Portrait of Ponnusamy
PHOTO • P. Sainath

1993ൽ മേലാണ്മറൈ ഗ്രാമത്തിലെ തന്റെ വീട്ടിൽ മേലാന്മൈ പൊന്നുസാമി

ലോകമായിരുന്നു അദ്ദേഹത്തിന്റെ ഗ്രാമം. അഞ്ചാം ക്ലാസിൽ വിദ്യാഭ്യാസം ഉപേക്ഷിച്ചിട്ടും സാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത്‌ 1993-ൽ പുതുക്കോട്ടയിൽ‌വെച്ചാണ്‌. പണ്ടത്തെ കാമരാജാർ ജില്ലയിലെ (ഇന്നത്തെ വിരുദുനഗർ) മേലൻമറൈ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വീട്ടിൽവെച്ചായിരുന്നു പിന്നീടുള്ള കൂടിക്കാഴ്ച. ഒക്‌ടോബർ 30-ന്‌ 66–-ആം വയസ്സിൽ മേലാണ്മൈ പൊന്നുസാമി മരണത്തിന്‌ കീഴടങ്ങിയപ്പോൾ ഇന്ത്യയ്ക്ക്‌ നഷ്‌ടമായത്‌ നാട്ടിൻപുറത്തെ ഏറ്റവും ആധികാരികമായ സാഹിത്യശബ്ദങ്ങളിലൊന്നാണ്‌. എന്നാൽ മികച്ച എഴുത്തുകാരൻ എന്നതിനേക്കാൾ എത്രയോ മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ജന്മനാടായ രാമനാഥപുരത്തെ (രാംനാട് എന്നറിയപ്പെടുന്നു) ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും പ്രത്യേകതകളും കാരണങ്ങളും അന്വേഷിക്കുകയും അനാവരണം ചെയ്യുകയും ചെയ്ത ഒരു മികച്ച രാഷ്ട്രീയ മനസ്സായിരുന്നു അദ്ദേഹത്തിന്റേത്.

അദ്ദേഹത്തിന്റെ പൂർണശ്രദ്ധ ഗ്രാമത്തിലായിരുന്നു – അതിലൂടെ ലോകത്തെ അദ്ദേഹം മനസ്സിലാക്കുകയും ചെയ്തു. ‘കാർഷിക പ്രതിസന്ധി'യെന്ന വാക്ക്‌ മുഖ്യധാരാ പ്രയോഗത്തിലെത്തുന്നതിന്‌ ഒരു ദശാബ്ദം മുമ്പുതന്നെ പുതിയതരം വിത്തുകൾ തന്റെ ഗ്രാമത്തിലെ കർഷകർക്ക്‌ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ അദ്ദേഹം ചർച്ചയാക്കി. "ഇത്തരം വിത്തുകൾ ഉപയോഗിക്കുന്നവർക്ക്‌ ഉത്പാദനച്ചിലവ്‌ വളരെ കൂടുതലായിരിക്കും”, അദ്ദേഹം ഇത് പറഞ്ഞത് 1993-ലാണെന്ന് ഓർക്കണം.

പ്രശസ്തനായ സാഹിത്യകാരനും സാഹിത്യ അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങളുടെ ജേതാവുമായ അദ്ദേഹം തന്റെ ഗ്രാമത്തിൽനിന്ന്‌ മധുരൈ, ചെന്നൈ പോലെയുള്ള വൻനഗരങ്ങളിലേക്ക്‌ കുടിയേറുകയെന്ന ആശയത്തോട്‌ എപ്പോഴും വിമുഖനായിരുന്നു. പഴയ രാംനാട് ജില്ലയിലെ (ഇപ്പോൾ വിരുദുനഗറിൽ) ഒരു ഗ്രാമത്തിൽ ജീവിക്കുന്ന എഴുത്തുകാരൻ എന്ന നിലയിലാണ് തന്റെ ആധികാരികത എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. മൂന്നുനാലു വർഷം മുമ്പ്, രോഗം മൂർച്ഛിച്ച്, ജീവിതത്തിന്റെ അവസാനനാളുകളിലെത്തിയപ്പോൾ മാത്രമാണ് ഡോക്ടറായ മകൾ താമസിക്കുന്നതിനടുത്തുള്ള മകന്റെ വീട്ടിലേക്ക് അദ്ദേഹം താമസം മാറ്റിയത്.

എത്ര വലിയൊരുഎഴുത്തുകാരനായിരുന്നു. എത്രമികച്ച മനുഷ്യൻ!. എന്തൊരു ഭീമമായ നഷ്‌ടമാണ്‌. "എവരിബഡി ലവ്സ് എ ഗുഡ് ഡ്രോട്ട്' എന്ന എന്റെ പുസ്തകത്തിൽ അദ്ദേഹത്തെപ്പറ്റിവന്ന കഥയാണ് താഴെ.

എഴുത്തുകാരനും ഗ്രാമവും

മേലാണ്മറൈ നാട്‌, കാമരാജർ (തമിഴ്‌നാട്‌): അഞ്ചാം ക്ലാസിൽ അദ്ദേഹം സകൂൾപഠനം ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ ചില ചെറുകഥകൾ ഇപ്പോൾ സർവകലാശാലാകളിൽ വായിക്കപ്പെടേണ്ട പാഠ്യഭാഗങ്ങളിലുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ എഴുത്തിൽ കാണുന്ന അതേ വിരോധാഭാസം‌തന്നെ മേലാണ്മൈ പൊന്നുസാമിയുടെ എഴുത്തിനെയും സദാ പിന്തുടർന്നു. അദ്ദേഹത്തിന്റെ കഥകൾ മറ്റു ജില്ലകളിലെ സർവകലാശാലകളിലാണ് വായിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട രാംനാടിന് സ്വന്തമെന്ന് പറയാൻ ഒരു സർവകലാശാലയില്ല.

പുതുകോട്ടയിൽ ഒരു വൈകുന്നേരം നിറഞ്ഞുകവിഞ്ഞ ഒരു സദസിനെ അദ്ദേഹം അഭിസംബോധന ചെയ്യുമ്പോളാണ്‌ അദ്ദേഹത്തെ ആദ്യമായി ഞാൻ കാണുന്നത്‌. മുന്നിലുള്ള മേശയിൽ ഊന്നിനിന്ന് ഗൾഫ് യുദ്ധം തന്റെ ചെറിയ രാംനാട്ടിൽ സൃഷ്ടിച്ച ആഘാതത്തെക്കുറിച്ച് അദ്ദേഹം സദസിനോട് വിവരിച്ചു. ട്രാക്ടറികളിലൂടെയും മറ്റും ‘ആധുനികവത്കരണ‘ത്തിലേക്കെത്താൻ പറ്റുമെന്ന് അവിടെയുള്ള ചില കർഷകർ വിശ്വസിച്ചിരുന്നു തുടർന്നാണ്‌ യുദ്ധം ആരംഭിച്ചത്‌ (1991ൽ). പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി ചെയ്ത പലതിന്റെയും വില കുത്തനെ ഉയർന്നത് അവരുടെ പദ്ധതികളെ ആകെ തകർത്തുകളഞ്ഞു.

ആ സമയം ഹാളിലെ വൈദ്യുതിബന്ധം നിലച്ചു. എന്നാൽ പൊന്നുസാമി ഒരു നിമിഷത്തേക്കുപോലും തന്റെ പ്രസംഗം നിർത്തിയില്ല. അദ്ദേഹം പ്രസംഗം തുടർന്നു. സദസ്സ് അനങ്ങിയില്ല. ആ പ്രസംഗത്തിൽ ആഴ്ന്നിറങ്ങി, ഇരുട്ടിൽ അവർ ഇരുന്നു.

ഏകദേശം ഒരു മാസം മുമ്പായിരുന്നു അത്. ഇപ്പോൾ വീണ്ടും ഇരുട്ടിൽ ഞങ്ങൾക്ക് അദ്ദേഹത്തെ കേൾക്കാൻ കഴിഞ്ഞേക്കും. പൊന്നുസാമിയുടെ വിദൂരമായ ഗ്രാമം തേടി മണിക്കൂറുകളോളം ഞങ്ങൾ അലഞ്ഞു. ഒടുവിൽ അവിടെയെത്തിയപ്പോൾ സമയം ഏകദേശം പുലർച്ചെ രണ്ടുമണിയായിരുന്നു. യാത്രാമധ്യേ എന്റെ ഒരു കാലിന്‌ പൊട്ടലുണ്ടാകുകയും വേദന അസഹ്യമാവുകയും ചെയ്തു.  ദൂരെയുള്ളവരെപ്പോലും നായകൾ കുരച്ച് ഉണർത്തുമ്പോൾ, ആ അസമയത്ത് അദ്ദേഹത്തെ ഉണർത്തിയതിൽ ഞങ്ങൾ ക്ഷമ ചോദിച്ചു.

അദ്ദേഹം ആശ്ചര്യപ്പെട്ടു: "സംവാദത്തിനുള്ള ഏറ്റവും നല്ല സമയമല്ലേ ഇത്‌?' പൊന്നുസാമി ചോദിച്ചു. കുറച്ചുനിമിഷം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ചർച്ചയിൽ മുഴുകികഴിഞ്ഞിരുന്നു.

Income slip of family
PHOTO • P. Sainath

1993-കളിൽ വെറും 250 രൂപകൊണ്ട് മാസം തികച്ചിരുന്ന ആറംഗ കുടുംബത്തിങ്ങൾ രാംനാടിൽ വിരളമായിരുന്നില്ല

ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു എഴുത്തുകാരൻ എന്നതിലുപരി, തന്റെ ജില്ലയുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച വിഷയങ്ങളിൽ ഒരു വിദഗ്ധൻകൂടിയായിരുന്നു പൊന്നുസാമി. രാംനാട് വിഭജിക്കപ്പെട്ടപ്പോൾ  അദ്ദേഹത്തിന്റെ ഒറ്റപ്പെട്ട ഈ ചെറിയ മേലാണ്മറൈ നാട് എന്ന ഗ്രാമം കാമരാജർ ജില്ലയുടെ ഭാഗമായിത്തീർന്നു. രാംനാട് ഇങ്ങനെതന്നെ തുടരുന്നതിന്റെ കാരണങ്ങൾ അദ്ദേഹം ഇവിടെനിന്നാണ്‌ ചൂഴ്‌ന്നെടുക്കുന്നത്‌. കഴിഞ്ഞ 21 വർഷത്തിൽ അദ്ദേഹം എഴുതിയ എല്ലാ കഥകളും രാംനാട്ടിൽ നടന്നതാണ്‌.

കൽക്കി പുരസ്കാരജേതാവും പുരോഗമന എഴുത്തുകാരുടെ സംഘടനയിലെ പ്രമുഖനുമാണെങ്കിലും പൊന്നുസാമി തന്റെ ഗ്രാമത്തിൽ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. "എന്തിന്‌ വലിയ നഗരങ്ങളിലേക്ക്‌ ചേക്കേറണം? അത്‌ എഴുത്തിന്റെ പൂർണതയെ ബാധിക്കും”, അദ്ദേഹം പറയുന്നു. അതുകൊണ്ട്‌ മേലാണ്മറൈയിൽത്തന്നെ തുടരുകയാണ്‌ അദ്ദേഹം. അദ്ദേഹത്തെ കാണാനായി നിശ്ചയിച്ചതിലും ആറുമണിക്കൂർ വൈകിമാത്രമാണ് എനിക്ക്‌ ആ സ്ഥലം കണ്ടെത്താനായത്.

"അപ്പോൾ, എഴുത്തുകാരനെന്ന നിലയിലല്ല, മറിച്ച് രാംനാടിന്റെ ദാരിദ്ര്യത്തിനെക്കുറിച്ചുള്ള വിദഗ്ധനെന്ന നിലയിലാണ്‌ നിങ്ങൾ എന്നെ അഭിമുഖം ചെയ്യുന്നത്, അല്ലേ? അദ്ദേഹത്തിനത് കൌതുകകരമായി തോന്നി.

"രാമാനഥപുരം 1910-ലാണ്‌ രൂപീവത്ക്കരിക്കപ്പെട്ടത്”, പൊന്നുസാമി പറഞ്ഞു. "ഇന്നീ ദിവസംവരെ അതിന് സ്വന്തമായി ഒരു സർവകലാശാലയില്ല. മൂന്ന്‌ പുതിയ ജില്ലകൾക്കും രണ്ട്‌ മന്ത്രിമാർക്കും ജന്മം നൽകികഴിഞ്ഞുവെങ്കിലും രാമനാഥപുരത്തിന് ഇപ്പോഴും ഒരു മെഡിക്കൽ കോളേജുപോലുമില്ല”. സർക്കാർ എൻജിനീയറിങ്‌ കോളേജുമില്ല. ആകെ ഇവിടെയുള്ള ഒരു സ്വകാര്യ എൻജിനീയറിങ്‌ കോളേജ്‌ ഒരുപക്ഷേ ഈ വർഷംതന്നെ പൂട്ടിപ്പോയേക്കും. പുതിയ ജില്ലയിൽ മൂന്ന് കോളേജുകൾ മാത്രമാണുള്ളത്. അവയിലാകട്ടെ, രണ്ട് ബിരുദാനന്തര കോഴ്സുകൾ മാത്രമാണുള്ളത്.

"പിന്നാക്കാവസ്ഥ എപ്പോഴും അതേ മനസ്ഥിതിയെത്തന്നെ വളർത്തുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു. "രാംനാടിൽ ഒരു സർവകലാശാല വേണമെന്ന ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. അടുത്ത കാലത്തുമാത്രമാണ് രാഷ്ട്രീയപ്പാർട്ടികൾ ഇതിനെക്കുറിച്ച് സംസാരിക്കാൻപോലും തുടങ്ങിയത്. അടിസ്ഥാന വിദ്യാഭ്യാസം എന്ന ആശയം സ്വീകരിക്കപ്പെടാൻ ഇനിയും രണ്ട് തലമുറകളെടുക്കും.

"ആവശ്യങ്ങളുന്നയിക്കുന്നതും നിവേദനങ്ങൾ നൽകുന്നതും രാംനാട്ടിലെ ജനങ്ങൾക്ക് എളുപ്പമായിരുന്നില്ല. 83 വർഷമായി, അവരുടെ ജില്ലാ ആസ്ഥാനം മറ്റൊരു ജില്ലയിലായിരുന്നു, മധുരയിൽ! കോടതികൾ പോലും ആറുമാസം മുമ്പുവരെ മധുരനഗരത്തിലായിരുന്നു. 1985-ൽ രാംനാട് മൂന്ന് ജില്ലകളായി വിഭജിച്ചതോടെ മാത്രമാണ് അതിൽ മാറ്റം വന്നത്.'

Dalit leather worker in Ramnad
PHOTO • P. Sainath

1993-കളിലെ, രാംനാട്ടിലെ ഒരു ദളിത് തുകൽ തൊഴിലാളി.  ഇത്തരം തൊഴിലാളികളും ഭൂരഹിതരും നാമമാത്ര കർഷകരുമായിരുന്നു പൊന്നുസാമിയുടെ കഥകളിലെ കഥാപാത്രങ്ങൾ

“ഭരണകൂടം എല്ലായ്‌പ്പോഴും ജനങ്ങളിൽനിന്ന് അകലെയായിരുന്നു. ഉദ്യോഗസ്ഥർ അതിലും ദൂരെയായിരുന്നു. അവർക്ക് പ്രാദേശിക പ്രശ്നങ്ങളെപ്പറ്റി വളരെ ചെറിയ അറിവ്‌ മാത്രമേ ഉള്ളു. ഈ പ്രദേശത്തിന്റെ സങ്കീർണ്ണത അവർക്ക്‌ മനസ്സിലായിട്ടില്ല. ഇപ്പോൾ ഞങ്ങൾക്ക്‌ കോടതികളും കളക്ടറേറ്റും മറ്റുമുണ്ട്. എന്നിട്ടും, അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാതെ കിടക്കുന്നതിനാൽ പഴയ രീതി തുടരുകയാണ്”, മാനസാന്തരപ്പെടാത്ത ഇടതുപക്ഷക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പൊന്നുസാമി പറയുന്നു.

വരുമാനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തെ ഏറ്റവും താഴെയുള്ള  ജില്ലകളിലൊന്നാണ് ഈ ജില്ല, തമിഴ്‌നാട്ടിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏകദേശം 20 ശതമാനം പിന്നിലാണ് രാമനാഥപുരത്തിന്റെ വരുമാനം. "ഇതൊരു പഴയ ജമീന്ദാരി പ്രദേശമാണ്. ജാതിയടിസ്ഥാനത്തിൽ ഭരിക്കപ്പെട്ടിരുന്ന നിരവധി ചെറിയ നാട്ടുരാജ്യങ്ങളും പ്രഭുക്കളുമുണ്ടായിരുന്ന ഒരു നാട്. ജനങ്ങളെ പിന്നാക്കാവസ്ഥയിലേക്ക് തള്ളിവിടുന്നതിൽ ഈ ചരിത്രം വഹിച്ച പങ്ക്‌ വലുതാണ്”.

ബ്രിട്ടീഷ്‌ കാലം ആ ജീവിതരീതിയെ പോലും അസ്ഥിരമാക്കി. വളരെ ചുരുക്കമായിരുന്ന തൊഴിൽ, വരുമാനസാധ്യതകളെയും അത് തകർത്തു. "ഒരു വലിയ വിഭാഗം ആളുകൾ നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടു. അവർക്ക് അതിജീവനത്തിന്‌ മറ്റ് ചില മാർഗങ്ങളില്ലായിരുന്നു”. ജാതി അടിസ്ഥാനമാക്കിയുള്ള അക്രമങ്ങളും, മറ്റ്‌ കുറ്റകൃത്യങ്ങളുമൊക്കെ ഇന്നും വളരെയധികം നടക്കുന്ന പ്രദേശമാണ് രാംനാട്.

"ഇവിടെ നടന്ന ഭൂപരിഷ്കരണം അർത്ഥശൂന്യമായിരുന്നു. പൊതുധാരണയ്ക്ക് വിരുദ്ധമായി, ഈ ജില്ല വലിയ കാർഷിക സാധ്യതകളുള്ള ഒന്നാണ്. എന്നാൽ ആ ആശയം മുന്നിൽക്കണ്ട്‌ ആരാണ് പ്രവർത്തിക്കുന്നത്? രാംനാട്ടിലെ 80 ശതമാനത്തിലധികം ഭൂവുടമസ്ഥതയും രണ്ടേക്കറിൽ താഴെയുള്ള ലാഭകരമല്ലാത്തവയാണ്. ജലദൗർലഭ്യമാണ്‌ ഏറ്റവും വലിയ കാരണം”.

"തൊഴിലും തൊഴിലിന്റെ സ്വഭാവവും മനുഷ്യസ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമാണ്. നിങ്ങൾക്കൊരു സിമന്റ് ഫാക്ടറിയുണ്ടെങ്കിൽ, സിമന്റ് മാത്രമല്ല, അതിനോടനുബന്ധിച്ചുള്ള മറ്റ് ജോലികളുമുണ്ടാകും. പക്ഷേ അതിനുമുമ്പ്‌ നിങ്ങൾ അത്തരമൊരു ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള സ്ഥലവും വിഭവങ്ങളും കണ്ടെത്തണം. രാംനാടിന്റെ വിഭവഭൂപടം ഒരിക്കലും ഉണ്ടാക്കിയിട്ടില്ല. അതിലൂടെ ശാശ്വതമായ തൊഴിൽ സൃഷ്ടിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടുമില്ല.'

പൊന്നുസാമി പറയുന്നതിൽ കാര്യമുണ്ട്‌. "കൊല്ലം മുഴുവൻ സാമ്പത്തികമായി സജീവമായ ജനസംഖ്യ”യുടെ അനുപാതം ഏറ്റവും കുറവുള്ള പ്രദേശമാണ്– 40 ശതമാനത്തിനും താഴെ - രാംനാട്.  വലിയൊരു വിഭാഗം ആളുകളും എന്തെങ്കിലുമൊക്കെ ചില്ലറ ജോലികൾ ചെയ്ത്‌ ഉപജീവനം കഴിക്കുന്നവരാണ് എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. "ജലസ്രോതസുകൾ ഫലപ്രദമായി വിനിയോഗിക്കാത്തതിനാൽ ഒരു വശത്ത് കൃഷി പരാജയപ്പെട്ടു. മറുവശത്താകട്ടെ, വ്യവസായ വികസനവും ഇല്ല. ചുരുക്കത്തിൽ, ‘പ്രബുദ്ധത ഉത്പാദിപ്പിക്കുന്ന തൊഴിൽ’ ഒന്നും അവിടെ നിലവിലില്ല.. തൊഴിലാളികളുടെ പ്രതിശീർഷ ഉത്പാദനക്ഷമത സംസ്ഥാന ശരാശരിയേക്കാൾ 20 ശതമാനം താഴെയാണ്‌.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളാണ്‌ രാംനാട്ടിൽ ഭൂരിഭാഗവും. ആകെ ജനസംഖ്യയുടെ 20 ശതമാനവും പട്ടികജാതിക്കാരും ഗോത്രക്കാരുമാണ്‌. പിന്നാക്കവിഭാഗങ്ങളുടെ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലയാണ് രാംനാട്. സംസ്ഥാനത്ത് ഏറ്റവും താഴ്ന്ന നിലയിലുള്ള തൊഴിലവസരങ്ങളുള്ളതും ഈ വിഭാഗക്കാരിലാണ്. "ഏറ്റവുമധികം ചൂഷണാടിസ്ഥാനത്തിലുള്ള ബന്ധങ്ങൾ നിലനിൽക്കുന്ന ഒരു ജില്ലകൂടിയാണ് ഇത്”.

Chilli farmers filling sacks for market
PHOTO • P. Sainath
At the chilli market in Raman town
PHOTO • P. Sainath

ഇടത്‌: ഏട്ടിവയൽ ഗ്രാമത്തിൽ ചാക്കിൽ മുളക് നിറയ്ക്കുന്ന കർഷകർ. വലത്: 1993ലെ രാമനാഥപുരം നഗരത്തിലെ മുളക് മാർക്കറ്റിൽ

രാമനാടിന്റെ തനത് പണമിടപാടുകാരനെയും മുളകു കർഷകന്റെ സങ്കടത്തെയുമൊക്കെ മേലാണ്മൈ പൊന്നുസാമി തന്റെ എഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആവർത്തിക്കുന്ന വരൾച്ച, ദീർഘകാല കുടിയേറ്റം, തൊഴിലില്ലായ്മയുടെ അനന്തരഫലങ്ങൾ, ഒന്നും അദ്ദേഹം വിട്ടുപോകുന്നില്ല. തന്റെ ചെറുഗ്രാമത്തിൽനിന്ന് നോക്കിക്കൊണ്ട് പൊന്നുസാമി നേടിയ ഉൾക്കാഴ്ചകൾ അമ്പരപ്പിക്കുന്നതാണ്. അവയാകട്ടെ മിക്കപ്പോഴും മികച്ച ഗവേഷണഫലങ്ങളുമായി പൊരുത്തപ്പെടുന്നു.

"മുളക് കർഷകർ പുതിയ തരം വിത്തുകളാണ് ഉപയോഗിക്കുന്നത്. അവർക്ക്‌ അത്‌ എവിടെനിന്ന്‌ ലഭിച്ചുവെന്ന്‌ എനിക്കറിയില്ല; എന്നാൽ അതിലൂടെ അവർ കർഷകന്റെ സമ്പദ്‌വ്യവസ്ഥയെ വികലമാക്കുകയാണ്. ഈ വിത്തുകൾ തത്ക്കാലത്തേക്ക് കൂടുതൽ വിളവ് നൽകിയേക്കാം. എന്നാൽ രാസവളങ്ങൾക്കും മറ്റ്‌ രാസവസ്തുക്കൾക്കുമായി കൂടുതൽ പണം ചെലവഴിക്കാൻ കർഷകരെ അത് നിർബന്ധിതരാക്കും. ഭൂമിയെ കൊല്ലുകയാണ് അവർ. കാലക്രമത്തിൽ വിളവ് കുറയാൻ തുടങ്ങും. പുതിയ വിത്തുകൾ ഉപയോഗിക്കാൻ തുടങ്ങിയവർക്ക് ഇപ്പോൾ ഉത്പാദനച്ചെലവ് വളരെ കൂടുതലാണ്”.

അടക്കാനാവാത്ത ശുഭാപ്തിവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ ആറ് ചെറുകഥാ സമാഹാരങ്ങളും ഒരു നോവലും. (ഒരു സമാഹാരത്തിന്റെ പേര് മാനവികത വിജയിക്കും എന്നാണ്). "ഇവിടെയുള്ളവർ പോരാട്ട വീര്യമുള്ളവരാണ്‌, അവർ രാംനാടിനെ മാറ്റിയെടുക്കും. എന്നാൽ അതോർത്ത്‌ നമുക്ക്‌ ഇപ്പോൾ അലംഭാവം കാണിക്കാനാകില്ല. ലക്ഷ്യത്തിനായി നമ്മൾ പ്രവർത്തിക്കണം”. ഇനിയും അദ്ദേഹം രാമനാടിനെക്കുറിച്ച് മാത്രമായിരിക്കുമോ എഴുതുക?

"സ്വന്തം എഴുത്തിനോട് എനിക്ക് സത്യസന്ധനായിരിക്കേണ്ടതുണ്ട്. എന്റെ ഗ്രാമത്തിന്റെ യാഥാർത്ഥ്യങ്ങളോട് സത്യസന്ധത പുലർത്തുകവഴി, ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിന്റെ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന എന്തെങ്കിലുമൊന്ന് സൃഷ്ടിക്കാൻ എനിക്കൊരുപക്ഷേ കഴിഞ്ഞേക്കാം. ആരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അത്, അങ്ങിനെയല്ലേ?"

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup