപ്പമുള്ള 25 മെഷീനുകളിൽ ഒരെണ്ണം

25 വെന്‍റിലേറ്ററുകൾ കുഴപ്പമുള്ളവയായി. മെയ് ആദ്യവാരം 460 കിലോമീറ്റർ അകലെ മുംബൈയിൽ നിന്നുള്ള രണ്ട് ടെക്നീഷ്യന്മാർ അവ നന്നാക്കുന്നതിനായി സ്വമേധയാ അമ്പേജോഗായിയിലേക്ക് തിരിച്ചു. ചെറിയ കുഴപ്പങ്ങളുണ്ടായിരുന്ന 11 എണ്ണം അവർ നന്നാക്കി.

ആശുപത്രി ഒരു നൂൽപ്പാലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അമ്പേജോഗായിയിലെ രോഗികളുടെ ബന്ധുക്കൾ മനസ്സിലാക്കി. "എല്ലാദിവസവും ഓക്സിജൻ ലഭിക്കാനായി നിങ്ങൾക്കു മുൻപിൽ ആശുപത്രി ബുദ്ധിമുട്ടുമ്പോൾ പരിഭ്രമിക്കുക എന്നത് സ്വാഭാവികമാണ്”, വൈദ്യനാഥ് പറഞ്ഞു. "ഓക്സിജൻ ദൗർലഭ്യം ഇന്ത്യയിലങ്ങോളം ഒരു കഥയാണ്. ഞാൻ സാമൂഹ്യമാദ്ധ്യമങ്ങൾ പിന്തുടരുകയും ആളുകൾ പരസ്പരം ബന്ധപ്പെടുന്നത് എങ്ങനെയാണെന്ന് കാണുകയും ചെയ്തു. ആ ഒരു മാർഗ്ഗം നമുക്ക് ഗ്രാമീണ ഇന്ത്യയിൽ സാദ്ധ്യമല്ല. ഞാൻ ഒരു കാര്യം പോസ്റ്റ് ചെയ്താൽ ആര് ശ്രദ്ധിക്കും? ഞങ്ങൾ ആശുപത്രിയുടെ കാരുണ്യത്തിലാണ്. ഞങ്ങൾ ഏറ്റവും ഭയപ്പെട്ടത് ഞങ്ങളുടെ കാര്യത്തിൽ സംഭവിച്ചു.”

പ്രഭാകറിന്‍റെ വിയോഗം രന്ദാവനി, അവരുടെ മകൻ, മരുമകൾ, പത്തും ആറും നാലും വയസ്സുകൾ വീതമുള്ള മൂന്ന് കൊച്ചുമക്കൾ എന്നിവരെ ആഴത്തിൽ ബാധിച്ചു. "കുഞ്ഞുങ്ങൾക്ക് അദ്ദേഹത്തെ ഒരുപാട് നഷ്ടപ്പെടുന്നു, എനിക്കറിയില്ല അവരോട് എന്തു പറയുമെന്ന്”, രന്ദാവനി പറഞ്ഞു. "ആശുപത്രിയിൽ വച്ച് അദ്ദേഹം അവരെപ്പറ്റി എപ്പോഴും എന്നോട് ചോദിച്ചു. അദ്ദേഹം വീട്ടിൽ പോകാനായി നോക്കിയിരിക്കുകയായിരുന്നു. അദ്ദേഹം മരിക്കുമെന്ന് ഞാൻ കരുതിയില്ല.”

പ്രതിമാസം 2,500 രൂപയ്ക്ക് വീട്ടുജോലിക്കാരിയായ പണിയെടുക്കുന്ന രന്ദാവനിക്ക് ഉടൻതന്നെ ജോലിയിൽ തിരിച്ചു കയറണം. "എന്‍റെ തൊഴിൽദാതാക്കൾ ദയാലുക്കൾ ആകയാൽ ജോലിയിൽ തിരിച്ചു കയറാൻ എന്നെ നിർബന്ധിക്കുന്നില്ല”, അവർ പറഞ്ഞു. "പക്ഷെ ഞാൻ ഉടൻ തുടങ്ങും. അതെന്നെ ബന്ധിതയാക്കുകയും ചെയ്യും.”

അണുബാധ മൂലമുള്ള 75,500-ലധികം കോവിഡ് കേസുകളും ഏതാണ്ട് 1,400 മരണങ്ങളും മെയ് 16-ഓടെ ബീഡ് ജില്ല രേഖപ്പെടുത്തി . സമീപ ജില്ലയായ ഉസ്മാനാബാദ് 49,700-ലധികം കേസുകൾക്കും ഏതാണ്ട് 1,200 മരണങ്ങൾക്കും സാക്ഷ്യം വഹിച്ചു.

മറാത്ത്‌വാഡയുടെ കാർഷിക മേഖലയിലാണ് ബീഡും ഉസ്മാനാബാദും ഉൾപ്പെടുന്നത്. മഹാരാഷ്ട്രയിൽ ആത്മഹത്യ മൂലമുള്ള കർഷക മരണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് ഇവിടെയാണ്. ഈ ജില്ലകളിൽ നിന്നും വലിയൊരു ജനസംഖ്യ തൊഴിലുകൾ തേടി കുടിയേറുന്നു. ജല പ്രതിസന്ധിയും കടവുമായി പൊരുതുന്ന പ്രദേശത്തെ ജനങ്ങൾ പരിമിതമായ വിഭവങ്ങൾ കൊണ്ടും അപര്യാപ്തവും മുങ്ങിത്താണുകൊണ്ടിരിക്കുന്നതുമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുമാണ് മഹാമാരിയെ നേരിടുന്നത്.

ഉസ്മാനാബാദ് ജില്ല സിവിൽ ആശുപത്രിയുടെ അവസ്ഥ 90 കിലോമീറ്റർ അകലെയുള്ള അമ്പേജോഗായിയിൽ നിന്നും വളരെ വ്യത്യസ്തമല്ല. പൊള്ളുന്ന വെയിലത്ത് തങ്ങളുടെ ആശങ്കകൾ പരസ്പരം പങ്കുവച്ചുകൊണ്ട് കോവിഡ് രോഗികളുടെ ബന്ധുക്കൾ കാത്തിരിക്കുന്നു. പ്രതിദിനം വേണ്ട 14 മെട്രിക് ടൺ ഓക്സിജൻ ജില്ലാ ഭരണകൂടം കണ്ടെത്താൻ ശ്രമിക്കുമ്പോൾ പരിഭ്രമിക്കുന്ന അപരിചിതർ തമ്മില്‍ ബന്ധമുണ്ടാക്കുന്നു.

Left: Swami Ramanand Teerth Rural Government Medical College and Hospital in Ambejogai. Right: An oxygen tank on the hospital premises
PHOTO • Parth M.N.
Left: Swami Ramanand Teerth Rural Government Medical College and Hospital in Ambejogai. Right: An oxygen tank on the hospital premises
PHOTO • Parth M.N.

ഇടത്: അമ്പേ ജോഗാ യിയിലെ സ്വാമി രാമാനന്ദ് തീർത്ഥ് ഗ്രാമീണ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി. വലത് : ആശുപത്രി പരിസരത്തുള്ള ഒരു ഓക്സിജൻ ടാങ്ക്

2020-ൽ കോവിഡ്-19-ന്‍റെ ഒന്നാം തരംഗം അതിന്‍റെ ഉന്നതിയിൽ എത്തി നിൽക്കുമ്പോൾ ഉസ്മാനാബാദ് ജില്ലയിൽ ഏകദേശം 550 ഓക്സിജൻ കിടക്കകൾ ആവശ്യമുണ്ടായിരുന്നുവെന്ന് ജില്ലാ കളക്ടറും മജിസ്ട്രേറ്റുമായ കൗസ്തുഭ് ദിവേഗാവ്കർ പറഞ്ഞു. രണ്ടാം തരംഗം ആസന്നമായിരുന്ന സമയത്ത് ജില്ല ഭരണകൂടം എണ്ണം ഇരട്ടിയാക്കാൻ തയ്യാറായി.

2021 ഫെബ്രുവരിയിൽ തുടങ്ങിയ രണ്ടാം തരംഗം കൂടുതൽ ശക്തമായിരുന്നു. ഒന്നാം തരംഗത്തിൽ ആവശ്യമായിരുന്ന ഓക്സിജൻ സൗകര്യമുള്ള കിടക്കകളുടെ മൂന്നിരിട്ടി ജില്ലയ്ക്ക് ആവശ്യമുണ്ടായിരുന്നു. നിലവിൽ 944 ഓക്സിജൻ സൗകര്യങ്ങളുള്ള കിടക്കകളും 254 ഐ.സി.യു. കിടക്കകളും 142 വെന്‍റിലേറ്ററുകളും ഉസ്മാനാബാദിലുണ്ട്.

ലത്തൂർ, ബീഡ്, ജൽന എന്നിവിടങ്ങളിൽ നിന്നും ജില്ല ഭരണകൂടം മെഡിക്കൽ ഓക്സിജൻ സംഭരിക്കുകയായിരുന്നു. കർണ്ണാടകയിലെ ബല്ലാരി, തെലങ്കാനയിലെ ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും ഓക്സിജൻ എത്തിക്കുന്നുണ്ടായിരുന്നു. മെയ് രണ്ടാം വാരം ഗുജറാത്തിലെ ജംനാനഗറിൽ നിന്നും ഉസ്മാനാബാദിലേക്ക് ഓക്സിജൻ വായുമാർഗ്ഗം എത്തിച്ചു. മെയ് 14-ന് ഉസ്മാനാബാദിലെ കലമ്പ് താലൂക്കിലെ ചോരാഖലിയിലുള്ള ധാരാശിവ് പഞ്ചസാര ഫാക്ടറി എഥനോളിൽ നിന്നും മെഡിക്കൽ ഗ്രേഡ് ഓക്സിജൻ ഉൽപാദിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്ഥാപനമായി മാറി. ഇത് പ്രതിദിനം 20 മെട്രിക് ടൺ ഉൽപാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സിവിൽ ആശുപത്രിയിൽ 403 കിടക്കകളിലെ കാര്യങ്ങൾ നോക്കുന്നത് 43 ഡോക്ടർമാരും, മൂന്ന് ഷിഫ്റ്റുകളിലായി ജോലിചെയ്യുന്ന നഴ്സുമാരും വാർഡ് അസിസ്റ്റന്‍റുമാരും ഉൾപ്പെടെയുള്ള 120 ആശുപത്രി ജീവനക്കാരുമാണ്. ആശുപത്രി അധികൃതരും പോലീസ് ഉദ്യോഗസ്ഥരും ബന്ധുക്കളുമായി സംസാരിക്കുന്നത് കാണാം. ബന്ധുക്കള്‍ രോഗികളുടെ കിടക്കകളുടെ സമീപത്ത് ഇരിക്കണമെന്ന് ശഠിക്കുകയും അതിലൂടെ അസുഖബാധിതരാവാൻ സാദ്ധ്യതയുള്ളവരായി മാറുകയും ചെയ്യുന്നു. രോഗികളുടെ കുടുംബാംഗങ്ങൾ പലപ്പോഴും ഒഴിവുള്ള കിടക്കകൾക്കായി ആശുപത്രിയിൽ പരതും.

ഋഷികേശ് കാടേയുടെ 68-കാരിയായ അമ്മ ജനാബായ് അവരുടെ അവസാനശ്വാസം എടുക്കുന്ന സമയത്ത് ഇടനാഴിയിൽ ആരോ അവരുടെ മരണത്തിനായി കാത്തുനിൽക്കുകയായിരുന്നു. അയാളുടെ അസുഖബാധിതനായിരുന്ന ബന്ധുവിന് കിടക്ക ആവശ്യമായിരുന്നു. "അവർ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി മരിക്കാറായപ്പോൾ അവിടെയുണ്ടായിരുന്ന മനുഷ്യൻ ആരെയോ ഫോൺ വിളിച്ചു പറഞ്ഞത് ഉടനെ ഒരു കിടക്ക ഒഴിവുണ്ടാകുമെന്ന്”, 40-കാരനായ ഋഷികേശ് പറഞ്ഞു. "അത് നിർവികാരമാണെന്ന് തോന്നാം. പക്ഷെ അയാളെ കുറ്റപ്പെടുത്താനാവില്ല. നിരാശാജനകമായ സമയമാണിത്. അയാളുടെ സ്ഥാനത്ത് ഒരുപക്ഷെ ഞാനും അതു തന്നെ ചെയ്യുമായിരുന്നു.

ജനാബായിയെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അദ്ദേഹത്തിന്‍റെ അച്ഛനെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും അങ്ങോട്ടു മാറ്റിയ ഉടനേയാണ്. കാരണം അവിടെ ഓക്സിജൻ തീർന്നു കൊണ്ടിരിക്കുകയായിരുന്നു. "അതു മാത്രമായിരുന്നു ഞങ്ങളുടെ മുമ്പിലുണ്ടായിരുന്ന വഴി”, ഋഷികേശ് പറഞ്ഞു.

Left: Rushikesh Kate and his brother Mahesh (right) with their family portrait. Right: Rushikesh says their parents' death was unexpected
PHOTO • Parth M.N.
PHOTO • Parth M.N.

ഇടത്: ഋഷികേശ് കാടേ യും അദ്ദേഹത്തിന്‍റെ സഹോദരൻ മഹേഷും ( വലത് ) അവരുടെ കുടുംബ ചിത്രവുമായി . വലത് : മാതാപിതാക്കളുടെ മരണം അപ്രതീക്ഷിതമായിരുന്നുവെന്ന് ഋഷികേശ് പറഞ്ഞു

ഋഷികേശിന്‍റെ അച്ഛൻ 70-കാരനായ ശിവാജി ഏപ്രിൽ 6-നാണ് കോവിഡ്-19 ബാധിതനായത്. അടുത്തദിവസം ജനാബായിയും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. "അച്ഛന് കുറച്ച് സീരിയസ് ആയിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ ഞങ്ങൾ നഗരത്തിലെ സഹ്യാദ്രി ആശുപത്രിയിലാക്കി”, ഋഷികേശ് പറഞ്ഞു. "പക്ഷെ ഞങ്ങളുടെ കുടുംബ ഡോക്ടർ പറഞ്ഞത് അമ്മയെ വീട്ടിൽ ഐസൊലേറ്റ് ചെയ്യാമെന്നാണ്. അവരുടെ ഓക്സിജൻ സാച്ചുറേഷൻ മെച്ചമായിരുന്നു.”

സ്വകാര്യ ആശുപത്രിയായ സഹ്യാദ്രിയിലെ ഡോക്ടര്‍ ഏപ്രിൽ 11-ന് രാവിലെ ഋഷികേശിനെ വിളിക്കുകയും ശിവാജിയെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പറയുകയും ചെയ്തു. "അദ്ദേഹം വെന്‍റിലേറ്ററിലായിരുന്നു”, ഋഷികേശ് പറഞ്ഞു. "സിവിൽ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ തന്നെ അദ്ദേഹത്തിന്‍റെ ശ്വാസംമുട്ടൽ വർദ്ധിച്ചു. മാറ്റം വളരെ ബുദ്ധിമുട്ടായി മാറി”, അദ്ദേഹം പറഞ്ഞു. "തിരിച്ചു പോകണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു. സ്വകാര്യ ആശുപത്രിയിൽ അന്തരീക്ഷം കുറച്ചുകൂടി മെച്ചമായിരുന്നു.”

സിവിൽ ആശുപത്രിയിലെ വെന്‍റിലേറ്ററിന് മതിയായ മർദ്ദം നിലനിർത്താൻ കഴിഞ്ഞില്ല. "അദ്ദേഹത്തിന്‍റെ മാസ്ക് പിടിച്ചുകൊണ്ട് ഏപ്രിൽ 12-ന് രാത്രി മുഴുവൻ ഞാനിരുന്നു, കാരണം അത് താഴെ വീണുകൊണ്ടേയിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ അവസ്ഥ മോശമാവുകയായിരുന്നു. അടുത്ത ദിവസം അദ്ദേഹം മരിച്ചു”, ഋഷികേശ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ നിന്നും ശിവാജിയോടൊപ്പം കൊണ്ടുവന്ന 4 രോഗികൾ കൂടി മരിച്ചു.

ജനാബായിയെ ഏപ്രിൽ 12-ന് സിവിൽ ആശുപത്രിയിൽ എത്തിച്ചത് ശ്വാസ തടസ്സത്തെ തുടർന്നാണ്. അവർ ഏപ്രിൽ 15-ന് മരിച്ചു. വെറും 48 മണിക്കൂറുകൾക്കുള്ളിൽ ഋഷികേശിന് മാതാപിതാക്കൾ രണ്ടുപേരും നഷ്ടപ്പെട്ടു. "അവർ ആരോഗ്യമുള്ളവരായിരുന്നു”, അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. “അവർ കഠിനാദ്ധ്വാനം ചെയ്ത് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ ഞങ്ങളെ വളർത്തി.”

ഉസ്മാനാബാദ് നഗരത്തിലെ അദ്ദേഹത്തിന്‍റെ വീടിന്‍റെ സ്വീകരണ മുറിയിലെ ഭിത്തിയിൽ ഒരു വലിയ കുടുംബ ചിത്രം തൂങ്ങിക്കിടന്നിരുന്നു. ഋഷികേശ്, അദ്ദേഹത്തിന്‍റെ മൂത്ത സഹോദരൻ 42-കാരനായ മഹേഷ്, അവരുടെ ഭാര്യമാർ, കുട്ടികൾ എന്നിവരൊക്കെ ശിവാജിയോടും ജനാബായിയോടുമൊപ്പം ഒരുമിച്ചായിരുന്നു ജീവിച്ചത്. നഗര പ്രാന്തത്തിൽ അവരുടെ കൂട്ടുകുടുംബത്തിന് 5 ഏക്കർ കൃഷി ഭൂമിയുണ്ട്. "അവരുടെ മരണം അപ്രതീക്ഷിതമായിരുന്നു”, ഋഷികേശ് പറഞ്ഞു. “ആരെങ്കിലും ആരോഗ്യത്തോടെയിരുന്ന് എല്ലാ ദിവസവും നിങ്ങളുടെ മുമ്പിൽ വ്യായാമം ചെയ്തിട്ട് പെട്ടെന്ന് മരിച്ചാൽ അവരുടെ അസാന്നിദ്ധ്യവുമായി പൊരുത്തപ്പെടുക ബുദ്ധിമുട്ടായിരിക്കും.”

പർലിയിലെ അവരുടെ വീടിന് പുറത്ത് രന്ദാവനിയും ഭർത്താവിന്‍റെ വിയോഗവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരുന്നു. എല്ലാ ദിവസവും വയ്കുന്നേരം പ്രഭാകർ പാട്ടുപാടിയ അതേ സ്ഥലത്ത് അദ്ദേഹത്തിന്‍റെ അസാന്നിദ്ധ്യത്തെ ഉൾക്കൊള്ളാൻ അവർ ബുദ്ധിമുട്ടുന്നു. "അദ്ദേഹത്തെപ്പോലെ പാടാൻ എനിക്കു കഴിയില്ല”, വിഷമം നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു. "പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.