അനന്തപൂരിലെ ഡോക്ടർ അംബേദ്‌കർ പ്രതിമയിൽ ഏതാണ്ട് എല്ലാ ദിവസവും പുതിയ ഒരു പൂമാല ചാർത്തിയിട്ടുണ്ടാകും. രാവിലെ 8:30 മണിയാകുമ്പോൾ, പൂക്കച്ചവടക്കാരനായ എ. സുഭാൻ പടികൾ കയറി, സ്വർണ്ണനിറത്തിലുള്ള പെയിന്റടിച്ച പ്രതിമയിൽ, ചുവന്ന റോസാപ്പൂക്കളോ ആമ്പൽപ്പൂക്കളോ കോർത്ത് തന്റെ കുടുംബാംഗങ്ങൾ ഉണ്ടാക്കിയ മാല ചാർത്തും. ഇത് മുടക്കംകൂടാതെ, എല്ലാ ദിവസവും ചെയ്യുന്നത് സുബ്ഹാനോ അദ്ദേഹത്തിന്റെ അനന്തരവൻ, 17 വയസ്സുള്ള ബബ്‌ലുവോ ആണ്.

2010ൽ, വാഹനഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്ന കാരണംപറഞ്ഞ്, ഡോക്ടർ അംബേദ്‌കറുടെ പഴയ പ്രതിമ തകർക്കുകയും ഇപ്പോഴുള്ള പ്രതിമ സ്ഥാപിക്കുകയും ചെയ്തതിന് ശേഷമാണ് ഈയൊരു പതിവ് തുടങ്ങിയത്. ആന്ധ്രാപ്രദേശിലെ അനന്തപൂർ പട്ടണത്തിന്റെ മധ്യഭാഗത്ത്, ക്ലോക്ക് ടവറിൽനിന്ന് ഒരു കിലോമീറ്റർ തെക്കോട്ടായി, സുഭാന്റെ പൂക്കടയിൽനിന്ന് നടന്നെത്താവുന്ന ദൂരത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ചുറ്റുവട്ടത്തുള്ള മറ്റ് പ്രതിമകൾക്കൊന്നും ഇത്രയും സൗഭാഗ്യമില്ല. ക്ലോക്ക് ടവറിനുശേഷം, ഇതേ റോഡിൽത്തന്നെയുള്ള ആദ്യത്തെ പ്രതിമ ഇന്ദിരാഗാന്ധിയുടേതാണ്. ആന്ധ്രാപ്രദേശിൽ കോൺഗ്രസ് ഭരണത്തിലിരുന്ന 2004-2014 കാലയളവിൽ പ്രതിമയ്ക്ക് നല്ല കാലമായിരുന്നെങ്കിലും ഇപ്പോൾ അതിനെ ചണം കൊണ്ടുണ്ടാക്കിയ തുണി ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്. ആന്ധ്രയെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാർ ഇന്ദിരാഗാന്ധിയുടെ ആ പഴയ പ്രതിമ,  2013-ൽ, തകർത്തു തീവയ്ക്കുകയായിരുന്നു. പഴയ സ്ഥലത്തുതന്നെ പുതിയ ഒരു പ്രതിമ സ്ഥാപിച്ചെങ്കിലും, അത് ഇപ്പോഴും മറച്ചിട്ടിരിക്കുകയാണ്. ഇതേ റോഡിൽത്തന്നെയുള്ള രാജീവ് ഗാന്ധിയുടെ പ്രതിമയുടെ സ്ഥിതിയും ഇതുതന്നെ. സംസഥാനത്ത് കോൺഗ്രസ് പാർട്ടി ക്ഷയിച്ചുവരുന്നതിന്റെ പ്രതിഫലനമാകാം ഇത്തരം കാഴ്ചകൾ.

PHOTO • Rahul M.

അനന്തപൂർ പട്ടണത്തിലുള്ള, അനേകം ചരിത്ര ബിംബങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പ്രതിമകൾ അനുസ്മരണ ചടങ്ങുകൾക്ക് ശേഷം വിസ്മൃതിയിലാകുമ്പോൾ, ഡോക്ടർ അംബേദ്ക്കർ ഓരോ ദിവസവും ഓർമ്മിക്കപ്പെടുന്നു

1952-ൽ, പ്രത്യേക തെലുഗു സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിരഹാരം നടത്തി മരണപ്പെട്ട  പോറ്റി ശ്രീരാമുലു, മൗലാന അബുൾ കലാം ആസാദ്, വൈ.എസ്. രാജശേഖര റെഡ്ഡി, ബാൽഗംഗാധർ തിലക്, ബാബു ജഗ്ജീവൻ റാം, കാൻഷി റാം, മദർ തെരേസ എന്നിങ്ങനെ മറ്റനേകം വ്യക്തിത്വങ്ങളുടെ പ്രതിമകൾ ഇതേ റോഡിലുണ്ട്. വല്ലപ്പോഴും ഈ പ്രതിമകളിലും ആളുകൾ പൂമാല ചാർത്താറുമുണ്ട്. എന്നാൽ കുറച്ചുദിവസം കഴിയുമ്പോൾ, മാലയിലെ പൂക്കൾ ചീഞ്ഞുതുടങ്ങും; അനുസ്മരണ പരിപാടികൾക്കുശേഷം നേതാക്കൾ വിസ്മൃതിയിലാകുകയും ചെയ്യും.

Subhan at his shop
PHOTO • Rahul M.

പ്രതിമയുടെ നിന്ന് അധികം അകലെയല്ലാതെ പൂക്കട നടത്തുന്ന സുഭാൻ പറയുന്നു: 'അംബേദ്ക്കറോടുള്ള ആദരവ് കൊണ്ടാണ് ഞങ്ങൾ ഇത് ചെയ്യുന്നത്'

എന്നാൽ ബാബാസാഹേബ് അംബേദ്ക്കറുടെ പ്രതിമ എല്ലാ ദിവസവും ഓർമ്മിക്കപ്പെടുന്നു. ക്ലോക്ക് ടവറിന് സമീപത്തുള്ള ആന്ധ്രാബാങ്ക് ശാഖയിൽ കാഷ്യറായ എ. മല്ലേഷാണ് ഓരോ മാസത്തിന്റെയും തുടക്കത്തിൽ പൂമാലയ്ക്കാവശ്യമായ പണം സുബ്ഹാന് കൊടുക്കുന്നത്. "അദ്ദേഹം എനിക്ക് 1000 രൂപ തരും.", മുസ്‌ലിം മതവിശ്വാസിയായ, 36 വയസ്സുള്ള സുബ്ഹാൻ പറയുന്നു. "ഞങ്ങൾക്ക് ഇതിൽനിന്ന് ലാഭം ഒന്നും കിട്ടില്ല, പക്ഷെ അംബേദ്കറോടുള്ള ആദരവ് കൊണ്ടാണ് ഞങ്ങൾ ഇത് ചെയ്യുന്നത്." സുഭാന്റെ പൂക്കടയിൽ, മാല കോർക്കാൻ ഉപയോഗിക്കുന്ന പൂവിനനുസരിച്ച്, ഒരു മാലയ്ക്ക് 60 മുതൽ 130 രൂപ വരെയാണ് വില.

തന്റെ ജീവിതത്തിൽ നേരിട്ട ജാതിവിവേചനത്തിന്റെ കയ്പ് നിറഞ്ഞ അനുഭവങ്ങളാണ് മല്ലേഷിൽ ഡോക്ടർ അംബേദ്കറോടുള്ള ആരാധന വളർത്തിയത്. "എന്റെ ഗ്രാമത്തിൽ, ഞങ്ങൾക്ക് ഭക്ഷണമോ വെള്ളമോ തലയിൽ തേക്കാൻ എണ്ണയോ, വായിക്കാൻ പുസ്തകങ്ങളോ എഴുതാൻ സ്‌ലേറ്റോ ഒന്നുമുണ്ടായിരുന്നില്ല.", അദ്ദേഹം പറയുന്നു. "ഇപ്പോൾ ഞങ്ങളുടെ ദൈവം ഞങ്ങൾക്ക് എല്ലാം തന്നിരിക്കുന്നു - ദൈവം എന്നാൽ അംബേദ്ക്കർ." മഡിഗ ദളിത് വിഭാഗക്കാരനായ മല്ലേഷ് അനന്തപൂർ ജില്ലയിലെ ആത്മാകൂർ ഗ്രാമവാസിയാണ്."ഞങ്ങളുടെ ഗ്രാമത്തിൽ, കുടിവെള്ളത്തിനായി ഒരേയൊരു കിണറാണ് ഉണ്ടായിരുന്നത്. ഭൂവുടമകളായ കർഷകർ (സ്വന്തമായി നിലം ഉള്ളവർ) കിണറിൽനിന്ന് വെള്ളമെടുക്കാൻ വരുമ്പോൾ മാത്രമേ ഞങ്ങൾക്ക് വെള്ളമെടുക്കാൻ അനുമതിയുള്ളൂ. അവർ വന്നില്ലെങ്കിൽ ഞങ്ങൾക്ക് വെള്ളമില്ല. മഡിഗകൾ കിണർ തൊടാൻ പാടില്ലായിരുന്നു.", അദ്ദേഹം ഓർത്തെടുക്കുന്നു.

അനന്തപൂർ പട്ടണത്തിലെ സ്കൂളിൽ പഠിക്കുന്ന കാലത്ത്, മല്ലേഷിനും, ദളിത്, ഗോത്രവിഭാഗങ്ങളിൽനിന്നുള്ള മറ്റു കുട്ടികൾക്കും ക്ലാസ്സ്മുറിയുടെ ഒരു മൂലയിലായിരുന്നു സ്ഥാനം. ഉയർന്ന ജാതിക്കാരായ കുട്ടികൾ ക്ലാസ്സിന്റെ മുൻനിരയിൽ ഇരിക്കും. "പുറത്തുനിന്ന് കൊണ്ടുവരുന്ന മണ്ണ് നിലത്ത് വിരിച്ച്, അതിലാണ് ഞങ്ങൾ എഴുതിയിരുന്നത്. ഞങ്ങളുടെ കയ്യിൽ സ്‌ലേറ്റ് ഉണ്ടായിരുന്നില്ല.", മല്ലേഷ് ഓർക്കുന്നു. "ആരെങ്കിലും 'ഏയ്, മഡിഗ ! മണ്ണ് പുറത്തേയ്ക്ക് കളയ്'എന്ന് പറഞ്ഞാൽ ഞങ്ങൾ എഴുതിക്കൊണ്ടിരുന്ന മണ്ണ് പുറത്ത് കൊണ്ടുപോയി കളയണം." ക്ലാസ് അധ്യാപകനും സ്ഥിരമായി ദളിതരെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും കുട്ടികളെ ചൂരൽവടി കൊണ്ട് അടിക്കുകയും ചെയ്യന്ന പ്രകൃതക്കാരനായിരുന്നു.

59 വയസ്സുകാരനായ മല്ലേഷ്, കർഷകത്തൊഴിലാളിയായിരുന്ന അച്ഛന്റെ മരണത്തിന് പിന്നാലെ അമ്മയെ സഹായിക്കാനായി ഏഴാം ക്ലാസ്സിനുശേഷം പഠനം നിർത്തിയതാണ്. തുടക്കത്തിൽ, അനന്ത്പൂരിലെ ഒരു സർക്കാർ ഹോസ്റ്റലിൽ സഹായിയായി ജോലി ചെയ്തിരുന്ന അദ്ദേഹം, പതിയെ സർക്കാർ ജോലികൾക്ക് അപേക്ഷ അയച്ചുതുടങ്ങി. 1982ൽ അദ്ദേഹത്തിന് മാസം 500 രൂപ ശമ്പളത്തിൽ ആന്ധ്രാ ബാങ്കിൽ അറ്റെൻഡറായി ജോലി ലഭിച്ചു. 1985 ആയപ്പോഴേക്കും ബാങ്കിൽ നടന്ന ഒരു അഭിമുഖത്തിൽ പങ്കെടുത്ത്, മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന ക്ലറിക്കൽ അസിസ്റ്റന്റ് പദവിയിലേക്ക് അദ്ദേഹം ഉയരുകയായിരുന്നു.

Mallesh at his home
PHOTO • Rahul M.

2010ൽ, ആന്ധ്രാ ബാങ്കിൽ ക്ലറിക്കൽ അസിസ്റ്റന്റ് ആയി ജോലിചെയ്യുന്ന കാലത്താണ്, തനിക്ക് പറ്റുന്നിടത്തോളം കാലം ഡോക്ടർ അംബേദ്ക്കറുടെ പ്രതിമയ്ക്ക് മാല ചാർത്തണമെന്ന് എ.മല്ലേഷ് 'പൊടുന്നനെ ഒരു തീരുമാനം' എടുക്കുന്നത്

'എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ദുരിതങ്ങൾവെച്ച് നോക്കുമ്പോൾ, അദ്ദേഹത്തിന് എന്തെല്ലാം കഷ്ടപ്പാടുകൾ നേരിടേണ്ടിവന്നിട്ടുണ്ടാകുമെന്ന് എനിക്ക് സങ്കല്പിക്കാനാകും. അദ്ദേഹം ഞങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങൾ നോക്കിയാൽത്തന്നെ അത് മനസ്സിലാക്കാം. അദ്ദേഹമല്ലേ നമ്മുടെ ഭരണഘടന എഴുതിയത്?'

നിരവധി ദളിത് യൂണിയനുകളുടെയും സംഘടനകളുടെയും ഭാഗമായി മല്ലേഷ് പ്രവർത്തിച്ചിട്ടുണ്ട്. ഈയടുത്ത കാലംവരെ, ബാങ്കിലെ എസ്.സി ആൻഡ് എസ്.ടി എംപ്ലോയീസ് വെൽഫെയർ അസോസിയേഷന്റെ സോണൽ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. ജാതിവിവേചനത്തിനെതിരെയുള്ള അനേകം പ്രതിഷേധ പരിപാടികളിലും അദ്ദേഹം സജ്ജീവമായി പങ്കെടുത്തിട്ടുണ്ട്. 1995-ൽ, ജാതി വിവേചനത്തിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇടത് പാർട്ടികൾക്കും മറ്റു ആക്ടിവിസ്റ്റുകൾക്കുമൊപ്പം അനന്തപൂരിൽനിന്ന് ആലമൂർവരെ നീണ്ട 10 കിലോമീറ്റർ മാർച്ചിൽ പങ്കെടുത്തത് മല്ലേഷ് ഓർക്കുന്നു. 1990-കളിൽ രൂപപ്പെട്ട ഡൻഡോറ എന്ന ദളിത് സംഘടനയുടെ പ്രസിഡന്റായി അദ്ദേഹം ഇടക്കാലത്ത് പ്രവർത്തിച്ചിരുന്നെങ്കിലും 2000-ത്തിൽ രാഷ്ട്രീയപരമായ അഭിപ്രായവ്യതാസങ്ങളുടെ പേരിൽ സംഘടനയിൽനിന്ന് അകലുകയായിരുന്നു.

1996 കാലഘട്ടത്തിൽ, മല്ലേഷ് പത്താംതരം പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും പരീക്ഷ പാസ്സാവുകയും ചെയ്തു. ക്ലറിക്കൽ അസിസ്റ്റന്റിൽനിന്ന് 2013-ൽ കാഷ്യർ തസ്തികയിലേക്ക് ഉയരാൻ ഇത് അദ്ദേഹത്തെ സഹായിച്ചു. നിലവിൽ കാഷ്യർ തസ്‌തികയിൽ ജോലി തുടരുന്ന മല്ലേഷിന് ഏറ്റവുമാദ്യം ശമ്പളമായി ലഭിച്ച 500 രൂപയുടെ എത്രയോ മടങ്ങ് ശമ്പളം ഇന്ന് ലഭിക്കുന്നുണ്ട്.

2010ൽ, ക്ലറിക്കൽ അസിസ്റ്റന്റായി ജോലിചെയ്യുന്ന കാലത്താണ്, തനിക്ക് പറ്റുന്നിടത്തോളം കാലം ഡോക്ടർ അംബേദ്ക്കറുടെ പ്രതിമയ്ക്ക് മാല ചാർത്തണമെന്ന് മല്ലേഷ് 'പൊടുന്നനെ ഒരു തീരുമാനം' എടുക്കുന്നത്. ഇതേപ്പറ്റി ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത, ബാങ്ക് ജീവനക്കാരുടെയും ദളിത് സമുദായത്തിലെ മറ്റംഗങ്ങളുടെയും അനൗപചാരികമായ യോഗത്തിൽ, പൂമാലയ്ക്ക് വേണ്ട പണത്തിനായി തങ്ങളാൽ കഴിയുന്ന സംഭാവന നൽകാൻ എല്ലാവരും സന്നദ്ധരായത് അദ്ദേഹം ഓർക്കുന്നു. എന്നാൽ ഓരോ മാസവും പണത്തിനായി ആളുകളെ സമീപിക്കാൻ മല്ലേഷിന് താത്പര്യമില്ലാതിരുന്നതിനാൽ അദ്ദേഹവും ആന്ധ്രാ ബാങ്കിന്റെ മറ്റൊരു ശാഖയിലെ അറ്റൻഡന്റായ എം. ഗോപാലും ചേർന്ന് പൂമാലയ്ക്കുവേണ്ട ചിലവ് പങ്കിടാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഗോപാൽ പണം നൽകുന്നത് നിർത്തിയതോടെ ഇപ്പോൾ മല്ലേഷ് ഒറ്റയ്ക്കാണ് മാലയുടെ ചിലവ് വഹിക്കുന്നത്.

Subhan garlanding the statue
PHOTO • Rahul M.
Indira Gandhi statue near tower clock
PHOTO • Rahul M.

സുഭാൻ എല്ലാ ദിവസവും രാവിലെ അംബേദ്‌കർ പ്രതിമയ്ക്ക് മാല ചാർത്തുമ്പോൾ (ഇടത്), ഇന്ദിരാ ഗാന്ധിയുടെ പ്രതിമ (വലത്) ഏറെ നാളായി ചണതുണി കൊണ്ട് മൂടിയിട്ടിരിക്കുകയാണ്

മല്ലേഷിന് അംബേദ്ക്കറിനെക്കുറിച്ച് വായിക്കാനോ ആരെങ്കിലും അദ്ദേഹത്തെ അംബേദ്ക്കറിനെക്കുറിച്ച് പഠിപ്പിക്കാൻ വരുന്നതോ ഇഷ്ടമല്ല. ഒരു ദളിതന്റെ ജീവിതം ജീവിച്ചതിൽനിന്നുതന്നെ താൻ അംബേദ്ക്കറെ പഠിച്ചെന്ന് അദ്ദേഹം പറയുന്നു. "എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ദുരിതങ്ങൾവെച്ച് നോക്കുമ്പോൾ, അദ്ദേഹത്തിന് എന്തെല്ലാം കഷ്ടപ്പാടുകൾ നേരിടേണ്ടിവന്നിട്ടുണ്ടാകുമെന്ന് എനിക്ക് സങ്കൽ‌പ്പിക്കാനാകും. അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ നോക്കിയാൽത്തന്നെ അത് മനസ്സിലാക്കാം. അദ്ദേഹമല്ലേ നമ്മുടെ ഭരണഘടന എഴുതിയത്?"

ഇടയ്ക്ക് ചില വാരാന്ത്യങ്ങളിലോ ആഘോഷദിവസങ്ങളിലോ മല്ലേഷ് തന്നെ പ്രതിമയിൽ മാല അണിയിക്കാറുണ്ട്. പ്രതിമയ്ക്ക് തണലൊരുക്കി അതിനെ വെയിലിൽനിന്നും കാറ്റിൽനിന്നും സംരക്ഷിക്കാനും പക്ഷി കാഷ്ഠം വീഴാതെ പരിപാലിക്കാനും ജില്ലാ ഭരണകൂടത്തിന് അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. "ആദ്യം അംബേദ്‌കർ പ്രതിമ സംരക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കും. പിന്നീട് കാൻഷി റാമിന്റെയും ജഗ്ജീവൻ റാമിന്റെയും പ്രതിമകളും സംരക്ഷിക്കാൻ ആവശ്യപ്പെടും.", അദ്ദേഹം പറയുന്നു.

ഡോക്ടർ അംബേദ്ക്കറുടെ പ്രതിമയിലെ പൂമാലകൾ അനന്ത്പൂരിലെ പലരുടെയും കണ്ണിൽപ്പെടാറില്ലെങ്കിലും, എന്നും അതിരാവിലെ റോഡുകൾ വൃത്തിയാക്കാനെത്തുന്ന തൂപ്പുകാർ അവ ശ്രദ്ധിച്ചിട്ടുണ്ട്. "ആരോ ഒരാൾ, വലിയ ആളുകൾ ആരെങ്കിലുമാകണം, എല്ലാ ദിവസവും പ്രതിമയിൽ മാല ഇടുന്നുണ്ട്. ആരാണ് അത് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല.", തൂപ്പുജോലിക്കായി പട്ടണത്തിലെ മുൻസിപ്പൽ കോർപ്പറേഷൻ നിയമിച്ചിട്ടുള്ള, ദളിത് വിഭാഗക്കാരിയായ ജി. രാമലക്ഷ്മി പറയുന്നു. ഇത് പറയുമ്പോൾ, ഭക്തിപുരസ്സരം അവർ തന്റെ രണ്ട് കവിളിലും തൊടുന്നുണ്ട്. "പ്രതിമയിൽ മാലയിട്ടിരിക്കുന്നത് കാണുമ്പോൾ, ദൈവം (അംബേദ്ക്കർ) നന്നായി ഇരിക്കുന്നുവെന്ന് ഞാൻ വിചാരിക്കും. എല്ലാ ദിവസവും അദ്ദേഹത്തോട് പ്രാർത്ഥിച്ചിട്ടാണ് ഞങ്ങൾ ജോലിക്ക് വരുന്നത്."

പരിഭാഷ: പ്രതിഭ ആർ.കെ .

Rahul M.

Rahul M. is an independent journalist based in Andhra Pradesh, and a 2017 PARI Fellow.

Other stories by Rahul M.
Editor : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.