ശോച്യാവസ്ഥയിലെത്തിയ ചെറിയൊരു കെട്ടിടമാണ് അത്. സത്താറ ജില്ലയിലെ കട്ഗുൺ ഗ്രാമത്തിലെ ജനങ്ങൾക്ക് അത് അഭിമാനത്തിന്റെ കേന്ദ്രമാകേണ്ടതായിരുന്നു. - ഒരുപക്ഷെ അങ്ങനെത്തന്നെയാകാം. പക്ഷേ തദ്ദേശ പഞ്ചായത്താകട്ടെ  ഈ ചെറിയ ഭവനത്തിന്‌ യാതൊരു പ്രാധാന്യവും നൽകുന്നതായി തോന്നുന്നില്ല. മഹാരാഷ്‌ട്ര സർക്കാരിന്റെ സമീപനവും മറ്റൊന്നല്ല.

പ്രശസ്ത സാമൂഹികപരിഷ്‌കർത്താവായ ജ്യോതിബ ഫൂലെയുടെ പൂർവികഭവനമായിരുന്നു ഇത്‌. അദ്ദേഹത്തിന്റെ മുത്തച്ഛൻ നിർമിച്ചത്‌. ഇന്നത്‌ പൂർണമായും ജീർണാവസ്ഥയിലാണ്‌. മേൽക്കൂരയിൽനിന്ന്‌ പ്ലാസ്റ്ററിങ്ങിന്റെ കഷണങ്ങൾ അടർന്നുവീഴുന്നു. പ്രധാൻമന്ത്രി ആവാസ്‌ യോജനയിൽ (പ്രൈം മിനിസ്‌റ്റേഴ്‌സ്‌ ഹൗസിങ്‌ സ്കീം) നിർമിച്ച മെച്ചപ്പെട്ട വീടുകൾ നാം കണ്ടിട്ടുണ്ട്‌. എന്നാൽ അതേ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ഈ വീടിന്റെ സ്ഥിതിയാകട്ടെ, വളരെ പരിതാപകരവും.

വളരെ ചെറിയ വീടായതിനാൽ നവീകരിക്കാനോ വൃത്തിയാക്കാനോ അധികം സമയമോ സാമ്പത്തികമോ ഒന്നും ആവശ്യമില്ലാത്ത വീടാണ്. വീടിന്‌ പിറകിലുള്ള പഞ്ചായത്തിന്റെ സ്‌മാർട്ട് ജിംനേഷ്യത്തിലെ സൗകര്യങ്ങൾ കാണുമ്പോൾ വീടിന്റെ നവീകരണത്തിനുള്ള എല്ലാ ഉപാധികളും വേണ്ടിവന്നാൽ ലഭ്യമായേനേ എന്നും മനസ്സിലാവും. ജീർണിച്ച കെട്ടിടത്തിന് എതിർവശത്തുള്ളത് ഫൂലെയുടെ പേരിലുള്ള വിദ്യാഭ്യാസസ്ഥാപനമാണ്, റോഡിനോട് ചേർന്ന് ഒരു ഓപ്പൺ എയർ സ്റ്റേജും അതിനോടൊപ്പമുണ്ട്.

PHOTO • P. Sainath

ദയനീയമായ വേദി: സ്പോൺസറുടെ പേര് ഫൂലെയുടെ പേരിനെ കവച്ചുവെക്കുന്നത് ശ്രദ്ധിക്കുക

സ്റ്റേജിന്റെ മുകൾഭാഗത്തായി സ്‌പോൺസറിന്റെ പേരെഴുതിയ ഒരു വലിയ ബോർഡുണ്ട്‌, ജോൺസൻസ്‌ ടൈൽസ്‌, ഇംഗ്ലീഷ്‌ വലിയക്ഷരങ്ങൾ നല്ല വലിപ്പത്തിലും കട്ടിയിലും എഴുതിയ ഒരു ബോർഡ്. മഹാത്മാ ജ്യോതിറാവുഫൂലെയുടെ പേരിനേക്കാൾ വലുപ്പം. അതിൽ എന്തോ ഒരു ശരിയില്ലായ്മയുണ്ട്‌. ഫൂലെ ജീവിച്ചിരുന്നത് ഈ കാലഘട്ടത്തിലായിരുന്നെങ്കിൽ, ഫൂലെയുടെ സാമൂഹികപരിഷ്കരണ പ്രസ്ഥാനത്തിന് പിന്തുണ കൊടുക്കുന്നതിനുമുൻപ് ഒരു "റവന്യൂ മാതൃക' സമർപ്പിക്കാൻ അദ്ദേഹത്തോട്‌ ഈ കോർപ്പറേറ്റുകൾ ഒരുപക്ഷേ ആവശ്യപ്പെട്ടേനേ എന്നുപോലും തോന്നിപ്പോവും. "ലോകമെമ്പാടുമുള്ള അവ്യത്യസ്തമായി, ഫൂലെയുടെ മാതൃക അടിസ്ഥാനമാക്കിയത് നീതിയിലും മനുഷ്യാവകാശങ്ങളിലും വിദ്യാഭ്യാസത്തിലും ജാതിയമായ അടിച്ചമർത്തലിനെതിരായ പോരാട്ടത്തിലും ആത്മാഭിമാനത്തിലുമായിരുന്നു.. വീടിന്റെ ദുരവസ്ഥയിലും ഗ്രാമത്തിലെ കടുത്ത ജല ദൗർലഭ്യപ്രശ്നങ്ങളിലും പ്രതിഷേധിക്കുന്നതുപാലെ ആ സമുച്ചയത്തിലെ ഫൂലെയുടെ പ്രതിമ അദ്ദേഹത്തിന്റെ പൂർവ്വികഭവനത്തിനൊട്‌ പുറംതിരിഞ്ഞാണ്‌ നിൽക്കുന്നത്‌.

നെർ അണക്കെട്ടിനും തടാകത്തിനും 20 കിലോമീറ്റർമാത്രം ദൂരെയായിട്ടുപോലും, കാട്‌ഗുണിലെ 3,300 ഓളംവരുന്ന ഗ്രാമീണർ ഗുരുതര ജലദൗർലഭ്യമാണ്‌ അനുഭവിക്കുന്നത്‌. മൂന്ന് ജില്ലകളിലായുള്ള 13 തഹസീലുകളിലൊന്നായ ഖഡാവിന്റെ ഭാഗമാണ് ഈ ഗ്രാമം. ഇവരുടെ ജലസംബന്ധമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഓരോ വർഷവും ദുഷ്‌കാൽ പരിഷത്ത് (വരൾച്ച കൗൺസിൽ) സംഘടിപ്പിക്കുന്നുണ്ട്‌. പഴയ മഹാബലേശ്വറിലെ കൃഷ്ണാ നദിയുടെ ഉത്ഭവസ്ഥാനത്തുനിന്നുള്ള യാത്രയിലാണ് ഞങ്ങൾ കട്ഗുൺ സന്ദർശിച്ചത്.

PHOTO • P. Sainath

വീടിനുള്ളിലെ മേൽക്കൂരയുടെ പ്ലാസ്റ്ററിങ്ങ് അടർന്നുവീണിരിക്കുന്നു. വലത്‌: വീടിന്റെയും കട്‌ഗുൺ ഗ്രാമത്തിന്റെയും അവസ്ഥയിൽ പ്രതിഷേധിക്കുന്നതുപോലെ, പൂർവികഭവനത്തിനോട്‌ പുറംതിരിഞ്ഞ്‌ ജ്യോതിബാ നിൽക്കുന്നു

ജ്യോതിബായുടെ പൂർവികഭവനം മാത്രമല്ല ഇവിടെ ശോച്യാവസ്ഥയിലുള്ളത്‌. കാട്ഗുണിലെ ഗ്രാമീണരുടെ ജീവിതവും പരിതാപകരമാണ്. ജോലിക്കായി നഗരങ്ങളിലേക്ക്‌ ധാരാളം പേർ കുടിയേറിയെങ്കിലും അവരിൽ ചിലരൊക്കെ ഇപ്പൊൾ തിരികെ മടങ്ങുകയാണ്‌.

"എനിക്ക്‌ ഒരുമാസം 15,000 രൂപ കിട്ടിയിരുന്നു'–- മുംബൈയിൽ പ്രശസ്തനായ സിനിമാ നിർമ്മാതാവിന്റെ ഡ്രൈവറായി ജോലിനോക്കിയ ഗൗതം ജവാല പറയുന്നു. "നഗരത്തിന്‌ പുറത്തുനിന്നുള്ള ഒരാൾക്ക്‌ ആ തുക കൊണ്ട്‌ എങ്ങനെ ആ നഗരത്തിൽ ജീവിക്കാനാകും?  ബിഎംഡബ്യുവും മെർസിഡസ്‌ ബെൻസും ഒടിക്കുമ്പോൾത്തന്നെ അടിസ്ഥാന ആവശ്യങ്ങൾപോലും താങ്ങാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട്‌ ഞാൻ തിരിച്ചുപോന്നു”.

"ഫൂലെയുടെ കുടുംബവീട്' എന്നെഴുതിയ ജീർണിച്ച കെട്ടിടത്തിന് മുന്നിൽനിന്ന്‌ ജാവാലെ ഞങ്ങളോട്‌ സംസാരിക്കുകയാണ്. ഇത്‌ ജ്യോതിബായുടെ പൂർവികഭവനമായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ജന്മസ്ഥലം ഇതായിരുന്നോ? അത്‌ സ്പഷ്‌ടമല്ല. ഇത്‌ അദ്ദേഹത്തിന്റെ മുത്തച്ഛന്റെ സമ്പത്തായിരുന്നുവെന്ന്‌ നമുക്കറിയാം. എന്നാൽ അദ്ദേഹം എവിടെ ജനിച്ചു എന്നതിന്‌ പരസ്പരവിരുദ്ധമായ തെളിവുകളാണ്‌ നമ്മുടെ മുന്നിലുള്ളത്. ഉദ്യേഗസ്ഥ അടിച്ചമർത്തലിൽനിന്ന്‌ ഫൂലെയുടെ കുടുംബം പലായനം ചെയ്യുന്നതിനുമുമ്പ് അദ്ദേഹം കട്ഗുണിൽ ജനിച്ചുവെന്ന് ഒരുവിഭാഗം അവകാശപ്പെടുന്നു. മറ്റൊരു വിഭാഗം പറയുന്നത്‌ പുണെയിലെ ഖാൻവാഡി ജില്ലയിലാണ്‌ ഫൂലെ ജനിച്ചതെന്നാണ്‌. പ്രസിദ്ധീകരിക്കപ്പെട്ട ചില തെളിവുകൾ വ്യക്തമാക്കുന്നത്‌ അദ്ദേഹത്തിന്റെ അച്ഛൻ പുണെയിലേക്ക്‌ മാറിയശേഷമാണ്‌ ഫൂലെയുടെ ജനനം എന്നാണ്‌.

സത്യമെന്തെന്ന് നമുക്കുമറിയില്ല. എന്നാൽ, അറിവിനും വിദ്യാഭ്യാസത്തിനും നീതിക്കും വേണ്ടി ജ്യോതിബാ ഫൂലേയെ നയിച്ച ദാഹമല്ല ഇന്ന് കട്ഗുൺ ഗ്രാമത്തെ നയിക്കുന്നതെന്ന് മാത്രം നമുക്കറിയാം. ആ ഗ്രാമത്തെ ഇന്ന് വലയ്ക്കുന്നത് ശരിയായ ദാഹം മാത്രമാണ്. മറ്റൊന്നുമല്ല.

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup