ലോൺതുക (നിങ്ങളിൽനിന്ന്‌) തിരിച്ചുപിടിക്കാൻ ഗാന്ധിമാർഗ്ഗം പിന്തുടരാനാണ്‌ ബാങ്കിന്റെ തീരുമാനം. ഇതിനായി താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒരു മാർഗം സ്വീകരിക്കാനാണ്‌ ബാങ്ക്‌ തീരുമാനിച്ചിരിക്കുന്നത്:. 1) നിങ്ങളുടെ വീടിന്‌ മുന്നിൽ ടെന്റ്‌ കെട്ടി പ്രതിഷേധിക്കുക, 2) പാട്ടുസംഘത്തെ ഉപയോഗിക്കുക,  3) മണിയടിക്കുക.

"ഇതിലൂടെ, സമൂഹത്തിലെ നിങ്ങളുടെ പ്രതിച്ഛായയും നിലനിൽ‌പ്പും അപകടത്തിലാകും'

തങ്ങളുടെ 20,000-ഓളം വരുന്ന ഇടപാടുകാർക്ക് പരസ്യമായ അപമാനവും പരിഹാസവും വാഗ്ദാനം ചെയ്യുകയാണ്‌ ഒസ്മാനാബാദ് ഡിസ്ട്രിക്ട് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക് (ഒഡിസിസി). കഴിഞ്ഞ കുറച്ചുവർഷങ്ങളായി കടുത്ത ദുരവസ്ഥയിലൂടെ കടന്നുപേകുന്ന കർഷകരാണ്‌ ഈ ഇടപാടുകാരിൽ കൂടുതലും. വിളനാശവും വിലയിടിവുമൊക്കെയാണ്‌ അവരെ ഈ അവസ്ഥയിലെത്തിച്ചത്‌. ഇതോടൊപ്പം, വരൾച്ചയും ജലദൗർലഭ്യവും കൂടിയായപ്പോൾ അത്‌ ലോൺ തിരിച്ചടവിനെ കൂടുതൽ ബാധിച്ചു. തീർന്നില്ല, 500, 1000 രൂപ നോട്ടുകൾ നിരോധിച്ച കേന്ദ്രസർക്കാരിന്റെ നടപടിമൂലം തൈാഴിലാളികൾക്ക്‌ കൂലി കൊടുക്കാൻപോലും കഴിയാത്ത അവസ്ഥയിലായി ഇന്ന് ഈ കർഷകർ. "നവംബർ ഒമ്പതുമുതൽ കർഷകതൊഴിലാളികൾക്ക്‌ ഒരുപൈസ പോലും കൂലിയായി നൽകിയിട്ടില്ല”, ഖേഡ് ഗ്രാമത്തിലെ ചെറുകിട കർഷകനായ എസ്‌.എം. ഗവാലെ പറയുന്നു. "എല്ലാവരും പട്ടിണിയിലാണ്.'

നിക്ഷേപകർക്ക് പണം പിൻവലിക്കാൻ കഴിയാത്തതിന് കാരണം കർഷകരാണെന്നാണ്‌ ബാങ്കിൽനിന്നുള്ള കത്തിൽ (ലേഖനത്തിന്റെ അവസാനഭാഗത്ത് ചേർത്തിക്കുന്നു) അവരെ ഓർമ്മിപ്പിക്കുന്നത്. "ഇക്കാരണങ്ങളാൽ ഏതെങ്കിലും നിക്ഷേപകൻ ആത്മഹത്യ ചെയ്താൽ, അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും' എന്നാണ് ആ ഭീഷണി.

ഈ സാഹചര്യത്തിൽ, ഗ്രാമം സന്ദർശിക്കുകയും കർഷകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ബാങ്കിന്റെ റിക്കവറി സംഘം കർഷകരുടെയിടയിൽ പിരിമുറുക്കത്തിനും നിരാശയ്ക്കും വഴിവെക്കുന്നു. വിചിത്രമെന്നുപറയട്ടെ, 20,000 കർഷകരുടെ ഒന്നിച്ചുള്ള കുടിശ്ശിക കേവലം, 180 കോടിയാണെങ്കിൽ, പഞ്ചസാര ഫാക്ടറികളായ തെർനയും തുൽജാഭവാനിയും ഇതേ ബാങ്കിന്‌ നൽകാനുള്ളത്‌ 352 കോടിരൂപയാണ്‌. എന്നാൽ ഈ ചെറുകിട കർഷകരുടെമേൽ ബാങ്ക് പ്രയോഗിക്കുന്ന തന്ത്രങ്ങളൊന്നും ശക്തരുടെ ഫാക്ടറികളുടെ കാര്യത്തിൽ അവർ കൈക്കൊള്ളുന്നില്ല. "ഈ ഫാക്ടറികൾ പൂട്ടിപ്പോയതാണ്”, ഒഡിസിസി എക്സിക്യൂട്ടീവ്‌ ഡയറക്ടർ വിജയ്‌ ഘോൻസെ പാട്ടീൽ പറയുന്നു. അതുകൊണ്ട്‌ അവിടെ ഗാന്ധിമാർഗ്ഗം നടക്കില്ല. ഇവരുടെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള ഭൂമി പിടിച്ചെടുക്കാനോ ലേലം ചെയ്യാനോ ബാങ്ക്‌ ഇതുവരെയും തയ്യാറായിട്ടുമില്ല.

ഗാന്ധിവഴിയിലൂടെയുള്ള കുടിശ്ശിക നിവാരണം അരുൺ ജെയ്‌റ്റ്‌ലിയുടെ പ്രസംഗത്തിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ടതാണെന്ന്‌, കർഷകരെ ഭീഷണിപ്പെടുത്തുന്ന ഈ കത്ത് തയ്യാറാക്കിയ ഘോൻസെ പാട്ടീൽ പറയുന്നു. കുടിശ്ശിക വരുത്തുന്നവർക്കെതിരേ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ബഡ്ജറ്റ് സമ്മേളനത്തിൽ (മുൻ) കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ബാങ്കിന്റെ നടപടിയെന്ന്‌ ഒസ്മാനാബാദ്‌ നഗരത്തിലെ ബാങ്കിന്റെ ആസ്ഥാനത്തിരുന്ന്‌ ഘോൻസെ പാട്ടീൽ സ്വയം ന്യായീകരിച്ച്‌ ഞങ്ങളോട്‌ പറഞ്ഞു.


Left: Vijay Ghonse Patil, executive director of the ODCC, at the bank's headquarters in Osmanabad town. Right: A farmer in Lohara block explains the problems they face
PHOTO • P. Sainath

ഇടത്ത്: ഒഡിസിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ വിജയ് ഘോൺസെ പാട്ടീൽ ഒസ്മാബബാദ് പട്ടണത്തിലെ ബാങ്കിന്റെ പ്രധാന കാര്യാലയത്തിൽ. വലത്ത്: തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വിവരിക്കുന്ന ലോഹര ബ്ലോക്കിലെ ഒരു കർഷകൻ

"ഞാനാണ്‌ ആ കത്ത്‌ തയാറാക്കിയത്”, ഘോൻസെ പാട്ടീൽ പറഞ്ഞു. "ഇത്‌ തമാശയല്ല. 2017 മാർച്ചിനകം, ബാങ്കിന്റെ ആകെയുള്ള  നിഷ്‌ക്രിയ ആസ്തികൾ (നോൺ പെർഫോമിങ്‌ അസറ്റ്‌) മൊത്തം വായ്പയുടെ 15 ശതമാനത്തിന് താഴെയെത്തിക്കേണ്ടതുണ്ട്. ഈ നിർദേശം അനുസരിക്കുകയല്ലാതെ എനിക്ക് വേറെ വഴിയില്ല”. യാതൊരു നിയമോപദേശവും കൂടാതെയാണ് കർഷകർക്കുള്ള കത്ത്‌ തയ്യാറാക്കിയതും ബാങ്കിന്റെ ഡയറക്ടർ ബോർഡ്‌ അത്‌ അംഗീകരിച്ചതുമെന്ന് അദ്ദേഹം സമ്മതിക്കുന്നു.

ഒക്‌ടോബറിലെ ഒരു തീയതി വെച്ചാണ് മിക്ക കത്തുകളും അയച്ചിട്ടുള്ളത്. എന്നാൽ കർഷകർ അതിനെ പരിഹസിച്ച് തള്ളുന്നു. “നവംബർ 15ന്‌ ശേഷമാണ്‌ ഞങ്ങൾക്ക്‌ കത്ത്‌ ലഭിച്ചത്”.  എന്നുവെച്ചാൽ, ഈ കത്തുകൾ നോട്ടുനിരോധനത്തിന്‌ ശേഷമാണ്‌ പുറത്തുവന്നത്‌ എന്നർത്ഥം. വിരോധാഭാസമെന്നു പറയട്ടെ, ഡിസംബർ രണ്ടിന് കത്ത് ലഭിച്ച മനോഹർ യെലോറെ എന്ന കർഷകൻ 2014-ൽത്തന്നെ ആത്മഹത്യ ചെയ്ത ആളായിരുന്നു. ബാങ്കിൽനിന്ന് കടമെടുത്ത 68,000 രൂപ തിരികെ അടയ്ക്കാനാകാതെയാണ്‌ ലൊഹാറ ഗ്രാമത്തിലെ ചെറുകിട കർഷകനായ അദ്ദേഹം അന്ന്‌ ആത്മഹത്യ ചെയ്തത്‌.

ഒസ്മാനാബാദിലെ ലൊഹറ ബ്ലോക്കിലെ നാഗുർ ഗ്രാമത്തിൽ ഒത്തുകൂടിയ കർഷകർ തങ്ങളുടെ നടുക്കം ഞങ്ങളുമായി പങ്കുവച്ചു. "ഇങ്ങനെ അപമാനിക്കാനാണ് ഉദ്ദേശമെങ്കിൽ, സ്വയം ജീവനെടുക്കുകയല്ലാതെ ഞങ്ങൾക്ക്‌ മുന്നിൽ മറ്റ്‌ മാർഗങ്ങളില്ല'.  മഹാരാഷ്‌ട്ര സർക്കാരിന്റെ കണക്കിൽ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടക്കുന്ന ജില്ലകളാണ്‌ ഒസ്മാനാബാദും യവ്‌തമാലും. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനവും മഹാരാഷ്‌ട്രയാണ്. ദേശീയ ക്രൈം റിക്കോർഡ്‌സ്‌ ബ്യൂറോയുടെ കണക്കിൽ 1995-നും 2014-നും ഇടയിൽ സംസ്ഥാനത്ത്‌ 63,000 ആളുകളാണ് ആത്മഹത്യ ചെയ്തത്.

ഇവിടെ നോട്ടുനിരോധനം ബാങ്കിനെയും ഉപഭോക്താക്കളെയും ഒരുപോലെയാണ്‌ ബാധിച്ചത്‌. നോട്ടുക്ഷാമം ഇരുവിഭാഗങ്ങളെയും വലച്ചു. നിരോധിച്ച നോട്ടുകൾ സ്വീകരിച്ച്‌ പുതിയവ നൽകാൻ രാജ്യത്തെ സഹകരണ ബാങ്കുകൾക്ക്‌ മൂന്നുദിവസം മാത്രമാണ് സമയം കൊടുത്തത്. പക്ഷേ മറ്റ്‌ ബാങ്കുകൾ നവംബർ 29വരെ പഴയ നോട്ടുകൾ സ്വീകരിച്ചു. കടമെടുത്ത 352 കോടിയിൽ ഒരു പൈസപോലും തിരികെ അടയ്ക്കാത്ത ഫാക്ടറികളുടെ നയം കാരണം ഒസ്മാനാബാദ് ഡിസ്ട്രിക്ട് സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്ക് നേരത്തെതന്നെ വലിയ പ്രശ്നത്തിലായിരുന്നു. "അവർ അത്‌ ഞങ്ങൾക്കുമേൽ തീർക്കുകയാണ്”, കർഷകർ പറയുന്നതിങ്ങനെ. "കുറച്ചെങ്കിലും പണം തിരിച്ചടക്കാൻ ശ്രമിച്ച ആളുകളാണ് ഞങ്ങൾ.'

കൈയിൽ പണമില്ലായതോടെ, കർഷകരും തൊഴിലാളികളും കടയുടമകളും നവംബർ ഒമ്പതിനുശേഷം സ്വന്തമായി അതിജീവനതന്ത്രം മെനഞ്ഞെടുത്തു. "തൊഴിലാളികൾക്ക്‌ പണില്ലെങ്കിൽ, അവർക്ക്‌ ആഹാരം കിട്ടില്ല. എന്നാൽ ഞങ്ങൾ അവർക്കുവേണ്ടി കടയുടമകൾക്ക്‌ ഉറപ്പ് നൽകി. അതിന്റെ അടിസ്ഥാനത്തിൽ അവർ അവശ്യസാധനങ്ങൾ വിതരണം ചെയ്തു'–- ഖേഡിൽനിന്നുള്ള എസ്‌.എം. ഖവാലെ പറഞ്ഞു.

വീഡിയോ: ഗാന്ധിമാർഗ്ഗം ഉപയോഗിച്ച് തങ്ങളെ അപമാനിക്കുമെന്ന് കാണിച്ചുകൊണ്ട് ഒഡിസിസി എഴുതിയ കത്ത് നഗൂർ, ഖേദ്, കസ്തി തുടങ്ങിയ ഗ്രാമങ്ങളിലെ കർഷകർ പ്രദർശിപ്പിക്കുന്നു

എന്നാൽ, പ്രദേശത്തെ കടയുടമകളാകട്ടെ, മറ്റിടങ്ങളിലുള്ള മൊത്തവിതരണക്കാരിൽനിന്ന്‌ കടം വാങ്ങിയാണ്‌ അവരും സ്റ്റോക്ക് എത്തിച്ചിട്ടുള്ളത്. അങ്ങിനെ, തൊഴിലാളിയും കർഷകനും കടയുടമയും എല്ലാവരും, വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ വലയിലകപ്പെട്ടു.

മറ്റൊരു ഗുരുതരമായ പ്രശ്നംകൂടി ഉണ്ടായിരുന്നു. കുറച്ച്‌ വർഷങ്ങൾക്കുമുമ്പ്‌ വിളകൾക്കുമേൽ അനുവദിക്കുന്ന ലോണും ടേം ലോണും ഉപേക്ഷിക്കാൻ ബാങ്ക്‌ തീരുമാനിക്കുകയുണ്ടായി. അതിനോടൊപ്പം, നേരത്തെ ഈ ലോണുകളെടുത്ത കർഷകരുടെ കുടിശ്ശികകൾ ബാങ്ക് പുനർനിർണ്ണയിക്കുകയും ചെയ്തു. ഒഡിസിസി പല വർഷങ്ങളിലും ഈ രീതി ആ‍വർത്തിക്കുകയുണ്ടായി. അതിന്റെ ഫലമായിട്ടാണ് കർഷകരുടെ കുടിശ്ശികത്തുക കുത്തനെ ഉയർന്നത്. വർധിപ്പിച്ച ഈ തുകയാണ്‌ തിരികെ അടയ്ക്കാൻ ബാങ്ക്‌ ഇപ്പോൾ കർഷകരോട്‌ ആവശ്യപ്പെടുന്നത്‌. 20,000 കർഷകർ ഒന്നിച്ച് നൽകാനുള്ള ഈ 180 കോടി രൂപ നിരവധി തിരുത്തലുകൾക്ക്‌ ശേഷമുള്ള കണക്കാണ്. ഇവർ കടം വാങ്ങിയ യഥാർത്ഥ തുക 80 കോടി രൂപ മാത്രമായിരുന്നു.

വിള ലോൺ എന്നത് ഹ്രസ്വകാലത്തേക്ക്‌ കർഷകർ വാങ്ങുന്ന കടമാണ്‌. ഇത്‌ അവരുടെ കാർഷിക പ്രവർത്തനവുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു. ഈ പണമുപയോഗിച്ച് അവർ വിത്ത്‌, വളം, കീടനാശിനി എന്നിവ വാങ്ങുകയും തൊഴിലാളികൾക്ക്‌ കൂലി നൽകുകയുമൊക്കെയാണ്‌ ചെയ്യുക. അനുവദിച്ച തുകയിൽനിന്ന്‌ ആവശ്യാനുസരണം അവർ പണം പിൻവലിക്കും. വിള ലോണിന്റെ പലിശനിരക്ക് സാധാരണയായി ഏഴ് ശതമാനത്തിൽ കൂടാറില്ല (ഇതിൽ നാല് ശതമാനം സംസ്ഥാന സർക്കാർ വഹിക്കേണ്ടതാണ്). ഈ വായ്പകൾ ഓരോ വർഷവും പുതുക്കുകയും ചെയ്യണം.


യന്ത്രസാമഗ്രികൾ വാങ്ങുന്നതിനും ജലസേചനമടക്കമുള്ള  ചെലവുകൾക്കുമായി എടുക്കുന്നതാണ്‌ ടേം ലോണുകൾ എന്ന് പറയുന്ന വായ്പ. 3 - 7 വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്നതാണ് ഈ വായ്പ. എന്നാൽ വിള ലോണിന്റെ ഇരട്ടിയോളം പലിശനിരക്കിലാണ് ടേം ലോണുകൾ അനുവദിക്കുക.

കർഷകരുടെ വിള, ടേം ലോണുകൾ കൂട്ടിയോജിപ്പിച്ച് അവയെ "പുതിയ' ടേം ലോണാക്കി മാറ്റുകയാണ് ഒഡിസിസിയും (മറ്റ് ബാങ്കുകളും) ചെയ്തതെന്ന്‌ ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഔറംഗബാദിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ധനഞ്ജയ് കുൽക്കർണി പറഞ്ഞു. ഒഡിസിസിയുടെ കത്തുകളും നോട്ടീസുകളും മറ്റും കൃത്യമായി പഠിച്ചയാളാണ്‌ കുൽക്കർണി. "പുനർനിർണ്ണയ'ത്തിന്റെ  പേരിൽ മറ്റ് ബാങ്കുകളെപ്പോലെ ഒഡിസിസിയും ഈ ലോണുകൾക്ക്‌ 14 ശതമാനം പലിശയും ഈടാക്കി. വായ്പകൾ വിതരണം ചെയ്ത സഹകരണ സൊസൈറ്റിയാകട്ടെ, 2- 4 ശതമാനം അധിക പലിശയും ഇതിനൊപ്പം ചേർത്തു. ഒടുവിൽ, വായ്പയെടുത്തയാൾക്ക്‌ 18 ശതമാനം പലിശ നൽകേണ്ടിവന്നു.

In Nagur village, agitated farmers explain that the loan amounts have been inflated
PHOTO • P. Sainath

വായ്പ്പാത്തുകകൾ ഊതിപ്പെരുപ്പിച്ചതാണെന്ന് വിശദീകരിക്കുന്ന നഗൂർ ഗ്രാമത്തിലെ ക്ഷുഭിതരായ കർഷകർ

ഇലക്‌ട്രിക്‌ മോട്ടറും പൈപ്പും ഘടിപ്പിക്കുന്നതിനായി ഖേഡിലെ ശിവജി റാവു സാഹെബ്‌ പാട്ടീൽ 1.78 ലക്ഷം രൂപ വായ്പയെടുത്തത്‌ 2004-ലാണ്. ആദ്യവർഷം 60,000 രൂപ തിരികെയടച്ചു. എന്നാൽ ശിവജിയുടെ വായ്പ, വിള വായ്പയുമായി പലതവണ ബാങ്ക്‌ കൂട്ടിയോജിപ്പിച്ചു. ബാങ്കിന്റെ ഭാഷയിൽ പറഞ്ഞാൽ അവർ അത്‌ "റീഫെയ്‌സ്‌' ചെയ്തു. "ഇപ്പോൾ അവർ പറയുന്നത്‌ എനിക്ക്‌ 13 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ്”, ശിവജി ദേഷ്യത്തോടെ പറഞ്ഞു. പെട്ടന്ന്‌ ഒരുപറ്റം കർകഷർ ഒരേസമയം തങ്ങളുടെ അവസ്ഥ വിവരിക്കാൻ തുടങ്ങി. ഒഡിസിസി തങ്ങൾക്കയച്ച കത്തുമായാണ്‌ അവരെല്ലാം വന്നിരുന്നത്.

"ബാങ്കിന് പൈസ കൊടുക്കാനുണ്ടെന്ന് ഞങ്ങൾ അംഗീകരിക്കുന്നു”, നാഗൂറിലെ കർഷകനായ ബാബസാഹെബ്‌ വിതാൽറാവു ജാദവ്‌ പറഞ്ഞു. "തീർച്ചയായും അത് കൊടുക്കുകയും വേണം. എന്നാൽ ഇപ്പോൾ അതിന് കഴിയില്ല. ഏറെക്കാലത്തിനുശേഷമാണ് ഈ വർഷം നല്ല മഴ ലഭിച്ചത്. അതിനാൽ ഇത്തവണ കർഷകർ അത്യാവശ്യം ഖാരിഫ് വിളയും നല്ല റാബി വിളയും പ്രതീക്ഷിക്കുന്നുണ്ട്‌. അതുകൊണ്ട്‌ അടുത്തവർഷംമുതൽ ഗഡു അടയ്ക്കാനാകും. പക്ഷേ, ഈ വർഷം പണമടയ്ക്കേണ്ടിവരുന്നത് ഞങ്ങളെ കൊല്ലുന്നതിന് തുല്യമാണ്. ‘പുനർനിർണ്ണയ’മെന്നത് ബാങ്കിന്റെ നിയമങ്ങളെത്തന്നെ ലംഘിക്കുന്ന ഒരു തട്ടിപ്പാണ്. അത് ഞങ്ങളുടെ വായ്പയെ രണ്ടും മൂന്നും നാലും ഇരട്ടിയായി വർദ്ധിപ്പിക്കുകയാണ് ചെയ്തത്. കോർപ്പറേറ്റുകൾക്കും അതിസമ്പന്നർക്കും സർക്കാർ ഇളവുകൾ കൊടുക്കുന്നുണ്ട്. അതേസമയം, നിരാധാരരായ കർഷകരെ പിഴിയുകയും ചെയ്യുന്നു”.

ഈ വായ്പകളും അവയുടെ പുനർനിർണ്ണയവും നടത്തിയ സമയവും തെറ്റായിപ്പോയി. വായ്പകൾ മഹാരാഷ്ട്രയിലെ കാർഷികപ്രതിസന്ധിയെ കൂടുതൽ ഗുരുതരമാക്കുന്നതുപോലെ തോന്നുന്നു. 1998-ൽ തുടങ്ങുകയും 2003-04-ൽ വലിയൊരു കുതിച്ചുചാട്ടം നടത്തുകയും 2011-ൽ സ്ഫോടനാത്മകമായ രീതിയിൽ അത് ഉയരുകയും ചെയ്തു. "വിൽക്കാൻ കഴിയാത്തവിധം, നാലുവർഷമായി 300–-400 ടൺ അധിക കരിമ്പ് എന്റെ കൈയ്യിൽ കെട്ടിക്കിടന്നു. ഫാക്ടറികളിൽ അധിക സ്‌റ്റോക്കുള്ളതിനാൽ അവരും വാങ്ങാൻ വിസമ്മതിച്ചു. അങ്ങനെ ഞാൻ പാപ്പരായി. ഇപ്പോൾ ബാങ്കിൽനിന്നുള്ള ഭീഷണിയും നേരിടുകയാണ്‌ ഞാൻ. കുടുംബവക ഭൂമിയിൽനിന്ന്‌ (ജലസേചനമില്ലാത്ത) 15 ഏക്കർ വിറ്റു. എന്നിട്ടും കടത്തിന്റെ ഭാരം താങ്ങാനാകുന്നില്ല”,  ശിവജിറാവു പറഞ്ഞു.

ഈ ഗ്രാമങ്ങളിൽ നവംബർ എട്ടിനുമുമ്പെ റാബി വിത്തുകൾ വിതച്ചിരുന്നു. എന്നാൽ പിന്നീടുള്ള ഇടപാടുകൾ തടസ്സപ്പെട്ടു. "പഴയ നോട്ടുകൾ സ്വീകരിച്ചാൽ മാത്രമേ ന്യായമായ വില നൽകൂ” എന്ന് വ്യാപാരികൾ പറഞ്ഞതോടെ ഖാരിഫ് വിളകളുടെ വിലയും കുത്തനെ ഇടിഞ്ഞു.

ബാങ്ക് പുറത്തിറക്കിയ കത്തിന്റെ പ്രത്യാഘാതങ്ങൾ ഞങ്ങൾ ചർച്ചചെയ്യുമ്പോൾ, ബാങ്കിലും അന്തരീക്ഷം ശോകമൂകമാവുന്നുണ്ടായിരുന്നു.

A farmer in Nagur holds up an extract of his loan account from the credit cooperative society; further interest of 2-4 per cent gets added at the level of the societies
PHOTO • P. Sainath

ഒരു ക്രെഡിറ്റ് കോ‍‌ഓപ്പറേറ്റീവ് സൊസറ്റിയിൽനിന്നുള്ള തന്റെ വായ്പയുടെ ഹ്രസ്വവിവരം നഗൂരിലെ ഒരു കർഷകൻ ഉയർത്തിക്കാണിക്കുന്നു; സൊസൈറ്റികളുടെ ഭാഗത്തുനിന്ന് വായ്പകൾക്ക് പിന്നെയും 2 മുതൽ 4 ശതമാനംവരെ പലിശ വർദ്ധിപ്പിക്കുന്നുണ്ട്

മറ്റൊരു ജില്ലയിലെ സഹകരണ ബാങ്കിൽനിന്ന് കുടിശ്ശിക അടയ്ക്കാത്തതിന്റെ പേരിൽ നോട്ടീസ് ലഭിച്ചിരിക്കുകയാണ്‌ ഒഡിസിസി ബാങ്ക്‌ എക്സിക്യുട്ടീവ്‌ ഡയറക്ടറായ ഘോൻസെ പാട്ടീലിനുപോലും. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ നടപടികൾ തെറ്റായിപ്പോയെന്ന് ഇപ്പോഴാണ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥർക്കും മനസ്സിലായതെന്ന് തോന്നുന്നു. കർഷക ആത്മഹത്യകൾ വർധിച്ചാൽ എന്തുചെയ്യും? ആ ആത്മഹത്യകൾക്ക് ബാങ്കും ബാങ്കയച്ച കത്തും മറുപടി പറയേണ്ടിവരില്ലേ? പക്ഷേ, തമ്മിൽ പിരിയുമ്പോൾ ഘോൻ‌സെ വീണ്ടും ഞങ്ങളോട് പറഞ്ഞത്, "വീണ്ടെടുക്കലല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല”, എന്നായിരുന്നു.

-------------------------------

ഒസ്മാനാബാദ് ജില്ലയിലെ ഏകദേശം 20,000 കർഷകർക്ക് മറാത്തി ഭാഷയിൽ ഒ‌ഡി‌സി‌സി അയച്ച കത്തിന്റെ വിവർത്തനം ചെയ്‌ത പ്രസക്ത ഭാഗങ്ങൾ

നമസ്കാരം,

ഒസ്മാനാബാദ് ജില്ലാ ബാങ്കിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ടിലായതിനാൽ നിക്ഷേപകരുടെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ ബാങ്കിലാണ്. കാലഹരണപ്പെട്ടതും തിരിച്ചടയ്ക്കാത്തതുമായ വായ്പകൾ വർധിച്ചതിനാൽ പണം നഷ്ടപ്പെടുമെന്ന് ബാങ്ക് ആശങ്കപ്പെടുന്നു. അതിനാൽ, ചുരുങ്ങിയത് ഇപ്പോഴെങ്കിലും കാലഹരണപ്പെട്ട വായ്പകൾ വീണ്ടെടുക്കുക എന്നതുമാത്രമാണ്‌ ബാങ്കിന്റെ സ്ഥിതി മെച്ചപ്പെടുത്താൻ ഞങ്ങളുടെ മുമ്പിലുള്ള ഒരേയൊരു മാർഗ്ഗം. നിങ്ങൾ വായ്പകൾ തിരിച്ചടയ്ക്കാത്തതുമൂലം, നിക്ഷേപകർക്ക് അവർ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകാൻ ബാങ്കിന്‌ കഴിയുന്നില്ല. ഇക്കാരണത്താൽ നിക്ഷേപകർ കടുത്ത നിരാശയിലാണ്.

മാത്രമല്ല, അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ സാധിക്കാത്തപക്ഷം, ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാകുമെന്ന് സൂചിപ്പിച്ചുകൊണ്ട് നിക്ഷേപകർ ഞങ്ങൾക്ക് നിരന്തരം കത്തുകളയയ്‌ക്കുന്നു. അതിനാൽ, അത്തരം സാഹചര്യങ്ങളാൽ ഏതെങ്കിലും നിക്ഷേപകർ ആത്മഹത്യ ചെയ്താൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കുമെന്ന്‌ മനസ്സിലാക്കുക.

....നിങ്ങളുടെ വായ്പാ കുടിശ്ശിക കാരണം ബാങ്കിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ല. അതിനാൽ വായ്പ തിരിച്ചടപ്പിക്കാൻ ഗാന്ധിയുടെവഴി ഉപയോഗിക്കാനാണ് ബാങ്ക്‌ മാനേജ്‌മെന്റ് കമ്മിറ്റിയും മുതിർന്ന ഉദ്യോഗസ്ഥരും എംപ്ലോയീസ് അസോസിയേഷനും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി, ഇനിപ്പറയുന്നവയിൽ ഏതെങ്കിലുമൊന്ന് ചെയ്യാൻ ബാങ്ക് തീരുമാനിക്കുന്നു: 1) പ്രതിഷേധിക്കുന്നതിനായി നിങ്ങളുടെ വീടിന് എതിർവശത്ത് ടെന്റ് കെട്ടുക 2) ഒരു പാട്ടുസംഘത്തിനെ ഉപയോഗിക്കുക 3) മണി അടിക്കുക

ഇങ്ങനെ ചെയ്യുന്നതിലൂടെ സമൂഹത്തിലെ നിങ്ങളുടെ പ്രതിച്ഛായയും നിലനിൽ‌പ്പും തകരാൻ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ,  കാലാവധി കഴിഞ്ഞ വായ്പകൾ 30 ദിവസത്തിനകം പലിശ സഹിതം ബന്ധപ്പെട്ട ബാങ്കിൽ തിരിച്ചടച്ച്‌ അതിന്റെ രസീത് കൈപ്പറ്റേണ്ടതാണ്, അല്ലാത്തപക്ഷം റിക്കവറി സംഘം മുകളിൽ വിശദീകരിച്ചതിന്‌ സമാനമായ നടപടി സ്വീകരിക്കാൻ നിർബന്ധിതരാവും.

നിലവിലെ സാഹചര്യത്തെക്കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് ഞങ്ങൾ ഇതെഴുതുന്നത്.

നിങ്ങൾ വായ്പ തിരിച്ചടയ്ക്കുമെന്നും നിർഭാഗ്യകരമായ സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുമെന്നതിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല.
നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
കാലാവധി കഴിഞ്ഞ വായ്പകളുടെ വിശദാംശങ്ങൾ
വായ്പയുടെ തരം, വായ്പ്പാത്തുക: 136,300. പലിശ: 348,930. ആകെ: 485,230
(ഓരോ കർഷകനുമുള്ള വായ്പയുടെ വിശദാംശങ്ങൾ കത്തിൽ വിശദീകരിക്കുന്നു)

വിശ്വസ്തതയോടെ,

ഒപ്പ്‌ -

വിജയ് എസ് ഘൊൻസെ

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup