"ഡൊല്ലു കുനിതയിൽ ആൺകുട്ടികൾ അത്ര മിടുക്കരൊന്നുമല്ല, ഞങ്ങളാണ്‌ മികച്ചത്” –-പതിനഞ്ചുകാരി വിജയലക്ഷ്‌മി പറയുന്നു.

ശരിയാണെന്ന് മനസ്സിലാവും - അമിതവണ്ണമില്ലാത്ത പെൺകുട്ടികൾ, പരിചയസമ്പന്നരായ നർത്തകരുടെ കൃത്യതയോടെയും അഭ്യാസികളുടെ ചടുലതയോടെയും മെലിഞ്ഞ അരയിൽ കനത്ത ഡ്രമ്മുകൾ കെട്ടി വട്ടത്തിൽ കറങ്ങുന്നു. ഒത്തൊരുമയോടെ, ഒരേ താളത്തിൽ, കൃത്യതയോടെ.

കൌമാരക്കാരായ  പെൺകുട്ടികളാണ്‌ അവർ. കൂട്ടത്തിലെ ഏറ്റവും മുതിർന്നയാൾക്കുപോലും പ്രായപൂർത്തിയായിട്ടില്ല. എന്നാൽ ശാരീരികക്ഷമത കൂടുതൽ ആവശ്യപ്പെടുന്ന ഡ്രം അരയിൽകെട്ടി നൃത്തംചെയ്യുന്ന അവരുടെ ഊർജ്ജവും അനായാസതയും അതിശയിപ്പിക്കുന്നതാണ്. കർണാടകയിലെ പ്രശസ്തമായ നാടോടിനൃത്തരൂപമാണ്‌ ഡൊല്ലു കുനിത. കന്നഡയിൽ ഡൊല്ലു എന്നതിന് ഡ്രം എന്നും കുനിതയ്ക്ക് നൃത്തമെന്നുമാണ്‌ അർത്ഥം. ഗണ്ടു കലെ എന്നും ഇതറിയപ്പെടുന്നു –- പുരുഷന്റെ വൈദഗ്ദ്ധ്യം, അഥവാ, പുരുഷന്റെ കല എന്നൊക്കെയാണ്‌ ഈ വാക്കിനർത്ഥം. ദൃഢഗാത്രരായ പുരുഷൻമാർ  പത്ത്‌ കിലോയോളം ഭാരംവരുന്ന ഡ്രം തങ്ങളുടെ അരയോട്‌ ചേർത്തുകെട്ടിയാണ്‌ വേഗത്തിലും ചുറുചുറുക്കോടയെും നൃത്തംചെയ്യുന്നത്‌. ബലിഷ്‌ഠരും ശാരീരികക്ഷമതയുമുള്ള  പുരുഷൻമാരുടെ കലയായിട്ടാണ് കാലങ്ങളായി ഇത്‌ കണക്കാക്കപ്പെട്ടിരുന്നത്.

ഒരുകൂട്ടം പെൺകുട്ടികൾ ആ പരമ്പരാഗതധാരണയെ തിരുത്തുംവരെ. നഗരമധ്യത്തിൽനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ബംഗളൂരുവിന്‌ സമീപം നെൽവയലുകളും തെങ്ങുകളും നിറഞ്ഞ ഹെസറഘട്ടയിൽ ചില പരമ്പരാഗത സാംസ്കാരിക മാനദണ്ഡങ്ങൾക്ക്‌ മാറ്റം വരുത്തുകയാണ്‌ ഈ പെൺകുട്ടികൾ. ഡൊല്ലു കുനിത സ്‌ത്രീകൾക്കുള്ളതല്ലെന്ന ആശയത്തെ വെല്ലുവിളിച്ച്‌, പഴയ വിശ്വാസങ്ങളെ അവഗണിച്ച്‌ കനമേറിയ ഡ്രമ്മിനെ സ്വന്തമാക്കിയിരിക്കുകയാണ്‌ ഇന്നവർ.

വീഡിയോ: വീഡിയോ നോക്കുക: ഒരു സംഘടനയുടെ സഹായത്താൽ തെരുവിലെ ജീവിതത്തിൽനിന്ന് രക്ഷ നേടിയ ദക്ഷിണേന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്നുള്ള കുട്ടികൾ പത്ത്‌ കിലോയോളം ഭാരംവരുന്ന ഡ്രം ഉപയോഗിച്ച്‌ ഡൊല്ലുകുനിത അവതരിപ്പിക്കുന്നു

വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള പെൺകുട്ടികൾ ഈ സംഘത്തിലുണ്ട്‌. തെരുവിലെ ജീവിതം അവസാനിപ്പിക്കാൻ "സപ്‌ർശ' എന്ന ട്രസ്റ്റ്‌ ആണ്‌ അവരെ സഹായിച്ചത്‌. അവർക്ക്‌ ജീവിതത്തിൽ രണ്ടാം ഊഴവും അഭയവും നൽകിയത്‌ ആ സംഘടനയാണ്. എല്ലാവർക്കും ഇപ്പോൾ വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്‌. നൃത്തത്തിലും സംഗീതത്തിലും ഏറെ താത്പര്യമുള്ളവരുമാണ്‌ ഈ കുട്ടികൾ. ആഴ്ചയിൽ അവർ സ്കൂൾ ബുക്കുകളുമായി മല്ലിടുന്നു. വാരാന്ത്യത്തിലെ അവധിദിവസങ്ങളിൽ സ്വന്തം പെരുമ്പറകളുടെ ശബ്ദത്തിനൊത്ത് നൃത്തവും ചെയ്യുന്നു.

ഇപ്പോൾ അവർ താമസിക്കുന്ന ഹോസ്റ്റലിൽ അവർക്കായി കാത്തിരിക്കുകയായിരുന്നു ഞാൻ. പെട്ടെന്ന്‌ ചിരിയുമായി ഒരുകൂട്ടം മുഖങ്ങൾ എത്തി. അതിശയമെന്നുപറയട്ടെ, ദിവസം മുഴുവൻ നീണ്ടുനിന്ന ക്ലാസ്സുകൾ അവരെ ഒട്ടും തളർത്തിയിട്ടില്ലായിരുന്നു.

ഡ്രം പ്രകടനത്തിനുമുൻപ് കുറച്ച്‌ സ്കൂൾ കാര്യങ്ങൾ: "ഫിസിക്സ്‌ എളുപ്പമാണ്‌', തമിഴ്‌നാട്‌ സ്വദേശിയായ 17-കാരി വി. കനക പറഞ്ഞു. "ബയോളജിയാണ്‌ ബുദ്ധിമുട്ട്. അതിലെ ഇംഗ്ലീഷ്‌ പദപ്രയോഗങ്ങളാണ്‌ കാരണം'. അവൾക്കിഷ്‌ടം ശാസ്ത്രമാണ്, പ്രത്യേകിച്ചും ഫിസിക്സ്. "പഠിക്കുന്നതെല്ലാം ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പ്രത്യേക ഇഷ്‌ടം അതിനോടാണ്”, ജീവിതത്തിലെ ലക്ഷ്യത്തെക്കുറിച്ച് എനിക്ക്‌ വലിയ ധാരണയൊന്നുമില്ല. അങ്ങനെയുള്ളവർക്ക്‌ ജീവിതത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ്‌ ഞാൻ കേട്ടിട്ടുള്ളത്‌“ ഒരു ചിരിയോടെ അവൾ പറഞ്ഞു.

"എനിക്ക്‌ കലയോടാണ്‌ താത്പര്യം. ചിത്രം വരയും ഡിസൈനിങ്ങുമാണ്‌ പ്രധാന വിനോദങ്ങൾ. കുന്നുകളും പുഴയും ഒക്കെയാണ്‌ സാധാരണ വരയ്ക്കാറ്‌. മാതാപിതാക്കൾ ഇല്ലാത്തതിനാൽ കുട്ടിക്കാലത്ത്‌ ഞാൻ മാലിന്യം ശേഖരിക്കാൻ പോകുമായിരുന്നു. അതുകൊണ്ട്‌ പ്രകൃതിയെ വരയ്ക്കുന്നത്‌ എനിക്ക്‌ ശാന്തതയേകും. പഴയകാലം മറക്കാൻ അതെന്നെ സഹായിക്കും”, 17 വയസ്സുള്ള എസ്‌. നരസമ്മ പറഞ്ഞു.

Narsamma playing the dollu kunitha
PHOTO • Vishaka George
Gautami plays the dollu kunitha
PHOTO • Vishaka George

ഫോട്ടോ: സാധാരണ ദിവസങ്ങളിൽ സ്കൂളിൽ പോ വുന്ന നരസമ്മയും (ഇടത്‌) ഗൗതമിയും (വലത്‌), പക്ഷേ വാരാന്ത്യത്തിൽ സ്വന്തം താളത്തിനൊത്ത് നൃത്തം ചെയ്യുന്നു

ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ മാലിന്യം ഇനം തിരിക്കുന്ന ജോലി ചെയ്തിരുന്ന നരസമ്മയെ ഒമ്പതാം വയസിലാണ്‌ സംഘടന രക്ഷപ്പെടുത്തുന്നത്‌. തന്റെ ആഗ്രഹങ്ങളെപ്പറ്റി പറയാൻ അവൾക്ക് പ്രത്യേകിച്ചൊരു പ്രേരണയുടെയും ആവശ്യമില്ല. ഫാഷൻ ഡിസൈനിങ്‌, നഴ്‌സിങ്‌, അഭിനയം എന്നിവയൊക്കെ അതിൽ ചിലതുമാത്രം. ഒരു ലഘുനാടകത്തിൽ ശൈശവ വിവാഹത്തിനെതിരെ പോരാടുന്ന രക്ഷിതാവിന്റെ വേഷം ചെയ്തത്‌ വലിയ അഭിമാനത്തോടെയാണ്‌ നരസമ്മ ഓർക്കുന്നത്. "എന്തുകൊണ്ടാണ് മാതാപിതാക്കൾ കുട്ടികളോട് അങ്ങനെ ചെയ്യുന്നത്?” അവൾ ചോദിക്കുന്നു. "വിരിഞ്ഞുനിൽക്കുന്ന ഒരു പൂ പറിക്കുന്നത് പോലെയാണത്‌."

Kavya V (left) and Narsamma S (right) playing the drums
PHOTO • Vishaka George

ശാരീരിക ബുദ്ധിമുട്ട്‌ ഏറെയുള്ള നൃത്തത്തിനുശേഷവും ഊർജ്ജസ്വലരായി കാണപ്പെടുന്ന കാവ്യയും (ഇടത്‌) നരസമ്മയും (വലത്‌)

സംസാരത്തിനിടയിലും തങ്ങളുടെ പകുതിയോ അതിലധികമോ വലിപ്പമുള്ള, വീപ്പയ്ക്ക്‌ സമാനമായ ഡ്രമ്മുകൾ ചെറിയ അരക്കെട്ടിൽ  കെട്ടി നൃത്തം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്‌ അവർ.

പിന്നീട്‌ ചെകിടടപ്പിക്കുന്ന വലിയ ശബ്ദത്തോടെ പെരുമ്പറകൾ മുഴങ്ങാൻ തുടങ്ങി. ശാരീരികക്ഷമത ഏറെ ആവശ്യപ്പെടുന്ന ഒരു നൃത്തം, അനായാസതയോടെ അവരവതരിപ്പിക്കുന്നത് കാണുന്നത് ആനന്ദം നൽകുന്നു. അവരുടെ ആ ഊർജ്ജത്തിനനുസരിച്ച് എന്റെ കാലുകളും അറിയാതെ താളം പിടിക്കാൻ തുടങ്ങി.

അവർ നൃത്തം പൂർത്തിയാക്കുമ്പോൾ,  വെറും കാഴ്ചക്കാരിയായിരുന്ന എനിക്കുപോലും ക്ഷീണം തോന്നിപ്പോയി. എന്നാൽ, അവർക്കതിന്റെ നേരിയ ലക്ഷണം‌പോലും കണ്ടില്ല. ഒരു വൈകുന്നേരം പാർക്കിൽ ഉലാത്തിവന്നതുപോലെയാണ്‌ അവരുടെ പെരുമാറ്റം. ഒരു വിനോദ, സാംസ്കാരിക പരിശീലനമെന്ന നിലയിലാണ്‌ ഈ പെൺകുട്ടികൾ ഡൊല്ലു കുനിതയിൽ ഏർപ്പെട്ടിരിക്കുന്നത്‌. ഇതുവരെ പൊതുപരിപാടികളിൽ പങ്കെടുക്കുകയോ അതിലൂടെ വരുമാനം നേടുകയോ ചെയ്തിട്ടില്ല അവർ. വേണമെന്നുണ്ടെങ്കിൽ അവർക്കത്‌ എളുപ്പത്തിൽ ആവുമായിരുന്നിട്ടും.

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

Vishaka George

Vishaka George is Senior Editor at PARI. She reports on livelihoods and environmental issues. Vishaka heads PARI's Social Media functions and works in the Education team to take PARI's stories into the classroom and get students to document issues around them.

Other stories by Vishaka George
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup