70 വർഷം കാർഷികതൊഴിലാളിയായി ജോലി ചെയ്തതിനുശേഷം, 83 വയസ്സുകാരനായ ഗംഗപ്പ ഇന്ന് സ്വയം മഹാത്മാഗാന്ധിയായി രൂപമാറ്റം നടത്തിയിരിക്കുകയാണ്. 2016 ഓഗസ്റ്റ് മുതൽ അദ്ദേഹം ഗാന്ധിയുടെ വേഷമണിഞ്ഞ്, പടിഞ്ഞാറൻ ആന്ധ്രയിലുള്ള അനന്ത്പൂർ ജില്ലയിലെ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടുവരുന്നു. ആളുകൾ നൽകുന്ന ധനസഹായത്തിലൂടെ, കാർഷിക തൊഴിലാളിയായിരുന്ന കാലത്ത് സമ്പാദിച്ചിരുന്നതിനേക്കാൾ മെച്ചപ്പെട്ട തുക അദ്ദേഹം ഇന്ന് സമ്പാദിക്കുന്നുണ്ട്.

"സ്വാമീ, നിങ്ങളുടെ പ്രായമാകുമ്പോൾ ഞാനും നിങ്ങളെപ്പോലെ വേഷം ധരിക്കും.", അനന്ത്പൂരിൽ സന്ദർശനത്തിന് വന്ന ഗാന്ധിജിയെ കാണാൻ പോയപ്പോൾ അന്ന് കുഞ്ഞായിരുന്ന താൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞുവെന്ന് ഗംഗപ്പ അവകാശപ്പെടുന്നു. "അക്കാലത്ത്, പെരൂരുവിൽ ടാങ്ക് പണിത തൊഴിലാളികളിൽ എന്റെ അച്ഛനമ്മമാരുമുണ്ടായിരുന്നു. അവരോടൊപ്പമായിരുന്നു ഞാൻ അന്ന് പോയത്." ഗംഗപ്പയുടെ ജന്മദേശമായ ചേന്നംപള്ളി പെരൂരുവിൽനിന്ന് അധികം അകലെയല്ല. തന്റെ ലക്‌ഷ്യം എന്തുതന്നെയായാലും അത് പൂർത്തിയാക്കാനും എത്ര കരുത്തരെയും തന്റെ വരുതിയിൽ കൊണ്ടുവരാനും ഗാന്ധിക്കുണ്ടായിരുന്ന കഴിവ് കുഞ്ഞായ ഗംഗപ്പയെ ഏറെ ആകർഷിച്ചിരുന്നു.

മഹാത്മാഗാന്ധിയെ കണ്ടിട്ടുണ്ടെന്ന ഗംഗപ്പയുടെ അവകാശവാദം സ്ഥിരീകരിക്കാനോ അത് നടന്ന തീയതി കൃത്യമായി നിർണ്ണയിക്കാനോ സാധിക്കില്ലെങ്കിലും, ഗാന്ധിയെക്കുറിച്ചുള്ള ഓർമ്മകളാണ് ഗംഗപ്പയുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഗംഗപ്പ- യാത്ര ചെയ്യാനുള്ള താത്പര്യവും ക്ഷമാശീലവും, ഗാന്ധിയെപ്പോലെയാകാൻ നിർബന്ധമായും ഉണ്ടാകേണ്ട ഗുണങ്ങളാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഗംഗപ്പ എന്ന തന്റെ പേര് ആളുകൾ തെറ്റിവിളിച്ച് ഇപ്പോൾ ഗാംഗുലപ്പ എന്നായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. തന്റെ ഗാന്ധിവേഷത്തിന്റെ മോടി കൂട്ടാൻ നെഞ്ചിനുകുറുകെ അദ്ദേഹം ഒരു പൂണൂൽ അണിയാറുണ്ട്. നെറ്റിയിലും കാൽപ്പാദങ്ങളിലും കുങ്കുമം തൊടുന്നതിനുപുറമെ, ഗാന്ധിവേഷം ധരിക്കുന്ന സമയത്ത്, ആളുകളെ അനുഗ്രഹിക്കുന്ന "പൂജാരി" കൂടി ആകാറുണ്ട് ഗംഗപ്പ.

PHOTO • Rahul M.

ഗംഗപ്പയോട് പിണങ്ങി അകന്നുകഴിയുന്ന അദ്ദേഹത്തിന്റെ ഭാര്യ മിദ്ദി അഞ്ജനമ്മ (ഇടതുനിന്ന് മൂന്നാമത്) അവരുടെ കുടുംബത്തോടൊപ്പം

ഗംഗപ്പ സ്വയം സ്വീകരിച്ച ജാതിവിലാസം ആ പ്രദേശത്തെ അമ്പലത്തിന്റെ വാതിലുകൾ അദ്ദേഹത്തിന് മുന്നിൽ തുറന്നിട്ടുണ്ട്. ക്ഷേത്രപരിസരത്തുള്ള, കല്ലുകൊണ്ടുണ്ടാക്കിയ ബെഞ്ചിൽ പകൽസമയങ്ങളിൽ വിശ്രമിക്കാൻ ഇന്ന് അദ്ദേഹത്തിന് അനുമതി ലഭിച്ചിരിക്കുന്നു. ഇതിനുപുറമെ, അദ്ദേഹം കുളിക്കുന്നതും ശരീരത്തിലെ ചായം കഴുകിക്കളയുന്നതും അമ്പലത്തിലെ പൈപ്പുകൾക്ക് ചുവട്ടിലാണ്.

ഒരു ദശാബ്ദത്തോളമായി, ഗംഗപ്പ തന്റെ ഭാര്യ മിദ്ദി അഞ്ജനമ്മയുമായും അവരുടെ കുടുംബവുമായും യോജിപ്പിലല്ല. ഗംഗപ്പ - മിദ്ദിയമ്മ ദമ്പതികളുടെ മൂത്ത മകൾ ആത്മഹത്യ ചെയ്തതിനുശേഷമാണ് അവരുടെ ബന്ധം വഷളായത്. "കൊല്ലപ്പള്ളിയിലെ കാട്ടിൽ കുഴികൾ കുഴിക്കുന്ന ജോലിക്ക് പോയിരിക്കുകയായിരുന്നു ഞാൻ. തിരികെ വന്നപ്പോൾ എന്റെ മകൾ മരിച്ചിരുന്നു.", മകളെ ഓർത്ത് കണ്ണീരൊഴുക്കി ഗംഗപ്പ പറയുന്നു. "എന്തിനാണ് എന്റെ മകൾ മരിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അവൾ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ആരും എന്നോട് പറയുന്നില്ല. ആ കുടുംബത്തിലേയ്ക്ക് എനിക്ക് എങ്ങനെ തിരിച്ചുപോകാൻ പറ്റും?"

രണ്ടുവർഷത്തോളമായി ഗംഗപ്പയോട് സംസാരിച്ചിട്ടില്ലെങ്കിലും, അദ്ദേഹത്തിന്റെ വിചിത്രമായ സ്വഭാവരീതികളോട് കടുത്ത അനിഷ്ടമുള്ളപ്പോഴും, മിദ്ദിയമ്മയ്ക്ക് തന്റെ ഭർത്താവ് അടുത്തില്ലാത്തതിൽ വിഷമമുണ്ട്; അദ്ദേഹം തിരികെ വരണമെന്ന് ആഗ്രഹമുണ്ട്. "ദയവ് ചെയ്ത് നിങ്ങൾ അദ്ദേഹത്തോട് തിരിച്ചുവരാൻ പറയൂ. എന്റെ കയ്യിൽ മൊബൈൽ ഫോണോ എന്തിന്, ഈ മാസത്തേയ്ക്ക് കാപ്പി വാങ്ങാനുള്ള പണം പോലുമില്ല. കുട്ടികൾ (ഇളയ മകളുടെ രണ്ട് ആൺമക്കൾ) ചോദിക്കുമ്പോൾ അവർക്ക് കൊടുക്കാൻ ചില്ലറത്തുട്ടുകൾപോലും എന്റെ കയ്യിലില്ല."മിദ്ദിയമ്മ തന്റെ ഇളയ മകൾക്കൊപ്പം ഗോരാന്ത്‌ലയിലാണ് താമസിക്കുന്നത്. അനന്തപൂരിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ഈ ഗ്രാമത്തിൽ ചെന്നാണ് ഞാൻ മിദ്ദിയമ്മയെ കണ്ടത്.

PHOTO • Rahul M.

ഇടത്ത്: ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി നടക്കുന്ന മേളകളിലും വിപണികളിലും പങ്കെടുത്താണ് ഗംഗപ്പ പണം സമ്പാദിക്കുന്നത്. വലത്ത്: എവിടെനിന്നോ വീണു കിട്ടിയ, ബൈക്കിന്റെ കണ്ണാടിയിൽ നോക്കി ഗംഗപ്പ തന്റെ വേഷവും മേക്കപ്പും പരിശോധിക്കുന്നു

വീട് വിട്ടിറങ്ങിയതിനുശേഷവും, ഗംഗപ്പ പാടത്ത് പണിക്ക് പോയിരുന്നു. പതിവിലും കൂടുതൽ മദ്യപിക്കാൻ തുടങ്ങിയ അദ്ദേഹം 2016-ൽ പണിയ്ക്കിടെ പാടത്ത് കുഴഞ്ഞുവീണു. "മാലാ പുന്നമിക്കുശേഷമാണ് (വർഷത്തിലൊരിക്കൽ നടക്കുന്ന ആഘോഷം) ഞാൻ കൃഷിപ്പണിക്ക് പോകുന്നത് നിർത്തിയത്.", ഗംഗപ്പ ഓർത്തെടുക്കുന്നു. "കുറച്ചുദിവസം ഞാൻ കയർ പിരിക്കാൻ പോയെങ്കിലും, അതിൽനിന്ന് വലിയ വരുമാനമൊന്നും കിട്ടിയില്ല."

ആ സമയത്താണ് ഗംഗപ്പയ്ക്ക് ഗാന്ധിജിയെ ഓർമ്മ വന്നതും അദ്ദേഹം അടിമുടി മാറാൻ തീരുമാനിച്ചതും.

നിത്യോപയോഗസാധനങ്ങൾ മാത്രം ഉപയോഗിച്ചാണ് ഗംഗപ്പ തന്റെ ഗാന്ധിവേഷം വികസിപ്പിച്ചിരിക്കുന്നത്. 10 രൂപമാത്രം വിലയുള്ള ഒരു പ്ലാസ്റ്റിക് പെട്ടിയിൽ കിട്ടുന്ന പോണ്ട്സ് പൗഡർ ഉപയോഗിച്ച് അദ്ദേഹം തന്റെ ശരീരം ഗാന്ധിയുടേതുപോലെ 'തിളക്ക'മുള്ളതാക്കി മാറ്റുന്നു. റോഡരികിലെ ഒരു കടയിൽനിന്ന് വാങ്ങിച്ച വിലകുറഞ്ഞ സൺഗ്ലാസ് ഗാന്ധിക്കണ്ണടയാക്കുന്നു. അടുത്തുള്ള വിപണിയിൽനിന്ന് വാങ്ങിച്ച 10 രൂപയുടെ ചൂരലാണ് ഊന്നുവടിയാകുന്നത്. ഒടുവിൽ, എവിടെനിന്നോ ലഭിച്ച, ബൈക്കിന്റെ കണ്ണാടിയിൽ നോക്കി ഗംഗപ്പ തന്റെ വേഷവും മേക്കപ്പും പരിശോധിച്ച് തൃപ്തി വരുത്തുന്നു.

പാടത്ത് ജോലിയെടുത്തിരുന്ന സമയത്ത് ഗംഗപ്പ കൂടുതലും അരട്രൗസറാണ് ധരിച്ചിരുന്നത്. "ഇപ്പോൾ ഞാൻ മുണ്ടുടുക്കുകയും മൂന്നുനാല് ദിവസം കൂടുമ്പോൾ തല മൊട്ടയടിക്കുകയും ചെയ്യും.", അദ്ദേഹം പറയുന്നു. മദ്യപാനവും പുകവലിയുമുണ്ടെങ്കിലും, ഗാന്ധിവേഷം കെട്ടുമ്പോൾ ശുദ്ധി പുലർത്താൻ ഗംഗപ്പ ശ്രദ്ധിക്കാറുണ്ട്. ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിലും പട്ടണങ്ങളിലും നടക്കുന്ന മേളകളിലും മാസവിപണികളിലും പങ്കെടുത്ത്, ഒരുദിവസം 150 - 600 രൂപവരെ അദ്ദേഹം സമ്പാദിക്കും. "ഈയടുത്ത് ഒരു  ഗ്രാമീണമേളയിൽ‌വെച്ച്, ഒറ്റദിവസംകൊണ്ട് ഞാൻ 1,000 രൂപ ഉണ്ടാക്കി", അദ്ദേഹം അഭിമാനത്തോടെ പറയുന്നു.

a man and a woman
PHOTO • Rahul M.

ഇടത്ത്: ഗംഗപ്പയുടെ രൂപത്തിൽ വന്ന മാറ്റം അദ്ദേഹത്തിന് മുന്നിൽ പല വാതിലുകളും തുറന്നിരിക്കുന്നു. ഇടക്കാലത്ത് ഗംഗപ്പയുടെ സഹയാത്രികയായിരുന്ന കുരുബ പൂജമ്മ (വലത്) ഇപ്പോൾ സ്വന്തം വഴി തേടി പോയിരിക്കുന്നു

"ഇന്ന് കാദിരി പുന്നമി ആയതുകൊണ്ട് ഞാൻ ആറുമണിക്കൂർ അടുപ്പിച്ച് ഗാന്ധിവേഷത്തിൽ നിൽക്കുകയായിരുന്നു.", ഗംഗപ്പ കൂട്ടിച്ചേർക്കുന്നു. അനന്തപൂർ ജില്ലയിലെ കാദിരി പ്രദേശത്തെ ഗ്രാമങ്ങളിൽ, വർഷത്തിൽ ഒരിക്കൽ പൗർണ്ണമിനാളിലാണ് ഈ ഉത്സവം നടക്കുന്നത്.

കുറച്ച് മാസങ്ങൾക്കുമുൻപ്, അടുത്തുള്ള പട്ടണമായ പുട്ടപർത്തിയിലേക്കുള്ള യാത്രാമധ്യേയാണ് ഗംഗപ്പ കുരുബ പൂജമ്മയെ പരിചയപ്പെടുന്നത്. 70 വയസ്സുകാരിയായ, വിധവയായ പൂജമ്മ പുട്ടപർത്തിക്കും പെനുകോണ്ടയ്ക്കും ഇടയിലുള്ള 35 കിലോമീറ്റർ പ്രദേശത്ത് ഭിക്ഷയെടുത്ത് ജീവിക്കുകയായിരുന്നു അന്ന്. "ഒരു വൈകുന്നേരം ഞാൻ വീട്ടിലേയ്ക്ക് പോകുമ്പോൾ, അദ്ദേഹം ഒറ്റയ്ക്കിരിക്കുന്നത് കണ്ടു.", അവർ പറയുന്നു. "എന്താണ് ജോലിയെന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം വിവരങ്ങൾ പറയുകയും എന്നോട് കൂടെ വരുന്നോയെന്ന് ചോദിക്കുകയും ചെയ്തു. ഞാൻ സമ്മതിച്ചു. അദ്ദേഹം പറഞ്ഞു: 'നിങ്ങൾ എന്റെ കൂടെ വരൂ. പോകുന്ന സ്ഥലങ്ങളെല്ലാം ഞാൻ ചുറ്റിനടന്ന് കാണിച്ചുതരാം.'" അങ്ങനെ പൂജമ്മ ഗംഗപ്പയോടൊപ്പം സഞ്ചരിക്കാൻ തുടങ്ങി. ഗാന്ധിവേഷം ധരിക്കാൻ ഗംഗപ്പയെ സഹായിക്കുകയും മുതുകത്ത് പൗഡർ ഇട്ടുകൊടുക്കുകയും അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ അലക്കിക്കൊടുക്കുകയുമായിരുന്നു പൂജമ്മയുടെ ജോലി.

പൂജമ്മയും ഗംഗപ്പയുമായുള്ള പങ്കാളിത്തം അത്ര എളുപ്പമല്ല. "ഒരു രാത്രി അദ്ദേഹം എവിടെയോ പോയി കുറെ നേരത്തേയ്ക്ക് തിരിച്ചുവന്നില്ല. ഞാൻ ഒറ്റയ്ക്കിരുന്ന് വല്ലാതെ പേടിച്ചു. അടുത്ത് വേറെ കുറെ ആളുകൾ ഉണ്ടായിരുന്നു എന്നുമാത്രമല്ല ഒരു തകര ഷീറ്റിന്റെ താഴെയാണ് ഞാൻ ഇരുന്നിരുന്നത്. എന്തുചെയ്യണമെന്ന് ആലോചിക്കുകയായിരുന്നു ഞാൻ. എനിക്ക് പിന്നെയും ആരും ഇല്ലാതായല്ലോ എന്ന് ഓർത്തപ്പോൾ കരച്ചിൽ വന്നു. കുറച്ച് കഴിഞ്ഞപ്പോൾ അദ്ദേഹം ഭക്ഷണവുമായി വന്നു!"

PHOTO • Rahul M.

ഗ്രാമത്തിലെ ഉത്സവത്തിന് പോകാനുള്ള തയ്യാറെടുപ്പ്: പൂജമ്മ ഗംഗപ്പയെ ഗാന്ധി'വേഷം' കെട്ടാൻ സഹായിക്കുന്നു; ഗംഗപ്പയുടെ മുതുകത്ത് പൗഡർ ഇട്ടുകൊടുക്കുന്നു - ബാക്കി മേക്കപ്പ് സ്വയം ഗംഗപ്പ തന്നെയാണ് ചെയ്യുന്നത്

അനന്തപൂർ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത്, ഹൈവേക്ക് സമീപത്തായാണ് ഗംഗപ്പയും പൂജമ്മയും താമസിക്കുന്നത്. ഗാന്ധിയുടെ ആരാധകനായ ഒരു വ്യക്തി നടത്തുന്ന ഭക്ഷണശാലയ്ക്ക് പുറത്താണ് അവരുടെ അന്തിയുറക്കം. പാടത്ത് പണിക്കുപോയിരുന്ന കാലത്തെ ശീലത്തിന്റെ തുടർച്ചയായി രാവിലെ 5 മണിക്ക് എഴുന്നേൽക്കുകയും രാത്രി 9 മണിയാകുമ്പോൾ ഉറങ്ങുകയുമാണ് ഗംഗപ്പയുടെ പതിവ്.

ഇടയ്ക്ക്, ഗംഗപ്പ ഉറങ്ങാൻ കിടക്കുന്ന പരിസരത്തെ ഭക്ഷണശാലയിൽനിന്ന് അദ്ദേഹത്തിന് അത്താഴം കൊടുക്കും. രാവിലത്തെ ഭക്ഷണം റോഡരികിലെ ഏതെങ്കിലും കടയിൽനിന്ന് കഴിച്ച്, ഉച്ചഭക്ഷണം ഗംഗപ്പ ഒഴിവാക്കും. പൂജമ്മ ഭക്ഷണം കഴിച്ചെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ അദ്ദേഹം റാഗിയും അരിയും കോഴിയിറച്ചിയും വാങ്ങിക്കൊണ്ടുവരുകയും പൂജമ്മ അവ ഉപയോഗിച്ച് മുദ്ദയും ( റാഗിയും ചോറുരുളകളും ചേർന്ന ഈ വിഭവം റായലസീമ പ്രദേശത്തെ സവിശേഷതയാണ്) കോഴിക്കറിയുംവെച്ച് വിരുന്നൊരുക്കുകയും ചെയ്യും.

വളരെ ലളിതമായ ജീവിതമാണ് ഗംഗപ്പയുടേത്. മുൻപത്തെ ജീവിതത്തേക്കാൾ ഏറെ മെച്ചപ്പെട്ടതും. ഗാന്ധിയായതിൽപ്പിന്നെ ഭക്ഷണത്തെപ്പറ്റിയോ തലചായ്ക്കാനുള്ള ഇടത്തെപ്പറ്റിയോ അദ്ദേഹത്തിന് ആശങ്കപ്പെടേണ്ടിവന്നിട്ടില്ല. എന്നാൽ ഇന്ന് പഴയപോലെ ആളുകൾ ഗാന്ധിജിയെ ബഹുമാനിക്കുന്നില്ലെന്ന വേദന അദ്ദേഹത്തിനുണ്ട്. എങ്ങനെയാണ് അവർക്ക് ഗാന്ധിജിയെ മറക്കാൻ കഴിയുന്നത്?  ഒരിക്കൽ കുറച്ച് ചെറുപ്പക്കാർ വന്ന്, എന്നോട് ഇനിമുതൽ ഗാന്ധിയായി വേഷമിടരുതെന്ന് ആവശ്യപ്പെട്ടു.", അദ്ദേഹം ഓർത്തെടുക്കുന്നു. "സർക്കാർ ഗാന്ധിയെ നോട്ടുകളിൽനിന്ന് നീക്കം ചെയ്യാൻ നോക്കുമ്പോൾ നിങ്ങൾ എന്തിനാണ് ഗാന്ധിയായി വേഷം കെട്ടുന്നത് എന്നായിരുന്നു അവരുടെ ചോദ്യം."

അനുബന്ധം: കുറച്ചുദിവസങ്ങൾക്ക് മുൻപ് പൂജമ്മ ഗംഗപ്പയെ വിട്ട് വീട്ടിലേയ്ക്ക് പോയി. "ഉഗാദി ഉത്സവത്തിന്റെ സമയത്താണ് അവർ പോയത്.", അദ്ദേഹം പറയുന്നു. "അവർ ഇനി തിരിച്ചുവരില്ല.

പരിഭാഷ: പ്രതിഭ ആർ .കെ .

Rahul M.

Rahul M. is an independent journalist based in Andhra Pradesh, and a 2017 PARI Fellow.

Other stories by Rahul M.
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.