വേനൽ കത്തിനിന്ന ഇക്കഴിഞ്ഞ മേയ് മാസത്തിലെ ഒരു ദിവസം, ഗോത്തം ഹനീമി റെഡ്‌ഡി നുസേന്ദ്ല മണ്ഡലിലെ ത്രിപുരാപുരം ഗ്രാമത്തിൽനിന്ന് ഗുണ്ടൂരിലേയ്ക്ക് 105 കിലോമീറ്റർ ട്രാക്കിൽ യാത്രചെയ്തു. അഞ്ചേക്കർ വരുന്ന തന്റെ കൃഷിയിടത്തിൽ വിളഞ്ഞ 8 ക്വിൻറ്റൽ മുളക് വിൽക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ആ യാത്ര. ഈ വർഷത്തെ അവസാനത്തെ വിളവായിരുന്നു അത്. ഇതിനുമുൻപ് ഏപ്രിലിൽ മൂന്നുതവണ ചന്തയിൽ വന്നപ്പോഴും, മുളകിന്റെ ഇനമനുസരിച്ച് - മിർച്ചി LCA334 അല്ലെങ്കിൽ ഗുണ്ടൂർ സന്നം - ക്വിൻറ്റലിന് 6,000 രൂപ മുതൽ 8,000 രൂപവരെ വെച്ച് - വിൽ‌പ്പന നടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ പട്ടണത്തിലുള്ള എൻ.ടി.ആർ. അഗ്രിക്കൾച്ചറൽ മാർക്കറ്റ് കമ്മിറ്റി യാർഡിൽ വീണ്ടും എത്തിയ അദ്ദേഹം, വിലകൂടുന്നതനുസരിച്ച് തന്റെ കയ്യിലുള്ള മുളക്` വിൽക്കാമെന്ന പ്രതീക്ഷയിൽ 3 ദിവസമായി അവിടെ കഴിയുകയായിരുന്നു. 2017- 2018-ലെ കാർഷിക സീസണിലെ മുളകിന്റെ വില്പന അവസാനിക്കുന്ന ദിവസം, ചന്തയിൽ കർഷകർക്കായുള്ള ഭക്ഷണശാലയുടെ പുറത്തിരുന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഇന്ന് മുളകിന്റെ വില പിന്നെയും ഇടിഞ്ഞിരിക്കുന്നു; കമ്മീഷൻ ഏജന്റുമാർ ക്വിൻറ്റലിന് 4,200 രൂപ മാത്രമാണ് നൽകുന്നത്. അവരെല്ലാവരും സംഘംചേർന്ന് തോന്നിയതുപോലെ വില നിശ്ചയിക്കുകയാണ്."

മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലാത്തതിനാൽ, മുളകിന്റെ ലോഡ് തിരികെ കൊണ്ടുപോയി ശീതീകരിച്ച് സൂക്ഷിക്കാനോ അതല്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാനോ തീരുമാനിക്കാൻ റെഡ്‌ഡി ഇവിടെ നിർബന്ധിതനായി. "ശീതീകരണിയുടെ ചിലവ് എനിക്ക് താങ്ങാനാവില്ല; അതുകൂടാതെ, ഒരു ക്വിൻറ്റൽ - 50 കിലോവീതം കൊള്ളുന്ന രണ്ട് സഞ്ചികൾ – ഒരുതവണ കൊണ്ടുപോകാൻതന്നെ 1,000 രൂപയാണ്ചിലവ്", കുറഞ്ഞ വിലയ്ക്ക് മുളക് വിൽക്കാനുള്ള തന്റെ തീരുമാനം വിശദീകരിച്ചുകൊണ്ട് റെഡ്ഡി പറഞ്ഞു. സംസാരം ഇടയ്ക്കുവെച്ച് നിർത്തി, ശബ്ദംകുറച്ച് അദ്ദേഹം തുടർന്നു : "ബ്രോക്കർമാരും ശീതീകരണസംവിധാനം ഒരുക്കുന്നവരും തമ്മിലുള്ള കൂട്ടുകെട്ട് എല്ലാവർക്കും അറിയുന്ന കാര്യമാണ്. രണ്ടുകൂട്ടർക്കും ലാഭമുണ്ടാകുന്ന കച്ചവടമാണ് ഇത്."

വിത്ത്, വളം, കളനാശിനി, തൊഴിലാളികൾക്കുള്ള കൂലി എന്നിങ്ങനെ ഏക്കറൊന്നിന് 2 ലക്ഷം രൂപവീതം റെഡ്‌ഡി ചിലവിട്ടിരുന്നു. അതിന് പുറമേയായിരുന്നു അദ്ദേഹത്തിന്റെയും ഭാര്യയുടെയും അധ്വാനവും. ഇതിന്റെ ഫലമായി 2017-2018ലെ, ഒക്ടോബർ മുതൽ മാർച്ചുവരെ നീളുന്ന മുളക് സീസണിൽ, ഒരേക്കറിൽനിന്ന് 20 ക്വിൻറ്റൽ വീതം എന്നതോതിൽ അവർക്ക് വിളവ് ലഭിക്കുകയുണ്ടായി. ഏകദേശം 10 ലക്ഷം രൂപ ചിലവിൽ ആകെ 100 ക്വിൻറ്റൽ വിളവ്. മുൻവർഷങ്ങളിൽ അല്പമെങ്കിലും ലാഭം ഉറപ്പാക്കുന്ന കണക്കായിരുന്നു ഇത്. 2015-2016-ൽ ക്വിൻറ്റലിന് 12,000 - 15,000 രൂപവരെ വില ഉയർന്നതും (അന്താരാഷ്ട്രവിപണിയിൽ മുളകിന്റെ ആവശ്യകത വർധിച്ചതായിരുന്നു കാരണം) ചില വർഷങ്ങളിൽ ക്വിന്റലിന് 10,000 രൂപയെങ്കിലും ലഭിച്ചിരുന്നതുമെല്ലാംവെച്ച്, കർഷകർക്ക് മുതൽമുടക്കിയ തുകയെങ്കിലും തിരികെ ലഭിക്കുമെന്ന സ്ഥിതിയുണ്ടായിരുന്നു.

Gottam Hanimi Reddy showing the bills he got from the middlemen. The bills show the quantity sold and the price offered apart from other details like commission, debts and dues
PHOTO • Rahul Maganti
Mohammad Khasim, 24 from Tripuranthakam village in Prakasam district.
PHOTO • Rahul Maganti

ഗോത്തം ഹനീമി റെഡ്‌ഡി (ഇടത്) കുറഞ്ഞ വിലയ്ക്ക് തന്റെ പക്കലുള്ള മുളക് വിൽക്കാൻ നിർബന്ധിതനായി; മുഹമ്മദ്ഖാസിം (വലത്) തന്റെ ഗതികേട് നിമിത്തം നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി വിളവിന്റെ ഒരു പങ്ക് കത്തിച്ചുകള യുകയും ചെയ്തു

"ഇനി നിങ്ങൾ പറയൂ, ഈ വർഷം മാത്രം എനിക്ക് എത്രയാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്?", റെഡ്‌ഡി ചോദിച്ചു. "കഴിഞ്ഞ വർഷം (2016- 2017), എനിക്ക് 4 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.  ഇപ്പോൾ എനിക്ക് 36 ശതമാനം പലിശയ്ക്ക് 9 ലക്ഷം രൂപ കടമുണ്ട്. (അവയിൽ കുറച്ച് ബാങ്ക് വായ്പയാണ്; ബാക്കി ഏറിയപങ്കും സ്വകാര്യപണമിടപാടുകാരിൽനിന്ന് വാങ്ങിയതും)

2016-2017 കാർഷികസീസണിൽ വിപണിയിൽ മുളകിന്റെ കുത്തൊഴുക്കായിരുന്നു. 2015-2016 ൽ മുളകിന് ല ഭിച്ച ഉയർന്നവില അടുത്തവർഷവും ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി കർഷകരാണ് മുളകുകൃഷി ചെയ്തത്. ഇതിനുപുറമെ, പരുത്തി വിളവ് പുഴുക്കൾ നശിപ്പിക്കുന്ന സ്ഥിതിയായതോടെ, പരുത്തി കർഷകരും അല്പം ലാഭം കണ്ടെത്താനായി മുളകിലേയ്ക്ക് തിരിഞ്ഞു. എന്നാൽ ആ വർഷം, മുൻപൊരിക്കലും സംഭവിക്കാത്ത തരത്തിൽ ക്വിൻറ്റൽ ഒന്നിന് 1,500 - 3,000 രൂപ എന്ന നിലയിലേയ്ക്ക് വില കൂപ്പുകുത്തി. ഇതിനുപിന്നാലെ,  പത്തോളം മുളകു കർഷകർ ആത്മഹത്യചെയ്തതായി ആന്ധ്രയിലെ പ്രാദേശിക ദിനപ്പത്രങ്ങൾ റിപ്പോർട്ട്ചെയ്യുകയുണ്ടായി. (കാണുക: പെനുഗോലാനുവിൽ മുളകിന് പഴയ എരിവില്ല )

"കഴിഞ്ഞ 10 വർഷത്തിനിടെ, ഒരേക്കറിൽ മുതൽമുടക്കേണ്ട തുക 30,000 രൂപയിൽനിന്ന് 2 ലക്ഷംരൂപവരെയായി ഉയർന്നപ്പോൾ, മുളകിന്റെ വില ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്", വിജയവാഡ ആസ്ഥാനമാക്കിപ്രവർത്തിക്കുന്ന,  അഖിലേന്ത്യാ കിസാൻസഭാ (All India Kisan Sabha -AIKS) പ്രവർത്തകനായ നാഗബോയിന രംഗറാവു പറയുന്നു. മുളകിന് കൃത്യമായ വില ലഭിക്കാത്തതിനാൽ കർഷകർ മറ്റു വിളകളിലേയ്ക്ക് തിരിയാൻ നിർബന്ധിതരാകുകയാണ്. 2016- 2017-ൽ ആന്ധ്രയിലുടനീളം 4.65 ലക്ഷം ഏക്കറിൽ മുളകുകൃഷി നടത്തി ആകെ 93 ലക്ഷം ടൺ വിളവ് ലഭിച്ചിടത്തുനിന്ന് 2017-2018 ആയപ്പോഴേക്കും 2.5 ലക്ഷം ഏക്കറിൽമാത്രമാണ് മുളകുകൃഷി ഇറക്കിയത്. (ഗുണ്ടൂരിൽ പ്രവർത്തിക്കുന്ന അങ്ങാടിയുടെ സെക്രട്ടറി നൽകിയ വിവരമനുസരിച്ച്); ആകെ ലഭിച്ച വിളവാകട്ടെ, 50 ലക്ഷം ടണ്ണും.

"മുളകിന്റെ ലഭ്യത കൂടിയതും ആവശ്യകത കുറഞ്ഞതുമാണ് കഴിഞ്ഞവർഷം വിലകുറയാൻ കാരണമായതെന്നാണ് ബ്രോക്കർമാരും ഉദ്യോഗസ്ഥരും അവകാശപ്പെട്ടത്. എന്നാൽ, ഈ വർഷം, ലഭ്യത കുറവും ആവശ്യകത കൂടുതലും ആയിട്ടും, വിലയിൽ കാര്യമായ വർദ്ധനവുണ്ടായിട്ടില്ല.", പ്രകാശം ജില്ലയിലെ ത്രിപുരാന്തകം ഗ്രാമത്തിൽനിന്നുള്ള 24-കാരനായ മുഹമ്മദ് ഖാസിം പറയുന്നു. ന്യായവില ലഭിക്കാത്തതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, 2017 മാർച്ചിൽ മുഹമ്മദ്ഖാസിം തന്റെ വിളവിന്റെ ഒരു പങ്ക് ഗുണ്ടൂരിലെ ചന്തയുടെ മുന്നിലിട്ട് കത്തിച്ചിരുന്നു.

Januboina Ankalamma separating the mirchi according to grade in the farm of Rami Reddy
PHOTO • Rahul Maganti
Mirchi being dried up in the Guntur market yard
PHOTO • Rahul Maganti

വിളവിന് ലഭിക്കുന്ന വില കുറയുമ്പോൾ ജാനുബോയി നഅങ്കാളമ്മയെപ്പോലുള്ള കർഷകത്തൊഴിലാളികളും അതിന്റെ ദുരിതമനുഭവിക്കുന്നു. വലത്ത്- മുളക് സമൃദ്ധമായി വിളഞ്ഞാലും അതിന് ന്യായമായ വില ലഭിക്കണമെന്നില്ല

കർഷകർ നഷ്ടം സഹിച്ച് കൃഷിയിറക്കുമ്പോൾ, അവർ ജോലിക്ക് നിർത്തുന്ന കർഷകത്തൊഴിലാളികളുടെ ദുരിതവും വർധിക്കുന്നു. മൂന്നും നാലും ഘട്ടങ്ങളിലായി — ആദ്യം വിത്ത് വിതയ്ക്കുമ്പോൾ, പിന്നീട് കളപറിക്കുമ്പോൾ, ഏറ്റവുമൊടുവിൽ വിളവെടുത്ത് മുളക് തരംതിരിച്ച് മാറ്റിയെടുക്കുമ്പോൾ - ഒട്ടനേകം തൊഴിലാളികളുടെ അധ്വാനം ആവശ്യപ്പെടുന്ന കാർഷികവിളയാണ് മുളക്. "ഇതിൽ ആദ്യത്തെ രണ്ട് ജോലികളും സ്ത്രീകളാണ് ചെയ്യാറുള്ളത്. വിളവെടുക്കുന്നത് പുരുഷന്മാരാണ്; ഈ ഘട്ടത്തിൽ, ഒരേക്കറിന് ഒന്നരലക്ഷത്തോളം രൂപവീതം ചിലവ് വരും. 300 തൊഴിലാളികൾ രണ്ട് ദിവസം ജോലിചെയ്താലാണ് ഒരേക്കറിലെ മുളക് പറിച്ചെടുക്കാനാവുക.", കൃഷ്ണ ജില്ലയിലെ ഗാമ്പലഗുഡം മണ്ഡലിൽ ഉൾപ്പെടുന്ന മേദൂരു ഗ്രാമത്തിൽ 2 ഏക്കർ സ്വന്തമായുള്ള അൽത്തൂരി രാമി റെഡ്‌ഡി പറയുന്നു.

റാമി റെഡ്‌ഡിയുടെ കൃഷിയിടത്തിൽ തൊഴിലെടുക്കാനായി തൊട്ടടുത്തുള്ള തിരുവൂരു മണ്ഡലിലെ ഗാനുഗപാഡു ഗ്രാമത്തിൽനിന്ന് 15 കിലോമീറ്റർ ട്രാക്ടറിൽ സഞ്ചരിച്ച് എത്തുന്ന ജാനുബോയിന അങ്കാളമ്മ പറയുന്നു: "ശമ്പളംകൂട്ടിത്തരാൻ ഞങ്ങൾ കൃഷിക്കാരോട് ആവശ്യപ്പെടുമ്പോൾ, (പുരുഷന്മാർക്ക് 250 രൂപയും സ്ത്രീകൾക്ക് 150 രൂപയും എന്നത് മാറ്റി എല്ലാവർക്കും തുല്യവേതനം എന്നആവശ്യവും ഇവർക്കുണ്ട്), ഞങ്ങൾക്ക് അർഹമായതിലും കൂടുതൽ പണം ഇപ്പോൾത്തന്നെ തങ്ങൾ നൽകുന്നുണ്ടെന്നാണ് അവർ പരാതിപ്പെടുന്നത്. മുളകിന് നല്ല വില ലഭിക്കാത്തതിനാൽ തങ്ങൾ വലിയ നഷ്ടം നേരിടുകയാണെന്നും അവർ പറയുന്നു. കർഷകർക്ക് അവരുടെ വിളവിന് ന്യായവും ലാഭകരവുമായ വില ലഭിക്കുമെന്ന് സർക്കാർ ഉറപ്പ് വരുത്തിയാൽ, കർഷകരും ഞങ്ങൾക്ക് ശമ്പളം കൂട്ടിത്തന്നേക്കും."

ഏഷ്യയിലെ ഏറ്റവും വലിയ ചന്തയായ ഗുണ്ടൂരിൽ ഏകദേശം 400 കമ്മീഷൻ ഏജന്റുമാർ കൃഷിക്കാർക്കും വിളവ് വാങ്ങുന്നവർക്കും കയറ്റുമതിക്കാർക്കും ഇടയിൽ ബ്രോക്കർമാരായി പ്രവർത്തിക്കുന്നുണ്ട്. കർഷകന് ലഭിക്കുന്ന ഓരോ 100 രൂപയ്ക്കും 3 രൂപമുതൽ 5 രൂപവരെ ഇവർക്ക് കമ്മീഷനായി ലഭിക്കുന്നു; ഈ തുകയും കർഷകന് ഒടുവിൽ കൈയ്യിൽ ലഭിക്കുന്ന തുകയിൽനിന്നാണ് കുറയ്ക്കുന്നത്. "അവരിൽ പകുതിയിലധികംപേർക്കും ലൈസൻസില്ലാതിരുന്നിട്ടും രാഷ്ട്രീയക്കാരുമായുള്ള ബന്ധത്തിന്റെ ബലത്തിലാണ് അവർ പ്രവർത്തിക്കുന്നത്. ഉദ്യോഗസ്ഥരും ബ്രോക്കർമാരും രാഷ്ട്രീയക്കാരും ഒത്തുകളിച്ച് വിളവിന് കുറഞ്ഞവില മാത്രമായി നിലനിർത്തുകയും അതിന്റെ ഫലമായി കർഷകർക്ക് ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപ നഷ്ടമുണ്ടാകുകയുമാണ് ചെയ്യുന്നത്.", ഏജന്റുമാരുടെ സംഘംചേർന്നുള്ള പ്രവർത്തനത്തിനെതിരായും വിളകൾക്ക് വിലകുറയുന്നതിനെതിരായും സമരങ്ങൾ സംഘടിപ്പിച്ചിട്ടുള്ള AIKS‌ന്റെ ‌പ്രവർത്തകനായ നാഗബോയിന രംഗറാവു പറയുന്നു.

2018 ഫെബ്രുവരി 1‌-ന് ഗുണ്ടൂരിലെ മുളക്ചന്ത e-NAM (electronic National Agricultural Markets) സംവിധാനത്തിന്റെ ഭാഗമായതിലൂടെ  കംപ്യൂട്ടർവത്ക്കരിക്കപ്പെട്ടു. രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നുള്ളവർക്കും ഗുണ്ടൂരിൽനിന്ന് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമായി. ഈ സംവിധാനം പരീക്ഷണാർത്ഥം ഉപയോഗിക്കുന്ന 585 Agricultural Produce Market Committee (APMC) വിപണികളിൽ ഒന്നാണ് ഗുണ്ടൂരിലേത്. 2016 ഏപ്രിൽ 16-ന് ആരംഭിച്ച ഈ പദ്ധതി ലക്ഷ്യമിടുന്നത്, APMC നിയന്ത്രിക്കുന്ന വിപണികളെ അഖിലേന്ത്യാതലത്തിലുള്ള ഒരു ഇലക്ട്രോണിക് വ്യാവസായിക പോർട്ടൽ മുഖാന്തിരം ബന്ധിപ്പിക്കുകവഴി, കാർഷികവിളകൾക്കായി ഓൺലൈനിൽ ഒരു ഏകീകൃത ദേശീയവിപണി സൃഷ്ടിക്കുക എന്നതാണ്. ഈ പദ്ധതി കൃത്യമായി നടപ്പാക്കാനായാൽ, തദ്ദേശീയരായ ഏജന്റുമാരുടെ ഗൂഢസംഘങ്ങളെ തകർക്കാനും വിളകൾ വാങ്ങാനെത്തുന്നവർക്കിടയിൽ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുകവഴി കർഷകർക്ക് ന്യായമായ വില ഉറപ്പാക്കാനും സഹായിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

Mirchi being stuffed in jute bags by the workers in the yard
PHOTO • Rahul Maganti
Jute bags stuffed with mirchi for sale to the exporters in Guntur Mirchi yard
PHOTO • Rahul Maganti

തൊഴിലാളികൾ ഉണങ്ങിയ മുളക് ചണത്തിന്റെ സഞ്ചികളിൽ നിറയ്ക്കുന്നു. ട്രക്കുകളിലും ടെമ്പോകളിലും കയറ്റി ഈസഞ്ചികൾ ചന്തയിൽ എത്തിച്ചശേഷം കയറ്റുമതിക്കാർക്കും മുളക് വാങ്ങാനെത്തുന്ന മറ്റുള്ളവർക്കും വിൽക്കും

ഗുണ്ടൂരിലെ ബ്രോക്കർമാർ വില്പന കംപ്യൂട്ടർവത്ക്കരിക്കാനുള്ള നീക്കത്തെ എതിർക്കുകയും കർഷകർ ചന്തയിലേ കൊണ്ടുവരുന്ന സാധനങ്ങൾ വാങ്ങാൻ വിസമ്മതിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിനുപിന്നാലെ, ഈവർഷം മാർച്ചിൽ, തങ്ങളുടെ വിളകൾ വാങ്ങില്ലെന്ന ബ്രോക്കർമാരുടെ നിലപാടിനെതിരെ കർഷകരും പ്രതിഷേധമുയർത്തി. "ഞങ്ങൾക്ക് വിളകൾ തിരികെകൊണ്ടുപോകാനാകില്ല. അതുകൊണ്ട് ഞങ്ങൾ ചന്തയ്ക്ക് സമീപത്തുകൂടെപോകുന്ന ചിലകലൂരിപെട്ട് റോഡ് ഉപരോധിക്കുകയും e--NAM പദ്ധതി നടപ്പാക്കുന്നത് കുറച്ചുദിവസം നീട്ടിവെക്കാൻ അധികാരികളെ നിർബന്ധിതരാക്കുകയും ചെയ്തു", ഖാസിം പറയുന്നു.

ഏപ്രിലിൽ ഗുണ്ടൂരിൽ e-NAM പദ്ധതി പുനരാരംഭിച്ചു. വിപണിയുടെ സെക്രട്ടറി വെങ്കടേശ്വര റെഡ്‌ഡി പറയുന്നു: "പദ്ധതി പുനരാരംഭിച്ചെങ്കിലും ഇവിടത്തെ വിപണിയെ രാജ്യത്തെ മറ്റ് വിപണികളുമായി ബന്ധിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല.". കംപ്യൂട്ടർവത്ക്കരണം അതുകൊണ്ടുന്നെ മുളകിന്റെ വില ഉയരുന്നതിലേയ്ക്ക് നയിച്ചിട്ടില്ല. "വിപണികൾ ബന്ധിപ്പിക്കപ്പെടുമ്പോൾമാത്രമാണ് e-NAM ഗുണകരമാകുന്നത്. അല്ലാത്തപക്ഷം, ഇപ്പോൾ ഓഫ്‌ലൈനിൽ സംഘംചേരുന്ന ഏജന്റുമാർ ഇനി മുതൽ ഓൺലൈനിൽ ഒത്തുകൂടി പുതിയ സംഘം തുടങ്ങുകമാത്രമായിരിക്കും സംഭവിക്കുക.", ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, AIKS വൈസ് പ്രസിഡന്റ സാരമ്പള്ളി മല്ല റെഡ്‌ഡി പറയുന്നു. "അതുകൂടാതെ കൃഷി കോർപ്പറേറ്റുവത്കരിക്കാനും കാർഷികമേഖല വലിയ കോർപറേറ്റുകൾക്ക് തുറന്നുകൊടുക്കാനുമുള്ള മറ്റൊരു ഉപാധിമാത്രമാണ് e-NAM." ചുരുക്കത്തിൽ, ഏജന്റുമാരുടെ സംഘങ്ങളെ നിയന്ത്രിക്കാനായി അവതരിപ്പിക്കുന്ന പരിഹാരമാർഗ്ഗം ചൂഷകരുടെ സ്ഥാനത്ത് വലിയ കമ്പനികളെ പ്രതിഷ്ഠിക്കുക മാത്രമാകും ചെയ്യുന്നത്.

"ഇതിനുപകരം സർക്കാർ ചെയ്യേണ്ടത് കർഷകരുടെ ദീർഘനാളത്തെ ആവശ്യം അംഗീകരിച്ച് വിളകൾക്ക് അടിസ്ഥാനതാങ്ങുവില (Minimum Support Price- MSP) പ്രഖ്യാപിക്കുകയെന്നതാണ്.", മല്ല റെഡ്ഡിപറയുന്നു. ആന്ധ്രപ്രദേശ് സ്റ്റേറ്റ്  കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിനെയും നാഷണൽ അഗ്രിക്കൾച്ചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനെയും വിളകളുടെ വിപണനത്തിൽ പങ്കാളികളാക്കാനും സർക്കാർ തയ്യാറാകണം- ഈ രണ്ട് സംഘടനകളെയും 1991-ലെ ഉദാരീകരണത്തിനുശേഷം ക്രമാനുഗതമായി തകർക്കുകയാണുണ്ടായത്. e-NAM നടപ്പിലാക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ നമുക്ക് ഇപ്പോഴും കൈവരിക്കാൻ ആയിട്ടില്ലെന്നിരിക്കേ, സാങ്കേതികവിദ്യയും അതിൽ അധിഷ്ഠിതമായ പ്രക്രിയകളും കർഷകർക്കുമേൽ അടിച്ചേൽപ്പിക്കുന്നതിനുപകരം സർക്കാർ ചെയ്യേണ്ടത് മേൽപ്പറഞ്ഞ കാര്യങ്ങളാണ്." മുൻകാലങ്ങളിൽ കർഷകരിൽനിന്ന് വിളവ് ശേഖരിച്ചിരുന്ന ഫെഡറേഷനുകൾ കമ്മിഷൻ ഏജന്റുമാരുടെ സ്വാധീനം നിയന്ത്രിക്കുകയും കർഷകർക്ക് സംരക്ഷണമായി പ്രവർത്തിക്കുകയും ചെയ്തുപോന്നിരുന്നു.

കംപ്യൂട്ടർവത്കൃത വില്പനയുടെ ഗുണമോദോഷങ്ങൾ എന്തുതന്നെയായാലും, വിളകൾക്ക് ന്യായവില ലഭിക്കാനായി ദിവസങ്ങളോളം അങ്ങാടികളിൽ കാത്തുകെട്ടികിടക്കുകയും ഒടുവിൽ നിരാശരായി വീടുകളിലേക്ക് മടങ്ങേണ്ടിവരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകാത്ത നാളുകളെയാണ് ഹനീമി റെഡ്‌ഡിയെപ്പോലുള്ള കർഷകർ കാത്തിരിക്കുന്നത്,

പരിഭാഷ: പ്രതിഭ ആര്‍.കെ .

Rahul Maganti

Rahul Maganti is an independent journalist and 2017 PARI Fellow based in Vijayawada, Andhra Pradesh.

Other stories by Rahul Maganti
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.