എഴുപതുകളുടെ അവസാനത്തിലെത്തിയ ഒരു സ്‌ട്രോബറി കർഷകനകണ്‌ അയാൾ. പഴയ മഹാബലേശ്വറിൽ അദ്ദേഹത്തിനുള്ള മൂന്നേക്കർ സ്ഥലത്ത്‌ കുഴിച്ച കിണർ വറ്റിയ നിലയിലാണ്. ഏറെ ബുദ്ധിമുട്ടിയാണ് അദ്ദേഹവും ഭാര്യയും ചേർന്ന് കൃഷി നോക്കിനടത്തുന്നത്. കുഴൽക്കിണറിൽ അൽപ്പം വെള്ളമുള്ളതിനാൽ അവരെങ്ങനെയോ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു എന്നുമാത്രം. എന്നിട്ടും തന്റെ സ്ഥലത്തിന്റെ അതിർത്തിയിലുള്ള ക്ഷേത്രവുമായി ആ ജലം സൗജന്യമായി പങ്കിടാൻ അദ്ദേഹത്തിന് മടിയില്ല. കടുത്ത വരൾച്ച അദ്ദേഹത്തിന്റെ വിളവിനെ മാത്രമേ ബാധിക്കുന്നുള്ളു.  അദ്ദേഹത്തിന്റെ ദാനശീലത്തെ ബാധിച്ചിട്ടില്ല. യൂനുസ്‌ ഇസ്‌മയിൽ നലബന്ദ് എന്നാണ് അദ്ദേഹത്തിന്റെ പേര്.  വളരെ സന്തോഷത്തോടെ അദ്ദേഹം ജലം നൽകുന്നത്‌ സത്താറ ജില്ലയിലെ കൃഷ്ണാ നദിയുടെ ഉത്ഭവത്തിന്റെ ഏറ്റവും പഴയ പ്രതീകമായ കൃഷ്‌ണമായി ക്ഷേത്രത്തിനാണ്‌.

"ഇത്‌ എന്റെ മാത്രം വെള്ളമാണോ?' അദ്ദേഹം ചോദിക്കുന്നു. "ഇതെല്ലാം മുകളിലുള്ളവന്റെ സ്വന്തമാണ്, എന്താ അങ്ങനെയല്ലേ?' എഴുപതികളിലുള്ള അദ്ദേഹത്തിന്റെ ഭാര്യ റോഷൻ നലബന്ദും അത് തലകുലുക്കി സമ്മതിക്കുന്നു. അവരിരുവരും സ്ട്രോബറികർ ചെറുപെട്ടികളിലാക്കുകയായിരുന്നു. "പെട്ടികൾ കൊണ്ടുപോകാൻ കച്ചവടക്കാർ ഉടൻ വരും”, റോഷൻ പറഞ്ഞു. "ദൗർലഭ്യം കാരണം ഈ വർഷം വില കൂടുതലാണ്, പക്ഷേ വിളവും ഗുണനിലവാരം കുറഞ്ഞത്‌ തിരിച്ചടിയായി”. ചെയ്യുന്ന ജോലി നിർത്താതെതന്നെ ജലദൗർലഭ്യത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് അവർ ഞങ്ങളോട് വിശദീകരിക്കുന്നു.. ഞങ്ങൾക്ക് വെള്ളവും  ലഘുഭക്ഷണവും നൽകാൻ മാത്രമാണ്‌ റോഷൻ പണിയിൽനിന്ന് കുറച്ചുനേരം ഇളവെടുത്തത്.

നലബന്ദിന്റെ കുഴൽക്കിണറിൽനിന്ന്‌ വെള്ളം ലഭിച്ചില്ലെങ്കിൽ, കൃഷ്‌ണമയി ക്ഷേത്രത്തിലെ കുണ്ഡ (ക്ഷേത്രത്തിലെ ടാങ്ക്‌) ശൂന്യമാവും. ഇത്തവണയും ടാങ്ക്‌ വറ്റിവരണ്ടു. ഏറ്റവുമധികം സന്ദർശിക്കപ്പെടുന്ന പഞ്ചാഗ്ന ക്ഷേത്രത്തിൽനിന്ന്‌ കുറച്ച്‌ ദൂരം നടന്നാൽ കൃഷ്‌ണമയി ക്ഷേത്രത്തിലെത്താം. അതുപോലെതന്നെ കൃഷ്‌ണ നദിയുടെയും കൊയന, വെന്ന, സാവിത്രി, ഗായത്രി എന്നീ നദികളുടെയും ഉത്ഭവത്തിന്റെ പ്രതീകമായാണ്‌ ഈ ക്ഷേത്രവും കണക്കാക്കപ്പെടുന്നത്‌. ഈ നദികളുടെ യഥാർത്ഥ ഉത്ഭവസ്ഥാനം ഇവിടെനിന്ന്‌ അധികം ദൂരെയല്ല. ഒരുപക്ഷേ വായ്‌ മഹാബലേശ്വർ മേഖലയിലെ ഏറ്റവും പുരാതനമായ ക്ഷേത്രംകൂടിയാണ്‌ കൃഷ്‌ണമയി. നദീദേവതയുടെ ഭവനമെന്ന്‌ നാട്ടുകാർ വിശ്വസിക്കുന്ന മനോഹരമായ ഒരു കുഞ്ഞുക്ഷേത്രം.

Old couple selling strawberries
PHOTO • P. Sainath
Dry well
PHOTO • P. Sainath

യൂനുസ്‌ നലബന്ദും ഭാര്യ റോഷൻ നലബന്ദും: ചെറുകിട കർഷകരായ ഇവർ തങ്ങളുടെ മൂന്നേക്കർ ഭൂമിയിൽ പ്രധാനമായും സ്‌ട്രോബറിയാണ്‌ വളർത്തുന്നത്‌: പൂർണമായും വറ്റിയ അവരുടെ കിണർ

നിരവധി നദികളുടെ – പ്രതീകാത്മകവും യഥാർത്ഥവുമായ - ഉത്ഭവസ്ഥാനം തേടി ഞാനും എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ജയ്‌ദീപ്‌ ഹാർദികറും മറ്റ്‌ ചില മാധ്യമപ്രവർത്തകരും ഒരുമിച്ച്, മേയ്‌ മാസം മഹാരാഷ്‌ട്രയിലെ ഓരോ ജില്ലയിലും സന്ദർശനം നടത്തിയിരുന്നു. നദികളുടെ തീരത്തിലൂടെ യാത്ര ചെയ്ത്‌ കർഷകരോടും തൊഴിലാളികളോടും അവിടങ്ങളിൽ ജീവിക്കുന്ന മറ്റുള്ളവരോടും സംസാരിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കാലാവസ്ഥാ പ്രവചനങ്ങളിലെ വരൾച്ചയേക്കാൾ എത്ര വലുതാണ് -അവരുടെ ജീവിതത്തെ ബാധിക്കുന്ന ജലദൗർലഭ്യം - എന്നതിനെക്കുറിച്ച് അവർതന്നെ പറയുന്നത് കേൾക്കാൻകൂടിയായിരുന്നു ആ യാത്രകൾ.

വേനൽക്കാലത്ത്‌ നദിയുടെ ചില ഭാഗങ്ങളിൽ വരൾച്ചയുണ്ടാവുന്നത് സാധാരണമാണ്‌. എന്നാൽ, ഒരിക്കലും വരൾച്ച നേരിട്ടിട്ടില്ലാത്ത, നദികളുടെ ഉറവിടങ്ങളെപ്പോലും ഇന്നത് ബാധിക്കുന്നു. "മഹാരാഷ്ട്രയിൽ ഒരു കാലത്ത് ഒരിക്കലും വറ്റാത്ത നദികളുണ്ടായിരുന്നു. അതിന്ന്‌ കാലാനുസൃതമായവയായി മാറി”, പശ്ചിമഘട്ട ജൈവ വിദഗ്ധസമിതി തലവൻ മാധവ്‌ ഗാഡ്‌ഗിൽ പറയുന്നു. "നദിയുടെ ഗതിയെ തടസ്സപ്പെടുത്തി വൻതോതിൽ അണക്കെട്ടുകൾ നിർമിച്ചതാണ്‌ ഇതിനുള്ള കാരണം”, പരിസ്ഥിതിവാദിയും എഴുത്തുകാരനുമായ അദ്ദേഹം പറഞ്ഞു. "ആറ്‌ പതിറ്റാണ്ടിനിടെ കൃഷ്‌ണമയിയിലെ സംഭരണി ശൂന്യമായി ഞാൻ ഒരിക്കലും കണ്ടിട്ടില്ല”, നാരായൺ സാദെ പറയുന്നു. വർഷം ശരാശരി 2,000 മില്ലിമീറ്ററിനടുത്ത് മഴ ലഭിക്കുന്ന പ്രദേശമാണ് ഇതെന്ന്‌ ഓർക്കണം. വിരമിച്ച ടൂറിസ്റ്റ്‌ ഗൈഡും കുടിയേറ്റത്തൊഴിലാളിയുമായ സാദെ ഇപ്പോൾ ഈ ക്ഷേത്രത്തിന്റെ പരിസരത്ത്‌ വെറുതെയിരുന്ന് ദിവസങ്ങൾ തള്ളിനീക്കുന്നു. ഈ വരൾച്ചയുടെ പിന്നിൽ മഴലഭ്യത മാത്രമല്ലെന്ന്‌ സാദെ വ്യക്തമാക്കുന്നു. “നിങ്ങളെപ്പോലുള്ള” വിനോദസഞ്ചാരികളും പുറത്തുനിന്നുള്ളവരും അതിന്‌ ഉത്തരം നൽകേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു.

"തീർച്ചയായും ഇവിടെ വനനശീകരണം ഉണ്ടായിട്ടുണ്ട്”, സാദെ പറയുന്നു. "എന്നാൽ അത്‌ നാട്ടുകാർ ചെയ്യുന്നതല്ല. ഞങ്ങളിൽ ഒരാൾ കുറച്ച്‌ മരച്ചില്ലകൾ വെട്ടിയാൽപോലും ജയിലിൽ പോകേണ്ടിവരും. എന്നാൽ പുറത്തുനിന്നുള്ളവർ ട്രക്കുകൾ നിറച്ച് മരം മുറിച്ച്‌ കടത്തുന്നു”. ടൂറിസ്റ്റ്‌ ഗൈഡായി ജോലി ചെയ്തിരുന്ന സാദതന്നെ സമ്മതിക്കുന്നുണ്ട്, അനിയന്ത്രിതമായ വിനോദസഞ്ചാരം വലിയ നാശനഷ്‌ടങ്ങൾ വരുത്തിവെച്ചുവെന്ന്. "ഒരുപാട്‌ റിസോർട്ടുകളും വിനോദസഞ്ചാര കേന്ദ്രങ്ങളുമെല്ലാം ഉയർന്നുവന്നിട്ടുണ്ട്. ഇത് പച്ചപ്പ് നഷ്‌ടപ്പെടുത്തുന്നു”. വിനോദസഞ്ചാരികളുടെ തിരക്കിൽ മുങ്ങിയ പഞ്ചഗംഗ ക്ഷേത്രത്തേക്കാൾ അദ്ദേഹത്തിന്‌ പ്രിയം ശാന്തമായ കൃഷ്ണമയിയാണ്.

PHOTO • P. Sainath

പഴയ മഹാബലേശ്വറിലെ കൃഷ്‌ണമയി ക്ഷേത്രം: ചരിത്രത്തിൽ ആദ്യമായി ക്ഷേത്രത്തിന്‌ മുന്നിലെ സംഭരണി വറ്റി വരണ്ടിരിക്കുന്നു

ധോം ബാൽക്കവാടി അണക്കെട്ട് കാണാൻ പാകത്തിൽ, മനോഹരമായ ഒരു സ്ഥലം ക്ഷേത്രത്തിന്റെ മുൻ‌വശത്തുണ്ട്. വർഷത്തിൽ ഇക്കാലത്ത് സാധാരണയായി ഉണ്ടാകേണ്ടുന്ന അത്രയും വെള്ളമില്ലെങ്കിലും, കുറച്ച്‌ വെള്ളം ഇപ്പൊഴും അവിടെ ബാക്കിയാണ്. വർഷങ്ങളായുള്ള അണക്കെട്ട് നിർമാണവും നദീജലത്തിന്റെ വഴിതിരിച്ചുവിടലും ഇതിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഒരിക്കലും പൂർത്തിയാകാത്ത ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും അരാജകത്വം സൃഷ്‌ടിക്കുന്നു. സംസ്ഥാനത്തിന്റെ "ജലസേചന അഴിമതി' കളുടെ കേന്ദ്രമാണ് ഇവയൊക്കെയും.

സർക്കാരിന്റെ ഈ ചെലവേറിയ പദ്ധതികളിൽനിന്ന് നേട്ടം ലഭിക്കേണ്ടിയിരുന്ന, എന്നാൽ ലഭിക്കാതെപൊയ ഏതാനും ഗ്രാമങ്ങളിൽ ചിലതാണ്‌ സത്താര ജില്ലയിലെ ഖാതാവ്, മാൻ താലൂക്കുകൾ. ജില്ലയിലെ നെർ അണക്കെട്ടും തടാകവും നിരവധി ഗ്രാമങ്ങളിലേക്ക്‌ ജലസേചനത്തിനും കുടിക്കാനുമുള്ള വെള്ളം എത്തിച്ചുകൊടുക്കേണ്ടവയായിരുന്നു. എന്നാൽ നിലവിൽ സമീപത്തെ 19 ഗ്രാമങ്ങളിലെ കരിമ്പ് കർഷകർക്കാണ് ഇതിന്റെ ഗുണം കൂടുതൽ കിട്ടുന്നത്‌. കൃഷ്‌ണമയിയിൽനിന്ന്‌ 80 കി.മീ താഴെയാണ്‌ നെർ സ്ഥിതിചെയ്യുന്നത്‌.

മാനിനും ഖാതവിനും പുറെമ സത്താര, സംഗ്‌ലി, സൊലാപൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നത്‌ വരൾച്ച നേരിടുന്ന 11 താലൂക്കുകളാണ്‌. ഈ താലൂക്കുകളിൽനിന്നുള്ളവർ എല്ലാ വർഷവും ദുഷ്‌കാൽ പരിഷത്തിൽ (വരൾച്ച കൗൺസിൽ) ഒത്തുചേരുന്നു. “ഈ 13 താലൂക്കുകളെയും ഉൾപ്പെടുത്തി ഒരു ‘മാൻ ദേശ്’,  അഥവാ പ്രത്യേക ‘വരൾച്ചാ ജില്ല’ വേണമെന്നാണ് അവരുടെ ആവശ്യം”, വിരമിച്ച ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മാരുതി രാമകൃഷ്ണ കട്കർ പറയുന്നു.

"അവരുടെ ജില്ലകളുടെ കാര്യത്തിൽ എന്തെങ്കിലും പറയാൻ അവർക്ക് അവസരം കിട്ടുന്നില്ല“, കട്‌കർ പറയുന്നു. പക്ഷേ സ്വന്തം ജില്ലകളിൽനിന്ന്‌ വിടുതൽ നേടി പുതിയ ജില്ല രൂപവത്ക്കരിക്കുന്നതുകൊണ്ട് എന്ത് ഗുണമാണുണ്ടാവുക? അവർ വിട്ടുപോയാൽ പഴയ ജില്ലകളെ സംബന്ധിച്ച്‌ അത്‌ സന്തോഷമായിരിക്കും. പിന്നെ അവരോട് സമാധാനം പറയേണ്ട കാര്യവുമില്ലല്ലോ. ‘വരൾച്ചാ ജില്ല’ പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളായ പ്രൊഫ. കൃഷ്ണ ഇൻഗോളിനെ അദ്ദേഹം ഞങ്ങൾക്കുവേണ്ടി ഫോണിൽ ബന്ധപ്പെട്ടു. ആ പ്രദേശത്തെ ആളുകളുടെ സംയുക്ത താത്പര്യങ്ങളാണ്‌ അവരെ പരസ്പരം ബന്ധിപ്പിക്കുന്നതെന്നും സ്വന്തം ജില്ലയെന്ന ആവശ്യം കൂടുതൽ ശക്തമായി അവതരിപ്പിക്കാൻ അത്‌ ശക്തിപകരുമെന്നും ഇൻഗോൾ പറയുന്നു.

"സമുദ്രനിരപ്പിൽനിന്ന്‌ 1,000 അടി ഉയരത്തിലുള്ള മഴനിഴൽ പ്രദേശങ്ങളാണ്‌ ഈ താലൂക്കുകൾ”, കട്‌കർ പറയുന്നു. "വർഷത്തിൽ ഞങ്ങൾക്ക്‌ 30-ൽത്താഴെ ദിവസം മാത്രമാണ് മഴ ലഭിക്കുന്നത്. ഞങ്ങളുടെ ഈ മേഖല മുഴുവൻ വലിയ കുടിയേറ്റത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്ന കുടിയേറ്റക്കാരിൽ സ്വർണ്ണ, ആഭരണ തൊഴിലാളികളുണ്ട്”.

Man sitting outside the temple
PHOTO • P. Sainath

നാരായൺ സാദെ കൃഷ്‌ണമയി ക്ഷേത്രത്തിൽ. ജലക്ഷാമത്തിന് വഴിവെക്കുന്ന വനനശീകരണത്തിനും ജനപ്പെരുപ്പത്തിനും ‘പുറത്തുനിന്നുള്ളവരെയാണ്‌‘ അദ്ദേഹം കുറ്റപ്പെടുത്തുന്നത്‌

ജലക്ഷാമം കഴിഞ്ഞ ഒന്നോ രണ്ടോ വർഷംകൊണ്ടുണ്ടായ പ്രശ്നമല്ല.  ഒരൊറ്റ വലിയ വരൾച്ചയുടെ ഫലമായി ഉണ്ടായതുമല്ല. മനുഷ്യർ പതിറ്റാണ്ടുകൾകൊണ്ട്‌ ഉണ്ടാക്കിത്തീർത്ത അവസ്ഥയാണിത്. ഈ പ്രശ്നത്തെ ദീർഘകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ ഒരു വഴിയുമില്ലേ എന്ന തന്റെതന്നെ ചോദ്യത്തിന്‌ വിരമിച്ച ജലസേചന എൻജിനീയറായ ശരദ്‌ മാണ്ഡേ സ്വയം ഉത്തരം പറയുന്നു. അണക്കെട്ടുകളുടെ ആയുസ്സ് 80-90 വർഷമാണ്. പൈപ്പ് ലൈനുകളുടേത് 35–40 വർഷവും. ജലശുദ്ധീകരണ പ്ലാന്റുകളുടേതാകട്ടെ ഏകദേശം 25 മുതൽ 30 വർഷം വരെ. പമ്പിങ്‌ യന്ത്രങ്ങളുടേത്‌ 15 വർഷവും. എന്നാൽ ഒരു മുഖ്യമന്ത്രിയുടെ ആയുസ്സ് അഞ്ച് വർഷമാണ്. ദീർഘകാല പ്രവർത്തനത്തിനല്ല, മറിച്ച്‌ ഉടനടി ചെയ്യുന്ന കാര്യങ്ങളിൽനിന്ന്‌ മാത്രമാണ്‌ ഖ്യാതി ലഭിക്കുക”.

ഔദ്യോഗിക കണക്കുകൾപ്രകാരം 2000-നും 2010-നും ഇടയിൽ സംസ്ഥാനത്തിന്റെ ജലസേചനസാധ്യത വെറും 0.1 ശതമാനം മാത്രമാണ്‌ വർധിച്ചത്‌. ഒരു പതിറ്റാണ്ടിൽ 70,000 കോടി രൂപ ജലസേചനത്തിൽ ചെലവഴിച്ചതിന് ശേഷമുള്ള അവസ്ഥയാണിത്‌. ജലസേചന അഴിമതി അന്വേഷിച്ച ചിതലെ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പ്രകാരം ഈ തുകയിൽ പകുതിയിലധികവും വ്യാജ പദ്ധതികളിലൂടെ വകമാറ്റി ചിലവഴിക്കപ്പെട്ടതാണ്.

മഹാരാഷ്ട്രയിലെ ഔദ്യോഗികവും വിവരാവകാശ നിയമപ്രകാരവും ലഭിച്ച കണക്കുകൾ വ്യക്തമാക്കുന്നത്‌ ഒരു അണക്കെട്ടിനുള്ള കരാർ നൽകി ഒരു മാസത്തിനുള്ളിൽ അതിന്റെ ചെലവ്‌ 500 ശതമാനമായി വർധിക്കുമെന്നാണ്‌. അല്ലെങ്കിൽ ആറുമാസത്തിൽ 1,000 ശതമാനമായി വർധിക്കും. 30 വർഷത്തിലേറെയായുള്ള 77 പദ്ധതികൾ ഇപ്പോഴും "നടന്നുകൊണ്ടിരിക്കുന്നു”. ചില ചെറു ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആകെ ബജറ്റ്‌ വിഹിതത്തേക്കാൾ കൂടുതലാണ്‌ ഈ ചെലവുകൾ.

PHOTO • P. Sainath

സത്താര ജില്ലയിലെ നെർ തടാകം: കുടിവെള്ളംപോലും സമീപത്തെ 19 ഗ്രാമങ്ങളിലെ കരിമ്പുകൃഷിക്കായി ഉപയോഗിക്കുന്നു

മഹാരാഷ്‌ട്രയിൽ ഭൂഗർഭജല ലഭ്യതയും കുറയുകയാണ്‌. ആകെ ജലസേചനത്തിന്റെ 65 ശതമാനവും ഭൂഗർഭജലത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നിരിക്കയാണ് ഇത്‌. 200 അടിയിൽ താഴെയുള്ള കുഴൽക്കിണറുകൾക്ക്‌ 2016 ഏപ്രിലിൽ സംസ്ഥാനം നിരോധനം ഏർപ്പെടുത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടുകൾ മുമ്പെങ്കിലും നടപ്പാക്കേണ്ട ഒന്നായിരുന്നു ആ നിരോധനം. കൃഷ്ണാ നദിയുടെ തീരപ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നവും ഗൌരവമേറിയ ഒന്നാണ്. നിർമാണ പ്രവർത്തനങ്ങൾക്കായി ഗ്രാമത്തിൽനിന്ന് നഗരത്തിലേക്കും, കൃഷിയിൽനി്ന്ന്‌ വ്യവസായത്തിലേക്കും വലിയ തോതിൽ വെള്ളം വഴിതിരിച്ചുവിടുന്നുണ്ട്.

കാർഷികമേഖലയിൽ ഏറ്റവും കൂടുതൽ വെള്ളം ഉപയോഗിക്കപ്പെടുന്നത്‌ കരിമ്പ്‌ കൃഷിയിലാണ്‌. കുടിവെള്ളമായി പോകേണ്ട നെർ തടാകത്തിലെ വെള്ളംപോലും കരിമ്പുകൃഷിക്ക്‌ ഉപയോഗിക്കപ്പെടുന്നു. മഹാരാഷ്‌ട്രയിൽ മൂന്നിൽ രണ്ട്‌ ഭാഗം കരിമ്പും വരൾച്ചാബാധിതപ്രദേശങ്ങളിലാണ്‌ വളരുന്നത്‌. പഞ്ചസാര ഫാക്ടറികളാകട്ടെ, - "ദയവായി അവയെ അങ്ങനെ വിളിക്കരുത്” മാണ്ഡെ പറയുന്നു - എം.എൽ.എ.മാരെ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളാണ്”.

ഓരോ ഏക്കർ കരിമ്പും വർഷത്തിൽ 180 ഏക്കർ ഭൂമിയിലെ വെള്ളം ഉപയോഗിക്കുന്നു -  ഏകദേശം 18 കോടി ലിറ്റർ വെള്ളം – സാധാരണ ലഭ്യമായ മഴവെള്ളത്തിന്‌ പുറമെയാണിത്‌. എന്നാൽ, ഒരേക്കർ ഭൂമിയിലെ അരിച്ചോളത്തിനാകട്ടെ കഷ്‌ടിച്ച്‌ അതിന്റെ പത്തുശതമാനം ജലം മാത്രമേ ആവശ്യം വരുന്നുള്ളു. കരിമ്പുകൃഷിയെ ആരും തള്ളിപ്പറയുന്നില്ല. ആവശ്യത്തിന്‌ വെള്ളമുള്ള പ്രദേശങ്ങളിൽ വേണം അവ വളർത്താൻ, ജലക്ഷാമം ഉള്ളിടത്തല്ല വേണ്ടത് എന്നുമാത്രമാണ് അവർ പറയുന്നതിന്റെ അർത്ഥം. മഹാരാഷ്‌ട്രയിലെ നാലുശതമാനം ഭൂമിയിൽമാത്രം കൃഷിചെയ്യുന്ന കരിമ്പ് 70 ശതമാനം ജലമാണ്‌ ഉപയോഗിക്കുന്നത്.

നമുക്ക്‌ തിരികെ മഹാബലേശ്വറിലേക്ക്‌ പോകാം. "ഞങ്ങളുടെ ഈ കുഴൽക്കിണർ ആറ് പതിറ്റാണ്ടിനിടെ ഒരിക്കലും വറ്റിയിട്ടില്ല”, യൂനുസ്‌ നലബന്ദ് പറയുന്നു. അദ്ദേഹവും റോഷനും സ്‌ട്രോബറി പെട്ടികളിലാക്കുന്ന ജോലി തുടരുന്നു. രാജ്യത്തെ 80 ശതമാനം സ്‌ട്രോബറി ഉത്പാദനവും മഹാബലേശ്വറിലാണ്‌. അവരിരുവരും ഞങ്ങൾക്ക് കുറച്ച്‌ സ്‌ട്രോബറിയും ബ്ലാക്ക്‌ മൾബെറിയും സമ്മാനിച്ചു.

ഞങ്ങൾ നിൽക്കുന്നതിന്‌ കഷ്ടിച്ച് നൂറ് മീറ്റർ മുന്നിലാണ് അവർ സൗജന്യമായി വെള്ളം നൽകുന്ന കൃഷ്ണമയി ക്ഷേത്രം. ഞങ്ങൾക്ക്‌ പിറകിൽ അവർ ഇപ്പോഴും കൃഷി ചെയ്യുന്ന മൂന്നേക്കർ ഭൂമിയും. പക്ഷേ, ഒരിക്കൽ വെള്ളം തീർന്നാൽ, പിന്നെ ഈ സ്ട്രോബെറി പാടങ്ങൾ ബാക്കിയുണ്ടാവണമെന്നില്ല. ഇംഗ്ലീഷ്‌ സംഗീത ബാൻഡായ ബീറ്റിൽസിന്റെ ഗൃഹാതുരമായ ഗാനമായ ‘സ്ട്രോബെറി ഫീൽഡ്സ് ഫോർ എവർ’ എന്ന ഗാനത്തിന് അർത്ഥമുണ്ടാവില്ല.

PHOTO • P. Sainath

ജലക്ഷാമത്താൽ കൃഷിചെയ്യാൻ ബുദ്ധിമുട്ടുമ്പോഴും, തങ്ങളുടെ കുഴൽക്കിണറിൽനിന്ന് കിട്ടുന്ന അല്പമാത്രമായ വെള്ളം‌ യൂനസും റോഷനും കൃഷ്ണമയി ക്ഷേത്രവുമായി പങ്കുവെക്കുന്നു

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup