നവംബർ മാസത്തോടടുപ്പിച്ച് മൂന്ന് ദിവസം, മജുലി ദ്വീപിലെ ഗരാമൂർ അങ്ങാടി വൈദ്യുതാലങ്കാരങ്ങളുടെയും മൺചിരാതുകളുടെയും ദീപപ്രഭയിൽ വെട്ടിത്തിളങ്ങും. ശൈത്യകാലത്തിന്റെ ആദ്യനാളുകളില്‍ അന്തി ചായവേ, ഖോൽ വാദ്യത്തിന്റെ മേളവും കൈമണികളുടെ താളവും അനേകം ഉച്ചഭാഷിണികളിലൂടെ പരിസരമാകെ ഉയർന്ന് വ്യാപിക്കും.

രാസ് മഹോത്സവം തുടങ്ങിക്കഴിഞ്ഞു.

അസമീസ് മാസങ്ങളായ കതി-അഘുനിലെ പൂർണ്ണിമ അഥവാ പൂർണ്ണ ചന്ദ്രദിനത്തിലാണ് ഈ ഉത്സവം കൊണ്ടാടുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാ വർഷവും തീർത്ഥാടകരും വിനോദസഞ്ചാരികളും ഈ ദ്വീപിലെത്തുന്നു. പ്രധാന ഉത്സവ ദിനത്തിനുശേഷം രണ്ടുദിവസം കൂടി ആഘോഷപരിപാടികൾ തുടരും.

"ഈ ആഘോഷം നടത്തിയില്ലെങ്കിൽ ഞങ്ങൾക്ക് എന്തോ നഷ്ടപ്പെട്ടുപോയതുപോലെ തോന്നും. ഇത് (രാസ് മഹോത്സവം) ഞങ്ങളുടെ സംസ്കാരമാണ്," ബോരുൺ ചിതാദർ ചുക് ഗ്രാമത്തിൽ ഉത്സവപരിപാടികൾ സംഘടിപ്പിക്കുന്ന കമ്മിറ്റിയുടെ സെക്രട്ടറിയായ രാജാ പായെങ് പറയുന്നു. "ആളുകൾ വർഷം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു അവസരമാണിത്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

നൂറുക്കണക്കിന് പ്രദേശവാസികൾ അവരുടെ ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് അസമിലെ അനേകം വൈഷ്‌ണവ ആശ്രമങ്ങളിലൊന്നായ ഗരാമൂർ സാരു സത്രയ്ക്ക് സമീപം ഒത്തുചേർന്നിരിക്കുകയാണ്.

PHOTO • Prakash Bhuyan

2022-ൽ അസമിലെ മജൂലിയിൽ രാസ് മഹോത്സവം നടന്ന അറുപതിലധികം വേദികളിലൊന്നാണ് ഗരാമൂർ സാരു സത്ര. കൃഷ്ണ ദത്ത (നിൽക്കുന്നു) വേദിയിലെ അലങ്കാരങ്ങൾ ഒരുക്കുന്നു

PHOTO • Prakash Bhuyan

പുരാണ കഥാപാത്രമായ കാളിയോ നാഗിന്റെ (നാഗം) അഞ്ച് പത്തികൾ ഗരാമൂർ സാരു സത്രയുടെ ചുവരിൽ ചാരിവച്ചിരിക്കുന്നു. ഇതുപോലെയുള്ള, കൈകൊണ്ട് നിർമ്മിച്ച രൂപങ്ങൾ ഉത്സവപ്രകടനങ്ങളുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്

നൃത്ത, സംഗീത, നാടകപ്രകടനങ്ങളിലൂടെ ഭഗവാൻ കൃഷ്ണന്റെ ജീവിതം ആഘോഷിക്കുന്ന ഉത്സവമാണ് രാസ് മഹോത്സവം (കൃഷ്ണന്റെ നൃത്തം കൊണ്ടാടുന്ന ഉത്സവം). ആഘോഷം തുടങ്ങി ഒരു ദിവസത്തിൽത്തന്നെ നൂറിലധികം കഥാപാത്രങ്ങൾ രംഗത്ത് പ്രത്യക്ഷപ്പെട്ടേക്കാം.

കൃഷ്ണന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് - വൃന്ദാവനത്തിലെ ബാല്യകാലം തൊട്ട് അദ്ദേഹം ഗോപികളോടൊത്ത് (കാലി മേയ്ക്കുന്ന സ്ത്രീകൾ) ആടിയെന്ന് പറയപ്പെടുന്ന രാസലീല വരെ - ഈ  പ്രകടനങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത്. ഈ അവസരത്തിൽ വേദിയിലെത്തുന്ന ചില നാടകങ്ങൾ ശങ്കരദേവ എഴുതിയ 'കേളി ഗോപാൽ', അദ്ദേഹത്തിന്റെ ശിഷ്യനായ മാധവദേവ എഴുതിയതെന്ന് കരുതപ്പെടുന്ന 'രാസ് ജൂർമുര' എന്നീ അങ്കിയ നാട്ടുകളുടെ (ഏകാംഗനാടകങ്ങൾ) വകഭേദങ്ങളാണ്.

ഗരാമൂർ മഹോത്സവത്തിൽ കൃഷ്ണന്റെ കഥാപാത്രം അവതരിപ്പിച്ചിട്ടുള്ള മുക്ത ദത്ത പറയുന്നത്, കഥാപാത്രമായി തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ, അദ്ദേഹം ചില നിഷ്ഠകൾ പിന്തുടരേണ്ടതുണ്ട് എന്നാണ്: "കഥാപാത്രം ലഭിച്ചു കഴിഞ്ഞാൽ, ഞങ്ങളിൽ കൃഷ്ണൻ, നാരായണൻ, അല്ലെങ്കിൽ വിഷ്ണു എന്നീ കഥാപാത്രങ്ങൾ ചെയ്യുന്നവർ സസ്യാഹാരം അഥവാ സാത്ത്വിക ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ. രാസിന്റെ ആദ്യദിവസം ഞങ്ങൾ ബ്രോത് (വ്രതം) എടുക്കും. ആദ്യദിനത്തിലെ പ്രകടനം അവസാനിച്ചശേഷമേ ഞങ്ങൾ വ്രതം മുറിക്കുകയുള്ളൂ."

അസമിലൂടെ ഏകദേശം 640 കിലോമീറ്റർ ദൂരം ഒഴുകുന്ന ബ്രഹ്മപുത്ര നദിയിലുള്ള ഭീമൻ ദ്വീപാണ് മജുലി. ദ്വീപിലുള്ള സത്രകൾ (ആശ്രമങ്ങൾ) വൈഷ്‌ണവ മതത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും കേന്ദ്രങ്ങളാണ്. സാമൂഹികപരിഷ്കർത്താവും സന്യാസിയുമായ ശ്രീമന്ത ശങ്കരദേവ പതിനഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിച്ച ഈ സത്രകൾ അസമിലെ നിയോ-വൈഷ്‌ണവ ഭക്തിപ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

മജൂലിയിൽ ഒരുകാലത്ത് സ്ഥാപിക്കപ്പെട്ട അറുപത്തിയഞ്ചോളം സത്രകളിൽ 22-എണ്ണം മാത്രമാണ് ഇന്ന് പ്രവർത്തിക്കുന്നത്. ബാക്കിയുള്ളവ, ലോകത്തിലെത്തന്നെ ഏറ്റവും ബൃഹത്തായ നദീശൃംഖലകളിൽ ഒന്നായ ബ്രഹ്മപുത്രയിൽ തുടർച്ചയായുണ്ടായ വെള്ളപ്പൊക്കങ്ങളിൽ ഒലിച്ചുപോവുകയാണുണ്ടായത്. വേനൽ-വർഷകാല മാസങ്ങളിൽ ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകി, നദീതടത്തിലേയ്ക്ക് ഒഴുകിയെത്തി പോഷകനദികളിൽ വെള്ളം നിറയും. ഇതും മജൂലിയിലും സമീപപ്രദേശത്തും പെയ്യുന്ന മഴയും ചേർന്നുണ്ടാകുന്ന വെള്ളപ്പൊക്കമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നത്.

PHOTO • Prakash Bhuyan

വിഷ്ണുവിന്റെ കഥാപാത്രം അവതരിപ്പിക്കുന്ന മുക്ത ദത്ത മേക്കപ്പ് അണിയുന്നു

PHOTO • Prakash Bhuyan

2016-ലെ രാസ് മഹോത്സവത്തിനിടെ ഉത്തർ കമലാബാരി സത്രയിലെ സന്യാസിമാർ തങ്ങളുടെ പ്രകടനത്തിന് തയ്യാറെടുക്കുന്നു

രാസ് മഹോത്സവവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് സത്രകൾ വേദിയാകുന്നതിനുപുറമേ, ദ്വീപിലെ വിവിധ സമുദായങ്ങൾ കമ്മ്യൂണിറ്റി ഹാളുകളിലും തുറന്ന പാടങ്ങളിൽ കെട്ടിയുയർത്തുന്ന താത്കാലിക വേദികളിലും സ്കൂൾ ഗ്രൗണ്ടുകളിലുമായി ആഘോഷങ്ങളും അവതരണങ്ങളും സംഘടിപ്പിക്കും.

ഗരാമൂർ സാരു സഭയിൽ നടക്കുന്ന പ്രകടനങ്ങളിൽനിന്ന് വ്യത്യസ്തമായി, ഉത്തർ കമലാബാരി സത്രയിൽ നടക്കുന്ന അവതരണങ്ങളിൽ പൊതുവെ സ്ത്രീകളെ ഉൾപ്പെടുത്താറില്ല. ഇവിടെ, ഭഗത്സ് എന്നറിയപ്പെടുന്ന, മതപരവും സാംസ്കാരികപരവുമായ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള സത്രയിലെ ബ്രഹ്മചാരികളായ സന്യാസികൾ, എല്ലാവർക്കും സൗജന്യമായി പ്രവേശനമുള്ള നാടകങ്ങൾ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

82 വയസ്സുകാരനായ ഇന്ദ്രാനിൽ ദത്ത ഗരാമൂർ സാരു സത്രയിലെ രാസ് മഹോത്സവത്തിന് തുടക്കമിട്ടവരിൽ ഒരാളാണ്. 1950-ൽ, സത്രാധികാരിയായിരുന്ന (സത്രയുടെ തലവൻ) പീതാംബർ ദേവ് ഗോസ്വാമി, പുരുഷനടന്മാരെ മാത്രം അഭിനയിപ്പിക്കുന്ന കീഴ്വഴക്കം മാറ്റി സ്ത്രീ അഭിനേതാക്കളെക്കൂടി സ്വാഗതം ചെയ്തത് ദത്ത ഓർത്തെടുക്കുന്നു.

പരമ്പരാഗതമായി ഉത്സവം നടത്തിയിരുന്ന നാംഘറിന് (പ്രാർത്ഥനാസ്ഥലം) പുറത്ത് പീതാംബർ ദേവ് മറ്റൊരു വേദി പണിയിക്കുകയായിരുന്നു. നാംഘർ പ്രാർത്ഥന നടക്കുന്ന ഇടമായതിനാൽ, ഞങ്ങൾ വേദി പുറത്തേയ്ക്ക് മാറ്റി," അദ്ദേഹം ഓർത്തെടുക്കുന്നു.

ആ പാരമ്പര്യം ഇന്നും തുടർന്നുപോരുന്നു. മഹോത്സവം സംഘടിപ്പിക്കപ്പെടുന്ന അറുപതിലധികം വേദികളിലൊന്നാണ് ഗരാമൂർ. ആയിരത്തോളം ആളുകൾക്ക് ഇരിക്കാൻ സൗകര്യമുള്ള ഒരു ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടികൾക്ക് ടിക്കടുവെച്ചാണ് പ്രവേശനം.

PHOTO • Prakash Bhuyan
PHOTO • Prakash Bhuyan

ഇടത്: മഹോത്സവത്തിന് രണ്ടാഴ്ച മുൻപ് ഗരാമൂർ സത്രയിലെ റിഹേഴ്‌സലുകൾ ആരംഭിക്കും. വലത്: കുട്ടികൾ ഗോപബാലകന്മാരുടെ (കാലിയെ മേയ്ക്കുന്ന കുട്ടികൾ) വേഷം ചെയ്യാൻ തയ്യാറെടുക്കുന്നു. ഒരു സ്ത്രീ അവരുടെ മകന്റെ വേഷവിധാനത്തിന്റെ ഭാഗമായ മുണ്ട് ശരിയാക്കിക്കൊടുക്കുന്നു

ശങ്കരദേവയും വൈഷ്‌ണവ പരമ്പരയിലെ മറ്റുള്ളവരും എഴുതിയ നാടകങ്ങൾ പരിചയസമ്പന്നരായ കലാകാരൻമാർ കാലാനുസൃതമായി മാറ്റിയെടുത്താണ് ഇവിടെ അവതരിപ്പിക്കുന്നത്. "ഞാൻ ഒരു നാടകം എഴുതുമ്പോൾ അതിൽ ലോക് സംസ്കൃതിയിലെ (നാടോടി സംസ്കാരം) അംശങ്ങൾ സന്നിവേശിപ്പിക്കാറുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടെ ജാതിയും (സമുദായം) സംസ്കൃതിയും (സംസ്കാരം) സജീവമാക്കി നിലനിർത്തേണ്ടതുണ്ട്," ഇന്ദ്രാനിൽ ദത്ത പറയുന്നു.

"പ്രധാന റിഹേഴ്‌സൽ ദീവാലിക്ക് അടുത്തദിവസം മാത്രമേ ആരംഭിക്കുകയുള്ളൂ," മുക്ത ദത്ത പറയുന്നു. അതുകൊണ്ടുതന്നെ, അഭിനേതാക്കൾക്ക് രണ്ടാഴ്ചയിൽ കുറഞ്ഞ സമയമേ തയ്യാറെടുപ്പിന് ലഭിക്കൂ. "നേരത്തെ അഭിനയിച്ചിട്ടുള്ളവർ പല സ്ഥലങ്ങളിലാണ് താമസിക്കുന്നത്. അവരെ തിരികെ കൊണ്ടുവരിക ബുദ്ധിമുട്ടാണ്," അഭിനയത്തിന് പുറമേ, ഗരാമൂർ സംസ്കൃത് തോലിൽ (സ്കൂൾ) ഇംഗ്ലീഷ് പഠിപ്പിക്കുകയും ചെയ്യുന്ന ദത്ത പറയുന്നു.

പലപ്പോഴും മഹോത്സവത്തിന്റെ സമയത്ത് സ്കൂൾ, സർവ്വകലാശാലാ പരീക്ഷകൾ  നടക്കുന്നുണ്ടാകും. "ഒരുദിവസത്തിന് വേണ്ടിയാണെങ്കിലും വിദ്യാർഥികൾ വരും. അവർ അവരുടെ വേഷം അഭിനയിച്ച് അടുത്ത ദിവസം പരീക്ഷയ്ക്ക് പോകും, " മുക്ത കൂട്ടിച്ചേർക്കുന്നു.

മഹോത്സവം സംഘടിപ്പിക്കാനുള്ള ചിലവുകൾ ഓരോവർഷവും കൂടുകയാണ്. ഗരാമൂറിൽ 2022-ലെ ഉത്സവത്തിന് ചിലവ് വന്നത് 4 ലക്ഷം രൂപയാണ്. "സാങ്കേതിക പ്രവർത്തകർക്ക് ഞങ്ങൾ പൈസ കൊടുക്കും. അഭിനേതാക്കൾ എല്ലാവരും സ്വയം സന്നദ്ധരായി മുന്നോട്ടുവന്നവരാണ്. 100-150 പേർ പണം ഒന്നും വാങ്ങാതെയാണ് പ്രവർത്തിക്കുന്നത്."

ബോരുൺ ചിതാദർ ചുകിലെ രാസ് മഹോത്സവം നടക്കുന്നത് ഒരു സ്കൂളിലാണ്. അസമിലെ പട്ടികവിഭാഗമായ മിസിങ് (മിഷിങ്) സമുദായമാണ് ഇവിടത്തെ ആഘോഷം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് വർഷങ്ങളായി, യുവതലമുറയ്ക്കിടയിൽ ഈ ആഘോഷത്തോടുള്ള താത്പര്യക്കുറവും ഈ പ്രദേശത്തുനിന്നുള്ള വ്യാപകമായ കുടിയേറ്റവും മൂലം അഭിനേതാക്കളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഈ സമൂഹം ഇപ്പോഴും പിൻവാങ്ങിയിട്ടില്ല. "ഉത്സവം നടത്തിയില്ലെങ്കിൽ, ഗ്രാമത്തിൽ എന്തെങ്കിലും അശുഭം നടന്നേക്കും," രാജാ പേയാങ് പറയുന്നു. "ഇത് ഗ്രാമത്തിൽ പരക്കെയുള്ള വിശ്വാസമാണ്."

PHOTO • Prakash Bhuyan

രാസ് മഹോത്സവത്തിൽ പങ്കെടുക്കാൻ വർഷംതോറും തീർത്ഥാടകരും വിനോദസഞ്ചാരികളും മജൂലിയിലെത്തുന്നു. ബ്രഹ്മപുത്രയിലെ കമലാബാരി ഘാട്ട് എന്ന പ്രധാന കടവിൽ ഉത്സവസമയത്ത് കനത്ത തിരക്കനുഭവപ്പെടും

PHOTO • Prakash Bhuyan

ബാസ്തവ് സാകിയ കഴിഞ്ഞ 11 വർഷമായി നാഗാവോൻ ജില്ലയിൽനിന്ന് മജൂലിയിലെത്തി ഉത്സവത്തിനുള്ള വേദികൾ ഒരുക്കിവരുന്നു. ചിത്രത്തിൽ, ഗരാമൂറിലെ അവതരണത്തിൽ കംസന്റെ സിംഹാസനത്തിന്റെ പശ്ചാത്തലമായി ഉപയോഗിക്കേണ്ട രംഗപടം അദ്ദേഹം പെയിന്റ് ചെയ്യുന്നു

PHOTO • Prakash Bhuyan

അച്ഛനമ്മമാരും രക്ഷിതാക്കളും തങ്ങളുടെ കുട്ടികളുടെ മേക്കപ്പ്, പ്രദേശത്തെ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകനായ അനിൽ സർക്കാരിനെക്കൊണ്ട് ( നടുക്ക്) ചെയ്യിപ്പിക്കാൻ കാത്തുനിൽക്കുന്നു

PHOTO • Prakash Bhuyan

സ്റ്റേജിന് പുറകിൽ, ഗോപബാലകന്മാരായി വേഷമിട്ട കുട്ടികൾ തങ്ങളുടെ രംഗത്തിന് തയ്യാറെടുക്കുന്നു

PHOTO • Prakash Bhuyan

ഗരാമൂർ സാരു സത്രയിലെ അവതരണത്തിൽ കംസനായി വേഷമിടുന്ന മൃദുപവൻ ഭുയാനുമായി അഭിമുഖം നടത്തുന്ന മാധ്യമപ്രവർത്തകർ

PHOTO • Prakash Bhuyan

സ്റ്റേജിന് പുറകിൽ ഉറക്കംതൂങ്ങുന്ന ഒരു കുട്ടിയെ മുക്ത ദത്ത തോളത്തെടുക്കുന്നു

PHOTO • Prakash Bhuyan

സ്ത്രീകൾ കാളിയോ നാഗിന്റെ രൂപത്തിന് ചുറ്റും ചെരാതുകളും ചന്ദനത്തിരികളും കൊളുത്തിവെക്കുന്നു. ഉത്സവം തുടങ്ങുന്നതിന് മുൻപുള്ള പ്രാർത്ഥനകളുടെ ഭാഗമാണ് ചടങ്ങ്

PHOTO • Prakash Bhuyan

ഗരാമൂർ സാരു സത്രയുടെ ഗേറ്റിനരികിൽനിന്ന് പടമെടുക്കുന്ന ആളുകൾ

PHOTO • Prakash Bhuyan

നാടകത്തിലെ ആദ്യരംഗമായ പ്രസ്താവനയിൽ ഭൂമിയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്ന ബ്രഹ്മാവും ( വലത്) മഹേശ്വരനും ( നടുക്ക്) വിഷ്ണുവും ലക്ഷ്മിയും ( ഇടത്)

PHOTO • Prakash Bhuyan

യുവതിയുടെ രൂപത്തിലുള്ള രാക്ഷസിയായ പൂതന ( നടുക്ക്) കൈക്കുഞ്ഞായ കൃഷ്ണനെ കൊല്ലാൻ തനിക്കാകുമെന്ന് കംസന് ( ഇടത്) ഉറപ്പ് കൊടുക്കുന്നു

PHOTO • Prakash Bhuyan

വൃന്ദാവനവാസികൾ കൃഷ്ണന്റെ ജനനം ആഘോഷിക്കുന്ന നന്ദോത്സവ് രംഗം അവതരിപ്പിക്കാനായി സ്റ്റേജിന് പിറകിൽ തയ്യാറെടുക്കുന്ന ഗോപികളായി വേഷമിട്ട യുവതികൾ

PHOTO • Prakash Bhuyan

നൃത്ത, സംഗീത, നാടകപ്രകടനങ്ങളിലൂടെ ഭഗവാൻ കൃഷ്ണന്റെ ജീവിതം ആഘോഷിക്കുന്ന ഉത്സവമാണ് രാസ് മഹോത്സവം ( കൃഷ്ണന്റെ നൃത്തം കൊണ്ടാടുന്ന ഉത്സവം). ആഘോഷം തുടങ്ങി ഒരുദിവസത്തിൽത്തന്നെ നൂറിലധികം കഥാപാത്രങ്ങൾ രംഗത്ത് പ്രത്യക്ഷപ്പെട്ടേക്കാം

PHOTO • Prakash Bhuyan

രാക്ഷസിയായ പൂതന കൈക്കുഞ്ഞായ കൃഷ്ണന് മുലപ്പാലിലൂടെ വിഷം നല്കാൻ ശ്രമിക്കുന്നു. എന്നാൽ പകരം അവൾതന്നെ കൊല്ലപ്പെടുന്നു. യശോദയുടെ ( ഇടത്) രംഗപ്രവേശം

PHOTO • Prakash Bhuyan

വൃന്ദാവനത്തിൽ ഗോപികളോടൊത്ത് നൃത്തം ചെയ്യുന്ന ബാലകനായ ഭഗവാൻ കൃഷ്ണൻ

PHOTO • Prakash Bhuyan

ഗരാമൂർ സാരു സത്രയിലെ അവതരണത്തിൽ, ബാലകനായ കൃഷ്ണൻ, കൊറ്റിയുടെ രൂപത്തിൽ വന്ന രാക്ഷസനായ ബകാസുരനെ പരാജയപ്പെടുത്തി വധിക്കുന്ന രംഗം കുട്ടികൾ അഭിനയിക്കുന്നു

PHOTO • Prakash Bhuyan

ധേനുകാസുര ബധ്- രാക്ഷസനായ ധേനുകാസുരനെ വധിക്കുന്ന രംഗം അഭിനയിക്കുന്ന കൃഷ്ണന്റെയും സഹോദരൻ ബലരാമന്റെയും വേഷമിട്ട കുട്ടികൾ

PHOTO • Prakash Bhuyan

അസമിലെ മജൂലിയിൽ നടക്കുന്ന ഗരാമൂർ സാരു സത്ര രാസ് മഹോത്സവത്തിലെ അഭിനേതാക്കളിൽ നല്ലൊരു പങ്കും കുട്ടികളാണ്

PHOTO • Prakash Bhuyan

കാളിയോ ദമൻ രംഗത്തിൽ കൃഷ്ണൻ യമുന നദിയിൽ പാർക്കുന്ന കാളിയോ നാഗിനെ തോൽപ്പിച്ച് അതിന്റെ തലയിൽ നൃത്തമാടുന്നതാണ് അഭിനയിക്കുന്നത്

PHOTO • Prakash Bhuyan

അഭിനേതാക്കളും കാണികളും അവതരണം ആസ്വദിക്കുന്നു

PHOTO • Prakash Bhuyan

2016- ഉത്തർ കമലാബാരി സത്രയിലെ സന്യാസിമാർ മഹോത്സവത്തിൽ അവതരിപ്പിക്കാനുള്ള കേളി ഗോപാൽ നാടകത്തിന് തയ്യാറെടുക്കുന്നു. 1955- ആഡിറ്റോറിയം പണിയുന്നത് വരെ അവതരണങ്ങൾ നടന്നിരുന്നത് നാംഘറിലാണ് ( പ്രാർത്ഥനാ സ്ഥലം)

PHOTO • Prakash Bhuyan

ഉത്തർ കമലാബാരി സത്രയിലെ രാസ് മഹോത്സവത്തിന് മുന്നോടിയായുള്ള റിഹേഴ്സ്‍ലിന്റെ അവസാന ദിവസം

PHOTO • Prakash Bhuyan

ഉത്തർ കമലാബാരി സത്രയിലെ സന്യാസിമാരായ നിരഞ്ജൻ സൈകിയയും ( ഇടത്) കൃഷ്ണ ജോദുമോണി സൈകിയയും ( വലത്ത്) അവരുടെ ബൊഹയിൽ ( താമസസ്ഥലം). അവതരണത്തിന്റെ വേഷവിധാനങ്ങൾ അണിയുന്നത് സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്

PHOTO • Prakash Bhuyan

അവതരണത്തിൽ ഉപയോഗിക്കുന്ന മുഖാവരണങ്ങളും അവ നിർമ്മിക്കുന്ന പ്രക്രിയയും രാസ് മഹോത്സവത്തിന്റെ ഒരു പ്രധാനഭാഗമാണ്. ചിത്രത്തിൽ, അസുരന്മാരുടെയും ദാനവന്മാരുടെയും കഥാപാത്രങ്ങൾക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ള മുഖാവരണങ്ങളുമായി അഭിനേതാക്കൾ രംഗത്തെത്തുന്നു

PHOTO • Prakash Bhuyan

ബോരുൺ ചിതാദർ ചുക് ഗ്രാമത്തിലെ ഉത്സവവേദിയ്ക്കരികിൽ കാളിയോ നാഗിന്റെ മുഖാവരണത്തിൽ പെയിന്റ് ചെയ്യുന്നു

PHOTO • Prakash Bhuyan

ബോരുൺ ചിതാദർ ചുകിലെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന പ്രാർത്ഥനയിൽ ദാമോദർ മിലിയുടെ ചിത്രത്തിന് മുൻപിൽ മുനിം കമാൻ ( നടുക്ക്) വിളക്ക് കൊളുത്തുന്നു. ഒരു ദശാബ്ദം മുൻപ് മരണപ്പെട്ട മിലിയാണ് ഗ്രാമവാസികളെ രാസ് സംഘടിപ്പിക്കാൻ പരിശീലിപ്പിച്ചത്

PHOTO • Prakash Bhuyan

മജൂലിയിലെ ബോരുൺ ചിതാദർ ചുകിലെ വേദി

PHOTO • Prakash Bhuyan

അപുർബോ കമാൻ ( നടുക്ക്) തന്റെ പ്രകടനത്തിന് തയ്യാറെടുക്കുന്നു. നിരവധി വർഷങ്ങളായി, ബോരുൺ ചിതാദർ ചുകിലെ ഉത്സവത്തിൽ കംസന്റെ വേഷം അഭിനയിക്കുന്നത് അപുർബോയാണ്

PHOTO • Prakash Bhuyan

പ്രകടനത്തിൽ ഉപയോഗിക്കുന്ന മുഖാവരണം അണിഞ്ഞുനോക്കുന്ന ഒരു ആൺകുട്ടി

PHOTO • Prakash Bhuyan

ചുട്ടെടുത്ത പന്നിയിറച്ചിയും മിസിങ് സമുദായാംഗങ്ങളുണ്ടാക്കുന്ന പരമ്പരാഗത റൈസ് ബിയറായ അപോങും ബോരുൺ ചിതാദർ ചുക് മഹോത്സവത്തിലെ ജനപ്രിയ ഭക്ഷണയിനങ്ങളാണ്


മൃണാളിനി മുഖർജി ഫൌണ്ടേഷൻ നൽകിയ ഫെല്ലോഷിപ്പിന്റെ ( എം. എം. എഫ്) പിന്തുണയോടെ തയ്യാറാക്കിയ റിപ്പോർട്ട്

പരിഭാഷ: പ്രതിഭ ആർ. കെ.

Prakash Bhuyan

Prakash Bhuyan is a poet and photographer from Assam, India. He is a 2022-23 MMF-PARI Fellow covering the art and craft traditions in Majuli, Assam.

Other stories by Prakash Bhuyan
Editor : Swadesha Sharma

Swadesha Sharma is a researcher and Content Editor at the People's Archive of Rural India. She also works with volunteers to curate resources for the PARI Library.

Other stories by Swadesha Sharma
Photo Editor : Binaifer Bharucha

Binaifer Bharucha is a freelance photographer based in Mumbai, and Photo Editor at the People's Archive of Rural India.

Other stories by Binaifer Bharucha
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.