ഗാന്ധിനഗർ, അളകാപുരി ഗ്രാമങ്ങളിൽ ഞാൻ എത്തിയപ്പോഴേക്കും ഇളകിമറിയുന്ന ജനങ്ങളെക്കൊണ്ട് അവിടം നിറഞ്ഞിരുന്നു. ഇടയിലുണ്ടായിരുന്ന ഒരു റോഡ് മാത്രമാണ് ആ രണ്ട് ദളിത് (പട്ടികജാതി) ഗ്രാമങ്ങളേയും വേർതിരിച്ചിരുന്നത്. ധാരാളം പൊലീസുകാരും വാഹനങ്ങളുമുണ്ടായിരുന്നു അവിടെ. ശിവകാശി പട്ടണത്തിലെ കനിഷ്ക ഫയർവർക്സ് കമ്പനിയിലെ 14 തൊഴിലാളികളുടെ മരണം ആ സമുദായത്തെ വല്ലാതെ അസ്വസ്ഥരാക്കിയിരുന്നു. ഗാന്ധിനഗർ ഗ്രാ‍മത്തിൽ മാത്രം ആറുപേർ മരിച്ചു. എല്ലാവരും ദളിതർ.

കൊല്ലപ്പെട്ട പ്രിയപ്പെട്ടവരെ ഓർത്ത് ആളുകൾ തെരുവിൽ തേങ്ങിക്കരയുന്നുണ്ടായിരുന്നു. ചിലർ ഫോണിൽ, വിരുദുനഗർ ജില്ലയിലെ മറ്റ് പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള ബന്ധുക്കളെ വിവരമറിയിക്കുന്ന തിരക്കിലായിരുന്നു.

അല്പസമയത്തിനുശേഷം ആൾക്കൂട്ടം ശ്മശാനത്തിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ ഞാനും അവരോടൊപ്പം ചേർന്നു. 2023 ഒക്ടോബർ 17-ലെ അപകടത്തിൽ മരിച്ച ആ ഗ്രാമത്തിലെ ആറുപേരെ യാത്രയയയ്ക്കാൻ, ഗ്രാമം മുഴുവനും ശ്മശാനത്തിലേക്കുള്ള യാത്രയിൽ ഒത്തുകൂടി. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മാറ്റാൻ ചുമതലപ്പെട്ട ഒരു അഗ്നിരക്ഷാപ്രവർത്തകൻ, ശരീരങ്ങളെ പോസ്റ്റ് മോർട്ടത്തിനയക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് പറഞ്ഞു.

8.30-യോടെ, ആറ് ആംബുലൻസുകൾ ശ്മശാനത്തിലേക്കെത്തിയപ്പോൾ, വിലാപത്തോടെ ആ ആൾക്കൂട്ടം അവയ്ക്കുനേരെ ഓടിയടുത്തു. ഒരുനിമിഷത്തേക്ക് ഞാനെന്റെ ജോലി മറന്നു. ശ്മശാനം രാത്രിയുടെ ഇരുട്ടിൽ മറഞ്ഞുകിടന്നിരുന്നതിനാൽ ക്യാമറ പുറത്തെടുക്കാൻ എനിക്ക് സാധിച്ചില്ല. കൂടിനിന്നിരുന്ന ഗ്രാമീണർ, വെളിച്ചത്തിനുചുറ്റും പാറിനടന്നിരുന്ന പ്രാണികക്കെപ്പോലെ തോന്നിച്ചു.

ശരീരങ്ങൾ പുറത്തെടുത്തതോടെ ആളുകൾ പിൻ‌വലിയാൻ തുടങ്ങി. കരിഞ്ഞ മാംസത്തിന്റെ മണം അത്രയ്ക്ക് അസഹ്യമായിരുന്നു. ചിലർ ച്ഛർദ്ദിക്കുകപോലും ചെയ്തു. പേരുകൾ എഴുതിവെച്ചിരുന്നതുകൊണ്ടുമാത്രമാണ് മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിച്ചത്. ആളുകൾ ഒഴിഞ്ഞുപോയതോടെ, ശ്മശാനം ഒറ്റയ്ക്കായി.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: ശിവകാശിയിലെ കനിഷ്ക ഫയർക്രാക്കർ ഫാക്ടറിയിലെ ഒരപകടത്തിൽ 14 തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. അവരിലൊരാളായ എം.ബാലമുരുഗന്റെ വീടിന്റെ മുമ്പിൽ കൂടിനിൽക്കുന്ന ജനങ്ങൾ

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: ശ്മശാനത്തിലേക്ക് നടക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും. വലത്ത്: ഇരുട്ടായിത്തുടങ്ങിയിട്ടും, ശവശരീരങ്ങൾ വരാൻ കാത്തുനിൽക്കുന്ന ആളുകൾ

ഒരു ശാസ്ത്രജ്ഞയാവണമെന്നായിരുന്നു, 14 വയസ്സുള്ള എം.സന്ധ്യയുടെ സ്വപ്നം. അമ്മ മുനീശ്വരി അപകടത്തിൽ മരിച്ചതോടെ, അവൾ തന്റെ സ്വപ്നത്തെക്കുറിച്ച് പുനരാലോചന നടത്തുകയാണ്. കഴിഞ്ഞ എട്ടുവർഷമായി സന്ധ്യയുടെ അമ്മ, ആ ഫാക്ടറിയിൽ ജോലിചെയ്യുകയായിരുന്നു. മകളുടെ ആഗ്രഹം പൂർത്തീകരിക്കാൻ അവർ അധികസമയം‌കൂടി ജോലി ചെയ്തിരുന്നു. ഒറ്റ രക്ഷിതാവെന്ന നിലയിൽ, അവർ പരമാവധി അദ്ധ്വാനിച്ചിരുന്നു എന്ന്, സന്ധ്യയെ സംരക്ഷിക്കുന്ന പാട്ടി (അമ്മൂമ്മ) പറയുന്നു. “എന്നെ എത്രകാലം നോക്കാൻ പാട്ടിക്ക് സാധിക്കുമെന്ന് എനിക്കറിയില്ല. അവർക്ക് കടുത്ത പ്രമേഹമുണ്ട്”, സന്ധ്യ പറഞ്ഞു.

ആ ദാരുണ സംഭവത്തിൽ പഞ്ചവർണ്ണത്തിന് അവരുടെ ഭർത്താവിനെ നഷ്ടമായി. “പുറത്ത് വെച്ചിരുന്ന വെടിക്കെട്ടിനുള്ള സാമ്പിളുകൾക്ക് തീ പിടിച്ചു. ഞാൻ പുറത്തേക്ക് കടക്കുന്ന ഭാഗത്തായിരുന്നതിനാൽ രക്ഷപ്പെട്ടു. എന്നാൽ പുകയ്ക്കിടയിൽ പെട്ടുപോയതിനാൽ അങ്ങേർക്ക് രക്ഷപ്പെടാനായില്ല”.

രക്ഷപ്പെടുന്നതിനിടയ്ക്ക് പറ്റിയ പൊള്ളലുകളും മുറിവുകളും അവർ എനിക്ക് കാണിച്ചുതന്നു. “സാധനം വാങ്ങാൻ വരുന്നവർ പൊതുവെ, ആദ്യം സാമ്പിൾ കാണണമെന്ന് പറയും. സാമ്പിൾ പരിശോധിച്ചുനോക്കുന്നവർ ഫാക്ടറിയിൽനിന്ന് ചുരുങ്ങിയത് ഒരു കിലോമീറ്ററെങ്കിലും ദൂരത്ത് പോകണം. എന്നാൽ സംഭവം നടന്ന ദിവസം, അവർ ഫാക്ടറി വളപ്പിനകത്തുവെച്ചുതന്നെ സാമ്പിളുകൾ പരീക്ഷിച്ചു. അതിൽനിന്നുള്ള തീപ്പൊരികൾ എല്ലായിടത്തേക്കും പാറി. ഫാക്ടറിയുടെ മേൽക്കൂരയിലേക്കും അവിടെനിന്ന്, പടക്കങ്ങളുണ്ടാക്കുന്ന സ്ഥലത്തേക്കും. സെക്കൻഡുകൾക്കുള്ളിൽ മുറിയിൽ പൂർണ്ണമായും തീപിടിച്ചു. 15 തൊഴിലാളികളിൽ 13 പേരും അതിൽ‌പ്പെട്ടു. ചെറിയ പൊള്ളലോടെ രക്ഷപ്പെട്ട മൂന്നുപേരും അപകടസമയത്ത് കക്കൂസിലായിരുന്നു. ഇല്ലായിരുന്നെങ്കിൽ അവരും പോയേനേ. പുറത്തേക്കോടിയപ്പോൾ അവരുടെ സാരിക്കും തീപിടിച്ചു”, അവർ ഓർമ്മിച്ചെടുത്തു.

ചെയ്യുന്ന കായികാദ്ധ്വാനത്തിനനുസരിച്ചായിരുന്നു പഞ്ചവർണ്ണത്തിന്റേയും ഭർത്താവ് ബാലമുരുഗന്റേയും വരുമാനം. എല്ലുമുറിയെ പണി ചെയ്ത്, അവർ ഒരു മകളെ ബി.എസ്.സി. നഴ്സിംഗും ഒരു മകനെ ഐ.ടി.ഐ. ഡിപ്ലോമയുംവരെ എത്തിച്ചു. “കുട്ടികളെ പഠിപ്പിക്കുന്നതിന് ഏതറ്റംവരെയും പോകാൻ തയ്യാറായിരുന്നു”, ഭർത്താവ് ബാലമുരുഗനെ ഓർത്തുകൊണ്ട് പഞ്ചവർണ്ണം പറഞ്ഞു. “ഒരൊറ്റ കാര്യത്തിൽ മാത്രമേ നിർബന്ധമുണ്ടായിരുന്നുള്ളു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ. താൻ അനുഭവിച്ച വിഷമങ്ങൾ ഞങ്ങൾ അനുഭവിക്കരുതെന്ന് അച്ഛന് നിർബന്ധമായിരുന്നു”, മകൾ ഭവാനി പറഞ്ഞു.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

8.30-ന് ആദ്യത്തെ ആംബുലൻസ് (ഇടത്ത്) ശ്മശാനത്തിലെത്തുന്നു; അതിനെ പിന്തുടർന്നെത്തിയ മറ്റ് അഞ്ച് ആംബുലൻസുകൾ (വലത്ത്)

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: ശവശരീരത്തിൽ പൊതിഞ്ഞ തുണിയിലെഴുതിയ സംഖ്യയിൽനിന്നാണ് മരിച്ചുപോയവരെ തിരിച്ചറിഞ്ഞത്. വലത്ത്: മൃതദേഹങ്ങൾ ആംബുലൻസിൽനിന്ന് ഇറക്കുന്നത് നോക്കിനിൽക്കുന്ന ദു:ഖാർത്തരായ കുടുംബങ്ങളും കൂട്ടുകാരും

തീപ്പിടിത്തവും തുടർന്നുണ്ടായ ആശുപത്രിച്ചിലവുകളും കഴിഞ്ഞപ്പോൾ പഞ്ചവർണവും കുടുംബവും കടത്തിൽ മുങ്ങി. വൃക്കയിലെ പ്രശ്നങ്ങൾ കാരണം ഇതിനകംതന്നെ അഞ്ച് ശസ്ത്രക്രിയകൾ അവർക്ക് വേണ്ടിവന്നു. മാസം‌തോറും 5,000 രൂപ വിലവരുന്ന മരുന്നുകൾ അവർക്ക് വേണം. “ഞങ്ങളുടെ മകളുടെ കൊളേജ് ഫീസ് (20,000) പോലും ഇതുവരെയായി അടച്ചുതീർക്കാൻ പറ്റിയിട്ടില്ല. ദീപാവലി ബോണസ്സ് കിട്ടുമ്പോൾ തീർക്കാമെന്നായിരുന്നു കരുതിയത്”, അവർ പറയുന്നു. ആരോഗ്യപരിശോധനകൾപോലും ആ കുടുംബത്തിന് താങ്ങാനാവുന്നില്ല. ശരീരത്തിലെ ലവണാംശം നിയന്ത്രിക്കാൻ ഗുളികകൾ കഴിക്കുകയാണെന്ന് അവർ പറഞ്ഞു.

ബാലമുരുഗന്റേയും പഞ്ചവർണത്തിന്റേയും ഇളയ മകളാണ് ഭവാനി. 18 വയസ്സായ അവൾ ഇപ്പോഴും അച്ഛന്റെ മരണവുമായി പൊരുത്തപ്പെടാൻ പാടുപെടുകയാണ്. “അച്ഛൻ ഞങ്ങളെ നല്ലവണ്ണം നോക്കിയിരുന്നു. വീട്ടിലെ പണികളൊന്നും ചെയ്യാൻ സമ്മതിക്കില്ല. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അച്ഛനായിരുന്നു. അസുഖംമൂലം പാചകം ചെയ്യലും വൃത്തിയാക്കലുമൊന്നും അമ്മയ്ക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അച്ഛനായിരുന്നു അതെല്ലാം ചെയ്തിരുന്നത്. എന്നെ അതിന് അനുവദിക്കില്ല”. സഹോദരങ്ങളെല്ലാം അച്ഛനെ അതിയായി ആശ്രയിച്ചിരുന്നു.

സർക്കാർ 3 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകി. കളക്ടറുടെ ഓഫീസിൽ‌വെച്ചാണ് അവർക്കത് ലഭിച്ചത്. കമ്പനി അവർക്ക് ഒക്ടോബറിൽ 6 ലക്ഷം രൂപ കൊടുക്കുകയും ചെയ്തു. താനും ഭർത്താവ് ബാലമുരുഗനും കഴിഞ്ഞ 12 വർഷമായി വിശ്വസ്തതയോടെ ആ പടക്കനിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്തതിനാൽ കമ്പനി സഹായിക്കുമെന്ന വിശ്വാസത്തിലാണ് പഞ്ചവർണം.

ഗാന്ധിനഗർ ഗ്രാമത്തിലെ സ്ത്രീപുരുഷന്മാർ അധികവും പാടത്ത് കൂലിപ്പണി ചെയ്യുന്നവരോ പടക്കനിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്യുന്നവരോ ആണ്. പഞ്ചവർണത്തിന്റെ കുടുംബം രണ്ടാമത്തേത് തിരഞ്ഞെടുക്കാനുള്ള കാരണം, ജന്മിമാരേക്കാൾ കൂടുതൽ ശമ്പളം കമ്പനി കൊടുക്കുന്നതുകൊണ്ടായിരുന്നു.

അപകടസ്ഥലത്തേക്ക് പോയതിൽ‌പ്പിന്നെ, 19 വയസ്സുള്ള മകൻ പാണ്ഡ്യരാജനെ ഭീതിയും ദു:ഖവും അലട്ടുകയാണ്. അതവനെ ഞെട്ടിച്ചുകളഞ്ഞു എന്ന് അവന്റെ സഹോദരി പറയുന്നു. “അച്ഛൻ ആ ദിവസം ഏറ്റവുമൊടുവിൽ വിളിച്ചത് എന്നെയായിരുന്നു, ഉച്ചയൂണ് കഴിച്ചോ എന്നറിയാൻ. അരമണിക്കൂറിന് ശേഷമാണ് അച്ഛന്റെ സഹപ്രവർത്തകൻ വിളിച്ച് അപകടവിവരം അറിയിക്കുന്നത്. ഞാൻ അങ്ങോട്ട് പാഞ്ഞുചെന്നുവെങ്കിലും അവരെന്നെ അകത്തേക്ക് കടക്കാൻ സമ്മതിച്ചില്ല. ആശുപത്രിയിലെത്തിയപ്പോൾ മാത്രമാണ് അച്ഛൻ ജീവനോടെയില്ലെന്ന് അറിഞ്ഞത്”, പാണ്ഡ്യരാജൻ പറയുന്നു.

“ഇനി എങ്ങിനെ ജീവിക്കുമെന്ന് ഞങ്ങൾക്കറിയില്ല. അമ്മ എന്ത് പറഞ്ഞാലും ഞങ്ങൾ ചെയ്യാൻ തയ്യാറാണ്. ആത്മഹത്യ ചെയ്യാൻ പറഞ്ഞാൽ‌പ്പോലും ഞങ്ങളത് ചെയ്യും. ബന്ധുക്കൾക്ക് എത്രകാലം ഞങ്ങളെ പോറ്റാനും നോക്കാനും കഴിയും?”, ഭവാനി ചോദിക്കുന്നു.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: ശവമടക്കിനുള്ള സ്ഥലമൊരുക്കാൻ ആളുകൾ തങ്ങളുടെ ഫോണിലെ ടോർച്ചിലെ വെളിച്ചം ഉപയോഗിക്കുന്നു. വലത്ത്: ആറ് മൃതദേഹങ്ങളും ഒരുമിച്ചാണ് സംസ്കരിച്ചത്

PHOTO • M. Palani Kumar

ബന്ധുക്കളും സുഹൃത്തുക്കളും പിരിഞ്ഞ് ഏറെസമയത്തിനുശേഷവും ചിത എരിഞ്ഞുകൊണ്ടിരിക്കുന്നു

അപകടത്തിൽ മരിക്കുമ്പോൾ തമിൾസെൽ‌വിക്ക് 57 വയസ്സായിരുന്നു. 23 വർഷം മുമ്പാണ് അവർ ആ പടക്കനിർമ്മാണ ഫാക്ടറിയിൽ ജോലിക്ക് കയറിയത്. ആദ്യമൊക്കെ ദിവസത്തിൽ 200 രൂപ സമ്പാദിച്ചിരുന്നത്, പിന്നീട്, 400 രൂപയായി സാവധാനം വർദ്ധിച്ചു.

ഏറ്റവും ഇളയ മകൻ ടി. ഈശ്വരൻ പറയുന്നു, “എനിക്ക് രണ്ടുവയസ്സുമാത്രമുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. അതിനുശേഷം, എനിക്കും ഏട്ടനും ആവശ്യമുള്ളതെല്ലാം ഉണ്ടാക്കിത്തന്നത് അമ്മയായിരുന്നു.” അയാളും സഹോദരനും ബിരുദധാരികളാണ്. “ഞാൻ കം‌പ്യൂട്ടർ സയൻസെടുത്തു, എന്റെ സഹോദരൻ ബി.എസ്.സിയും”, അയാൾ പറയുന്നു.

തമിൾസെൽ‌വിയുടെ മൂത്ത മകൻ ഇപ്പോൾ തിരുപ്പൂരിൽ പൊലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു. “ജീവിതകാലം മുഴുവൻ അവർ മകന്റെ ജീവിതം നന്നാക്കാൻ പാടുപെട്ടു. എന്നാൽ അവർ ഇനി എത്താൻപോകുന്ന ഉയർച്ചകൾ കാണാൻ അവർക്ക് യോഗമുണ്ടായില്ല”, ബന്ധുക്കൾ പറയുന്നു.

രാസപദാർത്ഥങ്ങൾ ഉണക്കുക, കടലാസ്സിൽ ചുരുട്ടുക, അവയിൽ സ്ഫോടകവസ്തുക്കൾ നിറയ്ക്കുക, ഒടുവിൽ എല്ലാം കൂട്ടിക്കെട്ടുക- ഇത്രയും ചെയ്യുന്നതിനാണ് ദിവസക്കൂലിയായ 250 രൂപ കിട്ടുന്നതെന്ന് തീപ്പിടിത്തത്തിൽനിന്ന് രക്ഷപ്പെട്ട കുറുവമ്മ പറയുന്നു ആഴ്ചയുടെ ഒടുവിലാണ് അവർക്ക് പണം കിട്ടുക. പതിവായി ശമ്പളം വർദ്ധിപ്പിക്കാറില്ലെങ്കിലും, അതിനുപകരം ബോണസ്സ് കിട്ടാറുണ്ട്. അവധിയില്ലാതെ ഫാക്ടറിയിൽ തുടർച്ചയായി ആറുമാസം ജോലി ചെയ്താൽ 5,000 രൂപ ബോണസ്സിന് അർഹതയുണ്ട്.

പ്രതികൂലമായ അവസ്ഥകളിലും ഗ്രാമത്തിലെ ധാരാളം സ്ത്രീകൾ ഈ ഫാക്ടറികളിൽ ജോലി ചെയ്യുന്നുണ്ട്. കുടുംബം അവരുടെ ശമ്പളത്തെ ആശ്രയിച്ച് ജീവിക്കുന്നതിനാൽ. ആ ഭാരം സ്വന്തം ചുമലിൽ വഹിച്ചിരുന്ന മരിച്ചുപോയ കുറുവമ്മാൾ അത്തരത്തിലുള്ള സ്ത്രീകളിലൊരാളായിരുന്നു. കുഴൽക്കിണറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ സമാനമായ ഒരു തീപ്പിടിത്തത്തിൽ അവരുടെ ഭർത്താവ് സുബ്ബു കാണിക്ക് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു. ദിവസക്കൂലി ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ, കുറുവമ്മയും പോയതോടെ, ആ കുടുംബം തകർച്ചയുടെ വക്കിലാണ്. “കാഴ്ചശക്തി നഷ്ടപ്പെട്ടതിനുശേഷം എന്റെ ജീവിതത്തിന് വഴി കാട്ടിത്തന്നിരുന്നത് അവരായിരുന്നു” കണ്ണീരോടെ അദ്ദേഹം പറയുന്നു.

PHOTO • M. Palani Kumar

ഭാര്യ പഞ്ചവർണം, മക്കളായ പാണ്ഡ്യരാജൻ, ഭവാനി എന്നിവരാണ് ബാലമുരുഗന്റെ അവകാശികൾ

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: ബാലമുരുഗൻ തന്റെ കുടുംബവുമായി യാത്ര പോകാറുണ്ടായിരുന്നു. കന്യാകുമാരിയിൽ‌വെച്ചെടുത്ത ഫോട്ടോയാണിത്. വലത്ത്: ഭവാനിയുടെ ഫോണിലുള്ള ബാലമുരുഗന്റെ ചിത്രം

അപകടത്തിലെ മറ്റൊരു ഇര, ഇന്ദ്രാണിയായിരുന്നു. കടുത്ത കാൽമുട്ടുവേദന അനുഭവിച്ചിരുന്ന, 30 മിനിറ്റിൽക്കൂടുതൽ നിൽക്കാൻ കഴിവില്ലാതിരുന്ന ഒരു സ്ത്രീ. എന്നാൽ, അപസ്മാരരോഗിയായ ഭർത്താവിനേയും മൂന്ന് കുട്ടികളേയും പരിപാലിക്കാനായിരുന്നു അവർ ഈ തൊഴിലിലേക്ക് ഇറങ്ങിപ്പുറപ്പെട്ടത്. ഒരു ഒറ്റമുറി വീട്ടിലാണ് നാലംഗങ്ങളുള്ള ഈ കുടുംബം ആദ്യം താമസിച്ചിരുന്നത്. പണം കടംവാങ്ങി മറ്റൊരു മുറിയും പണിതിരുന്നു.

“അടുത്ത ആറുമാസത്തിനുള്ളിൽ കടങ്ങൾ വീട്ടണമെന്ന് ഞാനും അമ്മയും തീരുമാനിച്ചതാണ്. എന്നെ വിവാഹം ചെയ്തയക്കുന്നതിനെക്കുറിച്ചും അമ്മയ്ക്ക് ആശങ്കകളുണ്ടായിരുന്നു. അപസ്മാരരോഗിയായ അച്ഛനും ആരോഗ്യമില്ലാത്ത അമ്മയുമുള്ള ഒരു പെണ്ണിനെ വിവാഹം ചെയ്യാൻ ആര് വരുമെന്നായിരുന്നു അമ്മയുടെ ആധി”, ഇന്ദ്രാണിയുടെ മകൾ കാർത്തീശ്വരി പറയുന്നു. ഈ വർഷം സർക്കാരിന്റെ ഗ്രൂപ്പ് 4 പരീക്ഷകൾ ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു അവർ. “കോച്ചിംഗ് സെന്ററുകൾ ചോദിക്കുന്ന പണമൊന്നും കൊടുക്കാൻ എന്റെ കൈയ്യിലില്ല,“ അവർ കൂട്ടിച്ചേർത്തു.

2023 ഡിസംബറിൽ, അച്ഛൻ മരിച്ചത് കുടുബത്തിന് മറ്റൊരു പ്രഹരമായി. ക്രിസ്തുമസ് നക്ഷത്രം തൂക്കാൻ ശ്രമിക്കുമ്പോൾ വഴുക്കിവീണായിരുന്നു മരണം. ഇപ്പോൾ, കുടുംബത്തിന്റെ കടബാധ്യതകളും ഗ്രൂപ്പ് 4 അഭിലാഷവുമായി കാർത്തീശ്വരി മാത്രം ഒറ്റയ്ക്കായി.

ഗുരുവമ്മയെപ്പോലെയുള്ള ഗ്രാമത്തിലെ ചില സ്ത്രീകൾ അടുത്തുള്ളൊരു തീപ്പെട്ടി കമ്പനിയിൽ ജോലി ചെയ്തിരുന്നു. 110 തീപ്പെട്ടികൾ മുറിച്ച് പാക്ക് ചെയ്യാൻ മൂന്ന് രൂപയായിരുന്നു അവർക്ക് കിട്ടിയിരുന്ന ശമ്പളം. തുച്ഛമായ ശമ്പളം നൽകി ചൂഷണം ചെയ്യുകയാണെന്ന് മനസ്സിലാക്കിയ അവർ ഒറ്റക്കെട്ടായി തീരുമാനിച്ച്, പടക്കനിർമ്മാണ കമ്പനിയിൽ ചേരുകയായിരുന്നു.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: മുനീശ്വരിയുടെ ആഴ്ചക്കൂലിയുടെ കണക്കുപുസ്തകം. അവരുടെ ആഴ്ച ശമ്പളം ഒരിക്കലും 1,000 രൂപ കടന്നിരുന്നില്ല. വലത്ത്: തിരുച്ചെന്തൂരിൽ‌വെച്ചെടുത്ത ഒരു ഫോട്ടോയിൽ സന്ധ്യയും മുനീശ്വരിയും

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: അപകടത്തിൽ മരിച്ച അമ്മ മുനീശ്വരിക്ക് സന്ധ്യ എഴുതിയ ഒരു കത്ത്. വലത്ത്: സന്ധ്യ അവളുടെ അമ്മൂമ്മയോടൊപ്പം

ഗ്രാമത്തിൽ ആകെയുണ്ടായിരുന്ന മറ്റൊരു തൊഴിൽ‌സാധ്യത കൃഷിയായിരുന്നുവെങ്കിലും, വരൾച്ചയും ക്ഷാമവും മൂലം നിരവധി കൃഷിയിടങ്ങൾ കൃഷിയോഗ്യമല്ലാതായിത്തീർന്നിരുന്നു. ചിലയിടങ്ങളിൽ, ഭൂഗർഭജലം ലഭ്യമായിരുന്നുവെങ്കിലും ജന്മിമാർ ന്യായമായ കൂലി കൊടുത്തിരുന്നില്ല. അതിനാൽ കുറുവമ്മയെപ്പോലെയുള്ള സ്ത്രീകൾ ഫാക്ടറിയിൽ ജോലിചെയ്യുന്നതോടൊപ്പം, ആടുകളേയും കന്നുകാലികളേയും വളർത്തുകയും ചെയ്തിരുന്നു. എന്നാൽ വരൾച്ചമൂലം പുൽ‌മേടുകൾ ഇല്ലാതിരുന്നതിനാൽ, അവിടെയും അവർക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു.

ഗ്രാമീണരുടെ മറ്റൊരു തൊഴിൽ‌സാധ്യത, നൂറുനാൾ വേലൈ (നൂറുദിവസത്തെ തൊഴിൽ) എന്നപേരിൽ അറിയപ്പെട്ടിരുന്ന എം.എൻ.ആർ.ഇ.ജി.എ ആയിരുന്നു. 100 ദിവസത്തെ തൊഴിൽ എന്നത് 365 ദിവസവും ആക്കിയിരുന്നെങ്കിൽ സ്ത്രീകൾക്ക് വലിയൊരു അനുഗ്രഹമായേനേ എന്ന്, ഭാര്യ തങ്കമ്മാളിനെ നഷ്ടപ്പെട്ട ടി. മഹേന്ദ്രൻ സൂചിപ്പിച്ചു.

പ്രദേശത്തെ പടക്കനിർമ്മാണ കമ്പനികൾക്ക് ശരിയായ ലൈസൻസൊന്നുമില്ലെന്നും, ഇവരെ നിയന്ത്രിക്കാൻ ബാധ്യസ്ഥരായ സർക്കാരുദ്യോഗസ്ഥർ ആറുമാസത്തിലധികം ഈ കമ്പനികളെ പൂട്ടാൻ ധൈര്യപ്പെടുന്നില്ലെന്നും മഹേന്ദ്രൻ പറയുന്നു. തന്മൂലം, ഏഴാമത്തെ മാസം വീണ്ടും ഫാക്ടറി തുറക്കുന്നു. ഇത് ആദ്യത്തെ സംഭവമല്ല. 2023 ഒക്ടോബറിൽ കൃഷ്ണഗിരിയിൽ എട്ട് ദളിത് യുവാക്കൾ സമാനമായ അപകടത്തിൽ കൊല്ലപ്പെടുകയുണ്ടായി. വായിക്കുക: ഓരോ വീടും ഒരു ശ്മശാനം‌പോലെയാണ്

ജീവിതത്തിൽ ബാക്കിയാവുന്നവരുടെ ദു:ഖത്തേയും നഷ്ടത്തേയും കടുത്ത യാഥാർത്ഥ്യങ്ങളേയും അടയാളപ്പെടുത്തുന്ന ഹൃദയഭേദകമായ ഈ കഥകൾ, സമൂഹവും സർക്കാരും കൈക്കൊള്ളേണ്ട അടിയന്തര നടപടികളുടെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്. കൂടുതൽ മെച്ചപ്പെട്ട തൊഴിൽ‌ സാഹചര്യങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, സമഗ്രമായ സാമൂഹിക സുരക്ഷാശൃംഖലകൾ എന്നിവയുടെ അനിവാര്യതയാണ്, അപകടം പ്രത്യക്ഷമായി ബാധിച്ചവരുടെ കഥകൾ നമുക്ക് കാണിച്ചുതരുന്നത്. ഓരോ ദുരന്തങ്ങളുടെ പിന്നിലും, സ്വപ്നങ്ങളുള്ള, ജീവിക്കാനായി പോരടിക്കുന്ന മനുഷ്യരും, അവശേഷിക്കുന്നവരുടെ താങ്ങാനാവാത്ത നഷ്ടങ്ങളുമുണ്ടെന്നുള്ള ഓർമ്മപ്പെടുത്തലാണ് ഇത്.

PHOTO • M. Palani Kumar
PHOTO • M. Palani Kumar

എസ്.കുറുവമ്മാൾ (ഇടത്ത്) അപകടത്തിൽ കൊല്ലപ്പെട്ടു. അവരുടെ ഭർത്താവ് സുബ്ബു കാണിക്ക് കാഴ്ചയ്ക്ക് തകരാറുണ്ട്. കുടുംബം പോറ്റാൻ അദ്ധ്വാനിച്ചിരുന്നത് കുറുവമ്മാളായിരുന്നു

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത് അപകടത്തിൽ ഇന്ദ്രാണി മരിച്ചു. ഒരു അവധി ദിവസം അമ്മയോടൊപ്പം ഫാക്ടറിയിലേക്ക് പോയ മകൾ കാർത്തീശ്വരി എടുത്ത വീഡിയോ ആണ് ഇത്. വലത്ത്: ഭർത്താവ് മുരുഗാനന്ദത്തിനെ പരിചരിച്ചിരുന്നത് അവരായിരുന്നു. ഇന്ദ്രാണിയുടെ മരണശേഷം അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി. 2023 ഡിസംബറിൽ, കസേരയിൽനിന്ന് വീണ് മുരുഗാനന്ദം മരിച്ചു

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: മരിക്കുന്നതിന് മുമ്പ് ഇന്ദ്രാണി ധരിച്ചിരുന്ന സാരി. വലത്ത്: ഇന്ദ്രാണി നിർമ്മിച്ച ചെറിയ മുറിയിൽ നിൽക്കുന്ന കാർത്തീശ്വരി

PHOTO • M. Palani Kumar

എസ്. മുരുഗായിക്ക് പൊള്ളലേറ്റുവെങ്കിലും അപകടത്തിൽനിന്ന് ജീവനോടെ രക്ഷപ്പെട്ടു

PHOTO • M. Palani Kumar

തങ്കമ്മാളുടെ ഭർത്താവ് അവരുടെ ഫോട്ടോയിലേക്ക് നോക്കുന്നു. അപകടത്തിൽ അവർ മരിച്ചു

PHOTO • M. Palani Kumar

തങ്ങൾ ഒരുമിച്ചെടുത്ത അവസാനത്തെ ഫോട്ടോ കൈയ്യിൽ പിടിച്ച് മുരുഗാനന്ദം

PHOTO • M. Palani Kumar

‘അപകടത്തെക്കുറിച്ചുള്ള ഈ ചിത്രകഥ, കാർത്തീശ്വരിയുടെ ജീവിതത്തിലേക്ക് കുറച്ചെങ്കിലും വെളിച്ചം കൊണ്ടുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു’, ഫോട്ടോഗ്രാഫർ പളനി കുമാർ പറയുന്നു

പരിഭാഷ: രാജീവ് ചേലനാട്ട്

M. Palani Kumar

M. Palani Kumar is Staff Photographer at People's Archive of Rural India. He is interested in documenting the lives of working-class women and marginalised people. Palani has received the Amplify grant in 2021, and Samyak Drishti and Photo South Asia Grant in 2020. He received the first Dayanita Singh-PARI Documentary Photography Award in 2022. Palani was also the cinematographer of ‘Kakoos' (Toilet), a Tamil-language documentary exposing the practice of manual scavenging in Tamil Nadu.

Other stories by M. Palani Kumar
Editor : Rajasangeethan

Rajasangeethan is a Chennai based writer. He works with a leading Tamil news channel as a journalist.

Other stories by Rajasangeethan
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat