നന്നായി എണ്ണതേച്ച് ചീകിവെച്ച തലമുടി. മുഖത്ത് നിറയെ ചുളിവുകൾ. കാലിൽ ഒരു ഹവായ് ചെരുപ്പും കണങ്കാലിന് മുകൾവരെ നിൽക്കുന്ന ഖാദി സാരിയും. ഒരു ദിവസത്തെ അദ്ധ്വാനത്തിന് തയ്യാറായിട്ടാണ് കാണപ്പെട്ടതെങ്കിലും പിനാത്ത് മലനിരകൾ പിന്നിട്ട് രുദ്രധാരി വെള്ളച്ചാട്ടത്തിലേക്ക് ഞങ്ങളെ കൊണ്ടുപോകാനായിരുന്നു അവർ വന്നത്. കുമയോൺ പ്രദേശത്തെ കോസി നദിയുടെ ഉത്ഭവസ്ഥലമാണ് രുദ്രധാരി.

ഉത്തരാഖണ്ഡിലെ ബാഗേശ്വർ, അൽമോര ജില്ലകളുടെ അതിർത്തിയിലുള്ള കൌസാനി ഗ്രാമത്തിൽ വർഷാവർഷം മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന സമൂഹാഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഞങ്ങൾ അവിടെയെത്തിയത്. ഏകദേശം 2,400 ആളുകൾ താമസിക്കുന്ന ഗ്രാമമാണ് കൌസാനി. ആ ആഘോഷവേളയിൽ പ്രഭാഷണം നടത്താൻ വന്നതായിരുന്നു ബാസന്തി ബെഹൻ എന്ന് പരക്കെ അറിയപ്പെടുന്ന 60 വയസ്സുള്ള ബാസന്തി സാമന്ത്. ഞങ്ങളുടെ സംഘത്തെ നയിക്കാൻ വെറുതെ തിരഞ്ഞെടുത്തതായിരുന്നില്ല അവരെ.

കൌസാനിയിലും ചുറ്റുവട്ടത്തുമുള്ള 15-20 സ്ത്രീകൾ വീതം അടങ്ങുന്ന 2000 സംഘങ്ങളെ ഉൾക്കൊള്ളിച്ച്, കോസി നദിയെ രക്ഷിക്കാനുള്ള ഒരു പ്രസ്ഥാനത്തിന് കുറച്ച് വർഷങ്ങൾക്കുമുമ്പ് അവർ നേതൃത്വം കൊടുത്തിരുന്നു. 1992-ൽ ഓരോ സെക്കൻഡിലും 800 ലിറ്റർ ജലം ഒഴുകിയിരുന്ന കോസി നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് 2002-ഒടെ സെക്കൻഡിൽ 80 ലിറ്ററായി ചുരുങ്ങിയിരുന്നു. അതിൽ‌പ്പിന്നെ സാമന്തും കൌസാനിയിലെ സ്തീകളും ആ നദിയെ സംരക്ഷിക്കാനുള്ള തീവ്രശ്രമം ആരംഭിച്ചു.

2002 മുതൽ, നിലവിലുള്ള മരങ്ങൾ വെട്ടുന്നത് നിർത്താനും, ബാഞ്ച് ഓക്കുപോലുള്ള പരന്ന ഇലകളുള്ള മരങ്ങൾ വെച്ചുപിടിപ്പിക്കാനും സാമന്ത് സ്ത്രീകളെ പ്രേരിപ്പിച്ചു. വെള്ളം സൂക്ഷിച്ച് വിനിയോഗിക്കുമെന്നും കാ‍ട്ടുതീ തടയുകയും അണയ്ക്കുകയും ചെയ്യുമെന്നും സ്ത്രീകൾ പ്രതിജ്ഞയെടുത്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്ന ഒരു സ്ത്രീസാഹോദര്യത്തിലേക്കാണ് സാമന്ത് അവരെ നയിച്ചതെങ്കിലും, വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ സാഹോദര്യം കൂടുതൽ ദൃഢമാവുകയും, പരസ്പരം ശക്തി സമാഹരിച്ച് സ്വന്തം വീടുകളിൽ‌പ്പോലും പൊരുതാനും കഴിവുള്ള ഒരു പ്രസ്ഥാനമായി അത് മാറുകയും ചെയ്തു

പക്ഷേ ആദ്യം സാമന്തിന് പൊരുതാൻ സ്വന്തം യുദ്ധങ്ങളുണ്ടായിരുന്നു.

“പർവ്വതം പോലെ ദുർഘടവും കുത്തനെയുള്ളതുമായ ജീവിതമായിരുന്നു എന്റേത്” അവർ പറയുന്നു. 12 വയസ്സിൽ അഞ്ചാം ക്ലാസ്സ് പൂർത്തിയായതോടെ അവർ വിവാഹിതയായി. പിതോറഗഢ് ജില്ലയിലെ താർകോട്ട് ഗ്രാമത്തിലെ ഭർത്താവിന്റെ വീട്ടിലേക്ക് അവർ താമസം മാറ്റി. പക്ഷേ, അവർക്ക് 15 വയസ്സായപ്പോഴേക്കും സ്കൂൾ അദ്ധ്യാപകനായ ഭർത്താവ് മരിച്ചു. “ഞാൻ അയാളെ തിന്നുതീർത്തു’ എന്നാണ് ഭർതൃമാതാവ് പറഞ്ഞത്” അവർ ഓർത്തെടുത്തു.

Kausani Mahila Sangathan raising awareness about Kosi in a government school
PHOTO • Basant Pandey

ഒരു സർക്കാർ സ്കൂളിൽ സംഘടീപ്പിച്ച കൌസാനിയിലെ സ്ത്രീകളുടെ ഒരു യോഗത്തിൽ കോസി നദി നേരിടുന്ന ഭീഷണിയെക്കുറിച്ച് സംസാരിക്കുന്നു

അധികം താമസിയാതെ, തന്റെ വസ്ത്രങ്ങളെല്ലാം കെട്ടിപ്പെറുക്കി, പിതോറഗഢിലെ തന്റെ ഗ്രാമമായ ദിഗാരയിലെ വീട്ടിലേക്ക് പുല്ലുവെട്ടാനും ചാണകം പെറുക്കാനും അമ്മയേയും അമ്മായിമാരേയും സഹായിക്കാൻ അവർ മടങ്ങിയെത്തി. ബിഹാറിലെ പൊലീസ് വകുപ്പിൽ ജോലി ചെയ്തിരുന്ന സാമന്തിന്റെ അച്ഛൻ അവരെ സ്കൂളിൽ പുനപ്രവേശിപ്പിക്കാൻ ശ്രമിച്ചു. “എന്നെ ഒരു പ്രാഥമിക വിദ്യാലയത്തിലെ അദ്ധ്യാപികയാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം”, അവർ പറയുന്നു. പക്ഷേ വീട്ടിൽ വലിയ എതിർപ്പായിരുന്നു. “ഞാൻ എന്തെങ്കിലും പുസ്തകം വായിക്കുന്നത് കണ്ടാൽ, അമ്മ ചോദിക്കും, ‘എന്താ നീയിനി ഓഫീസിൽ ജോലി ചെയ്യാൻ പോവുകയാണോ?’ എന്ന്. അവരെ എതിർക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല എനിക്ക്”.

ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ, കൌസാനിയിലെ സ്ത്രീകൾക്കുവേണ്ടിയുള്ള പരിശീലനകേന്ദ്രമായ ലക്ഷ്മി ആശ്രമത്തെക്കുറിച്ച് ബാസന്തി കേൾക്കാൻ ഇടയായി. 1946-ൽ, മഹാത്മാഗാന്ധിയുടെ ശിഷ്യയായ കാതറീൻ ഹെയ്‌ൽമാൻ എന്ന് പേരായ സ്ത്രീ തുടങ്ങിയ സ്ഥാപനമായിരുന്നു അത്. പ്രവേശനത്തിനപേക്ഷിച്ച് ബാസന്തി ആശ്രമത്തിന് കത്തയച്ചു. “അതിന്റെ പ്രസിഡന്റായിരുന്ന രാധ ഭട്ട് എന്നോട് വരാൻ പറഞ്ഞു”, ബാസന്തിയുടെ അച്ഛൻ അവരെ ആശ്രമത്തിൽ കൊണ്ടുചെന്നാക്കി. ഒരുവർഷം നീണ്ടുനിൽക്കുന്ന തയ്യൽ പരിശീലനത്തിന് ചേർക്കാൻ. 1980-ലായിരുന്നു അത്.

ലക്ഷ്മി ആശ്രമത്തിലെ ബാലവാടിയിൽ അദ്ധ്യാപികയായി, അച്ഛന്റെ ആഗ്രഹം സഫലീകരിച്ച ബാസന്തി അവിടത്തെ തന്റെ താമസം പിന്നെയും തുടർന്നു. സ്കൂൾ പഠനം തുടരാനുള്ള അപേക്ഷയും അയച്ചു. “31 വയസ്സിൽ ഞാൻ 10-ആം ക്ലാസ്സ് പാസ്സായി (വിദൂരവിദ്യാഭ്യാസത്തിലൂടെയായിരുന്നു പഠനം). എന്റെ സഹോദരൻ ഗ്രാമത്തിൽ മുഴുവൻ മധുരം വിതരണം ചെയ്തു” 30 കൊല്ലം മുമ്പത്തെ സംഭവം ഇന്നലെ നടന്നതുപോലെ ഓർമ്മിച്ച് ചിരിച്ചുകൊണ്ട് അവർ പറയുന്നു.

കുറച്ചുകാലം കഴിഞ്ഞപ്പോൾ ബാസന്തി ആശ്രമത്തിൽ മുഴുവൻസമയ പ്രവർത്തനത്തിൽ ഏർപ്പെടാൻ തുടങ്ങി. ഇപ്പോഴും അവിടെയാണ് അവർ കഴിയുന്നത്. ഉത്തരാഖണ്ഡിന്റെ മുക്കിലും മൂലയിലും ബാലവാടികളും, തുന്നലും കരകൌശലവിദ്യകളും മറ്റ് ഉപജീവനമാർഗ്ഗങ്ങളും പഠിപ്പിക്കുന്ന സ്ത്രീകൾക്കായുള്ള സ്വയം സഹായസംഘങ്ങളും രൂപവത്കരിക്കുകയുമായിരുന്നു അവരുടെ ജോലി. പക്ഷേ കൌസനിയിലേക്ക് തിരികെ പോകാൻ അവർ എപ്പോഴും ആഗ്രഹിച്ചു. “ഗ്രാമത്തിലെ സ്ത്രീകളുടെ കൂടെ കഴിയുന്നതിനുപകരം, ഈ വലിയ നഗരത്തിൽ ഞാനെന്ത് ചെയ്യുകയാണെന്ന് എപ്പോഴും ഞാൻ അതിശയിച്ചിരുന്നു”, അവർ പറയുന്നു. ഡെഹ്‌റാഡൂണിലാണ് ഇപ്പോൾ അവരുടെ ആസ്ഥാനം.

സാഹചര്യം വളരെ മോശമായിരുന്ന കൌസാനിയിലേക്ക് 2002-ൽ അവർ മടങ്ങി. തങ്ങളുടെ പരിമിതമായ ഇന്ധന - കാർഷികാവശ്യങ്ങൾക്കുമായി മരം മുറിക്കുന്നതുകൊണ്ട് എന്ത് ദോഷമാണ് സംഭവിക്കുക എന്ന ചിന്തയിൽ, പ്രത്യാഘാതങ്ങളെക്കുറിച്ചാലോചിക്കാതെ ഗ്രാമീണർ നിരന്തരമായി മരം മുറിക്കുന്നുണ്ടായിരുന്നു അവിടെ. കോസി നദിയാകട്ടെ വരളുകയുമായിരുന്നു. 2003-ൽ അമർ ഉജാല എന്ന മാസികയിൽ സാമന്ത് ഒരു ലേഖനം വായിക്കാനിടവന്നു. വനനശീകരണവും കാട്ടുതീയും നിയന്ത്രിച്ചില്ലെങ്കിൽ അടുത്ത 10 വർഷത്തിനുള്ളിൽ കോസി നദി മരിച്ചുപോകുമെന്ന് അവർ അതിൽ വായിച്ചു. അതോടെ, അവർ കർമ്മനിരതയായി.

എന്നാൽ, പ്രതീക്ഷിച്ചതിനേക്കാൾ ഗുരുതരമായിരുന്നു പ്രശ്നങ്ങൾ.

Basanti Samant
PHOTO • Basant Pandey

'പർവ്വതം പോലെ ദുർഘടവും കുത്തനെ യുള്ളതുമായ ജീവിതമായിരുന്നു എന്റേത്'

സൂര്യനുദിക്കുന്നതിന് മുൻപേ ഗ്രാമത്തിലെ സ്ത്രീകൾ വിറകുവെട്ടാൻ പോവും. ചപ്പാത്തിയും ഉപ്പും അല്പം ചോറും അടങ്ങിയ ഒരു ലഘുഭക്ഷണം കഴിച്ച് പാടത്ത് പണിക്ക് പോവും. “ചിലപ്പോൾ മുമ്പ് വെട്ടിയിട്ട വിറകുകൾ ഉപയോഗിക്കാതെ ചിതലുപിടിച്ച് കിടക്കുന്നുണ്ടാകും. എന്നാലും കൂടുതൽ വിറക് വെട്ടാൻ അവർക്ക് പോയേ തീരൂ. ഇല്ലെങ്കിൽ വീട്ടിൽ വെറുതെയിരുന്നാൽ സ്ത്രീകൾക്ക് ഭർത്താക്കന്മാരിൽനിന്നും ഭർത്തൃവീട്ടുകാരിൽനിന്നും ചീത്ത കേൾക്കേണ്ടിവരു”മെന്ന് സാമന്ത് പറയുന്നു. എല്ലുമുറിയെയുള്ള പണിയും അപര്യാപ്തമായ ഭക്ഷണവും മൂലം, കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പൈസ മുഴുവൻ ചികിത്സയ്ക്ക് ചിലവഴിക്കേണ്ടിവരികയും, “കുട്ടികളുടെ വിദ്യാഭ്യാസത്തിലും മറ്റും സ്ത്രീകൾക്ക് ശ്രദ്ധിക്കാൻ കഴിയാതെ വരികയും ചെയ്തു” എന്ന് സാമന്ത് ചൂണ്ടിക്കാണിക്കുന്നു.

അതിനാൽ, സ്വയം സഹായസംഘങ്ങൾ സംഘടിപ്പിക്കുക എന്നത്, പരിസ്ഥിതി സംരക്ഷണത്തേക്കാൾ വലിയ ലക്ഷ്യമായി മാറി. പക്ഷേ സ്ത്രീകൾ അവരോട് സംസാരിക്കാൻ വിസമ്മതിച്ചു. കാരണം, സ്ത്രീകളുടെ അത്തരം പ്രവർത്തനങ്ങളോട് വീട്ടിലെ പുരുഷന്മാർക്ക് എന്നും എതിർപ്പായിരുന്നു.

ഒരിക്കൽ കൌസാനിയിലെ ബസ് സ്റ്റാൻഡിനടുത്ത് കുറച്ച് സ്ത്രീകൾ നിൽക്കുന്നത് സാമന്ത് കണ്ടു. തെല്ലൊരാശങ്കയോടെ അവർ ആ സ്ത്രീകളെ സമീപിച്ചു. കോസിയിലെ ജലം കുടിക്കാൻ മാത്രമേ ഉപയോഗിക്കാൻ പാടൂ എന്ന് ജില്ലാ മജിസ്ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ സ്ത്രീകൾക്ക് ആ ജലം കൃഷിപ്പണിക്കും ആവശ്യമായിരുന്നു. സർക്കാരാകട്ടെ, ഗ്രാമത്തിൽ കനാലുകളും തടയണകളുമൊന്നും നിർമ്മിച്ചിരുന്നില്ല. അതുകൊണ്ട് കോസിയെ നിലനിർത്തുക എന്നതുമാത്രമായി അവരുടെ ലക്ഷ്യം.

സാമന്ത് ആ പത്രവാർത്തകൾ ആ സ്ത്രീകളെ കാണിക്കുകയും, ബ്രിട്ടീഷുകാർ നട്ടുപിടിപ്പിച്ച കാറ്റാടിമരങ്ങൾക്കുപകരം, ഓക്കുമരങ്ങൾ നടുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം വിശദീകരിക്കുകയും ചെയ്തു.

Basanti Samant delivering keynote address at the opening of the Buransh Mahotsav 2018
PHOTO • Ashutosh Kalla

ഈയിടെ നടന്ന സമൂഹാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു

സ്ത്രീകളുമായുള്ള ആ സംഭാഷണത്തിന് ഗുണമുണ്ടായി. 2003-ഓടെ, സ്ത്രീകൾ ഒരു സമിതിയുണ്ടാക്കുകയും പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ക്രമേണ, ഗ്രാമത്തിലെ മരങ്ങൾ വെട്ടുന്ന പതിവ് നിന്നു. കൌസാനിയിലെ പുരുഷന്മാ‍രും ആ പ്രസ്ഥാനത്തെ പിന്തുണക്കാൻ തുടങ്ങി. അപ്പോഴും സ്ത്രീകൾ അതിരാവിലെ വീടുകളിൽനിന്നും പുറത്തേക്ക് പോവുന്നുണ്ടായിരുന്നു. പക്ഷേ ഉണങ്ങിയ മരങ്ങൾ വെട്ടാനാണെന്ന് മാത്രം. മാത്രമല്ല, മരങ്ങളുടെമേൽ പ്രാഥമിക അവകാശം വനംവകുപ്പിനാണെങ്കിലും ഇനി മുതൽ തങ്ങളോ ഗ്രാമീണരോ മരം വെട്ടില്ലെന്ന് വനംവകുപ്പിനെക്കൊണ്ട് ഒരു കരാറിൽ അംഗീകരിപ്പിക്കാനും അവർക്ക് സാധിച്ചു. അതൊരു ശക്തമായ കീഴ്‌വഴക്കമാവുകയും സമീപത്തുള്ള ഗ്രാമങ്ങളിൽ സ്ത്രീകളുടെ സമിതികൾ ഉയർന്നുവരികയും ചെയ്തു.

വെല്ലുവിളികൾ പിന്നെയുമുണ്ടായിരുന്നു. ഉദാഹരണത്തിന്, 2005-ൽ, സർക്കാരിന്റെ നിർദ്ദേശമുണ്ടായിട്ടുപോലും, പ്രദേശത്തെ ഒരു ഹോട്ടലുടമ കോസിയിലെ ജലം കൊണ്ടുപോകാറുണ്ടായിരുന്നു. സ്ത്രീകൾ ബാസന്തി ബെഹനെ ഫോൺ വിളിച്ച് കാര്യമറിയിച്ചു. വെള്ളത്തിന്റെ ടാങ്കറുകളെ തടയാൻ ബാസന്തി അവരോട് പറഞ്ഞു. പ്രസ്ഥാനം അതിനകം ശക്തവും പ്രത്യക്ഷവുമായിരുന്നതിനാൽ, സ്ത്രീകൾ വഴിയിൽ കുത്തിയിരുന്നുകൊണ്ട് പ്രതിഷേധിക്കുകയും ഒടുവിൽ ഹോട്ടലുടമ 1,000 രൂപ പിഴയടയ്ക്കാമെന്ന് സമ്മതിക്കുകയും ആ പണം സ്ത്രീകളുടെ സ്വയം സഹായസംഘത്തിന് കൈമാറുകയും ചെയ്തു.

ഗ്രാമത്തിലുള്ളവരും വിനോദസഞ്ചാരവ്യവസായവും മാത്രമായിരുന്നില്ല ഇത്തരം പ്രവൃത്തികൾ ചെയ്തിരുന്നത്. മരക്കച്ചവടത്തിൽ രഹസ്യമായി ഏർപ്പെട്ടിരുന്ന ഒരു വനംവകുപ്പുദ്യോഗസ്ഥൻ ഇടയ്ക്കിടയ്ക്ക് സ്വന്തം ആളുകളുമായി വന്ന് മരങ്ങൾ മുറിക്കുക പതിവായിരുന്നു. ഒരുദിവസം സാമന്തും സ്ത്രീകളും അയാളെ നേരിട്ടു. “നിങ്ങൾ ഇന്നേവരെ ഒരു ചെടിപോലും നട്ടിട്ടില്ല. എന്നിട്ടും ഇവിടെ വന്ന് ഞങ്ങളുടെ മരങ്ങളെ നിങ്ങൾ മോഷ്ടിക്കുന്നു”, സാമന്ത് അയാളോട് പറഞ്ഞു. സ്ത്രീകൾ ഒറ്റക്കെട്ടായിരുന്നു. എണ്ണത്തിലും അവരായിരുന്നു കൂടുതൽ. മാസങ്ങളോളം അവർ പ്രതിഷേധിച്ചു. രേഖാമൂലമുള്ള മാ‍പ്പ് അവർ ആവശ്യപ്പെട്ടു. അയാൾ സമ്മതിച്ചില്ല. അയാൾക്കെതിരേ പരാതിപ്പെടുമെന്ന് അവർ ഭീഷണിപ്പെടുത്തി. ജോലി പോകുമെന്നായപ്പോൾ അയാൾ ഏർപ്പാട് അവസാനിപ്പിച്ചു.

അതിൽ‌പ്പിന്നെ, കാടുകളുടെ കാവൽക്കാരായി മാത്രമല്ല ആ സംഘങ്ങൾ പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കെതിരേ വീട്ടിൽ നടക്കുന്ന പീഡന സംഭവങ്ങളിലും പുരുഷന്മാരുടെ മദ്യാസക്തി വിഷയത്തിലും അവർ ഇടപെടുകയും, അത്തരം സന്ദർഭങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് സ്ത്രീകൾക്ക് ഉപദേശനിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു. പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും കൌസാനിയിലെ സ്വയം സഹായസംഘത്തിലെ ഒരംഗമായ 30 വയസ്സുള്ള മം‌ത താപ്പ പറയുന്നത് “പ്രശ്നങ്ങൾ ചർച്ച ചെയ്യാനും സാധ്യമായ പരിഹാരം കണ്ടെത്താനുമുള്ള ഒരു വേദി എനിക്ക് ലഭിച്ചു” എന്നാണ്.

2016-ൽ മുൻ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിയിൽനിന്ന് വനിതാ, ശിശുവികസന മന്ത്രാലയത്തിന്റെ നാരീ ശക്തി പുരസ്കാരം സാമന്തിന് ലഭിച്ചു. കോസി നദിക്കുവേണ്ടി ഇപ്പോഴും അവർ പൊരുതുന്നു. മാത്രമല്ല ഗ്രാമത്തിലെ മാലിന്യം വേർതിരിക്കലിലും, കൌസാനിയിലും ചുറ്റുവട്ടത്തുമുള്ള ഹോട്ടലുടമസ്ഥരോട് സംസാരിച്ച് അവരുടെ മാലിന്യസംസ്കരണത്തിലും അവർ നിരന്തരം ഇടപെടുന്നു. പക്ഷേ തന്റെ ഏറ്റവും വലിയ സംഭാവന, “പ്രാദേശിക സമിതികളിലായാലും, ഗ്രാമസഭകളിലായാലും, വീട്ടകങ്ങളിലായാലും ശരി, സ്ത്രീകൾ നിശ്ശബ്ദരായി ഇരിക്കില്ലെന്ന് ഉറപ്പ് വരുത്തി” എന്നതാണെന്ന് അവർ പറയുന്നു.

ഈ അഭിമുഖം സാധ്യമാക്കിയതിന് ബുരാൻശ് മഹോത്സവത്തിന്റെ സംഘാടകരായ ത്രീഷ് കപൂറിനോടും പ്രസന്ന കപൂറിനോടുമുള്ള നന്ദി ലേഖിക രേഖപ്പെടുത്തുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Apekshita Varshney

Apekshita Varshney is a freelance writer from Mumbai.

Other stories by Apekshita Varshney
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat