"കാർഷികമേഖലയിൽ പ്രതിസന്ധി എന്നൊന്നില്ല.'

പഞ്ചാബിലെ ശക്തമായ അർത്തിയാസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ദർശൻ സിങ്ങ്‌ സംഘേരയെ പരിചയപ്പെടൂ. ബർനാല ജില്ലാ ചാപ്‌റ്ററിന്റ "ബോസും' അദ്ദേഹമാണ്. അർത്തിയാസ്‌ എന്നാൽ കമ്മീഷൻ ദല്ലാളുമാർ എന്നർത്ഥം. കർഷകരെയും ഉപഭോക്താവിനെയും ബന്ധിപ്പിക്കുന്ന ഇടനിലക്കാർ. വിളവെടുത്തശേഷമുള്ള ലേലവും അത്‌ ഉപഭോക്താക്കളിലെത്തിക്കുന്നതുമടക്കം എല്ലാം ഈ ഇടനിലക്കാരാണ്‌ ചെയ്യുന്നത്‌. ഇൗ വ്യവസായത്തിന്റെ ചരിത്രം പരിശോധിച്ചാൽ പണം കടം കൊടുക്കുന്നവരും ഇവർതന്നെയെന്ന്‌ മനസിലാകും. സംസ്ഥാനത്തെ കർഷകരുടെ മേലുള്ള ദല്ലാളുമാരുടെ നിയന്ത്രണം വ്യക്തമാക്കുന്നതാണ്‌ ഇവയെല്ലാം.

ദല്ലാളുമാർ രാഷ്‌ട്രീയമായും ശക്തരാണ്‌. നിയമസഭാംഗങ്ങൾ അവരെസംബന്ധി്ച്ച്‌ അവരുടെ സ്വന്തം ആളുകളാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ മുഖ്യമന്ത്രി അമരീന്ദർ സിങിനെ "ഫക്‌റ്‌ ഇ ക്വയാം' (സമുദായത്തിന്റെ അഭിമാനം) എന്ന പദവി നൽകി അവർ ആദരിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങൾ "മെഗാ അനുമോദന ചടങ്ങ്‌' എന്നാണ്‌ പരിപാടിയെ വിശേഷിപ്പിച്ചത്‌. കർഷകർ ദല്ലാളുമാർക്ക്‌ നൽകാനുള്ള കടം എഴുതിത്തള്ളുന്നത് ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്‌.

പഞ്ചാബിലെ ഗ്രാമീണകർഷകരുടെയും കർഷക തൊഴിലാളികളുടെയും കടബാധ്യതയെ ക്കുറിച്ചുള്ള ഒരു പഠനം വ്യക്തമാക്കുന്നത്‌ 86 ശതമാനം കർഷകരും 80 ശതമാനം കർഷകത്തൊഴിലാളി കുടുംബങ്ങളും കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണെന്നാണ്‌. ഈ കടത്തിന്റെ അഞ്ചിലൊന്നും ദല്ലാളുമാർക്കും മറ്റ്‌ പണമിടപാടുകാർക്കുമാണ്‌ നൽകാനുള്ളതാണെന്നാണ്‌ പഠനത്തിന്‌ ചുക്കാൻ പിടിച്ച പട്യാല പഞ്ചാബ്‌ സർവകലാശാലയിലെ ഗവേഷകർ പറയുന്നത്‌. കർഷകരുടെ കടഭാരം കൂടുതൽ വഷളാകുകയാണ്‌. കടബാധ്യത കൂടുതലും അനുഭവിക്കുന്നതാകട്ടെ, നാമമാത്ര, ചെറുകിട കർഷകരും. 1,007 കർഷകരെയും 301 കർഷകത്തൊഴിലാളി കുടുംബങ്ങളെയുമാണ്‌ പഠനത്തിന്‌ വിധേയമാക്കിയത്‌. 2014–-15ൽ നടന്ന ഫീൽഡ്‌ സർവെ സംസ്ഥാനത്തെ എല്ലാ മേഖലകളിലും നടന്നിരുന്നു. മറ്റ്‌ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്‌ കർഷകരുടെ വർധിക്കുന്ന കടവും ദുരിതവുമാണ്‌.

എന്നാൽ കർഷകരുടെ ഈ ദുരിതത്തെ തള്ളിപ്പറയുകയാണ്‌ ദർശൻ സിങ്‌ സംഘേര. "കർഷരുടെ അമിത ചെലവാക്കൽ ശീലമാണ്‌ ഇതിന്‌ കാരണം”, അയാൾ ഉറപ്പിച്ച്‌ പറയുന്നു. "അവശ്യസാധനങ്ങൾ വാങ്ങാൻ പണം നൽകി ഞങ്ങൾ അവരെ സഹായിക്കാറുണ്ട്‌. അതുപോലെ വിവാഹം, ആരോഗ്യസംബന്ധിയായ ആവശ്യങ്ങൾ എന്നിവയ്ക്കും പണം നൽകാറുണ്ട്‌. വിളവെടുപ്പ്‌ കഴിഞ്ഞാൽ കർഷകർ അവരുടെ ഉത്പന്നവുമായി ദല്ലാളിനെ സമീപിക്കും. ഞങ്ങൾ ഉത്പന്നം വൃത്തിയാക്കി പായ്ക്ക്‌ ചെയ്യും. സർക്കാരുമായും ബാങ്കുകളുമായും വിപണിയുമായും ബന്ധപ്പെടുന്നതും ഞങ്ങൾതന്നെയാണ്”. ഗോതമ്പിന്റെയും നെല്ലിന്റെയും ആകെ സംഭരണമൂല്യത്തിന്റെ 2.5 ശതമാനം സർക്കാർ ദല്ലാളിന്‌ നൽകും. ഈ പ്രവർത്തനങ്ങളുടെ ഔദ്യോഗികവശം നിയന്ത്രിക്കുന്നത് പഞ്ചാബ് സ്റ്റേറ്റ് അഗ്രികൾച്ചറൽ മാർക്കറ്റിങ്‌ ബോർഡാണ്. ദല്ലാൾ മുഖേനയാണ്‌ കർഷകർക്ക് പണം ലഭിക്കുക. കർഷകർക്കിടയിലെ പണമിടപാടിൽനിന്ന് നേടുന്ന വരുമാനത്തിന് പുറമെയാണ്‌ കർഷകരുടെ വിളവിൽനിന്ന് ദല്ലാൾ നേടുന്ന വരുമാനം.

A Punjabi farmer in the field
PHOTO • P. Sainath

മാൻസയിലെ ഒരു കർഷകത്തൊഴിലാളി. പഞ്ചാബിലെ കർഷകരും തൊഴിലാളികളും കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ്, അതിൽ അഞ്ചിലൊന്നും ദല്ലാളുമാരോടും കടബാധ്യതയാണ്

ജോധ്‌പൂർ ഗ്രാമം സന്ദർശിച്ചശേഷം ഞങ്ങൾ ബർനാലയിലെ സംഘേരയുടെ ധാന്യമാർക്കറ്റ്‌ ഓഫീസിലെത്തി. 2016 ഏപ്രിൽ 25-ന് ഒരു മണിക്കൂറിന്റെ മാത്രം വ്യത്യാസത്തിൽ പൊതുമധ്യത്തിൽ നടന്ന ബൽജിത് സിങ്ങിന്റെയും അമ്മ ബൽബീർ കൗറിന്റെയും ആത്മഹത്യകളെക്കുറിച്ച് ബന്ധുക്കളായ രഞ്ജിത്തും ബൽവീന്ദർ സിങ്ങും ഞങ്ങളോട്‌ വിവരിച്ചു. "അവരുടെ ഭൂമി ജപ്തി ചെയ്യാനായി നൂറോളം പൊലീസുകാർക്കൊപ്പം കോടതി ഉത്തരവുമായി എത്തിയ ദല്ലാളിനെ തടയുകയായിരുന്നു അവർ”, ബൽവിന്ദർ പറഞ്ഞു. "കൂടാതെ പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായ നിരവധി ഉദ്യോഗസ്ഥരും ദല്ലാളിന്റെ ഗുണ്ടകളും ഉണ്ടായിരുന്നു”, ഒരു കുടുംബത്തിന്റെ രണ്ടേക്കർ ഭൂമി ജപ്‌തി ചെയ്യാൻ ഇത്തരത്തിൽ എത്തിയത്‌ ഏകദേശം 150ഓളം പേരായിരുന്നു.

"ജോധ്‌പൂർ ഗ്രാമത്തിൽ മാത്രം ഏകദേശം 450 കുടുംബങ്ങളാണുള്ളത്‌. അതിൽ 15മുതൽ 20വരെ കുടുംബങ്ങൾക്ക്‌ മാത്രമാണ്‌ കടങ്ങൾ ഇല്ലാത്തത്”, ബൽവിന്ദർ പറഞ്ഞു. ഈ കടങ്ങൾക്കൊടുവിൽ കർഷകന്റെ ഭൂമി ദല്ലാളുമാരിലേക്ക് പോവുന്നതാണ് സ്ഥിരമായി കാണുന്നത്‌.

"ദല്ലാളുമാരുടേയും കർഷകരുടെയും ബന്ധം അത്ര മോശമൊന്നുമല്ല”, സംഘേര പറയുന്നു. "കൃഷിയിൽ യാതൊരു പ്രതിസന്ധിയുമില്ല. എന്റെ കാര്യംതന്നെ നോക്കൂ. പരമ്പരാഗതമായി എനിക്ക്‌ ലഭിച്ചത്‌ ഏട്ട്‌ ഏക്കർ ഭൂമിയാണ്‌. ഇപ്പോൾ എനിക്ക്‌ 18 ഏക്കറുണ്ട്‌. മാധ്യമങ്ങൾ ചിലപ്പോഴൊക്കെ പ്രശ്‌നങ്ങളെ വലുതാക്കി പ്രചരിപ്പിക്കും. ആത്മഹത്യ ചെയ്യുന്നവരുടെ കുടുംബങ്ങൾക്കുള്ള സർക്കാർ നഷ്ടപരിഹാരം അവർക്ക്‌ കൂടുതൽ പ്രോത്സാഹനം നൽകുന്നു. ഒരു കുടുംബത്തിനെങ്കിലും നഷ്ടപരിഹാരം ലഭിച്ചാൽ അത് മറ്റുള്ളവർക്ക് പ്രചോദനമാകും. ഈ നഷ്ടപരിഹാരങ്ങൾ പൂർണ്ണമായും നിർത്തിയാൽ ആത്മഹത്യകൾ അതോടെ അവസാനിക്കും”.

സംഘേരയെ സംബന്ധിച്ച്‌ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന യൂണിയനുകളാണ്‌ വില്ലൻമാർ. അതിൽതന്നെ ഭാരതീയ കിസാൻ യൂണിയനാണ് (ദക്കോണ്ട) പ്രധാനം. ബികെയു (ഡി) എന്ന യൂണിയനും ഈ മേഖലയിൽ ശക്തമാണ്‌. ഭൂമി ജപ്‌തി ചെയ്യുന്നതടക്കം കൂട്ടമായി എത്തി അവർ തടയുന്നു. തോക്ക്‌ ചൂണ്ടുന്ന ശിങ്കിടികളുമായി ദല്ലാൾ വന്നാൽപോലും അവർ പിന്മാറില്ല.

"കൂടുതൽ ദല്ലാളുമാർക്കും സ്വന്തമായി ആയുധമുണ്ട്”, സംഘേര സമ്മതിക്കുന്നു. "പക്ഷേ ഇത്‌ സ്വയരക്ഷയ്ക്ക്‌ മാത്രമാണ്‌ ഉപയോഗിക്കാറ്‌. വലിയ തുകകൾ കൈകാര്യം ചെയ്യുമ്പോൾ സുരക്ഷ അത്യാവശ്യമാണല്ലോ. 99 ശതമാനം കർഷകരും നല്ലവരാണെന്നും ഓർക്കണം”. ശേഷിക്കുന്ന ഒരു ശതമാനം പ്രശ്നക്കാരിൽനിന്ന് രക്ഷ തേടാനാണ് ആയുധങ്ങൾ കൊണ്ടുപോകുന്നതത്രെ. സംഘേരയ്ക്കും ഒരു തോക്കുണ്ട്. "പഞ്ചാബിലെ വിഘടനവ് ഇത് ആവശ്യമായി വന്നു”, അദ്ദേഹം വിശദീകരിക്കുന്നു.

കടം കാരണമുള്ള ആത്മഹത്യകൾ പഞ്ചാബിൽ കുത്തനെ ഉയരുകയാണ്‌. 2000നും 2015നും ഇടയിൽ 8,294 കർഷകർ സ്വന്തം ജീവനെടുത്തുവെന്ന്‌ കർഷക ആത്മഹത്യകൾ സംബന്ധിച്ച നിയമസഭാ കമ്മറ്റിക്ക് മുമ്പാകെ കഴിഞ്ഞ വർഷം സമർപ്പിച്ച ഒരു പഠനം വ്യക്തമാക്കുന്നു. പഞ്ചാബിലെ കർഷക , തൊഴിലാളി ആത്മഹത്യ എന്ന പേരിൽ തയാറാക്കിയ പഠനംപ്രകാരം ഇതേ കാലയളവിൽ  6,373 കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തിട്ടുണ്ട്‌. ഇത്‌ സംസ്ഥാനത്തെ ആകെയുള്ള 22 ജില്ലകളിൽ ആറിടത്തെ മാത്രം കണക്കാണെന്ന്‌ പഠനം നടത്തിയ പഞ്ചാബ്‌ കാർഷിക സർവകലാശാലയിലെ (പിഎയു) ഗവേഷകർ പറയുന്നു. സംസ്ഥാന റവന്യൂ വകുപ്പിന്റെ നിർദേശപ്രകാരം നടന്ന ഈ പഠനത്തിലൂടെ ആത്മഹത്യകളിൽ 83 ശതമാനവും കടബാധ്യതമൂലമാണെന്നും കണ്ടെത്തി.

A man sitting on a bed in an orange turban
PHOTO • P. Sainath

പൊലീസ്‌ ഉദ്യേഗസ്ഥനായിരുന്ന ഇപ്പോൾ ദല്ലാളായി പ്രവർത്തിക്കുന്ന തേജ സിങ്ങ്‌. കർഷകരുടെ ആത്മഹത്യകളിൽ പകുതിയും യാഥാർഥ്യമല്ലെന്ന്‌ വാദിക്കുകയാണ്‌ തേജ

"ആരും നിസ്സഹായതകൊണ്ട് ആത്മഹത്യ ചെയ്യുന്നില്ല”, ' തേജ സിങ്ങ്‌ ഉറപ്പിച്ചു പറയുന്നു. "കഴിഞ്ഞ 10 വർഷമായി കൃഷി മികച്ചരീതിയിൽ നടക്കുന്നുണ്ട്. ശരിക്കും ദല്ലാളുമാർ വായ്പാനിരക്കുകൾ പ്രതിമാസം ഒരുശതമാനമായി (വർഷം 12 ശതമാനം) കുറയ്ക്കുകയാണ് ചെയ്തത്” അദ്ദേഹം പറയുന്നു. എന്നാൽ, പല ഗ്രാമങ്ങളിലും ഈ നിരക്ക്‌ 1.5 ശതമാനവും (വർഷത്തിൽ 18 ശതമാനം) കൂടുതലുമാണെന്നാണ് കർഷകർ പറയുന്നത്. ജോധ്പൂർ ഗ്രാമത്തിൽ അമ്മയും മകനും പൊതുമധ്യത്തിൽ ആത്മഹത്യ ചെയ്തത്‌ നേരിട്ട്‌ കണ്ട ദല്ലാളാണ്‌ തേജ സിങ്ങ്‌. "ഈ കർഷക ആത്മഹത്യകളിൽ 50 ശതമാനം മാത്രമാണ് യഥാർഥമായത്” തേജ സിങ്ങ്‌ പരിഹസിക്കുന്നു.

എങ്കിലും, ദല്ലാൾ രാഷ്ട്രീയത്തിന്റെ എല്ലാ ആർജ്ജവവും ഉൾക്കൊണ്ടാണ്‌ അദ്ദേഹം സംസാരിക്കുന്നത്. "ഇവിടെയും വിഭാഗീയതയുണ്ട്‌, എന്നാൽ ഏത് പാർട്ടി അധികാരത്തിൽ വന്നാലും അവരുടെ ആൾ ഞങ്ങളുടെ അസോസിയേഷൻ പ്രസിഡന്റാകും”. നിലവിലെ അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ കോൺഗ്രസിനൊപ്പമാണ്‌. തിരഞ്ഞെടുപ്പിനുമുമ്പ് അത് അകാലിക്കാരനായിരുന്നു. ദല്ലാളുമാരെ പലരും അപകീർത്തിപ്പെടുത്തുകയാണെന്ന് തേജ സിങ്ങിന്റെ മകൻ ജസ്‌പ്രീത് സിങ്ങ്‌ പറഞ്ഞു. "മറ്റേതൊരു തൊഴിലുംപോലെ ഞങ്ങളുടേതും ഒരു തൊഴിലാണ്, അദ്ദേഹം പറയുന്നു. "അന്യായമായി ഞങ്ങൾ ചീത്തപ്പേര് കേൾക്കുന്നു. ഞങ്ങളുടെ (ജോധ്പൂർ) കേസിനുശേഷം, ഏകദേശം 50 ഓളം പേർ വ്യാപാരംതന്നെ ഉപേക്ഷിച്ചു”.

എങ്കിലും മാധ്യങ്ങളുടെ പ്രവർത്തനത്തിൽ ജസ്‌പ്രീത്‌ സംതൃപ്തനാണ്‌. "പ്രാദേശിക
മാധ്യമങ്ങൾ ഞങ്ങളോട്‌ അനുകൂല നിലപാടാണ്‌ സ്വീകരിച്ചത്‌. അവരിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ആ സഹായത്തിന്‌ പ്രത്യുപകാരം ചെയ്യാൻ ഞങ്ങൾക്കാകില്ല. അനുകൂലമായ റിപ്പോർട്ടിനായി ഞങ്ങൾ ആർക്കും പണം നൽകിയില്ല. ഹിന്ദി പത്രങ്ങൾ ഞങ്ങളെ രക്ഷിക്കാനെത്തി (ജോധ്പൂർ സംഭവത്തിന് ശേഷം  ക്രിമിനൽ കേസുകൾ ഫയൽ ചെയ്ത സാഹചര്യത്തിൽ). അതിനാൽ കൂടുതൽ വേഗത്തിൽ ഹൈക്കോടതിയിൽനിന്ന് ജാമ്യം ലഭിച്ചു”. വ്യാപാരിസമൂഹത്തെ ഹിന്ദി പത്രങ്ങൾ കൂടുതൽ പിന്തുണയ്ക്കുന്നതായി ജസ്‌പ്രീത്‌ കരുതുന്നു. അതേസമയം പഞ്ചാബി പത്രങ്ങൾക്ക്‌ ഭൂവുടമകളോടാണ്‌ താത്പര്യമെന്നും അദ്ദേഹം വിലപിക്കുന്നു.

2017 ഒക്ടോബറിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ വായ്പ എഴുതിത്തള്ളൽ പരിമിതവും സോപാധികവും അടരുകളുള്ളതുമായിരുന്നു. സഹകരണ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും കർഷകൾക്കുള്ള കടങ്ങൾക്കുമാത്രമേ അത് ബാധകമായിരുന്നുള്ളു. അതും, വളരെ പരിമിതവും സങ്കുചിതവുമായ രീതിയിലാണ് നടപ്പിലാക്കിയത്. 2017ലെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കോൺഗ്രസ് പാർട്ടി കർഷകരുടെ കാർഷിക കടങ്ങൾ മുഴുവൻ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. 2016-ലെ "പഞ്ചാബ് സെറ്റിൽമെന്റ് ഓഫ് അഗ്രികൾച്ചറൽ ഇൻഡെബ്‌റ്റഡ്‌നെസ് ആക്റ്റ്' കൂടുതൽ സമഗ്രവും ഫലപ്രദവുമാക്കി പരിഷ്‌കരിക്കുമെന്നുമായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാൽ, ദല്ലാളുമാർക്ക്‌ കർഷകർ നൽകാനുള്ള 17,000 കോടി രൂപയിൽ ഒരു പൈസപോലും നാളിതുവരെയായി സർക്കാർ എഴുതിത്തള്ളിയിട്ടില്ല.

"കർഷകരുടെ ഉത്പന്നങ്ങൾക്ക് ദല്ലാൾ മുഖേന വില നൽകുന്ന സമ്പ്രദായം നിർത്തലാക്കണമെന്ന്” 2010-ലെ ഒരു പഠനം ശുപാർശ ചെയ്തിരുന്നു. "പഞ്ചാബ്‌ കാർഷികമേഖലയിലെ കമ്മീഷൻ ദല്ലാൾ വ്യവസ്ഥ” എന്ന പേരിൽ  ലുധിയാനയിലെ പിഎയുവിലെ ഗവേഷകർ നടത്തിയ പഠനമാണ്‌ "കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക്‌ നേരിട്ട് പണം നൽകണമെന്ന്” നിർദേശിച്ചത്‌.

ദല്ലാളുമാരുടെയും കർഷകരുടെയും കഥ രാജ്യത്തുടനീളം ഒരുപോലെയാണ്‌. എന്നാൽ ഇവിടെ ഒരു പ്രത്യേക ഘടകം കൂടിയുണ്ട്. മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി, ദർശൻ സിങ്ങ്‌ സംഘേരയും തേജ സിങ്ങും അടക്കമുള്ള പലരും പരമ്പരാഗത വ്യവസായികളുടെ ജാതിയായ ബനിയ വിഭാഗക്കാരല്ല. മറിച്ച്‌ ജാട്ട് സിഖുകാരാണ്. ജാട്ടുകൾ വ്യാപാരമേഖലയിൽ വൈകിയെത്തിയവരാണ്. എന്നാൽ അവരത്‌ നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നു. ഇന്ന്, പഞ്ചാബിലെ 47,000 ദല്ലാളുമാരിൽ 23,000ഉം ജാട്ടുകളാണ്. "നഗരങ്ങളിൽ, ഞങ്ങൾ വലിയൊരു വിഭാഗമല്ല”, സംഘേര പറയുന്നു. "ഞാൻ 1988-ലാണ്‌ ഈ മേഖലയിൽ എത്തിയത്‌. 10 വർഷത്തിനുശേഷവും ഈ ചന്തയിൽ വെറും 5-7 ജാട്ട് ദല്ലാളുമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്നത് 150 സ്ഥാപനങ്ങളായി വർധിച്ചു, അതിൽ മൂന്നിലൊന്നും ജാട്ടുകളാണ്. ചുറ്റുമുള്ള ചെറിയ ചന്തകളിലും ഞങ്ങൾക്കാണ്‌ ഭൂരിപക്ഷം”.

The first two are of Guru Gobind Singh and Guru Nanak. The last two are of Guru Hargobind and Guru Tegh Bahadur. The central one in this line up of five is of Shiva and Parvati with a baby Ganesha.
PHOTO • P. Sainath

സമ്മിശ്രതലങ്ങളിലുള്ള ഛായാചിത്രങ്ങളാണ് ദർശൻ സിങ്ങ്‌ സംഘേരയുടെ ഓഫീസ് ഭിത്തിയെ അലങ്കരിക്കുന്നത്

ബനിയ വിഭാഗത്തിലെ ദല്ലാൾമാരുടെ സഹായികളായാണ് കൂടുതൽ ജാട്ടുമാരും ഈ മേഖലയിൽ എത്തിയത്‌. പിന്നീട്‌ സ്വന്തമായി അവർ വ്യാപാരം തുടങ്ങി. എന്നാൽ ബനിയകൾ എന്തുകൊണ്ടാണ് ജാട്ടുകളെ പങ്കാളികളാക്കാൻ ആഗ്രഹിച്ചത്? പണം വീണ്ടെടുക്കുന്നതിനും വേണ്ടിവന്നാൽ അല്പം പരുക്കനാകാനും, "ബനിയ ദല്ലാളുമാർക്ക് അത്ര ധൈര്യം പോരാ” സംഘേര പറയുന്നു. ജാട്ട് ദല്ലാളുമാർ എന്നാൽ അതിൽ മടിയുള്ളവരല്ല. "ഞങ്ങൾ പണം തിരിച്ചുവാങ്ങിയിരിക്കും” അദ്ദേഹം ശാന്തനായി പറയുന്നു.

മുക്ത്‌സർ ജില്ലയിലെ ഒരു കൂട്ടം ജാട്ട് കർഷകരോട്‌ ഞാൻ ഈ കാര്യം സൂചിപ്പിച്ചപ്പോൾ അവർ പൊട്ടിച്ചിരിച്ചു. "അയാൾ താങ്കളോട്‌ പറഞ്ഞത്‌ സത്യമാണ്”. അവരിൽ ചിലർ പറഞ്ഞു. "കശപിശകളിൽനിന്ന് ജാട്ടുകൾ പിന്മാറില്ല. പക്ഷേ ബനിയകൾക്ക്‌ അത്‌ പറ്റില്ല”,  ഇളം‌തലമുറ, ഈ വ്യാപാരത്തിലെ കേമന്മാരാകാനുള്ള യാത്രയിലാണ്‌.

പക്ഷേ, ബനിയകളുമായുള്ള ആ പങ്കാളിത്തത്തിന്റെ സ്വാധീനം ജാട്ടുകളിൽ പരിമിതമാണെങ്കിലും ദൃശ്യമാണ്‌. സംഘേരയുടെ ഓഫീസ്‌ ചുവരിലെ അഞ്ച് ഛായാചിത്രങ്ങളെക്കുറിച്ച്, ഞങ്ങൾ അദ്ദേഹത്തിന്റെ മകൻ ഓംകാർ സിങ്ങിനോട് ചോദിച്ചു. ആദ്യത്തെ രണ്ടെണ്ണം ഗുരു ഗോവിന്ദ് സിങ്ങിന്റെയും ഗുരു നാനാക്കിന്റെയുമാണ്. അവസാനത്തെ രണ്ടെണ്ണം ഗുരു ഹർഗോബിന്ദിന്റെയും ഗുരു തേഗ്‌ ബഹാദൂറിന്റെയും. പക്ഷേ, അഞ്ച് പേരടങ്ങുന്ന ഈ നിരയിലെ മധ്യത്തിലുള്ളത് കുഞ്ഞുഗണപതിക്കൊപ്പമുള്ള ശിവന്റെയും പാർവതിയുടെയും ചിത്രമാണ്‌. അതെങ്ങനെ സംഭവിച്ചു?

"ഈ തൊഴിലിൽ പ്രവേശിച്ച സ്ഥിതിക്ക് ഇനിയിപ്പോൾ ഞങ്ങൾക്ക് അതിന്റെ രീതികളുമായി പൊരുത്തപ്പെടണം”, ഓംകാർ പറഞ്ഞു.

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup