അസമീസ് ഖോൽ വാദ്യത്തിന് ബംഗാളി ഖോലിനേക്കാൾ മുഴക്കം കുറവാണ്. അതേസമയം നെഗേരയേക്കാൾ ഉയർന്ന ശ്രുതിയിലാണ് ധോൽ വായിക്കുക. ഈ വസ്തുതകളെല്ലാം ഗിരിപോഡ് ബാദ്യോകാറിന് ഹൃദിസ്ഥമാണ്. വാദ്യോപകരണങ്ങളുടെ നിർമ്മാതാവായ ഗിരിപോഡ് തന്റെ ദൈനംദിന ജോലികളിൽ പ്രയോഗിക്കുന്ന അറിവുകളാണവ.

"ചെറുപ്പക്കാർ അവരുടെ സ്മാർട്ട് ഫോണിൽ ശ്രുതി കേൾപ്പിച്ച് അതിനനുസരിച്ച് ഉപകരണങ്ങൾ ക്രമപ്പെടുത്താൻ എന്നോട് ആവശ്യപ്പെടും," അസമിലെ മജുലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, പരിചയസമ്പന്നനായ ഈ കൈപ്പണിക്കാരൻ പറയുന്നു. "എന്നാൽ ഞങ്ങൾക്ക് ആപ്പിന്റെ ആവശ്യമില്ല."

ട്യൂണർ ആപ്പ് ഉണ്ടെങ്കിൽപ്പോലും ഒരുപാട് ശ്രമങ്ങൾക്ക് ഒടുവിലാണ് ഒരു ഉപകരണം ശ്രുതി ചേർക്കാനാകുകയെന്ന് ഗിരിപോഡ് വിശദീകരിക്കുന്നു. വാദ്യോപകരണത്തിലെ തുകൽകൊണ്ടുള്ള പാളി കൃത്യമായി ഉറപ്പിച്ച് മുറുക്കേണ്ടതുണ്ട്. "എന്നാൽ മാത്രമേ ട്യൂണർ ആപ്പ് പ്രവർത്തിക്കുകയുള്ളൂ."

ബാദ്യോകർമാരുടെ (ബാദ്യകാർ എന്നും അറിയപ്പെടുന്നു) നീണ്ട പരമ്പരയിലെ ഒടുവിലത്തെ കണ്ണികളാണ് ഗിരിപോഡും അദ്ദേഹത്തിന്റെ മകൻ പൊഡുമും. ധുലി, ശബ്ദകാർ എന്നും അറിയപ്പെടുന്ന ഈ സമുദായം സംഗീതോപകരണങ്ങൾ നിർമ്മിക്കുന്നതിലും നന്നാക്കുന്നതിലും വിഖ്യാതരാണ്. ത്രിപുര സംസ്ഥാനത്ത് ഈ സമുദായത്തെ പട്ടികജാതിയായാണ് പരിഗണിക്കുന്നത്.

പൊഡുമും ഗിരിപോഡും പ്രധാനമായും ധോൽ, ഖോൽ, തബ്ല എന്നീ ഉപകരണങ്ങളാണ് നിർമ്മിക്കുന്നത്. "ഇവിടെ സത്രകളുള്ളതുകൊണ്ട് ഞങ്ങൾക്ക് വർഷത്തിലുടനീളം ജോലിയുണ്ടാകും," പൊഡും പറയുന്നു. "കഷ്ടി ജീവിച്ചുപോകാനുള്ളത് സമ്പാദിക്കാനാകും."

Left: Podum Badyokar sits in his family’s shop in Majuli, Assam.
PHOTO • Prakash Bhuyan
Right: Negeras and small dhols that have come in for repairs line the shelves
PHOTO • Prakash Bhuyan

ഇടത്ത്: പൊഡും ബാദ്യോകാർ, അസമിലെ മജുലിയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കടയിൽ. വലത്ത്: നന്നാക്കാൻ കൊണ്ടുവന്ന നെഗേരകളും ചെറിയ ധോലുകളും കടയിലെ അലമാരകളിൽ നിരത്തിയിരിക്കുന്നു

ഫാഗുൻ മാസത്തിൽ (ഫെബ്രുവരി-മാർച്ച്), മിസിങ് സമുദായം (മിഷിങ് എന്നും അറിയപ്പെടുന്നു) കൊണ്ടാടുന്ന അലി ആയെ ലിഗാങ് വസന്തോത്സവത്തോടുകൂടി ആരംഭിക്കുന്ന ആഘോഷ സീസണിലാണ് ബാദ്യോകാർമാരുടെ വരുമാനം മെച്ചപ്പെടുന്നത്.  ഈ ഉത്സവത്തിൽ അവതരിപ്പിക്കപ്പെടുന്ന ഗുംരാഗ് നൃത്തത്തിന്റെ ഒരു പ്രധാന ഘടകമാണ് ധോലുകൾ എന്നതുകൊണ്ടുതന്നെ സോട് (മാർച്ച്-ഏപ്രിൽ) മാസത്തിൽ പുതിയ ധോലുകൾ വാങ്ങാനും പഴയവ നന്നാക്കിയെടുക്കാനും ഒരുപാട് ആളുകളെത്തും. വസന്തകാലത്ത് കൊണ്ടാടുന്ന ബൊഹാഗ് ബിഹു - അസമിലെ പ്രധാന ഉത്സവമാണിത് - ആഘോഷത്തിന്റെ സമയത്തും ധോലുകൾക്ക് ആവശ്യക്കാരേറെയാകും.

നെഗേരകൾക്കും ഖോലുകൾക്കും ആവശ്യക്കാരേറുന്നത് ഭാദ്രോ മാസത്തിലാണ്. രാസ്‌ മുതൽ ബിഹുവരെയുള്ള അസമീസ് സാംസ്‌കാരിക പരിപാടികളുടെയെല്ലാം അവിഭാജ്യ ഘടകമാണ് വാദ്യോപകരണങ്ങൾ. അസമിൽ പ്രത്യേകിച്ചും പ്രചാരത്തിലുള്ള പെരുമ്പറകൾ ആറ് തരമുണ്ടെന്നാണ് കണക്ക്; അവയിൽ മിക്കതും ഇവിടെ മജുലിയിൽ നിർമ്മിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുമുണ്ട്. വായിക്കുക: രാസ് മഹോത്സവവും മജുലിയിലെ സത്രകളും

ഏപ്രിലിലെ പൊള്ളുന്ന വെയിലിൽ, പൊഡും കടയുടെ പുറത്തിരുന്ന് കന്നുകാലിത്തുകലിലെ രോമങ്ങൾ ഉരച്ചുകളയുകയാണ്; ഈ തുകലാണ് പിന്നീട് തബ്ലയുടെയോ നെഗേരയുടെയോ ഖോലിന്റെയോ താലി അഥവാ തുകൽപ്പാളിയായി മാറുന്നത്. ബ്രഹ്മപുത്രാ നദിയിലുള്ള മജുലി ദ്വീപിൽ പ്രവർത്തിക്കുന്ന അഞ്ച് സംഗീതോപകരണ കടകളും ബംഗാളിൽനിന്ന് കുടിയേറിയെത്തിയ ബാദ്യോകാർ കുടുംബങ്ങളാണ് നടത്തുന്നത്.

"എന്റെ അച്ഛൻ ഈ ജോലി കണ്ടുപഠിക്കുകയാണ് ചെയ്തത് എന്നതിനാൽ ഞാനും അങ്ങനെതന്നെ ചെയ്യണമെന്നാണ് അച്ഛൻ പറയുന്നത്," ആ 23 വയസ്സുകാരൻ പറയുന്നു. "അച്ഛൻ പഠിപ്പിക്കുമ്പോൾ എന്നെ സഹായിക്കാൻ തയ്യാറാകാറില്ല. അദ്ദേഹം എന്റെ തെറ്റുകൾ തിരുത്തുകപോലും ചെയ്യാറില്ല. ഞാൻ സ്വയം കണ്ടുമനസ്സിലാക്കി തെറ്റ് തിരുത്തേണ്ടതുണ്ട്."

പൊഡും ധൃതിപിടിച്ച് വൃത്തിയാക്കുന്ന തുകൽ ഒരു കാളയുടെ മുഴുവനായുള്ള ചർമ്മമാണ്; 2,000 രൂപ കൊടുത്തിട്ടാണ് അവർ ഈ തുകൽ വാങ്ങിച്ചിട്ടുള്ളത്. ഫുട്സായിയോ (അടുപ്പിലെ ചാരം) ഉണങ്ങിയ മണലോ ഉപയോഗിച്ച് തുകലിലുള്ള രോമം കെട്ടുപിണയ്ക്കുകയാണ് ആദ്യ ഘട്ടം. ഇതിനുപിന്നാലെ, ബൊടാലി എന്ന് വിളിക്കുന്ന, പരന്ന അറ്റമുള്ള ഒരു ഉളികൊണ്ട് ഈ രോമം ഉരച്ചുകളയും.

Podum scrapes off the matted hair from an animal hide using some ash and a flat-edged chisel
PHOTO • Prakash Bhuyan

പൊഡും, അല്പം ചാരവും പരന്ന അറ്റമുള്ള ഒരു ഉളിയും ഉപയോഗിച്ച് മൃഗത്തോലിലെ കെട്ടുപിണഞ്ഞ രോമം ഉരച്ചുകളയുന്നു

അടുത്തതായി ചെയ്യുന്നത്, എക്ടേര എന്നറിയപ്പെടുന്ന, വളഞ്ഞ ഒരു ഡാവോ കത്തികൊണ്ട്, വൃത്തിയാക്കിയ തുകൽ വൃത്താകൃതിയിലുള്ള കഷ്ണങ്ങളായി മുറിച്ചെടുക്കുകയാണ്. ഇതുകൊണ്ടാണ് ഉപകരണത്തിന്റെ താലി (തുകൽപ്പാളി) ഉണ്ടാക്കുക. "താലിയെ ഉപകരണത്തിന്റെ മധ്യഭാഗവുമായി ചേർത്തുകെട്ടുന്ന കയറുകളും തുകൽകൊണ്ടാണ് ഉണ്ടാക്കുന്നത്," പൊഡും വിശദീകരിക്കുന്നു. "പ്രായം കുറഞ്ഞ മൃഗങ്ങളുടെ ചർമ്മം കൊണ്ടുണ്ടാക്കുന്ന ആ തുകൽ കുറച്ചുകൂടി കട്ടി കുറഞ്ഞതും നിർമ്മലവുമായിരിക്കും."

ഇരുമ്പ് പൊടിച്ചത് അഥവാ ഘുൻ ചോറിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കിയാണ് സ്യാഹി (താലിയുടെ നടുക്കുള്ള കറുത്ത, വൃത്താകൃതിയിലുള്ള ഭാഗം) ഉണ്ടാക്കുന്നത്. "അത് (ഘുൻ) യന്ത്രനിർമ്മിതമാണ്," അല്പം ഘുൻ കൈത്തലത്തിലെടുത്ത് അദ്ദേഹം പറയുന്നു. "പ്രദേശവാസികളായ ഇരുമ്പ് കൊല്ലന്മാരിൽനിന്നും കിട്ടുന്ന കട്ടിയുള്ള, പല അടരുകളായിട്ടുള്ള, കൈ മുറിയും വിധം മൂർച്ചയുള്ള ഘുനിനേക്കാൾ ഇതിനു കട്ടി കുറവാണ്."

ചെറുപ്പക്കാരനായ ആ കൈപ്പണിക്കാരൻ, ഇരുണ്ട ചാരനിറത്തിലുള്ള ഘുൻ അല്പം ഈ ലേഖകന്റെ കയ്യിലേക്ക് പകർന്നു. അളവ് കുറവെങ്കിലും അതിന് അത്ഭുതപ്പെടുത്തുംവണ്ണം ഭാരമുണ്ടായിരുന്നു.

താലിയിൽ ഘുൻ പതിപ്പിക്കുന്ന പ്രക്രിയ ഒരുപാട് ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ചെയ്യേണ്ട ഒന്നാണ്. താലി 3-4 തവണ വൃത്തിയാക്കിയശേഷം കൈപ്പണിക്കാരൻ അതിന്മേൽ ചോറ് തേച്ച് വെയിലത്ത് ഉണക്കാൻ വയ്ക്കുന്നു. ചോറിലുള്ള കൊഴുപ്പ് താലിയുടെ പ്രതലം വഴുപ്പുള്ളതാക്കും. താലി മുഴുവനായും ഉണങ്ങുന്നതിന് മുൻപ് അതിന്മേൽ സ്യാഹിയുടെ ഒരു പാളി പതിപ്പിക്കുകയും കല്ലുകൊണ്ട് അത് മിനുക്കുകയും വേണം. അരമണിക്കൂർ ഇടവിട്ട് ഈ പ്രക്രിയ മൂന്ന് തവണ ആവർത്തിക്കും. അതിനുശേഷം ഉപകരണം ഒരു മണിക്കൂർ നേരത്തേയ്ക്ക് തണലിൽ വെക്കുന്നു.

"ഉപകരണം പൂർണ്ണമായും ഉണങ്ങുന്നതുവരെ, അതിൽ ഉരസിക്കൊണ്ടേയിരിക്കണം. പരമ്പരാഗത രീതിയനുസരിച്ച്, ഈ പ്രക്രിയ 11 തവണ ചെയ്യാറുണ്ട്. ആകാശം മേഘാവൃതമാണെങ്കിൽ, ഈ ജോലി പൂർത്തിയാകാൻ ഒരാഴ്ചയോളമെടുക്കും.

Left: The curved dao blade, two different botalis (flat-edged chisels) and a screwdriver used like an awl are some of the tools used by the craftsmen.
PHOTO • Prakash Bhuyan
Right: The powdered iron or ghun used to paint the circular section of the taali is heavier than it looks
PHOTO • Prakash Bhuyan

ഇടത്ത്: വളഞ്ഞിരിക്കുന്ന ഡാവോ കത്തി, രണ്ട് വ്യത്യസ്ത തരം ബൊടാലികൾ (അറ്റം പരന്ന ഉളികൾ), ഉളി പോലെ ഉപയോഗിക്കുന്ന ഒരു സ്ക്രൂഡ്രൈവർ എന്നിവ കൈപ്പണിക്കാർ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ചിലതാണ്. വലത്ത്: താലിയുടെ വൃത്താകൃതിയിലുള്ള ഭാഗം പെയിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഇരുമ്പ് പൊടി അഥവാ ഘുൻ കാണുന്നതിനേക്കാൾ ഭാരമേറിയതാണ്

Giripod and Podum cut small sheets from the hide to fit the instruments being worked on. A toolbox holds the many items necessary for preparing the leather: different types of chisels, blades, a hammer, mallet, stones and sandpaper
PHOTO • Prakash Bhuyan
Giripod and Podum cut small sheets from the hide to fit the instruments being worked on. A toolbox holds the many items necessary for preparing the leather: different types of chisels, blades, a hammer, mallet, stones and sandpaper
PHOTO • Prakash Bhuyan

ഗിരിപോഡും പൊഡുമും തങ്ങളുണ്ടാക്കുന്ന ഉപകരണങ്ങൾക്ക് യോജിക്കുന്ന തരത്തിൽ വൃത്താകൃതിയിലുള്ള തുകൽക്കഷണങ്ങൾ മുറിച്ചെടുക്കുന്നു. അവരുടെ പക്കലുള്ള ഒരു പെട്ടിയിൽ തുകൽ തയ്യാറാക്കാൻ ആവശ്യമായ പലവിധ ഉപകരണങ്ങളുണ്ട്- വിവിധ തരത്തിലുള്ള ഉളികൾ, കത്തികൾ, ഒരു ചുറ്റിക, കൊട്ടുവടി, കല്ലുകൾ, ഉരകടലാസ് തുടങ്ങിയവ

*****

നാല് സഹോദരങ്ങളിൽ ഇളയവനായ ഗിരിപോഡ്‌ തന്റെ 12-ആം വയസ്സിൽ കുടുംബ ബിസിനസ്സിൽ സഹായിച്ചു തുടങ്ങിയതാണ്. അന്ന് അദ്ദേഹം കൊൽക്കത്തയിലാണ് താമസിച്ചിരുന്നത്. എന്നാൽ ഒന്നിനുപിറകെ ഒന്നായി അച്ഛനമ്മമാരെ നഷ്ടപ്പെട്ടതോടെ, അവിടെ അദ്ദേഹം ഒറ്റപ്പെട്ടുപോയി.

"ഈ കരവിരുത് തുടർന്ന് അഭ്യസിക്കാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല," ഗിരിപോഡ് ഓർത്തെടുക്കുന്നു. ഏതാനും വർഷങ്ങൾക്കുശേഷം, അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രണയം മൊട്ടിട്ടപ്പോൾ അദ്ദേഹം അസമിലേയ്ക്ക് താമസം മാറ്റാൻ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ, ധോലുകളുണ്ടാക്കുന്ന ഒരു കടയിലായിരുന്നു അദ്ദേഹത്തിന് ജോലി. പിന്നീട് ഏതാനും വർഷങ്ങൾ ഒരു തടിമില്ലിൽ ജോലി ചെയ്ത അദ്ദേഹം അതിനുശേഷം തടിക്കച്ചവടത്തിലും ഭാഗ്യം പരീക്ഷിച്ചു. എന്നാൽ, മഴക്കാലത്ത്, തടി കയറ്റിയ ലോറികളിൽ ചേറിൽ കുഴഞ്ഞ വഴികളിലൂടെ കുത്തനെ താഴേയ്ക്ക് നടത്തിയ അപകടകരമായ യാത്രകൾക്കിടെ, "ഒരുപാട് മരണങ്ങൾ ഞാൻ എന്റെ കണ്മുന്നിൽ കണ്ടു," അദ്ദേഹം ഓർത്തെടുക്കുന്നു .

തനിക്ക് സ്വായത്തമായ കരവിരുത് പരിശീലിയ്ക്കുന്നതിലേയ്ക്ക് മടങ്ങിയെത്തിയ അദ്ദേഹം 10-12 വർഷം ജോർഹട്ടിൽ തൊഴിലെടുത്തു. അദ്ദേഹത്തിന്റെ മക്കൾ എല്ലാവരും - മൂന്ന് പെൺമക്കളും ഒരു മകനും - ജനിച്ചത് അവിടെയാണ്. എന്നാൽ ഒരു കൂട്ടം അസമീസ് പയ്യന്മാർ ഗിരിപോഡിന്റെ അടുക്കൽനിന്ന് കടം വാങ്ങിയ ഒരു ധോൽ മടക്കി നൽകുന്നതിനെച്ചൊല്ലി ഇരുകൂട്ടർക്കുമിടയിൽ തർക്കം ഉടലെടുത്തപ്പോൾ, പ്രാദേശിക പോലീസ് അദ്ദേഹത്തോട് വേറെ എവിടെയെങ്കിലും കട മാറ്റാൻ ആവശ്യപ്പെട്ടു. കുപ്രസിദ്ധ ഗുണ്ടകളായ ആ പയ്യന്മാർ പിന്നെയും പ്രശ്നം ഉണ്ടാക്കിയേക്കുമെന്ന ആശങ്ക കൊണ്ടായിരുന്നു അത്.

"ഞങ്ങൾ ബംഗാളികൾ ആയതുകൊണ്ടുതന്നെ, അവർ ഞങ്ങൾക്കെതിരേ സംഘടിക്കുകയും വിഷയം വർഗീയവത്ക്കരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞാൽ, അത് എന്റെ ജീവനും കുടുംബത്തിനും ഭീഷണിയാകുമെന്ന് എനിക്കും തോന്നി," അദ്ദേഹം പറയുന്നു. "അങ്ങനെ ഞാൻ ജോർഹട്ട് വിട്ട് മജുലിയിലേയ്ക്ക് വരാൻ തീരുമാനിച്ചു. "മജുലിയിൽ ഒരുപാട് സത്രകൾ (വൈഷ്‌ണവ മഠങ്ങൾ) ഉള്ളതിനാൽ, സത്രിയ ആചാരങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഖോൽ പെരുമ്പറകൾ ഉണ്ടാക്കുകയും നന്നാക്കുകയും ചെയ്യുന്ന ജോലി തനിക്ക് സ്ഥിരമായി ലഭിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.

"ആകെ കാടുപിടിച്ച് കിടന്നിരുന്ന ഈ പ്രദേശങ്ങളിൽ അധികം കടകളൊന്നുമുണ്ടായിരുന്നില്ല." അദ്ദേഹം തന്റെ ആദ്യത്തെ കട ബലി സാപോരി ഗ്രാമത്തിൽ തുറക്കുകയും നാല് വർഷത്തിനുശേഷം അത് ഗരാമൂറിലേയ്ക്ക് മാറ്റുകയും ചെയ്തു. 2021-ൽ ഈ കുടുംബം തങ്ങളുടെ ആദ്യത്തെ കടയിൽനിന്ന് ഏതാണ്ട് 30 കിലോമീറ്റർ അകലെയുള്ള നയാ ബസാറിൽ കുറച്ചുകൂടി വലിയ, മറ്റൊരു കടയും തുടങ്ങി.

Left: Surrounded by other musical instruments, a doba (tied with green thread) sits on the floor awaiting repairs.
PHOTO • Prakash Bhuyan
Right: Bengali khols (in blue) are made from clay and have a higher pitch than the wooden Assamese khols (taller, in the back)
PHOTO • Prakash Bhuyan

ഇടത്ത്: നന്നാക്കാൻ കൊണ്ടുവന്ന ഒരു ഡോബ (പച്ചനൂൽ കൊണ്ട് കെട്ടിയിരിക്കുന്നു) കടയിൽ മറ്റ്സംഗീതോപകരണങ്ങൾക്കൊപ്പം വെച്ചിരിക്കുന്നു. വലത്ത്: കളിമണ്ണുകൊണ്ടുണ്ടാക്കുന്ന ബംഗാളി ഖോലുകൾക്ക് (നീല നിറത്തിലുള്ളത്) തടിയിൽ തീർത്ത അസമീസ് ഖോലുകളേക്കാൾ (പുറകിൽ വെച്ചിട്ടുള്ള പൊക്കം കൂടിയ ഖോലുകൾ) ഉയർന്ന ശ്രുതിയാണ്

കടയിലെ ചുവരുകളിൽ ഖോലുകൾ അടുക്കിയിരിക്കുന്നു. പശ്ചിമ ബംഗാളിൽ നിർമ്മിക്കുന്ന കളിമണ്ണ് കൊണ്ടുള്ള ബംഗാളി ഖോലുകൾക്ക് വലിപ്പത്തിനനുസരിച്ച് 4,000 രൂപയോ അതിൽക്കൂടുതലോ വിലവരും. ഇതിൽനിന്ന് വ്യത്യസ്തമായി അസമീസ് ഖോലുകൾ തടിയിൽ തീർത്തവയാണ്. ധോലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന തടി അനുസരിച്ച് അവയ്ക്ക് 5,000 രൂപ മുതൽക്ക് മുകളിലേയ്ക്ക് വിലയുണ്ട്. ഉപകരണത്തിന്റെ തുകൽ മാറ്റിക്കെട്ടുന്നതിന് 2,500 രൂപയാണ് ഉപഭോക്താവിന് ചിലവ്.

മജുലിയിലെ നാംഘോറുകളിൽ (പ്രാർത്ഥനാ സ്ഥലങ്ങൾ) ഒന്നിന്റെ ഉടമസ്ഥതയിലുള്ള ഒരു ഡോബ കടയിലിരിക്കുന്നുണ്ട്. ഉപയോഗം കഴിഞ്ഞ ഒരു മണ്ണെണ്ണ വീപ്പകൊണ്ടാണ് അതുണ്ടാക്കിയിരിക്കുന്നത്. ചില ഡോബകൾ പിച്ചളയിലോ അലുമിനിയത്തിലോ തീർത്തവയാണ്. "അവർ ഞങ്ങളോട് വീപ്പ കണ്ടെത്തി ഡോബ ഉണ്ടാക്കാൻ ആവശ്യപ്പെട്ടാൽ, ഞങ്ങൾ അത് ചെയ്തുകൊടുക്കാറുണ്ട്. അല്ലെങ്കിൽ, ഉപഭോക്താക്കൾ വീപ്പ കൊണ്ടുവന്നാൽ, ഞങ്ങൾ അതിൽ തുകൽ കെട്ടിക്കൊടുക്കും," പൊഡും പറയുന്നു. ഈ ഡോബ കടയിൽ നന്നാക്കാൻ കൊണ്ടുവന്നതാണ്.

"ചിലപ്പോൾ ഞങ്ങൾക്ക് സത്രയിലും നാംഘോറിലും ചെന്ന് ഡോബ നന്നാക്കിക്കൊടുക്കേണ്ടിവരാറുണ്ട്," അദ്ദേഹം വിശദീകരിക്കുന്നു. "ആദ്യത്തെ ദിവസം ഞങ്ങൾ അവിടെ ചെന്ന് അളവുകൾ രേഖപ്പെടുത്തിയിട്ട് വരും. അടുത്ത ദിവസം ഞങ്ങൾ തുകൽ കൊണ്ടുപോയി സത്രകളിൽ വെച്ചുതന്നെ ഡോബ നന്നാക്കും. ഈ ജോലി പൂർത്തിയാക്കാൻ ഏകദേശം ഒരു മണിക്കൂറെടുക്കാറുണ്ട്."

തുകൽപ്പണിക്കാർക്ക് നേരെയുള്ള വിവേചനത്തിന് നീണ്ടകാലത്തെ ചരിത്രമുണ്ട്. "ധോൽ മുഴക്കുന്ന ആളുകൾ അതിനുവേണ്ടി അവരുടെ വിരലുകളിൽ തുപ്പൽ പുരട്ടാറുണ്ട്. ട്യൂബ്‌വെല്ലിന്റെ വാഷറും തുകൽകൊണ്ടുതന്നെയാണ് ഉണ്ടാക്കുന്നത്," ഗിരിപോഡ് പറയുന്നു. "അതുകൊണ്ടുതന്നെ, ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. തോലിനോട് എതിർപ്പ് കാണിക്കുന്നതുകൊണ്ട് ഒരു ഉപയോഗവുമില്ല."

അഞ്ചുവർഷം മുൻപ്, ഗിരിപോഡിന്റെ കുടുംബം നയാ ബസാറിൽ സ്ഥലം വാങ്ങി സ്വന്തമായി വീട് വെച്ചു. മിസിങ്, അസമീസ്, ദിയോറി, ബംഗാളി എന്നിങ്ങനെ വ്യത്യസ്ത സമുദായക്കാർക്കൊപ്പം ഇടകലർന്നാണ് അവർ ജീവിക്കുന്നത്. അവർ എപ്പോഴെങ്കിലും വിവേചനം നേരിട്ടിട്ടുണ്ടോ?. "ഞങ്ങൾ മനിദാസുകളാണ്. ചത്ത കന്നുകാലികളുടെ തോലുരിയുന്ന രബിദാസ് സമുദായക്കാർക്ക് നേരെ അല്പം വിവേചനം ഉണ്ടാകാറുണ്ട്. ജാതിവിവേചനം കൂടുതൽ പ്രബലമായിട്ടുള്ളത് ബംഗാളിലാണ്. ഇവിടെ അങ്ങനെയൊന്നുമില്ല," ഗിരിപോഡ് പറയുന്നു.

*****

ജോർഹട്ടിലെ കാക്കോജാനിൽനിന്നുള്ള മുസ്‌ലിം വ്യാപാരികളിൽനിന്ന് 2,000 രൂപയ്ക്കാണ് ബാദ്യോകാർമാർ ഒരു കാളയുടെ ചർമ്മം മൊത്തമായി വാങ്ങുന്നത്. ഈ തുകലുകൾക്ക് വില കൂടുതലാണെങ്കിലും സമീപ ജില്ലയായ ലഖിംപൂരിൽനിന്ന് ലഭിക്കുന്ന തുകലിനേക്കാൾ അതിന് ഗുണനിലവാരം കൂടും. "അവിടെയുള്ളവർ തോലിൽ ഉപ്പ് പ്രയോഗിക്കുന്നതിനാൽ തുകലിന് ഈട് കുറവായിരിക്കും," പൊഡും പറയുന്നു.

Procuring skins for leather has become difficult these days, craftsmen say. Rolls of leather and a set of khols awaiting repairs are stored in one corner of the shop
PHOTO • Prakash Bhuyan
Procuring skins for leather has become difficult these days, craftsmen say. Rolls of leather and a set of khols awaiting repairs are stored in one corner of the shop
PHOTO • Prakash Bhuyan

ഈയിടെയായി, തുകലിനായി മൃഗത്തോൽ ശേഖരിക്കുക പ്രയാസമായിരിക്കുകയാണെന്ന് കൈപ്പണിക്കാർ പറയുന്നു. ഒരു കെട്ട് തുകലും ഒരു കൂട്ടം ധോലുകളും നന്നാക്കാനായി കടയുടെ ഒരു മൂലയിൽ സൂക്ഷിച്ചിരിക്കുന്നു

നിയമങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ, തുകലിനായി മൃഗത്തോൽ കണ്ടെത്തുക പ്രയാസമായിരിക്കുകയാണ്. 2021-ലെ അസം കന്നുകാലി സംരക്ഷണ നിയമം അനുസരിച്ച്, ഏതുതരം പശുക്കളെ കൊല്ലുന്നതും നിയമവിരുദ്ധമാണ്. മറ്റ് കന്നുകാലികളെ കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും, അംഗീകാരമുള്ള ഒരു വെറ്ററിനറി ഉദ്യോഗസ്ഥൻ മൃഗത്തിന് 14 വയസ്സിൽ കൂടുതൽ പ്രായമുണ്ടെന്നും അത് പൂർണ്ണമായും ഉപയോഗശൂന്യമായിരിക്കുന്നുവെന്നും സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ അത് സാധ്യമാകൂ. ഈ വ്യവസ്ഥ കാരണം മൃഗത്തോലിന് വില വർധിക്കുകയും അതനുസരിച്ച് പുതിയ ഉപകരണങ്ങൾ ഉണ്ടാക്കാനും പഴയത് നന്നാക്കാനും നിശ്ചയിച്ചിട്ടുള്ള തുക ഉയരുകയും ചെയ്യുന്ന സ്ഥിതിയാണ്. "വില കൂടിയതിനെ പറ്റി ആളുകൾ പരാതി പറയുന്നുണ്ടെങ്കിലും ഞങ്ങൾക്കൊന്നും ചെയ്യാനാകില്ല," പൊഡും പറയുന്നു.

ഒരിക്കൽ, ഗിരിപോഡ് തുകലിൽ പണിയെടുക്കാനുള്ള ഉപകരണങ്ങളും ഡാവോ കത്തികളുമായി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ, പോലീസ് അദ്ദേഹത്തെ ഒരു ചെക്‌പോസ്റ്റിൽ തടയുകയും ചോദ്യം ചെയ്യുകയുമുണ്ടായി. "താൻ ആർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും അവർക്ക് ഉപകരണം കൈമാറാൻ വന്നതാണെന്നുമെല്ലാം എന്റെ അച്ഛൻ അവരോട് പറഞ്ഞതാണ്," എന്നാൽ പോലീസ് അദ്ദേഹത്തെ വിട്ടയയ്ക്കാൻ തയ്യാറായില്ല.

"നിങ്ങൾക്ക് അറിയാമല്ലോ, പോലീസ് ഞങ്ങളെ വിശ്വസിക്കില്ല. അച്ഛൻ കന്നുകാലികളെ കൊല്ലാൻ പോകുകയാണെന്നാണ് അവർ ധരിച്ചത്," പൊഡും ഓർത്തെടുക്കുന്നു. ഒടുവിൽ ഗിരിപോഡ് പൊലീസിന് 5,000 രൂപ നൽകിയതിനുശേഷമാണ് അവർ അദ്ദേഹത്തെ വീട്ടിലേയ്ക്ക് പോകാൻ അനുവദിച്ചത്.

ഘുൻ ബോംബ് നിർമ്മാണത്തിനും ഉപയോഗിക്കാറുണ്ട് എന്നതിനാൽ അത് കയ്യിൽ കൊണ്ടുപോകുന്നതും അപകടകരമാണ്. ഗോലാഘട്ട് ജില്ലയിലെ അംഗീകാരമുള്ള ഒരു വലിയ കടയിൽനിന്ന് ഓരോ തവണയും ഒന്നോ രണ്ടോ കിലോ മാത്രം ഘുൻ വാങ്ങിക്കൊണ്ടുപോകുകയാണ് ഗിരിപോഡ് ചെയ്യുന്നത്. ഏറ്റവും ദൂരം കുറഞ്ഞ വഴിയിലൂടെ യാത്ര ചെയ്താൽപ്പോലും കടയിൽ പോയി തിരികെയെത്താൻ ഏതാണ്ട് 10 മണിക്കൂറെടുക്കും എന്ന് മാത്രമല്ല, വഞ്ചിയിൽ ബ്രഹ്മപുത്രാ നദി കടന്നുവേണം ഈ യാത്ര പൂർത്തിയാക്കാൻ.

"പോലീസ് ഞങ്ങളുടെ കയ്യിൽ ഘുൻ കാണുകയോ പിടിക്കുകയോ ചെയ്താൽ, ജയിൽശിക്ഷ കിട്ടാൻ സാധ്യതയുണ്ട്," ഗിരിപോഡ് പറയുന്നു. "തബലയിൽ എങ്ങനെയാണ് ഘുൻ ഉപയോഗിക്കുന്നതെന്ന് അവരെ ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചാൽ കുഴപ്പമില്ല. അല്ലെങ്കിൽ, ഞങ്ങൾ ജയിലിൽ പോകേണ്ടിവരും."

മൃണാളിനി മുഖർജി ഫൗണ്ടേഷൻ (എം.എം.എഫ്) നൽകിയ ഫെല്ലോഷിപ്പിന്റെ സഹായത്തോടെയാണ് ഈ ലേഖനം പൂർത്തിയാക്കിയിട്ടുള്ളത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Prakash Bhuyan

Prakash Bhuyan is a poet and photographer from Assam, India. He is a 2022-23 MMF-PARI Fellow covering the art and craft traditions in Majuli, Assam.

Other stories by Prakash Bhuyan
Editor : Swadesha Sharma

Swadesha Sharma is a researcher and Content Editor at the People's Archive of Rural India. She also works with volunteers to curate resources for the PARI Library.

Other stories by Swadesha Sharma
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.