"ഏതൊരു ദിവസമെടുത്താലും, ഈ ഗ്രാമത്തിലെ പകുതിയോളം പുരുഷന്മാർ ഗ്രാമത്തിന് പുറത്തായിരിക്കും. ഹൈദരാബാദിലെ അംബർപേട്ട് മാർക്കറ്റിലും വിജയവാഡയിലെ ബസന്ത് റോഡിലും മുംബൈയിലെ വാഷി മാർക്കറ്റിലും ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ സമീപത്തും അല്ലെങ്കിൽ ഡൽഹിയിലെ പഹർഗഞ്ചിലുമെല്ലാം നടന്ന് കൊട്ടകളും ഊഞ്ഞാലുകളും വിൽക്കുകയായിരിക്കും അവർ.", ഉത്തരാഞ്ചലിൽ വിൽ‌പ്പനയ്ക്കുപോയി ഈയടുത്ത് തിരിച്ചെത്തിയ മയലാപ്പിള്ളി പട്ടയ്യ പറയുന്നു.

42 വയസ്സുകാരനായ പട്ടയ്യ, മറ്റ് ഗ്രാമവാസികളെപ്പോലെ, ഏതാണ്ട് 20 വർഷം മുൻപാണ് നൈലോൺ കയർകൊണ്ട് നെയ്യുന്ന കൊട്ടകളും ബാഗുകളും ഊഞ്ഞാലുകളുമെല്ലാം നിർമ്മിച്ചുതുടങ്ങിയത്. അതിനുമുൻപ്, കൊവ്വാഡ ഗ്രാമത്തിൽ ജനങ്ങളുടെ പ്രധാന ജീവനോപാധി മത്സ്യബന്ധനമായിരുന്നു. ബംഗാൾ ഉൾക്കടലിന്റെ തീരത്തുള്ള, 250-ടുത്ത് ആളുകൾ മാത്രം താമസിക്കുന്ന കൊവ്വാഡ (സെൻസസ് രേഖകളിൽ ജീരുകൊവ്വാഡ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു), ശ്രീകാകുളം ജില്ലയിലെ രണസ്ഥലം മണ്ഡലിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഒരു ചെറിയ തീരദേശ ഗ്രാമമാണ്.

ഇരുപതുവർഷങ്ങൾക്കുമുൻപ്, ജലമലിനീകരണംമൂലം ഈ പ്രദേശത്തെ ജലവിഭവങ്ങൾ ഗുരുതരമായി ശോഷിക്കാൻതുടങ്ങി. 1990കളിൽ, കൊവ്വാഡ ഗ്രാമത്തിൽനിന്ന് കഷ്ടി 10 കിലോമീറ്റർ അകലെയുള്ള പിദിഭീമാവരം ഗ്രാമത്തിൽ ഉയർന്നുവന്ന മരുന്ന് നിർമ്മാണശാലകൾ, കാലക്രമേണ കടൽവെള്ളത്തെയും ഭൂഗർഭജലത്തെയും മലിനമാക്കിയതായി പഠനങ്ങൾ കാണിക്കുന്നു.

ഔഷധനിർമ്മാണപ്രക്രിയകൾക്കിടെ പുറന്തള്ളപ്പെടുന്ന അപകടകരമായ മാലിന്യങ്ങൾ കണക്കിലെടുത്ത്, ഈ മേഖലയിലെ പ്രവർത്തനങ്ങളെ ഇന്ത്യൻ പരിസ്ഥിതി മന്ത്രാലയം 'റെഡ് കാറ്റഗറി' പ്രവർത്തനങ്ങൾ ആയിട്ടാണ് പരിഗണിക്കുന്നത്. 1990-കളുടെ തുടക്കത്തിൽ, ആഗോളവത്ക്കരണത്തിന്റെ കടന്നുവരവിന് പിന്നാലെ, ഔഷധനിർമ്മാണ വ്യവസായം "ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗങ്ങളിലൊന്നായി" മാറിയെന്ന് 'ഇമ്പാക്ട്സ് ഓഫ് ഫാർമസ്യൂട്ടിക്കൽ പൊലൂഷൻ ഓൺ കമ്യൂണിറ്റീസ് ആൻഡ് എൻവയൺമെന്റ് ഇൻ ഇന്ത്യ' എന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ് ആന്ധ്രാപ്രദേശും തെലങ്കാനയും. "ഔഷധനിർമ്മാണ വ്യവസായത്തിന് തെലങ്കാനയിലും ആന്ധ്രയിലുമുണ്ടായ അനിയന്ത്രിതമായ വികസനം സൃഷ്‌ടിച്ച, നീണ്ടുനിൽക്കുന്ന, പ്രതികൂല പ്രത്യാഘാതങ്ങൾ' സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.

People are seating
PHOTO • Rahul Maganti
portrait of a person
PHOTO • Rahul Maganti

മയലാപ്പിള്ളി പട്ടയ്യയും (വലത്) മറ്റ് മത്സ്യബന്ധന തൊഴിലാളികളും ഗ്രാമത്തിന്റെ നടുക്കുള്ള, ഓലമേഞ്ഞ ഷെഡ്ഡിന് കീഴിൽ. ഇവിടെവെച്ചാണ് അവർ കൊട്ടകളും ഊഞ്ഞാലുകളും നിർമ്മിക്കുന്നത്

ഇന്ന്, ഔഷധനിർമ്മാണവ്യവസായത്തിന്റെ ആന്ധ്രയിലെ പ്രധാനകേന്ദ്രമാണ് പിദിഭീമാവരം-രണസ്ഥലി പ്രദേശം. ഈ ഭാഗത്തുകൂടി കടന്നുപോകുന്ന കൊൽക്കത്ത - ചെന്നൈ ദേശീയപാതയുടെ ഇരുവശത്തുമായി അസംഖ്യം മരുന്നുനിർമ്മാണശാലകൾ പ്രവർത്തിക്കുന്നതായി കാണാം. 2008-2009 കാലത്ത്, ഈ വ്യാവസായികമേഖലയെ പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിച്ചതോടെ, ഇവിടത്തെ ഔഷധനിർമ്മാണ വ്യവസായത്തിന് പുത്തനുർണവ്വ് ലഭിക്കുകയും പുതിയ ഒരുപാട് കമ്പനികൾ ഇവിടെ യൂണിറ്റുകൾ സ്ഥാപിക്കാൻ തുടങ്ങുകയും ചെയ്തു. 2005-ലെ പ്രത്യേക സാമ്പത്തികമേഖലാ ആക്ട്, വ്യവസായങ്ങൾക്ക് സബ്‌സിഡിയും നികുതിയിളവും കൊടുക്കുന്നതിനൊപ്പം തൊഴിൽനിയമങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു. ഔഷധനിർമാണ മേഖലയ്ക്ക് ഊന്നൽ കൊടുക്കുന്ന നാല് പ്രത്യേക സാമ്പത്തികമേഖലകൾ ഉൾപ്പെടെ -ഇതിലൊന്നാണ് പിദിഭീമാവരം - ആന്ധ്രയിൽ മൊത്തം 19 പ്രത്യേക സാമ്പത്തികമേഖലകളുണ്ട്.

"മരുന്നുകമ്പനികളുടെ പൈപ്പ് ലൈനുകൾ കടലിനുള്ളിലേയ്ക്ക് 15 കിലോമീറ്റർ മാത്രമേ നീളുന്നുള്ളുവെങ്കിലും, അവയിൽനിന്ന് പുറന്തള്ളുന്ന എണ്ണയും മറ്റ് മാലിന്യങ്ങളും കരയിൽനിന്ന് 100 കിലോമീറ്റർ അകലത്തിൽവരെ കാണാറുണ്ട്. ഓരോ തവണ മീൻ പിടിക്കാൻ പോകുമ്പോഴും ഞങ്ങൾ ഇത് കാണുന്നതാണ്.", കൊവ്വാഡ ഗ്രാമത്തിൽ (കവർ ചിത്രത്തിൽ കാണുന്നത്) അവശേഷിക്കുന്ന കുറച്ച് തെപ്പകളിൽ (കൈകൊണ്ട് തുഴയുന്ന വഞ്ചി) ഒന്നിന്റെ ഉടമസ്ഥനായ ഗാനഗല്ല രാമുഡു പറയുന്നു. "20 വർഷം മുൻപ് ഓരോ വീട്ടിലും കുറഞ്ഞത് ഒരു തെപ്പ എങ്കിലും ഉണ്ടാകുമായിരുന്നു. എന്നാൽ ഇന്ന് ആകെ 10 എണ്ണമേ ബാക്കിയുള്ളൂ.", അദ്ദേഹം കൂട്ടിച്ചേർക്കുന്നു. "2010ൽ, രണസ്ഥലം എം.ആർ.ഒ. (മണ്ഡൽ റവന്യൂ ഓഫീസർ) ഓഫിസിനുമുന്നിൽ തുടർച്ചയായി മൂന്നുമാസം ഞങ്ങൾ പ്രതിഷേധിച്ചതാണ്. ആരും തിരിഞ്ഞുനോക്കാത്തതിനാൽ പിന്നീട് ഞങ്ങൾ പ്രതിഷേധം നിർത്തി ജോലിക്ക് പോയിത്തുടങ്ങുകയായിരുന്നു."

"മരുന്ന് കമ്പനികൾ നടത്തിയ മലിനീകരണം കാരണമാണ് ഈ പ്രദേശത്തെ മത്സ്യസമ്പത്ത് മുഴുവൻ നശിച്ചത്. ഒലിവ് റിഡ്‌ലി അടക്കമുള്ള ആമകളും മീനുകളും തീരത്ത് ചത്തുകിടക്കുന്നത് ഈ ഭാഗങ്ങളിലെ സ്ഥിരം കാഴ്ചയായിരിക്കുന്നു. കടലിനടിയിലുള്ള ചെടികൾ വിഷമയമായതോടെ അവ കഴിക്കുന്ന മൃഗങ്ങളിലേയ്ക്കും വിഷം പടർന്നു.", നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സ് അംഗവും ബുഡുമൂരു ഗ്രാമത്തിലെ പരിസ്ഥിതി പ്രവർത്തകനുമായ കുനം രാമു പറയുന്നു.

Man working on fish net
PHOTO • Rahul Maganti
turtle near the sea
PHOTO • Rahul Maganti

മരുന്നുനിർമ്മാണശാലകൾ കടലിലേയ്ക്ക് പുറന്തള്ളുന്ന മാലിന്യം കരയിൽനിന്ന് 100 കിലോമീറ്റർ അകലെവരെ കാണാറുണ്ടെന്ന് ഗാനഗല്ല രാമുഡു പറയുന്നു; ഇതുമൂലം മരണപ്പെടുന്ന മീനുകളും ആമകളും തീരത്ത് ചത്തടിയുന്നത് പതിവാണ്

ഇതിന്റെ ഫലമായി, കൊവ്വാഡയിലും സമീപ ഗ്രാമങ്ങളിലുമെല്ലാം മത്സ്യബന്ധനം ഇന്ന് അധികം മെച്ചമില്ലാത്ത ഒരു പ്രവൃത്തിയാണ്. "ഒരുപാടുനേരം കഷ്ടപ്പെട്ട് പണിയെടുത്താലും മീൻ ഒട്ടും കിട്ടാത്തത് കാരണം ഞങ്ങൾ ഇപ്പോൾ മീൻ പിടിക്കാൻ പോകാറില്ല", 40 വയസ്സുള്ള മയലാപ്പിള്ളി അപ്പണ്ണ പറയുന്നു. "അതിരാവിലെ 4 മണിക്ക് ഞങ്ങൾ കടലിലേയ്ക്ക് ഇറങ്ങും. 20 കിലോമീറ്ററോളം തുഴഞ്ഞുപോയി, എട്ട്, ഒൻപത് മണിയോടടുപ്പിച്ചാണ് വല വിരിക്കുക. പിന്നെയും രണ്ടുമണിക്കൂർ കാത്തുനിന്ന്, ഉച്ചയ്ക്ക് രണ്ട്, മൂന്ന് മണിയാകുമ്പോഴേക്ക് ഞങ്ങൾ കരയിൽ തിരിച്ചെത്തും. ഒരു തെപ്പയിൽ നാലോ അഞ്ചോ പേരാണ് ഉണ്ടാകുക. ഇങ്ങനെ ദിവസം മുഴുവൻ പണിയെടുത്താലും ഒരാൾക്ക് 100 രൂപ വീതംപോലും സമ്പാദിക്കാനാകില്ല."

"കടലിൽനിന്ന് കിട്ടുന്ന മീൻ വീട്ടിൽ കറി വയ്ക്കാൻപോലും തികയാറില്ല; അത് കച്ചവടം ചെയ്ത്, പണം സമ്പാദിക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. വീടുകളിലേക്ക് ആവശ്യമായ മീൻപോലും വിശാഖപട്ടണം, ശ്രീകാകുളം, രണസ്ഥലം എന്നിവിടങ്ങളിൽനിന്ന് വാങ്ങേണ്ട അവസ്ഥയാണ്.", പട്ടയ്യ കൂട്ടിച്ചേർക്കുന്നു.

അങ്ങനെയാണ് കോവ്വാഡയിലെ മറ്റു പലരെയുംപോലെ അപ്പണ്ണയും പട്ടയ്യയും കൊട്ടകളും ബാഗുകളും ഊഞ്ഞാലുകളുമെല്ലാം നിർമ്മിച്ച്, അത് രാജ്യത്തുടനീളം കൊണ്ടുനടന്നു വിൽക്കുന്ന ജോലിയിലേക്ക് തിരിഞ്ഞത്. പല ജോലികളും ചെയ്തുനോക്കിയതിൽ ഇതാണ് ഏറ്റവും ലാഭകരമായ ജോലിയായി തോന്നിയതെന്ന് അവർ പറയുന്നു; നൈലോൺ കയറുകൾ ശ്രീകാകുളത്ത് സുലഭമായി ലഭിക്കുമെന്നതും ഒരു ഘടകമായി. "കഴിഞ്ഞ 20 വർഷംകൊണ്ട്, ഞാൻ 24 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ട്; മിക്കവയിലും ഒന്നിലേറെ തവണ പോയിട്ടുമുണ്ട്.", അപ്പണ്ണ പറയുന്നു. "ഞാൻ കൊട്ടകൾ നെയ്യുകയും എന്റെ ഭർത്താവ് അത് എല്ലാ സ്ഥലത്തും കൊണ്ടുനടന്ന് വിൽക്കുകയുമാണ് ചെയ്യുന്നത്.", അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി കൂട്ടിച്ചേർക്കുന്നു.

ഒരു കിലോ നൈലോൺ കയറിന് 350 - 400 രൂപയാണ് വില; കയറുകൾ ഗ്രാമത്തിലേക്ക് ടെമ്പോയിലോ ട്രക്കിലോ കൊണ്ടുവരാനുള്ള ചിലവുകൾ ഉൾപ്പെടെയാണിത്. "ഒരു കിലോ കയറിൽനിന്ന് ഞങ്ങൾ 50 കൊട്ടകൾ ഉണ്ടാക്കും. ഓരോന്നും 10 മുതൽ 20 വരെ രൂപയ്ക്കാണ് വിൽക്കുക. ഇങ്ങനെ ഒരു കിലോ കയറിൽനിന്ന് 200 - 400 രൂപ ലാഭം കിട്ടും.", അപ്പണ്ണ കൂട്ടിച്ചേർക്കുന്നു. തുണിയും നൈലോണും ഉപയോഗിച്ചുണ്ടാക്കുന്ന ഊഞ്ഞാലുകൾക്ക് ഓരോന്നിനും 150 - 200 രൂപയാണ് വില.

Man working on fish net
PHOTO • Rahul Maganti
Man working on fish net
PHOTO • Rahul Maganti
Man working on fish net
PHOTO • Rahul Maganti

നിലവിലെ സാഹചര്യത്തിൽ, പ്രായഭേദമന്യേ എല്ലാവരും നൈലോൺ കയറുകൾ കൊണ്ട് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്. ചിത്രത്തിലുള്ളവർ മയലാപ്പിള്ളി അപ്പണ്ണയും ചിത്തിബാബുവും (ഇടത്), ശാരദ രാമുഡു (നടുക്ക്), പെന്തയ്യ (വലത്)

ഗ്രാമത്തിലെ പുരുഷന്മാർ പല സംഘങ്ങളായി തിരിഞ്ഞ്, ദൂരദേശങ്ങളിൽ പോയി ഈ ഉത്പന്നങ്ങൾ വിൽക്കുകയാണ് ചെയ്യുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അപ്പണ്ണയ്ക്കൊപ്പം കേരളത്തിലേയ്ക്ക് പോയ സുഹൃത്ത് ഗാനഗല്ല രാമുഡു, യാത്രയ്ക്കിടെ ഭക്ഷണത്തിനും താമസത്തിനും യാത്രാച്ചിലവുകൾക്കുമായി ദിവസേന ചിലവായ പണത്തിന്റെ കണക്ക് വിവരിക്കുകയാണ്. "ഒരുമാസം കഴിഞ്ഞ്, മേയ് 15-ന് ഗ്രാമത്തിൽ തിരിച്ചെത്തിയപ്പോൾ, ആകെ 6,000 രൂപയായിരുന്നു എന്റെ സമ്പാദ്യം.", അദ്ദേഹം പറയുന്നു.

നിരന്തരമായ യാത്രകളിലൂടെ കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകൾ അനായാസം സംസാരിക്കാൻ പട്ടയ്യ പഠിച്ചെടുത്തിരിക്കുന്നു. "ഏതുസ്ഥലത്ത് ചെന്നാലും ഞങ്ങൾ അവിടത്തെ ഭാഷ പഠിക്കും. സാധനങ്ങൾ വാങ്ങാൻ വരുന്നവരോട് വ്യക്തമായി സംസാരിക്കാൻ അത് ആവശ്യമാണ്.", അദ്ദേഹം പറയുന്നു. "ഉത്സവങ്ങൾക്കും ചടങ്ങുകൾക്കുംമാത്രമാണ് ഇപ്പോൾ ഗ്രാമവാസികൾ എല്ലാവരും ഒത്തുകൂടുന്നത്. കൊട്ടകളും ഊഞ്ഞാലുകളും വിൽക്കാൻ ദൂരസ്ഥലങ്ങളിലേയ്ക്ക് പോകുന്ന പുരുഷന്മാർ പ്രധാനപ്പെട്ട ഉത്സവങ്ങൾ കൂടാൻ ഗ്രാമത്തിലെത്തും. അത് കഴിഞ്ഞാൽ അടുത്ത സ്ഥലത്തേയ്ക്ക് പുറപ്പെടുകയായി."

കൊവ്വാഡ ഗ്രാമത്തിൽ, ലക്ഷ്മിയെപ്പോലെയുള്ള അനേകം സ്ത്രീകൾ കൊട്ടകളും ഊഞ്ഞാലുകളും നിർമ്മിക്കുന്നതിന് പുറമെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള ജോലികൾക്കും പോകുന്നുണ്ട്. പക്ഷെ ഈ ജോലികളിൽനിന്ന് അവർക്ക് സ്ഥിരവരുമാനം ലഭിക്കുന്നില്ല. "ഞാൻ നാലാഴ്ച ജോലി ചെയ്‌തെങ്കിലും ദിവസേന 100 രൂപ എന്ന കണക്കിൽ രണ്ടാഴ്ചത്തെ കൂലിമാത്രമാണ് എനിക്ക് കിട്ടിയത്.", സമീപഗ്രാമങ്ങളിൽ ഉണക്കമീൻ വിൽക്കുന്ന ജോലി കൂടി ചെയ്യുന്ന, 56 വയസ്സുകാരി മയലാപ്പിള്ളി കണ്ണാമ്പ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ വ്യവസ്ഥകൾപ്രകാരം, 2018-19 സാമ്പത്തിക വർഷത്തിലേയ്ക്ക് ആന്ധ്രാപ്രദേശിൽ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ ദിവസവേതനം 205 രൂപയാണ്. "വിശാഖപ്പട്ടണത്തിൽനിന്ന് മീൻ വാങ്ങി, രണ്ടുദിവസം ഉണക്കിയെടുത്തതിനുശേഷമാണ് ഞങ്ങൾ അത് വിൽക്കുന്നത്. പണ്ടൊരു കാലത്ത്, ഈ മീൻ ഞങ്ങൾക്ക് സൗജന്യമായി കിട്ടുമായിരുന്നു. ഇന്നിപ്പോൾ 10,000 രൂപ ചിലവാക്കിയാലാണ് 2,000 രൂപ ലാഭം കിട്ടുന്നത്.", കണ്ണാമ്പ പറയുന്നു.

അധികം വൈകാതെ ഈയൊരു ചെറിയ ലാഭവും കൈവിട്ടുപോയേക്കാം. കൊവ്വാഡ ഉൾപ്പെടെ മൂന്ന് ഗ്രാമങ്ങളും മറ്റ് രണ്ട് ചെറുഗ്രാമങ്ങളും ഉൾപ്പെടുന്ന 2,073 ഏക്കർ പ്രദേശത്ത് ഒരു പുതിയ ആണവോർജ്ജനിലയം സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്. ഈ പദ്ധതി യാഥാർഥ്യമായാൽ ഗ്രാമീണർ ഒന്നടങ്കം ഈ ഗ്രാമങ്ങളിൽനിന്ന് ഒഴിപ്പിക്കപ്പെടും. കൊട്ടകളും ഊഞ്ഞാലുകളും വിറ്റ് ഈ മനുഷ്യർ സമ്പാദിക്കുന്ന ചെറിയ വരുമാനംകൂടി നഷ്ടപ്പെടാനും ഈ പ്രദേശത്തെ മത്സ്യബന്ധനമേഖല തീർത്തും നാമാവശേഷമാകാനുമാണ് ഇത് ഇടയാക്കുക. പവർലെസ്സ് ഇൻ എ പവർ സർപ്ലസ് സ്റ്റേറ്റ് (അധികോർജ്ജമില്ലാത്ത ഒരു സംസ്ഥാനത്തിലെ അധികാരമില്ലാത്തവർ) എന്ന ലേഖനം നോക്കുക.

പരിഭാഷ: പ്രതിഭ ആർ .കെ .

Rahul Maganti

Rahul Maganti is an independent journalist and 2017 PARI Fellow based in Vijayawada, Andhra Pradesh.

Other stories by Rahul Maganti
Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.