"ഞാൻ നിന്നെ ഒരു വേനൽക്കാലദിനത്തോട് ഉപമിക്കട്ടേ?", 19-കാരിയായ ഫൈസ അൻസാരി സ്വകാര്യം പറയുന്നതുപോലെ ചെറിയ ശബ്ദത്തിൽ ചോദിക്കുന്നു. മുംബ്രയിൽ സ്ത്രീകൾക്കായുള്ള ഒരേയൊരു ലൈബ്രറിയായ രെഹ്‌നുമ ലൈബ്രറി സെന്ററിന്റെ ടൈൽസ് പാകിയ നിലത്ത് ചമ്രംപടിഞ്ഞിരിക്കുകയാണ് ഞങ്ങൾ.

ദാറുൽ ഫലാ പള്ളിയുടെ സമീപത്തായി തകർന്നുവീഴാറായ ഒരു കെട്ടിടത്തിന്റെ ഒന്നാംനിലയിലുള്ള, രണ്ടുമുറികളുള്ള ഒരു വീടിനെ പരിഷ്കരിച്ചുണ്ടാക്കിയ ആ ലൈബ്രറിയിൽ പിന്നെയും ഒരുപാട് ചെറുപ്പക്കാരികൾ വന്നുപോകുന്നുണ്ട്. അകത്തുള്ള പ്ലാസ്റ്റിക്ക് കസേരകളിൽ തങ്ങളുടെ ബുർഖകൾ അഴിച്ചുവെച്ച്, തണുത്ത നിലത്ത് അവർ ആശ്വാസത്തോടെ ഇരിക്കുന്നു. മുംബൈയുടെ മധ്യഭാഗത്ത്നിന്ന് ഏകദേശം 35  കിലോമീറ്റർ അകലെയായി, വടക്ക്കിഴക്കൻ ദിശയിലുള്ള ഈ പ്രദേശത്തെ അന്തരീക്ഷോഷ്മാവ് 36 ഡിഗ്രി സെൽഷ്യസാണ്.

ഷേക്‌സ്‌പിയറിന്റെ സോണറ്റ് 18 ഫൈസ ഓർത്തെടുക്കവേ, ഇനിയും കവിതകൾ കേൾക്കണമെന്ന് ഞാൻ നിർബന്ധം പിടിച്ചു. ഫൈസയുടെ സഹോദരി റസിയയുടേതുൾപ്പെടെ എല്ലാ കണ്ണുകളും ഫൈസയിലാണ്. റോമിയോ ആൻഡ്ഡ് ജൂലിയറ്റിലെ ഒരു വരിയാണ് ഇത്തവണ ഫൈസ ഉപസംഹരിക്കുന്നത്. "സുന്ദരമായ മുഖത്തേക്കാൾ നല്ലത് സൌന്ദര്യമുള്ള ഒരു ഹൃദയമാണ്." റസിയ അപ്പോൾ നാണത്തോടെ തന്റെ സഹോദരിയെ നോക്കുന്നു. മറ്റു പെൺകുട്ടികളാകട്ടെ ചൂളംവിളിച്ചും പരസ്പരം കളിയാക്കിയും അടക്കിച്ചിരിക്കുന്നു. എന്താണ് അവർക്കിടയിലെ ആ തമാശയെന്ന് കണ്ടെത്തുക എളുപ്പമല്ല.

18- കാരിയായ റസിയ അൻസാരി മറ്റുള്ളവരുടെയത്ര നാണക്കാരിയല്ല. താൻ വായിച്ചിട്ടുള്ള ഒരേയൊരു ഷേക്‌സ്‌പീരിയൻ കഥ അവർ രസകരമായി എനിക്ക് വിവരിച്ചുതന്നു. " ട്വെൽഫ്ത്ത് നൈറ്റ് (Twelfth Night) ശരിക്കും ഒരു ഹിന്ദി സിനിമ പോലെയാണ്. വയോലയ്ക്ക് ഇരട്ടവേഷമാണ്.", വയോല സെസാരിയോ ആയി വേഷംകെട്ടുന്നത് സൂചിപ്പിച്ച് അവർ പറഞ്ഞു. ഇംഗ്ളീഷിലുള്ള പ്രാവീണ്യം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, ലൈബ്രറിയിൽ നടക്കുന്ന സ്പോക്കൺ ഇംഗ്ളീഷ് ക്ലാസ്സിൽ റസിയ ചേർന്നിട്ടുണ്ട്. ആഴ്ചയിൽ അഞ്ച് ദിവസം രാവിലെ 11 മണിക്കും വൈകീട്ട് 6 മണിക്കും ഇടയിലായി ഒരു മണിക്കൂർ വീതം ദൈർഘ്യമുള്ള ഒട്ടനേകം ബാച്ചുകളിലായാണ് സ്പോക്കൺ ഇംഗ്ളീഷ് ക്ലാസ് നടക്കുന്നത്.

Faiza Ansari and Razia Ansari at the library
PHOTO • Apekshita Varshney
Faiza Khan teaching English Grammar to a smaller group. A batch has about 20 girls
PHOTO • Apekshita Varshney

ഇടത്ത്- ജാർഖണ്ഡിലെ അസൻസോളിൽനിന്നുള്ള ഫൈസ അൻസാരിയും റസിയ അൻസാരിയും ലൈബ്രറിയിലെ നിത്യസന്ദർശകരാണ്. വലത്ത്: ലൈബ്രേറിയനായ ഫൈസഖാൻ ഇംഗ്ളീഷ് അധ്യാപികയായും പ്രവർത്തിക്കുന്നു

ഫൈസയുടെയും റസിയയുടെയും കുടുംബം ജാർഖണ്ഡിലെ ധുംക ജില്ലയിലുള്ള അസൻസോൾ ഗ്രാമത്തിൽനിന്ന് 18 മാസം മുൻപ്  മുംബ്രയിലേയ്ക്ക് കുടിയേറിയതാണ്. എന്നാൽ, ഈ സഹോദരിമാർക്ക് മുംബ്ര തീരെ ഇഷ്ടപ്പെട്ടിട്ടില്ല. "ഇവിടെ എല്ലായിടത്തും മാലിന്യമാണ്.", റസിയ പറയുന്നു. ഫൈസയ്ക്കും ഇതേ അഭിപ്രായമാണ്. "ഇവിടെ പുസ്തകക്കടകളേക്കാൾ കൂടുതലുള്ളത് ഭക്ഷണശാലകളാണ്."  ഈ സഹോദരിമാർക്ക് അവരുടെ ഗ്രാമത്തിൽ ബുർഖ ധരിക്കേണ്ട ആവശ്യം വന്നിരുന്നില്ല."ഞങ്ങൾക്ക് അവിടെ ഒരുപാട് സ്വാതന്ത്ര്യമുണ്ടായിരുന്നു.", റസിയ പറയുന്നു. "പക്ഷെ ഇവിടെ", ബാക്കി പറയുന്നത് ഫൈസയാണ്: "ഞങ്ങളുടെ അമ്മ പറയുന്നത് ഇവിടത്തെ മാഹോൽ (സാഹചര്യം) ശരിയല്ലെന്നാണ്."

അവരുടെ പിതാവ് അസൻസോളിൽ പലചരക്ക് സാധനങ്ങൾ മൊത്തമായി വിൽക്കുന്ന ഒരു കട നടത്തുകയായിരുന്നു. അവരുടെ മുത്തശ്ശിയും മറ്റ് ബന്ധുക്കളും താമസിക്കുന്ന മുംബൈയിലേക്ക് കുടിയേറാൻ അദ്ദേഹം തീരുമാനിച്ചത് "കൂടുതൽ പണം സമ്പാദിക്കാനും മക്കളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുമായാണ്", റസിയ പറയുന്നു. ഇപ്പോൾ അദ്ദേഹം മുംബൈയിലെ വീടിനടുത്ത് ഒരു പലചരക്ക് കട തുടങ്ങിയിട്ടുണ്ട്.

ഈ സഹോദരിമാർ ദിവസത്തിന്റെ ഏറിയ പങ്കും ചിലവിടുന്നത് തൊട്ടടുത്തുതന്നെയുള്ള എ.ഇ. കൽശേഖർ ഡിഗ്രി കോളേജിലാണ്. ഫൈസ രണ്ടാംവർഷ ബി.എ. വിദ്യാർത്ഥിനിയും റസിയ ഒന്നാംവർഷ ബി.എ. വിദ്യാർത്ഥിനിയുമാണ്. എന്നാൽ വീട്ടിൽനിന്നും നടന്നെത്താവുന്ന ദൂരത്തുതന്നെയുള്ള രെഹ്‌നുമ ലൈബ്രറിയിൽ വരുമ്പോഴാന് "ഗ്രാമത്തിൽ ഉപേക്ഷിച്ചുപോന്ന വീട്" തങ്ങൾക്ക് ഓർമ്മവരുന്നതെന്ന് റസിയ പറയുന്നു.

എന്നാൽ, ഉത്തർ പ്രദേശിലെ ഹരയ്യ തെഹ് സിലിലുള്ള ബാഭ്നാൻ ഗ്രാമത്തിലെ ബഷീറ ഷായ്ക്കാകട്ടെ, ലൈബ്രറിയിൽ വരുമ്പോൾമാത്രമാണ് വീടിനെക്കുറിച്ച് ഓർക്കേണ്ടിവരാത്തത്. 14 വയസ്സുള്ളപ്പോൾ വിവാഹിതയായി, ഭർത്താവിന്റെ സ്ഥലമായ, ഗോണ്ട പട്ടണത്തിന് സമീപത്തുള്ള അശോക്പൂർ ഗ്രാമത്തിലേക്ക് വന്നതാണ് ബഷീറ. ഭർത്താവ് സൌദിയിൽ കെട്ടിടനിർമ്മാണത്തൊഴിലാളിയായിരുന്നു. രണ്ടു വർഷങ്ങൾക്കുമുൻപ് ഭർത്താവ് മരിച്ചതിനുപിന്നാലെ, 36- കാരിയായ ബഷീറ അവരുടെ അമ്മയും നാല് മക്കളും രണ്ട് ഇളയസഹോദരിമാരുമൊത്ത് മുംബ്രയിൽ താമസിക്കുകയാണ്.

Bashira Shah reading a book at the library
PHOTO • Apekshita Varshney
Faiza Khan, the librarian at Rehnuma Library Centre

ഇടത്ത്-  യു.പിയിലെ ബാഭ്നാൻ ഗ്രാമത്തിൽനിന്നുള്ള ബഷീറ ഷായെ വീട്ടിലെ ചിന്തകൾ അലട്ടാതിരിക്കുന്നത്  ലൈബ്രറിയിൽവരുമ്പോൾ മാത്രമാണ്. വലത്: ലൈബ്രേറിയനായ ഫൈസ സന്ദർശകരെ അംഗത്വമെടുക്കാൻ സഹായിക്കുന്നു

ബഷീറയുടെ മാതാപിതാക്കൾ 2000-ത്തിന്റെ തുടക്കത്തിലാണ് ഇവിടേക്ക് കുടിയേറിയത്. 2017 ഒക്ടോബറിൽ അവരുടെ പിതാവ് മരണപ്പെട്ടു. മസ്ജിദ് ബന്ദറിന് സമീപത്തായി അദ്ദേഹം നടത്തിയിരുന്ന, ഉണങ്ങിയ ഫലങ്ങൾ വിൽക്കുന്ന കട ഇപ്പോൾ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. 15-ഉം 16-ഉം വയസ്സുള്ള, ബഷീറയുടെ രണ്ട് ആൺമക്കൾ പഠനം ഉപേക്ഷിച്ചിരിക്കുന്നു. എന്നാൽ ചെറുപ്പത്തിൽ മതപഠനം നേടുകയും മൂന്നാംക്ലാസ്സുവരെ ഉറുദു പഠിക്കുകയും ചെയ്ത ബഷീറ തുടർന്ന് പഠിക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണ്. "ഷംഷീറിനോടും ഷിഫയോടും ഇംഗ്ളീഷിൽ സംസാരിക്കാൻ കഴിയണം എന്നതാണ് എന്റെ സ്വപ്നം", അവർ പറയുന്നു. ബഷീറയുടെ ഇളയമകൻ 12 വയസ്സുകാരനായ ഷംഷീറും മകൾ 9 വയസ്സുകാരിയായ ഷിഫയും മുംബ്ര പബ്ലിക് സ്കൂളിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം നേടുന്നുണ്ട്.

2003 ൽ രെഹ്‌നുമ ലൈബ്രറി ആരംഭിച്ചതുമുതൽ - രെഹ് നുമ എന്നാൽ ഹിന്ദിയിലും ഉർദുവിലും 'വഴികാട്ടി' എന്നാണർഥം –പല സമയങ്ങളിലായി സ്ത്രീകൾ ഇവിടെ സംസാരിക്കാനും ചിരിക്കാനും വിശ്രമിക്കാനും ഒരു പുസ്തകവുമായി ചുരുണ്ടുകൂടാനുമെല്ലാമായി എത്തുന്നു. ആളുകളിൽനിന്ന് സംഭാവനയായി ലഭിച്ച പണവും ആവാസ്-ഇ-നിസ്വാൻ എന്ന സർക്കാരിതരസംഘടന (എൻ.ജി.ഓ) ക്രൗഡ് ഫംണ്ടിംഗ് വഴി സമാഹരിച്ച തുകയും ഉപയോഗിച്ചാണ് ലൈബ്രറി സ്ഥാപിച്ചത്. എൻ.ജി.ഒ.യുടെ മുംബ്ര ആസ്ഥാനം പ്രവർത്തിക്കുന്നതും ഈ ലൈബ്രറിയിലാണ്. സ്ത്രീകൾക്കായുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും നിയമസഹായം നൽകുന്നതിലുമാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒട്ടനവധി സ്ത്രീകളാണ് വിവാഹമോചനം, ബഹുഭാര്യാത്വം, ഗാർഹികപീഡനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരംതേടി ഇവിടെയെത്തുന്നത്.

ഭൂരിഭാഗവും മുസ്ലീങ്ങൾ താമസക്കാരായുള്ള പ്രദേശം എന്ന നിലയ്ക്കും ആവാസ്-ഇ-നിസ്വാൻന്റെ മുംബ്രയിലെ സംഘാടകയായ യാസ്മീൻ അഗയുടെ വാക്കുകളിൽ, "സ്ത്രീകൾക്ക് അവരുടെ ബുർഖ മാറ്റിവെച്ച്, പരസ്പരം സംസാരിക്കാനും ഉല്ലസിക്കാനും ഉതകുന്ന ഒരു ഇടത്തിന്റെ അഭാവം ഉണ്ടായിരുന്നതിനാലുമാണ്" ലൈബ്രറിക്കായി ഈ പ്രദേശം തിരഞ്ഞെടുക്കപ്പെട്ടത്. സ്കൂൾ വിദ്യാർത്ഥിനികൾക്കും അവരുടെ അമ്മമാർക്കും ഇടയിൽ പ്രചാരണംനടത്തിയാണ് ലൈബ്രറി തുടക്കത്തിൽ അംഗങ്ങളെ കണ്ടെത്തിയിരുന്നത്. എന്നാൽ ലൈബ്രറിയെക്കുറിച്ച് കേട്ടതോടെ, കൊളേജ് വിദ്യാർത്ഥിനികളും അംഗത്വമെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചു.

ലൈബ്രറിയിലെ 350 അംഗങ്ങൾ - എല്ലാവരും സ്ത്രീകളും മിക്കരും വിവിധ ഗ്രാമങ്ങളിൽനിന്നായി മുംബൈയിലേക്ക് കുടിയേറിയ കുടുംബങ്ങളിൽനിന്നുള്ളവരും – എല്ലാ കൊല്ലവും വാർഷികവരിസംഖ്യയായ 100 രൂപ നൽകി തങ്ങളുടെ അംഗത്വം പുതുക്കുന്നു. പുസ്തകങ്ങളും മാസികകളും വീടുകളിലേക്ക് കൊണ്ടുപോയി വായിക്കാനും പുസ്തകചർച്ചകളിലും വർക്‌ഷോപ്പുകളിലും മറ്റും പങ്കെടുക്കാനുമെല്ലാമുള്ള അവസരമാണ് ഇത് ഈ സ്ത്രീകൾക്ക് നൽകുന്നത്.

The name plaque in the building with all the residents' name
PHOTO • Apekshita Varshney
Some books in the English language at the Rehnuma Library Centre
PHOTO • Apekshita Varshney
Some books at the Rehnuma Library Centre
PHOTO • Apekshita Varshney

ഇടത്ത്:  രെഹ്‌നുമ സെന്റർ നിലകൊള്ളുന്ന കെട്ടിടത്തിന്റെ പ്രവേശനകവാടത്തിനരികെ സ്ഥാപിച്ചിട്ടുള്ള ഫലകം  വലത്ത്: ലൈബ്രറിയിൽ 6000 പുസ്തകങ്ങളുണ്ട്;  മിക്കവയും ഉർദുവിലാണ്

ജനുവരി മധ്യത്തിൽ നടന്ന അവസാനത്തെ പുസ്തകചർച്ചയിൽ 12 യുവതികൾ മിർസ ഗാലിബിന്റെയും ഫായിസ് അഹമ്മദ് ഫായിസിന്റെയും കവിതകൾ ചർച്ചചെയ്യുകയുണ്ടായി. “വായനക്കാരെ രണ്ട് സംഘങ്ങളാക്കി തിരിച്ചിരുന്നു - തങ്ങൾ ഇഷ്ടപ്പെടുന്ന കവിയുടെ കവിതകളാണ് മികച്ചതെന്ന് എതിർസംഘത്തെക്കൊണ്ട് സമ്മതിപ്പിക്കാനായിരുന്നു ഓരോ സംഘത്തിന്റെയും ശ്രമം.", ലൈബ്രറിയനായ ഫൈസഖാൻ പറയുന്നു. ഫൈസ കടുത്ത ഗാലിബ് ആരാധികയാണെങ്കിലും ചർച്ചയിൽ തികഞ്ഞ നിഷ്പക്ഷത പുലർത്താൻ തീരുമാനിക്കുകയായിരുന്നു.

ഇപ്പോൾ 28 വയസ്സുള്ള ഫൈസ 19 വയസ്സുള്ളപ്പോൾ രെഹ്നുമയിൽ വന്നുതുടങ്ങിയതാണ്. മുംബ്രയിൽ ജനിച്ചുവളർന്ന, മാനേജ്മെന്റ് സ്റ്റഡീസിൽ ബിരുദം നേടിയ ഫൈസയ്ക്ക് 2014-ലാണ് ലൈബ്രേറിയന്റെ ജോലി ലഭിക്കുന്നത്. "പൊതുവിടങ്ങൾ പുരുഷന്മാരുടെ നിയന്ത്രണത്തിലാണ്", ഫൈസ പറയുന്നു, "സ്ത്രീകളെ എപ്പോഴും വീടിനുള്ളിൽ തളച്ചിടുകയും ചെയ്യുന്നു." എന്നാൽ ലൈബ്രറിയിൽ വരുമ്പോൾ, "സ്ത്രീകൾക്ക് നിർഭയരായി ഇരുന്ന്, പുരുഷന്മാരെപ്പോലെ സംസാരിക്കാൻ സാധിക്കും.", അവർ പറയുന്നു.

ലൈബ്രറിയുടെ താക്കോൽ സൂക്ഷിക്കുന്നതിനുപുറമേ, അന്വേഷിച്ചെത്തുന്ന സന്ദർശകരെ അംഗത്വമെടുക്കാൻ സഹായിക്കുന്നതും അവരുടെ വായനാഭിരുചികൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതും ഫൈസയാണ്. "കൂടുതൽപേരും ആവശ്യപ്പെടുന്നത് ഉറുദു പുസ്തകങ്ങളാണ്", അവർ പറയുന്നു. അതുകൊണ്ടുതന്നെ, ലൈബ്രറിയിൽ അഞ്ച് മരഅലമാരികളിലായി സൂക്ഷിച്ചിട്ടുള്ള 6000-ത്തോളം പുസ്തകങ്ങളിൽ ഭൂരിഭാഗവും ഉറുദു പുസ്തകങ്ങളാണ്.

ഏറെ പ്രചാരമുള്ള പുസ്തകങ്ങളിൽ ഉൾപ്പെടുന്ന, ചില പാകിസ്താനി എഴുത്തുകാരുടെ പുസ്തകങ്ങൾ ഏറെദൂരം സഞ്ചരിച്ചെത്തിയവയാണ്. ഇബ്ൻ-എ-സാഫിയുടെ ഇമ്രാൻ പരമ്പര, ജാസൂസി ദുനിയ തുടങ്ങിയ പ്രശസ്ത അപസർപ്പക നോവലുകളുടെയെല്ലാം പേജുകൾ കാലപ്പഴക്കംകൊണ്ട് മഞ്ഞനിറമായിരിക്കുന്നു. ഇബ്ൻ-എ-സാഫിയുടെ 72 നോവലുകൾ ലൈബ്രറിയുടെ പുസ്തകശേഖരത്തിന്റെ ഭാഗമാണ്.

Zardab Shah reading a book at the library
PHOTO • Apekshita Varshney
Zardab Shah’s favourite - The World Book Encyclopedias at the library
PHOTO • Apekshita Varshney

യു.പി.യിലെ ഖിസിർപൂർ അലിനഗറിൽനിന്നുള്ള സർദാബ് ഷാ (ഇടത്ത്) പറയുന്നു: 'ഗ്രാമത്തിൽ ഞാൻ എന്റെ സമയം പാഴാക്കികളയുകയായിരുന്നു....ഇവിടെ എനിക്ക് ചുരുങ്ങിയത് വായിക്കാനും പഠിക്കാനുമെങ്കിലും സാധിക്കുന്നു'

ഉമേറ അഹമ്മദിന്റെ (ലൈബ്രറിയിൽ ഏറ്റവും കൂടുതൽപ്പേർ വായിക്കുന്നത് അവരുടെ പുസ്തകങ്ങളാണ്) നോവലുകളുടെ പേജുകൾ മിക്കതും അറ്റം മടങ്ങിയതും വശങ്ങളിൽ കുറിപ്പുകൾ ഉള്ളതുമാണെന്നത് ഫൈസയെ അത്ഭുതപ്പെടുത്തുന്നു. അഹമ്മദിന്റെ പുസ്തകങ്ങൾക്ക് പുറമേ. റസിയഭട്ട്, ഇസ്മത് ചുഗ്തായ്, മുൻഷി പ്രേംചന്ദ്, സാദത്ത് ഹസ്സൻ മാന്റോ എന്നിവരുടെ പുസ്തകങ്ങളും ഷേക്‌സ്‌പിയറിന്റെ കൃതികളുടെ ഉറുദു തർജ്ജമയും ലൈബ്രറിയിലുണ്ട്. ഹാരിപോട്ടർ പുസ്തകങ്ങളും ചേതൻഭഗത്തിന്റെ പുസ്തകങ്ങളും തീർച്ചയായും ഉണ്ടായിരുന്നു.

ഉത്തർ പ്രദേശിലെ ഗാസിപൂർ ജില്ലയിലുള്ള ഖിസിർപൂർ അലിനഗർ ഗ്രാമത്തിൽനിന്ന് മുംബ്രയിലെത്തിയ 20- കാരിയായ സർദാബ് ഷാ വായിക്കുന്നത് ശരദ്പഗാരെ എഴുതിയ, ഹിന്ദി ഭാഷയിലുള്ള ഉജാലെ കി തലാഷ് എന്ന ത്രില്ലർ നോവലാണ്. എന്നാൽ അവരുടെ കണ്ണുകൾ ഉടക്കിനിൽക്കുന്നത് അലമാരിയുടെ മുകളിൽവെച്ചിട്ടുള്ള വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയയിലാണ്. "അവ വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ ഞങ്ങൾക്ക് അനുവാദമില്ല.", വിഷമത്തോടെ അവർ പറയുന്നു. "ഭൂപടങ്ങൾ നോക്കിയിരിക്കാനും സ്വിറ്റസർലണ്ടിലേയ്ക്ക് ഒരു സാഹസികയാത്ര നടത്തുകയാണെന്ന് സങ്കൽ‌പ്പിക്കാനും എനിക്ക് ഇഷ്ടമാണ്."

ജീവിതത്തിൽ അത്തരമൊരു ആവേശം തൊട്ടറിയാൻ ഷായ്ക്ക് അവസരം ലഭിച്ചത് കഴിഞ്ഞവർഷം അവർക്ക് ബനാറസ് ഹിന്ദു സർവകലാശാലയിൽ ഇംഗ്ളീഷിൽ ബിരുദാനന്തരബിരുദത്തിന് പ്രവേശനം ലഭിച്ചപ്പോഴാണ്. എന്നാൽ ഷായുടെ രക്ഷിതാക്കൾ അവരെപഠിക്കാൻ അനുവദിച്ചില്ല. ഷായുടെ അച്ഛൻ ഒരു ട്രക്ക് ഡ്രൈവറും അമ്മ വീട്ടമ്മയുമാണ്. "ഞാൻ ഹോസ്റ്റലിൽ താമസിക്കുന്നതിനോട് അവർക്ക് താത്പര്യമുണ്ടായിരുന്നില്ല.", ഷാ പറയുന്നു. ഇതിനുപിന്നാലെ, ഷായുടെ മാതാപിതാക്കൾ അവരെ പഠനാവശ്യത്തിനായി തങ്ങിയിരുന്ന അമ്മാവന്റെ വീട്ടിൽനിന്ന് മാറ്റി, തങ്ങളോടൊപ്പം മുംബ്രയിലേയ്ക്ക് കൊണ്ടുവന്നു. മുംബൈയിലെ ഒരു കോളേജിൽ പ്രവേശനത്തിന് ശ്രമിക്കുകയാണ് ഷാ ഇപ്പോൾ. താമസിക്കുന്ന കെട്ടിടത്തിലെ ആരോ പറഞ്ഞ് റെഹ്നുമയെക്കുറിച്ച് കേട്ടതും ഷാ അവിടെ അംഗത്വമെടുക്കുകയായിരുന്നു.

"ഗ്രാമത്തിൽ ഞാൻ എന്റെ സമയം പാഴാക്കികളയുകയായിരുന്നു...ഇവിടെ ചുരുങ്ങിയത് വായിക്കാനും പഠിക്കാനുമെങ്കിലും എനിക്ക് കഴിയുന്നു.", അവർ പറയുന്നു. മുംബ്രയുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തെങ്കിലും സർദാബിന് തന്റെ ഗ്രാമത്തെക്കുറിച്ചോർത്ത് നഷ്ടബോധമൊന്നുമില്ല. "അവിടെ അവസരങ്ങൾ ഒന്നുംതന്നെയില്ല", അവർ പറയുന്നു. "ഒരാൾക്ക് കുട്ടിക്കാലത്തുമാത്രം ഇഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു സ്ഥലമാണത്, മുതിർന്നുകഴിഞ്ഞാൽ അതിന് സാധിക്കില്ല." ഇപ്പോൾ രെഹ്നുമയുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ വെളിച്ചത്തിൽ അവർ പറയുന്നു, "ഞാൻ ആഗ്രഹിക്കുന്ന ആവേശവും സാഹസികതയും എനിക്ക് ഇവിടെ കണ്ടെത്താനാൻ സാധിക്കും."

Shafiya Shaikh reads as daughter Misbaah Fatima, 4, looks on
PHOTO • Apekshita Varshney
Nemrah Ahmed’s books read by Shafiya Shaikh and her mother Shaikh Haseena Bano
PHOTO • Apekshita Varshney

ലൈബ്രറിയിലെ ഏറ്റവും ഊർജസ്വലരായ വായനക്കാരിൽ ഒരാളായ ഷഫിയ ഷെഖ് പലപ്പോഴും തന്റെ മകൾക്ക് ഉറക്കെ വായിച്ചുകൊടുക്കാറുണ്ട്.  നെംറ അഹമ്മദിന്റെ നോവലുകൾക്ക് (വലത്ത്) ഒട്ടേറെ വായനക്കാരുണ്ട്

1992-ൽ മുംബൈയിൽ നടന്ന വർഗീയകലാപത്തിന് പിന്നാലെ ഒട്ടേറെ മുസ്‌ലിം കുടുംബങ്ങൾ മുംബ്രയിലേക്ക് കുടിയേറുകയുണ്ടായി. ഷഫിയ ഷെയ്‌ഖിന്റെ കുടുംബവും ഇതേസമയത്താണ് തെക്കൻ മുംബൈയിലെ വർളിയിൽനിന്ന് ഇവിടേയ്ക്ക് വന്നത്. ശാരീരികമായി പരിക്കൊന്നും പറ്റിയിരുന്നില്ലെങ്കിലും മാനസികമായി തകർന്ന നിലയിലായിരുന്നു അവർ. ഭർത്താവിൽനിന്ന് വിവാഹമോചനം നേടാൻ സഹായം തേടിയാണ് ഷഫിയ ആദ്യമായി രെഹ്‌നുമയിലെത്തുന്നത്. ഗർഭിണിയായ ഷഫിയയെ അവരുടെ ഭർത്താവ് ഉപേക്ഷിക്കുമ്പോൾ ഇരുവരുടെയും വിവാഹം കഴിഞ്ഞ് എട്ടുമാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. രെഹ്‌നുമയിലെ ലൈബ്രറിയിൽ ഉയരത്തിൽ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങൾ കണ്ടപ്പോൾ ഷഫിയ ആശയക്കുഴപ്പത്തിലായി. "നമ്മുടെ സമൂഹത്തിലെ സ്ത്രീകൾക്ക്  മറ്റെല്ലാംപോലെത്തന്നെ പുസ്തകങ്ങളും അപ്രാപ്യമാണല്ലോ എന്നാണ് ഞാൻ ആലോചിച്ചത്."

അധികം വൈകാതെ, ഷഫിയയും അവരുടെ മാതാവ ഹസീന ബാനോവും ലൈബ്രറിയിൽ അംഗങ്ങളായി. ഇപ്പോൾ 27 വയസ്സുള്ള ഷഫിയ ചില പുസ്തകങ്ങൾ തന്റെ 4 വയസുള്ള മകൾ മിസ്ബാ ഫാത്തിമയ്ക്ക് വായിച്ചുകൊടുക്കാറുമുണ്ട്. ലൈബ്രറിയിൽ ഇപ്പോഴുള്ള അംഗങ്ങളിൽ ഏറ്റവും ഊർജസ്വലരായ വായനക്കാരാണ് ഷെയ്ഖ് കുടുംബം. മറ്റുള്ളവർ ഒന്നും രണ്ടും മാസമെടുത്ത് ഒരു പുസ്തകം വായിച്ച് തിരികെക്കൊടുക്കുമ്പോൾ, ഷെയ്ഖ് കുടുംബം ആഴ്ചതോറും 2, 3 പുസ്തകങ്ങളും 2, 3 മാസികകളും വീതമാണ് വായിച്ചുതീർക്കുന്നത്.

ഷഫിയ ഇപ്പോൾ വായിക്കുന്നത് വിഖ്യാത പാകിസ്താനി നോവലിസ്റ്റായ നെംറ അഹമ്മദ് എഴുതിയ ജന്നത്ത് കി പതെയ് എന്ന പുസ്തകമാണ്. കഥയിൽ ഒരു പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടക്കുമ്പോൾപ്പോലും നായക കഥാപാത്രം അവളുടെ രക്ഷയ്ക്കെത്തുന്നില്ല. "ഒരു നായകൻ വന്ന് എല്ലാവരേയും രക്ഷിക്കാനൊന്നും പോകുന്നില്ല.", അവർ പറയുന്നു.

പുസ്തകങ്ങൾ എന്ന ആകർഷണത്തിനുപുറമെ, ലൈബ്രറി ഈ സ്ത്രീകളെ സൗഹൃദത്തിന്റെ ചരടിൽ ഒന്നിപ്പിക്കുകയും ചെയ്യുന്നു. "ഇവിടെ ഞങ്ങൾക്ക് ഇഷ്ടമുള്ളപോലെ ഇരിക്കാം, ചിരിക്കാം, കളിക്കാം, സംസാരിക്കാം. വീട്ടിൽ ലഭിക്കാത്ത സ്വാതന്ത്ര്യം ഞങ്ങൾക്ക് ഇവിടെയുണ്ട്.", സർദാബ് പറയുന്നു. മുത്തലാഖ് പ്രമേയമാക്കി സീ ടിവി സംപ്രേഷണം ചെയ്യുന്ന ഇഷ്ഖ് സുബാൻ അല്ലാഹ് എന്ന പരിപാടിയാണ് ഇപ്പോൾ ഇവർക്കിടയിലെ ചൂടുള്ള ചർച്ചാവിഷയം.

ലൈബ്രേറിയനായ ഫൈസയും ഈ ചെറുപ്പകാരികൾക്ക് മാതൃകയാണ്. അല്പം മടിയോടെയാണ് ഫൈസ ലൈബ്രേറിയൻ ജോലി ഏറ്റെടുത്തെങ്കിലും ഇന്ന് ഈ യുവതികളെ ഒന്നിച്ചുകൂട്ടാനും അവർ വായിക്കാൻ ഇടയില്ലാത്ത പുസ്തകങ്ങളെക്കുറിച്ച് അവരോട് സംസാരിക്കാൻ മുൻകൈയ്യെടുക്കുന്നതുമെല്ലാം ഫൈസയാണ്. ഫൈസ അവസാനം സംസാരിച്ചത് റാണ അയൂബ് എഴുതിയ ഗുജറാത്ത് ഫയൽസ് എന്ന പുസ്തകത്തെക്കുറിച്ചാണ്. 2002-ൽ ഗുജറാത്ത് സംസ്ഥാനത്ത് നടന്ന വർഗീയകലാപത്തെക്കുറിച്ച് നടന്ന അന്വേഷണങ്ങൾ പ്രതിപാദിക്കുന്ന ഈ പുസ്തകത്തെക്കുറിച്ചുള്ള ചർച്ച ഗാലിബ്-ഫായിസ് ചർച്ചയിൽനിന്ന് വ്യത്യസ്തമായി തീർത്തും മ്ലാനമായ അന്തരീക്ഷത്തിലാണ് നടന്നത്.

പരിഭാഷ: പ്രതിഭ ആര്‍.കെ .

Apekshita Varshney

Apekshita Varshney is a freelance writer from Mumbai.

Other stories by Apekshita Varshney
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.